സമയവും നിത്യതയും—അവയെ കുറിച്ച് വാസ്തവത്തിൽ നമുക്ക് എന്ത് അറിയാം?
സമയവും നിത്യതയും—അവയെ കുറിച്ച് വാസ്തവത്തിൽ നമുക്ക് എന്ത് അറിയാം?
“സമയം മനുഷ്യന് അനുഭവവേദ്യമായ അതിനിഗൂഢ സംഗതികളിൽ ഒന്നാണെന്നു തോന്നുന്നു” എന്ന് ഒരു വിശ്വവിജ്ഞാനകോശം പ്രസ്താവിക്കുന്നു. അതേ, സമയത്തെ ലളിതമായി നിർവചിക്കുക അസാധ്യമാണെന്നുതന്നെ പറയാം. സമയം “പോകുന്നു,” “അതിക്രമിക്കുന്നു,” “കുതിച്ചുപായുന്നു” എന്നൊക്കെ മാത്രമല്ല നാംതന്നെ “കാലത്തിന്റെ നീരൊഴുക്കിൽ”പ്പെട്ടു മുന്നോട്ടുപോകുന്നു എന്നുപോലും നാം പറഞ്ഞേക്കാം. എന്നാൽ, ഈ പറയുന്ന കാര്യത്തെ കുറിച്ച് നമുക്കുതന്നെ വ്യക്തമായ ഗ്രാഹ്യം ഇല്ലെന്നുള്ളതാണു വാസ്തവം.
“രണ്ടു സംഭവങ്ങൾക്ക് ഇടയ്ക്കുള്ള അകലം” എന്നു സമയത്തെ നിർവചിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ അനുഭവം വെച്ചു നോക്കുമ്പോൾ, സമയം സംഭവങ്ങളെ ആശ്രയിച്ചിരിക്കുന്നില്ലെന്നു നാം കാണുന്നു. പ്രത്യേകിച്ച് എന്തെങ്കിലും സംഭവിച്ചാലും ഇല്ലെങ്കിലും, അതു മുന്നോട്ടു പോകുന്നതായി കാണപ്പെടുന്നു. വാസ്തവത്തിൽ, സമയം എന്നൊരു സംഗതി ഇല്ലെന്നും അതു കേവലം ഒരു സങ്കൽപ്പമാണെന്നും ഒരു തത്ത്വചിന്തകൻ അവകാശപ്പെടുന്നു. നമ്മുടെ ജീവിതാനുഭവങ്ങളിൽ അധികവും അധിഷ്ഠിതമായിരിക്കുന്ന ഒന്നിന് വെറുമൊരു സങ്കൽപ്പം ആയിരിക്കാൻ കഴിയുമോ?
സമയം സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം
ബൈബിൾ സമയത്തിന് ഒരു നിർവചനം നൽകുന്നില്ല. സമയം മനുഷ്യനു പൂർണമായി ഗ്രഹിക്കാൻ കഴിയാത്ത ഒന്നാണ് എന്നായിരിക്കാം അതു സൂചിപ്പിക്കുന്നത്. അനന്തമായ ശൂന്യാകാശത്തിന്റെ കാര്യത്തിൽ എന്നപോലെ അതു ഗ്രഹിക്കുക പ്രയാസമാണെന്നു നാം കണ്ടെത്തുന്നു. “അനാദിയായും ശാശ്വതമായും” സ്ഥിതി ചെയ്യുന്ന ഏകൻ എന്ന നിലയിൽ, ദൈവത്തിനു മാത്രം പൂർണമായി ഗ്രഹിക്കാൻ കഴിയുന്ന കാര്യങ്ങളിൽ ഒന്നാണു സമയം എന്നു വ്യക്തം.—സങ്കീർത്തനം 90:2.
ബൈബിൾ സമയത്തെ നിർവചിക്കുന്നില്ലെങ്കിലും അത് ഒരു യഥാർഥ സംഗതി ആണെന്നു ബൈബിൾ വ്യക്തമാക്കുന്നു. “അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും” സമയ സൂചകങ്ങൾ എന്ന നിലയിൽ ദൈവം “വെളിച്ചങ്ങ”ളെ—സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ—സൃഷ്ടിച്ചെന്നു ബൈബിൾ നമ്മോടു പറയുന്നു. ബൈബിളിലെ ഒട്ടനവധി സംഭവങ്ങൾ, കാലത്തിന്റെ നീരൊഴുക്കിൽ എപ്പോഴാണു നടന്നതെന്നു ബൈബിൾ വ്യക്തമായി രേഖപ്പെടുത്തുന്നു. (ഉല്പത്തി 1:14; 5:3-32; 7:11, 12; 11:10-32; പുറപ്പാടു 12:40, 41) അനന്തത—എന്നേക്കുമുള്ള ജീവിതം—ആകുന്ന ദൈവാനുഗ്രഹം ലഭിക്കാൻ നാം ജ്ഞാനപൂർവം ഉപയോഗിക്കേണ്ട ഒന്നായും ബൈബിൾ സമയത്തെ പരാമർശിക്കുന്നു.—എഫെസ്യർ 5:15, 16.
നിത്യജീവൻ—അതു യുക്തിസഹമോ?
സമയം വാസ്തവത്തിൽ എന്താണെന്നു മനസ്സിലാക്കാനുള്ള ശ്രമം നിഷ്ഫലമായിരിക്കെ, നിത്യജീവൻ അഥവാ എന്നേക്കുമുള്ള ജീവിതം എന്നത് അനേകരെ സംബന്ധിച്ചിടത്തോളം ഒട്ടും മനസ്സിലാക്കാൻ സാധിക്കാത്ത ഒരു ആശയമാണ്. സമയം സംബന്ധിച്ച നമ്മുടെ അനുഭവം എല്ലായ്പോഴും ജനനം, വളർച്ച, വാർധക്യം,
മരണം എന്നിവയോടു ബന്ധപ്പെട്ടിരിക്കുന്നു എന്നതാകാം അതിന് ഒരു കാരണം. അങ്ങനെ, നാം സമയത്തിന്റെ ഒഴുക്കിനെ പ്രായമേറൽ പ്രക്രിയയോടുള്ള ബന്ധത്തിൽ തിരിച്ചറിയാൻ ഇടയായിരിക്കുന്നു. അനേകരെ സംബന്ധിച്ച്, മറ്റേതു തരത്തിൽ ചിന്തിക്കുന്നതും സമയം എന്ന ആശയത്തിനുതന്നെ വിരുദ്ധമാണ്. ‘മറ്റ് എല്ലാ ജീവികൾക്കും സംഭവിക്കുന്ന പ്രായമേറൽ പ്രക്രിയയുടെ കാര്യത്തിൽ മനുഷ്യൻ എന്തിന് ഒരു അപവാദമായിരിക്കണം?’ എന്ന് അവർ ചോദിച്ചേക്കാം.എന്നാൽ അപ്രകാരം ന്യായവാദം ചെയ്യുമ്പോൾ, ഇപ്പോൾത്തന്നെ മനുഷ്യൻ ഇതര സൃഷ്ടികളിൽനിന്ന് അനേകം വിധങ്ങളിൽ വ്യത്യസ്തൻ ആണെന്നുള്ള വസ്തുത മിക്കപ്പോഴും വിസ്മരിക്കപ്പെടുന്നു. ദൃഷ്ടാന്തത്തിന്, മനുഷ്യർക്കുള്ള ബുദ്ധിപരമായ പ്രാപ്തികൾ മൃഗങ്ങൾക്ക് ഇല്ല. മറിച്ചുള്ള അവകാശവാദങ്ങൾ ഉണ്ടെങ്കിലും, സഹജവാസനയ്ക്ക് അനുസൃതമായ സർഗാത്മകതയേ അവയ്ക്ക് ഉള്ളൂ. മനുഷ്യർക്ക് ഉള്ളതുപോലുള്ള കലാവാസനകളോ, സ്നേഹവും വിലമതിപ്പും പ്രകടമാക്കാനുള്ള പ്രാപ്തിയോ അവയ്ക്ക് ഇല്ല. ജീവിതത്തെ അർഥവത്താക്കുന്ന ഈ ഗുണങ്ങളുടെയും പ്രാപ്തികളുടെയും കാര്യത്തിൽ മനുഷ്യർക്കു കൂടുതൽ നൽകപ്പെട്ടിരിക്കുന്നു എങ്കിൽ, ജീവിക്കാൻ അവർക്കു കൂടുതൽ സമയം നൽകപ്പെടുന്നത് എന്തുകൊണ്ട് അസാധ്യമായിരിക്കണം?
ഇനി, ചിന്തിക്കാൻ കഴിവില്ലെങ്കിലും ചില വൃക്ഷങ്ങൾ ആയിരക്കണക്കിനു വർഷങ്ങൾ ജീവിച്ചിരിക്കുമ്പോൾ, ശരാശരി 70-ഓ 80-ഓ വർഷം മാത്രമേ ബുദ്ധിശക്തിയുള്ള മനുഷ്യനു ജീവിച്ചിരിക്കാൻ സാധിക്കുന്നുള്ളൂ എന്നതു വിരോധാഭാസമല്ലേ? സർഗാത്മകമോ കലാപരമോ ആയ പ്രാപ്തികൾ ഇല്ലാത്ത ആമകൾ 200-ലേറെ വർഷങ്ങൾ ജിവിച്ചിരിക്കുമ്പോൾ പ്രസ്തുത പ്രാപ്തികൾ സമൃദ്ധമായുള്ള മനുഷ്യർ അതിന്റെ പകുതിക്കാലം പോലും ജീവിച്ചിരിക്കാത്തത് ഒരു വൈരുദ്ധ്യമല്ലേ?
മനുഷ്യനു സമയത്തെയും നിത്യതയെയും പൂർണമായി ഗ്രഹിക്കാൻ സാധിക്കില്ലെങ്കിലും, നിത്യജീവന്റെ വാഗ്ദാനം ബൈബിളിൽ ഉറച്ച അടിസ്ഥാനമുള്ള ഒരു പ്രത്യാശയാണ്. അതിൽ ‘നിത്യജീവൻ’ എന്ന പദപ്രയോഗം 40 പ്രാവശ്യത്തോളം പ്രത്യക്ഷപ്പെടുന്നു. ദൈവത്തിന്റെ ഉദ്ദേശ്യം മനുഷ്യർ എന്നേക്കും ജീവച്ചിരിക്കണം എന്നാണെങ്കിൽ, അത് എന്തുകൊണ്ടാണ് ഇന്നുവരെയും യാഥാർഥ്യമായി തീരാഞ്ഞത്? ഈ ചോദ്യം അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യപ്പെടും.