സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം—അതു നിങ്ങൾക്കു പ്രയോജനം ചെയ്തേക്കുമോ?
സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം—അതു നിങ്ങൾക്കു പ്രയോജനം ചെയ്തേക്കുമോ?
സമപ്രായക്കാരുടെ അംഗീകാരം നേടാനുള്ള സ്വാഭാവിക ആഗ്രഹത്തോടെയാണു നാമെല്ലാം ജനിച്ചിരിക്കുന്നത്. വെറുപ്പിനോ അപ്രീതിക്കോ പാത്രമാകാൻ ആരും ആഗ്രഹിക്കുന്നില്ല. അക്കാരണത്താൽ, ഗണ്യമായ അളവിൽ സമപ്രായക്കാർ നമ്മെ സ്വാധീനിക്കുന്നു.
സമപ്രായക്കാരനെ നിർവചിച്ചിരിക്കുന്നത് “വേറൊരാളുമായി തുല്യനിലയുള്ള ഒരാൾ; . . . പ്രത്യേകിച്ച്, പ്രായത്തിന്റെയോ സ്ഥാനത്തിന്റെയോ നിലയുടെയോ അടിസ്ഥാനത്തിലുള്ള ഒരേ സാമൂഹിക കൂട്ടത്തിൽ പെട്ട ഒരാൾ എന്നാണ്.” സമപ്രായക്കാർ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വിധത്തിനു നാം അറിഞ്ഞോ അറിയാതെയോ വശംവദരാകത്തക്കവണ്ണം അവർ നമ്മിൽ ചെലുത്തുന്ന ശക്തിയാണ് സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം. സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം മോശമായ ഒന്നായി പൊതുവെ വീക്ഷിക്കപ്പെടുന്നു. എങ്കിലും, നാം കാണാൻ പോകുന്നതുപോലെ, അതു നമുക്ക് പ്രായോജനകരമാക്കിത്തീർക്കാൻ കഴിയും.
എല്ലാ പ്രായക്കാരുടെമേലും ഉള്ള സ്വാധീനം
സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം അനുഭവപ്പെടുന്നത് ചെറുപ്പക്കാർക്കു മാത്രമല്ല; എല്ലാ പ്രായക്കാർക്കും അതുണ്ട്. പിൻവരുന്നതു പോലെ നാം ചിന്തിക്കുന്നെങ്കിൽ, അതിന്റെ സ്വാധീനം നമ്മുടെ മേലുണ്ട് എന്നാണ്: “മറ്റുള്ളവർ അതു ചെയ്യുന്നു, എന്തുകൊണ്ട് എനിക്കും ആയിക്കൂടാ?” “ഞാൻ എല്ലായ്പോഴും വ്യത്യസ്തനായിരിക്കേണ്ടി വരുന്നത് എന്തുകൊണ്ട്?” “മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു ചിന്തിക്കും അല്ലെങ്കിൽ എന്തു പറയും?” “എന്റെ കൂട്ടുകാരെല്ലാം ഡേറ്റിങ്ങിൽ ഏർപ്പെടുകയും വിവാഹിതരാകുകയും ചെയ്യുന്നു, എനിക്ക് അതിനു കഴിയുന്നില്ലല്ലോ. എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ?”
വശംവദരാകാനുള്ള സമ്മർദം എല്ലാ പ്രായക്കാർക്കും ഉണ്ടെങ്കിലും, കൗമാര പ്രായത്തിൽ അത് വളരെ ശക്തമാണ്. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “തങ്ങളുടെ പരിചയക്കാരും സുഹൃത്തുക്കളുമായ സമപ്രായക്കാരുടെ കൂട്ടത്തോടു മിക്ക കൗമാര പ്രായക്കാരും ഇഴുകിച്ചേരുന്നു. കൗമാരപ്രായക്കാരായ ഈ ചെറുപ്പക്കാർ തങ്ങളുടെ മാതാപിതാക്കളുടെ അല്ല, മറിച്ച് സമപ്രായക്കാരുടെ അംഗീകാരമാണു തേടുന്നത്. ആ അംഗീകാരം നേടാൻ അവർ തങ്ങളുടെ പെരുമാറ്റത്തിൽ പല മാറ്റങ്ങളും വരുത്തിയേക്കാം.” അതിങ്ങനെ കൂട്ടിച്ചേർക്കുന്നു: “തങ്ങളുടെ സമപ്രായക്കാർ തങ്ങളെ അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ തങ്ങൾ വളർന്നുവരുന്നതിൽ എന്തോ തകരാറുണ്ടെന്ന് അവർ കരുതുന്നു.” അതുകൊണ്ട്, “വസ്ത്രധാരണ രീതി, നേതൃത്വഗുണം, ഡേറ്റിങ്ങിലെ വിജയം എന്നിവ പോലെ തങ്ങളുടെ പ്രശസ്തി വർധിപ്പിക്കുമെന്ന് കരുതുന്ന കാര്യങ്ങളിൽ അവർ വളരെയധികം ആമഗ്നരാകുന്നു.”
എങ്ങനെയുള്ള വീടു വാങ്ങണം അല്ലെങ്കിൽ വാടകയ്ക്കെടുക്കണം, ഏതു മോഡൽ കാറാണു വേണ്ടത്, കുട്ടികൾ വേണോ വേണ്ടയോ എന്നിങ്ങനെ അനവധി കാര്യങ്ങൾ സംബന്ധിച്ച തീരുമാനത്തെ സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം—തങ്ങളുടെ സമൂഹത്തിലോ സ്നേഹിതരുടെ ഇടയിലോ സ്വന്തം സമുദായത്തിലോ സ്വീകാര്യമായ കാര്യങ്ങൾ—സ്വാധീനിക്കുന്നതായി വിവാഹിതർ കണ്ടെത്തിയേക്കാം. ഭൗതികമായി അയൽവാസികളുടെയും സമപ്രായക്കാരുടെയും ഒപ്പം നിൽക്കാനുള്ള ശ്രമത്തിൽ ചില കുടുംബങ്ങൾ കടത്തിൽ മുങ്ങുന്നു. അതേ, നമ്മുടെ ലക്ഷ്യങ്ങൾ, ചിന്തകൾ, തീരുമാനങ്ങൾ എന്നിവയെല്ലാം മിക്കപ്പോഴും സമപ്രായക്കാരിൽ നിന്നുള്ള സമ്മർദത്തിന്റെ കുടിലമായ ശക്തിയെയാണു പ്രകടിപ്പിക്കുന്നത്. ഈ ശക്തി കണക്കിലെടുക്കുമ്പോൾ, ശരിയായ പാതയിൽ പോകാൻ നമ്മെ സഹായിക്കും വിധത്തിൽ അത് ഉപയോഗപ്പെടുത്താനാകുമോ? തീർച്ചയായും!
സമപ്രായക്കാരുടെ നല്ല സ്വാധീനം നന്നായി പ്രയോജനപ്പെടുത്തുക
തങ്ങളുടെ രോഗികളുടെ അടുത്ത് ക്രിയാത്മക ചിന്താഗതിക്കാരും ആരോഗ്യകരമായ സ്വാധീനമുള്ളവരും
ഉണ്ടായിരിക്കുന്നതിന്റെ മൂല്യം ഡോക്ടർമാർക്കും ആരോഗ്യവിദഗ്ധർക്കും അറിയാം. അത്തരമൊരു അന്തരീക്ഷം രോഗിയുടെ സുഖപ്പെടലിന് ആക്കം കൂട്ടും. ഉദാഹരണത്തിന്, കാലോ കൈയോ നഷ്ടപ്പെട്ടവർക്കു സമാനമായ നഷ്ടം അനുഭവിച്ചവരുടെ നല്ല മാതൃകയും പ്രോത്സാഹനവും മിക്കപ്പോഴും ദീർഘനാൾ നീണ്ടുനിൽക്കുന്ന ശാരീരികവും വൈകാരികവുമായ സുഖപ്പെടൽ പ്രക്രിയയിൽ സഹായകമായിരുന്നിട്ടുണ്ട്. വ്യക്തമായും, ശുഭാപ്തി വിശ്വാസമുള്ളവരും ക്രിയാത്മക സ്വാധീനമുള്ളവരുമായ മാതൃകാ വ്യക്തികൾ ഉൾപ്പെടുന്ന ആരോഗ്യകരമായ ചുറ്റുപാടിൽ ആയിരിക്കുന്നതാണ് സമപ്രായക്കാരിൽ നിന്നുള്ള ശരിയായ സമ്മർദം പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു വിധം.ക്രിസ്തീയ സഭയിലും ഈ തത്ത്വം സത്യമാണ്. എന്തുകൊണ്ടെന്നാൽ, തന്റെ ജനത്തോടു പതിവായി കൂടിവരാൻ യഹോവ ആവശ്യപ്പെട്ടിരിക്കുന്നതിന്റെ ഒരു കാരണം ക്രിയാത്മകമായ സ്വാധീനമാണ്. ‘സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും അന്യോന്യം ഉത്സാഹം വർദ്ധിപ്പിക്കാൻ’ ദൈവം നമ്മെ ഉദ്ബോധിപ്പിക്കുന്നു. (എബ്രായർ 10:24, 25) ഇന്നത്തെ ലോകത്തിൽ നിഷേധാത്മകവും ദ്രോഹകരവുമായ സമ്മർദങ്ങൾ ധാരാളം ഉള്ളതിനാൽ അത്തരം പ്രോത്സാഹനം അമൂല്യമാണ്. ഈ സമ്മർദങ്ങൾ നിമിത്തം ആത്മീയമായി ശക്തരായിരിക്കുന്നതിന് ക്രിസ്ത്യാനികൾ ‘പോരാടേ’ണ്ടതുണ്ട്. (ലൂക്കൊസ് 13:24) അതുകൊണ്ട്, സഹവിശ്വാസികളുടെ സ്നേഹപുരസ്സരമായ പിന്തുണ നമുക്ക് ആവശ്യമാണ്, നാം അതു വിലമതിക്കുകയും ചെയ്യുന്നു. മാത്രമല്ല, ചിലർക്കു ‘ജഡത്തിലെ മുള്ള്’ സഹിക്കേണ്ടി വരുന്നുണ്ട്. ഒരുപക്ഷേ അതു രോഗമോ വൈകല്യമോ ആയിരിക്കാം. (2 കൊരിന്ത്യർ 12:7, NW) ചീത്ത ശീലങ്ങളോ വിഷാദമോ തരണം ചെയ്യാൻ മറ്റു ചിലർ പോരാടുകയായിരിക്കാം. അല്ലെങ്കിൽ ജീവിതാവശ്യങ്ങൾ നിറവേറ്റുക ബുദ്ധിമുട്ടാണെന്ന് അവർ കണ്ടെത്തിയേക്കാം. അതുകൊണ്ട്, യഹോവയോടു പറ്റിനിൽക്കുകയും അവനെ സേവിക്കുന്നതിൽ സന്തോഷിക്കുകയും ചെയ്യുന്നവരുടെ ഇടയിൽ ആയിരിക്കുന്നെങ്കിൽ നാം ജ്ഞാനമുള്ളവർ ആയിരിക്കും. അത്തരം സമപ്രായക്കാർ നമ്മെ താങ്ങിനിർത്തുകയും ‘വിശ്വസ്തതയോടെ അവസാനത്തോളം സഹിച്ചു നിൽക്കാൻ’ നമ്മെ സഹായിക്കുകയും ചെയ്യും.—മത്തായി 24:13.
ശരിയായ സമപ്രായക്കാരെ തിരഞ്ഞെടുത്തുകൊണ്ട് അവരുടെ സ്വാധീനത്തെ നിയന്ത്രിക്കാൻ നമുക്കു കഴിയും. കൂടാതെ, സമപ്രായക്കാർ നമുക്കു നൽകുന്ന പ്രോത്സാഹനത്തെ ക്രിസ്തീയ യോഗങ്ങളിലൂടെ ലഭിക്കുന്ന സമ്പുഷ്ടമായ ആത്മീയ ഭക്ഷണവും പ്രായോഗികമായ മാർഗനിർദേശങ്ങളും ബലപ്പെടുത്തുന്നു.
തീർച്ചയായും, യോഗങ്ങളിൽ സംബന്ധിക്കുന്നത് എപ്പോഴും എളുപ്പമല്ല. ചിലർക്ക് ഇണയിൽ നിന്നു ലഭിക്കുന്ന പിന്തുണ പരിമിതമായിരിക്കാം, അല്ലെങ്കിൽ ഒട്ടുംതന്നെ ലഭിക്കുന്നില്ലായിരിക്കാം. കുട്ടികളുള്ള ചിലർക്ക് അവരെ ഒരുക്കേണ്ടതുണ്ടായിരിക്കാം. മറ്റു ചിലർക്കു യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതയായിരിക്കാം ഒരു പ്രശ്നം. ഒന്നു ചിന്തിക്കുക: ഇത്തരം പ്രതിബന്ധങ്ങൾ നിങ്ങളെ തടഞ്ഞു നിറുത്താൻ അനുവദിക്കാത്തപക്ഷം, നിങ്ങളുടെ മാതൃക സമാനമായ സാഹചര്യങ്ങളുമായി മല്ലിടുന്നവർക്കു പ്രോത്സാഹനം ആയിത്തീർന്നേക്കാം. മറ്റു വാക്കുകളിൽ പറഞ്ഞാൽ, നിങ്ങളും നിങ്ങളെപ്പോലുള്ള മറ്റുള്ളവരും നല്ലൊരു മാതൃക മാത്രമല്ല, സമപ്രായക്കാരുടെ മേൽ നിർബന്ധത്തിന്റെ ഒരു ലാഞ്ഛനം പോലുമില്ലാത്ത ആരോഗ്യകരമായ ഒരു സ്വാധീനവുമായിരിക്കും.
യഥാർഥത്തിൽ, അനേകം ക്ലേശങ്ങളും പ്രതിബന്ധങ്ങളും നേരിടേണ്ടിവന്ന അപ്പൊസ്തലനായ പൗലൊസ്, തന്റെയും പക്വതയുള്ള മറ്റു ക്രിസ്ത്യാനികളുടെയും നല്ല മാതൃക അനുകരിക്കാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “സഹോദരൻമാരേ, നിങ്ങൾ എല്ലാവരും എന്നെ അനുകരിപ്പിൻ; ഞങ്ങൾ നിങ്ങൾക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊൾവിൻ.” (ഫിലിപ്പിയർ 3:17; 4:9) തെസ്സലൊനീക്യയിലെ ആദിമ ക്രിസ്ത്യാനികൾ പൗലൊസിന്റെ നല്ല മാതൃക അനുകരിച്ചു. അവരെ കുറിച്ച് പൗലൊസ് ഇങ്ങനെ എഴുതി: “ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു. അങ്ങനെ നിങ്ങൾ മക്കെദൊന്യയിലും അഖായയിലും വിശ്വസിക്കുന്നവർക്കു എല്ലാവർക്കും മാതൃകയായിത്തീർന്നു.” (1 തെസ്സലൊനീക്യർ 1:6, 7) നമ്മുടെ ക്രിയാത്മക മനോഭാവത്തിനും മാതൃകയ്ക്കും നമ്മോടൊത്തു സഹവസിക്കുന്നവരുടെ മേൽ സമാനമായ ഫലം ഉളവാക്കാൻ കഴിയും.
അനാരോഗ്യകരമായ സ്വാധീനങ്ങൾ ഒഴിവാക്കുക
സമപ്രായക്കാരുടെ അനാരോഗ്യകരമായ സമ്മർദങ്ങൾ ഒഴിവാക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, ‘ജഡത്തിനനുസരിച്ച് നടക്കുന്നവരുടെ’ സ്വാധീനത്തെ ചെറുത്തുനിന്നേ പറ്റൂ. (റോമർ 8:4, 5; 1 യോഹന്നാൻ 2:15-17) അങ്ങനെ ചെയ്യാത്തപക്ഷം, സമപ്രായക്കാരുടെ ദ്രോഹകരമായ സമ്മർദം, യഹോവയിൽ നിന്നും അവന്റെ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശത്തിൽ നിന്നും നമ്മെ വ്യതിചലിപ്പിക്കും. സദൃശവാക്യങ്ങൾ 13:20 ഇങ്ങനെ പറയുന്നു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” സമപ്രായക്കാരുടെ അനാരോഗ്യകരമായ സമ്മർദം നിമിത്തം വ്യസനിക്കേണ്ടിവന്ന ആരെയെങ്കിലും കുറിച്ചു നിങ്ങൾക്ക് ചിന്തിക്കാൻ കഴിയുമോ? ഉദാഹരണത്തിന്, സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം നിമിത്തം ചില ക്രിസ്ത്യാനികൾ ഭൗതികാസക്തിയിലേക്കും അധാർമികതയിലേക്കും മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ദുരുപയോഗത്തിലേക്കും വഴുതിവീണിട്ടുണ്ട്.
സഭയ്ക്കുള്ളിൽ പോലും, ആത്മീയമായി ദുർബലരായ വ്യക്തികളെയാണ് അടുത്ത സുഹൃത്തുക്കളായി നാം തിരഞ്ഞെടുക്കുന്നതെങ്കിൽ സമപ്രായക്കാരുടെ അനാരോഗ്യകരമായ സ്വാധീനത്തിൽ നാം അകപ്പെട്ടേക്കാം. (1 കൊരിന്ത്യർ 15:33; 2 തെസ്സലൊനീക്യർ 3:14) അത്തരം വ്യക്തികൾ മിക്കപ്പോഴും ആത്മീയ വിഷയങ്ങൾ ചർച്ച ചെയ്യാൻ താത്പര്യപ്പെടില്ലെന്നു മാത്രമല്ല, അത്തരം ചർച്ചകൾ ആസ്വദിക്കുന്നവരെ അവർ പരിഹസിക്കുക പോലും ചെയ്തേക്കാം. അങ്ങനെയുള്ളവരെ നമ്മുടെ അടുത്ത സുഹൃത്തുക്കളായി തിരഞ്ഞെടുത്താൽ സമപ്രായക്കാരിൽ നിന്നുള്ള സമ്മർദം, സമാനമായ അവസ്ഥയിൽ നമ്മെ എത്തിച്ചേക്കാം. പെട്ടെന്നുതന്നെ നാം അവരുടെ ചിന്തകളും മനോഭാവങ്ങളും പ്രതിഫലിപ്പിക്കാൻ തുടങ്ങുകയും ചെയ്തേക്കാം. യഥാർഥ വിശ്വാസം ഉള്ളവരെയും ആത്മീയ പുരോഗതി വരുത്താൻ ശ്രമിക്കുന്നവരെയും കുറിച്ചു നാം മോശമായി ചിന്തിച്ചേക്കാം.—1 തിമൊഥെയൊസ് 4:15.
ആത്മീയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന, യഹോവയെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്ന ആളുകളുമായി സൗഹൃദ ബന്ധങ്ങൾ വളർത്തിയെടുക്കുന്നത് എത്രയോ ജ്ഞാനപൂർവകമാണ്! “ഉയരത്തിൽ നിന്നുള്ള ജ്ഞാനം” പ്രതിഫലിപ്പിക്കാൻ അത്തരം സുഹൃത്തുക്കൾ നമ്മെ സഹായിക്കും. അത് ‘ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും കപടം ഇല്ലാത്തതുമാകുന്നു.’ (യാക്കോബ് 3:17) ആത്മീയ മനസ്കരായവർക്ക് ആത്മീയേതര കാര്യങ്ങളൊന്നും സംസാരിക്കാനാവില്ല എന്നല്ല ഇതിന്റെ അർഥം. അതു വാസ്തവമല്ല! ഉണരുക! മാസിക പോലുള്ള വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിലെ രസകരമായ നാനാ വിഷയങ്ങളെക്കുറിച്ചു ചിന്തിച്ചുനോക്കുക. ചർച്ചയ്ക്കുള്ള ആരോഗ്യകരമായ വിഷയങ്ങൾക്കു വാസ്തവത്തിൽ അറുതിയില്ല. നാനാ വിഷയങ്ങളിൽ താത്പര്യം ഉള്ളവരായിരിക്കുകവഴി യഹോവയുടെ കരവേലയോടും ജീവനോടുമുള്ള സ്നേഹമായിരിക്കും നാം പ്രതിഫലിപ്പിക്കുന്നത്.
ഒരു നല്ല ടെന്നിസ് കളിക്കാരൻ മറ്റു നല്ല കളിക്കാരോടൊപ്പം കളിച്ച് തന്റെ കഴിവുകൾ വളർത്തിയെടുക്കുന്നതു പോലെ, നല്ല സുഹൃത്തുക്കൾ നമ്മെ മാനസികമായും വൈകാരികമായും ആത്മീയമായും കെട്ടുപണി ചെയ്യുന്നു. അതേസമയം, ഇരട്ട ജീവിതം നയിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് ഒരു കപട ജീവിതഗതിയിലേക്കു വരാൻ അനുചിതമായ കൂട്ടുകെട്ട് ഇടയാക്കിയേക്കാം. ആത്മാഭിമാനവും ശുദ്ധമായ ഒരു മനഃസാക്ഷിയും ഉണ്ടായിരിക്കുന്നത് എത്രയോ മെച്ചമാണ്!
പ്രയോജനം നേടിയ ചിലർ
ബൈബിൾ പ്രമാണങ്ങളും അതിന്റെ ആത്മീയവും ധാർമികവുമായ വ്യവസ്ഥകളും പഠിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നു മിക്കവരും കണ്ടെത്തുന്നു. എന്നിരുന്നാലും, ഈ കാര്യങ്ങളനുസരിച്ചു പ്രവർത്തിക്കുന്നതാണ് ബുദ്ധിമുട്ടുള്ള സംഗതി. പിൻവരുന്ന ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നതു പോലെ, സമപ്രായക്കാരുടെ ആരോഗ്യകരമായ സമ്മർദത്തിന് മുഴുഹൃദയത്തോടെ യഹോവയെ സേവിക്കാൻ നമ്മെ സഹായിക്കാനാകും.
ഭാര്യയോടൊത്തു മുഴുസമയ ശുശ്രൂഷയിലായിരിക്കുന്ന ഒരു സാക്ഷി പറഞ്ഞത് ജീവിതത്തിലെ തന്റെ ലക്ഷ്യങ്ങളെ സമപ്രായക്കാരുടെ മാതൃക സ്വാധീനിച്ചു എന്നാണ്. ചെറുപ്പകാലത്ത്, അദ്ദേഹത്തിന് അനാരോഗ്യകരമായ സ്വാധീനങ്ങളെ നേരിടേണ്ടിവന്നു. എന്നാൽ അദ്ദേഹം സുഹൃത്തുക്കളായി തിരഞ്ഞെടുത്തതോ പതിവായി ശുശ്രൂഷയിലും ക്രിസ്തീയ യോഗങ്ങളിലും പങ്കുപറ്റാൻ അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ച വ്യക്തികളെ ആയിരുന്നു. ഈ സുഹൃത്തുക്കളുമായുള്ള സഹവാസം ആത്മീയ പക്വത കൈവരിക്കാൻ അദ്ദേഹത്തെ സഹായിച്ചു.
മറ്റൊരു സാക്ഷി എഴുതുന്നു: “വിവാഹശേഷം ഞങ്ങൾ വേറൊരു സഭയിലേക്കു മാറി. അവിടെ ഏതാണ്ട് ഞങ്ങളുടെ അത്രയും പ്രായമുള്ള സാധാരണ പയനിയർമാരായ ഒരു ദമ്പതികളുണ്ടായിരുന്നു. മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കാൻ അവരുടെ മാതൃക ഞങ്ങൾക്കു പ്രചോദനമായി. പിന്നെ ഞങ്ങളും സഭയിൽ പയനിയർ ആത്മാവ് വളർത്താൻ ശ്രമിച്ചു. തത്ഫലമായി
അനേകർ ഞങ്ങളോടൊത്തു പയനിയറിങ് തുടങ്ങി.”ദിവ്യാധിപത്യ ലക്ഷ്യങ്ങളുള്ളവരുമായി സഹവസിച്ചാൽ യഹോവയോടുള്ള അനുസരണം എളുപ്പമായിത്തീരും. സമപ്രായക്കാരുടെ ആരോഗ്യകരമായ സ്വാധീനത്തിന്റെ മറ്റൊരു പ്രയോജനമാണ് ഇത്. ഒരു ചെറുപ്പക്കാരനായിരിക്കെ മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കുകയും പിന്നീട് ഒരു സഞ്ചാര മേൽവിചാരകൻ ആയിത്തീരുകയും ഇപ്പോൾ വാച്ച് ടവർ സൊസൈറ്റിയുടെ ഒരു ബ്രാഞ്ച് ഓഫീസിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന ഒരു സാക്ഷി ഇപ്രകാരം എഴുതി: “എന്റെ ഏറ്റവും പ്രിയങ്കരമായ, ബാല്യകാലസ്മരണകളിൽ ചിലത് മുഴുസമയ സേവകർ ഞങ്ങളുടെ വീട്ടിൽ സന്ദർശനം നടത്തിയതിനെ കുറിച്ചുള്ളതാണ്. എല്ലായ്പോഴും ഞങ്ങളുടെ ഭക്ഷണമേശയിങ്കൽ അതിഥികൾക്കായി ഇടമുണ്ടായിരുന്നു. എനിക്കു പത്തു വയസ്സ് ഉണ്ടായിരുന്നപ്പോൾ, ഒരു സഞ്ചാരമേൽവിചാരകൻ എനിക്ക് ഒരു സേവന ബാഗ് നൽകി. ഇപ്പോഴും ഞാൻ അതു വിലയേറിയതായി സൂക്ഷിക്കുന്നു.”
തന്റെ കൗമാരകാലഘട്ടത്തെ കുറിച്ച് അയവിറക്കിക്കൊണ്ട് ആ സാക്ഷി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “സഭയിലുള്ള മിക്ക ചെറുപ്പക്കാരും സഭാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആഗ്രഹിച്ചു, അവരുടെ മാതൃക മറ്റുള്ളവരായ ഞങ്ങളെയും അതുതന്നെ ചെയ്യാൻ പ്രചോദിപ്പിച്ചു.” ആരോഗ്യകരമായ സ്വാധീനമുണ്ടായിരുന്ന സമപ്രായക്കാർ, ഒരു ചെറു തൈ വളർന്നു നേരെയുള്ള വലിയ ഒരു വൃക്ഷമായിത്തീരുന്നതുപോലെ, ഈ ചെറുപ്പക്കാരനെ വളരാൻ സഹായിച്ചു. മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളുടെമേൽ ക്രിയാത്മകമായ, കെട്ടുപണി ചെയ്യുന്ന സ്വാധീനം ഉണ്ടായിരിക്കാൻ കഴിയുന്നവരെ നിങ്ങൾ വീട്ടിലേക്കു ക്ഷണിക്കാറുണ്ടോ?—മലാഖി 3:16.
ഈ പറഞ്ഞ വ്യക്തികളെപ്പോലെ, നമുക്കെല്ലാവർക്കും മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാൻ കഴികയില്ല എന്നതു സ്പഷ്ടമാണ്. എന്നാൽ, ‘പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും’ കൂടെ യഹോവയെ സ്നേഹിക്കാൻ നമുക്കു പഠിക്കാൻ കഴിയും. (മത്തായി 22:37) ആ സ്നേഹവും അതു മുഖേന നിത്യജീവനായുള്ള നമ്മുടെ പ്രതീക്ഷകളും വളർത്തിയെടുക്കുന്നതിൽ ഒരു സുപ്രധാന പങ്കുവഹിക്കുന്നത് നാം ഏതുതരം സമപ്രായക്കാരെ തിരഞ്ഞെടുക്കുന്നു എന്നതാണ്.
യഥാർഥ ജീവിത വിജയത്തിന് ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു സൂത്രവാക്യം സങ്കീർത്തനക്കാരൻ നൽകി: “ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. അവൻ, ആററരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.”—സങ്കീർത്തനം 1:1-3.
എത്ര നല്ല ഉറപ്പ്! അപൂർണരായ നാം പിഴവുകൾ വരുത്തുന്നെങ്കിൽ പോലും നമ്മെ വഴിനയിക്കാൻ നാം യഹോവയെ അനുവദിക്കുകയും സമപ്രായക്കാരുടെ ആരോഗ്യകരമായ സ്വാധീനമാകുന്ന ദൈവദത്ത സംഭരണിയിൽ നിന്ന്—‘ലോകത്തിലെ നമ്മുടെ മുഴു സഹോദര വർഗത്തിൽ നിന്ന്’—ധാരാളമായി പ്രയോജനം അനുഭവിക്കുകയും ചെയ്യുന്നെങ്കിൽ നമ്മുടെ ജീവിതം വിജയപ്രദമായിരിക്കും.—1 പത്രൊസ് 5:9.
[24-ാം പേജിലെ ചിത്രം]
സഭയിൽ സമപ്രായക്കാരുടെ ആരോഗ്യകരമായ സ്വാധീനമുണ്ട്
[25-ാം പേജിലെ ചിത്രം]
മാതാപിതാക്കളേ, ക്രിയാത്മക സ്വാധീനമുള്ള സമപ്രായക്കാരുമായി ഇടപഴകാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുവിൻ