യഹോവയുടെ ആടുകളെ പരിപാലിക്കുന്ന “മനുഷ്യരാം ദാനങ്ങൾ”
യഹോവയുടെ ആടുകളെ പരിപാലിക്കുന്ന “മനുഷ്യരാം ദാനങ്ങൾ”
“ഉയരത്തിൽ കയറിയപ്പോൾ അവൻ ബന്ദികളെ പിടിച്ചുകൊണ്ടു പോയി; അവൻ മനുഷ്യരാം ദാനങ്ങളെ നൽകി.”—എഫെസ്യർ 4:8, NW.
1. ഒരു സഹോദരി തന്റെ സഭയിലെ മൂപ്പന്മാരെ കുറിച്ച് എന്ത് അഭിപ്രായ പ്രകടനം നടത്തി?
“ഞങ്ങളെ കുറിച്ച് വളരെയേറെ കരുതുന്നതിനു നന്ദി. നിങ്ങളുടെ ചിരിയും ഊഷ്മളതയും താത്പര്യവും എല്ലാം വളരെ ആത്മാർഥമാണ്. പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാനും ബൈബിളിൽനിന്ന് ഉണർവേകുന്ന വാക്കുകൾ പങ്കുവെക്കാനും നിങ്ങൾ എല്ലായ്പോഴും ഒരുക്കമാണ്. ഞാൻ ഒരിക്കലും നിങ്ങളെ നിസ്സാരരായി കാണാൻ ഇടവരാതിരിക്കട്ടെ എന്നു പ്രാർഥിക്കുന്നു.” ഒരു സഹോദരി തന്റെ സഭയിലെ മൂപ്പന്മാർക്ക് എഴുതിയതാണ് അത്. ക്രിസ്തീയ ഇടയന്മാർ പ്രകടമാക്കിയ സ്നേഹം ആ സഹോദരിയുടെ ഹൃദയത്തെ സ്പർശിച്ചെന്നു വ്യക്തം.—1 പത്രൊസ് 5:2, 3.
2, 3. (എ) യെശയ്യാവു 32:1, 2 അനുസരിച്ച്, അനുകമ്പയുള്ള മൂപ്പന്മാർ ആട്ടിൻകൂട്ടത്തെ പരിപാലിക്കുന്നത് എങ്ങനെ? (ബി) ഒരു മൂപ്പനെ ദാനമായി കണക്കാക്കാവുന്നത് എപ്പോൾ?
2 തന്റെ ആടുകളെ പരിപാലിക്കാൻ യഹോവ പ്രദാനം ചെയ്തിരിക്കുന്ന ഒരു കരുതലാണു മൂപ്പന്മാർ. (ലൂക്കൊസ് 12:32; യോഹന്നാൻ 10:16) യഹോവയ്ക്കു തന്റെ ആടുകൾ പ്രിയപ്പെട്ടവരാണ്, വളരെ പ്രിയപ്പെട്ടവർ തന്നെ. അതുകൊണ്ടാണ് അവൻ അവരെ യേശുവിന്റെ രക്തംകൊണ്ടു വിലയ്ക്കു വാങ്ങിയത്. മൂപ്പന്മാർ തന്റെ ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ ഇടപെടുമ്പോൾ, യഹോവ പ്രസാദിക്കുന്നതിൽ അപ്പോൾ യാതൊരു അതിശയവുമില്ല. (പ്രവൃത്തികൾ 20:28, 29) ഈ മൂപ്പന്മാരെ അഥവാ ‘പ്രഭുക്കന്മാരെ’ കുറിച്ചുള്ള പ്രാവചനിക വിവരണം ശ്രദ്ധിക്കുക: “ഓരോരുത്തൻ കാററിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.” (യെശയ്യാവു 32:1, 2) അതേ, അവർ യഹോവയുടെ ആടുകൾക്കു സംരക്ഷണവും നവോന്മേഷവും ആശ്വാസവും പ്രദാനം ചെയ്യണ്ടതാണ്. അതുകൊണ്ട്, ആട്ടിൻകൂട്ടത്തിന്മേൽ അനുകമ്പാപൂർവം ഇടയവേല ചെയ്യുന്ന മൂപ്പന്മാർ യഹോവ തങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നതുപോലെ പ്രവർത്തിക്കാൻ ശ്രമിക്കുന്നു.
3 ബൈബിളിൽ അത്തരം മൂപ്പന്മാരെ “മനുഷ്യരാം ദാനങ്ങൾ” എന്നാണു പരാമർശിച്ചിരിക്കുന്നത്. (എഫെസ്യർ 4:8, NW) ഒരു ദാനം അഥവാ സമ്മാനം എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കു വരുന്നത്, ഒരു ആവശ്യം നിറവേറ്റാനോ സ്വീകർത്താവിനു സന്തുഷ്ടി പ്രദാനം ചെയ്യാനോ നൽകപ്പെടുന്ന ഒരു സംഗതിയാണ്. ആവശ്യമായ സഹായം പ്രദാനം ചെയ്യാനും ആട്ടിൻകൂട്ടത്തിന്റെ സന്തുഷ്ടി ഉന്നമിപ്പിക്കാനുമായി ഒരു മൂപ്പൻ തന്റെ പ്രാപ്തികൾ ഉപയോഗിക്കുമ്പോൾ അദ്ദേഹത്തെ ഒരു ദാനമായി കണക്കാക്കാവുന്നതാണ്. അദ്ദേഹത്തിന് ഇത് എങ്ങനെ ചെയ്യാനാകും? എഫെസ്യർ 4:7-16-ലെ പൗലൊസിന്റെ വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്. തന്റെ ആടുകളോടുള്ള യഹോവയുടെ സ്നേഹപൂർവകമായ കരുതലിനെ അത് എടുത്തു കാട്ടുന്നു.
“മനുഷ്യരാം ദാനങ്ങൾ”—എവിടെ നിന്ന്?
4. സങ്കീർത്തനം 68:18-ന്റെ നിവൃത്തിയിൽ, യഹോവ ‘ഉയരത്തിൽ കയറിയത്’ എങ്ങനെ, “മനുഷ്യ രൂപത്തിലുള്ള ദാനങ്ങൾ” ആരായിരുന്നു?
4 പൗലൊസ് “മനുഷ്യരാം ദാനങ്ങൾ” എന്ന പദപ്രയോഗം ഉപയോഗിച്ചപ്പോൾ അവൻ, യഹോവയെ കുറിച്ചുള്ള ദാവീദ് രാജാവിന്റെ പിൻവരുന്ന വാക്കുകൾ ഉദ്ധരിക്കുകയായിരുന്നു: “നീ ഉയരത്തിൽ കയറിയിരിക്കുന്നു; നീ ബന്ദികളെ പിടിച്ചുകൊണ്ടു പോയിരിക്കുന്നു; നീ മനുഷ്യ രൂപത്തിൽ ദാനങ്ങൾ എടുത്തിരിക്കുന്നു.” (സങ്കീർത്തനം 68:18, NW) ഇസ്രായേല്യർ വാഗ്ദത്ത ദേശത്ത് എത്തി കുറെ വർഷങ്ങൾ കഴിഞ്ഞ് യഹോവ ആലങ്കാരികമായി സീയോൻ മലയിൽ ‘കയറുക’യും യെരൂശലേമിനെ, ദാവീദ് രാജാവായി ഭരിക്കുന്ന ഇസ്രായേൽ രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്തു. എന്നാൽ, “മനുഷ്യ രൂപത്തിലുള്ള ദാനങ്ങൾ” ആരായിരുന്നു? ദേശം കീഴടക്കിയപ്പോൾ ബന്ദികളായി പിടിക്കപ്പെട്ട പുരുഷന്മാരായിരുന്നു അവർ. പിൽക്കാലത്ത്, സമാഗമന കൂടാരത്തിലെ വേലയിൽ സഹായിക്കാനായി ഈ ബന്ദികളിൽ ചിലർ ലേവ്യർക്കു നൽകപ്പെട്ടു.—എസ്രാ 8:20.
5. (എ) സങ്കീർത്തനം 68:18-ന് ക്രിസ്തീയ സഭയിൽ ഒരു നിവൃത്തി ഉണ്ടെന്ന് പൗലൊസ് സൂചിപ്പിക്കുന്നത് എപ്രകാരം? (ബി) ഏതു വിധത്തിലാണ് യേശു ‘ഉയരത്തിൽ കയറിയത്’?
5 സങ്കീർത്തനക്കാരന്റെ വാക്കുകൾക്ക് ക്രിസ്തീയ സഭയിൽ ഒരു വലിയ നിവൃത്തി ഉണ്ടെന്ന് എഫെസ്യർക്കുള്ള ലേഖനത്തിൽ പൗലൊസ് സൂചിപ്പിക്കുന്നു. സങ്കീർത്തനം 68:18 പരാവർത്തനം ചെയ്തുകൊണ്ട് പൗലൊസ് എഴുതുന്നു: “ക്രിസ്തു സൗജന്യ ദാനം അളന്നത് അനുസരിച്ച് ഇപ്പോൾ നമ്മിൽ ഓരോരുത്തനും അനർഹദയ ലഭിച്ചിരിക്കുന്നു. അതുകൊണ്ട് അവൻ പറയുന്നു: ‘ഉയരത്തിൽ കയറിയപ്പോൾ അവൻ ബന്ദികളെ പിടിച്ചുകൊണ്ടു പോയി; അവൻ മനുഷ്യരാം ദാനങ്ങളെ നൽകി.’” (എഫെസ്യർ 4:7, 8, NW) ദൈവത്തിന്റെ പ്രതിനിധി എന്ന നിലയിൽ യേശുവിന് പൗലൊസ് ഈ സങ്കീർത്തനം ബാധകമാക്കുന്നു. തന്റെ വിശ്വസ്ത ഗതിയാൽ യേശു “ലോകത്തെ ജയിച്ചടക്കി.” (യോഹന്നാൻ 16:33, NW) മാത്രവുമല്ല, ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിച്ചതോടെ അവൻ മരണത്തിന്റെയും സാത്താന്റെയും മേൽ വിജയം വരിച്ചു. (പ്രവൃത്തികൾ 2:24; എബ്രായർ 2:14) പൊ.യു. 33-ൽ, പുനരുത്ഥാനം പ്രാപിച്ച യേശു “സ്വർഗ്ഗാധിസ്വർഗ്ഗത്തിന്നു മീതെ” കയറി, അതായത് മറ്റെല്ലാ സ്വർഗീയ സൃഷ്ടികളെക്കാളും ഉന്നതനായി. (എഫെസ്യർ 4:9, 10; ഫിലിപ്പിയർ 2:9-11) ഒരു ജേതാവ് എന്ന നിലയിൽ യേശു ശത്രുക്കളുടെ ഇടയിൽനിന്നു “ബന്ദികളെ” പിടിച്ചു. അത് എങ്ങനെ?
6. സ്വർഗാരോഹണം ചെയ്ത യേശു പൊ.യു. 33 പെന്തക്കോസ്തു മുതൽ സാത്താന്റെ ഭവനം കൊള്ളയടിച്ചു തുടങ്ങിയത് എങ്ങനെ, അവൻ “ബന്ദികളെ” എന്തു ചെയ്തു?
6 യേശു ഭൂമിയിൽ ആയിരുന്നപ്പോൾ, ഭൂതങ്ങളുടെ അധീനതയിൽ ആയിരുന്നവരെ വിടുവിച്ചുകൊണ്ട് സാത്താന്റെ മേലുള്ള തന്റെ അധികാരം പ്രകടിപ്പിച്ചു. യേശു സാത്താന്റെ ഭവനം ആക്രമിച്ച് അവനെ പിടിച്ചുകെട്ടി അവന്റെ വസ്തുവകകൾ പിടിച്ചെടുത്തതു പോലെ ആയിരുന്നു അത്. (മത്തായി 12:22-29) പുനരുത്ഥാനം പ്രാപിക്കുകയും ‘സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും’ ലഭിക്കുകയും ചെയ്തിരിക്കുന്ന യേശു എത്രവലിയ പിടിച്ചെടുക്കലാവും നടത്തുകയെന്ന് ഒന്നു സങ്കൽപ്പിച്ചു നോക്കൂ! (മത്തായി 28:18) സ്വർഗാരോഹണം ചെയ്ത യേശു ദൈവത്തിന്റെ പ്രതിനിധി എന്ന നിലയിൽ ദീർഘകാലമായി പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിലും സാത്താന്റെ നിയന്ത്രണത്തിലും ആയിരുന്ന മാനുഷ ‘ബന്ദികളെ പിടിച്ചെടുക്കുക’ വഴി, പൊ.യു. 33-ലെ പെന്തക്കോസ്തു മുതൽ സാത്താന്റെ ഭവനം കൊള്ളയടിക്കാൻ തുടങ്ങി. ഈ ‘ബന്ദികൾ’ “ദൈവേഷ്ടം മനസ്സോടെ ചെയ്തു”കൊണ്ട് സ്വമനസ്സാലെ “ക്രിസ്തുവിന്റെ ദാസൻമാ”രായി. (എഫെസ്യർ 6:6) ഫലത്തിൽ, യഹോവയെ പ്രതിനിധീകരിച്ചുകൊണ്ട് യേശു അവരെ സാത്താന്റെ നിയന്ത്രണത്തിൽ നിന്നു വിടുവിച്ച് സഭയ്ക്ക് “മനുഷ്യരാം ദാനങ്ങ”ളായി നൽകി. തന്റെ കൺമുമ്പിൽനിന്ന് അവരെ പിടിച്ചെടുത്തപ്പോൾ നിസ്സഹായനായ സാത്താന് ഉണ്ടായ ക്രോധം ഒന്നു സങ്കൽപ്പിച്ചു നോക്കൂ!
7. (എ) സഭയിൽ ‘മനുഷ്യരാം ദാനങ്ങൾ’ ഏതു വിധങ്ങളിൽ സേവിക്കുന്നു? (ബി) മൂപ്പനായി സേവിക്കുന്ന ഓരോ വ്യക്തിക്കും യഹോവ ഏത് അവസരം നൽകിയിരിക്കുന്നു?
7 ഇന്ന് സഭയിൽ അത്തരം “മനുഷ്യരാം ദാനങ്ങളെ” നാം കാണുന്നുണ്ടോ? തീർച്ചയായും! ദൈവജനത്തിന്റെ ഭൂവ്യാപകമായുള്ള 87,000-ത്തിൽപ്പരം സഭകളിൽ ‘സുവിശേഷകൻമാരായും ഇടയൻമാരായും ഉപദേഷ്ടാക്കൻമാരായും’ കഠിനാധ്വാനം ചെയ്തുകൊണ്ട് അവർ മൂപ്പന്മാർ എന്ന നിലയിൽ സേവിക്കുന്നതു നാം കാണുന്നു. (എഫെസ്യർ 4:11) മൂപ്പന്മാർ ആട്ടിൻകൂട്ടത്തോടു മോശമായി പെരുമാറുന്നതു സാത്താന് അങ്ങേയറ്റം സന്തോഷമായിരിക്കും. എന്നാൽ ദൈവം അവരെ ക്രിസ്തുവിലൂടെ സഭയ്ക്കു നൽകിയിരിക്കുന്നത് അതിനായിട്ടല്ല. പകരം, സഭയുടെ ക്ഷേമത്തിനു വേണ്ടിയാണ് യഹോവ ഈ മനുഷ്യരെ നൽകിയിരിക്കുന്നത്. തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്ന ആടുകളുടെ കാര്യത്തിൽ അവർ അവനോടു കണക്കു ബോധിപ്പിക്കേണ്ടതാണ്. (എബ്രായർ 13:17) നിങ്ങൾ ഒരു മൂപ്പനായി സേവിക്കുന്നെങ്കിൽ, സഹോദരങ്ങൾക്കു നിങ്ങൾ ഒരു ദാനം അഥവാ അനുഗ്രഹം ആണെന്നു തെളിയിക്കാനുള്ള അത്ഭുതകരമായ ഒരു അവസരം യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്നു. നാലു സുപ്രധാന ഉത്തരവാദിത്വങ്ങൾ നിറവേറ്റിക്കൊണ്ട് നിങ്ങൾക്ക് അതു ചെയ്യാനാകും.
‘യഥാസ്ഥാനപ്പെടുത്തൽ’ ആവശ്യമുള്ളപ്പോൾ
8. ഏതു വിധങ്ങളിലാണു ചിലപ്പോഴൊക്കെ നമുക്ക് എല്ലാവർക്കും യഥാസ്ഥാനപ്പെടുത്തൽ ആവശ്യമായിരിക്കുന്നത്?
8 ഒന്നാമതായി, “വിശുദ്ധന്മാരുടെ യഥാസ്ഥാനപ്പെടുത്തലിനാ”യിട്ടാണ് “മനുഷ്യരാം ദാനങ്ങളെ” നൽകിയിരിക്കുന്നത് എന്നു പൗലൊസ് പറയുന്നു. (എഫെസ്യർ 4:12, NW) ‘യഥാസ്ഥാനപ്പെടുത്തൽ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു നാമപദം എന്തിനെയെങ്കിലും “ശരിയായ സ്ഥാനത്തേക്കു കൊണ്ടുവരു”ന്നതിനെ അർഥമാക്കുന്നു. അപൂർണ മനുഷ്യർ എന്ന നിലയിൽ നമുക്ക് എല്ലാവർക്കും ഇടയ്ക്കിടെ യഥാസ്ഥാനപ്പെടുത്തൽ ആവശ്യമാണ്, അതായത് നമ്മുടെ ചിന്തയെയോ മനോഭാവങ്ങളെയോ നടത്തയെയോ ദൈവത്തിന്റെ ചിന്തയോടും ഹിതത്തോടുമുള്ള ബന്ധത്തിൽ “ശരിയായ സ്ഥാനത്തേക്കു കൊണ്ടുവ”രേണ്ടത് ആവശ്യമാണ്. ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നമ്മെ സഹായിക്കാനായി യഹോവ സ്നേഹപൂർവം “മനുഷ്യരാം ദാനങ്ങളെ” നൽകിയിരിക്കുന്നു. അവർ ഇത് എങ്ങനെയാണു ചെയ്യുന്നത്?
9. തെറ്റു ചെയ്ത ആടിനെ ഒരു മൂപ്പന് എങ്ങനെ യഥാസ്ഥാനപ്പെടുത്താൻ കഴിയും?
9 ചിലപ്പോൾ തെറ്റു ചെയ്ത, ഒരുപക്ഷേ അറിയാതെ ‘വല്ല തെറ്റിലും അകപ്പെട്ടുപോയ’ ഒരു ആടിനെ ഒരു മൂപ്പൻ സഹായിക്കേണ്ടത് ഉണ്ടായിരിക്കാം. അദ്ദേഹത്തിന് എങ്ങനെ അതു ചെയ്യാനാകും? “അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ” എന്ന് ഗലാത്യർ 6:1 പറയുന്നു. അതുകൊണ്ട്, ഒരു മൂപ്പൻ ബുദ്ധിയുപദേശം നൽകുമ്പോൾ തെറ്റു ചെയ്ത ആളിനെ പരുക്കൻ വാക്കുകൾ ഉപയോഗിച്ചു കഠിനമായി ശകാരിക്കില്ല. ബുദ്ധിയുപദേശം, അതു സ്വീകരിക്കുന്ന വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നത് ആയിരിക്കണം, അല്ലാതെ “പേടിപ്പിക്കുന്ന”ത് ആയിരിക്കരുത്. (2 കൊരിന്ത്യർ 10:9; ഇയ്യോബ് 33:7 താരതമ്യം ചെയ്യുക.) പ്രസ്തുത വ്യക്തിക്ക് അപ്പോൾത്തന്നെ ലജ്ജ തോന്നുന്നുണ്ടാകണം. അതുകൊണ്ട്, സ്നേഹമുള്ള ഒരു ഇടയൻ വ്യക്തിയുടെ ആത്മവീര്യം കെടുത്തുകയില്ല. ബുദ്ധിയുപദേശമോ ശക്തമായ ശാസനപോലുമോ ശുദ്ധമായ ആന്തരത്തോടെയും സ്നേഹത്തോടെയും നൽകപ്പെടുമ്പോൾ, അതു തെറ്റു ചെയ്ത വ്യക്തിയുടെ ചിന്തയെ അല്ലെങ്കിൽ നടത്തയെ വീണ്ടും ശരിയായ ദിശയിലേക്കു കൊണ്ടുവരികയും അങ്ങനെ ആ വ്യക്തി പുനഃസ്ഥിതീകരിക്കപ്പെടുകയും ചെയ്തേക്കാം.—2 തിമൊഥെയൊസ് 4:2.
10. മറ്റുള്ളവരെ യഥാസ്ഥാനപ്പെടുത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ത്?
10 നമ്മുടെ യഥാസ്ഥാനപ്പെടുത്തലിനായി “മനുഷ്യരാം ദാനങ്ങളെ” നൽകിയപ്പോൾ യഹോവയുടെ ഉദ്ദേശ്യം അവർ ആത്മീയ നവോന്മേഷം പകരുന്നവരും തന്റെ ജനത്തിന് അനുകരിക്കാൻ പറ്റിയവരും ആയിരിക്കണം എന്നായിരുന്നു. (1 കൊരിന്ത്യർ 16:17, 18; ഫിലിപ്പിയർ 3:17) തെറ്റായ ഗതിയിൽ പോകുന്നവരെ തിരുത്തുന്നതു മാത്രമല്ല, ശരിയായ ഗതിയിൽ ഉറച്ചുനിൽക്കാൻ വിശ്വസ്തരെ സഹായിക്കുന്നതും യഥാസ്ഥാനപ്പെടുത്തുന്നതിൽ ഉൾപ്പെട്ടിരിക്കുന്നു. a ഇന്ന്, നമ്മെ നിരുത്സാഹിതരാക്കാൻ പോന്ന ധാരാളം പ്രശ്നങ്ങൾ ഉള്ളതിനാൽ ഉറച്ചുനിൽക്കാൻ അനേകർക്കും പ്രോത്സാഹനം ആവശ്യമാണ്. തങ്ങളുടെ ചിന്തയെ ദൈവത്തിന്റെ ചിന്തയുമായി യോജിപ്പിലാക്കാൻ ചിലർക്ക് ആർദ്രമായ സഹായം ആവശ്യമുണ്ടായിരിക്കാം. ദൃഷ്ടാന്തത്തിന്, തങ്ങൾക്ക് എന്തോ പോരായ്മയോ അയോഗ്യതയോ ഉണ്ടെന്നുള്ള രൂഢമൂലമായ വികാരങ്ങളുമായി ചില വിശ്വസ്ത ക്രിസ്ത്യാനികൾ മല്ലിടുന്നു. ദൈവത്തിന് തങ്ങളെ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ലെന്നും അവനെ സേവിക്കാൻ തങ്ങൾ എത്ര ശ്രമിച്ചാലും അത് അവന് ഒരിക്കലും സ്വീകാര്യമായിരിക്കില്ലെന്നും “വിഷാദിതരായ” അത്തരക്കാർ കരുതിയേക്കാം. (1 തെസ്സലൊനീക്യർ 5:14, NW) എന്നാൽ ഇത്തരം ചിന്താഗതി, തന്റെ ആരാധകരെ കുറിച്ചുള്ള ദൈവത്തിന്റെ യഥാർഥ വികാരങ്ങളുമായി യോജിപ്പിലല്ല.
11. തങ്ങൾ അയോഗ്യരാണെന്ന ചിന്ത നിമിത്തം അസ്വസ്ഥരാകുന്നവരെ സഹായിക്കാൻ മൂപ്പന്മാർക്ക് എന്തു ചെയ്യാനാകും?
11 മൂപ്പന്മാരേ, അത്തരം ആളുകളെ സഹായിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും? യഹോവ തന്റെ ഓരോ ദാസനു വേണ്ടിയും കരുതുന്നു എന്നതിനുള്ള തിരുവെഴുത്തുപരമായ തെളിവ് അവരുമായി ദയാപൂർവം പങ്കുവെക്കുകയും പ്രസ്തുത ബൈബിൾ വാക്യങ്ങൾ അവർക്കു വ്യക്തിപരമായി ബാധകമാകുന്നുവെന്ന വിശ്വാസം പകരുകയും ചെയ്യുക. (ലൂക്കൊസ് 12:6, 7, 24) തന്നെ സേവിക്കാൻ യഹോവ അവരെ “ആകർഷിച്ചി”രിക്കുന്നതിനാൽ അവൻ അവരെ ഉറപ്പായും മൂല്യമുള്ളവരായി കാണുന്നു എന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുക. (യോഹന്നാൻ 6:44) അവർ ഒറ്റയ്ക്കല്ലെന്ന് ഉറപ്പു നൽകുക. യഹോവയുടെ അനേകം വിശ്വസ്ത ദാസർക്ക് സമാനമായ വികാരങ്ങൾ ഉണ്ടായിരുന്നിട്ടുണ്ട്. ഒരിക്കൽ അങ്ങേയറ്റം വിഷാദ ചിത്തനായ ഏലീയാ പ്രവാചകൻ മരിക്കാൻ ആഗ്രഹിച്ചു. (1 രാജാക്കന്മാർ 19:1-4) സ്വന്തം ഹൃദയം തങ്ങളെ “കുററം വിധിക്കുന്ന”തായി ഒന്നാം നൂറ്റാണ്ടിൽ ചില അഭിഷിക്ത ക്രിസ്ത്യാനികൾക്കു തോന്നി. (1 യോഹന്നാൻ 3:19) ബൈബിൾ കാലങ്ങളിലെ വിശ്വസ്തർക്ക് “നമ്മുടേതു പോലുള്ള വികാരങ്ങൾ” ഉണ്ടായിരുന്നെന്ന് അറിയുന്നത് ആശ്വാസദായകമാണ്. (യാക്കോബ് 5:17, NW) നിങ്ങൾക്കു വീക്ഷാഗോപുരത്തിലെയും ഉണരുക!യിലെയും പ്രോത്സാഹജനകമായ ലേഖനങ്ങൾ നിരാശ അനുഭവിക്കുന്നവരോട് ഒപ്പം പുനരവലോകനം ചെയ്യാവുന്നതുമാണ്. അത്തരം ആളുകളുടെ ആത്മവിശ്വാസം പുനഃസ്ഥാപിക്കാനുള്ള നിങ്ങളുടെ സ്നേഹപൂർവകമായ ശ്രമങ്ങൾ “മനുഷ്യരാം ദാനങ്ങ”ളായി നിങ്ങളെ നൽകിയ ദൈവം ശ്രദ്ധിക്കാതിരിക്കില്ല.—എബ്രായർ 6:10.
ആട്ടിൻകൂട്ടത്തെ ‘കെട്ടുപണി ചെയ്യൽ’
12. “ക്രിസ്തുവിന്റെ ശരീരത്തെ കെട്ടുപണി ചെയ്യുക” എന്ന പ്രയോഗം എന്താണു സൂചിപ്പിക്കുന്നത്, ആട്ടിൻകൂട്ടത്തെ കെട്ടുപണി ചെയ്യുന്നതിന്റെ താക്കോൽ എന്താണ്?
12 രണ്ടാമതായി, “ക്രിസ്തുവിന്റെ ശരീരത്തെ കെട്ടുപണി ചെയ്യുക”യെന്ന ലക്ഷ്യത്തോടെയാണ് “മനുഷ്യരാം ദാനങ്ങളെ” നൽകിയിരിക്കുന്നത്. (എഫെസ്യർ 4:12, NW) പൗലൊസ് ഇവിടെ ഒരു ആലങ്കാരിക പ്രയോഗം നടത്തുകയായിരുന്നു. “കെട്ടുപണി ചെയ്യുക” എന്നു പറയുമ്പോൾ നിർമാണ പ്രവർത്തനമാണു മനസ്സിലേക്കു വരുക. “ക്രിസ്തുവിന്റെ ശരീര”മാണെങ്കിൽ ആളുകളെ, അഭിഷിക്ത ക്രിസ്തീയ സഭയിലെ അംഗങ്ങളെ, പരാമർശിക്കുന്നു. (1 കൊരിന്ത്യർ 12:27; എഫെസ്യർ 5:23, 29, 30) ആത്മീയമായി ശക്തരായി വളരാൻ മൂപ്പന്മാർ തങ്ങളുടെ സഹോദരങ്ങളെ സഹായിക്കേണ്ടതുണ്ട്. അവരുടെ ലക്ഷ്യം ആട്ടിൻകൂട്ടത്തെ ‘ഇടിച്ചുകളയുക’ എന്നതല്ല പിന്നെയോ ‘പണിയുക’ എന്നതാണ്. (2 കൊരിന്ത്യർ 10:8) ആട്ടിൻകൂട്ടത്തെ കെട്ടുപണി ചെയ്യാനുള്ള താക്കോൽ സ്നേഹമാണ്, എന്തെന്നാൽ “സ്നേഹം കെട്ടുപണി ചെയ്യുന്നു.”—1 കൊരിന്ത്യർ 8:1, NW.
13. സമാനുഭാവം ഉണ്ടായിരിക്കുക എന്നാൽ എന്ത്, മൂപ്പന്മാർ സമാനുഭാവം കാണിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
13 ആട്ടിൻകൂട്ടത്തെ കെട്ടുപണി ചെയ്യാൻ മൂപ്പന്മാരെ സഹായിക്കുന്ന സ്നേഹത്തിന്റെ ഒരു വശമാണ് സമാനുഭാവം. സമാനുഭാവം ഉണ്ടായിരിക്കുകയെന്നാൽ മറ്റുള്ളവരോടു വികാരവായ്പ് ഉണ്ടായിരിക്കുക, അവരുടെ പരിമിതികൾ പരിഗണിച്ചുകൊണ്ട് അവരുടെ വികാര വിചാരങ്ങൾ മനസ്സിലാക്കുക എന്നാണ്. (1 പത്രൊസ് 3:8) മൂപ്പന്മാർ സമാനുഭാവം ഉള്ളവരായിരിക്കുന്നതു പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്? “മനുഷ്യരാം ദാനങ്ങളെ” നൽകുന്ന യഹോവ സമാനുഭാവമുള്ള ദൈവമാണ് എന്നതാണു മുഖ്യ കാരണം. തന്റെ ദാസന്മാർ ദുരിതമോ വേദനയോ അനുഭവിക്കുമ്പോൾ അവന് അവരോടു വികാരവായ്പു തോന്നുന്നു. (പുറപ്പാടു 3:7; യെശയ്യാവു 63:9) നമ്മുടെ പരിമിതികൾ സംബന്ധിച്ച് അവനു പരിഗണനയുണ്ട്. (സങ്കീർത്തനം 103:14) അപ്പോൾ, മൂപ്പന്മാർക്ക് എങ്ങനെയാണു സമാനുഭാവം കാണിക്കാൻ കഴിയുക?
14. മൂപ്പന്മാർക്ക് ഏതു വിധങ്ങളിൽ മറ്റുള്ളവരോടു സമാനുഭാവം കാട്ടാൻ കഴിയും?
14 നിരുത്സാഹിതനായ ഒരുവൻ മൂപ്പന്മാരെ സമീപിക്കുമ്പോൾ അവർ ശ്രദ്ധിക്കുന്നു, ആ വ്യക്തിയുടെ വികാരങ്ങളെ മാനിക്കുന്നു. തങ്ങളുടെ സഹോദരങ്ങളുടെ പശ്ചാത്തലവും വ്യക്തിത്വവും സാഹചര്യങ്ങളും മനസ്സിലാക്കാൻ അവർ ശ്രമിക്കുന്നു. തുടർന്ന്, അവർ കെട്ടുപണി ചെയ്യുന്ന തിരുവെഴുത്തുപരമായ സഹായം നൽകുമ്പോൾ അതു സ്വീകരിക്കാൻ എളുപ്പമാണെന്ന് ആടുകൾ കണ്ടെത്തുന്നു. കാരണം, അവരെ ശരിക്കും മനസ്സിലാക്കുകയും അവർക്കുവേണ്ടി കരുതുകയും ചെയ്യുന്ന ഇടയന്മാരിൽ നിന്നാണ് അതു വരുന്നത്. (സദൃശവാക്യങ്ങൾ 16:23) മറ്റുള്ളവരുടെ പരിമിതികളും അവ മൂലം ഉളവാകുന്ന വികാരങ്ങളും പരിഗണിക്കാനും സമാനുഭാവം മൂപ്പന്മാരെ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്, ഒരുപക്ഷേ വാർധക്യമോ അനാരോഗ്യമോ നിമിത്തം ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ കഴിയാത്തതു ഹേതുവായി മനസ്സാക്ഷിബോധമുള്ള ചില ക്രിസ്ത്യാനികൾക്കു കുറ്റബോധം തോന്നിയേക്കാം. ചിലർക്കാണെങ്കിൽ തങ്ങളുടെ ശുശ്രൂഷ മെച്ചപ്പെടുത്താൻ പ്രോത്സാഹനം ആവശ്യമായിരിക്കാം. (എബ്രായർ 5:12; 6:1) മറ്റുള്ളവരെ കെട്ടുപണി ചെയ്യുന്ന ‘ഇമ്പമായുള്ള വാക്കുകൾ’ കണ്ടെത്താൻ സമാനുഭാവം മൂപ്പന്മാരെ പ്രേരിപ്പിക്കും. (സഭാപ്രസംഗി 12:10) യഹോവയുടെ ആടുകളെ കെട്ടുപണി ചെയ്യുകയും പ്രചോദിപ്പിക്കുകയും ചെയ്യുമ്പോൾ, ദൈവസേവനത്തിൽ ആകുന്നതെല്ലാം ചെയ്യാൻ അവനോടുള്ള സ്നേഹം അവരെ പ്രേരിപ്പിക്കും!
ഐക്യം ഉന്നമിപ്പിക്കുന്ന പുരുഷന്മാർ
15. ‘വിശ്വാസത്തിലെ ഐക്യത’ എന്ന പ്രയോഗത്തിന്റെ വിവക്ഷ എന്ത്?
15 മൂന്നാമതായി, ‘നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യത പ്രാപിക്കാ’നാണ് “മനുഷ്യരാം ദാനങ്ങളെ” നൽകിയിരിക്കുന്നത്. (എഫെസ്യർ 4:12) ‘വിശ്വാസത്തിലെ ഐക്യത’ എന്ന പ്രയോഗം വിശ്വാസങ്ങളുടെ മാത്രമല്ല വിശ്വാസികളുടെയും ഐക്യത്തെ സൂചിപ്പിക്കുന്നു. അപ്പോൾ, ദൈവം നമുക്ക് “മനുഷ്യരാം ദാനങ്ങളെ” നൽകിയിരിക്കുന്നതിന്റെ മറ്റൊരു കാരണം അതാണ്—അവന്റെ ജനത്തിനിടയിൽ ഐക്യം ഉന്നമിപ്പിക്കാൻ. അവർ എങ്ങനെയാണ് അതു ചെയ്യുന്നത്?
16. മൂപ്പന്മാർ തങ്ങളുടെ ഇടയിൽത്തന്നെ ഐക്യം നിലനിർത്തേണ്ടതു പ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
16 ആദ്യമായി, അവർ തങ്ങളുടെ ഇടയിൽത്തന്നെ ഐക്യം നിലനിർത്തണം. ഇടയന്മാർക്ക് ഇടയിൽ ഭിന്നിപ്പ് ഉണ്ടെങ്കിൽ ആടുകൾ അവഗണിക്കപ്പെട്ടേക്കാം. ആട്ടിൻകൂട്ടത്തിന്മേൽ ഇടയവേല ചെയ്യാൻ ചെലവഴിക്കാമായിരുന്ന വിലപ്പെട്ട സമയം നിസ്സാര കാര്യങ്ങളെ ചൊല്ലിയുള്ള നീണ്ട യോഗങ്ങൾക്കും വാഗ്വാദങ്ങൾക്കും വേണ്ടി അനാവശ്യമായി വിനിയോഗിക്കപ്പെട്ടേക്കാം. (1 തിമൊഥെയൊസ് 2:8) മൂപ്പന്മാർ വളരെ വിഭിന്ന വ്യക്തിത്വങ്ങളുള്ളവർ ആയതിനാൽ തങ്ങൾ ചർച്ച ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവർ താനേ യോജിക്കണമെന്നില്ല. അവർക്കു വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളതോ, തുറന്ന മനസ്സോടെയുള്ള ഒരു ചർച്ചയിൽ അവ സമചിത്തതയോടെ പ്രകടിപ്പിക്കുന്നതു പോലുമോ ഐക്യത്തിന് എതിരല്ല. മുൻവിധി ഇല്ലാതെ, ആദരവോടെ അന്യോന്യം ശ്രദ്ധിച്ചുകൊണ്ട് മൂപ്പന്മാർ തങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കുന്നു. ബൈബിൾ തത്ത്വങ്ങൾ ഒന്നും ലംഘിക്കപ്പെടാത്ത പക്ഷം, മൂപ്പന്മാരുടെ സംഘത്തിന്റെ അന്തിമ തീരുമാനത്തിനു വഴങ്ങാനും അതിനെ പിന്താങ്ങാനും ഓരോ മൂപ്പനും മനസ്സൊരുക്കം ഉള്ളവനായിരിക്കണം. “സമാധാന”പരവും “ന്യായയുക്ത”വും [NW] ആയ “ഉയരത്തിൽനിന്നുള്ള ജ്ഞാന”ത്താലാണു തങ്ങൾ നയിക്കപ്പെടുന്നതെന്ന് അവരുടെ വഴക്കമുള്ള മനോഭാവം പ്രകടമാക്കുന്നു.—യാക്കോബ് 3:17, 18.
17. സഭയിൽ ഐക്യം കാത്തുസൂക്ഷിക്കാൻ മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാനാകും?
17 സഭയിൽ ഐക്യം ഉന്നമിപ്പിക്കാനും മൂപ്പന്മാർ ജാഗ്രതയുള്ളവരാണ്. ഹാനികരമായ കുശുകുശുപ്പ്, തെറ്റായ ലക്ഷ്യങ്ങൾ ആരോപിക്കാനുള്ള പ്രവണത, വഴക്കിടുന്ന മനോഭാവം തുടങ്ങിയ ഭിന്നിപ്പിക്കുന്ന സ്വാധീനങ്ങൾ സമാധാനത്തിനു ഭീഷണിയാകുമ്പോൾ അവർ സത്വരം സഹായകരമായ ബുദ്ധിയുപദേശം നൽകുന്നു. (ഫിലിപ്പിയർ 2:2, 3) ദൃഷ്ടാന്തത്തിന്, അമിതമായി വിമർശിക്കുകയോ മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി തലയിടുകയോ ചെയ്യുന്ന സ്വഭാവക്കാരെ കുറിച്ച് മൂപ്പന്മാർ ജാഗ്രതയുള്ളവർ ആയിരുന്നേക്കാം. (1 തിമൊഥെയൊസ് 5:13; 1 പത്രൊസ് 4:15) ഇത്തരം പ്രവർത്തന ഗതി, ദൈവം നമ്മെ പഠിപ്പിച്ചിരിക്കുന്നതിനു വിരുദ്ധമാണെന്നും ‘ഓരോരുത്തൻ താന്താന്റെ ചുമടു ചുമക്കേണ്ടത്’ ആണെന്നും മനസ്സിലാക്കാൻ മൂപ്പന്മാർ അവരെ സഹായിക്കും. (ഗലാത്യർ 6:5, 7; 1 തെസ്സലൊനീക്യർ 4:9-12) യഹോവ അനേകം കാര്യങ്ങൾ നമ്മുടെ വ്യക്തിഗത മനസ്സാക്ഷിക്കു വിടുന്നെന്നും അത്തരം കാര്യങ്ങളിൽ നാം ആരും മറ്റുള്ളവരെ വിധിക്കരുതെന്നും തിരുവെഴുത്തുകൾ ഉപയോഗിച്ച് അവർ വിശദീകരിക്കും. (മത്തായി 7:1, 2; യാക്കോബ് 4:10-12) ഐക്യത്തിൽ ഒത്തൊരുമിച്ചു സേവിക്കുന്നതിന്, പരസ്പര വിശ്വാസവും ആദരവും കളിയാടുന്ന ഒരു അന്തരീക്ഷം സഭയിൽ ഉണ്ടായിരിക്കണം. ആവശ്യമുള്ളപ്പോൾ തിരുവെഴുത്തു ബുദ്ധിയുപദേശം നൽകിക്കൊണ്ട് ‘മനുഷ്യരാം ദാനങ്ങൾ’ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കുന്നു.—റോമർ 14:19.
ആട്ടിൻകൂട്ടത്തെ സംരക്ഷിക്കൽ
18, 19. (എ) ‘മനുഷ്യരാം ദാനങ്ങൾ’ നമ്മെ ആരിൽനിന്നു സംരക്ഷിക്കുന്നു? (ബി) ആടുകളെ മറ്റ് ഏത് അപകടത്തിൽനിന്നും സംരക്ഷിക്കേണ്ടതുണ്ട്, ആടുകളെ സംരക്ഷിക്കാൻ മൂപ്പന്മാർ പ്രവർത്തിക്കുന്നത് എങ്ങനെ?
18 നാലാമതായി, “മനുഷ്യരുടെ ചതിയാലും ഉപായത്താലും തെററിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാററിനാൽ അലഞ്ഞുഴലുന്ന”തിൽ നിന്നു നമ്മെ സംരക്ഷിക്കാനാണു യഹോവ നമുക്ക് “മനുഷ്യരാം ദാനങ്ങളെ” നൽകുന്നത്. (എഫെസ്യർ 4:14) “ചതി” എന്നതിന്റെ മൂല ഗ്രീക്കു പദം “ചൂതാട്ടത്തിലെ വഞ്ചന”യെ അല്ലെങ്കിൽ “ചൂതാട്ടത്തിൽ കൃത്രിമം കാട്ടാനുള്ള സാമർഥ്യ”ത്തെ അർഥമാക്കുന്നുവെന്നു പറയപ്പെടുന്നു. വിശ്വാസത്യാഗികൾ എത്ര കൗശലപൂർവമാണു പ്രവർത്തിക്കുന്നതെന്ന് അതു നമ്മെ ഓർമിപ്പിക്കുന്നില്ലേ? സത്യക്രിസ്ത്യാനികളെ വശീകരിച്ച് വിശ്വാസത്തിൽനിന്ന് അകറ്റാനായി അവർ കൗശലപൂർവമായ വാദമുഖങ്ങളിലൂടെ തിരുവെഴുത്തുകളെ വളച്ചൊടിക്കുന്നു. അത്തരം “കൊടിയ ചെന്നായ്ക്കൾ”ക്കെതിരെ മൂപ്പന്മാർ ജാഗ്രത പാലിക്കണം!—പ്രവൃത്തികൾ 20:29, 30.
19 യഹോവയുടെ ആടുകളെ മറ്റ് അപകടങ്ങളിൽ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. പുരാതനകാല ഇടയനായ ദാവീദ് തന്റെ പിതാവിന്റെ ആട്ടിൻകൂട്ടത്തെ ഇരപിടിയന്മാരിൽനിന്നു സധീരം സംരക്ഷിച്ചു. (1 ശമൂവേൽ 17:34-36) യഹോവയുടെ ആടുകളെ, പ്രത്യേകിച്ചും ദുർബലരെ, ദ്രോഹിക്കുകയോ ഞെരുക്കുകയോ ചെയ്തേക്കാവുന്നവരിൽ നിന്ന് ആട്ടിൻകൂട്ടത്തെ സംരക്ഷിക്കാൻ കരുതലുള്ള മൂപ്പന്മാർ ധീരത പ്രകടമാക്കേണ്ട അവസരങ്ങൾ ഇന്നും ഉളവായേക്കാം. ദുഷ്ടത ചെയ്യാനായി തന്ത്രവും ചതിയും ഉപായവുമൊക്കെ പ്രവർത്തിക്കുന്ന മനപ്പൂർവ പാപികളെ സഭയിൽനിന്നു പുറത്താക്കാൻ മൂപ്പന്മാർ അമാന്തിക്കില്ല. b—1 കൊരിന്ത്യർ 5:9-13; സങ്കീർത്തനം 101:7 താരതമ്യം ചെയ്യുക.
20. “മനുഷ്യരാം ദാനങ്ങ”ളുടെ പരിപാലനത്തിൽ നമുക്ക് സുരക്ഷിതത്വം തോന്നാവുന്നത് എന്തുകൊണ്ട്?
20 “മനുഷ്യരാം ദാനങ്ങളെ” പ്രതി നാം എത്ര നന്ദിയുള്ളവരാണ്! അവരുടെ സ്നേഹപൂർവകമായ കരുതലിൽ നമുക്കു സുരക്ഷിതത്വം തോന്നാൻ കഴിയും. കാരണം അവർ നമ്മെ ആർദ്രതയോടെ യഥാസ്ഥാനപ്പെടുത്തുന്നു, സ്നേഹപൂർവം കെട്ടുപണി ചെയ്യുന്നു, നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കുന്നു, നമ്മെ സധീരം സംരക്ഷിക്കുന്നു. എന്നാൽ “മനുഷ്യരാം ദാനങ്ങൾ” സഭയിലെ തങ്ങളുടെ ധർമത്തെ എങ്ങനെ കാണണം? നാം അവരെ വിലമതിക്കുന്നുവെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും? ഈ ചോദ്യങ്ങൾ അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പുകൾ]
a ‘യഥാസ്ഥാനപ്പെടുത്തുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അതേ ക്രിയാപദംതന്നെയാണ് ഗ്രീക്കു സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ സങ്കീർത്തനം 17:5-ൽ ഉപയോഗിച്ചിരിക്കുന്നത്. അവിടെ, വിശ്വസ്തനായ ദാവീദ് തന്റെ കാലടികൾ യഹോവയുടെ വഴികളിൽ ഉറച്ചുനിൽക്കണമേയെന്നു പ്രാർഥിക്കുകയായിരുന്നു.
b ദൃഷ്ടാന്തത്തിന്, 1979 നവംബർ 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) 31-2 പേജുകളിൽ കൊടുത്തിരിക്കുന്ന “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങ”ളും 1997 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ 26-9 പേജുകളിൽ കൊടുത്തിരിക്കുന്ന “നമുക്കു ദുഷ്ടമായതിനെ വെറുക്കാം” എന്ന ലേഖനവും കാണുക.
നിങ്ങൾ ഓർമിക്കുന്നുവോ?
□ ആരാണ് ‘മനുഷ്യരാം ദാനങ്ങൾ,’ ദൈവം അവരെ ക്രിസ്തുവിലൂടെ സഭയ്ക്കു നൽകിയിരിക്കുന്നത് എന്തുകൊണ്ട്?
□ ആട്ടിൻകൂട്ടത്തെ യഥാസ്ഥാനപ്പെടുത്താനുള്ള ഉത്തരവാദിത്വം മൂപ്പന്മാർ നിർവഹിക്കുന്നത് എങ്ങനെ?
□ തങ്ങളുടെ സഹവിശ്വാസികളെ കെട്ടുപണി ചെയ്യുന്നതിന് മൂപ്പന്മാർക്ക് എന്തു ചെയ്യാൻ കഴിയും?
□ മൂപ്പന്മാർക്കു സഭയുടെ ഐക്യം കാത്തുസൂക്ഷിക്കാൻ കഴിയുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
നിരാശിതരെ പ്രോത്സാഹിപ്പിക്കാൻ സമാനുഭാവം മൂപ്പന്മാരെ സഹായിക്കുന്നു
[10-ാം പേജിലെ ചിത്രം]
മൂപ്പന്മാരുടെ ഇടയിലെ ഐക്യം സഭയിലെ ഐക്യത്തെ ഉന്നമിപ്പിക്കുന്നു