പിശാച് നമുക്കു രോഗം വരുത്തുന്നുവോ?
പിശാച് നമുക്കു രോഗം വരുത്തുന്നുവോ?
രോഗം ഒരിക്കലും ഉണ്ടായിരിക്കേണ്ടിയിരുന്നില്ല. പൂർണ ആരോഗ്യത്തോടെ എന്നേക്കും ജീവിക്കുന്നതിനാണ് ദൈവം നമ്മെ സൃഷ്ടിച്ചത്. ഒരു ആത്മവ്യക്തിയായ സാത്താൻ നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിനെയും ഹവ്വയെയും പാപത്തിലേക്കു നയിച്ചു. അങ്ങനെ മനുഷ്യകുലത്തെ കഷ്ടപ്പെടുത്തുന്ന രോഗത്തിനും വേദനയ്ക്കും മരണത്തിനും അവൻ കാരണക്കാരൻ ആയിത്തീർന്നു.—ഉല്പത്തി 3:1-5, 17-19; റോമർ 5:12.
സകല രോഗങ്ങളും ആത്മലോകത്തിൽനിന്ന് നേരിട്ടുള്ള ഇടപെടലിന്റെ ഫലമാണെന്നാണോ അതിന്റെ അർഥം? മുൻ ലേഖനത്തിൽ കണ്ടതുപോലെ, ഇന്നു പലരും അങ്ങനെ ചിന്തിക്കുന്നു. ഓമാജി എന്ന പെൺകുട്ടിയുടെ വല്യമ്മയും അങ്ങനെയാണു വിചാരിച്ചത്. പക്ഷേ, ഓമാജിയുടെ അതിസാരം—മിക്കപ്പോഴും ഉഷ്ണമേഖലാ പ്രദേശത്തെ കുട്ടികളെ ബാധിക്കുന്ന ഒരു മാരക രോഗം—യഥാർഥത്തിൽ അദൃശ്യ ആത്മജീവികൾ നിമിത്തമാണോ ഉണ്ടായത്?
സാത്താന്റെ പങ്ക്
ഈ ചോദ്യത്തിന് ബൈബിൾ വളരെ വ്യക്തമായി ഉത്തരം നൽകുന്നു. ഒന്നാമതായി, നമ്മുടെ പൂർവികരുടെ ആത്മാക്കൾക്ക് ജീവിച്ചിരിക്കുന്നവരുടെമേൽ യാതൊരു സ്വാധീനവും ചെലുത്താനാവില്ല എന്ന് അതു പ്രകടമാക്കുന്നു. മൃതാവസ്ഥയിൽ അവർ “ഒന്നും അറിയുന്നില്ല.” മരണത്തെ അതിജീവിക്കുന്ന ആത്മാക്കൾ അവർക്കില്ല. ‘പ്രവൃത്തിയോ സൂത്രമോ അറിവോ ജ്ഞാനമോ ഒന്നും ഇല്ലാത്ത’ ശവക്കുഴിയിൽ അവർ നിദ്ര കൊള്ളുകയാണ്. (സഭാപ്രസംഗി 9:5, 10) മരിച്ചവർക്കു ജീവിച്ചിരിക്കുന്നവരെ ഒരു വിധത്തിലും രോഗികളാക്കാനാവില്ല.
എന്നുവരികിലും, ദുഷ്ടാത്മാക്കൾ ഉണ്ടെന്നുതന്നെയാണു ബൈബിൾ വെളിപ്പെടുത്തുന്നത്. ഇപ്പോൾ സാത്താൻ എന്നറിയപ്പെടുന്ന ആത്മവ്യക്തി ആയിരുന്നു മുഴു അഖിലാണ്ഡത്തിലെയും ആദ്യത്തെ മത്സരി. മറ്റുള്ള ആത്മജീവികളും അവനോടു ചേർന്നു, അവർ ഭൂതങ്ങൾ എന്ന് അറിയപ്പെടുന്നു. സാത്താനും ഭൂതങ്ങൾക്കും നമ്മെ രോഗികളാക്കാൻ സാധിക്കുമോ? അങ്ങനെ സംഭവിച്ചിട്ടുണ്ട്. യേശു ചെയ്ത അത്ഭുത രോഗശാന്തികളിൽ ഭൂതങ്ങളെ പുറത്താക്കൽ ഉൾപ്പെട്ടിരുന്നു. (ലൂക്കൊസ് 9:37-43; 13:10-16) എന്നിരുന്നാലും, യേശു സൗഖ്യമാക്കിയ രോഗങ്ങളിൽ അധികവും ഭൂതങ്ങൾ നേരിട്ടു വരുത്തിയവ അല്ലായിരുന്നു. (മത്തായി 12:15; 14:14; 19:2) സമാനമായി ഇന്നും പൊതുവെ സ്വാഭാവിക കാരണങ്ങളാലാണു രോഗങ്ങളുണ്ടാകുന്നത്, അല്ലാതെ പ്രകൃത്യതീത കാരണങ്ങളാൽ അല്ല.
ക്ഷുദ്രപ്രയോഗത്തിന്റെ കാര്യമോ? സദൃശവാക്യങ്ങൾ 18:10 പിൻവരുന്ന പ്രകാരം ഉറപ്പു നൽകുന്നു: “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.” യാക്കോബ് 4:7 ഇങ്ങനെ പറയുന്നു: “ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും.” അതേ, ദൈവത്തിന് തന്റെ വിശ്വസ്തരെ ക്ഷുദ്രപ്രയോഗത്തിൽ നിന്നും മറ്റു നിഗൂഢ ശക്തികളിൽ നിന്നും സംരക്ഷിക്കാൻ കഴിയും. ‘സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കും’ എന്നു പറഞ്ഞപ്പോൾ യേശു അർഥമാക്കിയ ഒരു കാര്യം അതാണ്.—യോഹന്നാൻ 8:32.
‘അപ്പോൾ ഇയ്യോബിന്റെ കാര്യമോ?’ എന്നു ചിലർ ചോദിച്ചേക്കാം. ‘അവനെ രോഗിയാക്കിയത് ഒരു ദുരാത്മാവല്ലേ?’ അതേ, ഇയ്യോബിനെ രോഗബാധിതനാക്കിയതു സാത്താനായിരുന്നു എന്നാണ് ബൈബിൾ പറയുന്നത്. എന്നാൽ ഇയ്യോബിന്റേത് അസാധാരണമായ ഒരു സംഗതി ആയിരുന്നു. ഭൂതങ്ങളുടെ നേരിട്ടുള്ള ആക്രമണങ്ങളിൽ നിന്നും ഇയ്യോബിനു വളരെക്കാലമായി ദിവ്യ സംരക്ഷണം ലഭിച്ചിരുന്നു. പിന്നീട്, ഇയ്യോബിനെ ദണ്ഡിപ്പിക്കാൻ സാത്താൻ യഹോവയെ വെല്ലുവിളിച്ചു, കാരണം അതിൽ വലിയ വിവാദവിഷയങ്ങൾ ഉൾപ്പെട്ടിരുന്നു. ഈ ഒരു പ്രത്യേക സാഹചര്യത്തിൽ, യഹോവ തന്റെ ആരാധകനു നൽകിയിരുന്ന സംരക്ഷണത്തെ ഭാഗികമായി പിൻവലിച്ചു.
എങ്കിലും ദൈവം പരിധികൾ വെച്ചു. ഇയ്യോബിനെ കഷ്ടപ്പെടുത്താൻ ദൈവം സാത്താനെ അനുവദിച്ചപ്പോൾ, കുറേ കാലത്തേക്ക് ഇയ്യോബിനെ രോഗിയാക്കാൻ അവനു ഇയ്യോബ് 2:5, 6) കാലക്രമത്തിൽ, ഇയ്യോബിന്റെ യാതനകൾക്ക് അറുതി വന്നു. അവന്റെ വിശ്വസ്തതയെ പ്രതി ദൈവം അവനെ സമൃദ്ധമായി അനുഗ്രഹിച്ചു. (ഇയ്യോബ് 42:10-17) ഇയ്യോബിന്റെ വിശ്വസ്തതയാൽ തെളിയിക്കപ്പെട്ട തത്ത്വങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടു വളരെക്കാലം ആയിരിക്കുന്നു, അത് എല്ലാവർക്കും അറിയുകയും ചെയ്യാം. അത്തരം മറ്റൊരു പരിശോധനയുടെ ആവശ്യം ഇനി ഇല്ല.
കഴിഞ്ഞെങ്കിലും കൊല്ലാൻ കഴിഞ്ഞില്ല. (സാത്താൻ എങ്ങനെ പ്രവർത്തിക്കുന്നു?
മിക്ക കേസുകളിലും, സാത്താനും മനുഷ്യനെ ബാധിക്കുന്ന രോഗവും തമ്മിലുള്ള ഒരേയൊരു ബന്ധം സാത്താൻ ആദിമ ജോഡികളെ പ്രലോഭിപ്പിക്കുകയും അവർ പാപത്തിൽ വീഴുകയും ചെയ്തു എന്നുള്ളതാണ്. അവനോ അവന്റെ ഭൂതങ്ങളോ ഓരോ രോഗത്തിന്റെയും നേരിട്ടുള്ള കാരണക്കാർ അല്ല. എന്നിരുന്നാലും, നമ്മുടെ വിശ്വാസത്തിനു കോട്ടം വരുത്തിയേക്കാവുന്ന ജ്ഞാനപൂർവമല്ലാത്ത തീരുമാനങ്ങൾ എടുപ്പിക്കാനോ നമ്മുടെ വിശ്വാസത്തിൽ വിട്ടുവീഴ്ച വരുത്തിക്കാനോ സാത്താൻ ശ്രമിക്കാതിരിക്കുന്നില്ല. അവൻ ആദാമിന്റെയോ ഹവ്വായുടെയോ മേൽ മന്ത്രം പ്രയോഗിക്കുകയോ അവരെ കൊല്ലുകയോ രോഗബാധിതരാക്കുകയോ ചെയ്തില്ല. ദൈവത്തോട് അനുസരണക്കേടു കാണിക്കാൻ അവൻ ഹവ്വായെ പ്രേരിപ്പിച്ചു. ആ അനുസരണക്കേടിന്റെ ഗതി ആദാമും പിൻപറ്റി. രോഗവും മരണവും അതിന്റെ അനന്തരഫലങ്ങളുടെ ഭാഗമായിരുന്നു.—റോമർ 5:19.
മോവാബിന്റെ അതിർത്തികളിൽ ഭീതിദമാംവിധം തമ്പടിച്ചിരുന്ന ഇസ്രായേൽ ജനതയെ ശപിക്കാൻ മോവാബ്യരാജാവ് ബിലെയാം എന്ന അവിശ്വസ്ത പ്രവാചകനെ ഒരിക്കൽ കൂലിക്കെടുത്തു. ഇസ്രായേലിനെ ശപിക്കാൻ ബിലെയാം ശ്രമിച്ചെങ്കിലും നടന്നില്ല. കാരണം ആ ജനത യഹോവയുടെ സംരക്ഷണയിൽ ആയിരുന്നു. അടുത്തതായി, മോവാബ്യർ ഇസ്രായേലിനെ വിഗ്രഹാരാധനയിലേക്കും ലൈംഗിക അധാർമികതയിലേക്കും വശീകരിക്കാൻ തുടങ്ങി. ആ തന്ത്രം ഫലിച്ചു, അതോടെ ഇസ്രായേലിനു യഹോവയുടെ സംരക്ഷണവും നഷ്ടപ്പെട്ടു.—സംഖ്യാപുസ്തകം 22:5, 6, 12, 35; 24:10; 25:1-9; വെളിപ്പാടു 2:14.
ആ പുരാതന സംഭവത്തിൽനിന്നും നമുക്കൊരു സുപ്രധാന പാഠം പഠിക്കാൻ കഴിയും. അതായത്, ദുഷ്ടാത്മാക്കളുടെ നേരിട്ടുള്ള ആക്രമണത്തിൽ നിന്നും വിശ്വസ്ത ദൈവാരാധകർക്കു സംരക്ഷണമേകുന്നതു ദിവ്യ സഹായമാണ്. എന്നിരുന്നാലും, തങ്ങളുടെ വിശ്വാസത്തെ അനുരഞ്ജനപ്പെടുത്താൻ വ്യക്തികളെ പ്രേരിപ്പിക്കുന്നതിനു സാത്താൻ ശ്രമിച്ചേക്കാം. അധാർമികതയിൽ ഏർപ്പെടാൻ ആളുകളെ വശീകരിക്കുന്നതിന് അവൻ ശ്രമിച്ചേക്കാം. അല്ലെങ്കിൽ അലറുന്ന ഒരു സിംഹത്തെപ്പോലെ, ആളുകൾക്കു ദിവ്യസംരക്ഷണം നഷ്ടപ്പെടുന്ന വിധത്തിൽ പ്രവർത്തിക്കാൻ തക്കവണ്ണം അവൻ അവരെ ഭയപ്പെടുത്തിയേക്കാം. (1 പത്രൊസ് 5:8) അതുകൊണ്ടാണ് അപ്പൊസ്തലനായ പൗലൊസ് “മരണത്തിന്റെ അധികാരി” എന്നു പിശാചായ സാത്താനെ വിളിക്കുന്നത്.—എബ്രായർ 2:14.
രോഗം വരാതിരിക്കാനുള്ള ഒരു സംരക്ഷണമായി മന്ത്രത്തകിടുകളും ഏലസ്സുകളും ഉപയോഗിക്കാൻ ഓമാജിയുടെ വല്യമ്മ, ഹാവയെ പ്രേരിപ്പിച്ചു. ഹാവ അതിനു വഴിപ്പെട്ടിരുന്നെങ്കിൽ എന്തു സംഭവിച്ചേനെ? യഹോവയാം ദൈവത്തിലുള്ള പരിപൂർണ ആശ്രയത്തിന്റെ അഭാവമായിരിക്കും അവൾ പ്രകടിപ്പിക്കുമായിരുന്നത്, മാത്രമല്ല ദൈവത്തിന്റെ സംരക്ഷണം ലഭിക്കുമെന്ന് അവൾക്കു മേലാൽ ഉറപ്പുണ്ടായിരിക്കാനും കഴിയുമായിരുന്നില്ല.—പുറപ്പാടു 20:5; മത്തായി 4:10; 1 കൊരിന്ത്യർ 10:21.
ഇയ്യോബിന്റെ കാര്യത്തിലും സാത്താൻ പ്രേരണ ഉപയോഗിച്ചു. അവന്റെ കുടുംബാംഗങ്ങളെ കൊന്നു, സമ്പത്ത് അപഹരിച്ചു, കൂടാതെ ആരോഗ്യം ക്ഷയിപ്പിച്ചു. ഭാര്യ അവനു പിൻവരുന്ന പ്രകാരമുള്ള മോശമായ ഉപദേശങ്ങളും കൊടുത്തു: “ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക.” (ഇയ്യോബ് 2:9) പിന്നെ മൂന്നു “സ്നേഹിതന്മാർ” ഇയ്യോബിനെ സന്ദർശിച്ച് അവനു രോഗം ബാധിച്ചതു സ്വന്തം കുറ്റം കൊണ്ടാണെന്നു ബോധ്യപ്പെടുത്താൻ കൂട്ടായ ശ്രമം നടത്തി. (ഇയ്യോബ് 19:1-3) ഈ വിധത്തിൽ ഇയ്യോബിനെ നിരുത്സാഹിതനാക്കാനും യഹോവയുടെ നീതിയിലുള്ള അവന്റെ വിശ്വാസത്തെ ദുർബലപ്പെടുത്താനും അവന്റെ പരിക്ഷീണാവസ്ഥയെ സാത്താൻ ഉപയോഗിച്ചു. എങ്കിലും, തന്റെ ഏക പ്രത്യാശയെന്ന നിലയിൽ ഇയ്യോബ് തുടർന്നും യഹോവയിൽ ആശ്രയിച്ചു.—സങ്കീർത്തനം 55:22 താരതമ്യം ചെയ്യുക.
രോഗികളായിത്തീരുമ്പോൾ നമ്മുടെയും മനസ്സിടിഞ്ഞേക്കാം. അത്തരം സാഹചര്യങ്ങൾ മുതലെടുത്തുകൊണ്ട് വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഇടയാക്കും വിധം നമ്മെക്കൊണ്ടു കാര്യങ്ങൾ ചെയ്യിക്കാൻ സാത്താൻ ശ്രമിച്ചേക്കാം. അതുകൊണ്ട് നാം രോഗികളാകുമ്പോൾ, നമ്മുടെ കഷ്ടപ്പാടുകളുടെ അടിസ്ഥാന കാരണം അവകാശപ്പെടുത്തിയ അപൂർണത ആണെന്നും അല്ലാതെ ഏതെങ്കിലും പ്രകൃത്യതീത സ്വാധീനമല്ലെന്നും മനസ്സിൽ പിടിക്കുന്നത് പ്രധാനമാണ്. തന്റെ മരണത്തിനു മുമ്പ് കുറേ വർഷങ്ങളോളം വിശ്വസ്തനായ യിസ്ഹാക്ക് അന്ധനായിരുന്നു എന്ന് ഓർക്കുക. (ഉല്പത്തി 27:1) അതിനു കാരണം ദുഷ്ടാത്മാക്കളായിരുന്നില്ല, മറിച്ച് വാർധക്യമായിരുന്നു. പ്രസവസമയത്ത് റാഹേൽ മരിച്ചുപോയതിനു കാരണം സാത്താൻ ആയിരുന്നില്ല, പകരം ശാരീരിക ദൗർബല്യമായിരുന്നു. (ഉല്പത്തി 35:17-19) കാലക്രമത്തിൽ, പുരാതന വിശ്വസ്തരെല്ലാം മരിച്ചു—കൂടോത്രങ്ങളോ ശാപങ്ങളോ നിമിത്തമായിരുന്നില്ല, പകരം അവകാശപ്പെടുത്തിയ അപൂർണത നിമിത്തമായിരുന്നു.
നമ്മെ ബാധിക്കുന്ന ഓരോ രോഗത്തിന്റെ കാര്യത്തിലും അദൃശ്യാത്മാക്കൾ നേരിട്ടു സ്വാധീനിക്കുന്നു എന്നു ചിന്തിക്കുന്നത് ഒരു കെണിയാണ്. ആത്മജീവികളെ കുറിച്ച് അനാരോഗ്യകരമായ ഭയം ഉടലെടുക്കാൻ അത് ഇടയാക്കിയേക്കാം. അത്, നാം രോഗികളാകുമ്പോൾ, ഭൂതങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നതിനു പകരം അവരെ പ്രസാദിപ്പിക്കാൻ നമ്മെ പ്രേരിപ്പിച്ചേക്കാം. നമ്മെ ഭയപ്പെടുത്തി ആത്മവിദ്യാചാരങ്ങൾ ചെയ്യിക്കാൻ സാത്താനു കഴിയുന്നെങ്കിൽ അതിലൂടെ സത്യദൈവമായ യഹോവയോടുള്ള നമ്മുടെ അവിശ്വസ്തത ആയിരിക്കും പ്രകടമാകുക. (2 കൊരിന്ത്യർ 6:15) നമ്മെ നയിക്കേണ്ടത് ദൈവത്തോടുള്ള ആദരവോടുകൂടിയ ഭയമാണ്, അല്ലാതെ അവന്റെ എതിരാളിയെ സംബന്ധിച്ച അന്ധവിശ്വാസപരമായ ഭയമല്ല.—വെളിപ്പാടു 14:7.
ഓമാജി എന്ന പെൺകുട്ടിക്ക് ദുഷ്ടത്മാക്കൾക്കെതിരെ സാധ്യമായ ഏറ്റവും നല്ല സംരക്ഷണം ഉണ്ട്. അപ്പൊസ്തലനായ പൗലൊസ് പറയുന്നതനുസരിച്ച്, ദൈവം അവളെ ‘വിശുദ്ധ’ ആയാണു കണക്കാക്കുന്നത്. കാരണം അവൾക്കു വിശ്വാസിയായ അമ്മയുണ്ട്, അവളുടെമേൽ പരിശുദ്ധാത്മാവ് മുഖാന്തരമുള്ള ദിവ്യസംരക്ഷണം ഉണ്ടായിരിക്കുന്നതിന് അമ്മയ്ക്കു ദൈവത്തോടു പ്രാർഥിക്കാൻ കഴിയും. (1 കൊരിന്ത്യർ 7:14) അത്തരം സൂക്ഷ്മ പരിജ്ഞാനത്താൽ അനുഗൃഹീതയായ ഹാവ, ഓമാജിക്കു വേണ്ടി ഫലപ്രദമായ വൈദ്യചികിത്സ തേടി. അവൾ ആശ്രയിച്ചത് ഏലസ്സുകളിൽ ആയിരുന്നില്ല.
രോഗത്തിന്റെ നാനാ കാരണങ്ങൾ
മിക്ക ആളുകളും ആത്മാക്കളിൽ വിശ്വസിക്കുന്നില്ല. രോഗം ബാധിക്കുമ്പോൾ അവർ ഡോക്ടറെ സമീപിക്കുന്നു—ചെലവു താങ്ങാനാകുമെങ്കിൽ. തീർച്ചയായും, ഒരു രോഗി ഡോക്ടറെ സമീപിച്ചാലും രോഗം ഭേദമാകാതിരുന്നേക്കാം. ഡോക്ടർമാർക്ക് അത്ഭുതങ്ങളൊന്നും ചെയ്യാനാവില്ല. എന്നാൽ, ഭേദമാക്കാവുന്ന രോഗമുള്ള അന്ധവിശ്വാസികളായ പലരും രോഗം മൂർച്ഛിച്ച ശേഷം മാത്രമാണു ഡോക്ടറെ സമീപിക്കുന്നത്. ആദ്യം അവർ ആത്മവിദ്യാപരമായ ചികിത്സാരീതികളൊക്കെ പരീക്ഷിച്ചുനോക്കിയേക്കാം, അതു ഫലിക്കാതെ വരുമ്പോഴുള്ള അറ്റകൈ ആണ് ഡോക്ടർ. പലരും അകാല മരണത്തിന് ഇരകളാകുന്നു.
മറ്റു ചിലർ അകാലമരണത്തിന് ഇരകളാകുന്നത് അജ്ഞത നിമിത്തമാണ്. രോഗലക്ഷണങ്ങൾ എന്തൊക്കെയാണെന്നോ രോഗം വരാതിരിക്കാൻ ഏതു പ്രയോഗിക നടപടികൾ സ്വീകരിക്കണമെന്നോ അവർക്കറിയില്ല. അനാവശ്യ ദുരിതങ്ങൾ ഒഴിവാക്കാൻ അറിവു സഹായിക്കുന്നു. സാക്ഷരരായ അമ്മമാരുടെ കുട്ടികളെ അപേക്ഷിച്ച് നിരക്ഷരരായ അമ്മമാരുടെ കുട്ടികളാണ് രോഗം നിമിത്തം കൂടുതലും മരണമടയുന്നത് എന്നതു ശ്രദ്ധാർഹമാണ്. അതേ, അജ്ഞതയ്ക്ക് മാരകമായ ഫലം ഉളവാക്കാൻ കഴിയും.
അനാസ്ഥയാണ് മറ്റൊരു രോഗകാരണം. ഉദാഹരണത്തിന്, ഭക്ഷണം തയ്യാർ ചെയ്യുന്ന ആൾ അതിനു മുമ്പ് കൈകൾ കഴുകാത്തതിനാലോ കീടങ്ങൾ ഭക്ഷണത്തിൽ വന്നിരിക്കുന്നത് നിമിത്തമോ പലരും രോഗികളാകുന്നുണ്ട്. മലമ്പനി ബാധിത പ്രദേശങ്ങളിൽ കൊതുകുവല ഉപയോഗിക്കാതെ ഉറങ്ങുന്നതും അപകടകരമാണ്. a ആരോഗ്യത്തിന്റെ കാര്യത്തിൽ “പ്രതിരോധം ചികിത്സയെക്കാൾ ഉത്തമം” എന്നത് മിക്കപ്പോഴും സത്യമാണ്.
കുത്തഴിഞ്ഞ ജീവിതരീതിയുടെ ഫലമായി ദശലക്ഷക്കണക്കിനാളുകൾ രോഗികളാകുകയും അകാലത്തിൽ മൃതിയടയുകയും ചെയ്യുന്നു. മദ്യപാനം, ലൈംഗിക അധാർമികത, മയക്കുമരുന്നുകളുടെ ദുരുപയോഗം, പുകവലി എന്നിവ ഒട്ടനവധി പേരുടെ ആരോഗ്യം തകർത്തിട്ടുണ്ട്. ഇത്തരം ദുശ്ശീലങ്ങൾ മൂലം ആരെങ്കിലും രോഗികളാകുന്നെങ്കിൽ അത് ആരെങ്കിലും അയാൾക്കെതിരെ കൂടോത്രം ചെയ്തതിനാലോ ഒരു ആത്മജീവി അയാളെ ആക്രമിച്ചതിനാലോ ആണോ? ഒരിക്കലുമല്ല. അയാളുടെ രോഗത്തിന് അയാൾതന്നെയാണ് ഉത്തരവാദി. ആത്മജീവികളെ പഴിക്കുന്നത് കുത്തഴിഞ്ഞ ജീവിതം നയിച്ചതിന്റെ ഉത്തരവാദിത്വം തിരസ്കരിക്കലാണ്.
ചില കാര്യങ്ങൾ നമുക്കു നിയന്ത്രിക്കാനാവില്ല എന്നതു സത്യംതന്നെ. ഉദാഹരണത്തിന്, നാം മലിനീകരണത്തിനോ രോഗാണുക്കൾക്കോ വിധേയരായേക്കാം. ഓമാജിക്കു സംഭവിച്ചത് അതാണ്. അവളുടെ അമ്മയ്ക്ക് അതിസാരത്തിന്റെ കാരണം അറിയില്ലായിരുന്നു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും പാചകത്തിനു മുമ്പ് എല്ലായ്പോഴും കൈകൾ കഴുകുകയും ചെയ്തിരുന്നതിനാൽ മറ്റു കുട്ടികളെ പോലെ മിക്കപ്പോഴും അവളുടെ കുട്ടികളെ രോഗം ബാധിച്ചിരുന്നില്ല. എന്നാൽ എല്ലാ കുട്ടികൾക്കും ചിലപ്പോഴൊക്കെ രോഗം ബാധിക്കാറുണ്ട്. അതിസാരത്തിനു കാരണമാകുന്ന 25-ഓളം അണുക്കൾ ഉണ്ട്. ഓമാജിയുടെ രോഗകാരി ഇതിൽ ഏത് അണു ആയിരുന്നെന്ന് ആരും ഒരിക്കലും അറിയാൻ പോകുന്നില്ല.
ദീർഘകാല പരിഹാരം
രോഗം വരുന്നതു ദൈവത്തിന്റെ കുറ്റം കൊണ്ടല്ല. “ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” (യാക്കോബ് 1:13) തന്റെ ഒരു ആരാധകൻ രോഗിയാകുന്നെങ്കിൽ യഹോവ അവനെ ആത്മീയമായി പുലർത്തുന്നു. “യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാററിവിരിക്കുന്നു.” (സങ്കീർത്തനം 41:3) അതേ, ദൈവത്തിന് അനുകമ്പയുണ്ട്. നമ്മെ സഹായിക്കാനാണ് അവൻ ആഗ്രഹിക്കുന്നത്, ദ്രോഹിക്കാനല്ല.
വാസ്തവത്തിൽ, രോഗങ്ങളുടെ കാര്യത്തിൽ നിലനിൽക്കുന്ന ഒരു പരിഹാരം ദൈവത്തിന്റെ പക്കലുണ്ട്—യേശുവിന്റെ മരണവും പുനരുത്ഥാനവും. യേശുക്രിസ്തുവിന്റെ മറുവിലയാഗം മുഖാന്തരം പരമാർഥഹൃദയർ തങ്ങളുടെ പാപാവസ്ഥയിൽ നിന്നും വിടുവിക്കപ്പെട്ട് പറുദീസാഭൂമിയിലെ പൂർണ ആരോഗ്യവും നിത്യജീവനും ആസ്വദിക്കും. (മത്തായി 5:5; യോഹന്നാൻ 3:16) ദൈവരാജ്യം കൈവരുത്താൻ പോകുന്ന യഥാർഥ രോഗശാന്തിയുടെ മുൻനിഴലായിരുന്നു യേശുവിന്റെ അത്ഭുതങ്ങൾ. ദൈവം സാത്താനെയും അവന്റെ ഭൂതങ്ങളെയും നശിപ്പിക്കുകതന്നെ ചെയ്യും. (റോമർ 16:20) തന്നിൽ വിശ്വാസം പ്രകടമാക്കുന്നവർക്കായി അത്ഭുതകരമായ കാര്യങ്ങളാണ് യഹോവ കരുതി വെച്ചിരിക്കുന്നത്. നാം സഹിഷ്ണുതയോടെ അതിനായി കാത്തിരിക്കുകയേ വേണ്ടൂ.
അതേസമയം, ബൈബിളിലൂടെയും വിശ്വസ്ത ആരാധകരുടെ ലോകവ്യാപക സഹോദരവർഗം മുഖാന്തരവും ദൈവം പ്രായോഗിക ജ്ഞാനവും ആത്മീയ മാർഗനിർദേശവും നൽകുന്നു. ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന ദുശ്ശീലങ്ങൾ ഒഴിവാക്കേണ്ട വിധം അവൻ നമുക്കു കാട്ടിത്തരുന്നു. പ്രശ്നങ്ങൾക്കു മധ്യേ സഹായമേകുന്ന യഥാർഥ സുഹൃത്തുക്കളെയും അവൻ നമുക്കു പ്രദാനം ചെയ്യുന്നു.
നമുക്ക് ഇയ്യോബിലേക്കു തിരിച്ചുവരാം. ഒരു മന്ത്രവാദിയുടെ അടുക്കൽ പോകുന്നത് ഇയ്യോബിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഹീനമായ സംഗതി ആയിരിക്കുമായിരുന്നു! അതു ദൈവത്തിന്റെ സംരക്ഷണവും കഠിന പരിശോധനയ്ക്കു ശേഷം അവനു ലഭിക്കാനിരുന്ന സകല അനുഗ്രഹങ്ങളും നഷ്ടപ്പെടുത്തുമായിരുന്നു. ദൈവം ഇയ്യോബിനെ മറന്നില്ല, നമ്മെയും മറക്കില്ല. “യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു” എന്നു ശിഷ്യനായ യാക്കോബ് പറഞ്ഞു. (യാക്കോബ് 5:11) തളർന്നു പോകാതിരുന്നാൽ ദൈവത്തിന്റെ തക്ക സമയത്ത് നമുക്കും അത്ഭുതകരമായ അനുഗ്രഹങ്ങൾ ലഭിക്കും.
ഓമാജി എന്ന പെൺകുട്ടിക്ക് എന്തു സംഭവിച്ചു? പുനർജലീകരണ ചികിത്സയെക്കുറിച്ച് വീക്ഷാഗോപുരത്തിന്റെ കൂട്ടുമാസിക ആയ ഉണരുക!യിൽ വന്ന ഒരു ലേഖനം അവളുടെ അമ്മ ഓർമിച്ചു. b അവൾ അതിലെ നിർദ്ദേശപ്രകാരം ഓമാജിക്കു കുടിക്കാൻവേണ്ടി ഒരു ലായനി തയ്യാറാക്കി. ഇപ്പോൾ ആ കൊച്ചു പെൺകുട്ടി സന്തുഷ്ടയും ആരോഗ്യവതിയും ആണ്.
[അടിക്കുറിപ്പുകൾ]
a 50 കോടിയോളം ആളുകൾ മലമ്പനി ബാധിതരാകുന്നുണ്ട്. ഓരോ വർഷവും 20 ലക്ഷത്തോളം പേർ ഈ രോഗത്താൽ മരിക്കുന്നു, അതിൽ കൂടുതലും ആഫ്രിക്കയിലാണ്.
b 1986 ജൂലൈ 8 ഉണരുക!-യുടെ 12-4 പേജുകളിലെ “ജീവൻ രക്ഷിക്കുന്ന ലവണപാനീയം!” എന്ന ലേഖനം കാണുക.
[7-ാം പേജിലെ ചിത്രങ്ങൾ]
രോഗനിവാരണത്തിനായി യഹോവയുടെ പക്കൽ ഒരു ശാശ്വത പരിഹാരം ഉണ്ട്