ദിവ്യ കടങ്കഥകളും ദൈവോദ്ദേശ്യവും
ദിവ്യ കടങ്കഥകളും ദൈവോദ്ദേശ്യവും
അറിയില്ലെങ്കിൽ വളരെ വിഷമം, അറിയാമെങ്കിൽ വളരെ എളുപ്പം. എന്താണത്? കടങ്കഥ.
കാര്യങ്ങളെ ഗൗരവമായി വീക്ഷിക്കുന്ന ഇന്നത്തെ സമൂഹത്തിൽ കടങ്കഥ പറയുന്നത് കുട്ടിക്കളിയായി കരുതപ്പെടുന്നു. എന്നാൽ വ്യാഖ്യാതാവിന്റെ ബൈബിൾ നിഘണ്ടു (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, പുരാതന കാലങ്ങളിൽ കടങ്കഥ പറച്ചിൽ “ഒരു ജ്ഞാന പരിശോധന ആയിരുന്നു.”—സദൃശവാക്യങ്ങൾ 1:5, 6 താരതമ്യം ചെയ്യുക.
തന്റെ ഹിതമോ ഉദ്ദേശ്യമോ തുറന്നു പ്രസ്താവിക്കുന്നതിനു പകരം, ഉപമകളും കുഴയ്ക്കുന്ന “ഗുപ്ത വചനങ്ങളും” അഥവാ കടങ്കഥകളും ഉപയോഗിച്ചുകൊണ്ട് യഹോവ ചിലപ്പോഴൊക്കെ തന്റെ പ്രാവചനിക വചനങ്ങളെ മനഃപൂർവം അസ്പഷ്ടമാക്കിയിട്ടുണ്ട്. (സങ്കീർത്തനം 78:2, ജയിംസ് രാജാവിന്റെ ഭാഷാന്തരം; സംഖ്യാപുസ്തകം 12:8, ദി എംഫസൈസ്ഡ് ബൈബിൾ) വാസ്തവത്തിൽ, കടങ്കഥ എന്നതിന്റെ എബ്രായ പദം 17 പ്രാവശ്യമേ ബൈബിളിൽ ഉള്ളു എങ്കിലും, തിരുവെഴുത്തുകളിൽ ധാരാളം കടങ്കഥകളും പഴമൊഴികളും കാണാം.
ബൈബിൾ കടങ്കഥകൾ വളരെയേറെ
തന്റെ നേരെ ഉന്നയിക്കപ്പെട്ട ഏറ്റവും ദുഷ്കരമായ ചോദ്യങ്ങൾക്ക് അഥവാ കടങ്കഥകൾക്കു പോലും ഉത്തരം നൽകാൻ ശലോമോൻ രാജാവിനു സാധിച്ചിരുന്നു എന്നു റിപ്പോർട്ടു ചെയ്യപ്പെടുന്നു. (1 രാജാക്കന്മാർ 10:1, NW അടിക്കുറിപ്പ്) തീർച്ചയായും അതു ദൈവദത്ത ജ്ഞാനത്തിന്റെ ഫലമായിരുന്നു. ഒരിക്കൽ സോരിലെ ഹീരാം രാജാവുമായുള്ള കടങ്കഥ മത്സരത്തിൽ ശലോമോൻ പരാജയപ്പെട്ടുവെന്ന പുരാതന ചരിത്രകാരന്മാരുടെ റിപ്പോർട്ടുകളിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ, അവന്റെ വിശ്വാസത്യാഗത്തിന്റെ ഫലമായി യഹോവയുടെ ആത്മാവ് അവനു നഷ്ടമായതിനു ശേഷമായിരിക്കണം അങ്ങനെ സംഭവിച്ചത്. സമാനമായി, ന്യായാധിപനായ ശിംശോന് കടങ്കഥകൾ പ്രിയമായിരുന്നു. ഒരിക്കൽ പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, ഒരു കടങ്കഥ ഉപയോഗിച്ച് ദൈവത്തിന്റെ ശത്രുക്കളുടെ ഹൃദയങ്ങളിൽ ഭയം ജനിപ്പിക്കാൻ അവനു കഴിഞ്ഞു.—ന്യായാധിപന്മാർ 14:12-19.
എന്നിരുന്നാലും, ബൈബിളിലെ പല കടങ്കഥകളും യഹോവയുടെ ഉദ്ദേശ്യങ്ങളോടു നേരിട്ടു ബന്ധമുള്ളവയാണ്. ഉദാഹരണത്തിന് ഉല്പത്തി 3:15 പരിചിന്തിക്കുക. ബൈബിളിന്റെ മൂലവിഷയത്തിന് ആധാരമായ ആ പ്രവചനത്തിൽ നിഗൂഢത, “പാവന രഹസ്യം” അടങ്ങിയിരിക്കുന്നു. (റോമർ 16:25, 26, NW) പ്രകൃത്യതീത ദർശനങ്ങൾക്കും വെളിപാടുകൾക്കും പുറമേ, അപ്പൊസ്തലനായ പൗലൊസ് ദൈവോദ്ദേശ്യത്തിന്റെ ചില വശങ്ങൾ “കടമൊഴിയായി,” അല്ലെങ്കിൽ അക്ഷരീയമായി “ഗുപ്ത രൂപത്തിൽ,” കാണുകയുണ്ടായി. (1 കൊരിന്ത്യർ 13:12; 2 കൊരിന്ത്യർ 12:1-4) കൂടാതെ, പൊടുന്നനെ, യാതൊരു വിശദീകരണവും കൂടാതെ വെളിപ്പാടു 13:18-ൽ അവതരിപ്പിച്ചിരിക്കുന്ന കാട്ടുമൃഗത്തിന്റെ നിഗൂഢ സംഖ്യയെ—“അറുനൂറ്ററുപത്താറു”—ചുറ്റിപ്പറ്റിയുള്ള അനന്തമായ ഊഹാപോഹങ്ങൾ സംബന്ധിച്ചെന്ത്? ഈ ദിവ്യ കടങ്കഥകൾക്ക് ഉത്തരം കണ്ടെത്താൻ ആർക്കു കഴിയും, അവ എന്ത് ഉദ്ദേശ്യത്തിനായി ഉതകുന്നു?
പാവന രഹസ്യങ്ങളുടെ മറനീക്കുന്നു
നമ്മിൽ പലരെയും സംബന്ധിച്ചിടത്തോളം പഞ്ചേന്ദ്രിയ പ്രാപ്തികളിൽ ഏറ്റവും മുഖ്യം കാഴ്ചയാണ്. പ്രകാശം ഇല്ലായിരുന്നെങ്കിൽ കാഴ്ചശക്തികൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകില്ലായിരുന്നു. നാം ഫലത്തിൽ അന്ധരായിരിക്കുമായിരുന്നു. മനുഷ്യമനസ്സിന്റെ കാര്യവും അങ്ങനെ തന്നെയാണ്. രൂപമാതൃകകൾ കൂട്ടിയോജിപ്പിക്കുകയും യുക്തി പ്രയോഗിക്കുകയും ചെയ്തുകൊണ്ട് കുഴപ്പിക്കുന്ന വിഷയങ്ങൾ വിശദീകരിക്കാനുള്ള അത്ഭുതകരമായ പ്രാപ്തി അതിനുണ്ട്. എന്നാൽ, പാവന രഹസ്യങ്ങളുടെ മറനീക്കാൻ അതിനെക്കാൾ കൂടുതൽ ആവശ്യമാണ്. ബൈബിളിലെ കടങ്കഥകൾക്ക് ഉത്തരങ്ങൾ നൽകാൻ മറ്റുള്ളവർക്കു കഴിഞ്ഞേക്കാമെങ്കിലും, വെളിച്ചത്തിന്റെ ദൈവമായ അതിന്റെ ഗ്രന്ഥകാരനു മാത്രമേ യഥാർഥ അർഥം വെളിപ്പെടുത്താൻ സാധിക്കൂ.—1 യോഹന്നാൻ 1:5.
മനുഷ്യർ മിക്കപ്പോഴും വളരെ അഹങ്കാരപൂർവം ഉത്തരങ്ങൾക്കായി യഹോവയിൽ ആശ്രയിക്കാതിരിക്കുന്നതു ദുഃഖകരമാണ്. നിഗൂഢതയെ കുറിച്ചുള്ള ജിജ്ഞാസയാൽ പ്രേരിതരായി ദൈവവചനത്തിനു പുറത്തു പരിഹാരമാർഗങ്ങൾ തേടുന്ന വ്യക്തികളുണ്ട്. ബൗദ്ധിക തൃപ്തിക്കായി മാത്രമാണ് അവരതു ചെയ്യുന്നത്, അവശ്യം സത്യം കണ്ടെത്താനല്ല. ഉദാഹരണത്തിന്, കബാലയിൽ കാണുന്നതനുസരിച്ച് ഒരു നിഗൂഢ യഹൂദ മതവിഭാഗം സംഖ്യകളുടെയും എബ്രായ
അക്ഷരമാലയിലെ അക്ഷരങ്ങളുടെയും മാന്ത്രിക പ്രാധാന്യത്തെ കുറിച്ചു ചിന്തിച്ചിരുന്നു. നേരെ മറിച്ച്, രണ്ടാം നൂറ്റാണ്ടിലെ ജ്ഞാനവാദികൾ എബ്രായ-ഗ്രീക്കു തിരുവെഴുത്തുകളുടെ നിഗൂഢാർഥം ഗ്രഹിക്കാനായി ആ തിരുവെഴുത്തുകളെ ഉപയോഗപ്പെടുത്തിയിരുന്നു.എന്നാൽ, അത്തരം അന്വേഷണങ്ങളെല്ലാം അവരെ പുറജാതീയ ആചാരങ്ങളിലേക്ക് അല്ലെങ്കിൽ ചടങ്ങുകളിലേക്ക് നയിക്കുകയും ദിവ്യ സത്യത്തിൽനിന്ന് അകറ്റുകയും ചെയ്തു. ‘ലോകം തിന്മകൊണ്ടു നിറഞ്ഞിരിക്കുന്നതിനാൽ സ്രഷ്ടാവായ യാഹ്വെ നല്ലവനായ ഒരു ദൈവം ആയിരിക്കില്ല’ എന്നു ജ്ഞാനവാദികൾ വാദിച്ചു. അവർക്കു നൽകാൻ കഴിയുന്ന ഏറ്റവും നല്ല ഉത്തരം ഇതാണോ? മനുഷ്യന്റെ ന്യായവാദങ്ങൾ എത്രയോ പൊള്ളയാണ്! ജ്ഞാനവാദ വിഭാഗങ്ങൾ മുഖാന്തരം നിലവിൽ വന്ന വിശ്വാസത്യാഗപരമായ ആശയങ്ങളെ ചെറുത്തുനിന്നുകൊണ്ട് പൗലൊസ് അപ്പൊസ്തലൻ തന്റെ ലേഖനങ്ങളിൽ ശക്തമായി ഈ മുന്നറിയിപ്പു നൽകിയതിൽ അതിശയിക്കാനില്ല: ‘എഴുതിയിരിക്കുന്നതിന് അപ്പുറം പോകാതിരിക്കുക’!—1 കൊരിന്ത്യർ 4:6.
‘ഗുപ്ത വചനങ്ങ’ളുടെ മറനീക്കൽ
എന്നിരുന്നാലും, വെളിച്ചത്തിന്റെ ദൈവം ‘ഗുപ്ത വചനങ്ങൾ’ ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്? സാധാരണ ഗതിയിൽ ഒരു കടങ്കഥ ഒരുവന്റെ ഭാവനയ്ക്കും കാര്യങ്ങൾ പൊരുൾ തിരിച്ചു മനസ്സിലാക്കാനുള്ള പ്രാപ്തിക്കും വെല്ലുവിളി ഉയർത്തുന്നതാണ്. ഒരു വിശിഷ്ട ഭോജ്യത്തിൽ ഉപയോഗിക്കുന്ന രുചിവർധക ഘടകങ്ങൾ പോലെ, തിരുവെഴുത്തുകളിൽ അങ്ങിങ്ങായി കാണുന്ന കടങ്കഥകൾ ചിലപ്പോൾ വായനക്കാരുടെ കൗതുകം ഉണർത്താൻ വേണ്ടി മാത്രമോ സന്ദേശം കൂടുതൽ ജീവസ്സുറ്റതാക്കാനോ ആണ് ഉപയോഗിച്ചിരിക്കുന്നത്. അത്തരം സന്ദർഭങ്ങളിൽ സാധാരണമായി വിശദീകരണങ്ങൾ അതേത്തുടർന്ന് കൊടുത്തിരിക്കുന്നതായി കാണാം.—യെഹെസ്കേൽ 17:1-18; മത്തായി 18:23-35.
യഹോവ ഉദാരതയോടെ ജ്ഞാനം നൽകുന്നുവെങ്കിലും ഒരിക്കലും വിവേചനാരഹിതമായി അങ്ങനെ ചെയ്യുന്നില്ല. (യാക്കോബ് 1:5-8) സദൃശവാക്യങ്ങളുടെ പുസ്തകത്തിന്റെ കാര്യമെടുക്കാം. ചിലർ കടങ്കഥകളായി വീക്ഷിക്കുന്ന കുഴപ്പിക്കുന്ന നിരവധി മൊഴികളുടെ ഒരു നിശ്വസ്ത സമാഹാരമാണ് അത്. അവ മനസ്സിലാക്കാൻ സമയവും ധ്യാനവും ആവശ്യമാണ്. എന്നാൽ അത്തരമൊരു ശ്രമം നടത്താൻ സന്നദ്ധരാകുന്ന എത്ര പേരുണ്ട്? ജ്ഞാനം പ്രാപിക്കാൻ കഠിന ശ്രമം ചെയ്യുന്നവർക്കു മാത്രമേ അവയിൽ അടങ്ങിയിരിക്കുന്ന ജ്ഞാനം ലഭിക്കൂ.—സദൃശവാക്യങ്ങൾ 2:1-5.
അതുപോലെ, തന്റെ ശ്രോതാക്കളുടെ അന്തരംഗം വെളിച്ചത്തു കൊണ്ടുവരാൻ യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു. ജനങ്ങൾ അവനു ചുറ്റും തടിച്ചുകൂടി. അവർ അവന്റെ കഥകൾ ആസ്വദിച്ചു. അവർക്ക് അവന്റെ അത്ഭുതങ്ങൾ ഇഷ്ടമായി. എന്നാൽ, തങ്ങളുടെ ജീവിതരീതിക്കു മാറ്റം വരുത്തിക്കൊണ്ട് അവനെ അനുഗമിക്കാൻ എത്ര പേർ സന്നദ്ധരായിരുന്നു? യേശുവിന്റെ പഠിപ്പിക്കലുകൾ മനസ്സിലാക്കാൻ ആവർത്തിച്ചാവർത്തിച്ചു ശ്രമിച്ച, അവന്റെ അനുഗാമികൾ ആയിത്തീരാൻ തങ്ങളെത്തന്നെ ത്യജിക്കാൻ സന്നദ്ധരായിരുന്ന യേശുവിന്റെ ശിഷ്യന്മാരിൽനിന്ന് എത്രയോ വ്യത്യസ്തർ ആയിരുന്നു അവർ!—മത്തായി 13:10-23, 34, 35; 16:24; യോഹന്നാൻ 16:25, 29.
വെളിച്ചത്തിലേക്കു നോക്കുന്നു
“കടങ്കഥകളിലുള്ള താത്പര്യം ബൗദ്ധിക ഉണർവിന്റെ കാലങ്ങളുടെ പ്രത്യേകതയായി തോന്നുന്നു” എന്ന് ഒരു ഗ്രന്ഥം അഭിപ്രായപ്പെടുന്നു. ദൈവജനത്തിന് ആത്മീയ ‘പ്രകാശം ഉദിച്ചിരിക്കുന്ന’ കാലത്തു ജീവിക്കുക എന്ന വലിയ പദവി നമുക്കുണ്ട്. (സങ്കീർത്തനം 97:11; ദാനീയേൽ 12:4, 9) സമയപ്പട്ടിക അനുസരിച്ച് തന്റെ ഉദ്ദേശ്യങ്ങൾ യഹോവ വെളിപ്പെടുത്തുന്നതുവരെ നാം ക്ഷമാപൂർവം കാത്തിരിക്കുമോ? അതിലും പ്രധാനമായി, വെളിപ്പെടുത്തപ്പെട്ട ദൈവഹിതവുമായി എങ്ങനെ കൂടുതൽ പൊരുത്തപ്പെടാമെന്നു മനസ്സിലാക്കുമ്പോൾ ജീവിതത്തിൽ സത്വരം മാറ്റങ്ങൾ വരുത്താൻ നാം പ്രവർത്തിക്കുന്നുവോ? (സങ്കീർത്തനം 1:1-3; യാക്കോബ് 1:22-25) നാം അങ്ങനെ ചെയ്യുന്നുവെങ്കിൽ, യഹോവ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കും. തത്ഫലമായി, ഒരു കണ്ണട വികലമായ കാഴ്ചയെ വ്യക്തമാക്കുന്നതു പോലെ ദിവ്യോദ്ദേശ്യങ്ങളുടെ സമ്പൂർണ ചിത്രം നമ്മുടെ മനോദൃഷ്ടിയിൽ പതിയാൻ പരിശുദ്ധാത്മാവ് ഇടയാക്കും. അങ്ങനെ നമ്മുടെ ആത്മീയ കാഴ്ച കൂടുതൽ സൂക്ഷ്മമായിത്തീരുകയും ചെയ്യും.—1 കൊരിന്ത്യർ 2:7, 9, 10.
തീർച്ചയായും, തിരുവെഴുത്തുകളിലെ കടങ്കഥകൾ “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന”വൻ എന്ന നിലയിൽ യഹോവയെ മഹത്ത്വപ്പെടുത്തുന്നു. (ദാനീയേൽ 2:28, 29) മാത്രമല്ല, അവൻ ഹൃദയങ്ങളെ പരിശോധിക്കുന്നവനുമാണ്. (1 ദിനവൃത്താന്തം 28:9) ദിവ്യ സത്യമാകുന്ന വെളിച്ചത്തിന്റെ മറനീക്കൽ അനുക്രമമായി നടക്കുന്ന ഒരു സംഗതിയാണെന്നത് നമ്മെ അമ്പരപ്പിക്കരുത്. (സദൃശവാക്യങ്ങൾ 4:18; റോമർ 16:25, 26) നിഗൂഢ മാർഗത്തിലൂടെ അല്ലെങ്കിൽ വ്യർഥതയിലേക്കു മാത്രം നയിക്കാൻ കഴിയുന്ന ഉപരിപ്ലവമായ മനുഷ്യ ജ്ഞാനത്തിലൂടെ ആഴമായ ദൈവിക കാര്യങ്ങളെ കുറിച്ചു മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു പകരം, തന്റെ അത്ഭുതകരമായ ഉദ്ദേശ്യങ്ങൾ നിയമിത സമയത്ത് യഹോവയാം ദൈവം വിശ്വസ്ത ദാസന്മാർക്കു വെളിപ്പെടുത്തുമെന്ന് ഉറപ്പുള്ളവരായിരുന്നുകൊണ്ട് അവൻ തന്റെ ‘ഗുപ്ത കാര്യങ്ങളി’ലേക്കു വെളിച്ചം വീശുന്നതിനായി നമുക്ക് യഹോവയിലേക്കു തിരിയാം.—ആമോസ് 3:7; മത്തായി 24:25-27.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Biblia Hebraica Stuttgartensia, Deutsche Bibelgesellschaft Stuttgart