മറിയ “നല്ല അംശം” തിരഞ്ഞെടുക്കുന്നു
അവർ യഹോവയുടെ ഹിതം ചെയ്തു
മറിയ “നല്ല അംശം” തിരഞ്ഞെടുക്കുന്നു
യേശുവിന്റെ നാളിൽ യഹൂദ സ്ത്രീകൾ റബ്ബിമാരുടെ പാരമ്പര്യങ്ങളുടെ ചട്ടക്കൂട്ടിൽ തളയ്ക്കപ്പെട്ടിരുന്നു. അതിനാൽ, അവരെ ന്യായപ്രമാണനിയമം പഠിപ്പിച്ചിരുന്നില്ല. വാസ്തവത്തിൽ മിഷ്നായിൽ ഉദ്ധരിച്ചിരിക്കുന്ന ഒരു അഭിപ്രായം ഇങ്ങനെ പ്രസ്താവിച്ചു: “ആരെങ്കിലും തന്റെ മകളെ ന്യായപ്രമാണം പഠിപ്പിക്കുന്നെങ്കിൽ അത് അവളെ ദുർന്നടത്ത പഠിപ്പിക്കുന്നതിനു തുല്യമാണ്.”—സോത്താഹ് 3:4.
അതിന്റെ ഫലമായി, ഒന്നാം നൂറ്റാണ്ടിലെ മിക്ക യഹൂദ സ്ത്രീകൾക്കും നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. ദി ആങ്കർ ബൈബിൾ ഡിക്ഷണറി ഇങ്ങനെ പറയുന്നു: “ഒരു മഹാ ഗുരുവിന്റെ ശിഷ്യ ആയിത്തീരാനോ അത്തരമൊരു ഗുരുവിനോടൊത്തു സഞ്ചരിക്കാനോ തന്റെ കുട്ടികളെ അല്ലാതെ ആരെയെങ്കിലും പഠിപ്പിക്കാനോ യേശുവിന്റെ ശുശ്രൂഷയ്ക്കു മുമ്പ് യഹൂദ സ്ത്രീകളെ അനുവദിച്ചിരുന്നതായി യാതൊരു തെളിവും ഇല്ല.” സ്ത്രീകളെ കൂടുതലായി തരംതാഴ്ത്തും വിധം, ഒരു പുരുഷൻ സ്ത്രീയോടു പരസ്യമായി സംസാരിക്കാൻ പാടില്ല എന്നു വ്യവസ്ഥ ചെയ്യുന്ന ഒരു നിയമം പോലും ചില മതനേതാക്കന്മാർ ഉണ്ടാക്കി!
ഭക്തികെട്ട അത്തരം മനോഭാവങ്ങളെ യേശു തള്ളിക്കളഞ്ഞു. അവൻ സ്ത്രീകളെയും പുരുഷന്മാരെയും പഠിപ്പിച്ചു, സ്ത്രീകളും പുരുഷന്മാരും അവന്റെ അനുഗാമികളായി ഉണ്ടായിരുന്നു. (ലൂക്കൊസ് 8:1-3) മാർത്തയും മറിയയും ഒരവസരത്തിൽ യേശുവിനെ അതിഥിയായി വീട്ടിലേക്കു ക്ഷണിച്ചു. (ലൂക്കൊസ് 10:38) ഈ രണ്ടു സ്ത്രീകൾ ലാസറിന്റെ സഹോദരിമാർ ആയിരുന്നു. ഇവർ മൂവരും യേശുവിന്റെ ശിഷ്യരും ഉറ്റ സുഹൃത്തുക്കളും ആയിരുന്നു. (യോഹന്നാൻ 11:5) അവരുടേത് ഒരു പ്രമുഖ കുടുംബം ആയിരുന്നിരിക്കണം, കാരണം ലാസർ മരിച്ചപ്പോൾ ധാരാളം ആളുകൾ മാർത്തയെയും മറിയെയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. എന്തുതന്നെ ആയിരുന്നാലും, യേശു ഒരു അതിഥിയായി ആ ഭവനത്തിൽ വന്നപ്പോഴുണ്ടായ കാര്യങ്ങൾ അവർക്കു മാത്രമല്ല നമുക്കും വിലയേറിയ ഒരു പാഠമാണു നൽകുന്നത്.
യേശുവിന്റെ കാൽക്കൽ ഇരുന്നു പഠിക്കുന്നു
മാർത്തയും മറിയയും യേശുവിനു വിഭവസമൃദ്ധമായ ഒരു സദ്യ കൊടുക്കുന്നതിൽ അതീവ തത്പരരായിരുന്നു എന്നതിനു സംശയമില്ല, ഒരുപക്ഷേ അതിന് അവർക്കു പ്രാപ്തിയും ഉണ്ടായിരുന്നിരിക്കാം. (യോഹന്നാൻ 12:1-3 താരതമ്യം ചെയ്യുക.) എന്നിരുന്നാലും, അവരുടെ അതിഥി വന്നപ്പോൾ മറിയ “കർത്താവിന്റെ കാല്ക്കൽ ഇരുന്നു അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.” (ലൂക്കൊസ് 10:39) തന്റെ പ്രബോധനം സ്വീകരിക്കാൻ ആത്മാർഥമായി ആഗ്രഹിച്ചിരുന്ന ആ സ്ത്രീയെ പഠിപ്പിക്കുന്നതിൽ നിന്നു മാനുഷ പാരമ്പര്യങ്ങളൊന്നും യേശുവിനെ തടയുമായിരുന്നില്ല! തന്റെ അധ്യാപകൻ പഠിപ്പിക്കുമ്പോൾ അതിൽ പൂർണമായി മുഴുകിയിരിക്കുന്ന ഒരു വിദ്യാർഥിനിയെ പോലെ യേശുവിന്റെ മുമ്പാകെ മറിയ ഇരിക്കുന്നതു നമുക്കു വിഭാവന ചെയ്യാനാകും.—ആവർത്തനപുസ്തകം 33:3, NW; പ്രവൃത്തികൾ 22:3 എന്നിവ താരതമ്യം ചെയ്യുക.
മറിയയിൽ നിന്നും വ്യത്യസ്തയായി, മാർത്ത ‘വളരെ ശുശ്രൂഷയാൽ കുഴങ്ങി’. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കാനുള്ള ജോലികളിൽ അവൾ വ്യാപൃത ആയിരുന്നു. തന്റെ സഹോദരി യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകൊണ്ട് മുഴു ജോലിയും മാർത്തയുടെ തലയിലായി! അതിൽ അവൾ അസ്വസ്ഥത പൂണ്ടു. “കർത്താവേ, എന്റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതിൽ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാൻ അവളോടു കല്പിച്ചാലും” എന്ന്, ഒരുപക്ഷേ പെട്ടെന്ന്, യേശു മറിയയോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, അവൾ ഇടയ്ക്കു കയറി പറയുന്നു.—ലൂക്കൊസ് 10:40.
മാർത്തയുടെ അപേക്ഷ അതിൽത്തന്നെ തെറ്റല്ലായിരുന്നു. കാരണം, ഒരു കൂട്ടത്തിനു വേണ്ടി ഭക്ഷണം തയ്യാറാക്കുക എന്നത് കഠിന വേലയാണ്, ആ ഉത്തരവാദിത്വം മുഴുവനും ഒരാളുടെ ചുമലിൽ വരികയുമരുത്. എന്നിരുന്നാലും, ഒരു മൂല്യവത്തായ പാഠം പഠിപ്പിക്കാൻ യേശു അവളുടെ പ്രസ്താവനയെ ഉപയോഗപ്പെടുത്തി. “കർത്താവു അവളോടു: മാർത്തയേ, മാർത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. എന്നാൽ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.”—ലൂക്കൊസ് 10:41, 42.
മാർത്തയ്ക്ക് ആത്മീയ കാര്യങ്ങളിൽ താത്പര്യമില്ലായിരുന്നു എന്ന് യേശു പറയുകയായിരുന്നില്ല. നേരെ മറിച്ച്, അവൾ ആഴമായ ദൈവഭക്തിയുള്ള ഒരു സ്ത്രീ ആണെന്നു യേശുവിന് അറിയാമായിരുന്നു. a തന്റെ വീട്ടിലേക്ക് യേശുവിനെ ക്ഷണിക്കാൻ അവളെ പ്രേരിപ്പിച്ച ഒന്നാമത്തെ സംഗതി അതായിരുന്നു എന്നതിനു സംശയവും വേണ്ട. എന്നുവരികിലും, ഭക്ഷണം തയ്യാറാക്കുന്നതിൽ മുഴുകിക്കൊണ്ട്, ദൈവപുത്രനിൽ നിന്നും നേരിട്ടു പ്രബോധനം ഉൾക്കൊള്ളാനുള്ള വിരളമായ ഒരു സന്ദർഭം മാർത്ത നഷ്ടപ്പെടുത്തുകയാണെന്ന് യേശു തന്റെ മൃദുവായ ശാസനയിലൂടെ ചൂണ്ടിക്കാണിക്കുകയായിരുന്നു.
ഒരു സ്ത്രീയുടെ മൂല്യം ഏറ്റവും നന്നായി വ്യക്തമാകുന്നത് ഗാർഹിക ജോലികളിലെ അവളുടെ മിടുക്കിലാണെന്ന് അക്കാലത്തു പരക്കെ ഒരു വീക്ഷണം ഉണ്ടായിരുന്നു എന്നതു ശരിതന്നെ. എന്നാൽ പുരുഷന്മാരെപോലെ സ്ത്രീകൾക്കും ദൈവപുത്രന്റെ കാൽക്കൽ ഇരുന്നു ജീവന്റെ വചനങ്ങൾ ശ്രദ്ധിക്കാൻ കഴിയുമെന്ന് യേശുവിന്റെ വാക്കുകൾ പ്രകടമാക്കി! (യോഹന്നാൻ 4:7-15; പ്രവൃത്തികൾ 5:14) ഇതിന്റെ വീക്ഷണത്തിൽ, മാർത്തയ്ക്ക് തന്റെ ഗുരുവിന്റെ കാൽക്കൽ ഇരുന്നു പഠിക്കാൻ ഒരു അവസരം ലഭിക്കുമായിരുന്നെങ്കിൽ, ഏതാനും വിഭവങ്ങൾ—അല്ലെങ്കിൽ ഒരുപക്ഷേ ഒന്നു മാത്രം—ഉണ്ടാക്കിയാൽ മതിയായിരുന്നു.—മത്തായി 6:25 താരതമ്യം ചെയ്യുക.
നമുക്കുള്ള പാഠം
“ജീവജലം സൌജന്യമായി വാങ്ങട്ടെ” എന്ന യേശുവിന്റെ ക്ഷണത്തോടു പ്രതികരിക്കുന്നവരിൽ ഇന്ന് സ്ത്രീകളും പുരുഷന്മാരും ഉണ്ട്. (വെളിപ്പാടു 22:17) മാർത്തയെ പോലെ ചിലർ സ്നേഹത്താൽ പ്രചോദിതരായി സഹവിശ്വാസികളുടെ ആവശ്യങ്ങൾക്കായി കരുതാൻ തങ്ങളുടെ പരമാവധി ചെയ്യുന്നു. അവർ പ്രായോഗിക ബുദ്ധിയുള്ളവരും പെട്ടെന്നു നടപടികൾ എടുക്കുന്നവരുമാണ്. അവരുടെ സ്നേഹപ്രവൃത്തികൾക്കു പ്രതിഫലം നൽകുമെന്നു യഹോവ വാഗ്ദാനം ചെയ്യുന്നു. (എബ്രായർ 6:10; 13:16) മറ്റു ചിലർ ഏറെയും മറിയയെ പോലെ ആണ്. അവർ ശാന്തരും ആത്മീയ കാര്യങ്ങളിൽ തത്പരരും ആണ്. ദൈവവചനത്തെ കുറിച്ചു ധ്യാനിക്കാനുള്ള അവരുടെ താത്പര്യം വിശ്വാസത്തിൽ വേരൂന്നി ഉറച്ചു നിൽക്കാൻ അവരെ സഹായിക്കുന്നു.—എഫെസ്യർ 3:17-19.
ഈ രണ്ടു തരത്തിലുമുള്ള വ്യക്തികൾ ക്രിസ്തീയ സഭയിൽ ഒരു സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്നിരുന്നാലും, ആത്യന്തികമായി ആത്മീയ കാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് എല്ലാവരും ‘നല്ല അംശം തിരഞ്ഞെടുക്കണം.’ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളെ നിശ്ചയപ്പെടുത്തുന്നതു മുഖാന്തരം നമുക്കു യഹോവയുടെ പ്രീതിയും അനുഗ്രഹവും ലഭിക്കും.—ഫിലിപ്പിയർ 1:9-11.
[അടിക്കുറിപ്പുകൾ]
a തന്റെ സഹോദരനായ ലാസറിന്റെ മരണശേഷം യേശുവുമായുള്ള സംഭാഷണത്തിൽ നിന്നും മാർത്ത നല്ല വിശ്വാസമുള്ള ആത്മീയ മനസ്കയായ സ്ത്രീ ആയിരുന്നെന്നു വ്യക്തമാണ്. ആ അവസരത്തിൽ, മാർത്തയായിരുന്നു തന്റെ ഗുരുവിനെ എതിരേൽക്കാൻ വലിയ ഉത്സാഹം കാട്ടിയത്.—യോഹന്നാൻ 11:19-29.