ശൗൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ചത് എന്തുകൊണ്ട്?
ശൗൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ചത് എന്തുകൊണ്ട്?
‘നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി പലതും പ്രവർത്തിക്കേണ്ടതുതന്നെ ആണെന്നു ഞാൻ വാസ്തവത്തിൽ കരുതി; യഥാർഥത്തിൽ യെരൂശലേമിൽ വെച്ചു ഞാൻ അങ്ങനെ പ്രവർത്തിക്കുകയും ചെയ്തു. മഹാപുരോഹിതന്മാരിൽനിന്ന് അധികാരം ലഭിച്ചതിനാൽ വിശുദ്ധന്മാരിൽ പലരെയും ഞാൻ തടവിലാക്കി. ശിഷ്യന്മാർക്കു വധശിക്ഷ നൽകുന്ന കാര്യത്തിൽ ഞാൻ അവർക്ക് എതിരെ വോട്ടു ചെയ്തു. എല്ലാ സിനഗോഗുകളിലും വെച്ച്, അവരെ പലപ്പോഴും ദണ്ഡിപ്പിച്ച് പരസ്യമായി അവരെക്കൊണ്ട് വിശ്വാസം തള്ളിപ്പറയിക്കാൻ ഞാൻ ശ്രമിച്ചു. അവർക്ക് എതിരെ അത്യന്തം ഭ്രാന്തുപിടിച്ച് ഞാൻ അന്യപട്ടണങ്ങളിൽ ചെന്നു പോലും അവരെ ഉപദ്രവിച്ചു.’—പ്രവൃത്തികൾ 26:9-11, “NW.”
പൗലൊസ് അപ്പൊസ്തലൻ എന്ന് അറിയപ്പെടുന്ന തർസൊസുകാരനായ ശൗലിന്റെ വാക്കുകളാണ് അവ. ഇതു പറഞ്ഞ സമയത്ത് അവൻ തീർച്ചയായും ഒരു പുതിയ വ്യക്തി ആയിരുന്നു. അവൻ മേലാൽ ക്രിസ്ത്യാനിത്വത്തിന്റെ ശത്രു അല്ലായിരുന്നു. മറിച്ച്, അവൻ അതിന്റെ ഏറ്റവും തീക്ഷ്ണതയുള്ള വക്താക്കളിൽ ഒരാളായിരുന്നു. എന്നാൽ, മുമ്പ് ക്രിസ്ത്യാനികളെ പീഡിപ്പിക്കാൻ ശൗലിനെ പ്രേരിപ്പിച്ചത് എന്തായിരുന്നു? അത്തരം കാര്യങ്ങൾ പലതും ‘പ്രവർത്തിക്കേണ്ടതുതന്നെ ആണെന്ന്’ അവൻ കരുതിയത് എന്തുകൊണ്ട്? അവന്റെ ജീവിതത്തിൽനിന്ന് എന്തെങ്കിലും പാഠം നമുക്ക് ഉൾക്കൊള്ളാനുണ്ടോ?
സ്തെഫാനൊസിനെ കല്ലെറിയൽ
സ്തെഫാനൊസിനെ കൊന്നവരുടെ കൂട്ടത്തിലാണ് ബൈബിൾ രേഖയിൽ ശൗൽ ആദ്യമായി രംഗപ്രവേശം ചെയ്യുന്നത്. “അവനെ [സ്തെഫാനൊസിനെ] നഗരത്തിൽനിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രം ശൌൽ എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്ക്കൽ വെച്ചു.” “അവനെ കുലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു.” (പ്രവൃത്തികൾ 7:58; 8:1) ആ ആക്രമണത്തിലേക്കു നയിച്ചത് എന്തായിരുന്നു? കിലിക്ക്യയിൽനിന്നുള്ള ചിലർ ഉൾപ്പെടെ, യഹൂദന്മാർ സ്തെഫാനൊസുമായി തർക്കിച്ചു. പക്ഷേ, അവർക്ക് അവന്റെ മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കിലക്ക്യക്കാരനായിരുന്ന ശൗലും അവരോടൊപ്പം ഉണ്ടായിരുന്നോ എന്നതിനു രേഖയൊന്നുമില്ല. എന്തായിരുന്നാലും, അവർ കള്ള സാക്ഷികളെക്കൊണ്ട് സ്തെഫാനൊസിന്റെ മേൽ ദൈവദൂഷണം ആരോപിച്ച് അവനെ സൻഹെദ്രിമിനു മുന്നിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നു. (പ്രവൃത്തികൾ 6:9-14) മഹാപുരോഹിതന്റെ അധ്യക്ഷതയിലുള്ള ഈ സമിതി യഹൂദ ഹൈക്കോടതിയായി സേവിച്ചിരുന്നു. പരമോന്നത മത കോടതി എന്ന നിലയിൽ ഇതിലെ അംഗങ്ങൾ, ഉപദേശപരമായ പരിശുദ്ധി എന്നു തങ്ങൾ കരുതിയിരുന്നതു കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. അവരുടെ വീക്ഷണത്തിൽ സ്തെഫാനൊസ് മരണശിക്ഷ അർഹിച്ചിരുന്നു. എന്നാൽ അവനാകട്ടെ, അവർ ന്യായപ്രമാണം അനുസരിക്കുന്നില്ലെന്ന് ആരോപിക്കാൻ മടിച്ചില്ല. (പ്രവൃത്തികൾ 7:53) അതുകൊണ്ട് തങ്ങൾ അത് അനുസരിക്കുന്നത് എങ്ങനെയെന്ന് അവർ അവനു കാണിച്ചു കൊടുക്കുമായിരുന്നു—അവനെ കല്ലെറിഞ്ഞു കൊന്നുകൊണ്ട്!
അതിനോടുള്ള ശൗലിന്റെ യോജിപ്പ് അവന്റെ വിശ്വാസത്തിന്റെ ഒരു സ്വഭാവിക പരിണതിയായിരുന്നു. അവൻ ഒരു പരീശൻ ആയിരുന്നു. ആ പ്രബല മതവിഭാഗം പ്രമാണങ്ങളും പാരമ്പര്യങ്ങളും കർശനമായി പാലിക്കണമെന്നു ശഠിച്ചിരുന്നു. യേശുവിലൂടെയുള്ള ഒരു പുതിയ രക്ഷാമാർഗം പഠിപ്പിച്ചിരുന്ന ക്രിസ്ത്യാനിത്വം ആ തത്ത്വങ്ങൾക്ക് എതിരാണെന്ന് അവർ കരുതി. റോമൻ ആധിപത്യത്തിന്റെ വെറുക്കപ്പെട്ട നുകത്തിൽനിന്നു തങ്ങളെ സ്വതന്ത്രരാക്കുന്ന പ്രഭാവശാലിയായ ഒരു
രാജാവായിരിക്കും മിശിഹാ എന്നായിരുന്നു ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരുടെ പ്രതീക്ഷ. അതുകൊണ്ട്, മഹാ സൻഹെദ്രിമിനാൽ ദൈവദൂഷകനായി കുറ്റംവിധിക്കപ്പെടുകയും തുടർന്ന് ശപിക്കപ്പെട്ട ഒരു കുറ്റവാളിയെപ്പോലെ ദണ്ഡനസ്തംഭത്തിൽ തറയ്ക്കപ്പെടുകയും ചെയ്ത ഒരുവൻ മിശിഹാ ആണെന്നുള്ള ആശയം അവരെ സംബന്ധിച്ചിടത്തോളം അന്യവും അസ്വീകാര്യമായതും ഹീനവും ആയിരുന്നു.മരത്തിൽ തൂക്കപ്പെടുന്നവൻ “ദൈവസന്നിധിയിൽ ശാപഗ്രസ്തൻ” ആണെന്നു ന്യായപ്രമാണം പ്രസ്താവിച്ചിരുന്നു. (ആവർത്തനപുസ്തകം 21:22, 23; ഗലാത്യർ 3:13) ശൗലിന്റെ കാഴ്ചപ്പാടിൽ, “ഈ വാക്കുകൾ വ്യക്തമായും യേശുവിനു ബാധകമായിരുന്നു” എന്ന് ഫ്രെഡറിക് എഫ്. ബ്രൂസ് അഭിപ്രായപ്പെടുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അവൻ ദൈവശാപത്തിൽ ആയിരുന്നു മരിച്ചത്. ആയതിനാൽ, യഹൂദ പാരമ്പര്യം അനുസരിച്ച്, അനുപമമായ അളവിൽ ദൈവാനുഗ്രഹം ഉണ്ടായിരിക്കുമായിരുന്ന മിശിഹാ ആയിരുന്നു അവൻ എന്നത് അചിന്തനീയം ആയിരുന്നു. അതുകൊണ്ട് യേശു മിശിഹാ ആയിരുന്നെന്ന് അവകാശപ്പെടുന്നത് ദൈവദൂഷണമായിരുന്നു, അത്തരം അസംബന്ധം പറയുന്നവർ ദൈവദൂഷകർ എന്ന നിലയിൽ ശിക്ഷ അർഹിച്ചിരുന്നുതാനും.” പിൽക്കാലത്ത് ശൗൽതന്നെ സമ്മതിച്ചു പറഞ്ഞതുപോലെ, ‘ക്രൂശിക്കപ്പെട്ട ക്രിസ്തു യെഹൂദന്മാർക്ക് ഇടർച്ചയ്ക്കു’ കാരണമായി.—1 കൊരിന്ത്യർ 1:23.
യേശു മിശിഹാ ആണെന്നുള്ള പഠിപ്പിക്കലിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുക എന്നതായിരുന്നു ശൗലിന്റെ നയം. അതിനെ പിഴുതെറിയാൻ ക്രൂരമായ ബലപ്രയോഗം പോലും നടത്തണമായിരുന്നു. ദൈവഹിതം അതാണെന്ന് അവൻ ഉറച്ചു വിശ്വസിച്ചിരുന്നു. താൻ നട്ടുവളർത്തിയ മനോഭാവത്തെ വിവരിച്ചുകൊണ്ട് ശൗൽ പറഞ്ഞു: ‘[ഞാൻ] ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവനും ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ചു അനിന്ദ്യനും’ ആയിരുന്നു. “ഞാൻ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തിൽ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തിൽ അധികം മുതിരുകയും ചെയ്തുപോന്നു.”—ഫിലിപ്പിയർ 3:6; ഗലാത്യർ 1:13, 14.
പീഡനത്തിന്റെ മുന്നണിപ്പോരാളി
സ്തെഫാനൊസിന്റെ മരണത്തിനു ശേഷം, ശൗൽ പീഡനത്തെ കേവലം പ്രോത്സാഹിപ്പിക്കുന്നവൻ എന്ന നിലയിലല്ല, മറിച്ച് അതിന്റെ മുന്നണിപ്പോരാളി ആയിട്ടാണ് അറിയപ്പെട്ടിരുന്നത്. ആ നിലയിൽ അവൻ കുറെയൊക്കെ കുപ്രസിദ്ധി നേടിയിട്ടുണ്ടാകണം. അതുകൊണ്ട് പരിവർത്തനത്തിനു ശേഷം പോലും, അവൻ ശിഷ്യന്മാരോടൊപ്പം ചേരുവാൻ ശ്രമിച്ചപ്പോൾ “അവൻ ഒരു ശിഷ്യൻ എന്നു വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.” അവൻ വാസ്തവമായും ഒരു ക്രിസ്ത്യാനി ആയെന്നു വ്യക്തമായപ്പോൾ, അവന്റെ ആ പരിവർത്തനം ശിഷ്യന്മാർ സന്തോഷിക്കാനും ദൈവത്തിനു നന്ദി കരേറ്റാനും കാരണമായി. വെറുമൊരു മുൻ എതിരാളിയുടെ മനോഭാവത്തിന് മാറ്റം ഉണ്ടായി എന്നല്ല, പിന്നെയോ “മുമ്പെ നമ്മെ ഉപദ്രവിച്ചവൻ താൻ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോൾ പ്രസംഗിക്കുന്നു” എന്നാണ് അവർ കേട്ടത്. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—പ്രവൃത്തികൾ 9:26; ഗലാത്യർ 1:23, 24.
ദമസ്കൊസ് യെരൂശലേമിൽനിന്ന് ഏതാണ്ട് 220 കിലോമീറ്റർ അകലെ ആയിരുന്നു. നടന്നെത്താനാണെങ്കിൽ, ഏഴോ എട്ടോ ദിവസം വേണമായിരുന്നു. എന്നിട്ടും, “ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസിച്ചുകൊണ്ടു” ശൗൽ മഹാപുരോഹിതന്റെ അടുത്തു ചെന്ന് ദമസ്കൊസിലെ സിനഗോഗുകൾക്കുള്ള കത്തുകൾ ചോദിച്ചു. എന്തിന്? “ഈ മാർഗ്ഗക്കാരാ”യി താൻ കാണുന്ന ഏതൊരുവനെയും ബന്ധിച്ച് യെരൂശലേമിലേക്കു കൊണ്ടുവരാൻ ശൗലിനു കഴിയേണ്ടതിന്. ഔദ്യോഗിക അംഗീകാരത്തോടെ അവൻ “വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചു” തുടങ്ങി. മറ്റുള്ളവരെ അവൻ ‘പള്ളികളിൽ അടിപ്പിക്കുകയും’ അവരെ വധിക്കുന്നതിന് അനുകൂലമായി ‘തന്റെ വോട്ടു രേഖപ്പെടുത്തുക’യും (അക്ഷരീയമായി പറഞ്ഞാൽ, “വോട്ടിങ്ങിനുള്ള [തന്റെ] ചരൽക്കല്ല്” ഇടുകയും) ചെയ്തു.—പ്രവൃത്തികൾ 8:3; 9:1, 2, 14; 22:5, 19; 26:10, NW അടിക്കുറിപ്പ്.
ഗമാലിയേലിൽനിന്ന് ശൗലിന് ലഭിച്ച വിദ്യാഭ്യാസവും ഇപ്പോൾ അവനു കരഗതമായിരുന്ന അധികാരവും പരിഗണിക്കുമ്പോൾ, ന്യായപ്രമാണത്തിന്റെ വെറുമൊരു വിദ്യാർഥി എന്ന നിലയിൽനിന്ന് യഹൂദ മതത്തിൽ ഒരളവിൽ അധികാരമുള്ള നിലയിലേക്ക് അവൻ പുരോഗമിച്ചിരുന്നെന്ന് ചില പണ്ഡിതന്മാർ കരുതുന്നു. ദൃഷ്ടാന്തത്തിന്, ശൗൽ യെരൂശലേമിലെ ഒരു സിനഗോഗിലെ ഗുരു ആയിത്തീർന്നിരിക്കാം എന്ന് ഒരു ഗ്രന്ഥകാരൻ എഴുതി. എന്നിരുന്നാലും, ശൗൽ ‘വോട്ടു ചെയ്തു’ എന്നതിനാൽ എന്താണ് അർഥമാക്കിയതെന്ന്—ന്യായാധിപസംഘത്തിലെ ഒരു അംഗം എന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നോ അതോ ക്രിസ്ത്യാനികളെ വധിക്കുന്നതിലുള്ള തന്റെ ധാർമിക പിന്തുണ പ്രകടിപ്പിക്കുകയായിരുന്നോ എന്ന്—കൃത്യമായി പറയാനാവില്ല. a
തുടക്കത്തിൽ എല്ലാ ക്രിസ്ത്യാനികളും യഹൂദന്മാരോ യഹൂദ മതാനുസാരികളോ ആയിരുന്നതിനാൽ, പ്രവൃത്തികൾ 26:11) അവരെ തടവിൽ ആക്കുകയായിരുന്നു അതിനുള്ള ഒരു മാർഗം. മറ്റൊന്ന്, സിനഗോഗുകളിൽ കൊണ്ടുപോയി ചാട്ടയ്ക്ക് അടിപ്പിക്കുകയായിരുന്നു. റബ്ബിമാരുടെ അധികാരത്തെ അനുസരിക്കാത്തതിന്റെ ശിക്ഷയായി, മൂന്നു ന്യായാധിപന്മാർ അടങ്ങിയ ഏതൊരു പ്രാദേശിക കോടതിയിലും നടപ്പാക്കിയിരുന്ന ഒരു സാധാരണ ശിക്ഷാരീതിയായിരുന്നു അത്.
ക്രിസ്ത്യാനിത്വം യഹൂദമതത്തിനുള്ളിലെ ഒരു വിശ്വാസത്യാഗ പ്രസ്ഥാനമാണെന്ന് ശൗൽ കരുതിയിരിക്കാം. അതുകൊണ്ട് അതിലെ അനുഗാമികളെ നേർവഴിക്കു കൊണ്ടുവരേണ്ടത് ഔദ്യോഗിക യഹൂദ മതത്തിന്റെ ഉത്തരവാദിത്വം ആണെന്ന് അവൻ ചിന്തിച്ചിരിക്കാം. പണ്ഡിതനായ ആർലാൻഡ് ജെ. ഹൾട്ട്ഗ്രെൻ ഇങ്ങനെ പറയുന്നു: “ക്രിസ്ത്യാനിത്വം യഹൂദ മതത്തിന് പുറത്തുള്ള ഒരു എതിർ മതം ആണെന്നു കണ്ടിട്ട് ആയിരിക്കില്ല പീഡകനായ പൗലൊസ് അതിനെ എതിർത്തത്. അവനും മറ്റുള്ളവരും ക്രിസ്തീയ പ്രസ്ഥാനത്തെ അപ്പോഴും യഹൂദ അധികാരത്തിൻ കീഴിലുള്ള ഒന്നായിട്ടാകാം കണ്ടത്.” അപ്പോൾ, വഴിതെറ്റിപ്പോയ യഹൂദരെ സാധ്യമായ സകല മാർഗവും ഉപയോഗിച്ച് യാഥാസ്ഥിതിക യഹൂദ മതത്തിലേക്കു ബലം പ്രയോഗിച്ച് തിരികെ കൊണ്ടുവരികയായിരുന്നു അവന്റെ ഉദ്ദേശ്യം. (ദമസ്കൊസിലേക്കുള്ള വഴയിൽ വെച്ച് യേശു ശൗലിന് പ്രത്യക്ഷപ്പെട്ടത് തീർച്ചയായും അതിനെല്ലാം അറുതി വരുത്തി. ക്രിസ്ത്യാനിത്വത്തിന്റെ ഒരു ഭീകര ശത്രു എന്ന നിലയിൽനിന്ന് ശൗൽ സത്വരം അതിന്റെ തീക്ഷ്ണതയുള്ള ഒരു വക്താവായി മാറി. താമസിയാതെ, ദമസ്കൊസിലെ യഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു. (പ്രവൃത്തികൾ 9:1-23) വിരോധാഭാസമെന്നു പറയട്ടെ, പീഡകൻ എന്ന നിലയിൽ ശൗൽ ചെയ്ത മിക്ക സംഗതികളും ക്രിസ്ത്യാനി എന്ന നിലയിൽ അവന് അനുഭവിക്കേണ്ടിവന്നു. അതുകൊണ്ട് വർഷങ്ങൾ കഴിഞ്ഞ് അവൻ ഇങ്ങനെ പറഞ്ഞു: ‘യെഹൂദരാൽ ഞാൻ ഒന്നു കുറയെ നാല്പതു അടി അഞ്ചുവട്ടം കൊണ്ടു.’—2 കൊരിന്ത്യർ 11:24.
തീക്ഷ്ണത വഴിതെറ്റാം
തന്റെ മതപരിവർത്തനത്തിനു ശേഷം ശൗൽ—അക്കാലത്ത് അവൻ കൂടുതലായും പൗലൊസ് എന്നാണ് അറിയപ്പെട്ടിരുന്നത്—ഇങ്ങനെ പറഞ്ഞു: “മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠുരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു.” (1 തിമൊഥെയൊസ് 1:13) അതുകൊണ്ട്, ഒരുവനു തന്റെ മതത്തിൽ ആത്മാർഥതയും തീക്ഷ്ണതയും ഉണ്ട് എന്നതുകൊണ്ട് ദൈവാംഗീകാരം ലഭിക്കുമെന്ന് ഉറപ്പില്ല. ശൗൽ തീക്ഷ്ണതയുള്ളവൻ ആയിരുന്നു. മനസ്സാക്ഷി അനുസരിച്ചു പ്രവർത്തിക്കുകയും ചെയ്തു. എന്നാൽ അത് അവന്റെ പ്രവർത്തനത്തെ സാധൂകരിച്ചില്ല. അവന്റെ ഉജ്ജ്വലമായ തീക്ഷ്ണത തെറ്റായ ഗതിയിലുള്ളതായിരുന്നു. (റോമർ 10:2, 3 താരതമ്യം ചെയ്യുക.) അതു നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.
ഒരു നല്ല വ്യക്തി ആയിരിക്കണം എന്നു മാത്രമേ ദൈവം ആവശ്യപ്പെടുന്നുള്ളൂ എന്ന് ഇന്ന് അനേകർ ഉറപ്പായി വിശ്വസിക്കുന്നു. എന്നാൽ വാസ്തവം അതാണോ? നാം ഓരോരുത്തരും പൗലൊസിന്റെ പിൻവരുന്ന ഉദ്ബോധനത്തിനു ശ്രദ്ധ കൊടുക്കുന്നത് നന്നായിരിക്കും: “സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിൻ.” (1 തെസ്സലൊനീക്യർ 5:21) ദൈവത്തിന്റെ സത്യവചനത്തെ കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം നേടാൻ സമയമെടുക്കുകയും തുടർന്ന് അതിനോടു പൂർണമായ ചേർച്ചയിൽ ജീവിക്കുകയും ചെയ്യുക എന്നാണ് അതിന്റെ അർഥം. മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ബൈബിൾ പരിശോധനയിൽ നാം തിരിച്ചറിയുന്നെങ്കിൽ, നിശ്ചയമായും ആ മാറ്റങ്ങൾ താമസംവിനാ വരുത്തണം. ശൗലിനെപ്പോലെ അത്ര ദൈവദൂഷകരോ ഉപദ്രവികളോ നിഷ്ഠുരരോ ആയിരുന്നിട്ടുള്ളവർ നമ്മിൽ വളരെ ചുരുക്കമായിരിക്കാം. എന്നാൽ, വിശ്വാസത്തിനും സൂക്ഷ്മ പരിജ്ഞാനത്തിനും അനുസൃതമായി പ്രവർത്തിക്കുന്നതിനാൽ മാത്രമേ നമുക്കും ശൗലിനെപ്പോലെ ദൈവാംഗീകാരം നേടാനാകൂ.—യോഹന്നാൻ 17:3, 17.
[അടിക്കുറിപ്പുകൾ]
a യേശുക്രിസ്തുവിന്റെ കാലത്തെ യഹൂദ ജനതയുടെ ചരിത്രം (ബി.സി. 175-ഏ.ഡി. 135) (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഏമിൽ ഷ്യൂറർ പറയുന്നത് അനുസരിച്ച്, മഹാ സൻഹെദ്രിമിന്റെ അഥവാ എഴുപത്തൊന്നംഗ സൻഹെദ്രിമിന്റെ നടപടിക്രമങ്ങളെ കുറിച്ച് മിഷ്ന യാതൊന്നും പറയുന്നില്ലെങ്കിലും 23 അംഗങ്ങളുള്ള, ചെറിയ സൻഹെദ്രിമുകളുടെ നടപടിക്രമങ്ങൾ അതു വളരെ വിശദമായി വിവരിക്കുന്നുണ്ട്. ചെറിയ സൻഹെദ്രിമുകളിൽ വിചാരണ ചെയ്തിരുന്ന, വധശിക്ഷ അർഹിക്കുന്ന കേസുകളിൽ നിയമ വിദ്യാർഥികൾക്ക് സംബന്ധിക്കാൻ കഴിയുമായിരുന്നു. അവിടെ അവർക്ക് കുറ്റാരോപിതനായ വ്യക്തിക്ക് അനുകൂലമായി സംസാരിക്കാൻ കഴിയുമായിരുന്നു, എന്നാൽ എതിരായി വാദിക്കാൻ പാടില്ലായിരുന്നു. പക്ഷേ വധശിക്ഷ അർഹിക്കാത്ത കുറ്റങ്ങളിൽ, അനുകൂലമായോ എതിരായോ അവർക്കു വാദിക്കാമായിരുന്നു.