പ്രാധാന്യമർഹിക്കുന്ന സഹസ്രാബ്ദത്തിനായി തയ്യാറെടുക്കുക!
പ്രാധാന്യമർഹിക്കുന്ന സഹസ്രാബ്ദത്തിനായി തയ്യാറെടുക്കുക!
ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ച മനുഷ്യ കുടുംബത്തിന് എണ്ണമറ്റ അനുഗ്രഹങ്ങൾ കൈവരുത്തും. യേശുവിന്റെ സ്നേഹനിർഭരമായ മാർഗദർശനത്തിൻ കീഴിൽ മനുഷ്യവർഗം ഇന്നത്തെ പരിതാപകരമായ അവസ്ഥയിൽ നിന്നു മഹത്തായ പൂർണതയിലേക്ക് ഉയർത്തപ്പെടും. അതു നിങ്ങൾക്ക് എന്ത് അർഥമാക്കിയേക്കാം എന്നു ചിന്തിച്ചുനോക്കൂ. തികഞ്ഞ ആരോഗ്യം! ഓരോ ദിവസവും രാവിലെ, തലേ ദിവസത്തെക്കാൾ ഊർജസ്വലതയോടെ എഴുന്നേൽക്കുന്നതു വിഭാവന ചെയ്യൂ. സന്തോഷപ്രദമായ ആ കാലത്തു ജീവിക്കുന്നതിനു വേണ്ടി ദശലക്ഷക്കണക്കിനു സ്ത്രീപുരുഷന്മാരും കുട്ടികളും നോക്കിപ്പാർത്തിരിക്കുന്നു. ഉറച്ച ബോധ്യത്തോടെ അവർ അതിനായി കാത്തിരിക്കുന്നു, അതിനായി പ്രാർഥിക്കുന്നു. ആ അനുഗ്രഹങ്ങൾ വ്യക്തിപരമായി തങ്ങൾക്ക് ആസ്വദിക്കാനാകും എന്നു ബൈബിൾ പഠനം അവരെ ബോധ്യപ്പെടുത്തിയിരിക്കുന്നു.
എന്നിരുന്നാലും, ആയിരവർഷ വാഴ്ച തുടങ്ങുന്നതിനു മുമ്പ്, തന്റെ ഭരണത്തെ എതിർക്കുന്ന സകലരെയും യേശുക്രിസ്തു ഉന്മൂലനം ചെയ്യേണ്ടതുണ്ട്. ബൈബിളിൽ അർമഗെദോൻ എന്നു പേർ വിളിക്കുന്ന യുദ്ധത്തിൽ അവൻ അതു ചെയ്യും. (വെളിപ്പാടു 16:16, NW) ഭൂമിയിലുള്ള യഥാർഥ ക്രിസ്ത്യാനികൾ ആ യുദ്ധത്തിൽ പോരാടുകയില്ല. അതു ദൈവത്തിന്റെ യുദ്ധമാണ്. അത് ഒരു പ്രത്യേക ഭൂപ്രദേശത്ത് ഒതുങ്ങിനിൽക്കുകയില്ല, മറിച്ച് അത് ഒരു ആഗോള യുദ്ധം ആയിരിക്കും എന്നു ബൈബിൾ പറയുന്നു. ക്രിസ്തുവിന്റെ ഭരണത്തെ എതിർക്കുന്നവർ ഛേദിക്കപ്പെടും. അവരിൽ ആരും രക്ഷപ്പെടുകയില്ല!—യിരെമ്യാവു 25:33.
തുടർന്ന് യേശു, പിശാചായ സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും നേർക്കു തന്റെ ശ്രദ്ധ തിരിക്കും. വെളിപ്പാടു പുസ്തകത്തിന്റെ എഴുത്തുകാരൻ കണ്ട പിൻവരുന്ന രംഗം ഒന്നു വിഭാവന ചെയ്യൂ: “അനന്തരം ഒരു ദൂതൻ [യേശുക്രിസ്തു] അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.” (വെളിപ്പാടു 20:1, 2) പിന്നീട്, സാത്താനും അവന്റെ ഭൂതങ്ങളും എന്നേക്കുമായി നശിപ്പിക്കപ്പെടും.—മത്തായി 25:41.
‘ആർക്കും എണ്ണാനാകാത്ത ഒരു മഹാപുരുഷാരം’ അർമഗെദോനെ അതിജീവിക്കും. (വെളിപ്പാടു 7:9) “ജീവജലത്തിന്റെ ഉറവുകളി”ൽ നിന്നു പൂർണ പ്രയോജനം നേടേണ്ടതിനു ക്രിസ്തു അവരെ നയിക്കും—ഒരു ഇടയൻ തന്റെ ആടുകളെ ജീവരക്ഷാകരമായ നീരുറവകളിലേക്കു നയിക്കുന്നതു പോലെതന്നെ. (വെളിപ്പാടു 7:17) തങ്ങളുടെ ആത്മീയ പുരോഗതിക്കു തടസ്സം വരുത്താൻ സാത്താനും ഭൂതങ്ങളും ഇല്ലാത്ത ഈ ചുറ്റുപാടിൽ അർമഗെദോൻ അതിജീവകർ തങ്ങളുടെ പാപപൂർണമായ പ്രവണതകൾ തരണം ചെയ്തു പൂർണതയിൽ എത്തിച്ചേരാൻ ക്രമേണ സഹായിക്കപ്പെടും!
വെളിപ്പാടു 21:4, 5) “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും” എന്നു പറഞ്ഞുകൊണ്ട് യെശയ്യാ പ്രവാചകൻ ചിത്രം കൂടുതൽ വ്യക്തമാക്കുന്നു. (യെശയ്യാവു 35:5, 6) മാത്രമല്ല, മരിച്ചവർ “ആബാലവൃദ്ധം,” വീണ്ടും ഒരിക്കലും മരിക്കേണ്ടതില്ലാത്ത ജീവിതത്തിലേക്കു തിരിച്ചുവരും!—വെളിപ്പാടു 20:12.
ക്രിസ്തുവിന്റെ സ്നേഹനിർഭരമായ ഭരണത്തിൻ കീഴിൽ, ജീവിത സാഹചര്യങ്ങൾ പടിപടിയായി മെച്ചപ്പെട്ടുകൊണ്ടിരിക്കും. യഹോവയാം ദൈവം യേശുക്രിസ്തു മുഖാന്തരം, വേദനയ്ക്കും ദുഃഖത്തിനുമുള്ള സകല കാരണങ്ങളും നീക്കിക്കളയും. അവൻ “അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.” (ഇപ്പോൾ പോലും, അർമഗെദോനെ അതിജീവിക്കാനിരിക്കുന്ന “മഹാപുരുഷാരം” കൂട്ടിച്ചേർക്കപ്പെടുകയാണ്. അവർ ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചയ്ക്കായി തയ്യാറായിക്കൊണ്ടിരിക്കുന്നു. ആ വാഴ്ച എന്നു തുടങ്ങുമെന്ന് അവർക്ക് അറിയില്ലെങ്കിലും, ദൈവത്തിന്റെ തക്ക സമയത്ത് അത് ആനയിക്കപ്പെടും എന്ന് അവർക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും അതിൽ ഒരാളായിരിക്കാനാകും, പക്ഷേ നിങ്ങൾ അതിനായി തയ്യാറാകേണ്ടതുണ്ട്. നിങ്ങളുടെ വസ്തുവകകൾ വിറ്റു മറ്റൊരു ഭൂപ്രദേശത്തേക്കു മാറിത്താമസിച്ചുകൊണ്ടല്ല മറിച്ച്, ബൈബിൾ പഠനത്തിലൂടെ യഹോവയാം ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു സൂക്ഷ്മമായ അറിവു സമ്പാദിച്ചുകൊണ്ടാണ് അതു ചെയ്യേണ്ടത്. സൗജന്യമായി, നിങ്ങൾക്കു യാതൊരു കടപ്പാടും വരുത്താതെ, ബൈബിളിന്റെ പഠനം നിങ്ങൾക്കും കുടുംബത്തിനും എങ്ങനെ പ്രയോജനം ചെയ്യുമെന്നു കാണിച്ചു തരാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്. കൂടുതലായ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ ഈ മാസികയുടെ പ്രസാധകർക്കു സന്തോഷമേയുള്ളൂ.
[7-ാം പേജിലെ ചതുരം]
ആയിരവർഷ വാഴ്ച—അക്ഷരീയമോ അതോ പ്രതീകാത്മകമോ?
വെളിപ്പാടു പുസ്തകത്തിന്റെ അധികഭാഗവും പ്രതീകാത്മക ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നതിനാൽ ഒരു ചോദ്യം ഉയർന്നുവരുന്നു. വെളിപ്പാടിൽ സൂചിപ്പിച്ചിരിക്കുന്ന, ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയെ കുറിച്ചെന്ത്? അത് അക്ഷരീയ കാലഘട്ടത്തെ സൂചിപ്പിക്കുന്നുവോ അതോ പ്രതീകാത്മക കാലഘട്ടത്തെ സൂചിപ്പിക്കുന്നുവോ?
അക്ഷരീയമായ ആയിരം വർഷ കാലഘട്ടത്തെയാണ് അർഥമാക്കിയിരിക്കുന്നത് എന്നതിന് എല്ലാവിധ സൂചനകളും ഉണ്ട്. ഇതു പരിചിന്തിക്കുക: മനുഷ്യവർഗത്തെ ന്യായം വിധിക്കുന്ന ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ചയെ പൗലൊസ് അപ്പൊസ്തലൻ ഒരു ദിവസം എന്ന് പരാമർശിക്കുന്നു. (പ്രവൃത്തികൾ 17:31; വെളിപ്പാടു 20:4) യഹോവയ്ക്ക് ഒരു ദിവസം (24 മണിക്കൂർ) ആയിരം സംവത്സരം പോലെ ആണെന്നു പത്രൊസ് അപ്പൊസ്തലൻ എഴുതി. (2 പത്രൊസ് 3:8) തന്മൂലം, പ്രസ്തുത ന്യായവിധി “ദിവസം” അക്ഷരാർഥത്തിൽ ആയിരം വർഷം ദീർഘിച്ചത് ആയിരിക്കും എന്നു പറയാൻ ന്യായമായ കാരണങ്ങളുണ്ട്. കൂടാതെ, മൂല ഭാഷ അനുസരിച്ച് വെളിപ്പാടു 20:3, 5-7-ൽ നാം നാലു തവണ കേവലം ‘ആയിരം ആണ്ട്’ എന്നല്ല മറിച്ച്, ‘ഈ ആയിരം ആണ്ട്’ എന്നു വായിക്കുന്നു. അത് ഒരു സുനിശ്ചിത ദൈർഘ്യമുള്ള കാലഘട്ടത്തെ സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു.