നിർമല ആരാധനയുടെ ഉന്നമനത്തിനുള്ള ഒരു സ്വമേധയാ സംഭാവന
അവർ യഹോവയുടെ ഹിതം ചെയ്തു
നിർമല ആരാധനയുടെ ഉന്നമനത്തിനുള്ള ഒരു സ്വമേധയാ സംഭാവന
യഹോവയുടെ രക്ഷാശക്തിയുടെ ദൃക്സാക്ഷികൾ ആയിരുന്നു ഇസ്രായേല്യർ. ഈജിപ്തു സേനയുടെ പിടിയിൽ അകപ്പെടാതെ ഉണങ്ങിയ നിലത്തുകൂടി അവർക്കു രക്ഷപ്പെടാൻ തക്കവണ്ണം ചെങ്കടൽ അത്ഭുതകരമായി വിഭജിക്കപ്പെടുന്നത് അവർ സ്വന്തം കണ്ണുകൊണ്ടു കണ്ടതാണ്. അതേ വെള്ളം അതിശക്തിയോടെ മടങ്ങിവന്ന്, തങ്ങളെ വേട്ടയാടിയവരെ മുക്കിക്കൊല്ലുന്നതു മറുകര കടന്ന അവർ സുരക്ഷിതമായ ദൂരത്തു നിന്നു നോക്കിക്കണ്ടു. യഹോവ അവരുടെ ജീവൻ രക്ഷിച്ചു!—പുറപ്പാടു 14:21-31.
ദുഃഖകരമെന്നു പറയട്ടെ, തങ്ങളുടെ ദൈവം ചെയ്ത കാര്യങ്ങളെ ചില ഇസ്രായേല്യർ നിസ്സാരമായി കരുതി. മോശെ സീനായ് മലയിൽ ആയിരുന്നപ്പോൾ അവർ തങ്ങളുടെ സ്വർണാഭരണങ്ങൾ അഹരോനെ ഏൽപ്പിച്ചിട്ട്, തങ്ങൾക്ക് ആരാധിക്കുന്നതിനായി ഒരു വിഗ്രഹം ഉണ്ടാക്കാൻ അവനോട് ആവശ്യപ്പെട്ടു. മടങ്ങിയെത്തിയ മോശെ കാണുന്നത്, മത്സരികളായ അവർ തിന്നു കുടിച്ച് നൃത്തമാടിക്കൊണ്ട് ഒരു സ്വർണ കാളക്കുട്ടിയെ വണങ്ങുന്നതാണ്! യഹോവയുടെ നിർദേശപ്രകാരം 3,000 പേർ—സാധ്യതയനുസരിച്ച്, മത്സരത്തിനു ചുക്കാൻ പിടിച്ചവർ—വധിക്കപ്പെട്ടു. അന്ന് അവർ, യഹോവയ്ക്കു സമ്പൂർണ ഭക്തി നൽകേണ്ടതിന്റെ ആവശ്യം സംബന്ധിച്ച് ഒരു പ്രധാനപ്പെട്ട പാഠം പഠിച്ചു.—പുറപ്പാടു 32:1-6, 19-29.
ആ സംഭവത്തെ തുടർന്നു താമസിയാതെ, ദൈവം കൽപ്പിച്ച പ്രകാരം സമാഗമന കൂടാരം—ആരാധനയ്ക്കായി കൂടെ കൊണ്ടു പോകാവുന്ന ഒരു കൂടാരം—നിർമിക്കുന്നതിനു മോശെ തയ്യാറെടുപ്പുകൾ നടത്തി. അതിന്റെ നിർമാണത്തിനു വിലകൂടിയ വസ്തുക്കളുടെയും വിദഗ്ധ ജോലിക്കാരുടെയും ആവശ്യമുണ്ടായിരുന്നു. എന്നാൽ, ഈ ആവശ്യങ്ങൾ എങ്ങനെ നിറവേറ്റപ്പെടുമായിരുന്നു? ഈ ബൈബിൾ വൃത്താന്തത്തിൽ നിന്നു നമുക്ക് എന്തു പഠിക്കാനാകും?
വസ്തുവകകളും വൈദഗ്ധ്യവും സംഭാവന ചെയ്യപ്പെടുന്നു
മോശെ മുഖാന്തരം യഹോവ ഇസ്രായേല്യരോട് ഇങ്ങനെ കൽപ്പിച്ചു: “യഹോവയ്ക്കു ഒരു സംഭാവന കൊണ്ടുവരുവിൻ. മനസ്സൊരുക്കം ഉള്ളവരെല്ലാം യഹോവയ്ക്കു സംഭാവന കൊണ്ടുവരട്ടെ.” ഏതു തരത്തിലുള്ള സംഭാവന? മോശെ പട്ടികപ്പെടുത്തിയ വസ്തുക്കളിൽ പൊന്ന്, വെള്ളി, താമ്രം, നൂൽ, തുണി, തുകൽ, മരം, അമൂല്യ രത്നങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു.—പുറപ്പാടു 35:5-9, NW.
അത്തരം ഉദാരമായ സംഭാവനകൾ നൽകാൻ ഇസ്രായേല്യരുടെ പക്കൽ വേണ്ടത്ര ആസ്തികൾ ഉണ്ടായിരുന്നു. ഈജിപ്തിൽ നിന്നു പോന്നപ്പോൾ, അവർ തങ്ങളോടൊപ്പം സ്വർണവും വെള്ളിയും മറ്റു വസ്തുക്കളും കൊണ്ടുപോന്നിരുന്നു എന്നത് ഓർമിക്കുക. വാസ്തവത്തിൽ, “അവർ മിസ്രയീമ്യരെ കൊള്ളയിട്ടു.” a (പുറപ്പാടു 12:35, 36) മുമ്പ്, ഇസ്രായേല്യർ വ്യാജ ആരാധനയ്ക്കുള്ള വിഗ്രഹം ഉണ്ടാക്കാൻ സ്വമനസ്സാലെ തങ്ങളുടെ ആഭരണങ്ങൾ നൽകിയിരുന്നു. സത്യ ആരാധനയുടെ ഉന്നമനത്തിനു സംഭാവന നൽകാൻ അവർ അതേ താത്പര്യം ഇപ്പോൾ കാട്ടുമായിരുന്നോ?
എന്നാൽ ഇതു ശ്രദ്ധിക്കുക: ഓരോരുത്തരും ഒരു നിശ്ചിത തുക സംഭാവന നൽകാൻ മോശെ വ്യവസ്ഥ വെച്ചില്ല; സംഭാവന നൽകാൻ അവരെ പ്രേരിപ്പിക്കുന്നതിനായി അവരിൽ കുറ്റബോധമോ നാണക്കേടോ ഉളവാക്കാനും അവൻ ശ്രമിച്ചില്ല. നേരെ മറിച്ച്, “മനസ്സൊരുക്കം ഉള്ളവരെല്ലാം” സംഭാവന ചെയ്യാനാണു മോശെ അഭ്യർഥിച്ചത്. ദൈവജനത്തെ നിർബന്ധിക്കേണ്ടതുണ്ട് എന്നു മോശെ കരുതിയില്ലെന്നു വ്യക്തം. ഓരോരുത്തരും തന്റെ കഴിവിന്റെ പരമാവധി നൽകും എന്ന് അവന് ഉറപ്പുണ്ടായിരുന്നു.—2 കൊരിന്ത്യർ 8:10-12 താരതമ്യം ചെയ്യുക.
എന്നിരുന്നാലും, വസ്തുവകകൾ സംഭാവന ചെയ്യുന്നതിലും അധികം ഒരു നിർമാണ പ്രവർത്തനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. യഹോവ ഇസ്രായേല്യരോട് ഇങ്ങനെയും പറഞ്ഞു: “നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം.” അതേ, പ്രസ്തുത നിർമാണ പ്രവർത്തനത്തിനു വിദഗ്ധ ജോലിക്കാരുടെ ആവശ്യമുണ്ടായിരുന്നു. മരപ്പണിയും ലോഹപ്പണിയും സ്വർണപ്പണിയും ഉൾപ്പെടെ “സകലവിധ കൌശലപ്പണിയും” ആ പദ്ധതി പൂർത്തിയാക്കേണ്ടതിന് ആവശ്യമായിരുന്നു. ജോലിക്കാരുടെ കഴിവുകൾ യഹോവ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുമായിരുന്നു. കഴിവുകളെ നയിക്കുമായിരുന്നു. അങ്ങനെ, പദ്ധതിയുടെ വിജയത്തിനുള്ള ബഹുമതി യഥോചിതം അവനു പോകുമായിരുന്നു.—പുറപ്പാടു 35:10, 30-35; 36:1, 2.
തങ്ങളുടെ വിഭവങ്ങളും വൈദഗ്ധ്യങ്ങളും നൽകാനുള്ള ആഹ്വാനത്തോട് ഇസ്രായേല്യർ സ്വമനസ്സാലെ പ്രതികരിച്ചു. ബൈബിൾ വൃത്താന്തം ഇങ്ങനെ പ്രസ്താവിക്കുന്നു: പുറപ്പാടു 35:21, 22.
“ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകലശുശ്രൂഷക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവെക്കു വഴിപാടു കൊണ്ടുവന്നു. പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും . . . കൊണ്ടുവന്നു.”—നമുക്കുള്ള പാഠം
ഇന്ന്, ദൈവരാജ്യ സുവാർത്ത പ്രസംഗിക്കുക എന്ന ബൃഹത്തായ വേല സ്വമേധയാ നൽകുന്ന സംഭാവനകളാലാണു നിർവഹിക്കപ്പെടുന്നത്. മിക്കപ്പോഴും പണമായിട്ടാണു സംഭാവനകൾ ലഭിക്കാറ്. എന്നാൽ, ചിലപ്പോഴൊക്കെ രാജ്യഹാളും സമ്മേളന ഹാളും ബ്രാഞ്ച് സൗകര്യങ്ങളും പണിയാൻ സഹായിക്കുന്നതിനു ക്രിസ്തീയ സഹോദരീസഹോദരന്മാർ തങ്ങളുടെ അനുഭവ സമ്പത്തും ഉപയോഗിക്കുന്നു. അതിനുപുറമേ, ലോകമെമ്പാടുമുള്ള നൂറിലധികം ബെഥേൽ ഭവനങ്ങളിലും വ്യത്യസ്ത വൈദഗ്ധ്യങ്ങൾ ആവശ്യമാക്കിത്തീർക്കുന്ന ജോലികൾ നടന്നു വരുന്നു. തങ്ങളുടെ പ്രവൃത്തി യഹോവ മറന്നു കളയുകയില്ലെന്ന് അത്തരം സംഭാവനകൾ നൽകുന്ന മനസ്സൊരുക്കമുള്ള സകലർക്കും, ഉറപ്പുണ്ടായിരിക്കാവുന്നതാണ്!—എബ്രായർ 6:10.
ക്രിസ്തീയ ശുശ്രൂഷയിൽ നമുക്ക് ഓരോരുത്തർക്കുമുള്ള പങ്കിന്റെ കാര്യത്തിലും അതു ബാധകമാണ്. പ്രസംഗവേലയിൽ തീക്ഷ്ണതയുള്ള പങ്കുണ്ടായിരിക്കത്തക്കവണ്ണം സമയം വിലയ്ക്കു വാങ്ങാൻ സകലരും പ്രോത്സാഹിപ്പിക്കപ്പെടുന്നു. (മത്തായി 24:14; എഫെസ്യർ 5:15-17, NW) മുഴു സമയ സുവിശേഷകർ അഥവാ പയനിയർമാർ എന്ന നിലയിൽ സേവിച്ചുകൊണ്ട് ചിലർ അതു ചെയ്യുന്നു. സാഹചര്യങ്ങൾ നിമിത്തം ഒരു പയനിയറുടെ അത്രയും സമയം ശുശ്രൂഷയിൽ ചെലവഴിക്കാൻ മറ്റുള്ളവർക്കു കഴിയുന്നില്ല. എന്നിരുന്നാലും, അവരും യഹോവയെ സന്തോഷിപ്പിക്കുകയാണ്. സമാഗമന കൂടാരത്തിന്റെ കാര്യത്തിൽ എന്നപോലെ ഓരോരുത്തരും ഒരു നിശ്ചിത തുക കൊടുക്കണം എന്ന് യഹോവ ആവശ്യപ്പെടുന്നില്ല. മറിച്ച്, പൂർണ ഹൃദയത്തോടും ആത്മാവോടും മനസ്സോടും ശക്തിയോടും കൂടെ തന്നെ സേവിക്കാനാണ് അവൻ ആവശ്യപ്പെടുന്നത്. (മർക്കൊസ് 12:30) നാം അതു ചെയ്യുന്നുണ്ടെങ്കിൽ സത്യാരാധനയുടെ ഉന്നമനത്തിൽ കലാശിക്കുന്ന നമ്മുടെ സ്വമേധയാ സംഭാവനകൾക്ക് അവൻ പ്രതിഫലം നൽകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.—എബ്രായർ 11:6.
[അടിക്കുറിപ്പുകൾ]
a അതു മോഷണം അല്ലായിരുന്നു. ഇസ്രായേല്യർ ഈജിപ്തുകാരോടു സംഭാവന ആവശ്യപ്പെട്ടു, ഈജിപ്തുകാർ അവർക്ക് അതു സൗജന്യമായി നൽകി. കൂടാതെ, ഇസ്രായേല്യരെ അടിമകളാക്കാൻ ഈജിപ്തുകാർക്കു യാതൊരു അധികാരവും ഇല്ലാതിരുന്ന സ്ഥിതിക്ക്, ദൈവജനം വർഷങ്ങളോളം ചെയ്ത കഠിനവേലയ്ക്കുള്ള വേതനം നൽകാൻ അവർ ബാധ്യസ്ഥരായിരുന്നു.