“എല്ലാറ്റിനും ഒരു നിയമിത സമയമുണ്ട്”
“എല്ലാറ്റിനും ഒരു നിയമിത സമയമുണ്ട്”
“എല്ലാറ്റിനും ഒരു നിയമിത സമയമുണ്ട്, ആകാശത്തിൻ കീഴിലുള്ള സകല കാര്യത്തിനും ഒരു സമയമുണ്ട്.”—സഭാപ്രസംഗി 3:1, NW.
1. അപൂർണ മനുഷ്യർക്ക് എന്തു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു, ചില കേസുകളിൽ അവ എന്തിലേക്കു നയിച്ചിട്ടുണ്ട്?
“ഞാൻ അത് കുറെക്കൂടെ നേരത്തെ ചെയ്യേണ്ടതായിരുന്നു” അല്ലെങ്കിൽ അബദ്ധം പറ്റിയതിനുശേഷം, “ഞാൻ കാത്തിരിക്കേണ്ടതായിരുന്നു” എന്നൊക്കെ ആളുകൾ മിക്കപ്പോഴും പറയാറുണ്ട്. അത്തരം പ്രതികരണങ്ങൾ, ചില കാര്യങ്ങൾ ചെയ്യേണ്ട ശരിയായ സമയം നിർണയിക്കാൻ അപൂർണ മനുഷ്യർക്കുള്ള ബുദ്ധിമുട്ടു പ്രകടമാക്കുന്നു. ഈ പരിമിതി ബന്ധങ്ങൾ തകരാൻ ഇടയാക്കിയിട്ടുണ്ട്. അത് ആളുകളെ നിരാശയിലേക്കും ആശാഭംഗത്തിലേക്കും നയിച്ചിട്ടുണ്ട്. ഏറ്റവും ഖേദകരമായി, യഹോവയിലും അവന്റെ സംഘടനയിലുമുള്ള ചിലരുടെ വിശ്വാസം ക്ഷയിക്കാൻ അത് കാരണമാക്കിയിട്ടുണ്ട്.
2, 3. (എ) നിയമിത കാലങ്ങളെ കുറിച്ചുള്ള യഹോവയുടെ തീരുമാനം സ്വീകരിക്കുന്നതു ജ്ഞാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ബൈബിൾ പ്രവചനത്തിന്റെ നിവൃത്തി സംബന്ധിച്ച് നമുക്കു സന്തുലിതമായ എന്തു വീക്ഷണം ഉണ്ടായിരിക്കണം?
2 മനുഷ്യർക്ക് ഇല്ലാത്ത ജ്ഞാനവും ഉൾക്കാഴ്ചയും ഉള്ള യഹോവയ്ക്ക് താൻ ആഗ്രഹിക്കുന്ന പക്ഷം ഏതൊരു പ്രവർത്തനത്തിന്റെയും ഫലം മുൻകൂട്ടി അറിയാൻ കഴിയും. “ആരംഭത്തിങ്കൽ തന്നേ അവസാനവും” അവന് അറിയാൻ കഴിയും. (യെശയ്യാവു 46:10) അതുകൊണ്ട്, താൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും ചെയ്യാനുള്ള ഏറ്റവും അനുയോജ്യമായ സമയം തെറ്റുകൂടാതെ തിരഞ്ഞെടുക്കാൻ അവനു കഴിയും. ആയതിനാൽ സമയം സംബന്ധിച്ച്, തെറ്റായിരുന്നേക്കാവുന്ന നമ്മുടെ നിഗമനങ്ങളെ ആശ്രയിക്കുന്നതിനു പകരം, നിയമിത സമയത്തെ കുറിച്ചുള്ള യഹോവയുടെ തീരുമാനം സ്വീകരിക്കുന്നതാണ് നമ്മുടെ ഭാഗത്തു ജ്ഞാനം!
3 ദൃഷ്ടാന്തത്തിന്, ചില ബൈബിൾ പ്രവചനങ്ങൾ നിവൃത്തിയേറാനുള്ള യഹോവയുടെ സമയത്തിനായി പക്വതയുള്ള ക്രിസ്ത്യാനികൾ വിശ്വസ്തരായി കാത്തിരിക്കുന്നു. അവന്റെ സേവനത്തിൽ അവർ തിരക്കുള്ളവരായി നിലകൊള്ളുന്നു. അപ്പോഴെല്ലാം അവർ വിലാപങ്ങൾ 3:26-ലെ തത്ത്വം വ്യക്തമായി മനസ്സിൽ പിടിക്കുന്നു: “യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.” (ഹബക്കൂക് 3:16, NW താരതമ്യം ചെയ്യുക.) അതേസമയം, യഹോവ പ്രഖ്യാപിച്ചിരിക്കുന്ന ന്യായവിധി നിർവഹണം “വൈകിയാലും . . . വരും നിശ്ചയം; താമസിക്കയുമില്ല” എന്ന ബോധ്യം അവർക്കുണ്ട്.—ഹബക്കൂക് 2:3.
4. യഹോവയ്ക്കായി ക്ഷമാപൂർവം കാത്തിരിക്കാൻ ആമോസ് 3:7-ഉം മത്തായി 24:45-ഉം സഹായിക്കുന്നത് എങ്ങനെ?
4 എന്നാൽ, വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിൽ കൊടുത്തിരിക്കുന്ന ചില ബൈബിൾ വാക്യങ്ങളോ വിശദീകരണങ്ങളോ പൂർണമായി മനസ്സിലാക്കാൻ നമുക്കു കഴിയുന്നില്ലെങ്കിൽ, അക്ഷമരായിത്തീരാൻ നമുക്കു കാരണമുണ്ടോ? കാര്യങ്ങൾ വ്യക്തമാക്കാനുള്ള ദൈവത്തിന്റെ നിയമിത സമയത്തിനായി കാത്തിരിക്കുന്നതാണു ജ്ഞാനം. എന്തെന്നാൽ “യഹോവയായ കർത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാർക്കു തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.” (ആമോസ് 3:7) എത്ര അതിശയകരമായ ഒരു വാഗ്ദാനം! എന്നാൽ യഹോവ രഹസ്യ കാര്യങ്ങൾ വെളിപ്പെടുത്തുന്നത് അഭികാമ്യം എന്ന് അവനു തോന്നുന്ന സമയത്താണെന്ന് നാം തിരിച്ചറിയണം. ആ ഉദ്ദേശ്യത്തിൽ, തന്റെ ജനത്തിന് “തക്കസമയത്ത് അവരുടെ [ആത്മീയ] ആഹാരം കൊടുക്കാൻ” ദൈവം “വിശ്വസ്തനും വിവേകിയുമായ ഒരു അടിമ”യെ അധികാരപ്പെടുത്തിയിട്ടുണ്ട്. (മത്തായി 24:45, NW) അതുകൊണ്ട്, ചില കാര്യങ്ങൾ പൂർണമായി വിശദീകരിക്കപ്പെട്ടില്ലെങ്കിൽ അമിതമായി വ്യാകുലപ്പെടുകയോ രോഷം കൊള്ളുകയോ ചെയ്യാൻ നമുക്കു യാതൊരു കാരണവുമില്ല. മറിച്ച്, നാം യഹോവയ്ക്കായി ക്ഷമാപൂർവം കാത്തിരിക്കുന്നെങ്കിൽ, വിശ്വസ്ത അടിമയിലൂടെ അവൻ ആവശ്യമായത് “തക്കസമയത്ത്” തരുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ സാധിക്കും.
5. സഭാപ്രസംഗി 3:1-8 വിചിന്തനം ചെയ്യുന്നതിന്റെ പ്രയോജനം എന്ത്?
5 ഓരോന്നിനും അതിന്റേതായ “നിയമിത സമയം” ഉള്ള 28 വ്യത്യസ്ത കാര്യങ്ങളെ കുറിച്ച് ജ്ഞാനിയായ ശലോമോൻ രാജാവ് പറഞ്ഞു. (സഭാപ്രസംഗി 3:1-8, NW) ശലോമോൻ പറഞ്ഞതിന്റെ അർഥവും പ്രയുക്തതയും മനസ്സിലാക്കുന്നത്, ദൈവത്തിന്റെ വീക്ഷണ പ്രകാരം, ചില പ്രവർത്തനങ്ങൾക്കുള്ള ശരിയായ സമയവും അല്ലാത്ത സമയവും നിർണയിക്കാൻ നമ്മെ സഹായിക്കും. (എബ്രായർ 5:14) ക്രമത്തിൽ അത്, നമ്മുടെ ജീവിതത്തെ തദനുസരണം ക്രമപ്പെടുത്താനും നമ്മെ സഹായിക്കും.
‘കരയാൻ ഒരു കാലം, ചിരിപ്പാൻ ഒരു കാലം’
6, 7. (എ) ചിന്താശീലരായ ആളുകൾ ഇന്ന് ‘കരയാൻ’ ഇടയാക്കുന്നത് എന്ത്? (ബി) ലോകം അതിലെ ഗുരുതരമായ അവസ്ഥയുടെ ഗൗരവം കുറച്ചു കാട്ടാൻ ശ്രമിക്കുന്നത് എങ്ങനെ?
6 ‘കരയാൻ ഒരു കാലവും ചിരിപ്പാൻ ഒരു കാലവും’ ഉണ്ടെങ്കിലും ആദ്യത്തേതിനു പകരം രണ്ടാമത്തേത് ഇഷ്ടപ്പെടാത്ത ആരുണ്ട്? (സഭാപ്രസംഗി 3:4) ദുഃഖകരമെന്നു പറയട്ടെ, മുഖ്യമായും കരയാൻ കാരണങ്ങൾ നൽകുന്ന ഒരു ലോകത്തിലാണു നാം ജീവിക്കുന്നത്. മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് വിഷാദജനകമായ വാർത്തകളാണ്. കുട്ടികൾ സ്കൂളിൽ സഹപാഠികളെ വെടിവെച്ചു കൊല്ലുന്നതും മാതാപിതാക്കൾ മക്കളെ ദ്രോഹിക്കുന്നതും ഭീകരപ്രവർത്തകർ നിരപരാധികളെ കൊല്ലുകയോ അംഗഹീനരാക്കുകയോ ചെയ്യുന്നതും പ്രകൃതി വിപത്തുകൾ എന്നു വിളിക്കപ്പെടുന്നവ മനുഷ്യ ജീവനും സ്വത്തിനും നാശം വിതയ്ക്കുന്നതും കേൾക്കുമ്പോൾ നാം അത്യന്തം നടുങ്ങുന്നു. പട്ടിണിക്കോലങ്ങളായ, കണ്ണുകൾ കുഴിയിലിറങ്ങിയ കുട്ടികളും സ്വന്തം നാടു വിട്ട് ഓടാൻ നിർബന്ധിതരാകുന്ന അഭയാർഥികളും ടെലിവിഷൻ സ്ക്രീനിൽ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മത്സരിക്കുന്നു. വംശീയ വെടിപ്പാക്കൽ, എയ്ഡ്സ്, ജൈവ യുദ്ധം, എൽ നിന്യോ—ഒരു ഉഷ്ണജല പ്രതിഭാസം—എന്നിങ്ങനെ കഴിഞ്ഞ കാലത്തു പരിചിതം അല്ലാതിരുന്ന പദപ്രയോഗങ്ങൾ ഓരോന്നും അതിന്റേതായ വിധത്തിൽ ഇപ്പോൾ നമ്മുടെ മനസ്സുകളിലും ഹൃദയങ്ങളിലും ഉത്കണ്ഠ ഉളവാക്കുന്നു.
7 ഇക്കാര്യത്തിൽ യാതൊരു സംശയവുമില്ല—ഇന്നത്തെ ലോകം നിറയെ ദുരന്തവും ഹൃദയവേദനയുമാണ്. എന്നാൽ, സാഹചര്യത്തിന്റെ ഗൗരവം കുറച്ചു കാട്ടാൻ എന്നവണ്ണം വിനോദ വ്യവസായ മേഖല മറ്റുള്ളവർ അനുഭവിക്കുന്ന ദുരിതങ്ങൾ അവഗണിക്കുന്നതിലേക്കു നമ്മെ വഴിതെറ്റിക്കാൻ ഉദ്ദേശിച്ചുള്ള പൊള്ളയായ, തരംതാണ, മിക്കപ്പോഴും അധാർമികവും അക്രമാസക്തവുമായ വിഭവങ്ങൾ പതിവായി വിളമ്പുന്നു. എന്നാൽ അത്തരം വിനോദങ്ങൾ ജനിപ്പിക്കുന്ന വിഡ്ഢിത്തം നിറഞ്ഞ ഹാസ്യവും വ്യർഥമായ ചിരിയും ഉൾപ്പെടുന്ന ഗൗരവബോധം ഇല്ലാത്ത മനോഭാവത്തെ യഥാർഥ സന്തോഷവുമായി കൂട്ടിക്കുഴയ്ക്കരുത്. ദൈവാത്മാവിന്റെ ഒരു ഫലമായ സന്തോഷം, സാത്താന്റെ ലോകത്തിനു നൽകാൻ കഴിയുന്ന ഒന്നല്ല.—ഗലാത്യർ 5:22, 23; എഫെസ്യർ 5:3, 4.
8. ക്രിസ്ത്യാനികൾ ഇന്നു മുൻതൂക്കം നൽകേണ്ടത് കരച്ചിലിനോ ചിരിക്കോ? വിശദീകരിക്കുക.
8 ലോകത്തിന്റെ ശോച്യാവസ്ഥ തിരിച്ചറിയുമ്പോൾ, ചിരിക്കു വളരെയേറെ പ്രാധാന്യം നൽകാനുള്ള സമയമല്ല ഇതെന്നു നമുക്കു മനസ്സിലാക്കാവുന്നതാണ്. വിശ്രമത്തിനും വിനോദത്തിനും വേണ്ടി മാത്രം ജീവിക്കാനോ ആത്മീയ കാര്യങ്ങളെക്കാൾ ‘കളിതമാശ’യ്ക്കു മുൻതൂക്കം നൽകാനോ ഉള്ള സമയമല്ല ഇത്. (സഭാപ്രസംഗി 7:2-4 താരതമ്യം ചെയ്യുക.) “ലോകത്തെ പ്രയോജനപ്പെടുത്തുന്നവർ അതിനെ പൂർണമായി പ്രയോജനപ്പെടുത്താത്തവരെ പോലെ” ആയിരിക്കണമെന്ന് പൗലൊസ് പറഞ്ഞു. എന്തുകൊണ്ട്? എന്തെന്നാൽ “ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്.” (1 കൊരിന്ത്യർ 7:31, NW) തങ്ങൾ ജീവിക്കുന്ന കാലത്തിന്റെ ഗൗരവം പൂർണമായി തിരിച്ചറിഞ്ഞുകൊണ്ടാണ് സത്യ ക്രിസ്ത്യാനികൾ ജീവിക്കുന്നത്.—ഫിലിപ്പിയർ 4:8.
കരയുന്നുവെങ്കിലും യഥാർഥത്തിൽ സന്തുഷ്ടർ
9. ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ ഖേദകരമായ എന്തു സാഹചര്യം നിലനിന്നിരുന്നു, ഇന്ന് അതു നമുക്ക് എന്ത് അർഥമാക്കുന്നു?
9 ആഗോള ജലപ്രളയത്തിന്റെ കാലത്തു ജീവിച്ചിരുന്നവർക്ക് ജീവിതം സംബന്ധിച്ച് ഗൗരവബോധം ഇല്ലായിരുന്നു. അവർ തങ്ങളുടെ അനുദിന കാര്യങ്ങളിൽ മുഴുകി ജീവിച്ചു. “ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയ”തായിരുന്നിട്ടും അവർ കരയാൻ പരാജയപ്പെട്ടു. “ഭൂമി അതിക്രമംകൊണ്ടു നിറ”യവെ അവർ നിസ്സംഗത പുലർത്തി. (ഉല്പത്തി 6:5, 11) ആ ഖേദകരമായ അവസ്ഥയെ പരാമർശിച്ച യേശു നമ്മുടെ കാലത്തെ ആളുകൾക്ക് സമാനമായ മനോഭാവം ഉണ്ടായിരിക്കുമെന്നു മുൻകൂട്ടിപ്പറഞ്ഞു. അവൻ ഈ മുന്നറിയിപ്പു നൽകി: “ജലപ്രളയത്തിന്നു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തിൽ കയറിയനാൾവരെ അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.”—മത്തായി 24:38, 39.
10. യഹോവയുടെ നിയമിത സമയത്തോടു തങ്ങൾക്കു വിലമതിപ്പ് ഇല്ലായിരുന്നെന്ന് ഹഗ്ഗായിയുടെ നാളിലെ ഇസ്രായേല്യർ പ്രകടമാക്കിയത് എങ്ങനെ?
10 ജലപ്രളയത്തിനു ശേഷം ഏതാണ്ട് 1,850 വർഷം കഴിഞ്ഞ്, ഹഗ്ഗായിയുടെ നാളുകളിൽ അനേകം ഇസ്രായേല്യർ ആത്മീയ കാര്യങ്ങളിൽ സമാനമായ ഒരു ഗൗരവബോധമില്ലായ്മ പ്രകടമാക്കി. സ്വന്തം താത്പര്യങ്ങൾ പിന്തുടരുന്നതിൽ വ്യാപൃതരായിരുന്ന അവർക്ക് തങ്ങളുടേത് യഹോവയുടെ താത്പര്യങ്ങൾക്കു മുഖ്യ പ്രാധാന്യം നൽകാനുള്ള കാലമായിരുന്നു എന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. നാം ഇങ്ങനെ വായിക്കുന്നു: “യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്നു ഈ ജനം പറയുന്നുവല്ലോ. ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: ഈ ആലയം ശൂന്യമായിരിക്കെ നിങ്ങൾക്കു തട്ടിട്ട വീടുകളിൽ പാർപ്പാൻ കാലമായോ? ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിൻ.”—ഹഗ്ഗായി 1:1-5.
11. നമുക്കു നമ്മോടു തന്നെ ഉചിതമായും ഏതു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്?
11 ഹഗ്ഗായിയുടെ നാളിലെ ഇസ്രായേല്യരെ പോലെ നമുക്കും യഹോവയുടെ മുമ്പാകെ ഉത്തരവാദിത്വങ്ങളും പദവികളുമുണ്ട്. അതുകൊണ്ട്, യഹോവയുടെ സാക്ഷികൾ എന്ന നിലയിൽ ഇന്ന് നാമും സകല ഗൗരവത്തോടും കൂടെ നമ്മുടെ വഴികൾക്കു ശ്രദ്ധ നൽകുന്നതു നന്നായിരിക്കും. ലോക അവസ്ഥകളെയും അവ ദൈവനാമത്തിന്മേൽ വരുത്തുന്ന നിന്ദയെയും കുറിച്ച് നാം ‘കരയാറുണ്ടോ’? ആളുകൾ ദൈവത്തിന്റെ അസ്തിത്വത്തെ നിഷേധിക്കുകയോ അവന്റെ നീതിനിഷ്ഠമായ തത്ത്വങ്ങളെ നിർലജ്ജം അവഗണിക്കുകയോ ചെയ്യുമ്പോൾ നമുക്കു വേദന തോന്നാറുണ്ടോ? 2,500 വർഷം മുമ്പ് യെഹെസ്കേൽ ഒരു ദർശനത്തിൽ കണ്ട, അടയാളം ഇടപ്പെട്ട വ്യക്തികളെ പോലെ നാം പ്രതികരിക്കാറുണ്ടോ? അവരെ കുറിച്ച് നാം ഇങ്ങനെ വായിക്കുന്നു: “[എഴുത്തുകാരന്റെ മഷിക്കുപ്പിയോടു കൂടിയ പുരുഷനോട്] യഹോവ: നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽകൂടി ചെന്നു, അതിൽ നടക്കുന്ന സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെററികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.”—യെഹെസ്കേൽ 9:4.
12. ഇന്നത്തെ ആളുകളെ സംബന്ധിച്ചിടത്തോളം യെഹെസ്കേൽ 9:5, 6-ന് എന്തു പ്രാധാന്യമാണ് ഉള്ളത്?
12 തകർത്തു തരിപ്പണമാക്കാനുള്ള ആയുധങ്ങളേന്തിയ ആറു പുരുഷന്മാർക്കു നൽകപ്പെടുന്ന നിർദേശത്തെ കുറിച്ചു നാം വായിക്കുമ്പോൾ, ഈ വിവരണത്തിന് ഇന്ന് നമ്മുടെ നാളിലുള്ള പ്രാധാന്യം വ്യക്തമാകുന്നു: “നിങ്ങൾ അവന്റെ പിന്നാലെ നഗരത്തിൽകൂടി ചെന്നു വെട്ടുവിൻ! നിങ്ങളുടെ കണ്ണിന്നു ആദരവു തോന്നരുതു; നിങ്ങൾ കരുണ കാണിക്കയുമരുതു. വൃദ്ധന്മാരെയും യൌവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിൻ! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുതു; എന്റെ വിശുദ്ധമന്ദിരത്തിൽ തന്നേ തുടങ്ങുവിൻ.” (യെഹെസ്കേൽ 9:5, 6) അതിവേഗം ആസന്നം ആയിക്കൊണ്ടിരിക്കുന്ന ആ മഹോപദ്രവത്തിലെ നമ്മുടെ അതിജീവനം, ഇന്നത്തേത് മുഖ്യമായും കരയാനുള്ള ഒരു സമയമാണെന്നു നാം തിരിച്ചറിയുന്നതിനെ ആശ്രയിച്ചിരിക്കുന്നു.
13, 14. (എ) ഏതു തരത്തിലുള്ള ആളുകളെയാണ് യേശു സന്തുഷ്ടരായി പ്രഖ്യാപിച്ചത്? (ബി) ഈ വിവരണം യഹോവയുടെ സാക്ഷികൾക്കു നന്നായി യോജിക്കുന്നുവെന്ന് നിങ്ങൾക്കു തോന്നുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കുക.
13 യഹോവയുടെ ദാസന്മാർ ലോകത്തിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ച് ‘കരയുന്നു’ എന്ന വസ്തുത സന്തുഷ്ടർ ആയിരിക്കുന്നതിൽനിന്ന് അവരെ തീർച്ചയായും തടയുന്നില്ല. യാഥാർഥ്യം നേരെമറിച്ചാണ്! അവരാണ് ഭൂമിയിലെ ഏറ്റവും സന്തുഷ്ടരായ ജന സമൂഹം. പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് യേശു സന്തുഷ്ടിയുടെ ഉരകല്ല് എന്താണെന്നു വ്യക്തമാക്കി: “ആത്മാവിൽ ദരിദ്രരായവർ [“തങ്ങളുടെ ആത്മീയ ആവശ്യത്തെ കുറിച്ച് ബോധമുള്ളവർ,” NW], . . . ദുഃഖിക്കുന്നവർ, . . . സൌമ്യതയുള്ളവർ, . . . നീതിക്കു വിശന്നു ദാഹിക്കുന്നവർ, . . . കരുണയുള്ളവർ, . . . ഹൃദയശുദ്ധിയുള്ളവർ, . . . സമാധാനം ഉണ്ടാക്കുന്നവർ, . . . നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവർ, . . . ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].” (മത്തായി 5:3-10) ഈ വിവരണം മറ്റ് ഏതൊരു മത സംഘടനയെക്കാളും ഉപരി ഒരു സമൂഹം എന്ന നിലയിൽ യഹോവയുടെ സാക്ഷികൾക്കു ബാധകമാകുന്നു എന്നതിനു വേണ്ടുവോളം തെളിവുണ്ട്.
14 വിശേഷിച്ചും, 1919-ൽ നടന്ന സത്യാരാധനയുടെ പുനഃസ്ഥിതീകരണം മുതൽ യഹോവയുടെ സന്തുഷ്ട ജനത്തിന് “ചിരിപ്പാൻ” കാരണമുണ്ട്. പൊ.യു.മു. ആറാം നൂറ്റാണ്ടിൽ ബാബിലോണിൽനിന്നു മടങ്ങി എത്തിയവരുടെ പിൻവരുന്ന പുളകം കൊള്ളിക്കുന്ന അനുഭവമാണ് ആത്മീയമായി അവർക്കും ഉണ്ടായിരുന്നത്: “യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു. അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആർപ്പും നിറഞ്ഞിരുന്നു. . . . യഹോവ ഞങ്ങളിൽ വൻകാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ സന്തോഷിക്കുന്നു.” (സങ്കീർത്തനം 126:1-3) എങ്കിലും, ആത്മീയ ചിരിയുടെ ഇടയിലും, യഹോവയുടെ സാക്ഷികൾ കാലത്തിന്റെ ഗൗരവം ജ്ഞാനപൂർവം മനസ്സിൽ പിടിക്കുന്നു. പുതിയ ലോകം ഒരു യാഥാർഥ്യമാകുകയും ഭൂമിയിലെ നിവാസികൾ ‘സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളുകയും’ ചെയ്യുമ്പോൾ, സകല നിത്യതയിലേക്കുമായി കരച്ചിൽ ചിരിക്കു വഴിമാറിക്കൊടുക്കാനുള്ള സമയം ആഗതമാകും.—1 തിമൊഥെയൊസ് 6:19; വെളിപ്പാടു 21:3-5.
“ആലിംഗനം ചെയ്വാൻ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാൻ ഒരു കാലം”
15. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ ക്രിസ്ത്യാനികൾ ശ്രദ്ധാലുക്കൾ ആയിരിക്കുന്നത് എന്തുകൊണ്ട്?
15 ആരെ സുഹൃത്തുക്കളാക്കും എന്ന കാര്യത്തിൽ ക്രിസ്ത്യാനികൾ ശ്രദ്ധാലുക്കളാണ്. “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു” എന്ന പൗലൊസിന്റെ മുന്നറിയിപ്പ് അവർ മനസ്സിൽ പിടിക്കുന്നു. (1 കൊരിന്ത്യർ 15:33, NW) ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.”—സദൃശവാക്യങ്ങൾ 13:20.
16, 17. സൗഹൃദം, ഡേറ്റിങ്, വിവാഹം എന്നിവയെ യഹോവയുടെ സാക്ഷികൾ എങ്ങനെ വീക്ഷിക്കുന്നു, എന്തുകൊണ്ട്?
16 തങ്ങളെപ്പോലെ തന്നെ യഹോവയോടും അവന്റെ നീതിയുള്ള വഴികളോടും സ്നേഹമുള്ളവരെ ആണ് യഹോവയുടെ ദാസന്മാർ സുഹൃത്തുക്കളായി തിരഞ്ഞെടുക്കുന്നത്. അവർ തങ്ങളുടെ സുഹൃത്തുക്കളുടെ സഖിത്വം വിലമതിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുവെങ്കിലും, ഡേറ്റിങ്ങിന്റെ കാര്യത്തിൽ ചില രാജ്യങ്ങളിൽ ഇന്നു വ്യാപകം ആയിരിക്കുന്ന അനുവാദാത്മകവും അമിത സ്വാതന്ത്ര്യത്തോടു കൂടിയതുമായ വീക്ഷണം അവർ ജ്ഞാനപൂർവം ഒഴിവാക്കുന്നു. നിരുപദ്രവകരമായ ഒരു തമാശ എന്നവണ്ണം ഡേറ്റിങ്ങിൽ രസിക്കുന്നതിനു പകരം അവർ അതിനെ, ഒരുവൻ വിവാഹത്തിന് ശാരീരികമായും മാനസികമായും ആത്മീയമായും സജ്ജനായിരിക്കുകയും തിരുവെഴുത്തുപരമായി സ്വതന്ത്രനായിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ മാത്രം സ്വീകരിക്കുന്ന, വിവാഹത്തിലേക്കുള്ള ഗൗരവമേറിയ ഒരു പടിയായി വീക്ഷിക്കുന്നു.—1 കൊരിന്ത്യർ 7:36, NW.
17 ഡേറ്റിങ്ങിന്റെയും വിവാഹത്തിന്റെയും കാര്യത്തിലുള്ള അത്തരമൊരു വീക്ഷണം പഴഞ്ചനാണെന്നു ചിലർ കരുതിയേക്കാം. എന്നാൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിലോ ഡേറ്റിങ്ങിന്റെയും വിവാഹത്തിന്റെയും കാര്യത്തിലോ സമപ്രായക്കാരുടെ സമ്മർദം തങ്ങളെ സ്വാധീനിക്കാൻ യഹോവയുടെ സാക്ഷികൾ അനുവദിക്കില്ല. ‘ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെടുന്നു’ എന്ന് അവർക്ക് അറിയാം. (മത്തായി 11:19) കാര്യങ്ങൾ എല്ലായ്പോഴും ഏറ്റവും നന്നായി അറിയാവുന്നത് യഹോവയ്ക്കാണ്. അതുകൊണ്ട്, “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ” വിവാഹം കഴിക്കാവൂ എന്ന അവന്റെ ബുദ്ധിയുപദേശം അവർ ഗൗരവമായെടുക്കുന്നു. (1 കൊരിന്ത്യർ 7:39; 2 കൊരിന്ത്യർ 6:14) വിവാഹ ബന്ധത്തിന് ഇളക്കം തട്ടുന്ന പക്ഷം, വിവാഹ മോചനമോ വേർപിരിയലോ സ്വീകാര്യമായ മാർഗങ്ങളാണെന്നു ചിന്തിച്ചുകൊണ്ട് വിവാഹത്തിലേക്ക് എടുത്തുചാടുന്നത് അവർ ഒഴിവാക്കുന്നു. ഒരിക്കൽ വിവാഹ പ്രതിജ്ഞ എടുത്താൽപ്പിന്നെ, യഹോവയുടെ പിൻവരുന്ന നിയമം തങ്ങൾക്കു ബാധകമാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് അനുയോജ്യ ഇണയെ കണ്ടെത്താനായി അവർ സമയമെടുക്കുന്നു: “അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു.”—മത്തായി 19:6; മർക്കൊസ് 10:9.
18. സന്തുഷ്ട വിവാഹ ജീവിതത്തിനുള്ള ഒരു പ്രാരംഭ പടി ആയിരിക്കാവുന്നത് എന്ത്?
18 വിവാഹം ശ്രദ്ധാപൂർവകമായ ആസൂത്രണം ആവശ്യമുള്ള ഒരു ആജീവനാന്ത പ്രതിബദ്ധതയാണ്. ഒരുവനു ന്യായമായും സ്വയം ഇങ്ങനെ ചോദിക്കാവുന്നതാണ്, ‘അവൾ എനിക്കു ശരിക്കും ചേരുന്ന വ്യക്തിയാണോ?’ എന്നാൽ അത്രതന്നെ പ്രധാനമാണ് പിൻവരുന്ന ചോദ്യങ്ങളും, ‘ഞാൻ അവൾക്കു ശരിക്കും ചേരുന്ന വ്യക്തിയാണോ? അവളുടെ ആത്മീയ ആവശ്യങ്ങൾക്കായി കരുതാൻ കഴിയുന്ന, പക്വതയുള്ള ഒരു ക്രിസ്ത്യാനിയാണോ ഞാൻ?’ ദിവ്യ അംഗീകാരത്തിനു യോഗ്യമായ ശക്തമായൊരു വിവാഹ ബന്ധം രൂപപ്പെടുത്താൻ തക്കവിധം ആത്മീയമായി ബലിഷ്ഠരായിരിക്കാൻ ഭാവി ഇണകൾ ഇരുവർക്കും യഹോവയുടെ മുമ്പാകെ കടപ്പാടുണ്ട്. സ്വീകരിക്കുന്നതിനെക്കാൾ അധികം കൊടുക്കുന്നതിന് ഊന്നൽ നൽകുന്നതു നിമിത്തം, മുഴുസമയ ശുശ്രൂഷ സന്തുഷ്ട വിവാഹ ജീവിതത്തിനുള്ള നല്ലൊരു പ്രാരംഭ പടി ആണെന്ന് ആയിരക്കണക്കിനു ക്രിസ്തീയ ദമ്പതികൾക്കു സാക്ഷ്യപ്പെടുത്താൻ കഴിയും.
19. ചില ക്രിസ്ത്യാനികൾ ഏകാകികളായി തുടരുന്നത് എന്തുകൊണ്ട്?
19 ചില ക്രിസ്ത്യാനികൾ സുവാർത്തയ്ക്കു വേണ്ടി ഏകാകികളായി തുടരാൻ തീരുമാനിച്ചുകൊണ്ട് “ആലിംഗനം ചെയ്യാതിരി”ക്കുന്നു. (സഭാപ്രസംഗി 3:5) ഒരു അനുയോജ്യ ഇണയെ ആകർഷിക്കാൻ തങ്ങൾ ആത്മീയമായി യോഗ്യരാണെന്നു തോന്നുന്നതു വരെ മറ്റു ചിലർ വിവാഹം നീട്ടി വെക്കുന്നു. എന്നാൽ, വിവാഹത്തിലെ ഉറ്റ ബന്ധവും പ്രയോജനങ്ങളും വാഞ്ഛിക്കുന്നുവെങ്കിലും ഒരു ഇണയെ കണ്ടെത്താൻ കഴിയാതെ വരുന്ന ഏകാകികളായ ക്രിസ്ത്യാനികളെയും നമുക്കു വിസ്മരിക്കാതിരിക്കാം. വിവാഹം കഴിക്കാനായി ദിവ്യ തത്ത്വങ്ങളുടെ കാര്യത്തിൽ അനുരഞ്ജനപ്പെടാൻ അവർ വിസമ്മതിക്കുന്നതു യഹോവയെ സന്തോഷിപ്പിക്കുന്നു എന്ന് നമുക്ക് ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്. നാം അവരുടെ വിശ്വസ്തതയെ വിലമതിക്കുകയും അവർ അർഹിക്കുന്ന ഉചിതമായ പിന്തുണ നൽകുകയും ചെയ്യുന്നതു നല്ലതായിരിക്കും.
20. വിവാഹ പങ്കാളികൾ പോലും ചില അവസരങ്ങളിൽ “ആലിംഗനം ചെയ്യാതിരി”ക്കേണ്ടത് എന്തുകൊണ്ട്?
20 വിവാഹിത ദമ്പതികൾ പോലും ചിലപ്പോഴൊക്കെ “ആലിംഗനം ചെയ്യാതിരി”ക്കേണ്ടത് ഉണ്ടോ? ചില അവസരങ്ങളിൽ അത് ആവശ്യമാണെന്നു തോന്നുന്നു. കാരണം പൗലൊസ് പറഞ്ഞു: “സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു; ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെ” ആയിരിക്കണം. (1 കൊരിന്ത്യർ 7:29) അതനുസരിച്ച്, ചില അവസരങ്ങളിൽ വിവാഹ ജീവിതത്തിന്റെ സന്തോഷങ്ങളെക്കാളും അനുഗ്രഹങ്ങളെക്കാളും ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങൾക്കു പ്രാധാന്യം നൽകേണ്ടതുണ്ട്. ഇക്കാര്യത്തിലുള്ള ഒരു സന്തുലിത വീക്ഷണം വിവാഹ ജീവിതത്തെ ദുർബലമാക്കില്ല, മറിച്ച്, ശക്തിപ്പെടുത്തുകയേ ഉള്ളൂ. കാരണം, തങ്ങളുടെ വിവാഹ ബന്ധത്തെ ഉറപ്പുള്ളതാക്കുന്ന മുഖ്യ ഘടകം എല്ലായ്പോഴും യഹോവ ആയിരിക്കണമെന്ന് ഓർമിക്കാൻ അത് ഇരു പങ്കാളികളെയും സഹായിക്കുന്നു.—സഭാപ്രസംഗി 4:12.
21. കുട്ടികൾ വേണമോ വേണ്ടയോ എന്ന തീരുമാനത്തിന്റെ കാര്യത്തിൽ വിവാഹിത ദമ്പതികളെ നാം വിധിക്കരുതാത്തത് എന്തുകൊണ്ട്?
21 കൂടാതെ, ദൈവസേവനം നിർവഹിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതിന് ചില വിവാഹിത ദമ്പതികൾ കുട്ടികൾ വേണ്ടെന്നു വെച്ചിട്ടുണ്ട്. ഇത് അവരുടെ ഭാഗത്ത് ത്യാഗം ആവശ്യമാക്കിയിരിക്കുന്നു. യഹോവ അവർക്ക് അതിന് അനുസൃതമായ പ്രതിഫലം നൽകും. സുവാർത്തയെ പ്രതി ബൈബിൾ ഏകാകിത്വത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അതിനെ പ്രതി കുട്ടികൾ വേണ്ടെന്നു വെക്കുന്നതിനെ കുറിച്ച് അതു നേരിട്ട് ഒരു അഭിപ്രായ പ്രകടനം നടത്തുന്നില്ല. (മത്തായി 19:10-12; 1 കൊരിന്ത്യർ 7:38, NW; മത്തായി 24:19-ഉം ലൂക്കൊസ് 23:28-30-ഉം താരതമ്യം ചെയ്യുക.) അതുകൊണ്ട്, ദമ്പതികൾ വ്യക്തിഗത സാഹചര്യങ്ങളുടെയും മനസ്സാക്ഷിയുടെയും അടിസ്ഥാനത്തിൽ സ്വന്തമായ തീരുമാനം എടുക്കണം. തീരുമാനം എന്തായിരുന്നാലും ഇക്കാര്യത്തിൽ ദമ്പതികളെ വിമർശിക്കാവുന്നതല്ല.
22. നാം എന്തു തീരുമാനിക്കുന്നതു പ്രധാനമാണ്?
22 അതേ, “എല്ലാറ്റിനും ഒരു നിയമിത സമയമുണ്ട്, ആകാശത്തിൻ കീഴുള്ള സകല കാര്യത്തിന്നും ഒരു സമയമുണ്ട്.” “യുദ്ധത്തിന്നു ഒരു കാലവും, സമാധാനത്തിന്നു ഒരു കാലവും” പോലുമുണ്ട്. (സഭാപ്രസംഗി 3:1, 8) ഇപ്പോഴത്തെ സമയം ഇവയിൽ ഏതിന്റെയാണെന്ന് തീരുമാനിക്കുന്നതു നമുക്കു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്ന് അടുത്ത ലേഖനം ചർച്ച ചെയ്യും.
നിങ്ങൾക്കു വിശദീകരിക്കാമോ?
□ “എല്ലാറ്റിനും ഒരു നിയമിത സമയ”മുണ്ടെന്നു നാം അറിയേണ്ടത് മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
□ ഇന്നത്തേതു മുഖ്യമായും ‘കരയാനുള്ള ഒരു കാലം’ ആയിരിക്കുന്നത് എന്തുകൊണ്ട്?
□ ക്രിസ്ത്യാനികൾ ‘കരയുന്നു’ എങ്കിലും വാസ്തവത്തിൽ സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ട്?
□ ‘ആലിംഗനം ചെയ്യാതിരിപ്പാനുള്ള ഒരു കാലമായി’ തങ്ങൾ ഇപ്പോഴത്തെ സമയത്തെ വീക്ഷിക്കുന്നുവെന്ന് ചില ക്രിസ്ത്യാനികൾ പ്രകടമാക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[6, 7 പേജുകളിലെ ചിത്രങ്ങൾ]
ലോകാവസ്ഥകൾ നിമിത്തം ക്രിസ്ത്യാനികൾ ‘കരയുന്നു’ എങ്കിലും . . .
. . . ലോകത്തിൽ ഏറ്റവും സന്തുഷ്ടരായിരിക്കുന്ന ജനം വാസ്തവത്തിൽ അവരാണ്
[8-ാം പേജിലെ ചിത്രം]
സന്തുഷ്ട വിവാഹ ജീവിതത്തിനുള്ള ഒരു ഉത്തമ അടിസ്ഥാനമാണ് മുഴുസമയ ശുശ്രൂഷ