ദൈവത്തെ സേവിക്കാനുള്ള എന്റെ വാഗ്ദാനം നിറവേറ്റൽ
ദൈവത്തെ സേവിക്കാനുള്ള എന്റെ വാഗ്ദാനം നിറവേറ്റൽ
ഫ്രാൻസ് ഗുഡ്ലിക്കിസ് പറഞ്ഞപ്രകാരം
നൂറിലധികം പടയാളികളുണ്ടായിരുന്ന ഞങ്ങളുടെ സംഘത്തിൽ കേവലം നാലു പേരാണ് അതിജീവിച്ചത്. മരണത്തെ മുഖാമുഖം കണ്ട ഞാൻ മുട്ടുകുത്തിനിന്ന് ദൈവത്തോട് ഇങ്ങനെ വാഗ്ദാനം ചെയ്തു: ‘യുദ്ധത്തിൽ മരിക്കാതിരുന്നാൽ ഞാൻ അങ്ങയെ എന്നെന്നും സേവിച്ചുകൊള്ളാം.’
അമ്പത്തിനാല് വർഷം മുമ്പാണ് ഞാൻ ആ വാഗ്ദാനം നടത്തിയത്—1945 ഏപ്രിലിൽ. അന്നു ഞാൻ ജർമൻ പട്ടാളത്തിൽ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതിനു തൊട്ടു മുമ്പ് സോവിയറ്റ് സേന ബെർലിനിലേക്ക് ഇരച്ചുകയറുന്ന സമയം. ഓഡർ നദിക്കരെയുള്ള സെയ്ലോ എന്ന പട്ടണത്തിനടുത്താണു ഞങ്ങൾ നിലയുറപ്പിച്ചിരുന്നത്. ബെർലിനിൽ നിന്നു കഷ്ടിച്ച് 65 കിലോമീറ്റർ ദൂരമേ അങ്ങോട്ടുള്ളൂ. രാത്രിയും പകലും കനത്ത ഷെൽവർഷമുണ്ടായി. തത്ഫലമായി, ഞങ്ങളുടെ കൂട്ടത്തിലെ നിരവധി സൈനികർ മരിച്ചുവീണു.
ഞാൻ ജീവിതത്തിൽ ആദ്യമായി പൊട്ടിക്കരഞ്ഞ് ദൈവത്തോടു പ്രാർഥിച്ചത് അന്നായിരുന്നു. ദൈവഭക്തയായിരുന്ന എന്റെ അമ്മ മിക്കപ്പോഴും പറയാറുണ്ടായിരുന്ന ഒരു ബൈബിൾ വാക്യം ഞാൻ ഓർത്തു: “കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.” (സങ്കീർത്തനം 50:15) മരണഭീതിയോടെ കിടങ്ങുകളിൽ കഴിഞ്ഞിരുന്ന സമയത്താണ് ആദ്യം പറഞ്ഞ വാഗ്ദാനം ഞാൻ ദൈവത്തോടു ചെയ്തത്. അതു നിറവേറ്റാൻ എനിക്ക് എങ്ങനെ സാധിച്ചു? ഞാൻ ജർമൻ പട്ടാളത്തിൽ ചേരാൻ ഇടയായത് എങ്ങനെയായിരുന്നു?
ലിത്വാനിയയിലെ എന്റെ ബാല്യകാലം
1918-ൽ ഒന്നാം ലോക മഹായുദ്ധം നടന്നുകൊണ്ടിരിക്കെ, ലിത്വാനിയ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി, അവിടെ ഒരു ജനാധിപത്യ ഗവൺമെന്റ് നിലവിൽ വരുകയും ചെയ്തു. ബാൾട്ടിക് കടലിനടുത്തുള്ള മേമൽ (ക്ലൈപ്പദ) പ്രവിശ്യയിൽ 1925-ൽ ആണ് ഞാൻ ജനിച്ചത്. ഈ പ്രവിശ്യ ലിത്വാനിയയുടെ ഭാഗമായത് ഞാൻ ജനിച്ചതിന്റെ തലേ വർഷം ആണ്.
എന്റെയും അഞ്ചു സഹോദരിമാരുടെയും കുട്ടിക്കാലം സന്തോഷകരമായിരുന്നു. ഒരു ഉറ്റ സുഹൃത്തിനെപ്പോലെ ആയിരുന്ന പിതാവ് എന്തു ചെയ്യാനും കുട്ടികളായ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇവാഞ്ചലിക്കൽ സഭാംഗങ്ങളായിരുന്ന ഞങ്ങളുടെ മാതാപിതാക്കൾ ആരാധനായോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല, കാരണം മതശുശ്രൂഷകന്റെ കപടഭക്തിയോട് അമ്മയ്ക്കു വെറുപ്പായിരുന്നു. എന്നാലും ദൈവത്തോടും അവന്റെ വചനത്തോടും സ്നേഹമുണ്ടായിരുന്ന അവർ ഉത്സാഹപൂർവം ബൈബിൾ വായിച്ചിരുന്നു.
1939-ൽ ലിത്വാനിയയിൽ ഞങ്ങൾ താമസിച്ചിരുന്ന പ്രദേശം ജർമനി പിടിച്ചടക്കി. 1943-ൽ എന്നെ സൈനിക സേവനത്തിനായി ജർമൻ പട്ടാളത്തിലേക്കു വിളിച്ചു. ഒരു പോരാട്ടത്തിൽ എനിക്കു മുറിവേറ്റെങ്കിലും ആരോഗ്യം വീണ്ടെടുത്തശേഷം കിഴക്കൻ മുന്നണിയിലേക്കു ഞാൻ തിരിച്ചുപോയി. ഈ സമയമായപ്പോഴേക്കും യുദ്ധത്തിന്റെ ഗതിക്കു മാറ്റം വന്നു. സോവിയറ്റ് സേനയുടെ മുമ്പിൽ ജർമൻകാർ തോറ്റോടി. തുടക്കത്തിൽ പരാമർശിച്ചതുപോലെ, ഈ സമയത്താണ് കൊല്ലപ്പെടാതെ ഞാൻ കഷ്ടിച്ചു രക്ഷപ്പെട്ടത്.
എന്റെ വാഗ്ദാനം നിറവേറ്റുന്നു
യുദ്ധസമയത്ത് എന്റെ മാതാപിതാക്കൾ ജർമനിയിലെ ലൈപ്സിഗിനു തെക്കുകിഴക്കുള്ള ഓഷാറ്റ്സിലേക്കു
മാറിത്താമസിച്ചു. യുദ്ധാനന്തരം അവരെ കണ്ടുപിടിക്കുക ദുഷ്കരമായിരുന്നു. എന്നാൽ അവസാനം ഒന്നിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ എത്ര സന്തുഷ്ടർ ആയിരുന്നെന്നോ! അധികം താമസിയാതെ, 1947 ഏപ്രിലിൽ, ഞാൻ അമ്മയോടൊപ്പം മാക്സ് ഷൂബറുടെ പ്രസംഗം കേൾക്കാൻ പോയി. അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിരുന്നു. താൻ സത്യമതം കണ്ടെത്തിയിരിക്കുന്നു എന്ന് അമ്മ കരുതി. ഏതാനും യോഗങ്ങളിൽ സംബന്ധിച്ച ശേഷം എനിക്കും അങ്ങനെ തന്നെ തോന്നി.ഏറെനാൾ കഴിയും മുമ്പ്, അമ്മയ്ക്ക് ഒരു ഗോവണിയിൽ നിന്നുള്ള വീഴ്ചയിൽ പരിക്കു പറ്റി. ഏതാനും മാസം കഴിഞ്ഞ് അമ്മ മരണമടഞ്ഞു. മരിക്കുന്നതിനു മുമ്പ് ആശുപത്രിയിൽവെച്ച് അമ്മ എനിക്ക് ഊഷ്മളമായ പ്രോത്സാഹനമേകി: “എന്റെ മക്കളിൽ ഒരാൾ എങ്കിലും ദൈവത്തിലേക്കുള്ള വഴി കണ്ടെത്തണേ എന്നായിരുന്നു എന്റെ പ്രാർഥന. എന്റെ പ്രാർഥനകൾക്ക് ഉത്തരം കിട്ടിയെന്ന് എനിക്കു ബോധ്യമായി. എനിക്കിനി മനസ്സമാധാനത്തോടെ കണ്ണടയ്ക്കാമല്ലോ.” അമ്മ പുനരുത്ഥാനം പ്രാപിച്ചു വരുമ്പോൾ അവരുടെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടിയിരിക്കുന്നു എന്നു മനസ്സിലാക്കുന്ന സമയത്തിനായി ഞാൻ എത്ര ആകാംക്ഷയോടെ കാത്തിരിക്കുന്നെന്നോ!—യോഹന്നാൻ 5:28.
ഷൂബർ സഹോദരന്റെ പ്രസംഗം കേട്ടു കേവലം നാലു മാസം കഴിഞ്ഞ് 1947 ആഗസ്റ്റ് 8-ന് ലൈപ്സിഗിലെ ഒരു സമ്മേളനത്തിൽ വെച്ച് യഹോവയാം ദൈവത്തിനുള്ള എന്റെ സമർപ്പണത്തിന്റെ പ്രതീകമായി ഞാൻ സ്നാപനമേറ്റു. ഒടുവിൽ ദൈവത്തോടുള്ള വാഗ്ദാനം നിറവേറ്റാനുള്ള പടികൾ ഞാൻ സ്വീകരിക്കാൻ തുടങ്ങി. പെട്ടെന്നുതന്നെ ഞാൻ ഒരു പയനിയർ ആയിത്തീർന്നു—യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരെ അങ്ങനെയാണു വിളിക്കുന്നത്. പിന്നീട് പശ്ചിമ ജർമനി, അഥവാ ജർമൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്, ആയിത്തീർന്ന ആ സ്ഥലത്ത് അന്ന് ഏകദേശം 400 പയനിയർമാർ ഉണ്ടായിരുന്നു.
വിശ്വാസത്തിന്റെ ആദ്യകാല പരിശോധനകൾ
ഞാൻ ജർമനിയിലെ സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടിയിൽ ചേർന്നാൽ സർക്കാർ ചെലവിൽ സർവകലാശാലാ വിദ്യാഭ്യാസം നൽകാം എന്നു വാഗ്ദാനം ചെയതുകൊണ്ട് എന്നെ മാർക്സിസത്തിലേക്കു വലിച്ചിഴയ്ക്കാൻ ഓഷാറ്റ്സിലെ ഒരു അയൽവാസി ശ്രമിച്ചു. എന്നാൽ, സാത്താന്റെ വാഗ്ദാനം നിരസിച്ച യേശുവിനെപ്പോലെ, ഞാൻ അതു നിരസിച്ചു.—മത്തായി 4:8-10.
1949 ഏപ്രിലിൽ ഒരു ദിവസം രണ്ടു പൊലീസുകാർ എന്റെ ജോലിസ്ഥലത്തുവന്ന് അവരോടൊപ്പം ചെല്ലാൻ എന്നോട് ആവശ്യപ്പെട്ടു. സോവിയറ്റ് ഇന്റലിജൻസ് സർവീസിന്റെ പ്രാദേശിക ഓഫീസിലേക്കാണ് എന്നെ കൊണ്ടുപോയത്. അവിടെവെച്ച്, പാശ്ചാത്യ നാടുകളിലെ മുതലാളിത്തവാദികൾക്കു വേണ്ടി ഞാൻ പ്രവർത്തിക്കുകയാണെന്ന് അവർ ആരോപിച്ചു. വീടുതോറും പ്രവർത്തിച്ചുകൊണ്ട്, സോവിയറ്റ് യൂണിയനോ സോഷ്യലിസ്റ്റ് യൂണിറ്റി പാർട്ടിക്കോ എതിരായി സംസാരിക്കുകയോ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കുകയോ ചെയ്യുന്ന ആളുകളെ കുറിച്ചു റിപ്പോർട്ടു ചെയ്യുകവഴി എനിക്കു നിരപരാധിത്വം തെളിയിക്കാൻ കഴിയുമെന്ന് അവർ എന്നോടു പറഞ്ഞു. വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ അവർ എന്നെ ഒരു ജയിലറയിൽ അടച്ചു. പിന്നീട്, ഒരു പട്ടാളക്കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സൈബീരിയയിൽ 15 വർഷത്തെ കഠിനതടവ് ആയിരുന്നു എനിക്കു ലഭിച്ച ശിക്ഷ.
എങ്കിലും, എന്റെ ശാന്തഭാവം അധികാരികളിൽ മതിപ്പുളവാക്കി. എന്റെ ശിക്ഷയ്ക്കു മാറ്റമില്ലെന്നും എന്നാൽ തങ്ങളോടു സഹകരിക്കാൻ തയ്യാറാകുന്നതുവരെ ആഴ്ചയിൽ ഒരിക്കൽ റിപ്പോർട്ടു ചെയ്താൽ മതിയെന്നും എന്നോടു പറഞ്ഞു. കൂടുതൽ പക്വതയുള്ള സാക്ഷികളുടെ മാർഗനിർദേശം ആവശ്യമാണെന്നു തോന്നിയ ഞാൻ, മാഗ്ദബുർഗിലേക്കു പോയി. വാച്ച്ടവർ സൊസൈറ്റിയുടെ ബ്രാഞ്ച് ഓഫീസ് അപ്പോൾ അവിടെയായിരുന്നു. ഞാൻ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നതിനാൽ യാത്ര എളുപ്പമായിരുന്നില്ല. മാഗ്ദബുർഗിലെ ലീഗൽ ഡിപ്പാർട്ട്മെന്റിൽ സേവനം അനുഷ്ഠിച്ചരുന്ന ഏൺസ്റ്റ് വോവർ എന്നോടു പറഞ്ഞു: “പോരാടൂ, നിങ്ങൾ വിജയം വരിക്കും. അനുരഞ്ജനപ്പെടൂ, നിങ്ങൾ പരാജിതനാകും. അതാണു ഞങ്ങൾ തടങ്കൽ പാളയത്തിൽ നിന്നു പഠിച്ച പാഠം.” a ആ ഉപദേശം ദൈവത്തെ സേവിക്കാനുള്ള എന്റെ വാഗ്ദാനം നിവർത്തിക്കാൻ എന്നെ സഹായിച്ചു.
നിരോധനവും വീണ്ടുമുള്ള അറസ്റ്റും
1950 ജൂലൈയിൽ ഞാൻ ഒരു സഞ്ചാരമേൽവിചാരകനായി ശുപാർശ ചെയ്യപ്പെട്ടു. ആഗസ്റ്റ് 30-ന് പൊലീസ് മാഗ്ദബുർഗിലുള്ള ഞങ്ങളുടെ സ്ഥലത്തു റെയ്ഡു നടത്തി, തുടർന്നു പ്രസംഗവേല നിരോധിക്കപ്പെട്ടു. അക്കാരണത്താൽ എന്റെ നിയമനവും മാറി. ഞാനും പോൾ ഹിർഷ്ബെർഗറും ഓരോ സഭയോടൊപ്പവും മൂന്നോ നാലോ ദിവസം ചെലവഴിച്ചു നിരോധനത്തിന്മധ്യേ തങ്ങളുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതരാകുന്നതിന് സഹോദരങ്ങളെ സഹായിച്ചുകൊണ്ട് 50-ഓളം സഭകളോടൊത്തു പ്രവർത്തിക്കേണ്ടിയിരുന്നു. തുടർന്നുള്ള മാസങ്ങളിൽ പൊലീസ് അറസ്റ്റിൽ നിന്നു ഞാൻ ആറു പ്രാവശ്യം രക്ഷപ്പെട്ടു!
ഈ സഭകളിലൊന്നിൽ ആരോ നുഴഞ്ഞുകയറി സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് ആയ ഷ്റ്റാസിക്കു ഞങ്ങളെ ഒറ്റുകൊടുത്തു. അങ്ങനെ 1951 ജൂലൈയിൽ എന്നെയും പോളിനെയും തെരുവിൽ വെച്ച് അഞ്ചു തോക്കുധാരികൾ അറസ്റ്റു ചെയ്തു. ആലോചിച്ചു
നോക്കിയപ്പോൾ, ഞങ്ങൾ യഹോവയുടെ സംഘടനയെ വേണ്ട വിധത്തിൽ ആശ്രയിച്ചിരുന്നില്ല എന്നു മനസ്സിലാക്കാൻ കഴിഞ്ഞു. ഒന്നിച്ചു യാത്ര ചെയ്യരുതെന്നു പ്രായമുള്ള സഹോദരങ്ങൾ ഞങ്ങൾക്ക് ഉപദേശം തന്നിരുന്നതാണ്. അമിത ആത്മവിശ്വാസം ഞങ്ങളുടെ സ്വാതന്ത്ര്യ നഷ്ടത്തിൽ കലാശിച്ചു. കൂടാതെ, അറസ്റ്റു ചെയ്യപ്പെട്ടാൽ എന്തു പറയണം എന്നു ഞങ്ങൾ നേരത്തെ ചർച്ച ചെയ്തിരുന്നതുമില്ല.അനുരഞ്ജനപ്പെടുകയോ സഹോദരങ്ങളെ ഒറ്റുകൊടുക്കുകയോ ചെയ്യാതിരിക്കാനുള്ള സഹായത്തിനായി ജയിലറയിൽ ഒറ്റയ്ക്കായിരുന്ന ഞാൻ യഹോവയോടു കണ്ണീരോടെ പ്രാർഥിച്ചു. ഗാഢനിദ്രയിലാണ്ട ഞാൻ സുഹൃത്ത് പോളിന്റെ ശബ്ദം കേട്ട് പൊടുന്നനെ ഉണർന്നു. എന്റെ ജയിലറയുടെ തൊട്ടു മുകളിലെ മുറിയിൽ ആയിരുന്നു അദ്ദേഹത്തെ ഷ്റ്റാസികൾ ചോദ്യം ചെയ്തിരുന്നത്. രാത്രിയിൽ ഉഷ്ണം ഉണ്ടായിരുന്നതിനാൽ ബാൽക്കണിയുടെ വാതിൽ തുറന്നിട്ടിരുന്നു. അതുകൊണ്ട് എനിക്ക് അവർ പറയുന്നത് എല്ലാം കുറേശ്ശെ കേൾക്കാമായിരുന്നു. പിന്നീട് എന്നെ ചോദ്യം ചെയ്തപ്പോൾ ഞാനും അതേ ഉത്തരങ്ങൾതന്നെ പറഞ്ഞത് അധികാരികളെ അതിശയിപ്പിച്ചു. ‘കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാൻ നിന്നെ വിടുവിക്കും’ എന്ന അമ്മയുടെ പ്രിയപ്പെട്ട ബൈബിൾ വാക്യം എന്റെ മനസ്സിലേക്കു വന്നുകൊണ്ടിരുന്നത് എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചു.—സങ്കീർത്തനം 50:15.
ചോദ്യം ചെയ്യൽ കഴിഞ്ഞു ഞാനും പോളും വിചാരണയ്ക്കു മുമ്പുള്ള തടവിൽ ഹാലായിലുള്ള ഷ്റ്റാസി ജയിലിലും പിന്നെ മാഗ്ദബുർഗിലുമായി അഞ്ചു മാസം കഴിച്ചുകൂട്ടി. മാഗ്ദബുർഗിൽ ആയിരുന്നപ്പോൾ, ഞങ്ങളുടെ ബ്രാഞ്ചു സൗകര്യങ്ങൾ യാദൃശ്ചികമായി കാണാനിടയായി. അപ്പോൾ അതു പൂട്ടിക്കിടക്കുകയായിരുന്നു. ജയിലിൽ ആയിരിക്കുന്നതിനു പകരം അവിടെ വേല ചെയ്യാനായെങ്കിൽ എന്നു ഞാൻ ആശിച്ചുപോയി! 1952 ഫെബ്രുവരിയിൽ ഞങ്ങളുടെ ശിക്ഷ പ്രഖ്യാപിച്ചു: “10 വർഷത്തെ തടവും 20 വർഷത്തെ പൗരാവകാശ നിഷേധനവും.”
ജയിലിലായിരിക്കെ വിശ്വാസം കാത്തുകൊള്ളുന്നു
പത്തോ അതിലധികമോ വർഷത്തേക്കു ശിക്ഷിക്കപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികളുടെ മേൽ കുറച്ചുകാലത്തേക്ക് ജയിലിലെ പ്രത്യേക തിരിച്ചറിയിക്കൽ അടയാളമുണ്ടായിരുന്നു. അവരുടെ ട്രൗസറിന്റെ ഒരു കാലിന്മേലും ജാക്കറ്റിന്റെ ഒരു കൈമേലും ഒരു ചുവന്ന നാട തുന്നിച്ചേർത്തിരുന്നു. മാത്രമല്ല, ഞങ്ങൾ അപകടകാരികളായ കുറ്റവാളികളാണെന്നു സൂക്ഷിപ്പുകാർക്കു മുന്നറിയിപ്പു കൊടുക്കുന്ന വട്ടത്തിലുള്ള ചെറിയ ഒരു ചുവപ്പു കാർഡ്ബോർഡു കഷണം ഞങ്ങളുടെ ജയിലറയുടെ വാതിലിന്മേൽ ഒട്ടിച്ചിരുന്നു.
ഞങ്ങളെ അതിനീച കുറ്റവാളികൾ ആയിട്ടാണ് അധികാരികൾ പരിഗണിച്ചിരുന്നത്. ബൈബിൾ കൈവശം വെക്കാൻ ഞങ്ങളെ അനുവദിച്ചിരുന്നില്ല. അതിന്റെ കാരണം ഒരു സൂക്ഷിപ്പുകാരൻ വിശദീകരിച്ചത് ഇങ്ങനെയാണ്: “ബൈബിൾ കൈവശമുള്ള ഒരു യഹോവയുടെ സാക്ഷി തോക്കേന്തിയ ഒരു കുറ്റവാളിയെപ്പോലെയാണ്.” ബൈബിൾ വാക്യങ്ങൾ ലഭിക്കുന്നതിനു വേണ്ടി ഞങ്ങൾ റഷ്യൻ എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയിയുടെ ലേഖനങ്ങൾ വായിക്കുമായിരുന്നു, കാരണം അദ്ദേഹം തന്റെ പുസ്തകങ്ങളിൽ ബൈബിൾ വാക്യങ്ങൾ ഉദ്ധരിക്കുക പതിവായിരുന്നു. ഈ ബൈബിൾ വാക്യങ്ങൾ ഞങ്ങൾ മനഃപാഠമാക്കി.
1951-ൽ ഞാൻ അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുമ്പുതന്നെ എൽസാ റിമയുമായുള്ള എന്റെ വിവാഹം നിശ്ചയിച്ചിരുന്നു. അവൾ സാധ്യമാകുമ്പോഴെല്ലാം ജയിലിൽ എന്നെ സന്ദർശിക്കുകയും മാസത്തിലൊരിക്കൽ ഒരു ഭക്ഷണപ്പൊതി കൊടുത്തുവിടുകയും ചെയ്യുമായിരുന്നു. അവൾ പൊതിക്കുള്ളിൽ ആത്മീയ ഭക്ഷണവും ഒളിപ്പിച്ചു വെക്കുമായിരുന്നു. ഒരിക്കൽ അവൾ സോസേജുകൾക്കുള്ളിൽ വീക്ഷാഗോപുര ലേഖനങ്ങൾ കുത്തിനിറച്ചു. എന്തെങ്കിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്നറിയാൻ സൂക്ഷിപ്പുകാർ അതു മുറിച്ചു നോക്കുക സാധാരണമായിരുന്നു. എന്നാൽ ഇത്തവണ അന്നത്തെ പ്രവൃത്തിദിനം തീരുന്നതിനു തൊട്ടു മുമ്പു പൊതി എത്തിയതിനാൽ അവർ അതു പരിശോധിച്ചില്ല.
ആ സമയത്ത്, ഞാനും കാൾ ഹൈ ക്ലേബറും സാക്ഷികളല്ലാത്ത മൂന്ന് അന്തേവാസികളുമാണ് ആ ചെറിയ ജയിലറയിൽ ഉണ്ടായിരുന്നത്. ആരും കാണാതെ വീക്ഷാഗോപുരം വായിക്കാൻ ഞങ്ങൾക്ക് എങ്ങനെ കഴിയുമായിരുന്നു? ഞങ്ങൾ ഒരു പുസ്തകം വായിക്കുകയാണെന്നു നടിച്ചുകൊണ്ട് അതിനുള്ളിൽ വീക്ഷാഗോപുര ലേഖനങ്ങൾ ഒളിപ്പിച്ചു വെച്ചു വായിക്കുമായിരുന്നു. ജയിലിലെ സഹസാക്ഷികൾക്കു ഞങ്ങൾ ഈ വിലതീരാത്ത ആത്മീയ ഭക്ഷണം കൈമാറുകയും ചെയ്തു.
ജയിലിൽ ആയിരുന്നപ്പോൾ മറ്റുള്ളവരോടു ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കാനുള്ള അവസരങ്ങൾ ഞങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നു. അതിന്റെ ഫലമായി അന്തേവാസികളിൽ ഒരാൾ വിശ്വാസത്തിൽ വന്നപ്പോൾ ഞാൻ പുളകിതനായി.—മത്തായി 24:14.
വീണ്ടും മുഴുസമയ ശുശ്രൂഷയിൽ
അഴികൾക്കുള്ളിൽ ഏതാണ്ട് ആറു വർഷത്തോളം കിടന്നശേഷം 1957 ഏപ്രിൽ 1-ന് ഞാൻ മോചിതനായി. തുടർന്ന്, രണ്ടാഴ്ചയ്ക്കുള്ളിൽ ഞാൻ എൽസയെ വിവാഹം കഴിച്ചു. എന്നെ വിട്ടയച്ചെന്നു ഷ്റ്റാസികൾ അറിഞ്ഞപ്പോൾ എന്നെ ജയിലിലേക്കു തിരികെ വരുത്താനുള്ള വേറൊരു വഴി അവർ നോക്കി. അതിനുള്ള സാധ്യത ഒഴിവാക്കാൻ ഞാനും എൽസയും അതിർത്തി കടന്നു പശ്ചിമ ബെർലിനിലേക്കു പോയി.
പശ്ചിമ ബെർലിനിൽ എത്തിയപ്പോൾ ഞങ്ങളുടെ പദ്ധതികൾ എന്തൊക്കെയാണെന്നു സൊസൈറ്റി ഞങ്ങളോടു ചോദിച്ചു. ഒരാൾ പയനിയറിങ്ങും മറ്റെയാൾ ലൗകിക ജോലിയും ചെയ്യുമെന്നു ഞങ്ങൾ വിശദീകരിച്ചു.
“രണ്ടു പേർക്കും പയനിയറിങ് ചെയ്തുകൂടേ?” എന്നു സൊസൈറ്റി ഞങ്ങളോടു ചോദിച്ചു.
“അതിനുള്ള അവസരം ലഭിച്ചാൽ ഞങ്ങൾ ഉടനേതന്നെ തുടങ്ങും” എന്നായിരുന്നു ഞങ്ങളുടെ മറുപടി.
അങ്ങനെ, 1958-ൽ ഞങ്ങൾ പ്രത്യേക പയനിയർമാരായി സേവിക്കാൻ തുടങ്ങി. ചെലവുകൾക്കായി ഒരു ചെറിയ തുക പ്രതിമാസം ഞങ്ങൾക്കു ലഭിച്ചിരുന്നു. ഞങ്ങൾ ബൈബിളധ്യയനം നടത്തിയ വ്യക്തികൾ യഹോവയുടെ ദാസന്മാർ ആയിത്തീരാനായി ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നതു കണ്ടപ്പോൾ ഞങ്ങൾക്ക് എന്തൊരു സന്തോഷമാണ് അനുഭവപ്പെട്ടത്! പ്രത്യേക പയനിയറിങ്ങിലെ അടുത്ത ഒരു ദശാബ്ദം ഭാര്യാഭർത്താക്കന്മാർ എന്ന നിലയിൽ ഒരുമിച്ചു വേല ചെയ്യാൻ ഞങ്ങളെ പഠിപ്പിച്ചു. ഞാൻ കാർ നന്നാക്കുമ്പോൾ പോലും എൽസ എന്നോടൊപ്പം ഉണ്ടായിരുന്നു. വായനയും പഠനവും പ്രാർഥനയുമെല്ലാം ഞങ്ങൾ ഒന്നിച്ചു നടത്തി.
1969-ൽ ഞങ്ങൾ സഞ്ചാരവേലയ്ക്കു നിയമിതരായി. ഓരോ വാരത്തിലും ഓരോ സഭ സന്ദർശിച്ച് ഞങ്ങൾ സഭാംഗങ്ങളെ സഹായിച്ചിരുന്നു. സഞ്ചാരവേലയിൽ പരിചിതനായ യോസഫ് ബാർത്ത് ഈ ബുദ്ധിയുപദേശം എനിക്കു നൽകി: “നിങ്ങളുടെ നിയമനം വിജയകരമാക്കാൻ ആഗ്രഹിക്കുന്നെങ്കിൽ സഹോദരങ്ങൾക്ക് ഒരു സഹോദരൻ ആയിരിക്കുക.” ആ ബുദ്ധിയുപദേശം ബാധകമാക്കാൻ ഞാൻ ശ്രമിച്ചു. അതിന്റെ ഫലമായി, സഹസാക്ഷികളുമായി വളരെ ഊഷ്മളവും സൗഹാർദപരവുമായ ബന്ധം ആസ്വദിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. അത്, ആവശ്യമായിരുന്നപ്പോൾ ബുദ്ധിയുപദേശം കൊടുക്കുന്നത് എളുപ്പമാക്കിത്തീർക്കുകയും ചെയ്തു.
1972-ൽ എൽസയ്ക്കു കാൻസർ ഉണ്ടെന്നു പരിശോധനയിൽ തെളിഞ്ഞു. അവൾക്കു ശസ്ത്രക്രിയ വേണ്ടിവന്നു. പിന്നീട് എൽസയ്ക്കു വാതവും പിടിപെട്ടു. കടുത്ത വേദന ഉണ്ടായിരുന്നിട്ടും അവൾ എന്നോടൊപ്പം വന്ന് സഭകളെ സേവിക്കുകയും ശുശ്രൂഷയിൽ സഹോദരിമാരോടു കൂടെ കഴിയുന്നത്ര പ്രവർത്തിക്കുകയും ചെയ്തു.
പൊരുത്തപ്പെടൽ അനിവാര്യം
1984-ൽ എൽസയുടെ മാതാപിതാക്കൾക്കു നിരന്തര പരിചരണം ആവശ്യമായി വന്നതിനാൽ അവരെ സഹായിക്കാനായി ഞങ്ങൾക്കു സഞ്ചാരവേല നിർത്തേണ്ടിവന്നു. (1 തിമൊഥെയൊസ് 5:8) നാലു വർഷം കഴിഞ്ഞ് അവർ മരിച്ചു. പിന്നീട്, 1989-ൽ എൽസയ്ക്കു രോഗം മൂർച്ഛിച്ചു. സന്തോഷകരമെന്നു പറയട്ടെ, അവൾ ഏറെക്കുറെ ആരോഗ്യം വീണ്ടെടുത്തു. എങ്കിലും വീട്ടുജോലികളൊക്കെ ഞാൻതന്നെ ചെയ്യേണ്ടതുണ്ട്. നിരന്തര വേദന അനുഭവിക്കുന്ന ഒരാളോട് എങ്ങനെ പെരുമാറണമെന്ന് ഞാൻ പഠിച്ചുവരുന്നു. മാനസികവും വൈകാരികവുമായ സമ്മർദങ്ങൾ ഉണ്ടായിരുന്നിട്ടും ആത്മീയ കാര്യങ്ങളോടുള്ള പ്രിയം ഞങ്ങൾ നിലനിർത്തിയിരിക്കുന്നു.
ഇന്നും പയനിയർ ലിസ്റ്റിൽ ഉള്ളതിൽ ഞങ്ങൾ സന്തോഷിക്കുന്നു. നമ്മുടെ സ്ഥാനമോ നമുക്കു ചെയ്യാൻ കഴിയുന്നതിന്റെ അളവോ അല്ല മറിച്ച്, വിശ്വസ്തതയാണു പ്രധാനം എന്നു വിലമതിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവയെ ഏതാനും വർഷങ്ങളല്ല, നിത്യം സേവിക്കണം എന്നതാണു ഞങ്ങളുടെ ആഗ്രഹം. ഞങ്ങളുടെ അനുഭവം ഭാവിയിലേക്കുള്ള വളരെ നല്ല ഒരു പരിശീലനം ആയിരുന്നു. ഏറ്റവും യാതനാനിർഭരമായ സാഹചര്യങ്ങളിലും യഹോവയെ സ്തുതിക്കാനുള്ള ശക്തി അവൻ ഞങ്ങൾക്കു പകർന്നുതന്നിരിക്കുന്നു.—ഫിലിപ്പിയർ 4:13.
[അടിക്കുറിപ്പുകൾ]
a ഏൺസ്റ്റ് വോവറുടെ ജീവിതാനുഭവം 1991 ആഗസ്റ്റ് 1-ലെ വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 25-29 പേജുകളിൽ കാണാം.
[23-ാം പേജിലെ ചിത്രം]
മാഗ്ദബുർഗിലെ ഈ സ്ഥലത്തു ഞാൻ തടവിൽ കിടന്നു
[കടപ്പാട]
Gedenkstätte Moritzplatz Magdeburg für die Opfer politischer Gewalt; ഫോട്ടോ: Fredi Fröschki, Magdeburg
[23-ാം പേജിലെ ചിത്രം]
1957-ൽ ഞങ്ങൾ വിവാഹിതരായപ്പോൾ
[23-ാം പേജിലെ ചിത്രം]
ഇന്ന് എൽസയോടൊത്ത്