യഹോവയോട് അടുത്തുചെല്ലാൻ ആളുകളെ സഹായിക്കൽ
യഹോവയോട് അടുത്തുചെല്ലാൻ ആളുകളെ സഹായിക്കൽ
“ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.”—യോഹന്നാൻ 14:6.
1. ഉയിർപ്പിക്കപ്പെട്ട യേശു തന്റെ ശിഷ്യന്മാർക്ക് എന്തു കൽപ്പന നൽകി, യഹോവയുടെ സാക്ഷികൾ അത് അനുസരിച്ചിരിക്കുന്നതിന്റെ ഫലം എന്താണ്?
യേശുക്രിസ്തു തന്റെ അനുഗാമികളോട്, ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചു സകലജാതികളെയും ശിഷ്യരാക്കാൻ’ കൽപ്പിച്ചു. (മത്തായി 28:19, 20) കഴിഞ്ഞ പത്തു വർഷംകൊണ്ട് യഹോവയുടെ സാക്ഷികൾ മുപ്പതു ലക്ഷത്തിലധികം ആളുകളെ ദൈവത്തോട് അടുത്തുചെല്ലാൻ സഹായിക്കുകയും ക്രമേണ, അവന്റെ ഹിതം ചെയ്യാനുള്ള അവരുടെ സമർപ്പണത്തിന്റെ പ്രതീകമായി അവരെ സ്നാപനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ദൈവത്തോട് അടുത്തുചെല്ലാൻ അവരെ സഹായിക്കുന്നതിൽ നാം എത്ര സന്തുഷ്ടരാണ്!—യാക്കോബ് 4:8.
2. പുതിയ പലരും സ്നാപനമേൽക്കുന്നുണ്ടെങ്കിലും എന്തു സംഭവിച്ചിരിക്കുന്നു?
2 ചില ദേശങ്ങളിൽ നിരവധി പുതിയ ശിഷ്യന്മാർ സ്നാപനമേറ്റിട്ടുണ്ടെങ്കിലും, അവിടങ്ങളിൽ രാജ്യ ഘോഷകരുടെ എണ്ണത്തിൽ ആനുപാതികമായ വർധനവ് ഉണ്ടായിട്ടില്ല. മരിച്ചവരുടെ എണ്ണം—വാർഷിക മരണ നിരക്ക് ഏകദേശം 1 ശതമാനം ആണ്—കണക്കിലെടുക്കണം എന്നതു ശരിതന്നെ. എങ്കിലും, കഴിഞ്ഞ ഏതാനും വർഷങ്ങളിലായി നിരവധി ആളുകൾ വിശ്വാസം വിട്ടകന്നിരിക്കുന്നു. കാരണം? ആളുകൾ യഹോവയോട് അടുക്കുന്നത് എങ്ങനെയെന്നും ചിലർ വിശ്വാസം വിട്ടുപോകുന്നതിന് ഇടയാക്കിയേക്കാവുന്ന കാരണങ്ങൾ എന്തെല്ലാമെന്നും ഈ ലേഖനവും തുടർന്നുള്ള ലേഖനവും പരിചിന്തിക്കുന്നതാണ്.
നമ്മുടെ പ്രസംഗവേലയുടെ ഉദ്ദേശ്യം
3. (എ) യേശുവിന്റെ ശിഷ്യന്മാരെ ഭരമേൽപ്പിച്ചിരിക്കുന്ന നിയമനം വെളിപ്പാടു 14:6-ൽ പരാമർശിച്ചിരിക്കുന്ന ദൂതന്റെ നിയമനത്തോടു ചേർച്ചയിൽ ആയിരിക്കുന്നത് എങ്ങനെ? (ബി) രാജ്യ സന്ദേശത്തിൽ ആളുകളുടെ താത്പര്യം ഉണർത്തുന്നതിനു ഫലപ്രദമെന്നു തെളിഞ്ഞിരിക്കുന്ന ഒരു മാർഗം ഏത്, എന്നാൽ എന്തു പ്രശ്നം നിലനിൽക്കുന്നു?
3 “അന്ത്യകാല”ത്ത് “രാജ്യത്തിന്റെ ഈ സുവിശേഷ”ത്തെ കുറിച്ചുള്ള “യഥാർഥ പരിജ്ഞാനം” മറ്റുള്ളവർക്കു പകർന്നു കൊടുക്കാൻ യേശുവിന്റെ ശിഷ്യന്മാർക്കു നിയമനം ലഭിച്ചിരിക്കുന്നു. (ദാനീയേൽ 12:4, NW; മത്തായി 24:14) ‘ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാൻ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്ന’ ദൂതന്റെ നിയമനത്തോടു ചേർച്ചയിലാണ് അവരുടെ നിയമനവും. (വെളിപ്പാടു 14:6) ആളുകൾ ലൗകിക കാര്യങ്ങളിൽ മുഴുകിയിരിക്കുന്ന ഈ ലോകത്തിൽ ദൈവരാജ്യം സംബന്ധിച്ച് അവരിൽ താത്പര്യം ഉണർത്തുന്നതിനും അവരെ യഹോവയോട് അടുത്തുചെല്ലാൻ സഹായിക്കുന്നതിനും ഉള്ള ഏറ്റവും ഫലപ്രദമായ മാർഗം പറുദീസാ ഭൂമിയിലെ നിത്യജീവനെ കുറിച്ചുള്ള പ്രത്യാശ അവരുമായി പങ്കിടുന്നതാണ്. എന്നുവരികിലും, പറുദീസയിൽ പ്രവേശിക്കുക എന്ന ഏക ഉദ്ദേശ്യത്തോടെ ദൈവജനത്തോടൊപ്പം സഹവസിക്കുന്നവർ തങ്ങളുടെ കാലുകൾ ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാതയിൽ ദൃഢമായി ഉറപ്പിച്ചു നിറുത്തിയിട്ടില്ല എന്നുള്ളതാണു വസ്തുത.—മത്തായി 7:13, 14.
4. യേശുവും ആകാശമധ്യേ പറക്കുന്ന ദൂതനും പറയുന്നതനുസരിച്ച്, നമ്മുടെ പ്രസംഗവേലയുടെ ഉദ്ദേശ്യം എന്താണ്?
4 യേശു ഇങ്ങനെ പ്രസ്താവിച്ചു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) “ആകാശമദ്ധ്യേ പറക്കുന്ന” ദൂതൻ “നിത്യസുവിശേഷം” ഘോഷിക്കുകയും ഭൂവാസികളോട്, “ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിൻ; അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിൻ” എന്നു പറയുകയും ചെയ്യുന്നു. (വെളിപ്പാടു 14:7) തന്മൂലം, സുവാർത്ത പ്രസംഗിക്കുന്നതിന്റെ പിന്നിലെ നമ്മുടെ ആത്യന്തിക ഉദ്ദേശ്യം, യേശുക്രിസ്തു മുഖാന്തരം യഹോവയോട് അടുത്തുചെല്ലാൻ ആളുകളെ സഹായിക്കുകയാണ്.
യഹോവയുടെ വേലയിൽ നമ്മുടെ പങ്ക്
5. നാം നമ്മുടെയല്ല, മറിച്ച് യഹോവയുടെ വേലയാണു ചെയ്യുന്നത് എന്നു പൗലൊസിന്റെയും യേശുവിന്റെയും ഏതു പ്രസ്താവനകൾ വ്യക്തമാക്കുന്നു?
5 സഹ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് എഴുതവെ, “നിരപ്പിന്റെ [“അനുരഞ്ജനത്തിന്റെ,” NW] ശുശ്രൂഷ”യെ കുറിച്ചും യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ ദൈവം ആളുകളെ തന്നോട് അനുരജ്ഞനത്തിൽ ആക്കുന്നതിനെ കുറിച്ചും പൗലൊസ് അപ്പൊസ്തലൻ പറയുന്നു. അത്, “ദൈവം ഞങ്ങൾ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു” എന്നും “ഞങ്ങൾ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊൾവിൻ എന്നു . . . അപേക്ഷിക്കുന്നു” എന്നും പൗലൊസ് പറയുന്നു. എന്തൊരു ഹൃദയോഷ്മളമായ ആശയം! നാം ‘ക്രിസ്തുവിന്നു വേണ്ടിയുള്ള [അഭിഷിക്ത] സ്ഥാനാപതികൾ’ ആയിരുന്നാലും ഭൗമിക പ്രത്യാശയുള്ള സന്ദേശവാഹകർ ആയിരുന്നാലും, ഇതു നമ്മുടെ വേലയല്ല മറിച്ച് യഹോവയുടെ വേലയാണ് എന്ന കാര്യം ഒരിക്കലും മറക്കരുത്. (2 കൊരിന്ത്യർ 5:18-20) ആളുകളെ തന്നോട് അടുപ്പിക്കുന്നതും ക്രിസ്തുവിന്റെ അടുക്കൽ വരുന്നവരെ പഠിപ്പിക്കുന്നതും വാസ്തവത്തിൽ ദൈവമാണ്. യേശു ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും. എല്ലാവരും ദൈവത്താൽ ഉപദേശിക്കപ്പെട്ടവർ ആകും എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവൻ എല്ലാം എന്റെ അടുക്കൽ വരും.”—യോഹന്നാൻ 6:44, 45.
6. ഒരു പ്രാഥമിക വിധത്തിൽ യഹോവ ജനതകളെ ഇളക്കുന്നത് എങ്ങനെ, അതേസമയം അവന്റെ ‘ആരാധനാലയത്തിൽ’ ആർ സുരക്ഷിതത്വം കണ്ടെത്തുന്നു?
6 ഈ അന്ത്യ നാളുകളിൽ യഹോവ ആളുകളെ തന്നിലേക്ക് അടുപ്പിക്കുകയും അവർക്കു “വിശ്വാസത്തിന്റെ വാതിൽ” തുറന്നു കൊടുക്കുകയും ചെയ്യുന്നത് എങ്ങനെയാണ്? (പ്രവൃത്തികൾ 14:27, NW അടിക്കുറിപ്പ്; 2 തിമൊഥെയൊസ് 3:1) ദൈവത്തിൽ നിന്നുള്ള രക്ഷയുടെയും ഈ ദുഷ്ടവ്യവസ്ഥിതിക്ക് എതിരെയുള്ള അവന്റെ ന്യായവിധിയുടെയും സന്ദേശങ്ങൾ തന്റെ സാക്ഷികളെ ഉപയോഗിച്ചുകൊണ്ടു പ്രഖ്യാപിക്കുന്നതാണ് ഒരു പ്രധാന വിധം. (യെശയ്യാവു 43:12; 61:1, 2) ഈ ലോകവ്യാപക പ്രഖ്യാപനം സകല രാഷ്ട്രങ്ങളിലും ഭീതി വിതച്ചിരിക്കുന്നു. ഉടൻ സംഭവിക്കാനിരിക്കുന്ന, നാശകരമായ ന്യായവിധിയുടെ ഒരു അടയാളമാണ് അത്. അതേസമയം, ദൈവത്തിന്റെ ദൃഷ്ടിയിൽ “വിലപ്പെട്ടവർ” ഈ വ്യവസ്ഥിതിയിൽ നിന്നു പുറത്തേക്കു വരുത്തപ്പെടുന്നതിന്റെ ഫലമായി സത്യാരാധനയുടെ ‘ആലയത്തിൽ’ സുരക്ഷിതത്വം കണ്ടെത്തുന്നു. അങ്ങനെ, ഹഗ്ഗായി മുഖാന്തരം രേഖപ്പെടുത്തിയ തന്റെ പ്രാവചനിക വാക്കുകൾ യഹോവ നിവർത്തിക്കുകയാണ്: “ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും.”—ഹഗ്ഗായി 2:6, 7, NW അടിക്കുറിപ്പ്; വെളിപ്പാടു 7:9, 15.
7. യഹോവ ആളുകളുടെ ഹൃദയം തുറക്കുകയും വ്യക്തികളെ തന്നിലേക്കും തന്റെ പുത്രനിലേക്കും അടുപ്പിക്കുകയും ചെയ്യുന്നത് എങ്ങനെ?
7 തന്റെ സാക്ഷികൾ ‘സംസാരിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതിന്നു’ യഹോവ, “സകല രാഷ്ട്രങ്ങളിലെയും വിശിഷ്ട വസ്തുക്ക”ളാകുന്ന ദൈവഭയമുള്ള ഇവരുടെ ഹൃദയം തുറക്കുന്നു. (ഹഗ്ഗായി 2:7, യഹൂദ പ്രസിദ്ധീകരണ സൊസൈറ്റി; പ്രവൃത്തികൾ 16:14) ഒന്നാം നൂറ്റാണ്ടിലേതുപോലെ, തന്റെ സഹായത്തിനായി കേണപേക്ഷിക്കുന്ന ആത്മാർഥതയുള്ള ആളുകളുടെ അടുക്കലേക്കു തന്റെ സാക്ഷികളെ നയിക്കുന്നതിന് യഹോവ ചിലപ്പോഴൊക്കെ ദൂതന്മാരെ ഉപയോഗിക്കുന്നു. (പ്രവൃത്തികൾ 8:26-31) തന്റെ പുത്രനായ യേശുക്രിസ്തു മുഖാന്തരം യഹോവ ചെയ്തിരിക്കുന്ന അത്ഭുതകരമായ കരുതലുകളെ കുറിച്ച് ആളുകൾ മനസ്സിലാക്കുമ്പോൾ സ്നേഹം അവരെ അവനിലേക്ക് അടുപ്പിക്കുന്നു. (1 യോഹന്നാൻ 4:9, 10) അതേ, തന്റെ “സ്നേഹ ദയ” അല്ലെങ്കിൽ “വിശ്വസ്ത സ്നേഹം” മുഖാന്തരം ദൈവം ആളുകളെ തന്നിലേക്കും തന്റെ പുത്രനിലേക്കും അടുപ്പിക്കുന്നു.—യിരെമ്യാവു 31:3, NW അടിക്കുറിപ്പ്.
യഹോവ അടുപ്പിക്കുന്നത് ആരെ?
8. ഏതുതരം ആളുകളെയാണ് യഹോവ അടുപ്പിക്കുന്നത്?
8 തന്നെ അന്വേഷിക്കുന്നവരെയാണ് യഹോവ തന്നിലേക്കും തന്റെ പുത്രനിലേക്കും അടുപ്പിക്കുന്നത്. (പ്രവൃത്തികൾ 17:27) ക്രൈസ്തവലോകത്തിലും വാസ്തവത്തിൽ, ലോകമെമ്പാടും നടമാടുന്ന “സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന”വർ അവരിൽ ഉൾപ്പെടുന്നു. (യെഹെസ്കേൽ 9:4) “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ” ആണ് അവർ. (മത്തായി 5:3, NW) പറുദീസാ ഭൂമിയിൽ എന്നേക്കും വസിക്കാനിരിക്കുന്ന ‘ഭൂമിയിലെ സൌമ്യന്മാർ’ [“താഴ്മയുള്ളവർ,” NW അടിക്കുറിപ്പ്] ആണ് അവർ.—സെഫന്യാവു 2:3.
9. ആളുകൾ “നിത്യജീവനായി ശരിയായ മനോനിലയുള്ള”വർ ആണോ എന്ന് യഹോവയ്ക്ക് എങ്ങനെ അറിയാം, അവൻ അവരെ എങ്ങനെയാണ് അടുപ്പിക്കുന്നത്?
9 യഹോവയ്ക്ക് ഒരു വ്യക്തിയുടെ ഹൃദയം വായിക്കാൻ സാധിക്കും. ദാവീദ് രാജാവു തന്റെ മകനായ ശലോമോനോടു പറഞ്ഞു: “യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിന്നെ എന്നേക്കും തള്ളിക്കളയും.” (1 ദിനവൃത്താന്തം 28:9) ഒരു വ്യക്തിയുടെ ഹൃദയനിലയുടെയും മനോനിലയുടെയും—അഥവാ പ്രബലമായ മനോഭാവത്തിന്റെ—അടിസ്ഥാനത്തിൽ ആ വ്യക്തി, പാപ മോചനത്തിനും ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ വ്യവസ്ഥിതിയിലെ നിത്യജീവന്റെ പ്രത്യാശയ്ക്കുമുള്ള ദിവ്യ കരുതലുകളോടു പ്രതികരിക്കാനിടയുണ്ടോ എന്ന് യഹോവയ്ക്ക് അറിയാനാകും. (2 പത്രൊസ് 3:13) തന്റെ സാക്ഷികൾ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന തന്റെ വചനത്തിലൂടെ “നിത്യജീവനായി ശരിയായ മനോനിലയുള്ള”വരെ യഹോവ തന്നിലേക്കും തന്റെ പുത്രനിലേക്കും അടുപ്പിക്കുന്നു. അങ്ങനെ അവർ ‘വിശ്വാസികൾ’ ആയിത്തീരുന്നു.—പ്രവൃത്തികൾ 13:48, NW.
10. യഹോവ ചിലരെ മാത്രം അടുപ്പിക്കുന്നതിൽ മുൻനിർണയം ഉൾപ്പെടുന്നില്ല എന്ന് എന്ത് പ്രകടമാക്കുന്നു?
10 യഹോവ ചിലരെ മാത്രം അടുപ്പിക്കുന്നതിൽ ഏതെങ്കിലും വിധത്തിലുള്ള മുൻനിർണയം ഉൾപ്പെടുന്നുണ്ടോ? തീർച്ചയായുമില്ല! ദൈവം ആളുകളെ തന്നിലേക്ക് അടുപ്പിക്കുന്നത് അവരുടെതന്നെ ആഗ്രഹത്തെ ആശ്രയിച്ചിരിക്കുന്നു. അവൻ അവരുടെ ഇച്ഛാസ്വാതന്ത്ര്യത്തെ ആദരിക്കുന്നു. ഏകദേശം 3,000 വർഷം മുമ്പ് ഇസ്രായേല്യരുടെ മുന്നിൽ വെച്ച അതേ തിരഞ്ഞെടുപ്പാണ് ഇന്ന് യഹോവ ഭൂവാസികളുടെ മുമ്പാകെ വെക്കുന്നത്. മോശെ ഇങ്ങനെ പറഞ്ഞു: “ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. . . . ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും . . . നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.”—ആവർത്തനപുസ്തകം 30:15-20.
11. ഇസ്രായേല്യർ ജീവൻ തിരഞ്ഞെടുക്കേണ്ടിയിരുന്നത് എങ്ങനെ?
11 ‘യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും’ ചെയ്തുകൊണ്ട് ഇസ്രായേല്യർ ജീവൻ തിരഞ്ഞെടുക്കേണ്ടിയിരുന്നു എന്നതു ശ്രദ്ധിക്കുക. ആ വാക്കുകൾ പറയുമ്പോൾ, ഇസ്രായേല്യർ വാഗ്ദത്തദേശം അവകാശമാക്കിയിരുന്നില്ല. യോർദാൻ നദി കുറുകെ കടന്നു കനാനിൽ പ്രവേശിക്കാൻ അവർ മോവാബ് സമഭൂമിയിൽ തയ്യാറായി നിൽക്കുക ആയിരുന്നു. പെട്ടെന്നുതന്നെ തങ്ങൾക്കു ലഭിക്കാനിരിക്കുന്ന “നല്ലതും വിശാലവുമായ,” “പാലും തേനും ഒഴുകുന്ന” ദേശത്തെ കുറിച്ച് അവർ ചിന്തിക്കുന്നതു സ്വാഭാവികം ആയിരുന്നെങ്കിലും അവരുടെ സ്വപ്നസാക്ഷാത്കാരം, യഹോവയോടുള്ള സ്നേഹത്തെയും അവന്റെ വാക്കുകൾ കേട്ടനുസരിക്കുന്നതിനെയും അവനോടു ചേർന്നിരിക്കുന്നതിനെയും ആശ്രയിച്ചിരുന്നു. (പുറപ്പാടു 3:8) മോശെ അത് ഇങ്ങനെ വ്യക്തമാക്കി: “ഇന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നതനുസരിച്ച്, നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] സ്നേഹിക്കുകയും അവിടുത്തെ മാർഗ്ഗത്തിൽ ചരിക്കുകയും അവിടുത്തെ കല്പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്താൽ നീ ജീവിക്കും; നീ കൈവശമാക്കാൻ പോകുന്ന ദേശത്ത് നിന്റെ ദൈവമായ കർത്താവു നിന്നെ അനുഗ്രഹിച്ചു വർധിപ്പിക്കും.”—ആവർത്തനപുസ്തകം 30:16, പി.ഒ.സി. ബൈബിൾ.
12. ഇസ്രായേല്യരുടെ ദൃഷ്ടാന്തം, പ്രസംഗ-പഠിപ്പിക്കൽ വേലയോടുള്ള ബന്ധത്തിൽ നമ്മെ എന്തു പഠിപ്പിക്കണം?
12 ഈ അന്ത്യകാലത്തെ പ്രസംഗ-പഠിപ്പിക്കൽ വേലയോടുള്ള ബന്ധത്തിൽ, മേലുദ്ധരിച്ച തിരുവെഴുത്തുകൾ നമ്മെ ചിലതെല്ലാം പഠിപ്പിക്കേണ്ടതല്ലേ? വരാൻ പോകുന്ന പറുദീസയെ കുറിച്ചു നാം ചിന്തിക്കുകയും ശുശ്രൂഷയിൽ അതേക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നുണ്ട് എന്നതു ശരിതന്നെ. എന്നാൽ, ദൈവത്തെ സേവിക്കുന്നതു സ്വാർഥ കാരണങ്ങളാൽ ആണെങ്കിൽ, നാം ആയാലും നാം ശിഷ്യരാക്കുന്നവർ ആയാലും ശരി, ആ വാഗ്ദാനത്തിന്റെ നിവൃത്തി കാണുകയില്ല. ഇസ്രായേല്യരെ പോലെ, നാമും നാം പഠിപ്പിക്കുന്നവരും ‘യഹോവയെ സ്നേഹിക്കാനും അവന്റെ വാക്കു കേട്ടനുസരിക്കാനും അവനോടു ചേർന്നിരിക്കാനും’ പഠിക്കണം. ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കെ നാം ഇത് ഓർക്കുന്നെങ്കിൽ, ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിൽ നാമും അവനോടൊത്തു പ്രവർത്തിക്കുക ആയിരിക്കും ചെയ്യുന്നത്.
ദൈവത്തിന്റെ കൂട്ടുവേലക്കാർ
13, 14. (എ) 1 കൊരിന്ത്യർ 3:5-9 പറയുന്ന പ്രകാരം, നാം ദൈവത്തിന്റെ കൂട്ടുവേലക്കാർ ആയിത്തീരുന്നത് എങ്ങനെ? (ബി) ഏതൊരു വർധനവിന്റെയും മഹത്ത്വം ആർക്കുള്ളതാണ്, എന്തുകൊണ്ട്?
13 ദൈവത്തോടൊത്തു പ്രവർത്തിക്കുന്നതിനെ പൗലൊസ്, ഒരു വയലിൽ കൃഷി ചെയ്യുന്നതിനോടു താരതമ്യപ്പെടുത്തി. അവൻ എഴുതി: “അപ്പൊല്ലോസ് ആർ? പൌലൊസ് ആർ? തങ്ങൾക്കു കർത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീർന്ന ശുശ്രൂഷക്കാരത്രേ. ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു. ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല. നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും. ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി.”—1 കൊരിന്ത്യർ 3:5-9.
14 ദൈവത്തിന്റെ കൂട്ടുവേലക്കാർ എന്ന നിലയിൽ നാം ആളുകളുടെ ഹൃദയത്തിൽ “രാജ്യത്തിന്റെ വചനം” വിശ്വസ്തതയോടെ നടണം. എന്നിട്ട്, നല്ല തയ്യാറെടുപ്പോടെ മടക്ക സന്ദർശനങ്ങളും ബൈബിൾ അധ്യയനങ്ങളും നടത്തിക്കൊണ്ട്, കണ്ടെത്തിയ താത്പര്യം വളർത്തിയെടുക്കണം. മണ്ണ്, അതായത് ഹൃദയം, നല്ലതാണെങ്കിൽ ബൈബിൾ സത്യമാകുന്ന വിത്ത് ഒരു ഫലദായക സസ്യമായി വളരാൻ ഇടയാക്കിക്കൊണ്ട് യഹോവ തന്റെ പങ്കു നിവർത്തിക്കും. (മത്തായി 13:19, 23) അവൻ ആളുകളെ തന്നിലേക്കും തന്റെ പുത്രനിലേക്കും അടുപ്പിക്കും. ആത്യന്തികമായി, രാജ്യ ഘോഷകരുടെ സംഖ്യയിൽ ഉണ്ടാകുന്ന ഏതൊരു വർധനവും ആളുകളുടെ ഹൃദയത്തിൽ സത്യത്തിന്റെ വിത്തു വളരാനും അത്തരക്കാരെ തന്നിലേക്കും തന്റെ പുത്രനിലേക്കും അടുപ്പിക്കാനുമുള്ള യഹോവയുടെ പ്രവർത്തനത്തിന്റെ ഫലമാണ്.
നിലനിൽക്കുന്ന നിർമാണ പ്രവർത്തനം
15. വിശ്വാസം വളർത്തിയെടുക്കാൻ മറ്റുള്ളവരെ എങ്ങനെ സഹായിക്കാനാകും എന്നു വ്യക്തമാക്കുന്നതിനു പൗലൊസ് എന്തു ദൃഷ്ടാന്തമാണ് ഉപയോഗിച്ചത്?
15 വർധനവിൽ സന്തോഷിക്കുമ്പോൾതന്നെ, ആളുകൾ തുടർന്നും യഹോവയെ സ്നേഹിക്കാനും അവന്റെ വാക്കുകൾ കേട്ടനുസരിക്കാനും അവനോടു ചേർന്നിരിക്കാനും നാം ആത്മാർഥമായി ആഗ്രഹിക്കുന്നു. ചിലർ തണുത്ത്, വിശ്വാസം വിട്ടകലുന്നതു കാണുമ്പോൾ നമുക്കു ദുഃഖം തോന്നുന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് എന്തെങ്കിലും ചെയ്യാനാകുമോ? വിശ്വാസം നട്ടുവളർത്താൻ നമുക്കു മറ്റുള്ളവരെ എങ്ങനെ സഹായിക്കാനാകും എന്ന് മറ്റൊരു ദൃഷ്ടാന്തത്തിലൂടെ പൗലൊസ് വ്യക്തമാക്കുന്നു. അവൻ ഇങ്ങനെ എഴുതുന്നു: “യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആർക്കും കഴികയില്ല. ആ അടിസ്ഥാനത്തിൻമേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും; ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.”—1 കൊരിന്ത്യർ 3:11-13.
16. (എ) പൗലൊസ് ഉപയോഗിച്ച രണ്ടു ദൃഷ്ടാന്തങ്ങളും അവയുടെ ഉദ്ദേശ്യങ്ങളിൽ വ്യത്യസ്തം ആയിരിക്കുന്നത് എങ്ങനെ? (ബി) നമ്മുടെ നിർമാണ പ്രവർത്തനം തൃപ്തികരവും അഗ്നിജ്വാലയെ ചെറുക്കുന്നതും അല്ലാതിരുന്നേക്കാവുന്നത് എങ്ങനെ?
16 വയലിനെ കുറിച്ചുള്ള പൗലൊസിന്റെ ദൃഷ്ടാന്തത്തിൽ, വളർച്ച ആശ്രയിച്ചിരിക്കുന്നതു ബോധപൂർവകമായ നടലിനെയും ക്രമമായ നനയ്ക്കലിനെയും ദൈവാനുഗ്രഹത്തെയും ആണ്. അപ്പൊസ്തലന്റെ മറ്റേ ദൃഷ്ടാന്തം, തന്റെ നിർമാണ പ്രവർത്തനം എന്തായിത്തീരുന്നു എന്നതിനോടുള്ള ബന്ധത്തിൽ ഒരു ക്രിസ്തീയ ശുശ്രൂഷകന്റെ ഉത്തരവാദിത്വവും എടുത്തുകാട്ടുന്നു. അയാൾ ഗുണമേന്മയുള്ള വസ്തുക്കൾ കൊണ്ട് ഉറച്ച അടിസ്ഥാനത്തിന്മേലാണോ പണിതിരിക്കുന്നത്? പൊലൊസ് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.” (1 കൊരിന്ത്യർ 3:10) പറുദീസയിലെ നിത്യജീവനെ കുറിച്ചു പറഞ്ഞുകൊണ്ട് ഒരു വ്യക്തിയുടെ താത്പര്യം ഉണർത്തിയ ശേഷം, അവരെ പഠിപ്പിക്കവെ നാം അടിസ്ഥാന തിരുവെഴുത്തു പരിജ്ഞാനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് നിത്യജീവൻ ലഭിക്കാൻ ആ വ്യക്തി എന്തു ചെയ്യണം എന്നതിനാണോ മുഖ്യമായും ഊന്നൽ നൽകുന്നത്? ‘പറുദീസയിൽ എന്നെന്നും ജീവിക്കണമെങ്കിൽ നിങ്ങൾ ബൈബിൾ പഠിക്കുകയും യോഗങ്ങൾക്കു പോകുകയും പ്രസംഗവേലയിൽ പങ്കുപറ്റുകയും ചെയ്യണം’ എന്നു മാത്രമാണോ നാം പഠിപ്പിക്കുന്നത്? അങ്ങനെയെങ്കിൽ നാം ആ വ്യക്തിയുടെ വിശ്വാസം ശക്തമായ അടിസ്ഥാനത്തിന്മേൽ അല്ല പണിയുന്നത്. മാത്രമല്ല, നാം പണിതുയർത്തുന്നതിനു പീഡനങ്ങളുടെ അഗ്നിജ്വാലയെ ചെറുക്കാനോ ദീർഘകാലം സഹിഷ്ണുത കാട്ടാനോ ഉള്ള പ്രാപ്തിയും ഉണ്ടായിരിക്കുകയില്ല. ഏതാനും വർഷങ്ങൾ യഹോവയെ സേവിച്ചാൽ മതി, പറുദീസയിലെ ജീവൻ പ്രതിഫലമായി ലഭിക്കുമെന്ന പ്രത്യാശയോടെ ആളുകളെ അവനിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്നത് “മരം, പുല്ലു, വൈക്കോൽ” എന്നിവ കൊണ്ടു പണിയുന്നതുപോലിരിക്കും.
ദൈവത്തോടും ക്രിസ്തുവിനോടും സ്നേഹം വളർത്തിയെടുക്കൽ
17, 18. (എ) ഒരുവന്റെ വിശ്വാസം നിലനിൽക്കണമെങ്കിൽ എന്താണ് അനിവാര്യമായിരിക്കുന്നത്? (ബി) ക്രിസ്തു ഹൃദയത്തിൽ വസിക്കത്തക്കവണ്ണം നമുക്ക് ഒരു വ്യക്തിയെ എങ്ങനെ സഹായിക്കാനാകും?
17 വിശ്വാസം നിലനിൽക്കണമെങ്കിൽ അത് യേശുക്രിസ്തു മുഖാന്തരം യഹോവയാം ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തിൽ അധിഷ്ഠിതം ആയിരിക്കണം. അപൂർണ മനുഷ്യരായ നമുക്കു ദൈവവുമായി സമാധാനപൂർണമായ അത്തരമൊരു ബന്ധം അവന്റെ പുത്രനിലൂടെ മാത്രമേ സാധ്യമാകൂ. (റോമർ 5:10) “ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” എന്ന് യേശു പറഞ്ഞത് ഓർക്കുക. വിശ്വാസം പണിതുയർത്താൻ മറ്റുള്ളവരെ സഹായിക്കുന്നതിന്, “യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറെറാന്നു ഇടുവാൻ ആർക്കും കഴികയില്ല.” അതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?—യോഹന്നാൻ 14:6; 1 കൊരിന്ത്യർ 3:11.
18 വിമോചകൻ, സഭയുടെ ശിരസ്സ്, സ്നേഹനിധിയായ മഹാപുരോഹിതൻ, വാഴ്ച നടത്തുന്ന രാജാവ് എന്നീ നിലകളിലുള്ള യേശുവിന്റെ സ്ഥാനത്തെ കുറിച്ചു പൂർണമായ അറിവു നേടിക്കൊണ്ട് അവനോട് ആഴമായ സ്നേഹം വളർത്തിയെടുക്കുന്ന വിധത്തിൽ ബൈബിൾ വിദ്യാർഥികളെ പഠിപ്പിക്കുന്നത് ക്രിസ്തുവിൽ അടിസ്ഥാനമിട്ടുകൊണ്ടു പണിയുന്നതിൽ ഉൾപ്പെടുന്നു. (ദാനീയേൽ 7:13, 14; മത്തായി 20:28; കൊലൊസ്സ്യർ 1:18-20; എബ്രായർ 4:14-16) അവരുടെ ഹൃദയങ്ങളിൽ വസിക്കത്തക്കവണ്ണം യേശുവിനെ ഒരു യഥാർഥ വ്യക്തിയായി ചിത്രീകരിക്കുക എന്നാണ് അതിന്റെ അർഥം. അവർക്കു വേണ്ടിയുള്ള നമ്മുടെ പ്രാർഥന, എഫെസൊസിലെ ക്രിസ്ത്യാനികൾക്കു വേണ്ടിയുള്ള പൗലൊസിന്റെ അപേക്ഷ പോലെ ആയിരിക്കണം. അവൻ എഴുതി: “പിതാവിന്റെ മുമ്പിൽ ഞാൻ മുട്ടുകൾ മടക്കുന്നു. . . . വിശ്വാസംവഴി ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ വസിക്കണമെന്നും, നിങ്ങൾ സ്നേഹത്തിൽ വേരുപാകി അടിയുറയ്ക്കണമെന്നും ഞാൻ പ്രാർത്ഥിക്കുന്നു.”—എഫെസ്യർ 3:14-17, പി.ഒ.സി. ബൈ.
19. ബൈബിൾ വിദ്യാർഥിയുടെ ഹൃദയത്തിൽ ക്രിസ്തുവിനോടുള്ള സ്നേഹം വളർത്തിയെടുക്കുന്നതിന്റെ ഫലം എന്തായിരിക്കണം, അവരെ എന്തു പഠിപ്പിക്കേണ്ടതുണ്ട്?
19 വിദ്യാർഥികളുടെ ഹൃദയത്തിൽ ക്രിസ്തുവിനോടുള്ള സ്നേഹം വളരുംവിധം നാം പണിയുന്നുവെങ്കിൽ യുക്തിസഹമായും അത് യഹോവയാം ദൈവത്തോടുള്ള സ്നേഹം പണിതുയർത്തപ്പെടുന്നതിൽ കലാശിക്കും. യേശുവിന്റെ സ്നേഹം, വികാരം, അനുകമ്പ എന്നിവ യഹോവയുടെ ഗുണങ്ങളുടെ വിശ്വസ്ത പ്രതിഫലനമാണ്. (മത്തായി 11:28-30; മർക്കൊസ് 6:30-34; യോഹന്നാൻ 15:13, 14; കൊലൊസ്സ്യർ 1:15; എബ്രായർ 1:3) അങ്ങനെ, യേശുവിനെ അറിയാനും സ്നേഹിക്കാനും ഇടയാകുമ്പോൾ ആളുകൾ യഹോവയെ അറിയാനും സ്നേഹിക്കാനും ഇടവരും. a (1 യോഹന്നാൻ 4:14, 16, 19) ക്രിസ്തു മനുഷ്യർക്കുവേണ്ടി ചെയ്തിരിക്കുന്നതിനെല്ലാം പിന്നിൽ യഹോവ ആണെന്നും തന്മൂലം, ‘നമ്മുടെ രക്ഷയുടെ ദൈവ’മെന്ന നിലയിൽ നന്ദിയും സ്തുതിയും ആരാധനയും അവനു നൽകാൻ നാം കടപ്പെട്ടിരിക്കുന്നു എന്നും ബൈബിൾ വിദ്യാർഥികളെ പഠിപ്പിക്കേണ്ടതണ്ട്.—സങ്കീർത്തനം 68:19, 20; യെശയ്യാവു 12:2-5; യോഹന്നാൻ 3:16; 5:19.
20. (എ) ദൈവത്തോടും അവന്റെ പുത്രനോടും അടുത്തുചെല്ലാൻ ആളുകളെ നമുക്ക് എങ്ങനെ സഹായിക്കാൻ സാധിക്കും? (ബി) അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്യുന്നതാണ്?
20 ദൈവത്തിന്റെ കൂട്ടുവേലക്കാർ എന്ന നിലയിൽ തങ്ങളുടെ ഹൃദയങ്ങളിൽ സ്നേഹവും വിശ്വാസവും വികസിപ്പിച്ചെടുത്തുകൊണ്ട് അവനോടും അവന്റെ പുത്രനായ യേശുവിനോടും അടുത്തുചെല്ലാൻ നമുക്ക് ആളുകളെ സഹായിക്കാം. അപ്പോൾ അവരെ സംബന്ധിച്ചിടത്തോളം യഹോവ യഥാർഥമായിത്തീരും. (യോഹന്നാൻ 7:28, NW) ക്രിസ്തു മുഖാന്തരം ദൈവവുമായി ഉറ്റബന്ധം സ്ഥാപിച്ചെടുക്കാനും അവനെ സ്നേഹിക്കാനും അവനോടു ചേർന്നിരിക്കാനും അവർക്കു സാധിക്കും. തങ്ങളുടെ സ്നേഹനിർഭരമായ സേവനത്തിന് അവർ സമയപരിധി വെക്കുകയില്ല. കാരണം, യഹോവയുടെ അത്ഭുതകരമായ വാഗ്ദാനങ്ങൾ തക്ക സമയത്തു നിവൃത്തിയേറും എന്ന വിശ്വാസം അവർക്കുണ്ട്. (വിലാപങ്ങൾ 3:24-26; എബ്രായർ 11:6) വിശ്വാസം, സ്നേഹം എന്നിവ വളർത്തിയെടുക്കാനും പ്രത്യാശ ബലിഷ്ഠമാക്കാനും മറ്റുള്ളവരെ സഹായിക്കവെ, ഉഗ്രമായ കൊടുങ്കാറ്റിനെ ചെറുത്തു നിൽക്കാൻ പോന്ന ശക്തമായ കപ്പൽ പോലുള്ള വിശ്വാസം നാമും വളർത്തിയെടുക്കണം. അടുത്ത ലേഖനം അതു ചർച്ച ചെയ്യുന്നതാണ്.
[അടിക്കുറിപ്പുകൾ]
a യേശുവിനെയും അവനിലൂടെ അവന്റെ പിതാവായ യഹോവയെയും മെച്ചമായി അറിയുന്നതിനുള്ള ഉത്കൃഷ്ടമായ ഒരു സഹായിയാണു വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ചിരിക്കുന്ന ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകം.
പുനരവലോകനം
□ നാം മിക്കപ്പോഴും രാജ്യ സന്ദേശത്തിൽ ആളുകളുടെ താത്പര്യം ഉണർത്തുന്നത് എങ്ങനെ, അതിൽ എന്ത് അപകടം സ്ഥിതി ചെയ്യുന്നു?
□ ഏതു തരത്തിലുള്ള ആളുകളെയാണ് യഹോവ തന്നിലേക്കും തന്റെ പുത്രനിലേക്കും അടുപ്പിക്കുന്നത്?
□ വാഗ്ദത്ത ദേശത്തേക്കുള്ള ഇസ്രായേല്യരുടെ പ്രവേശനം എന്തിനെ ആശ്രയിച്ചിരുന്നു, അതിൽ നിന്നു നമുക്ക് എന്തു പഠിക്കാനാകും?
□ യഹോവയോടും അവന്റെ പുത്രനോടും അടുത്തുചെല്ലാൻ ആളുകളെ സഹായിക്കുന്നതിൽ നാം എന്തു പങ്കു വഹിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രം]
നാം ആളുകൾക്കു പറുദീസയിലെ നിത്യജീവന്റെ പ്രത്യാശ വെച്ചുനീട്ടുന്നുവെങ്കിലും, നമ്മുടെ പ്രധാന ലക്ഷ്യം അവരെ യഹോവയോട് അടുപ്പിക്കുക എന്നതാണ്
[13-ാം പേജിലെ ചിത്രം]
നന്നായി തയ്യാറാകുന്നപക്ഷം നമ്മുടെ മടക്ക സന്ദർശനങ്ങൾ വളരെ ഫലപ്രദമായിരിക്കും