ദാനശീലം കരകവിഞ്ഞ് ഒഴുകുമ്പോൾ
ദാനശീലം കരകവിഞ്ഞ് ഒഴുകുമ്പോൾ
ഒരു രാജാവിന് സമ്മാനം നൽകാനുള്ള അവസരം നിങ്ങൾക്കു ലഭിക്കുന്നെങ്കിൽ, നിങ്ങൾ അദ്ദേഹത്തിന് എന്ത് നൽകും? അദ്ദേഹം ലോകത്തിലെ ഏറ്റവും ധനവാനും ജ്ഞാനിയുമായ രാജാവ് ആണെങ്കിലോ? അദ്ദേഹത്തെ പ്രീതിപ്പെടുത്തുന്ന ഒരു സമ്മാനത്തെ കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാകുമോ? ഏകദേശം മൂവായിരം വർഷം മുമ്പ് അങ്ങനെയുള്ള ഒരു രാജാവിനെ—ഇസ്രായേലിലെ രാജാവായ ശലോമോനെ—സന്ദർശിക്കാൻ തയ്യാറെടുക്കവെ ശെബാരാജ്ഞിക്ക് ആ ചോദ്യങ്ങൾ വിചിന്തനം ചെയ്യേണ്ടിയിരുന്നു.
അവൾ നൽകിയ സമ്മാനത്തിൽ 120 താലന്ത് സ്വർണവും “അനവധി സുഗന്ധവർഗ്ഗവും രത്നവും” ഉണ്ടായിരുന്നെന്ന് ബൈബിൾ നമ്മോടു പറയുന്നു. ഇന്നത്തെ വിലയ്ക്ക്, ആ സ്വർണത്തിനു തന്നെ ഏകദേശം 160 കോടി രൂപ വിലവരും. സൗരഭ്യവും ഔഷധഗുണവും ഉണ്ടായിരുന്ന സുഗന്ധ തൈലത്തെ ഒരു അമൂല്യ വസ്തു എന്ന നിലയിൽ സ്വർണത്തോടൊപ്പം പട്ടികപ്പെടുത്തി. രാജ്ഞി ശലോമോന് എത്രമാത്രം സുഗന്ധവർഗം നൽകിയെന്നു ബൈബിൾ പറയുന്നില്ലെങ്കിലും, അവൾ നൽകിയിടത്തോളം സുഗന്ധ തൈലം പിന്നീടാരും ശലോമോനു നൽകിയിട്ടില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നു.—1 രാജാക്കന്മാർ 10:10.
ശെബാരാജ്ഞി വ്യക്തമായും സമ്പന്നയും ഉദാരമതിയും ആയിരുന്നു. ശലോമോൻ തിരിച്ച് അവളോടും ഉദാരമനസ്കത കാണിക്കുകയുണ്ടായി. “ശെബാരാജ്ഞി രാജാവിന്നു കൊണ്ടുവന്നതിൽ പരമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോൻരാജാവു അവൾക്കു കൊടുത്തു” എന്ന് ബൈബിൾ പറയുന്നു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (2 ദിനവൃത്താന്തം 9:12) സമ്മാനങ്ങൾ കൈമാറുന്നത് രാജോചിതമായ ഒരു രീതി ആയിരുന്നിരിക്കാം എന്നതു ശരിതന്നെ. എന്നിരുന്നാലും, ബൈബിൾ ശലോമോന്റെ “ഔദാര്യമനസ്കത”യെ വിശേഷാൽ എടുത്തു പറയുന്നു. (1 രാജാക്കന്മാർ 10:13, NW) ശലോമോൻ തന്നെയും ഇപ്രകാരം എഴുതി: “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.”—സദൃശവാക്യങ്ങൾ 11:25.
തീർച്ചയായും, ശലോമോനെ സന്ദർശിക്കാനായി വളരെയേറെ സമയവും ശ്രമവും ചെലവഴിച്ചുകൊണ്ടും ശെബാരാജ്ഞി വലിയൊരു ത്യാഗം ചെയ്തു. ഇന്നത്തെ റിപ്പബ്ലിക് ഓഫ് യമൻ സ്ഥിതി ചെയ്യുന്നിടത്ത് ആയിരുന്നിരിക്കണം ശെബാ രാജ്യം. ആയതിനാൽ യെരൂശലേമിൽ എത്താൻ രാജ്ഞിയും ഒട്ടകക്കൂട്ടവും ഏതാണ്ട് 1,600 കിലോമീറ്റർ യാത്ര ചെയ്തിട്ടുണ്ടാകണം. യേശു പറഞ്ഞതുപോലെ, അവൾ “ഭൂമിയുടെ അറുതികളിൽനിന്നു വന്നു.” ശെബാരാജ്ഞി ഇത്രയേറെ ശ്രമം ചെയ്തത് എന്തിനാണ്? അവൾ വന്നത് മുഖ്യമായും “ശലോമോന്റെ ജ്ഞാനം കേൾപ്പാ”നാണ്.—ലൂക്കൊസ് 11:31.
ശെബാരാജ്ഞി “ദുർഘടമായ ചോദ്യങ്ങൾ കൊണ്ട് [ശലോമോനെ] പരീക്ഷിക്കുവാൻ വന്നു . . . താൻ മനസ്സിൽ കരുതിയിരുന്ന സകല കാര്യങ്ങളെക്കുറിച്ചും [അവൾ] അദ്ദേഹവുമായി സംസാരിച്ചു” എന്ന് 1 രാജാക്കന്മാർ 10:1, 2 [NIBV] പറയുന്നു. ശലോമോൻ അതിനോട് എങ്ങനെയാണു പ്രതികരിച്ചത്? “അവരുടെ സകല ചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു. അവൾക്കു വിശദീകരണം കൊടുക്കാൻ കഴിയാത്തവിധം യാതൊന്നും അദ്ദേഹത്തിനു അജ്ഞാതമായിരുന്നില്ല.”—1 രാജാക്കന്മാർ 10:3, NIBV.
താൻ കേൾക്കുകയും കാണുകയും ചെയ്ത കാര്യങ്ങളിൽ ആശ്ചര്യസ്തബ്ധയായ രാജ്ഞി താഴ്മയോടെ ഇങ്ങനെ പ്രതിവചിച്ചു: “നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ [“സന്തുഷ്ടർ,” NW].” (1 രാജാക്കന്മാർ 10:4-8) ശലോമോന്റെ ദാസന്മാർ സമ്പത്തുകൊണ്ട് വലയം ചെയ്യപ്പെട്ടിരുന്നെങ്കിലും, അവർ അതു നിമിത്തം സന്തുഷ്ടരാണ് എന്നല്ല അവൾ പ്രഖ്യാപിച്ചത്. മറിച്ച്, ശലോമോന്റെ ദൈവദത്ത ജ്ഞാനം നിരന്തരം ശ്രദ്ധിക്കാൻ സാധിച്ചതു നിമിത്തമായിരുന്നു അവന്റെ ദാസന്മാർ അനുഗൃഹീതർ ആയിരുന്നത്. സ്രഷ്ടാവിന്റെ തന്നെയും അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെയും ജ്ഞാനം സമൃദ്ധമായി ലഭിക്കുന്ന യഹോവയുടെ ഇന്നത്തെ ജനത്തിന് ശെബാരാജ്ഞി എത്ര നല്ലൊരു മാതൃകയാണ്!
ശലോമോനോടുള്ള രാജ്ഞിയുടെ അടുത്ത പ്രസ്താവനയും ശ്രദ്ധേയമാണ്: “നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.” (1 രാജാക്കന്മാർ 10:9) തെളിവനുസരിച്ച്, ശലോമോന്റെ ജ്ഞാനത്തിലും സമൃദ്ധിയിലും യഹോവയുടെ കൈ ഉണ്ടായിരുന്നെന്നു അവൾ തിരിച്ചറിഞ്ഞു. അത് യഹോവ മുമ്പ് ഇസ്രായേലിനോടു വാഗ്ദാനം ചെയ്തതിനു ചേർച്ചയിലാണ്. അവൻ ഇങ്ങനെ പറഞ്ഞു: “[എന്റെ ചട്ടങ്ങളെ] പ്രമാണിച്ചു നടപ്പിൻ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നതു. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും.”—ആവർത്തനപുസ്തകം 4:5-7.
ജ്ഞാന ദാതാവിനെ സമീപിക്കൽ
‘ദൈവത്തിന്റെ യിസ്രായേൽ’ “ജ്ഞാനവും വിവേകവും ഉള്ള ജനം” ആണെന്നു മനസ്സിലാക്കിക്കൊണ്ട് ആധുനിക കാലത്ത് ദശലക്ഷങ്ങൾ യഹോവയുടെ സംഘടനയിലേക്ക് ആകർഷിക്കപ്പെട്ടിട്ടുണ്ട്. ആ ജനം അപ്രകാരം ആയിരിക്കുന്നത് സഹജമായിട്ടല്ല, മറിച്ച് ദൈവത്തിന്റെ പൂർണതയുള്ള നിയമങ്ങളും തത്ത്വങ്ങളും അവരെ നയിക്കുന്നതിനാലാണ്. (ഗലാത്യർ 6:16) അടുത്ത കാലത്തായി ഓരോ വർഷവും മൂന്നു ലക്ഷത്തിലേറെ പുതിയ ശിഷ്യന്മാർ ആത്മീയ ഇസ്രായേലിനോട് ഫലത്തിൽ പിൻവരുന്ന പ്രകാരം പറഞ്ഞിരിക്കുന്നതായി സ്നാപന കണക്കുകൾ പ്രകടമാക്കുന്നു: “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു.” (സെഖര്യാവു 8:23) യഹോവ തന്റെ ദാസന്മാരുടെ മുമ്പാകെ വിളമ്പിയിരിക്കുന്ന ആത്മീയ വിരുന്നു കാണുമ്പോൾ ഈ പുതിയവർ എത്ര വിസ്മയം കൂറുന്നു! തങ്ങളുടെ മുൻ മതങ്ങളിൽ അവർ ഒരിക്കലും ഇതുപോലെ ഒന്ന് കണ്ടിട്ടില്ല.—യെശയ്യാവു 25:6.
മഹാദാതാവിന് നൽകൽ
ഏറ്റവും വലിയ രാജാവും ദാതാവുമായ യഹോവയാം ദൈവത്തിൽ നിന്നു വളരെയേറെ ദാനങ്ങൾ സ്വീകരിച്ചിരിക്കുന്ന വിലമതിപ്പുള്ളവർ തങ്ങൾക്ക് എന്താണ് അവനു തിരികെ നൽകാൻ കഴിയുക എന്ന് സ്വാഭാവികമായും ചിന്തിക്കുന്നു. നമുക്ക് യഹോവയ്ക്കു നൽകാൻ കഴിയുന്ന ഏറ്റവും നല്ല ദാനം “സ്തോത്രയാഗം” ആണെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. (എബ്രായർ 13:15) എന്തുകൊണ്ട്? എന്തെന്നാൽ ആ യാഗം ജീവൻ രക്ഷിക്കുന്നതിനോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു, ഈ അന്ത്യകാലത്ത് യഹോവയ്ക്ക് ഏറ്റവും താത്പര്യമുള്ള ഒരു സംഗതിയാണ് അത്. (യെഹെസ്കേൽ 18:23) കൂടാതെ, രോഗികളെയും വിഷാദമഗ്നരെയും മറ്റുള്ളവരെയും സഹായിക്കാൻ ഒരുവന്റെ ഊർജവും സമയവും നൽകുന്നതും സ്വീകാര്യയോഗ്യമായ ഒരു യാഗമാണ്.—1 തെസ്സലൊനീക്യർ 5:14; എബ്രായർ 13:16; യാക്കോബ് 1:27.
സാമ്പത്തിക സംഭാവനകൾ സുപ്രധാനമായ ഒരു പങ്കു വഹിക്കുന്നു. ബൈബിളുകളും ബൈബിൾ അധിഷ്ഠിത സാഹിത്യങ്ങളും ഉത്പാദിപ്പിക്കാനും ക്രിസ്ത്യാനികൾക്ക് ഒന്നിച്ചുകൂടാനുള്ള ഹാളുകൾ നിർമിക്കാനും അതു പ്രയോജകീഭവിക്കുന്നു. (എബ്രായർ 10:24, 25) യുദ്ധത്തിന്റെയും പ്രകൃതി വിപത്തുകളുടെയും ഇരകൾക്കായുള്ള ദുരിതാശ്വാസ നിധികൾക്കും സംഭാവനകൾ ഉപകരിക്കുന്നു.
കൊടുക്കലിന്റെ കാര്യത്തിൽ നമ്മെ വഴി നയിക്കാൻ ദൈവവചനം ചില നല്ല തത്ത്വങ്ങൾ നൽകുന്നു. ദൃഷ്ടാന്തത്തിന്, ഒരു നിശ്ചിത തുകയല്ല, മറിച്ച് ഒരു സന്തുഷ്ട ഹൃദയത്തിൽനിന്നു മനസ്സൊരുക്കത്തോടെ ഒരുവനു ന്യായമായി നൽകാൻ കഴിയുന്നതു സംഭാവന ചെയ്യാൻ അതു ക്രിസ്ത്യാനികളെ പ്രബോധിപ്പിക്കുന്നു. (2 കൊരിന്ത്യർ 9:7) ചിലർക്ക് ഏറെ നൽകാനാകും; മറ്റുള്ളവർക്ക് ഒരുപക്ഷേ യേശുവിന്റെ നാളിലെ ദരിദ്രയായ വിധവയെ പോലെ അൽപ്പമേ നൽകാൻ കഴിയൂ. (ലൂക്കൊസ് 21:2-4) മുഴു പ്രപഞ്ചത്തിന്റെയും ഉടയവനായ യഹോവ, തന്റെ നാമത്തിനായി ചെയ്യുന്ന ശരിയായ ആന്തരത്തോടെയുള്ള ഏതൊരു ദാനത്തെയും ത്യാഗത്തെയും വിലമതിക്കുന്നു എന്നത് അതിശയകരമല്ലേ?—എബ്രായർ 6:10.
സന്തോഷത്തോടെ നൽകാൻ യഹോവയുടെ ജനത്തെ സഹായിക്കുന്നതിന്, വ്യത്യസ്ത ആവശ്യങ്ങളെയും ആ ആവശ്യങ്ങൾ സാധിക്കാനുള്ള ഫലപ്രദമായ മാർഗങ്ങളെയും കുറിച്ച് അവരെ എല്ലായ്പോഴും അറിയിച്ചുകൊണ്ടിരിക്കുന്നു. അപ്പോൾ യഹോവയുടെ പരിശുദ്ധാത്മാവ് മനസ്സൊരുക്കമുള്ള ഹൃദയങ്ങളെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നു. പുരാതന ഇസ്രായേലിൽ സമാഗമനകൂടാരത്തിന്റെയും പിന്നീട് ആലയത്തിന്റെയും നിർമാണത്തിൽ ഈ നടപടിക്രമം പിൻപറ്റുകയുണ്ടായി. (പുറപ്പാടു 25:2; 35:5, 21, 29; 36:5-7; 39:32; 1 ദിനവൃത്താന്തം 29:1-19) രാജ്യസുവാർത്ത ജനതകളുടെ പക്കൽ എത്തിക്കാനും ക്ഷാമ കാലത്ത് ഇസ്രായേലിലെ സഹോദരന്മാരെ സഹായിക്കാനും ആവശ്യമായിരുന്ന വിഭവങ്ങൾ സ്വരൂപിക്കാൻ ഇതേ നടപടിക്രമം ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെ സഹായിച്ചു.—1 കൊരിന്ത്യർ 16:2-4; 2 കൊരിന്ത്യർ 8:4, 15; കൊലൊസ്സ്യർ 1:23.
സമാനമായി, ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനം പൂർത്തീകരിക്കാൻ തന്റെ ജനത്തിന് ഇന്ന് ആവശ്യമായിരിക്കുന്നതു പ്രദാനം ചെയ്തുകൊണ്ട് യഹോവ അവരെ അനുഗ്രഹിച്ചിരിക്കുന്നു, തുടർന്നും അനുഗ്രഹിക്കുകയും ചെയ്യും.—മത്തായി 24:14; 28:19, 20.
ഇപ്പോഴത്തെ ആവശ്യങ്ങൾ എന്തെല്ലാം?
മുമ്പ് യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിയന്ത്രണത്തിലായിരുന്ന അനേകം രാജ്യങ്ങളിൽ അടുത്ത കാലത്ത് അവരുടെ പ്രവർത്തനത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചിരിക്കുന്നു. തത്ഫലമായി ഈ രാജ്യങ്ങളിൽ മിക്കവയിലും പ്രസാധകരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായിരിക്കുന്നു. സ്വാഭാവികമായും, ബൈബിളുകളുടെയും ബൈബിൾ അധിഷ്ഠിത സാഹിത്യങ്ങളുടെയും ആവശ്യം വർധിച്ചിരിക്കുന്നു.
രാജ്യഹാളുകളുടെ സംഗതിയും അങ്ങനെയാണ്. ലോകവ്യാപകമായി ഇപ്പോൾത്തന്നെ ഏകദേശം 9,000 പുതിയ രാജ്യഹാളുകൾ ആവശ്യമാണ്. ദിവസവും ഓരോ രാജ്യഹാൾ വീതം നിർമിച്ചാലും ഇപ്പോഴത്തെ ആവശ്യം നിറവേറ്റാൻ 24-ൽ അധികം വർഷം വേണ്ടിവരും! അതിനിടെ, ദിവസവും ഏഴു പുതിയ സഭകൾ വീതം രൂപീകരിക്കപ്പെടുന്നുണ്ട്, അവയിൽ
മിക്കവയും സാമ്പത്തിക സ്ഥിതി മോശമായ സ്ഥലങ്ങളിലുമാണ്. എന്നാൽ ഇത്തരം മിക്ക സ്ഥലങ്ങളിലും വിലപിടിപ്പുള്ള കെട്ടിടങ്ങളുടെ ആവശ്യമില്ല. ആവശ്യം നിറവേറ്റുന്നതും സമൂഹത്തിൽ നല്ലൊരു സാക്ഷ്യം നൽകുന്നതുമായ ഒരു രാജ്യഹാൾ നിർമിക്കാൻ ചില സ്ഥലങ്ങളിൽ ഏകദേശം രണ്ടര ലക്ഷം രൂപ മതി.ഒന്നാം നൂറ്റാണ്ടിൽ ചില ക്രിസ്ത്യാനികൾ മറ്റുള്ളവരെക്കാൾ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലായിരുന്നു. അതുകൊണ്ട്, പൗലൊസ് അപ്പൊസ്തലൻ എഴുതി: “സമത്വം ഉണ്ടാവാൻ തക്കവണ്ണം [“ഒരു സമീകരണത്തിലൂടെ,” NW] അവരുടെ സുഭിക്ഷം നിങ്ങളുടെ ദുർഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുർഭിക്ഷത്തിന്നു ഉതകട്ടെ.” (2 കൊരിന്ത്യർ 8:14) ഇന്നും സമാനമായ ഒരു “സമീകരണ”ത്തിലൂടെ ലോകത്തിന്റെ അനേകം ഭാഗങ്ങളിൽ ബൈബിളുകളും ബൈബിൾ സാഹിത്യങ്ങളും രാജ്യഹാളുകളും ദുരിതാശ്വാസം ഉൾപ്പെടെയുള്ള മറ്റു കാര്യങ്ങളും പ്രദാനം ചെയ്യാൻ ആവശ്യമായ ഫണ്ടുകൾ സ്വരൂപിക്കാൻ സാധിക്കുന്നു. അത്തരം കൊടുക്കൽ, കൊടുക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും എത്ര മഹത്തായൊരു അനുഗ്രഹമാണ്!—പ്രവൃത്തികൾ 20:35.
ഈ മാസികയുടെ ഔദാര്യമനസ്കരായ അനേകം വായനക്കാർ സഹായിക്കാൻ ആഗ്രഹിക്കുന്നതായി അവരിൽനിന്ന് സൊസൈറ്റിക്കു ലഭിക്കുന്ന കത്തുകൾ സൂചിപ്പിക്കുന്നു. എന്നാൽ സംഭാവനകൾ നൽകാൻ കഴിയുന്ന വ്യത്യസ്ത വിധങ്ങളെ കുറിച്ച് അവർക്കു തിട്ടമില്ല. ഇതോടൊപ്പമുള്ള ചതുരം അവരുടെ ചോദ്യങ്ങൾക്ക് നിസ്സംശയമായും ഉത്തരം നൽകും.
ശലോമോന്റെ മഹത്ത്വപൂർണമായ ഭരണകാലത്ത്, അവനെ കുറിച്ചു കേട്ട “ഭൂമിയിലെ സകലരാജാക്കന്മാരും” അവനെ സന്ദർശിക്കാൻ വന്നു. എന്നാൽ ബൈബിൾ അവരിൽ ഒരാളെ മാത്രമേ പേരെടുത്തു പറയുന്നുള്ളൂ—ശെബാരാജ്ഞിയെ. (2 ദിനവൃത്താന്തം 9:23) അവൾ എന്തൊരു ത്യാഗമാണ് ചെയ്തത്! പക്ഷേ അവൾക്ക് സമൃദ്ധമായ പ്രതിഫലം ലഭിച്ചു—തന്റെ സന്ദർശനത്തിന്റെ ഒടുക്കം “വിസ്മയസ്തബ്ധയായി”ത്തീരാൻ പോന്നത്രയും.—2 ദിനവൃത്താന്തം 9:4, ഓശാന ബൈബിൾ.
തനിക്കായി ത്യാഗങ്ങൾ ചെയ്തവർക്കു വേണ്ടി ഏറ്റവും വലിയ രാജാവും ദാതാവുമായ യഹോവ ഭാവിയിൽ, ശലോമോന് ചെയ്യാൻ കഴിഞ്ഞതിലും വളരെയധികം കാര്യങ്ങൾ ചെയ്യും. അപ്പോൾ അവർ ‘വിസ്മയസ്തബ്ധർ’ ആയിത്തീരും. എന്തെന്നാൽ, തന്റെ ഭയജനകമായ ന്യായവിധി ദിവസത്തിൽ യഹോവ അവരെ സംരക്ഷിക്കുക മാത്രമല്ല അതേത്തുടർന്ന് അവൻ “തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തു”കയും ചെയ്യും.—സങ്കീർത്തനം 145:16.
[22-ാം പേജിലെ ചതുരം]
ചിലർ കൊടുക്കാൻ തിരഞ്ഞെടുക്കുന്ന വിധങ്ങൾ
ലോകവ്യാപക വേലയ്ക്കുള്ള സംഭാവനകൾ
“സൊസൈറ്റിയുടെ ലോകവ്യാപക വേലയ്ക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന് അനേകർ ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു. ഓരോ മാസവും സഭകൾ ഈ തുക പ്രാദേശിക ബ്രാഞ്ച് ഓഫീസിലേക്ക് അയയ്ക്കുന്നു.
സ്വമേധയാ സംഭാവനകൾ Praharidurg Prakashan Society, Plot A/35, Near Industrial Estate, Nangargaon, Lonavla, 410 401 എന്ന വിലാസത്തിൽ ഖജാൻജിയുടെ ഓഫീസിലേക്ക് നേരിട്ടും അയയ്ക്കാവുന്നതാണ്. കൂടാതെ, ആഭരണങ്ങളും വിലയേറിയ മറ്റു വസ്തുക്കളും സംഭാവന ചെയ്യാവുന്നതാണ്. ഈ സംഭാവനകളോടൊപ്പം അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഉണ്ടായിരിക്കണം.
ആസൂത്രിത കൊടുക്കൽ
നിരുപാധിക ദാനമായും സോപാധിക സംഭാവനയായും പണം നൽകുന്നതിനു പുറമേ, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി വേറെയും കൊടുക്കൽ രീതികൾ ഉണ്ട്. പിൻവരുന്നവ അതിൽ പെടുന്നു:
ഇൻഷ്വറൻസ്: ലൈഫ് ഇൻഷ്വറൻസ് പോളിസിയുടെയോ റിട്ടയർമെന്റ്⁄പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി പ്രഹരിദുർഗ് പ്രകാശൻ സൊസൈറ്റിയുടെ പേര് വെക്കാവുന്നതാണ്.
ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക് വ്യവസ്ഥകൾക്കു ചേർച്ചയിൽ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ പ്രഹരിദുർഗ് പ്രകാശൻ സൊസൈറ്റിയിൽ ട്രസ്റ്റ് ആയി അല്ലെങ്കിൽ മരണത്തിങ്കൽ സൊസൈറ്റിക്കു ലഭിക്കാവുന്നത് ആയി ഏൽപ്പിക്കാവുന്നതാണ്.
സ്ഥാവര വസ്തുക്കൾ: വിൽക്കാവുന്ന സ്ഥാവര വസ്തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ ദാതാവിന് ആയുഷ്കാല അവകാശം നിലനിർത്തിക്കൊണ്ടോ പ്രഹരിദുർഗ് പ്രകാശൻ സൊസൈറ്റിക്കു ദാനം ചെയ്യാവുന്നതാണ്. ദാതാവിന് ആയുഷ്കാലം അവിടെ താമസിക്കുകയും ചെയ്യാം. ഏതെങ്കിലും സ്ഥാവര വസ്തു സൊസൈറ്റിക്ക് ആധാരം ചെയ്യുന്നതിനു മുമ്പ് സൊസൈറ്റിയുമായി സമ്പർക്കം പുലർത്തണം.
വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്തുവകകളോ പണമോ പ്രഹരിദുർഗ് പ്രകാശൻ സൊസൈറ്റിക്ക് അവകാശമായി നൽകാവുന്നതാണ്. അല്ലെങ്കിൽ, ഒരു ട്രസ്റ്റ് ക്രമീകരണത്തിന്റെ ഗുണഭോക്താവായി സൊസൈറ്റിയുടെ പേര് വെക്കാവുന്നതാണ്.
“ആസൂത്രിത കൊടുക്കൽ” എന്ന പേര് സൂചിപ്പിക്കുന്നതുപോലെ, സാധാരണ ഗതിയിൽ ഇത്തരം സംഭാവനകൾക്കു ദാതാവിന്റെ ഭാഗത്ത് കുറച്ചൊക്കെ ആസൂത്രണം ആവശ്യമാണ്.
[23-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ പിന്താങ്ങപ്പെടുന്നത് സ്വമേധയാ സംഭാവനകളാലാണ്