ഗ്രീക്ക് തത്ത്വശാസ്ത്രം—അത് ക്രിസ്ത്യാനിത്വത്തെ സമ്പന്നമാക്കിയോ?
ഗ്രീക്ക് തത്ത്വശാസ്ത്രം—അത് ക്രിസ്ത്യാനിത്വത്തെ സമ്പന്നമാക്കിയോ?
“ക്രിസ്ത്യാനിത്വം പുറജാതീയ ഗ്രീക്ക്-റോമൻ സംസ്കാരത്തിനു വിരുദ്ധം ആയിരുന്നെങ്കിലും, അതു വാസ്തവത്തിൽ ഗ്രീക്ക്-റോമൻ തത്ത്വശാസ്ത്രം വളരെയേറെ ഉൾക്കൊണ്ടു.”—ദി എൻസൈക്ലോപീഡിയ അമേരിക്കാനാ.
“ക്രിസ്തീയ” ചിന്താധാരയിൽ വ്യക്തമായ സ്വാധീനം ചെലുത്തിയവരുടെ ഇടയിൽ “സെന്റ്” അഗസ്റ്റിന് ഒരു മുഖ്യ സ്ഥാനമുണ്ടെന്നുള്ളത് അവിതർക്കിതമാണ്. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കാ പറയുന്നത് അനുസരിച്ച് “പുതിയ നിയമത്തിലെ മതം ഗ്രീക്കു തത്ത്വശാസ്ത്രത്തിന്റെ പ്ലേറ്റോണിക പാരമ്പര്യവുമായി അങ്ങേയറ്റം കൂടിക്കലർന്നതിൽ [അഗസ്റ്റിന്റെ] മനസ്സ് നിർണായകമായ സ്വാധീനം ചെലുത്തി; ആ കൂടിക്കലരലിന്റെ ഫലം മധ്യയുഗ കത്തോലിക്കാ മതത്തിലെയും നവോത്ഥാന പ്രോട്ടസ്റ്റന്റ് മതത്തിലെയും ക്രൈസ്തവ സമൂഹങ്ങളിൽ എത്തിച്ചേർന്നതിലും [അദ്ദേഹത്തിന്റെ മനസ്സ്] ഒരു ഉപകരണമായി വർത്തിച്ചു.”
അഗസ്റ്റിനിൽനിന്നു കൈമാറിക്കിട്ടിയ പൈതൃകം തീർച്ചയായും ഇപ്പോഴും നിലനിൽക്കുന്നു. ഗ്രീക്കു തത്ത്വശാസ്ത്രം ക്രൈസ്തവലോകത്തെ എത്രമാത്രം സ്വാധീനിച്ചു എന്നതിനെ കുറിച്ചു സംസാരിക്കവെ ഡോഗ്ലസ് ടി. ഹോൾഡൻ ഇങ്ങനെ പ്രസ്താവിച്ചു: “തൊണ്ണൂറ് ശതമാനം ഗ്രീക്കു ചിന്താഗതിയും പത്തു ശതമാനം ക്രിസ്തീയ ചിന്താഗതിയുമുള്ള ആളുകളെ ഉളവാക്കത്തക്ക
വിധം ക്രിസ്തീയ ദൈവശാസ്ത്രം ഗ്രീക്കു തത്ത്വചിന്തയുമായി അത്രയധികം ഇഴുകിച്ചേർന്നിരിക്കുന്നു.”തത്ത്വചിന്താപരമായ അത്തരം സ്വാധീനം ക്രിസ്ത്യാനിത്വത്തെ അതിന്റെ ശൈശവ ദശയിൽ പുഷ്ടിപ്പെടുത്തുകയും അതിന്റെ പഠിപ്പിക്കലിനെ സമ്പന്നവും കൂടുതൽ ബോധ്യപ്പെടുത്തുന്നതും ആക്കുകയും ചെയ്തെന്ന് ചില പണ്ഡിതന്മാർ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ അതു ശരിയായിരുന്നോ? എപ്പോൾ, എങ്ങനെയാണ് ഗ്രീക്കു തത്ത്വചിന്തയുടെ സ്വാധീനം ഉണ്ടായത്? അതു വാസ്തവത്തിൽ ക്രിസ്ത്യാനിത്വത്തെ സമ്പന്നമാക്കുകയാണോ അതോ ദുഷിപ്പിക്കുകയാണോ ചെയ്തത്?
“യവനവത്കൃത യഹൂദമതം,” “ക്രിസ്തീയവത്കൃത യവന സംസ്കാരം,” “യവനവത്കൃത ക്രിസ്ത്യാനിത്വം,” “ക്രിസ്തീയ തത്ത്വശാസ്ത്രം” എന്നീ നാലു പ്രത്യേക പദപ്രയോഗങ്ങൾ പരിശോധിച്ചുകൊണ്ട് പൊ.യു.മു. മൂന്നാം നൂറ്റാണ്ടിനും പൊ.യു. അഞ്ചാം നൂറ്റാണ്ടിനും ഇടയിൽ ഉണ്ടായ ചില സംഭവവികാസങ്ങൾ വിശകലനം ചെയ്യുന്നത് നമ്മെ ഇക്കാര്യത്തിൽ പ്രബുദ്ധരാക്കും.
“യവനവത്കൃത യഹൂദമതം”
ആദ്യത്തേത്, “യവനവത്കൃത യഹൂദമതം.” വാസ്തവത്തിൽ അത് വൈരുദ്ധ്യാത്മകമാണ്. സത്യദൈവമായ യഹോവ സ്ഥാപിച്ച എബ്രായരുടെ ആദിമ മതം വ്യാജമത ആശയങ്ങളാൽ ദുഷിപ്പിക്കപ്പെടരുതായിരുന്നു. (ആവർത്തനപുസ്തകം 13:1; സദൃശവാക്യങ്ങൾ 30:5, 6) എന്നാൽ തുടക്കം മുതൽ തന്നെ, ആരാധനയുടെ പരിശുദ്ധി ഈജിപ്തുകാർ, കനാന്യർ, ബാബിലോണിയർ എന്നിങ്ങനെ ചുറ്റും ഉണ്ടായിരുന്ന ആളുകളുടെ വ്യാജമത ആചാരങ്ങളാലും ആശയങ്ങളാലും ദുഷിപ്പിക്കപ്പെടുന്നതിന്റെ ഭീഷണിയിലായി. സങ്കടകരമെന്നു പറയട്ടെ, സത്യാരാധന അങ്ങേയറ്റം ദുഷിപ്പിക്കപ്പെടാൻ ഇസ്രായേല്യർ അനുവദിച്ചു.—ന്യായാധിപന്മാർ 2:11-13.
നൂറ്റാണ്ടുകൾ കഴിഞ്ഞ്, പുരാതന പാലസ്തീൻ പൊ.യു.മു. നാലാം നൂറ്റാണ്ടിൽ മഹാനായ അലക്സാണ്ടറിന്റെ കീഴിലുള്ള ഗ്രീക്കു സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നപ്പോൾ ആ ദുഷിപ്പ് അതിന്റെ പരകോടിയിലെത്തി. തത്ഫലമായി അത് നിലനിൽക്കുന്നതും നാശകരവുമായ ഒരു പൈതൃകം അവശേഷിപ്പിച്ചു. അലക്സാണ്ടർ യഹൂദന്മാരെ തന്റെ സൈന്യത്തിൽ ചേർത്തു. യഹൂദന്മാരും അവരുടെ പുതിയ ജേതാവും തമ്മിലുള്ള സമ്പർക്കം യഹൂദ മത ചിന്തയെ ആഴമായി സ്വാധീനിച്ചു. യഹൂദ മത പഠനത്തിൽ യവന ചിന്ത നുഴഞ്ഞുകയറി. മഹാപുരോഹിതനായ ജേസൺ, ഹോമറിനെ കുറിച്ചുള്ള പഠനത്തെ ഉന്നമിപ്പിക്കാനായി പൊ.യു.മു. 175-ൽ യെരൂശലേമിൽ ഒരു ഗ്രീക്ക് അക്കാദമി സ്ഥാപിച്ച് പ്രസിദ്ധനായി.
രസാവഹമായി, പൊ.യു.മു. രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഒരു അജ്ഞാത ശമര്യാക്കാരൻ ബൈബിൾ ചരിത്രത്തെ യവനവത്കൃത ചരിത്രമായി അവതരിപ്പിക്കാൻ ശ്രമിച്ചു. യൂദിത്തും തോബിത്തും പോലുള്ള ഉത്തരകാനോനിക യഹൂദ പുസ്തകങ്ങൾ വാസ്തവത്തിൽ ഗ്രീക്കു ശൃംഗാര ഐതിഹ്യങ്ങളോടു പരോക്ഷമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രീക്കു ചിന്തയെ യഹൂദമതവും ബൈബിളുമായി പൊരുത്തപ്പെടുത്താൻ ശ്രമിച്ചുകൊണ്ട് അനേകം യഹൂദ തത്ത്വചിന്തകർ രംഗത്തു വന്നു.
ഇക്കാര്യത്തിൽ ഏറ്റവും ഖ്യാതി നേടിയത് പൊ.യു. ഒന്നാം നൂറ്റാണ്ടിലെ ഒരു യഹൂദനായ ഫൈലോ ആണ്. അദ്ദേഹം പ്ലേറ്റോയുടെയും (പൊ.യു.മു. നാലാം നൂറ്റാണ്ട്) പൈതഗോറിയൻകാരുടെയും സ്തോയിക്കരുടെയും ഉപദേശങ്ങൾ അനധികൃതമായി ഉപയോഗിച്ചു. ഫൈലോയുടെ വീക്ഷണങ്ങൾ യഹൂദരെ ശക്തമായി സ്വാധീനിച്ചു. യഹൂദ സംസ്കാരത്തിലേക്കുള്ള ഗ്രീക്കു ചിന്തയുടെ ഈ ബൗദ്ധിക നുഴഞ്ഞുകയറ്റത്തെ സംഗ്രഹിച്ചുകൊണ്ട് യഹൂദ ഗ്രന്ഥകാരനായ മാക്സ് ഡിമോണ്ട് പറയുന്നു: “പ്ലേറ്റോണിക ചിന്തയാലും അരിസ്റ്റോട്ടിലിന്റെ യുക്തിയാലും യൂക്ലീഡിയന്റെ ശാസ്ത്രത്താലും സമ്പുഷ്ടരാക്കപ്പെട്ട യഹൂദ പണ്ഡിതന്മാർ തോറയെ പുതിയ വീക്ഷണങ്ങളോടെ സമീപിച്ചു. . . . അവർ ഗ്രീക്കു യുക്തിയെ യഹൂദന്മാരുടെ ദിവ്യ വെളിപ്പാടിനോടു കൂട്ടിച്ചേർക്കാൻ തുടങ്ങി.”
കാലക്രമത്തിൽ, ഗ്രീക്കു സാമ്രാജ്യവും യെരൂശലേമും റോമാക്കാരുടെ നിയന്ത്രണത്തിലായി. അതു കൂടുതൽ സാരവത്തായ മാറ്റങ്ങൾക്കുള്ള വഴി തുറന്നു. പ്ലേറ്റോയുടെ ആശയങ്ങളെ സമ്പുഷ്ടമാക്കാനും സമന്വയിപ്പിക്കാനും ശ്രമിച്ച ചിന്തകരുടെ തത്ത്വശാസ്ത്രപരവും മതപരവുമായ ഉപദേശങ്ങൾക്കു പൊ.യു. മൂന്നാം നൂറ്റാണ്ടോടെ വ്യക്തമായ ഒരു രൂപം കൈവന്നു. ഇന്ന് അതു മൊത്തത്തിൽ നവപ്ലേറ്റോണികവാദം എന്ന് അറിയപ്പെടുന്നു. ഈ ചിന്താധാരയ്ക്ക് വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വത്തിന്മേൽ തീർച്ചയായും ശക്തമായ സ്വാധീനം ഉണ്ടായിരുന്നു.
“ക്രിസ്തീയവത്കൃത യവന സംസ്കാരം”
പൊതുയുഗത്തിന്റെ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളിൽ ചില ബുദ്ധിജീവികൾ ഗ്രീക്കു തത്ത്വശാസ്ത്രവും ബൈബിളിലെ വെളിപ്പെടുത്തപ്പെട്ട സത്യവും തമ്മിൽ
ബന്ധമുണ്ടെന്നു തെളിയിക്കാൻ ശ്രമിച്ചു. ക്രിസ്ത്യാനിത്വത്തിന്റെ ഒരു ചരിത്രം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “ക്രിസ്ത്യൻ ആധ്യാത്മതത്ത്വശാസ്ത്രജ്ഞർക്ക് ക്രിസ്തുവിനു മുമ്പുള്ള പതിറ്റാണ്ടുകളിലെ ഗ്രീക്കുകാരെ ദൈവ പരിജ്ഞാനം നേടാൻ അന്ധമായിട്ടാണെങ്കിലും ധീരതയോടെ പരിശ്രമിക്കുന്നവരായി, ആലങ്കാരികമായി പറഞ്ഞാൽ, കഴമ്പില്ലാത്ത അഥീനിയൻ തത്ത്വശാസ്ത്രത്തിൽനിന്ന് ക്രിസ്തുവിനെ സങ്കൽപ്പിച്ചെടുക്കാൻ, അവരുടെ ദരിദ്രമായ വിജാതീയ ചിന്തയിൽനിന്നു ക്രിസ്ത്യാനിത്വത്തെ മെനഞ്ഞെടുക്കാൻ, പണിപ്പെടുന്നവരായി ചിത്രീകരിക്കേണ്ടിവന്നു.”അത്തരം ക്രിസ്തീയ വിരുദ്ധ ചിന്തകരുടെ ഒരു മുന്നോടി ആയിരുന്ന പ്ലോറ്റിനസ് (പൊ.യു. 205-270), മുഖ്യമായും പ്ലേറ്റോയുടെ സിദ്ധാന്തങ്ങളിൽ അധിഷ്ഠിതമായിരുന്ന ഒരു വ്യവസ്ഥ വികസിപ്പിച്ചെടുത്തു. ശരീരത്തിൽനിന്നു വേറിട്ടുള്ള ഒരു ആത്മാവ് എന്ന സങ്കൽപ്പം പ്ലോറ്റിനസ് അവതരിപ്പിച്ചു. പ്ലോറ്റിനസിനെ കുറിച്ചു പ്രൊഫസർ ഇ. ഡബ്ല്യൂ. ഹോപ്കിൻസ് ഇങ്ങനെ പറഞ്ഞു: “അദ്ദേഹത്തിന്റെ ദൈവ ശാസ്ത്രത്തിന് . . . ക്രിസ്ത്യൻ ചിന്താഗതിക്കാരായ നേതാക്കന്മാരുടെ മേൽ കാര്യമായ സ്വാധീനം ഉണ്ടായിരുന്നു.”
“യവനവത്കൃത ക്രിസ്ത്യാനിത്വ”വും “ക്രിസ്തീയ തത്ത്വശാസ്ത്ര”വും
പൊ.യു. രണ്ടാം നൂറ്റാണ്ടു മുതൽ “ക്രിസ്തീയ” ചിന്തകർ പുറജാതീയരായ ബുദ്ധിജീവികളിൽ മതിപ്പുളവാക്കാൻ രണ്ടും കൽപ്പിച്ചുള്ള ശ്രമം നടത്തി. “ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞു” നിൽക്കാനുള്ള പൗലൊസ് അപ്പൊസ്തലന്റെ വ്യക്തമായ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും അത്തരം ഉപദേഷ്ടാക്കൾ ചുറ്റും ഉണ്ടായിരുന്ന യവന സംസ്കാരത്തിൽനിന്നുള്ള തത്ത്വശാസ്ത്രപരമായ ഘടകങ്ങൾ തങ്ങളുടെ പഠിപ്പിക്കലുകളിൽ വിളക്കിച്ചേർത്തു. (1 തിമൊഥെയൊസ് 6:20) ബൈബിളിനെ പ്ലേറ്റോണിക ആശയങ്ങളുമായി പൊരുത്തപ്പെടുത്താൻ കഴിഞ്ഞേക്കുമെന്നു ഫൈലോയുടെ പഠിപ്പിക്കലുകൾ സൂചിപ്പിക്കുന്നതായി തോന്നി.—2 പത്രൊസ് 1:16 താരതമ്യം ചെയ്യുക.
തീർച്ചയായും അതിന്റെ യഥാർഥ ഇര ബൈബിൾ-സത്യം ആയിരുന്നു. ക്രിസ്ത്യാനിത്വം ഗ്രീക്ക്-റോമൻ സാഹിത്യ സംസ്കാരവുമായി യോജിപ്പിലാണെന്നു കാണിക്കാൻ “ക്രിസ്തീയ” ഗുരുക്കന്മാർ ശ്രമിച്ചു. അലക്സാണ്ട്രിയയിലെ ക്ലെമന്റും ഓറിജനും (പൊ.യു. രണ്ടും മൂന്നും നൂറ്റാണ്ടുകൾ) നവപ്ലേറ്റോണികവാദത്തെ “ക്രിസ്തീയ തത്ത്വശാസ്ത്ര”ത്തിന്റെ അടിസ്ഥാനമാക്കി. മിലാനിലെ ബിഷപ്പായിരുന്ന ആമ്പ്രോസ് (പൊ.യു. 339-397) “ഏറ്റവും നവീന ഗ്രീക്കു ജ്ഞാനം, ക്രിസ്തീയവും പുറജാതീയവുമായവ ഒരുപോലെ,—വിശേഷിച്ചും . . . പുറജാതീയ നവപ്ലേറ്റോണികവാദി ആയിരുന്ന പ്ലോറ്റിനസിന്റെ രചനകൾ—ഉൾക്കൊണ്ടിരുന്നു.” വിദ്യാസമ്പന്നരായ ലത്തീൻകാർക്കു ക്രിസ്ത്യാനിത്വത്തിന്റെ ഗ്രീക്ക്-റോമൻ പാഠഭേദം നൽകാൻ അദ്ദേഹം ശ്രമിച്ചു. അഗസ്റ്റിൻ അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്നു.
ഒരു നൂറ്റാണ്ടു കഴിഞ്ഞപ്പോൾ, സാധ്യതയനുസരിച്ച് ഒരു സുറിയാനി സന്ന്യാസിയായിരുന്ന, അരയോപഗസുകാരൻ ഡയോനിഷ്യസ് (കപട ഡയോനിഷ്യസ് എന്നും വിളിക്കപ്പെട്ടിരുന്നു) നവപ്ലേറ്റോണിക തത്ത്വചിന്തയെ “ക്രിസ്തീയ” ദൈവശാസ്ത്രവുമായി സമന്വയിപ്പിക്കാൻ ശ്രമിച്ചു. ഒരു വിശ്വവിജ്ഞാനകോശം പറയുന്നത് അനുസരിച്ച്, “മധ്യയുഗത്തിലെ ഭൂരിഭാഗം ക്രിസ്തീയ ഉപദേശങ്ങളും ആധ്യാത്മികതയും വ്യക്തമായ നവപ്ലേറ്റോണിക ചായ്വുള്ളതായിത്തീരാൻ [അദ്ദേഹത്തിന്റെ] എഴുത്തുകൾ കാരണമായി. . . . അത് [ക്രിസ്തീയ ഉപദേശത്തിന്റെ] മതപരവും ഭക്തിപരവുമായ സ്വഭാവത്തിന്റെ അനേകം വശങ്ങളെ ഇന്നുവരെയും സ്വാധീനിച്ചിരിക്കുന്നു.” “മനുഷ്യരുടെ സമ്പ്രദായത്തിന്നു ഒത്തവണ്ണ”മുള്ള “തത്വജ്ഞാന[ത്തിനും] വെറും വഞ്ചന”യ്ക്കും എതിരായ പൗലൊസിന്റെ മുന്നറിയിപ്പിനോടുള്ള എന്തൊരു അവഹേളനം!—കൊലൊസ്സ്യർ 2:8.
ദുഷിപ്പിക്കുന്ന മലിനകാരികൾ
“ക്രിസ്തീയ പ്ലേറ്റോണിസ്റ്റുകാർ ദിവ്യ വെളിപ്പാടിനു മുഖ്യ സ്ഥാനം നൽകുകയും അതേസമയം തിരുവെഴുത്തിലെ പഠിപ്പിക്കലുകളെയും സഭാ പാരമ്പര്യത്തെയും മനസ്സിലാക്കാനും അതിനുവേണ്ടി പ്രതിവാദം നടത്താനുമുള്ള ലഭ്യമായ ഏറ്റവും നല്ല ഉപാധിയായി പ്ലേറ്റോണിക തത്ത്വശാസ്ത്രത്തെ കാണുകയും” ചെയ്തെന്നു പറയപ്പെട്ടിരിക്കുന്നു.
ഒരു അമർത്യ ആത്മാവ് ഉണ്ടെന്നു പ്ലേറ്റോയ്ക്ക് ഉറപ്പായിരുന്നു. “ക്രിസ്തീയ ദൈവശാസ്ത്ര”ത്തിൽ കയറിക്കൂടിയ വ്യാജ ഉപദേശങ്ങളിൽ ഏറ്റവും മുഖ്യമായ ഒന്നായിരുന്നു ആത്മാവിന്റെ അമർത്യത. ഈ പഠിപ്പിക്കൽ സ്വീകരിക്കുക വഴി ക്രിസ്ത്യാനിത്വം പൊതുജനങ്ങൾക്കു കൂടുതൽ ആകർഷകമായിത്തീർന്നു എന്ന വസ്തുത ആ നടപടിയെ ഒരുതരത്തിലും ന്യായീകരിക്കുന്നില്ല. ഗ്രീക്കു സംസ്കാരത്തിന്റെ ഹൃദയ സ്ഥാനമായ ഏഥൻസിൽ പ്രസംഗിക്കവെ, പൗലൊസ് അപ്പൊസ്തലൻ ആത്മാവിനെ കുറിച്ചുള്ള പ്ലേറ്റോണിക ഉപദേശം പഠിപ്പിച്ചില്ല. പകരം, അവൻ ക്രിസ്തീയ ഉപദേശമായ പുനരുത്ഥാനത്തെ കുറിച്ചാണു പഠിപ്പിച്ചത്, അവന്റെ ഗ്രീക്കു ശ്രോതാക്കളിൽ അനേകർക്കും അത് അസ്വീകാര്യമായി തോന്നിയിട്ടു പോലും.—പ്രവൃത്തികൾ 17:22-32.
ഗ്രീക്കു തത്ത്വശാസ്ത്രത്തിനു വിപരീതമായി, മനുഷ്യന്റെ മരണാനന്തര അവസ്ഥയെ കുറിച്ച് ബൈബിൾ വ്യക്തമായി ഇങ്ങനെ വിശദീകരിക്കുന്നു: “ജീവിച്ചിരിക്കുന്നവർ സഭാപ്രസംഗി 9:5) മനുഷ്യന്റെ ഉള്ളിൽ അമർത്യമായ എന്തോ ഒന്ന് ഉണ്ടെന്ന ആശയം ബൈബിൾ പഠിപ്പിക്കുന്നില്ല. മരണത്തിൽ മനുഷ്യൻ അസ്തിത്വരഹിതൻ ആകുന്നു, യാതൊന്നും തുടർന്നു ജീവിക്കുന്നില്ല, എന്നതാണ് അതിലെ ലളിത സത്യം.
തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.” (യേശുവിന്റെ മാനുഷ-പൂർവ അസ്തിത്വത്തെ കുറിച്ചുള്ളതായിരുന്നു വഞ്ചനാത്മകമായ മറ്റൊരു പഠിപ്പിക്കൽ, അതായത് അവൻ തന്റെ പിതാവിനോടു തുല്യനായിരുന്നു എന്ന ആശയം. ആദ്യ മൂന്നു നൂറ്റാണ്ടുകളിലെ സഭ (ഇംഗ്ലീഷ്) ഇങ്ങനെ വിശദീകരിക്കുന്നു: “ത്രിത്വോപദേശം . . . യഹൂദ-ക്രിസ്തീയ തിരുവെഴുത്തുകളിൽനിന്നു തികച്ചും അന്യമായ ഒരു ഉറവിൽനിന്നാണ് ഉത്ഭവിച്ചത്.” ആ ഉറവ് ഏതായിരുന്നു? ആ ഉപദേശം “വളർന്നു പന്തലിക്കുകയും ക്രിസ്ത്യാനിത്വത്തോടു ചേർക്കപ്പെടുകയും ചെയ്തതു പ്ലേറ്റോവാദികളായ സഭാ പിതാക്കന്മാരിലൂടെ ആയിരുന്നു.”
കാലം കടന്നുപോകുകയും സഭാ പിതാക്കന്മാർ നവപ്ലേറ്റോണികവാദത്താൽ കൂടുതൽ കൂടുതൽ സ്വാധീനിക്കപ്പെടുകയും ചെയ്തതോടെ ത്രിത്വവാദികളുടെ എണ്ണം കൂടി. മൂന്നാം നൂറ്റാണ്ടിലെ നവപ്ലേറ്റോണിക തത്ത്വശാസ്ത്രം, പൊരുത്തപ്പെടുത്താൻ സാധിക്കാത്തതിനെ പൊരുത്തപ്പെടുത്താൻ, അതായത് ഒരു മൂന്നംഗ ദൈവത്തെ ഒരു ഏകദൈവമായി തോന്നത്തക്ക വിധത്തിലാക്കാൻ, അവരെ പ്രാപ്തരാക്കി. മൂന്നു വ്യക്തികൾക്കു തങ്ങളുടെ സ്വന്തം തനിമ നിലനിർത്തിക്കൊണ്ടുതന്നെ ഏകദൈവമാകാൻ കഴിയുമെന്ന് തത്ത്വചിന്താപരമായ ന്യായവാദങ്ങൾ ഉപയോഗിച്ച് അവർ വാദിച്ചു!
എന്നാൽ, സർവശക്തനായ ദൈവം യഹോവ മാത്രമാണെന്നും യേശുക്രിസ്തു അവനെക്കാൾ താഴ്ന്ന അവന്റെ സൃഷ്ടിക്കപ്പെട്ട പുത്രനാണെന്നും പരിശുദ്ധാത്മാവ് യഹോവയുടെ പ്രവർത്തനനിരതമായ ശക്തിയാണെന്നും ഉള്ളതാണ് ബൈബിൾ പഠിപ്പിക്കുന്ന സത്യം. (ആവർത്തനപുസ്തകം 6:4; യെശയ്യാവു 45:5; പ്രവൃത്തികൾ 2:4; കൊലൊസ്സ്യർ 1:15; വെളിപ്പാടു 3:14) ത്രിത്വോപദേശം ഏക സത്യദൈവത്തെ അനാദരിക്കുകയും ആളുകളെ കുഴപ്പിക്കുകയും ദൈവത്തെ ആളുകൾക്ക് അഗ്രാഹ്യനാക്കിക്കൊണ്ട് അവരെ അവനിൽനിന്ന് അകറ്റുകയും ചെയ്യുന്നു.
ക്രിസ്തീയ ചിന്തയുടെ മേലുള്ള നവപ്ലേറ്റോണിക സ്വാധീനത്തിന് ഇരയായ മറ്റൊരു പഠിപ്പിക്കൽ തിരുവെഴുത്ത് അധിഷ്ഠിതമായ സഹസ്രാബ്ദ പ്രത്യാശ ആയിരുന്നു. (വെളിപ്പാടു 20:4-6) സഹസ്രാബ്ദ വാദികളെ കുറ്റംവിധിക്കുന്നതിൽ പേരുകേട്ട ആളായിരുന്നു ഓറിജൻ. ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയെ കുറിച്ചുള്ള നന്നായി വേരൂന്നിയ ബൈബിൾ ഉപദേശത്തെ അദ്ദേഹം അത്ര ശക്തമായി എതിർത്തത് എന്തുകൊണ്ടായിരുന്നു? ദ കാത്തലിക് എൻസൈക്ലോപീഡിയ ഉത്തരം നൽകുന്നു: “തന്റെ ഉപദേശങ്ങളുടെ അടിസ്ഥാനം ആയിരുന്ന നവ-പ്ലേറ്റോണികവാദത്തിന്റെ വീക്ഷണത്തിൽ . . . [ഓറിജന്] സഹസ്രാബ്ദക്കാരെ പിന്താങ്ങാൻ കഴിഞ്ഞില്ല.”
യഥാർഥ സത്യം
മേൽപ്പറഞ്ഞ സംഭവവികാസങ്ങൾക്ക് ഒന്നിനും സത്യവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ബൈബിളിൽ കാണപ്പെടുന്ന ക്രിസ്തീയ പഠിപ്പിക്കലുകൾ മുഴുവനും കൂടിച്ചേർന്നതാണ് ആ സത്യം. (2 കൊരിന്ത്യർ 4:2; തീത്തൊസ് 1:1, 14; 2 യോഹന്നാൻ 1-4) സത്യത്തിന്റെ ഏക ഉറവിടം ബൈബിളാണ്.—യോഹന്നാൻ 17:17; 2 തിമൊഥെയൊസ് 3:16.
എന്നാൽ, യഹോവയുടെയും സത്യത്തിന്റെയും മനുഷ്യവർഗത്തിന്റെയും നിത്യജീവന്റെയും ശത്രു, “കുലപാതക”നും ‘ഭോഷ്ക്കിന്റെ അപ്പനു’മായ പിശാചായ സാത്താൻ, സത്യത്തെ ദുഷിപ്പിക്കാൻ വഞ്ചകമായ ധാരാളം മാർഗങ്ങൾ ഉപയോഗിച്ചിരിക്കുന്നു. (യോഹന്നാൻ 8:44; 2 കൊരിന്ത്യർ 11:3 താരതമ്യം ചെയ്യുക.) ക്രിസ്തീയ പഠിപ്പിക്കലുകളുടെ ഉള്ളടക്കത്തിനും സ്വഭാവത്തിനും മാറ്റം വരുത്താൻ അവൻ ഉപയോഗിച്ചിട്ടുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളിൽ ഒന്നാണ് പുറജാതീയ ഗ്രീക്ക് തത്ത്വചിന്തകരുടെ പഠിപ്പിക്കലുകൾ—വാസ്തവത്തിൽ സാത്താന്റെ ചിന്തയുടെ ഒരു പ്രതിഫലനമാണ് അവരുടെ തത്ത്വശാസ്ത്രം.
ക്രിസ്തീയ പഠിപ്പിക്കലുമായുള്ള ഗ്രീക്കു തത്ത്വചിന്തയുടെ ഈ അസ്വാഭാവിക ഇഴുകിച്ചേരൽ, ബൈബിൾ സത്യത്തിന്റെ ശക്തിയെയും സൗമ്യതയും ആത്മാർഥതയുമുള്ള പഠിപ്പിക്കപ്പെടാവുന്നവരായ സത്യാന്വേഷികളെ ആകർഷിക്കാനുള്ള അതിന്റെ പ്രാപ്തിയെയും ചോർത്തിക്കളഞ്ഞുകൊണ്ട് അതിൽ വെള്ളം ചേർക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിരുന്നു. (1 കൊരിന്ത്യർ 3:1, 2, 19, 20) സത്യവും വ്യാജവും തമ്മിലുള്ള വ്യത്യാസത്തെ അവ്യക്തമാക്കിക്കൊണ്ട് അതു സുസ്പഷ്ടമായ ബൈബിൾ ഉപദേശത്തിന്റെ നൈർമല്യത്തെ ദുഷിപ്പിക്കാനും ശ്രമിക്കുന്നു.
ഇന്ന്, സഭയുടെ തലയായ യേശുക്രിസ്തുവിന്റെ മാർഗനിർദേശത്തിൻ കീഴിൽ യഥാർഥ ക്രിസ്തീയ പഠിപ്പിക്കൽ പുനഃസ്ഥാപിതമായിരിക്കുന്നു. കൂടാതെ, സത്യത്തെ ആത്മാർഥമായി തേടുന്നവർക്ക് സത്യക്രിസ്തീയ സഭയെ അതിന്റെ ഫലങ്ങളാൽ വളരെ എളുപ്പം തിരിച്ചറിയാൻ കഴിയും. (മത്തായി 7:16, 20) സത്യത്തിന്റെ കലർപ്പില്ലാത്ത ജലം കണ്ടെത്താനും നമ്മുടെ പിതാവായ യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യജീവനാകുന്ന അവകാശത്തിന്മേൽ ശക്തമായൊരു പിടിയുണ്ടായിരിക്കാനും അത്തരക്കാരെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ മനസ്സൊരുക്കവും താത്പര്യവും ഉള്ളവരാണ്.—യോഹന്നാൻ 4:14; 1 തിമൊഥെയൊസ് 6:19.
[11-ാം പേജിലെ ചിത്രം]
അഗസ്റ്റിൻ
[10-ാം പേജിലെ ചിത്രത്തിന് കടപ്പാട]
ഗ്രീക്ക് പാഠം: From the book Ancient Greek Writers: Plato’s Phaedo, 1957, Ioannis N. Zacharopoulos, Athens; പ്ലേറ്റോ: Musei Capitolini, Roma