നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക!
നിങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക!
“ദുരന്തപൂർണ ദിനങ്ങൾ വരുന്നതിനു മുമ്പ്, ഇപ്പോൾ, . . . നിന്റെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക.”—സഭാപ്രസംഗി 12:1, Nw.
1. ദൈവത്തിനു സമർപ്പിതരായ യുവജനങ്ങൾ തങ്ങളുടെ യൗവനവും ശക്തിയും എങ്ങനെ ഉപയോഗിക്കാൻ താത്പര്യപ്പെടണം?
യഹോവ പ്രായഭേദമന്യേ തന്റെ ദാസന്മാർക്ക് അവന്റെ ഹിതം ചെയ്യാനുള്ള ശക്തി നൽകുന്നു. (യെശയ്യാവു 40:28-31) എന്നാൽ ദൈവത്തിനു സമർപ്പിതരായ യുവജനങ്ങൾ തങ്ങളുടെ യൗവനവും ശക്തിയും ജ്ഞാനപൂർവം ഉപയോഗിക്കാൻ വിശേഷാൽ തത്പരരായിരിക്കണം. ആയതിനാൽ അവർ പുരാതന ഇസ്രായേലിലെ രാജാവായിരുന്ന “സഭാപ്രസംഗി”യുടെ, ശലോമോന്റെ, ബുദ്ധിയുപദേശം ഗൗരവമായി എടുക്കുന്നു. അവൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ദുരന്തപൂർണ ദിനങ്ങൾ വരുന്നതിനു മുമ്പ്, അല്ലെങ്കിൽ ‘എനിക്ക് ഒന്നിലും ആനന്ദം ഇല്ല’ എന്നു നീ പറയുന്ന വർഷങ്ങൾ ആഗതമാകുന്നതിനു മുമ്പ്, ഇപ്പോൾ, നിന്റെ യൗവനനാളുകളിൽ, നിന്റെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക.”—സഭാപ്രസംഗി 1:1; 12:1, NW.
2. സമർപ്പിത ക്രിസ്ത്യാനികളുടെ കുട്ടികൾ എന്തു ചെയ്യേണ്ടതുണ്ട്?
2 യൗവനകാലത്തു മഹാസ്രഷ്ടാവിനെ ഓർമിക്കാനുള്ള ശലോമോന്റെ ഉദ്ബോധനം പ്രാഥമികമായി നൽകപ്പെട്ടത് ഇസ്രായേലിലെ യുവതീയുവാക്കന്മാർക്കാണ്. അവർ യഹോവയ്ക്കു സമർപ്പിക്കപ്പെട്ട ഒരു ജനസമുദായത്തിലാണു പിറന്നത്. ഇന്നത്തെ സമർപ്പിത ക്രിസ്ത്യാനികളുടെ കുട്ടികളെ സംബന്ധിച്ചോ? അവർ തീർച്ചയായും തങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർമിക്കേണ്ടതുണ്ട്. അപ്രകാരം ചെയ്യുന്നതിലൂടെ അവർ അവനെ ബഹുമാനിക്കുകയും തങ്ങൾക്കുതന്നെ പ്രയോജനം കൈവരുത്തുകയും ആയിരിക്കും ചെയ്യുക.—യെശയ്യാവു 48:17, 18.
കഴിഞ്ഞകാലത്തെ ഉത്തമ മാതൃകകൾ
3. യോസേഫും ശമൂവേലും ദാവീദും എന്തു മാതൃക വച്ചു?
3 ബൈബിൾ വൃത്താന്തത്തിലെ അനേകം യുവജനങ്ങൾ തങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർമിക്കുന്ന കാര്യത്തിൽ ഉത്തമ മാതൃക വെച്ചു. യാക്കോബിന്റെ പുത്രനായ യോസേഫ് ഇളംപ്രായം മുതലേ തന്റെ സ്രഷ്ടാവിനെ ഓർമിച്ചു. ലൈംഗിക അധാർമികതയിൽ ഏർപ്പെടാൻ പോത്തീഫറിന്റെ ഭാര്യ യോസേഫിനെ പ്രലോഭിപ്പിച്ചപ്പോൾ അവൻ അതു ശക്തമായി നിരസിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ”? (ഉല്പത്തി 39:9) ലേവ്യനായ ശമൂവേൽ ബാല്യകാലത്തു മാത്രമല്ല ആയുഷ്കാലം മുഴുവനും തന്റെ സ്രഷ്ടാവിനെ ഓർമിച്ചു. (1 ശമൂവേൽ 1:22-28; 2:18; 3:1-5) ബേത്ത്ലേഹെമിൽ നിന്നുള്ള യുവാവായ ദാവീദ് തീർച്ചയായും തന്റെ സ്രഷ്ടാവിനെ ഓർമിച്ചു. ഫെലിസ്ത്യ മല്ലനായ ഗൊല്യാത്തിനെ നേരിട്ട അവൻ പിൻവരുന്ന പ്രകാരം പ്രഖ്യാപിച്ചപ്പോൾ ദൈവത്തിലുള്ള അവന്റെ ആശ്രയം പ്രകടമായിരുന്നു: “നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു. യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും; ഞാൻ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; . . . യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്നു സർവ്വഭൂമിയും അറിയും. യഹോവ വാൾകൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാൻ ഇടവരും; യുദ്ധം യഹോവെക്കുള്ളതു; അവൻ നിങ്ങളെ ഞങ്ങളുടെ കയ്യിൽ ഏല്പിച്ചുതരും.” താമസിയാതെ, ഗൊല്യാത്ത് വധിക്കപ്പെട്ടു. ഫെലിസ്ത്യർ വിരണ്ടോടുകയും ചെയ്തു.—1 ശമൂവേൽ 17:45-51.
4. (എ) തടവുകാരിയായി പിടിക്കപ്പെട്ട ഇസ്രായേല്യ പെൺകുട്ടിയും യുവരാജാവായ യോശീയാവും നമ്മുടെ മഹാസ്രഷ്ടാവിനെ ഓർമിച്ചെന്ന് എന്തു പ്രകടമാക്കുന്നു? (ബി) 12 വയസ്സുള്ളപ്പോൾ, യേശു തന്റെ സ്രഷ്ടാവിനെ ഓർമിച്ചെന്ന് പ്രകടമാക്കിയത് എങ്ങനെ?
4 മഹാസ്രഷ്ടാവിനെ ഓർമിച്ച മറ്റൊരു യുവവ്യക്തി ആയിരുന്നു തടവുകാരിയായി പിടിക്കപ്പെട്ട ഇസ്രായേല്യ പെൺകുട്ടി. അവൾ സിറിയൻ സൈനിക മേധാവിയുടെ ഭാര്യയ്ക്കു നല്ലൊരു സാക്ഷ്യം നൽകിയതിന്റെ ഫലമായി അവൻ ദൈവത്തിന്റെ പ്രവാചകന്റെ അടുത്തു ചെന്ന് കുഷ്ഠരോഗത്തിൽനിന്നു സുഖം പ്രാപിച്ച് യഹോവയുടെ ഒരു ആരാധകൻ ആയിത്തീർന്നു. (2 രാജാക്കന്മാർ 5:1-19) യുവരാജാവായ യോശീയാവ് സധൈര്യം യഹോവയുടെ സത്യാരാധന ഉന്നമിപ്പിച്ചു. (2 രാജാക്കന്മാർ 22:1-23:25) ഇളംപ്രായത്തിൽത്തന്നെ തന്റെ മഹാസ്രഷ്ടാവിനെ ഓർമിച്ചതിന്റെ ഏറ്റവും നല്ല മാതൃക നസറായനായ യേശു ആണ്. അവന് 12 വയസ്സുണ്ടായിരുന്നപ്പോൾ എന്തു സംഭവിച്ചെന്നു പരിചിന്തിക്കുക. അവന്റെ മാതാപിതാക്കൾ പെസഹാ ആഘോഷത്തിനായി അവനെ യെരൂശലേമിൽ കൊണ്ടുപോയി. മടക്കയാത്രയിൽ, യേശു തങ്ങളോടൊപ്പം ഇല്ലെന്നു മനസ്സിലാക്കിയ അവർ അവനെ തേടി തിരിച്ചുപോയി. മൂന്നാം ദിവസം അവർ അവനെ കണ്ടുമുട്ടി. അവൻ അപ്പോൾ ആലയത്തിലെ ഉപദേഷ്ടാക്കന്മാരുമായി തിരുവെഴുത്തു വിഷയങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. തന്റെ അമ്മയുടെ ഉത്കണ്ഠാകുലമായ ചോദ്യത്തിനു പ്രതികരണമായി അവൻ ഇങ്ങനെ ചോദിച്ചു: “നിങ്ങൾ എന്നെ തിരഞ്ഞു പോകേണ്ടിയിരുന്നത് എന്തിന്? ഞാൻ എന്റെ പിതാവിന്റെ ഭവനത്തിൽ ആയിരിക്കേണ്ടത് ആണെന്നു നിങ്ങൾക്ക് അറിയില്ലായിരുന്നോ?” (ലൂക്കൊസ് 2:49, NW) ‘തന്റെ പിതാവിന്റെ ഭവന’മായ ആലയത്തിൽനിന്ന് ആത്മീയ മൂല്യമുള്ള വിവരങ്ങൾ സ്വായത്തമാക്കുന്നത് യേശുവിനെ സംബന്ധിച്ചിടത്തോളം പ്രയോജനകരമായിരുന്നു. ഇന്ന്, നമ്മുടെ മഹാസ്രഷ്ടാവിനെ കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനം നേടാൻ പറ്റിയ ഏറ്റവും നല്ല ഒരു സ്ഥലമാണ് യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ.
യഹോവയെ ഇപ്പോൾ ഓർക്കുക!
5. സഭാപ്രസംഗി 12:1-ൽ രേഖപ്പെടുത്തിയിരിക്കുന്ന സഭാപ്രസംഗിയുടെ വാക്കുകൾ സ്വന്തം വാക്കുകളിൽ നിങ്ങൾ എങ്ങനെ പറയും?
5 യഹോവയെ മുഴുഹൃദയത്തോടെ ആരാധിക്കുന്ന ഒരുവൻ ദൈവസേവനം സാധിക്കുന്നത്ര നേരത്തെ ഏറ്റെടുത്ത് ശേഷിക്കുന്ന ജീവിതകാലം മുഴുവൻ അതിൽ തുടരാൻ ആഗ്രഹിക്കുന്നു. എന്നാൽ സ്രഷ്ടാവിനെ ഓർമിക്കാതെ തന്റെ യൗവനകാലം പാഴാക്കിയ ഒരുവന്റെ കാര്യമോ? ദിവ്യനിശ്വസ്തതയിൽ സഭാപ്രസംഗി ഇങ്ങനെ പറയുന്നു: “ദുരന്തപൂർണ ദിനങ്ങൾ വരുന്നതിനു മുമ്പ്, അല്ലെങ്കിൽ ‘എനിക്ക് ഒന്നിലും ആനന്ദം ഇല്ല’ എന്നു നീ പറയുന്ന വർഷങ്ങൾ ആഗതമാകുന്നതിനു മുമ്പ്, ഇപ്പോൾ, നിന്റെ യൗവനനാളുകളിൽ, നിന്റെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക.”—സഭാപ്രസംഗി 12:1, NW.
6. വൃദ്ധരായിരുന്ന ശിമ്യോനും ഹന്നായും തങ്ങളുടെ സ്രഷ്ടാവിനെ ഓർമിച്ചു എന്നതിന് എന്തു തെളിവുണ്ട്?
6 വാർധക്യ കാലത്തെ “ദുരന്തപൂർണ ദിനങ്ങൾ” ആർക്കും സന്തോഷകരമല്ല. എന്നാൽ ദൈവത്തെ ഓർമിക്കുന്ന വൃദ്ധർ സന്തുഷ്ടരാണ്. ദൃഷ്ടാന്തത്തിന്, വൃദ്ധനായ ശിമ്യോൻ ആലയത്തിൽ വെച്ച് ശിശുവായിരുന്ന യേശുവിനെ തന്റെ കൈകളിലെടുത്ത് സന്തോഷപൂർവം ഇങ്ങനെ പ്രഖ്യാപിച്ചു: “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി നീ സകല ജാതികളുടെയും മുമ്പിൽ ഒരുക്കിയിരിക്കുന്ന നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ.” (ലൂക്കൊസ് 2:25-32) എൺപത്തിനാല് വയസ്സുണ്ടായിരുന്ന ഹന്നായും തന്റെ സ്രഷ്ടാവിനെ ഓർമിച്ചു. എപ്പോഴും ആലയത്തിൽ ആയിരുന്ന അവൾ, യേശുവിനെ ആലയത്തിൽ കൊണ്ടുവന്നപ്പോൾ അവിടെ ഉണ്ടായിരുന്നു. “ആ സമയത്തുതന്നെ അവളും അടുത്തുവന്ന് ദൈവത്തിനു നന്ദി പറയുകയും ജെറൂശലേമിന്റെ രക്ഷ പ്രതീക്ഷിക്കുന്നവരോടെല്ലാം അവനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.”—ലൂക്കൊസ് 2:36-38, ഓശാന ബൈബിൾ.
7. ദൈവസേവനത്തിൽ ആയിരുന്ന് വാർധക്യം പ്രാപിച്ചവരുടെ അവസ്ഥ എന്താണ്?
7 വർഷങ്ങളായി ദൈവസേവനത്തിൽ ആയിരുന്ന് വാർധക്യം പ്രാപിച്ച ഇന്നത്തെ യഹോവയുടെ സാക്ഷികൾക്കും പ്രായാധിക്യത്തിന്റേതായ യാതനകളും പരിമിതികളും ഉണ്ട്. എന്നിരുന്നാലും, അവർ എത്ര ധന്യരാണ്! അവരുടെ വിശ്വസ്ത സേവനത്തെ നാം എത്രയധികം വിലമതിക്കുന്നു! “യഹോവയിങ്കലെ സന്തോഷം” അവർക്കുണ്ട്. എന്തെന്നാൽ ഭൂമിയോടുള്ള ബന്ധത്തിൽ അവൻ തന്റെ അജയ്യമായ അധികാരം ഏറ്റെടുക്കുകയും യേശുക്രിസ്തുവിനെ ശക്തനായ സ്വർഗീയ രാജാവായി വാഴിക്കുകയും ചെയ്തിരിക്കുന്നു എന്ന് അവർക്ക് അറിയാം. (നെഹെമ്യാവു 8:10) യുവജനങ്ങളും പ്രായമായവരും പിൻവരുന്ന ഉദ്ബോധനത്തിനു ശ്രദ്ധ കൊടുക്കേണ്ട സമയം ഇപ്പോഴാണ്: “യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയ[ർ]ന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.”—സങ്കീർത്തനം 148:12, 13.
8, 9. (എ) ആരുടെ കാര്യത്തിലാണ് “ദുരന്തപൂർണ ദിനങ്ങൾ” ഫലശൂന്യം ആയിരിക്കുന്നത്, അത് അപ്രകാരം ആയിരിക്കുന്നത് എന്തുകൊണ്ട്? (ബി) സഭാപ്രസംഗി 12:2 നിങ്ങൾ എങ്ങനെ വിശദീകരിക്കും?
8 തങ്ങളുടെ മഹാസ്രഷ്ടാവിനു ശ്രദ്ധ കൊടുക്കാത്തവരും അവന്റെ മഹത്തായ ഉദ്ദേശ്യങ്ങളെ കുറിച്ചുള്ള ഗ്രാഹ്യം ഇല്ലാത്തവരുമായ ആളുകൾക്ക് വാർധക്യകാലത്തെ “ദുരന്തപൂർണ ദിനങ്ങൾ” ഫലശൂന്യമാണ്—ഒരുപക്ഷേ വളരെ വേദനാജനകവും. വാർധക്യകാല ദുരിതങ്ങളെയും സാത്താനെ സ്വർഗത്തിൽനിന്നു വലിച്ചെറിഞ്ഞതു മുതൽ മനുഷ്യവർഗത്തെ ബാധിച്ചിരിക്കുന്ന കഷ്ടപ്പാടുകളെയും ചെറുക്കാൻ കഴിയുന്ന ആത്മീയ ഗ്രാഹ്യം അവർക്കില്ല. (വെളിപ്പാടു 12:7-12) അതുകൊണ്ട്, “സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്ത ശേഷം മേഘങ്ങൾ മടങ്ങിവരികയും ചെയ്യുംമുമ്പെ” നമ്മുടെ സ്രഷ്ടാവിനെ ഓർമിക്കാൻ സഭാപ്രസംഗി നമ്മെ ഉദ്ബോധിപ്പിക്കുന്നു. (സഭാപ്രസംഗി 12:2) ഈ വാക്കുകളുടെ അർഥമെന്താണ്?
9 തെളിഞ്ഞ ആകാശത്തുനിന്ന് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം പൊഴിക്കുന്ന പാലസ്തീനിലെ ഗ്രീഷ്മകാലത്തോടു ശലോമോൻ യൗവനകാലത്തെ ഉപമിക്കുന്നു. കാര്യങ്ങളൊക്കെ അപ്പോൾ വളരെ ശോഭനമായി കാണപ്പെടുന്നു. എന്നാൽ വാർധക്യത്തിൽ ഒരുവന്റെ നാളുകൾ മഴയും തണുപ്പുമുള്ള ശൈത്യകാലം പോലെയാണ്. അപ്പോൾ ബുദ്ധിമുട്ടുകളുടെ പെരുമഴ ഒന്നിനുപിറകെ ഒന്നായി എത്തുന്നു. (ഇയ്യോബ് 14:1) ജീവിതത്തിന്റെ ഗ്രീഷ്മകാലത്ത് സ്രഷ്ടാവിനെ കുറിച്ച് അറിഞ്ഞിട്ട് അവനെ സേവിക്കാതിരിക്കുന്നത് എത്ര പരിതാപകരമാണ്! ജീവിതത്തിന്റെ വാർധക്യമാകുന്ന ശൈത്യകാലത്ത് കാര്യങ്ങൾ ശോഭയറ്റതാകുന്നു, വിശേഷിച്ചും യൗവനകാലത്ത് വ്യർഥമായ അനുധാവനങ്ങളിൽ ഏർപ്പെട്ട് യഹോവയെ സേവിക്കാനുള്ള അവസരങ്ങൾ കളഞ്ഞുകുളിച്ചവർക്ക്. എന്നാൽ, പ്രവാചകനായ മോശെയുടെ വിശ്വസ്ത സഹകാരി ആയിരുന്ന കാലേബിനെ പോലെ പ്രായഭേദമന്യേ നമുക്കും ‘യഹോവയോടു പൂർണ്ണമായി പറ്റിനിൽക്കാം.’—യോശുവ 14:6-9.
വാർധക്യത്തിന്റെ ഫലങ്ങൾ
10. (എ) “വീട്ടു കാവല്ക്കാർ,” എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (ബി) “ബലവാന്മാർ” എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
10 വാർധക്യത്തിലെ വിഷമതകളിലേക്കു ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ശലോമോൻ അടുത്തതായി ഇങ്ങനെ പറയുന്നു: “അന്നു വീട്ടു കാവല്ക്കാർ വിറെക്കും; ബലവാന്മാർ കുനിയും; അരെക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽകൂടി നോക്കുന്നവർ അന്ധന്മാരാകും.” (സഭാപ്രസംഗി 12:3) ഇവിടെ ‘വീട്’ മനുഷ്യശരീരത്തെ സൂചിപ്പിക്കുന്നു. (മത്തായി 12:43-45; 2 കൊരിന്ത്യർ 5:1-8) ശരീരത്തെ സംരക്ഷിക്കുകയും അതിന്റെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന കൈകളാണ് അതിന്റെ ‘കാവൽക്കാർ.’ വാർധക്യത്തിൽ അവ മിക്കപ്പോഴും ബലക്ഷയവും നാഡീവിക്ഷോഭവും തളർച്ചയും മൂലം വിറയ്ക്കുന്നു. “ബലവാന്മാർ,” അഥവാ കാലുകൾ, മേലാൽ കരുത്തുറ്റ താങ്ങുകളല്ല, മറിച്ച് അവ ദുർബലമാകുകയും വളഞ്ഞിരിക്കുകയും ചെയ്യുന്നതിനാൽ പാദങ്ങൾ വലിച്ചുവലിച്ചു നടക്കേണ്ടിവരുന്നു. എങ്കിലും, ക്രിസ്തീയ യോഗങ്ങളിൽ പ്രായമായ സഹവിശ്വാസികളെ കാണുന്നതിൽ നിങ്ങൾ സന്തോഷം ഉള്ളവരല്ലേ?
11. ആലങ്കാരികമായി പറയുമ്പോൾ, ‘അരെക്കുന്നവരും’ ‘കിളിവാതിലുകളിൽകൂടി നോക്കുന്നവരും’ ആരാണ്?
11 “അരെക്കുന്നവർ ചുരുക്കമാകയാൽ അടങ്ങിയിരിക്കും”—എന്നാൽ അവർ ചുരുക്കമാകുന്നത് എങ്ങനെ? പല്ലുകൾ ദ്രവിച്ചുപോകുകയോ നഷ്ടപ്പെടുകയോ ചെയ്തിരിക്കാം. ഇനി, അവ ഉണ്ടെങ്കിൽത്തന്നെ ഏതാനും എണ്ണമേ കാണൂ. കട്ടിയായ ആഹാരം ചവച്ചരയ്ക്കുന്നതു ബുദ്ധിമുട്ടാകുന്നു, അല്ലെങ്കിൽ തീർത്തും അസാധ്യമാകുന്നു. “കിളിവാതിലുകളിൽകൂടി നോക്കുന്നവർ”—കണ്ണുകളും കാണാൻ നമ്മെ സഹായിക്കുന്ന മാനസിക പ്രാപ്തികളും—പൂർണമായി അന്ധരായിത്തീരുന്നു, അല്ലെങ്കിൽ അവരുടെ കാഴ്ച മങ്ങുന്നു.
12. (എ) “തെരുവിലെ കതകുകൾ അടയു”ന്നത് എങ്ങനെ? (ബി) വൃദ്ധരായ രാജ്യഘോഷകരെ കുറിച്ചു നിങ്ങൾ എന്തു വിചാരിക്കുന്നു?
12 സഭാപ്രസംഗി ഇങ്ങനെ തുടരുന്നു: “തെരുവിലെ കതകുകൾ അടയും; അരെക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണർന്നുപോകും; പാട്ടുകാരത്തികൾ ഒക്കെയും തളരുകയും ചെയ്യും.” (സഭാപ്രസംഗി 12:4) ദൈവത്തെ സേവിക്കാത്ത വൃദ്ധരുടെ വായുടെ രണ്ടു കതകുകളും—ചുണ്ടുകൾ—‘വീട്ടിൽ’ അഥവാ ശരീരത്തിനകത്ത് ഉള്ള കാര്യങ്ങളെ കുറിച്ചു സംസാരിക്കാൻ മേലാൽ കാര്യമായി അല്ലെങ്കിൽ ഒട്ടുംതന്നെ തുറക്കപ്പെടുന്നില്ല. പൊതുജീവിതമാകുന്ന ‘തെരുവ്’ വിജനമായിത്തീരുന്നു. എന്നാൽ തീക്ഷ്ണതയുള്ള വൃദ്ധരായ രാജ്യഘോഷകരുടെ കാര്യമോ? (ഇയ്യോബ് 41:14) അവർ വീടുതോറും പോകുന്നതു സാവധാനത്തിലും സംസാരിക്കുന്നതു പ്രയാസപ്പെട്ടും ആയിരിക്കാം, എന്നിരുന്നാലും അവർ തീർച്ചയായും യഹോവയെ സ്തുതിക്കുന്നു!—സങ്കീർത്തനം 113:1.
13. വൃദ്ധജനങ്ങളുടെ മറ്റു പ്രശ്നങ്ങളെ സഭാപ്രസംഗി വിവരിക്കുന്നത് എങ്ങനെ, എന്നാൽ പ്രായമായ ക്രിസ്ത്യാനികളെ സംബന്ധിച്ചുള്ള യാഥാർഥ്യം എന്താണ്?
13 പല്ലില്ലാത്ത മോണകൊണ്ട് ആഹാരം ചവയ്ക്കുന്നതിനാൽ അരയ്ക്കുന്ന ശബ്ദം മന്ദമായിത്തീരുന്നു. പ്രായമായ ഒരു വ്യക്തിക്കു നല്ല ഉറക്കം ലഭിക്കാറില്ല. പക്ഷികളുടെ ചിലയ്ക്കൽ പോലും അദ്ദേഹത്തിന്റെ ഉറക്കത്തിനു ഭംഗംവരുത്തുന്നു. അദ്ദേഹം അധികം പാട്ടുകൾ പാടാറില്ല. അദ്ദേഹത്തിന്റെ സംഗീതം വളരെ ദുർബലവുമാണ്. “പാട്ടുകാരത്തികൾ”—സംഗീത സ്വരങ്ങൾ—‘തളരുന്നു.’ വൃദ്ധജനങ്ങൾക്കു മറ്റുള്ളവരുടെ സംഗീതവും പാട്ടുകളും കാര്യമായി കേൾക്കാനാവില്ല. എന്നിരുന്നാലും, വൃദ്ധരായ അഭിഷിക്തരും അവരുടെ സഹകാരികളും—അവരിൽ ചിലരും അത്ര ചെറുപ്പമല്ല—ക്രിസ്തീയ യോഗങ്ങളിൽ ദൈവത്തിനുള്ള സ്തുതിഗീതങ്ങൾ ആലപിക്കാനായി തങ്ങളുടെ ശബ്ദം ഉയർത്തുന്നു. സഭയിൽ യഹോവയെ സ്തുതിച്ചുകൊണ്ട് അവർ നമ്മോടൊപ്പം ഉണ്ടായിരിക്കുന്നതിൽ നാം എത്ര സന്തോഷിക്കുന്നു!—സങ്കീർത്തനം 149:1.
14. ഏതെല്ലാം ഭയങ്ങളാണ് പ്രായമായവരെ ബാധിക്കുന്നത്?
14 വൃദ്ധരുടെ, വിശേഷിച്ചും സ്രഷ്ടാവിനെ അവഗണിച്ചിരിക്കുന്നവരുടെ അവസ്ഥ എത്ര ദയനീയമാണ്! സഭാപ്രസംഗി പറയുന്നു: “അന്നു അവർ കയററത്തെ പേടിക്കും; വഴിയിൽ ഭീതികൾ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളൻ [“പുൽച്ചാടി,” NW] ഇഴഞ്ഞുനടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവർ വീഥിയിൽ ചുററിസഞ്ചരിക്കും.” (സഭാപ്രസംഗി 12:5) പ്രായമായ അനേകരും ഉയരമുള്ള ഗോവണിയുടെ മുകളിൽ ആയിരിക്കുമ്പോൾ വീഴുമോയെന്നു ഭയപ്പെടുന്നു. ഉയരമുള്ള എന്തിന്റെയെങ്കിലും മുകളിലേക്കു നോക്കുന്നതുതന്നെ അവർക്കു തലചുറ്റൽ ഉളവാക്കിയേക്കാം. തിരക്കുള്ള തെരുവുകളിലൂടെ പോകേണ്ടതുള്ളപ്പോൾ അപായത്തെയോ കള്ളന്മാരുടെ ആക്രമണത്തെയോ കുറിച്ചുള്ള ചിന്തകൾ അവരെ ഭയപ്പെടുത്തുന്നു.
15. “ബദാംവൃക്ഷം പൂക്കു”കയും “പുൽച്ചാടി ഇഴഞ്ഞു നടക്കു”കയും ചെയ്യുന്നത് എങ്ങനെ?
15 പ്രായമായ ഒരുവന്റെ കാര്യത്തിൽ “ബദാംവൃക്ഷം പൂക്കു”ന്നു. തലമുടി നരച്ച് പഞ്ഞിപോലെ വെളുക്കുന്നതിനെ ആയിരിക്കാം ഇതു സൂചിപ്പിക്കുന്നത്. നരച്ചു വെളുത്ത തലമുടി ബദാം വൃക്ഷത്തിന്റെ വെളുത്ത പൂക്കൾപോലെ കൊഴിഞ്ഞുവീഴുന്നു. ഒരുപക്ഷേ കുനിഞ്ഞ് കൈകൾ തൂക്കിയിട്ട് അല്ലെങ്കിൽ കൈമുട്ടുകൾ മേൽപ്പോട്ട് ഉയർത്തി കൈകൾ എളിക്കു കൊടുത്ത് “ഇഴഞ്ഞുനടക്കു”മ്പോൾ അദ്ദേഹം ഒരു പുൽച്ചാടിയെപ്പോലെ കാണപ്പെടുന്നു. എന്നാൽ നമ്മിൽ ആരെങ്കിലും അങ്ങനെയൊക്കെ ആണ് കാണപ്പെടുന്നതെങ്കിൽ, നാം യഹോവയുടെ ഊർജസ്വലരായ, ത്വരിതഗമനം ചെയ്യുന്ന വെട്ടുക്കിളി സൈന്യത്തിന്റെ ഭാഗമാണെന്നുള്ളതു മറ്റുള്ളവർ മനസ്സിലാക്കട്ടെ!—1998 മേയ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 8-13 പേജുകൾ കാണുക.
16. (എ) “രോചനക്കുരു ഫലിക്കാതെ വരും” എന്നത് എന്തിനെ സൂചിപ്പിക്കുന്നു? (ബി) മനുഷ്യന്റെ ‘ശാശ്വതഭവനം’ എന്താണ്, മരണം അടുത്തുവരുന്നതിന്റെ ഏതു ലക്ഷണങ്ങൾ പ്രകടമായിത്തീരുന്നു?
16 പ്രായമായ ആളുകൾക്കു വിശപ്പു വളരെ കുറവായിരിക്കും, അവരുടെ മുന്നിലുള്ള ആഹാരം രോചനക്കുരുപോലെ രുചിയുള്ളത് ആയിരുന്നാൽ പോലും. വിശപ്പ് ഉളവാക്കാൻ ഈ കുരുക്കൾ ദീർഘകാലമായി ഉപയോഗിച്ചിട്ടുണ്ട്. “രോചനക്കുരു ഫലിക്കാതെ വരും” എന്നത് പ്രായമായ ഒരുവനു വിശപ്പു കുറയുമ്പോൾ ഈ കുരുവിനു പോലും ആഹാരത്തോടുള്ള വാഞ്ഛ ഉണർത്താൻ കഴിയില്ലെന്നു സൂചിപ്പിക്കുന്നു. അദ്ദേഹം തന്റെ “ശാശ്വതഭവന”ത്തോട്, അതായത് ശവക്കുഴിയോട് അടുക്കുകയാണെന്ന് ഈ കാര്യങ്ങൾ സൂചിപ്പിക്കുന്നു. അദ്ദേഹം തന്റെ സ്രഷ്ടാവിനെ ഓർമിക്കാതിരിക്കയും ദൈവം പുനരുത്ഥാനത്തിൽ തന്നെ ഓർമിക്കാതിരിക്കത്തക്ക വിധത്തിലുള്ള ഒരു ദുഷ്ട ഗതി പിന്തുടരുകയും ചെയ്തിരിക്കുന്നുവെങ്കിൽ അത് അദ്ദേഹത്തിനു ശാശ്വത ഭവനമായിരിക്കും. പ്രായമായവരുടെ വായുടെ കതകുകളിൽനിന്നു പുറപ്പെടുന്ന വിലാപ സ്വരങ്ങളിലും പരാതിയുടെ ഞരക്കങ്ങളിലും മരണം അടുത്തുവരുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്.
17. ‘വെള്ളിച്ചരട്’ അറ്റുപോകുന്നത് എങ്ങനെ, “പൊൻകിണ്ണം” എന്തിനെ ആയിരിക്കാം സൂചിപ്പിക്കുന്നത്?
17 ‘വെള്ളിച്ചരട് അറ്റുപോകുകയും പൊൻകിണ്ണം തകരുകയും ഉറവിങ്കലെ കുടം ഉടയുകയും കിണറ്റിങ്കലെ ചക്രം തകരുകയും’ ചെയ്യുന്നതിനു മുമ്പു നമ്മുടെ സ്രഷ്ടാവിനെ ഓർമിക്കാൻ നാം ഉദ്ബോധിപ്പിക്കപ്പെടുന്നു. (സഭാപ്രസംഗി 12:6) ‘വെള്ളിച്ചരട്’ സുഷുമ്നാനാഡി ആയിരിക്കാം. തലച്ചോറിലേക്കുള്ള ആവേഗങ്ങളുടെ ഈ അതിശയകരമായ സഞ്ചാരപാതയ്ക്ക്, അപരിഹാര്യമാം വിധം കോട്ടം തട്ടുമ്പോൾ മരണം സുനിശ്ചിതമാണ്. ഒരു കിണ്ണം പോലെയുള്ള തലയോട്ടിക്ക് ഉള്ളിലെ, സുഷുമ്നാ നാഡി ബന്ധിച്ചിരിക്കുന്ന തലച്ചോറിനെ ആയിരിക്കാം “പൊൻകിണ്ണം” സൂചിപ്പിക്കുന്നത്. പൊന്നുപോലെ അമൂല്യമായ തലച്ചോർ തകരുമ്പോൾ മരണം സംഭവിക്കുന്നു.
18. “ഉറവിങ്കലെ” ആലങ്കാരിക “കുടം” എന്താണ്, അത് ഉടയുമ്പോൾ എന്തു സംഭവിക്കുന്നു?
18 രക്തത്തെ സ്വീകരിച്ച് വീണ്ടും ശരീരത്തിലൂടെ ചംക്രമണം ചെയ്യാൻ അതിനെ അയയ്ക്കുന്ന ഹൃദയമാണ് ‘ഉറവിങ്കലെ കുടം.’ മരണത്തിങ്കൽ ഹൃദയം, ഉറവിങ്കൽ വെച്ച് ഉടഞ്ഞുപോയ കുടം പോലെ ആയിത്തീരുന്നു. കാരണം, ശരീരത്തിന്റെ പോഷണത്തിനും ഉന്മേഷത്തിനും അത്യന്താപേക്ഷിതമായ രക്തത്തെ സ്വീകരിക്കാനോ ഉൾക്കൊള്ളാനോ പമ്പു ചെയ്യാനോ മേലാൽ അതിനു കഴിയാതാകുന്നു. ‘കിണറ്റിങ്കലെ തകർന്ന ചക്രം’ തിരിയാത്തതിന്റെ ഫലമായി, ജീവൻ നിലനിർത്തുന്ന രക്തത്തിന്റെ ചംക്രമണം അവസാനിക്കുന്നു. അങ്ങനെ, ശരീരത്തിൽ രക്തചംക്രമണം നടക്കുന്നുവെന്ന് 17-ാം നൂറ്റാണ്ടിൽ ഭിഷഗ്വരനായ വില്യം ഹാർവി വ്യക്തമാക്കുന്നതിനു ദീർഘനാൾ മുമ്പ് യഹോവ രക്തചംക്രമണത്തെ കുറിച്ചു ശലോമോനു വെളിപ്പെടുത്തി.
19. സഭാപ്രസംഗി 12:7-ലെ വാക്കുകൾ മരണത്തിനു ബാധകമാകുന്നത് എങ്ങനെ?
19 സഭാപ്രസംഗി ഇങ്ങനെ കൂട്ടിച്ചേർത്തു: “പൊടി പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്കിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും.” (സഭാപ്രസംഗി 12:7) ‘കിണറ്റിങ്കലെ ചക്രം’ തകരുന്നതോടെ, പൊടിയിൽനിന്നു നിർമിക്കപ്പെട്ട മനുഷ്യ ശരീരം പൊടിയിലേക്കു തിരികെ ചേരുന്നു. (ഉല്പത്തി 2:7; 3:19) അങ്ങനെ വ്യക്തി മരിക്കുകയും നമ്മുടെ സ്രഷ്ടാവ് നൽകിയ ആത്മാവ് അഥവാ ജീവശക്തി ആലങ്കാരികമായ ഒരു അർഥത്തിൽ ദൈവത്തിലേക്കു മടങ്ങിപ്പോയി അവനോടൊപ്പം വസിക്കുകയും ചെയ്യുന്നു.—യെഹെസ്കേൽ 18:4, 20; യാക്കോബ് 2:26.
ഓർമിക്കുന്നവരുടെ ഭാവി എന്ത്?
20. സങ്കീർത്തനം 90:12-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം പ്രാർഥിച്ചപ്പോൾ മോശെ എന്താണ് അഭ്യർഥിച്ചത്?
20 നമ്മുടെ മഹാസ്രഷ്ടാവിനെ ഓർമിക്കുന്നത് എത്ര പ്രധാനമാണെന്നു ശലോമോൻ വളരെ ഫലപ്രദമായി പ്രകടമാക്കി. യഹോവയെ ഓർമിക്കുകയും മുഴുഹൃദയത്തോടെ അവന്റെ ഹിതം അനുഷ്ഠിക്കുകയും ചെയ്യുന്നവർക്കു താരതമ്യേന ഹ്രസ്വവും പ്രശ്നപൂരിതവുമായ ഈ ജീവിതം മാത്രമല്ല ഉള്ളതെന്നു തീർച്ചയാണ്. അവർ ചെറുപ്പക്കാരോ പ്രായമുള്ളവരോ ആയിരുന്നാലും, പിൻവരുന്ന പ്രകാരം പ്രാർഥിച്ച മോശയുടെതു പോലുള്ള മനോഭാവമാണ് അവർക്കുള്ളത്: “ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.” ‘തങ്ങളുടെ നാളുകളെ’ വിലമതിക്കുകയും ദൈവാംഗീകാരമുള്ള വിധത്തിൽ ഉപയോഗിക്കുകയും ചെയ്യുന്നതിൽ ജ്ഞാനം പ്രകടമാക്കാൻ തന്നെയും ഇസ്രായേൽ ജനതയെയും യഹോവ ഉപദേശിക്കണം അഥവാ പഠിപ്പിക്കണം എന്ന് ദൈവത്തിന്റെ ആ താഴ്മയുള്ള പ്രവാചകൻ ഉത്കടമായി ആഗ്രഹിച്ചു.—സങ്കീർത്തനം 90:10, 12.
21. നമ്മുടെ നാളുകൾ യഹോവയുടെ മഹത്ത്വത്തിനായി എണ്ണാൻ നാം എന്തു ചെയ്യണം?
21 സ്രഷ്ടാവിനെ ഓർമിക്കാനുള്ള സഭാപ്രസംഗിയുടെ ബുദ്ധിയുപദേശത്തിനു ശ്രദ്ധ കൊടുക്കാൻ ക്രിസ്തീയ യുവജനങ്ങൾ വിശേഷാൽ ദൃഢനിശ്ചയമുള്ളവർ ആയിരിക്കണം. ദൈവത്തിനു വിശുദ്ധ സേവനം അർപ്പിക്കാനുള്ള എത്ര മഹത്തായ അവസരങ്ങളാണ് അവർക്കുള്ളത്! എന്നാൽ നമ്മുടെ പ്രായം ഗണ്യമാക്കാതെ, ഈ “അന്ത്യകാല”ത്ത് യഹോവയുടെ മഹത്ത്വത്തിനായി നമ്മുടെ നാളുകളെ എണ്ണാൻ പഠിക്കുന്നെങ്കിൽ അനന്തകാലത്തേക്ക് അത് എണ്ണാൻ നാം പ്രാപ്തരായേക്കാം. (ദാനീയേൽ 12:4; യോഹന്നാൻ 17:3) അതു സാധിക്കണമെങ്കിൽ നാം തീർച്ചയായും നമ്മുടെ മഹാസ്രഷ്ടാവിനെ ഓർമിക്കണം. ദൈവത്തോടുള്ള നമ്മുടെ മുഴു കടപ്പാടും നാം നിവർത്തിക്കുകയും വേണം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ തങ്ങളുടെ സ്രഷ്ടാവിനെ ഓർമിക്കാൻ യുവജനങ്ങൾ ഉദ്ബോധിപ്പിക്കപ്പെടുന്നത് എന്തുകൊണ്ട്?
□ തങ്ങളുടെ മഹാസ്രഷ്ടാവിനെ ഓർമിച്ചവരുടെ ചില തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ ഏവ?
□ ശലോമോൻ വിവരിച്ചതനുസരിച്ച്, വാർധക്യത്തിന്റെ ചില ഫലങ്ങൾ ഏവ?
□ യഹോവയെ ഓർമിക്കുന്നവർക്ക് എന്തു ഭാവിയാണുള്ളത്?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രങ്ങൾ]
ദാവീദും തടവുകാരിയായി പിടിക്കപ്പെട്ട ഇസ്രായേല്യ പെൺകുട്ടിയും ഹന്നായും ശിമ്യോനും യഹോവയെ ഓർമിച്ചു
[16-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ പ്രായമായ സാക്ഷികൾ നമ്മുടെ മഹാസ്രഷ്ടാവിനു സന്തോഷത്തോടെ വിശുദ്ധ സേവനം അർപ്പിക്കുന്നു