ദുഷ്പ്രവൃത്തി വർജിക്കാൻ ദൃഢചിത്തർ
ദുഷ്പ്രവൃത്തി വർജിക്കാൻ ദൃഢചിത്തർ
“എനിക്കന്ന് കൗമാരപ്രായം. ജോലി ഒരു പലചരക്കു കടയിൽ. കൂടെ ജോലി ചെയ്യുന്ന ഒരുവൻ എന്നെ വീട്ടിലേക്കു ക്ഷണിച്ചു. അച്ഛനും അമ്മയും വീട്ടിൽ കാണില്ലാത്തതിനാൽ അവിടെ ചില പെൺകുട്ടികൾ വരുമെന്നും അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനുള്ള അവസരമുണ്ടെന്നും അവൻ പറഞ്ഞു,” തിമോത്തി വിശദീകരിക്കുന്നു. അത്തരമൊരു ക്ഷണം ആവേശപൂർവം സ്വാഗതം ചെയ്യുന്നവരാണ് ഇന്നത്തെ യുവാക്കളിൽ പലരും. എന്നാൽ തിമോത്തി ആ ക്ഷണത്തോട് എങ്ങനെയാണു പ്രതികരിച്ചത്? “വരില്ലെന്നും എന്നെ വിവാഹം കഴിക്കാത്ത ഒരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ എനിക്ക് ആഗ്രഹമില്ലെന്നും ഞാൻ തത്ക്ഷണം പറഞ്ഞു.”
തങ്ങളുടെ ഈ സംഭാഷണം കടയിലെ ഒരു യുവ ജോലിക്കാരി കേൾക്കുന്നുണ്ടെന്നത് തിമോത്തി അറിഞ്ഞില്ല. അവന്റെ നിഷ്കളങ്കതയിൽ ആകൃഷ്ടയായ ആ യുവതി അവനെ വശീകരിക്കാൻ ശ്രമിച്ചു, അവളുടെ ക്ഷണവും അവൻ നിഷേധിച്ചു—ഒരു വട്ടമല്ല, നാം കാണാൻ പോകുന്നതു പോലെ, പലവട്ടം.
പ്രലോഭനങ്ങൾ ഉണ്ടാകുന്നത് നമ്മുടെ കാലത്തിന്റെ മാത്രം പ്രത്യേകതയല്ല. ഏകദേശം 3,000 വർഷം മുമ്പ് ശലോമോൻ രാജാവ് ഇപ്രകാരം എഴുതി: “പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു. . . . നിന്റെ കാൽ അവരുടെ പാതയിൽ വെക്കുകയുമരുതു.” (സദൃശവാക്യങ്ങൾ 1:10, 15) യഹോവതന്നെ ഇസ്രായേൽ ജനതയോട് ഇങ്ങനെ കൽപ്പിച്ചിരുന്നു: “ഭൂരിപക്ഷത്തോടു ചേർന്നു തിൻമ ചെയ്യരുത്.” (പുറപ്പാടു 23:2, പി.ഒ.സി. ബൈബിൾ) അതെ, തെറ്റു ചെയ്യാനുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കുന്നത് ജനരഞ്ജകമായ ഗതി അല്ലെങ്കിൽ പോലും നാം ധീരമായ നിലപാടു സ്വീകരിക്കേണ്ട സന്ദർഭങ്ങൾ ഉണ്ടായേക്കാം.
ദുഷ്പ്രവൃത്തി വർജിക്കുന്നത് ഇന്നു വിശേഷാൽ പ്രധാനം
ദുഷ്പ്രവൃത്തി വർജിക്കുന്നത് ഒരിക്കലും എളുപ്പമുള്ള ഒരു സംഗതി ആയിരുന്നിട്ടില്ല. നമ്മുടെ കാലത്ത് അതു വിശേഷാൽ ദുഷ്കരമായിരിക്കാം. കാരണം, ഈ വ്യവസ്ഥിതിയുടെ ‘അന്ത്യകാലം’ എന്നു ബൈബിൾ വിളിക്കുന്ന സമയത്താണു നാം ജീവിക്കുന്നത്. ബൈബിൾ പ്രവചനം പറയുന്നതു പോലെ, ആളുകൾ പൊതുവെ ഉല്ലാസങ്ങളും അക്രമങ്ങളും പ്രിയപ്പെടുന്നവർ ആയിത്തീർന്നിരിക്കുന്നു. അവർക്ക് ആത്മീയതയും ധാർമികതയും അന്യമായിരിക്കുന്നു. (2 തിമൊഥെയൊസ് 3:1-5) ഒരു ജസ്യൂട്ട് യൂണിവേഴ്സിറ്റിയുടെ അധ്യക്ഷൻ ഇങ്ങനെ പ്രസ്താവിച്ചു: “നമുക്ക് ഉണ്ടായിരുന്ന പരമ്പരാഗത നിലവാരങ്ങൾ വെല്ലുവിളിക്കപ്പെടുന്നു, അവ അപര്യാപ്തമോ അപരിഷ്കൃതമോ ആയി വീക്ഷിക്കപ്പെടുന്നു. ധാർമികമായ എന്തെങ്കിലും ചട്ടങ്ങൾ ഇപ്പോൾ ഉള്ളതായി തോന്നുന്നില്ല.” സമാനമായി, ഒരു ഹൈക്കോടതി ജഡ്ജി ഇങ്ങനെ പറഞ്ഞു: “നന്മയോ തിന്മയോ എന്നു വേർതിരിക്കാൻ കഴിയും വിധം കാര്യങ്ങൾ അത്ര വ്യക്തമല്ല. എല്ലാം അവ്യക്തമായ ഒരു അവസ്ഥയിലാണ്. . . . ശരിയും തെറ്റും തമ്മിലുള്ള അന്തരം തിരിച്ചറിയുന്നവരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നു. പിടിക്കപ്പെടുന്നില്ലെങ്കിൽ യാതൊന്നും പാപമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ.”
അത്തരം മനോഭാവങ്ങൾ ഉള്ളവരെ കുറിച്ച് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “അവർ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യംനിമിത്തം തന്നേ, ദൈവത്തിന്റെ ജീവനിൽനിന്നു അകന്നു മനം തഴമ്പിച്ചുപോയവർ ആകയാൽ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവർത്തിപ്പാൻ ദുഷ്കാമത്തിന്നു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു.” (എഫെസ്യർ 4:18, 19) എന്നാൽ അത്തരക്കാർക്കു കുഴപ്പങ്ങൾ വന്നുഭവിക്കും. യെശയ്യാവ് ഇങ്ങനെ പ്രഖ്യാപിച്ചു: “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!” (യെശയ്യാവു 5:20) അവർ ഇപ്പോൾ വിതയ്ക്കുന്നതുതന്നെ കൊയ്യും. മാത്രമല്ല, ഭാവിയിൽ ഏറ്റവും വലിയ “കഷ്ടം”—യഹോവയിൽ നിന്നുള്ള പ്രതികൂല ന്യായവിധി—അനുഭവിക്കുകയും ചെയ്യും.—ഗലാത്യർ 6:7.
“ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു” എന്ന് സങ്കീർത്തനം 92:7 പറയുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, സകലർക്കും ജീവിതം അസഹനീയമാക്കിത്തീർക്കുന്ന ദുഷ്ടതയുടെ ഈ വ്യാപനം അനവരതം തുടരുകയില്ല. വാസ്തവത്തിൽ, ദുഷ്ടതയെ ഊട്ടിവളർത്തുന്ന ഈ “തലമുറ”യെ തന്നെയായിരിക്കും ദൈവം “മഹോപദ്രവ”ത്തിൽ നശിപ്പിക്കുന്നതെന്ന് യേശു പറഞ്ഞു. (മത്തായി 24:3, 21, 34, NW) അതുകൊണ്ട്, ആ മഹോപദ്രവത്തിൽ നശിക്കാതിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, നാം ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ചുള്ള ശരിയും തെറ്റും തിരിച്ചറിയേണ്ടതുണ്ട്; തീർച്ചയായും, എല്ലാത്തരം ദുഷ്പ്രവൃത്തിയും വർജിക്കാനുള്ള ധാർമിക കരുത്തും നമുക്ക് ഉണ്ടായിരിക്കണം. അത് എളുപ്പമല്ലെങ്കിലും പ്രോത്സാഹജനകമായ ചില ദൃഷ്ടാന്തങ്ങൾ യഹോവ നമുക്കു പ്രദാനം ചെയ്തിരിക്കുന്നു—ബൈബിൾ കാലങ്ങളിലും നമ്മുടെ നാളുകളിലും.
ദുഷ്പ്രവൃത്തി വർജിച്ച ഒരു യുവാവിൽനിന്നു പഠിക്കൽ
ക്രിസ്തീയ സഭയിലുള്ള ചിലർക്കു പോലും പരസംഗവും വ്യഭിചാരവും വർജിക്കുക എന്നതു വിശേഷാൽ ദുഷ്കരമായി തോന്നുന്നു. പ്രാരംഭ ഖണ്ഡികയിൽ പരാമർശിച്ച തിമോത്തി തിരുവെഴുത്തുകളിൽ ഉല്പത്തി 39:1-12-ൽ രേഖപ്പെടുത്തിയിരിക്കുന്ന യുവാവായ യോസേഫിന്റെ മാതൃക ഗൗരവമായി എടുത്തു. താനുമായി വേഴ്ചയിൽ ഏർപ്പെടാൻ ഈജിപ്തിലെ ഉദ്യോഗസ്ഥനായ പോത്തിഫറിന്റെ ഭാര്യ ആവർത്തിച്ചാവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ യോസേഫ് ധാർമികമായ കരുത്ത് പ്രകടമാക്കി. യോസേഫ് “അതിന്നു സമ്മതിക്കാതെ . . . ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു” എന്നു വിവരണം വ്യക്തമാക്കുന്നു.
പോത്തിഫറിന്റെ ഭാര്യയുടെ നാൾതോറുമുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കാനുള്ള ധാർമിക കരുത്ത് യോസേഫ് എങ്ങനെയാണ് ആർജിച്ചത്? ഒന്നാമതായി, ക്ഷണിക സുഖത്തെക്കാൾ യഹോവയുമായുള്ള ബന്ധത്തിന് അവൻ അത്യധികം മൂല്യം കൽപ്പിച്ചു. അതു മാത്രമല്ല, ഒരു ദിവ്യ നിയമസംഹിതയ്ക്കു (മോശെയുടെ ന്യായപ്രമാണം വരാനിരുന്നതേ ഉണ്ടായിരുന്നുള്ളൂ) കീഴിൽ അല്ലായിരുന്നെങ്കിലും ധാർമിക തത്ത്വങ്ങൾ സംബന്ധിച്ച വ്യക്തമായ ഗ്രാഹ്യം യോസേഫിന് ഉണ്ടായിരുന്നു; പോത്തിഫറിന്റെ അനുരാഗപരവശയായ ഭാര്യയുമായി പരസംഗത്തിൽ ഏർപ്പെടുന്നത് അവളുടെ ഭർത്താവിന് എതിരെ മാത്രമല്ല ദൈവത്തിന് എതിരെയുമുള്ള ഒരു പാപമാണെന്ന് അവന് അറിയാമായിരുന്നു.—ഉല്പത്തി 39:8, 9.
മോഹത്തിന്റെ ചെറിയ തിരി കൊളുത്തുന്നത് വികാരത്തിന്റെ അഗ്നി ആളിപ്പടരാൻ ഇടയാക്കിയേക്കുമെന്ന് യോസേഫിന് വ്യക്തമായും അറിയാമായിരുന്നു. ഒരു ക്രിസ്ത്യാനി യോസേഫിന്റെ ഗതി പിൻപറ്റുന്നതു ജ്ഞാനമാണ്. 1957 ജൂലൈ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഇങ്ങനെ പ്രസ്താവിച്ചു: “ഒരു ക്രിസ്ത്യാനി തന്റെ ജഡിക ബലഹീനതകൾ തിരിച്ചറിയണം. തിരുവെഴുത്തുകൾ വെക്കുന്ന പരിധിയുടെ അറ്റത്തോളം തന്റെ ലൈംഗിക മോഹങ്ങളനുസരിച്ചു പോകാനും അവിടെ ചെല്ലുമ്പോൾ നിൽക്കാനും തനിക്കു കഴിയുമെന്ന് അയാൾ ചിന്തിക്കരുത്. കുറെക്കാലം അങ്ങനെ ചെയ്യുന്നതിൽ വിജയിച്ചേക്കാമെങ്കിലും, അയാൾ ആ പരിധിയുടെ അപ്പുറത്തേക്ക്, പാപത്തിലേക്ക്, ഒടുവിൽ വഴുതിവീഴും. അക്കാര്യത്തിൽ സംശയമില്ല. കാരണം, പരിപോഷിപ്പിക്കപ്പെടുന്ന ലൈംഗിക മോഹങ്ങൾ കരുത്തു പ്രാപിച്ച് വ്യക്തിയുടെമേലുള്ള പിടി ഒന്നിനൊന്നു മുറുക്കും. അപ്പോൾ അവയിൽനിന്നു മനസ്സെടുക്കുന്നത് അയാൾക്കു കൂടുതൽ പ്രയാസകരമായിത്തീരും. അവയെ മുളയിലേ നുള്ളിക്കളയുന്നതാണ് ഏറ്റവും നല്ല പ്രതിരോധം.”
ശരിയായതിനോടുള്ള സ്നേഹവും തെറ്റായതിനോടുള്ള വെറുപ്പും നാം വളർത്തിയെടുക്കുമ്പോൾ തുടക്കത്തിൽ ചെറുത്തുനിൽക്കുന്നത് എളുപ്പമായിത്തീരുന്നു. (സങ്കീർത്തനം 37:27) എന്നാൽ, നാം സ്ഥിരോത്സാഹത്തോടെ ശ്രമിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുമ്പോൾ, ശരിയായതിനോടുള്ള നമ്മുടെ സ്നേഹവും തെറ്റായതിനോടുള്ള വെറുപ്പും യഹോവയുടെ സഹായത്താൽ ശക്തമായിത്തീരും. മാത്രമല്ല നാം, യേശു പറഞ്ഞതുപോലെ, പ്രലോഭനത്തിൽ അകപ്പെടാതിരിക്കാനും ദുഷ്ടനിൽനിന്നു വിടുവിക്കപ്പെടാനും നിരന്തരം പ്രാർഥിച്ചുകൊണ്ട് ജാഗ്രതയുള്ളവരായി നിലകൊള്ളണം.—മത്തായി 6:13; 1 തെസ്സലൊനീക്യർ 5:17.
സമപ്രായക്കാരുടെ സമ്മർദം ചെറുത്തുനിൽക്കൽ
ദുഷ്പ്രവൃത്തിയിൽ ഏർപ്പെടാൻ സ്വാധീനിക്കുന്ന മറ്റൊരു ഘടകം സമപ്രായക്കാരുടെ സമ്മർദമാണ്. ഒരു യുവതി ഇങ്ങനെ തുറന്നു പറഞ്ഞു: “എന്റേത് ഒരു ഇരട്ട ജീവിതമാണ്—സ്കൂളിൽ ഒന്ന്, വീട്ടിൽ മറ്റൊന്ന്. വായ് തുറന്നാൽ അശ്ലീലം മാത്രം
പറയുന്ന കുട്ടികളുമൊത്താണു കറങ്ങിനടക്കുന്നത്. ഞാനും അവരെപ്പോലെ ആയിത്തുടങ്ങിയിരിക്കുന്നു. ഞാൻ എന്താണു ചെയ്യേണ്ടത്?” മറ്റുള്ളവരിൽനിന്നു വ്യത്യസ്തർ ആയിരിക്കാനുള്ള ധൈര്യമാണ് ആവശ്യം. അതു കൈവരിക്കാനുള്ള ഒരു വിധം, യോസേഫിനെ പോലുള്ള വിശ്വസ്ത ദൈവദാസരെ കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ വായിക്കുന്നതും അതേക്കുറിച്ചു ധ്യാനിക്കുന്നതുമാണ്. തങ്ങളുടെ സമപ്രായക്കാരിൽനിന്നു വ്യത്യസ്തർ ആയിരിക്കാൻ ധൈര്യം ഉണ്ടായിരുന്ന ദാനീയേൽ, ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ നാലു യുവാക്കളും അനുകരണാർഹരായ മാതൃകകളാണ്.ബാബിലോനിലെ രാജകൊട്ടാരത്തിൽ മറ്റു യുവാക്കളോടൊപ്പം വിദ്യ അഭ്യസിച്ചിരുന്ന ഈ നാലു യുവ ഇസ്രായേല്യർ ‘നിത്യവും രാജഭോജനത്തിൽനിന്ന്’ ഭക്ഷിക്കണമായിരുന്നു. മോശെയുടെ ന്യായപ്രമാണത്തിലെ ഭക്ഷ്യസംബന്ധമായ നിയമങ്ങൾ ലംഘിക്കാൻ ആഗ്രഹിക്കാതിരുന്ന അവർ ആ ഭക്ഷ്യസാധനങ്ങൾ വർജിച്ചു. അതിനു ധൈര്യം ആവശ്യമായിരുന്നു, വിഭവങ്ങൾ—‘രാജഭോജ്യങ്ങൾ’—പ്രലോഭിപ്പിക്കുന്നത് ആയിരുന്നതിനാൽ വിശേഷിച്ചും അതു സത്യമായിരുന്നു. അമിതമായി മദ്യപിക്കാനോ മയക്കുമരുന്നുകളും പുകയിലയും മറ്റും ഉപയോഗിക്കാനോ ഉള്ള പ്രലോഭനം, സമ്മർദം പോലും, ഉണ്ടാകുന്ന ക്രിസ്ത്യാനികൾക്ക് ഈ യുവജനങ്ങൾ എത്ര നല്ല മാതൃകകളാണ്!—ദാനീയേൽ 1:3-17.
യേശുക്രിസ്തു പിൽക്കാലത്തു പറഞ്ഞ സംഗതിയുടെ സത്യത ശദ്രക്കും മേശക്കും അബേദ്നെഗോവും തെളിയിച്ചു: “അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ.” (ലൂക്കൊസ് 16:10) ഭക്ഷണം പോലെ താരതമ്യേന ചെറിയ കാര്യം സംബന്ധിച്ചുള്ള അവരുടെ ധീരമായ നിലപാടും യഹോവ അവർക്കു നൽകിയ അനുഗ്രഹവും പിൽക്കാലത്ത് കൂടുതൽ വലിയ പരിശോധനയ്ക്കായി അവരെ ശക്തിപ്പെടുത്തി. (ദാനീയേൽ 1:18-20) വിഗ്രഹാരാധനയിൽ പങ്കെടുക്കാൻ അവർക്കു കൽപ്പന ലഭിച്ചപ്പോഴാണ് ആ പരിശോധന ഉണ്ടായത്. അതു നിഷേധിച്ചാലുള്ള ശിക്ഷ അഗ്നികുണ്ഠത്തിലെ മരണമായിരുന്നു. ധൈര്യസമേതം, ആ മൂന്നു യുവാക്കളും യഹോവയെ മാത്രം ആരാധിക്കാൻ ദൃഢതീരുമാനമെടുത്തു. അനന്തരഫലത്തെ കുറിച്ചു വ്യാകുലപ്പെടാതെ അവർ അവനിൽ പൂർണമായി ആശ്രയിച്ചു. വീണ്ടും അവരുടെ വിശ്വാസത്തെയും ധൈര്യത്തെയും പ്രതി യഹോവ അവരെ അനുഗ്രഹിച്ചു—ഇത്തവണ വളരെയധികം ചൂടാക്കിയിരുന്ന തീച്ചൂളയിൽനിന്ന് ദൈവം അവരെ അത്ഭുതകരമായി സംരക്ഷിച്ചു.—ദാനീയേൽ 3:1-30.
ദുഷ്പ്രവൃത്തി വർജിച്ച നിരവധി വ്യക്തികളുടെ ദൃഷ്ടാന്തങ്ങൾ ദൈവവചനത്തിൽ കാണാം. “ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു” നിമിത്തം “പാപത്തിന്റെ തല്ക്കാലഭോഗ”ത്തിൽ ഏർപ്പെടുന്നതിനുള്ള അവസരം മോശെക്കു ലഭിക്കുമായിരുന്നെങ്കിലും, അങ്ങനെ വിളിക്കപ്പെടുന്നതു മോശെ നിരസിച്ചു. (എബ്രായർ 11:24-26) കൈക്കൂലി സ്വീകരിച്ചുകൊണ്ട് തന്റെ അധികാരം ദുരുപയോഗപ്പെടുത്താൻ ശമൂവേൽ പ്രവാചകൻ കൂട്ടാക്കിയില്ല. (1 ശമൂവേൽ 12:3, 4) സുവാർത്താ പ്രസംഗം നിറുത്താൻ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാരോട് ആവശ്യപ്പെട്ടപ്പോൾ അവർ അതു ധൈര്യസമേതം നിഷേധിച്ചു. (പ്രവൃത്തികൾ 5:27-29) യേശുതന്നെയും സകലവിധ ദുഷ്പ്രവൃത്തികളും ധീരമായി വർജിച്ചു—തന്റെ ജീവന്റെ അവസാന നിമിഷം സൈനികർ “കണ്ടിവെണ്ണ കലർത്തിയ വീഞ്ഞു” അവനു കൊടുത്തപ്പോൾ പോലും. അതു സ്വീകരിച്ചാൽ, ആ നിർണായക സമയത്തെ അവന്റെ ദൃഢതീരുമാനത്തിന് ഒരുപക്ഷേ ഇളക്കം തട്ടുമായിരുന്നു.—മർക്കൊസ് 15:23; മത്തായി 4:1-10.
ദുഷ്പ്രവൃത്തി വർജിക്കൽ—ഒരു ജീവന്മരണ പ്രശ്നം
യേശു ഇങ്ങനെ പറഞ്ഞു: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.”—മത്തായി 7:13, 14.
വിശാലമായ വഴിയാണ് ആളുകൾക്ക് ഇഷ്ടം. കാരണം, അതിലൂടെ സഞ്ചരിക്കാൻ എളുപ്പമാണ്. അതിലൂടെ സഞ്ചരിക്കുന്നവർ സ്വാർഥ ചിന്താഗതികൾക്കും മാർഗങ്ങൾക്കും വഴിപ്പെട്ടു ജീവിക്കുന്നവരാണ്. അവർ ആഗ്രഹിക്കുന്നത് സാത്താന്റെ ലോകത്തിൽനിന്നു വ്യത്യസ്തർ ആയിരിക്കാനല്ല, മറിച്ച് അതുമായി പൊരുത്തപ്പെടാനാണ്. ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും തങ്ങൾക്ക് ഒരു ധാർമിക വിലങ്ങുതടിയാണ് എന്ന് അവർ കരുതുന്നു. (എഫെസ്യർ 4:17-19) എന്നിരുന്നാലും, വിശാലമായ ആ വഴി ‘നാശത്തിലേക്കു പോകുന്നു’ എന്ന് യേശു വ്യക്തമായി പറയുകയുണ്ടായി.
എന്നാൽ ഞെരുക്കമുള്ള വഴി തിരഞ്ഞെടുക്കുന്നവർ ചുരുക്കമാണെന്ന് യേശു പറഞ്ഞത് എന്തുകൊണ്ടാണ്? ദൈവത്തിന്റെ നിയമങ്ങളെയും തത്ത്വങ്ങളെയും തങ്ങളുടെ ജീവിതത്തിനു വഴികാട്ടിയായും തങ്ങൾക്കു ചുറ്റുമുള്ള ലോകത്തിൽ ദുഷ്പ്രവൃത്തി ചെയ്യുന്നതിനുള്ള വശീകരണങ്ങളും അവസരങ്ങളും ചെറുത്തുനിൽക്കാനുള്ള സഹായിയായും കണക്കാക്കാൻ ആഗ്രഹിക്കുന്നവർ ചുരുക്കമാണെന്നതാണു പ്രധാന കാരണം. മാത്രമല്ല, അധർമ മോഹത്തെയും സമപ്രായക്കാരിൽ നിന്നുള്ള സമ്മർദത്തെയും 1 പത്രൊസ് 3:16; 4:4.
തങ്ങൾ തിരഞ്ഞെടുത്തിരിക്കുന്ന വഴിയിൽ നേരിട്ടേക്കാവുന്ന മറ്റുള്ളവരുടെ പരിഹാസത്തെ കുറിച്ചുള്ള ഭയത്തെയും ചെറുക്കാൻ സജ്ജരായിരിക്കുന്നവർ താരതമ്യേന വളരെ കുറവുമാണ്.—പാപത്തെ വർജിക്കുന്നതിൽ തനിക്കുണ്ടായിരുന്ന പോരാട്ടത്തെ കുറിച്ചു വർണിച്ചപ്പോൾ പൗലൊസ് അപ്പൊസ്തലന് അനുഭവപ്പെട്ട വികാരം അവർ പൂർണമായി മനസ്സിലാക്കുന്നു. ഇന്നത്തെ ലോകത്തെപ്പോലെ, പൗലൊസിന്റെ കാലത്തെ റോമാ-ഗ്രീക്കു ലോകം ദുഷ്പ്രവൃത്തിയിൽ അമിതമായി ഏർപ്പെടുന്നതിനുള്ള അവസരത്തിന്റെ വിശാലമായ ഒരു പാത തുറന്നിട്ടിരുന്നു. ശരി എന്തെന്ന് അറിയാമായിരുന്ന തന്റെ മനസ്സും ദുഷ്പ്രവൃത്തി ചെയ്യാൻ ചായ്വ് ഉണ്ടായിരുന്ന ജഡവും തമ്മിൽ ഒരു നിരന്തര ‘പോരാട്ടം’ നടന്നതായി പൗലൊസ് വിശദീകരിച്ചു. (റോമർ 7:21-24) തന്റെ ശരീരം നല്ലൊരു ദാസനാണ്, കഠിനനായ ഒരു യജമാനൻ അല്ല, എന്നു പൗലൊസിന് അറിയാമായിരുന്നതിനാൽ അതിന്റെ ചായ്വുകൾ വർജിക്കാൻ അവൻ പഠിച്ചു. “ഞാൻ . . . എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു” എന്ന് അവൻ എഴുതി. (1 കൊരിന്ത്യർ 9:27) അത്തരം നിയന്ത്രണം അവൻ എങ്ങനെയാണു കൈവരിച്ചത്? അപര്യാപ്തമായ സ്വന്ത ശക്തിയാൽ ആയിരുന്നില്ല, മറിച്ച് ദൈവാത്മാവിന്റെ സഹായത്താൽ ആയിരുന്നു.—റോമർ 8:9-11.
തത്ഫലമായി, അപൂർണനായിരുന്നെങ്കിലും പൗലൊസ് അവസാനം വരെ യഹോവയോടുള്ള തന്റെ നിർമലത പാലിച്ചു. അതുകൊണ്ട് മരിക്കുന്നതിനു കുറച്ചു നാൾ മുമ്പ് അവന് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു.”—2 തിമൊഥെയൊസ് 4:7, 8.
നമ്മുടെ അപൂർണതകളോടു പോരാടവെ, പ്രോത്സാഹജനകമായ മാതൃകയായി പൗലൊസ് മാത്രമല്ല നമുക്ക് ഉള്ളത്. അവനു മാതൃകയായി വർത്തിച്ച മറ്റുള്ളവരും—യോസേഫ്, മോശെ, ദാനീയേൽ, ശദ്രക്ക്, മേശക്ക്, അബേദ്നെഗോ, തുടങ്ങി പലരും—ഉണ്ട്. അപൂർണ മനുഷ്യർ ആയിരുന്നെങ്കിലും, വിശ്വാസമുള്ള പുരുഷന്മാരായ അവർ ഓരോരുത്തരും ദുഷ്പ്രവൃത്തി വർജിച്ചു. നിർബന്ധബുദ്ധി നിമിത്തമല്ല അവർ അങ്ങനെ ചെയ്തത്, പിന്നെയോ യഹോവയുടെ ആത്മാവു മുഖാന്തരമുള്ള ധാർമിക കരുത്തു നിമിത്തമാണ്. (ഗലാത്യർ 5:22, 23) അവർ ആത്മീയ മനുഷ്യർ ആയിരുന്നു. യഹോവയുടെ വായിലൂടെ വരുന്ന ഓരോ വചനത്തിനും വേണ്ടി അവർ ദാഹിച്ചു. (ആവർത്തനപുസ്തകം 8:3) അവന്റെ വചനം അവർക്കു ജീവനെ അർഥമാക്കി. (ആവർത്തനപുസ്തകം 32:47, NW) സർവോപരി, അവർ യഹോവയെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്തു. അവന്റെ സഹായത്തോടെ ദുഷ്പ്രവൃത്തിയോടുള്ള വെറുപ്പ് അവർ വളർത്തിയെടുത്തു.—സങ്കീർത്തനം 97:10; സദൃശവാക്യങ്ങൾ 1:7.
നമുക്ക് അവരെപ്പോലെ ആയിരിക്കാം. നിശ്ചയമായും, സകലതരം ദുഷ്പ്രവൃത്തിയും വർജിക്കുന്നതിൽ തുടരുന്നതിന് അവരെപ്പോലെതന്നെ നമുക്കും യഹോവയുടെ ആത്മാവിന്റെ സഹായം ആവശ്യമാണ്. നാം പരിശുദ്ധാത്മാവിനു വേണ്ടി ആത്മാർഥമായി യാചിക്കുകയും ദൈവവചനം പഠിക്കുകയും പതിവായി ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ തന്റെ ആത്മാവിനെ ഉദാരമായി നമുക്കു നൽകും.—സങ്കീർത്തനം 119:105; ലൂക്കൊസ് 11:13; എബ്രായർ 10:24, 25.
തുടക്കത്തിൽ പരാമർശിച്ച തിമോത്തി, തന്റെ ആത്മീയ ആവശ്യങ്ങൾ അവഗണിക്കാതിരുന്നതിൽ സന്തോഷവാനായിരുന്നു. സഹജോലിക്കാരനുമായുള്ള തിമോത്തിയുടെ സംഭാഷണം യാദൃച്ഛികമായി കേട്ട യുവ ജോലിക്കാരി തിമോത്തിയുടെ നിഷ്കളങ്കതയാൽ തെറ്റായി ആകർഷിക്കപ്പെട്ടു. പിന്നീട്, ഭർത്താവ് ഇല്ലാത്ത സമയത്തു വീട്ടിൽ വരാൻ അവൾ തിമോത്തിയെ ക്ഷണിച്ചു. തിമോത്തി ആ ക്ഷണം നിരസിച്ചു. അതിൽ പിന്തിരിയാതെ അവൾ, പോത്തിഫറിന്റെ ഭാര്യയെപ്പോലെ, അനേകം തവണ തന്റെ ക്ഷണം വെച്ചുനീട്ടി. തിമോത്തി ഓരോ തവണയും ദൃഢമായി, എന്നാൽ ദയാപുരസ്സരം, അതു നിരസിച്ചു. അവൻ ദൈവവചനം ഉപയോഗിച്ച് അവൾക്കു നല്ലൊരു സാക്ഷ്യം നൽകുകയും ചെയ്തു. ദുഷ്പ്രവൃത്തി വർജിക്കാനുള്ള ധാർമിക കരുത്തു നൽകിയ യഹോവയോട് ആഴമായ നന്ദിയുള്ള തിമോത്തി ഇപ്പോൾ ഒരു സഹ ക്രിസ്ത്യാനിയുമൊത്ത് സന്തുഷ്ടമായ വിവാഹജീവിതം നയിക്കുന്നു. ദുഷ്പ്രവൃത്തി വർജിച്ചുകൊണ്ട് ക്രിസ്തീയ നിർമലത കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന സകലരെയും നിശ്ചയമായും യഹോവ അനുഗ്രഹിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും.—സങ്കീർത്തനം 1:1-3.