ആശ്രയയോഗ്യമായ പ്രവചനങ്ങൾ തേടി
ആശ്രയയോഗ്യമായ പ്രവചനങ്ങൾ തേടി
മഹാനായ അലക്സാണ്ടർ എന്ന് അറിയപ്പെട്ട മാസിഡോണിയൻ രാജാവ് പൊ.യു.മു. 336-ൽ സിംഹാസനസ്ഥനായ ഉടനെ മധ്യ ഗ്രീസിലെ ഡെൽഫിയിലുള്ള ഒരു ഭാവികഥന മന്ദിരം സന്ദർശിച്ചു. അന്നത്തെ ലോകത്തിന്റെ അധികഭാഗവും വെട്ടിപ്പിടിക്കുക എന്ന അടങ്ങാത്ത ആഗ്രഹം അദ്ദേഹത്തെ ഭരിച്ചിരുന്നു. തന്റെ വൻ സംരംഭം വിജയിക്കും എന്നതിനു ദിവ്യ ഉറപ്പു ലഭിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. പുരാവൃത്തം അനുസരിച്ച്, ഡെൽഫി സന്ദർശിച്ച ദിവസം വെളിച്ചപ്പാടത്തിയെ കാണാൻ അദ്ദേഹത്തിന് അനുമതി ലഭിച്ചില്ല. ഉത്തരം ലഭിക്കാതെ അവിടെനിന്നു പോകില്ലെന്നു ശഠിച്ച അലക്സാണ്ടർ ഭാവിയെ കുറിച്ചു പ്രവചിക്കാൻ വെളിച്ചപ്പാടത്തിയുടെമേൽ നിർബന്ധം ചെലുത്തി. ഗത്യന്തരമില്ലാതെ അവർ ഇങ്ങനെ വിളിച്ചു പറഞ്ഞു: “കുഞ്ഞേ, നീ അജയ്യനാണ്!” താൻ പടനീക്കത്തിൽ വിജയിക്കുമെന്നതിന്റെ ശുഭലക്ഷണമായി ആ യുവരാജൻ അതിനെ കണക്കാക്കി.
എന്നാൽ, ദാനീയേൽ എന്ന ബൈബിൾ പുസ്തകത്തിൽ കാണുന്ന പ്രവചനങ്ങൾ പരിശോധിച്ചിരുന്നെങ്കിൽ തന്റെ സൈനിക നീക്കത്തിന്റെ പരിണതഫലങ്ങളെ കുറിച്ച് അലക്സാണ്ടറിന് ഏറെ നന്നായി അറിയാൻ കഴിയുമായിരുന്നു. ശ്രദ്ധേയമായ കൃത്യതയോടെ, അദ്ദേഹത്തിന്റെ ത്വരിത വെട്ടിപ്പിടിത്തങ്ങളെ കുറിച്ച് ആ പ്രവചനങ്ങൾ മുൻകൂട്ടിപ്പറഞ്ഞു. ഒടുവിൽ അലക്സാണ്ടറിന്, തന്നെ കുറിച്ചു ദാനീയേൽ രേഖപ്പെടുത്തിയിരുന്ന കാര്യങ്ങൾ മനസ്സിലാക്കാനുള്ള ഒരു അവസരം ലഭിച്ചു എന്നാണു പുരാവൃത്തം പറയുന്നത്. യെരൂശലേമിൽ പ്രവേശിച്ച ആ മാസിഡോണിയൻ രാജാവിനു ദാനീയേലിന്റെ പ്രവചനം—സാധ്യതയനുസരിച്ച് എട്ടാം അധ്യായം—കാണിച്ചുകൊടുത്തു എന്നാണ് യഹൂദ ചരിത്രകാരനായ ജോസീഫസ് പറയുന്നത്. (ദാനീയേൽ 8:5-8, 20, 21) തന്മൂലം, അലക്സാണ്ടറിന്റെ സേന ആ പട്ടണത്തെ ആക്രമിക്കാതെ വിട്ടതായി പറയപ്പെടുന്നു.
മനുഷ്യന്റെ സഹജമായ ഒരു ആവശ്യം
പ്രജയോ പ്രജാപതിയോ ആയിരുന്നാലും, പ്രാചീനനോ ആധുനികനോ ആയിരുന്നാലും, ആശ്രയയോഗ്യമായ ഭാവി കഥനങ്ങളുടെ ആവശ്യം മനുഷ്യർ തിരിച്ചറിഞ്ഞിരിക്കുന്നു. ബുദ്ധിശക്തിയുള്ള സൃഷ്ടികളായ മനുഷ്യർ ഭൂതകാലത്തെ കുറിച്ചു പഠിക്കുന്നു, വർത്തമാനകാലത്തെ കുറിച്ചു ചിന്തിക്കുന്നു, ഭാവികാലത്തെ കുറിച്ച് അറിയാൻ പ്രത്യേകം താത്പര്യം കാട്ടുന്നു. ഒരു ചൈനീസ് പഴമൊഴി വസ്തുനിഷ്ഠമായി ഇങ്ങനെ പറയുന്നു: “മൂന്നു നാൾ മുമ്പേ കാര്യങ്ങൾ മുൻകൂട്ടിക്കാണാൻ കഴിവുള്ളവൻ ആയിരക്കണക്കിനു വർഷത്തേക്കു ധനാഢ്യനായിരിക്കും.”
യുഗങ്ങളിൽ ഉടനീളം, ദശലക്ഷക്കണക്കിന് ആളുകൾ തങ്ങൾ ദിവ്യത്വം കൽപ്പിക്കുന്ന വ്യക്തികളുമായി ആലോചന കഴിച്ചുകൊണ്ടു ഭാവിയിലേക്കു ചുഴിഞ്ഞു നോക്കാൻ ശ്രമിച്ചിരിക്കുന്നു. പുരാതന ഗ്രീക്കുകാരെ ഉദാഹരണമായെടുക്കാം. ഡെൽഫി, ഡെലോസ്, ഡെഡോണ എന്നിവിടങ്ങളിലെ പോലെ അവർക്കു ബഹുദശം വിശുദ്ധ ഭാവികഥന മന്ദിരങ്ങൾ ഉണ്ടായിരുന്നു. രാഷ്ട്രീയമോ സൈനികമോ ആയ സംഭവവികാസങ്ങളെയും യാത്ര, വിവാഹം, കുട്ടികൾ എന്നിങ്ങനെയുള്ള വ്യക്തിപരമായ കാര്യങ്ങളെയും കുറിച്ചു ദേവന്മാരോട് അന്വേഷിച്ചറിയാനായി അവർ അവിടം സന്ദർശിച്ചിരുന്നു. രാജാക്കന്മാരും സൈന്യാധിപന്മാരും മാത്രമല്ല, വർഗങ്ങളും നഗര രാഷ്ട്രങ്ങളും ഈ വെളിച്ചപ്പാടത്തികളിലൂടെ ആത്മീയ മണ്ഡലത്തിൽ നിന്നു സഹായം തേടിയിരുന്നു.
“ഭാവിയെ കുറിച്ചുള്ള പഠനത്തിന് അർപ്പിതമായിരിക്കുന്ന സംഘടനകൾ ത്വരിതഗതിയിൽ വർധിച്ചു വരികയാണ്” എന്ന് ഒരു പ്രൊഫസർ പറയുന്നു. എന്നിരുന്നാലും, പ്രവചനത്തിന്റെ കൃത്യതയുള്ള ഉറവിടത്തെ—ബൈബിളിനെ—അവഗണിക്കാൻ അനേകരും ചായ്വു കാണിക്കുന്നു. തങ്ങൾ തേടുന്ന വിവരങ്ങൾ ബൈബിളിൽ കാണാനുള്ള സാധ്യത അവർ പാടേ തള്ളിക്കളയുന്നു. ചില പണ്ഡിതന്മാർ പുരാതന ഭാവികഥനങ്ങളെ ബൈബിൾ പ്രവചനങ്ങളോടു തുലനം ചെയ്യുന്ന അളവോളം പോലും പോകുന്നു. ആധുനിക സന്ദേഹവാദികളാകട്ടെ, ബൈബിൾ പ്രവചനത്തിന്റെ കാര്യത്തിൽ മുൻവിധി വെച്ചുപുലർത്തുന്നു.
കാര്യങ്ങൾ സ്വയം പരിശോധിച്ച് അറിയാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. ബൈബിൾ പ്രവചനങ്ങളും മനുഷ്യരുടെ ഭാവികഥനങ്ങളും സൂക്ഷ്മമായി താരതമ്യം ചെയ്യുകയാണെങ്കിൽ എന്തായിരിക്കും വെളിപ്പെടുക? പുരാതന ഭാവികഥനങ്ങളെക്കാൾ ബൈബിൾ പ്രവചനങ്ങളിൽ നിങ്ങൾക്കു വിശ്വസിക്കാനാകുമോ? ബൈബിൾ പ്രവചനങ്ങളെ അടിസ്ഥാനമാക്കി ജീവിതം ഉറപ്പോടെ പടുത്തുയർത്താനാകുമോ?
[3-ാം പേജിലെ ചിത്രം]
അലക്സാണ്ടറുടെ ത്വരിത വെട്ടിപ്പിടിത്തങ്ങളെ കുറിച്ചു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു
[കടപ്പാട]
Cortesía del Museo del Prado, Madrid, Spain
[4-ാം പേജിലെ ചിത്രം]
മഹാനായ അലക്സാണ്ടർ
[കടപ്പാട]
Musei Capitolini, Roma
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട]
മുഖചിത്രം: ജനറൽ റ്റൈറ്റസും മഹാനായ അലക്സാണ്ടറും: Musei Capitolini, Roma