നാം ഒരിക്കലും നാശത്തിലേക്കു പിന്മാറാതിരിക്കട്ടെ!
നാം ഒരിക്കലും നാശത്തിലേക്കു പിന്മാറാതിരിക്കട്ടെ!
“നാം നാശത്തിലേക്കു പിന്മാറുന്ന തരക്കാരല്ല.”—എബ്രായർ 10:39, NW.
1. പത്രൊസ് അപ്പൊസ്തലൻ ഭയത്തിന് അടിമപ്പെടാൻ ഇടയായ സാഹചര്യങ്ങൾ ഏവ?
അപ്പൊസ്തലന്മാരോട്, അവരെല്ലാവരും ചിതറിപ്പോകുകയും തന്നെ ഉപേക്ഷിക്കുകയും ചെയ്യുമെന്ന് അവരുടെ പ്രിയപ്പെട്ട യജമാനനായ യേശു പറഞ്ഞപ്പോൾ അവർ ഞെട്ടിപ്പോയിരിക്കണം. അത് എങ്ങനെ സംഭവിക്കാനാണ്, അതും യേശുവിന് അവരുടെ ആവശ്യം ഏറ്റവും അധികമുള്ള ഒരു സമയത്ത്? പത്രൊസ് ഇങ്ങനെ തറപ്പിച്ചു പറഞ്ഞു: “എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല.” വാസ്തവത്തിൽ, പത്രൊസ് ധൈര്യശാലി ആയിരുന്നു. എന്നാൽ, യേശു ഒറ്റിക്കൊടുക്കപ്പെടുകയും അറസ്റ്റു ചെയ്യപ്പെടുകയും ചെയ്തപ്പോൾ പത്രൊസ് ഉൾപ്പെടെയുള്ള അപ്പൊസ്തലന്മാരെല്ലാം ചിതറിപ്പോയി. പിന്നീട്, മഹാപുരോഹിതനായ കയ്യഫാവിന്റെ വീട്ടിൽ വെച്ച് യേശുവിനെ ചോദ്യം ചെയ്ത സമയത്ത് പത്രൊസ് ആകുലചിത്തനായി മുറ്റത്ത് ചുറ്റിപ്പറ്റിനിന്നു. ആ തണുത്ത രാത്രി അവസാനിക്കാറാകവെ, യേശുവും അവനോടൊപ്പം സഹവസിച്ചിരുന്ന ഏതൊരാളും വധിക്കപ്പെട്ടേക്കാമെന്നു പത്രൊസ് ഭയപ്പെട്ടിരിക്കണം. പത്രൊസ് യേശുവിന്റെ ഒരു അടുത്ത സഹകാരി ആണെന്ന് അരികെ നിന്നിരുന്ന ചിലർ തിരിച്ചറിഞ്ഞപ്പോൾ അവൻ ഭയന്നു വിറച്ചു. യേശുവുമായുള്ള ബന്ധം അവൻ മൂന്നു തവണ നിഷേധിച്ചു. അവനെ അറിയുകപോലും ഇല്ലെന്നു പത്രൊസ് പറഞ്ഞു!—മർക്കൊസ് 14:27-31, 66-72.
2. (എ) യേശു അറസ്റ്റ് ചെയ്യപ്പെട്ട രാത്രിയിലെ പത്രൊസിന്റെ ഭയംപൂണ്ട പ്രവൃത്തി അവനെ ‘പിന്മാറുന്ന തരക്കാരൻ’ ആക്കുമായിരുന്നില്ലാത്തത് എന്തുകൊണ്ട്? (ബി) നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
2 അത് പത്രൊസ് തന്റെ ജീവിതത്തിൽ ഏറ്റവും പരാജിതനായ ഒരു നിമിഷമായിരുന്നു. ജീവിതത്തിൽ ശേഷിച്ച കാലം മുഴുവൻ അവൻ അതേക്കുറിച്ച് ഓർത്തു വ്യസനിച്ചിരിക്കും എന്നതിനു തെല്ലും സംശയമില്ല. എന്നാൽ ആ രാത്രിയിലെ അവന്റെ പ്രവൃത്തി അവനെ ഒരു ഭീരു ആക്കിയോ? അത് അവനെ, “ഇപ്പോൾ നാം നാശത്തിലേക്കു പിന്മാറുന്ന തരക്കാരല്ല” എന്ന് പൗലൊസ് അപ്പൊസ്തലൻ പിൽക്കാലത്ത് എഴുതിയപ്പോൾ അവൻ പരാമർശിച്ച ആ ‘തരത്തിലുള്ള’ ഒരു വ്യക്തിയാക്കിയോ? (എബ്രായർ 10:39, NW) പൗലൊസിന്റെ ആ വാക്കുകൾ പത്രൊസിന് ബാധകമല്ല എന്നതിനോടു നാം എല്ലാവരുംതന്നെ യോജിക്കും. എന്തുകൊണ്ട്? കാരണം, അവന്റെ ഭയം താത്കാലികമായിരുന്നു. ശ്രദ്ധേയമായ ധൈര്യവും വിശ്വാസവും മുഖമുദ്രയായ ഒരു ജീവിതത്തിലെ ഒരു താത്കാലിക പിഴവ് മാത്രമായിരുന്നു അത്. സമാനമായി, പെട്ടെന്നുള്ള ഭയം നിമിത്തം സത്യത്തിനുവേണ്ടി ആഗ്രഹിച്ചതുപോലെ ധീരമായി നിലകൊള്ളാൻ കഴിയാഞ്ഞ, ഓർക്കുമ്പോൾ കുറെയൊക്കെ ലജ്ജ തോന്നുന്ന ചില നിമിഷങ്ങൾ നമ്മിൽ മിക്കവരുടെയും ജീവിതത്തിലുണ്ടായിട്ടുണ്ട്. (റോമർ 7:21-23 താരതമ്യം ചെയ്യുക.) അത്തരം താത്കാലിക പിഴവുകൾ നമ്മെ നാശത്തിലേക്കു പിന്മാറുന്ന തരക്കാരാക്കുന്നില്ലെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാം. എന്നിരുന്നാലും, അത്തരക്കാർ ആയിത്തീരാതിരിക്കാൻ നാം ദൃഢനിശ്ചയമുള്ളവർ ആയിരിക്കണം. എന്തുകൊണ്ട്? അത്തരത്തിലുള്ള ഒരു വ്യക്തിയായിത്തീരുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാനാകും?
നാശത്തിലേക്കു പിന്മാറുക എന്നതിന്റെ അർഥം
3. പ്രവാകന്മാരായ ഏലീയാവും യോനായും ഭയത്തിന് അടിമപ്പെട്ടത് എങ്ങനെ?
3 ‘നാശത്തിലേക്കു പിന്മാറുന്ന തരക്കാരെ’ കുറിച്ച് എഴുതിയപ്പോൾ, ഒരു ദുർബല നിമിഷത്തിൽ അധൈര്യം പ്രകടമാക്കിയേക്കാവുന്നവരെ അല്ല പൗലൊസ് അർഥമാക്കിയത്. പത്രൊസിന്റെ അനുഭവവും സമാനമായ മറ്റു സംഭവങ്ങളും പൗലൊസിന് തീർച്ചയായും അറിയാമായിരുന്നു. ധീരനും വെട്ടിത്തുറന്നു സംസാരിക്കുന്നവനും ആയിരുന്ന ഏലീയാ പ്രവാചകൻ, ദുഷ്ട രാജ്ഞിയായ ഈസേബെലിൽ നിന്നുള്ള വധഭീഷണി ഹേതുവായി ഒരിക്കൽ ഭയത്തിന് അടിമപ്പെട്ട് പ്രാണരക്ഷാർഥം ഒളിച്ചോടി. (1 രാജാക്കന്മാർ 19:1-4) പ്രവാചകനായ യോനാ ആണെങ്കിൽ അത്യന്തം ഭയപ്പെട്ടുപോയി. അക്രമത്തിനു കുപ്രസിദ്ധിയാർജിച്ച ദുഷിച്ച നീനെവേ നഗരത്തിലേക്കു പോകാൻ യഹോവ അവനോട് ആവശ്യപ്പെട്ടു. എന്നാൽ, യോനാ ഉടൻതന്നെ വിപരീത ദിശയിൽ 3,500 കിലോമീറ്റർ അകലെയുള്ള തർശീശിലേക്കു കപ്പൽ കയറി. (യോനാ 1:1-3) പക്ഷേ, ഈ വിശ്വസ്ത പ്രവാചകന്മാരെയോ പത്രൊസ് അപ്പൊസ്തലനെയോ നാശത്തിലേക്കു പിന്മാറിയ തരക്കാരായി തീർച്ചയായും വർണിക്കാനാവില്ല. എന്തുകൊണ്ടാവില്ല?
4, 5. (എ) എബ്രായർ 10:39-ലെ ‘നാശം’ എന്ന പദപ്രയോഗത്താൽ പൗലൊസ് എന്താണ് അർഥമാക്കിയതെന്നു നിർണയിക്കാൻ സന്ദർഭം നമ്മെ സഹായിക്കുന്നത് എങ്ങനെ? (ബി) “നാം നാശത്തിലേക്കു പിന്മാറുന്ന തരക്കാരല്ല” എന്ന് പറഞ്ഞപ്പോൾ പൗലൊസ് എന്താണ് അർഥമാക്കിയത്?
4 പൗലൊസ് ഉപയോഗിച്ച മുഴു പദപ്രയോഗവും ശ്രദ്ധിക്കുക: ‘നാം നാശത്തിലേക്കു പിന്മാറുന്ന തരക്കാരല്ല.’ ‘നാശം’ എന്നു പറഞ്ഞപ്പോൾ അവൻ എന്താണ് അർഥമാക്കിയത്? അവൻ ഉപയോഗിച്ച ഗ്രീക്ക് പദം ചില അവസരങ്ങളിൽ നിത്യനാശത്തെ അർഥമാക്കുന്നു. ഈ നിർവചനം സന്ദർഭത്തിനു യോജിച്ചതാണ്. പൗലൊസ് ഇങ്ങനെ മുന്നറിയിപ്പു നൽകിയതേ ഉണ്ടായിരുന്നുള്ളൂ: “സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപംചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളു.”—എബ്രായർ 10:26, 27.
5 അതുകൊണ്ട് പൗലൊസ്, “നാം നാശത്തിലേക്കു പിന്മാറുന്ന തരക്കാരല്ല” എന്ന് സഹവിശ്വാസികളോടു പറഞ്ഞപ്പോൾ, താനും വിശ്വസ്തരായ തന്റെ ക്രിസ്തീയ വായനക്കാരും യഹോവയിൽനിന്ന് ഒരിക്കലും അകന്നുപോകാതിരിക്കാനും അവനെ സേവിക്കുന്നതു നിർത്താതിരിക്കാനും ദൃഢനിശ്ചയം ചെയ്തിരുന്നു എന്ന് അർഥമാക്കി. ദൈവസേവനം നിറുത്തുന്നത് നിത്യനാശത്തിലേ കലാശിക്കുമായിരുന്നുള്ളൂ. അത്തരം നാശത്തിലേക്കു പിന്മാറിയവരിൽ ഒരുവനായിരുന്നു യൂദാ ഈസ്കര്യോത്താ. മനപ്പൂർവം യഹോവയുടെ ആത്മാവിന് എതിരായി പ്രവർത്തിച്ച സത്യത്തിന്റെ മറ്റു ശത്രുക്കളും ആ ഗണത്തിൽ പെടും. (യോഹന്നാൻ 17:12; 2 തെസ്സലൊനീക്യർ 2:3) പ്രതീകാത്മക തീപ്പൊയ്കയിൽ നിത്യനാശം അനുഭവിക്കുന്ന ‘ഭീരുക്കളിൽ’ പെടുന്നവരാണ് അത്തരം വ്യക്തികൾ. (വെളിപ്പാടു 21:8) അത്തരക്കാർ ആയിരിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല!
6. നാം ഏതു ഗതി സ്വീകരിക്കാൻ പിശാചായ സാത്താൻ ആഗ്രഹിക്കുന്നു?
6 നാം നാശത്തിലേക്കു പിന്മാറാൻ പിശാചായ സാത്താൻ ആഗ്രഹിക്കുന്നു. അത്തരം നാശകരമായ ഗതി നിസ്സാരമായ വിധങ്ങളിലാണു മിക്കപ്പോഴും ആരംഭിക്കുന്നതെന്ന് “കുടില പ്രവൃത്തിക”ളിൽ സമർഥനായ അവന് അറിയാം. (എഫെസ്യർ 6:11, NW അടിക്കുറിപ്പ്) നേരിട്ടുള്ള പീഡനംകൊണ്ട് ലക്ഷ്യം സാധിക്കാതെ വരുമ്പോൾ അവൻ കുടില മാർഗങ്ങളിലൂടെ സത്യക്രിസ്ത്യാനികളുടെ വിശ്വാസത്തിനു തുരങ്കം വെക്കാൻ ശ്രമിക്കുന്നു. യഹോവയുടെ തീക്ഷ്ണതയുള്ള സുധീര സാക്ഷികൾ നിശ്ശബ്ദരാക്കപ്പെടുന്നതു കാണാൻ അവൻ ആഗ്രഹിക്കുന്നു. പൗലൊസ് തന്റെ ലേഖനം എഴുതിയ എബ്രായ ക്രിസ്ത്യാനികൾക്ക് എതിരെ പിശാച് എന്തു തന്ത്രങ്ങളാണ് ഉപയോഗിച്ചതെന്നു നമുക്കു നോക്കാം.
പിന്മാറാനായി ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെട്ട വിധം
7. (എ) യെരൂശലേമിലെ സഭയുടെ ചരിത്രം എന്തായിരുന്നു? (ബി) പൗലൊസിന്റെ വായനക്കാരിൽ ചിലരുടെ കാര്യത്തിൽ ഏത് ആത്മീയ സാഹചര്യങ്ങളാണു നിലവിലിരുന്നത്?
7 പൗലൊസ് എബ്രായർക്കുള്ള തന്റെ ലേഖനം എഴുതിയത് പൊ.യു. 61-ൽ ആണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. യെരൂശലേമിലെ സഭയ്ക്ക് പ്രക്ഷുബ്ധമായ ഒരു ചരിത്രമാണ് ഉണ്ടായിരുന്നത്. യേശുവിന്റെ മരണത്തിനു ശേഷം ക്രൂരമായ പീഡനത്തിന്റെ അലകൾ ആഞ്ഞടിച്ചു, അത് ആ നഗരത്തിലെ ക്രിസ്ത്യാനികളെ ചിതറിപ്പോകാൻ നിർബന്ധിതരാക്കി. എന്നാൽ ഇടയ്ക്ക് ഒരു സമാധാന കാലഘട്ടവും ഉണ്ടായി, ക്രിസ്ത്യാനികളുടെ എണ്ണം പെരുകാൻ അത് അവസരമൊരുക്കി. (പ്രവൃത്തികൾ 8:4; 9:31) വർഷങ്ങൾ പിന്നിടവെ, ഇടയ്ക്കിടെ പീഡനങ്ങളും പ്രയാസങ്ങളും വന്നും പോയുമിരുന്നു. പൗലൊസ് എബ്രായർക്ക് ലേഖനം എഴുതിയത് സഭ വീണ്ടും ഒരു പരിധിവരെ സമാധാനം ആസ്വദിച്ചിരുന്ന ഒരു കാലഘട്ടത്തിൽ ആയിരുന്നെന്നു തോന്നുന്നു. എങ്കിലും, സമ്മർദങ്ങൾ അപ്പോഴുമുണ്ടായിരുന്നു. യേശു യെരൂശലേമിന്റെ നാശം മുൻകൂട്ടിപ്പറഞ്ഞിട്ട് ഏകദേശം മൂന്നു പതിറ്റാണ്ട് കഴിഞ്ഞിരുന്നു. അന്ത്യം അകാരണമായി നീണ്ടുപോകുകയാണെന്നും അത് തങ്ങളുടെ ആയുഷ്കാലത്ത് വരില്ലെന്നും ചിലർ ചിന്തിച്ചിരിക്കാൻ ഇടയുണ്ട്. മറ്റു ചിലർ, വിശേഷിച്ചും പുതുവിശ്വാസികൾ കടുത്ത പീഡനത്താൽ അപ്പോഴും പരിശോധിക്കപ്പെട്ടിരുന്നില്ല. പരിശോധനയിൻ കീഴിൽ സഹിഷ്ണുത എത്രമാത്രം ആവശ്യമാണെന്ന് അവർക്ക് ഒട്ടുംതന്നെ അറിയില്ലായിരുന്നു. (എബ്രായർ 12:4) അത്തരം സാഹചര്യങ്ങളെ മുതലെടുക്കാൻ സാത്താൻ തീർച്ചയായും ശ്രമിച്ചു. അവൻ എന്തെല്ലാം “കുടില പ്രവൃത്തികൾ” ആണ് ചെയ്തത്?
8. നവജാത ക്രിസ്തീയ സഭയോട് മിക്ക യഹൂദന്മാർക്കും എന്തു മനോഭാവമാണ് ഉണ്ടായിരുന്നത്?
8 യെരൂശലേമിലെയും യഹൂദ്യയിലെയും യഹൂദ സമൂഹം നവജാത ക്രിസ്തീയ സഭയെ പുച്ഛത്തോടെയാണു വീക്ഷിച്ചിരുന്നത്. അഹങ്കാരികളായ യഹൂദ മതനേതാക്കന്മാരും അവരുടെ അനുയായികളും ക്രിസ്ത്യാനികൾക്ക് എതിരെ തൊടുത്തുവിട്ട കുത്തുവാക്കുകളെ കുറിച്ചുള്ള ഒരു ഏകദേശ രൂപം പൗലൊസിന്റെ ലേഖനത്തിന്റെ ഉള്ളടക്കത്തിൽ നിന്നു നമുക്കു ലഭിക്കുന്നു. ഫലത്തിൽ, അവർ ഇങ്ങനെ പറഞ്ഞിരിക്കാം: ‘യെരൂശലേമിൽ ഞങ്ങൾക്ക് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മഹനീയ ആലയമുണ്ട്! അവിടെ ശുശ്രൂഷ ചെയ്യുന്ന ശ്രേഷ്ഠ മഹാപുരോഹിതനും ഉപപുരോഹിതന്മാരും ഉണ്ട്. അവിടെ ദിനമ്പ്രതി യാഗങ്ങൾ നടക്കുന്നു. മോശെക്ക് ദൈവദൂതന്മാരിലൂടെ കൈമാറിക്കിട്ടുകയും സീനായി മലയിൽവെച്ച്, വിസ്മയാവഹമായ അടയാളങ്ങളോടെ പ്രാബല്യത്തിൽ വരികയും ചെയ്ത ന്യായപ്രമാണം ഞങ്ങൾക്കുണ്ട്. ഇന്നലെ മുളച്ചുപൊന്തിയ ഈ മതഭേദത്തിന്, യഹൂദ മതവിശ്വാസം ത്യജിച്ചുകളഞ്ഞ ഈ ക്രിസ്ത്യാനികൾക്ക്, ഇവയൊന്നും ഇല്ല!’ അത്തരം നിന്ദകൾക്ക് ഉദ്ദേശിച്ച ഫലം കിട്ടിയോ? തെളിവ് അനുസരിച്ച്, ഈ ആക്രമണങ്ങൾ ചില എബ്രായ ക്രിസ്ത്യാനികളെ അസഹ്യപ്പെടുത്തി. തക്കസമയത്തു തന്നെ പൗലൊസിന്റെ ലേഖനം അവരുടെ സഹായത്തിന് എത്തി.
അവർ നാശത്തിലേക്ക് ഒരിക്കലും പിന്മാറരുതാഞ്ഞതിന്റെ കാരണം
9. (എ) എബ്രായർക്കുള്ള ലേഖനത്തിൽ നിറഞ്ഞുനിൽക്കുന്ന വിഷയം ഏത്? (ബി) ഏത് അർഥത്തിലാണ് ക്രിസ്ത്യാനികൾ യെരൂശലേമിലെ ആലയത്തെക്കാൾ മെച്ചപ്പെട്ട ഒരു ആലയത്തിൽ സേവിച്ചത്?
9 നാശത്തിലേക്ക് ഒരിക്കലും പിന്മാറാതിരിക്കുന്നതിന് യഹൂദ്യയിലെ തന്റെ സഹോദരീസഹോദരന്മാർക്കു പൗലൊസ് നൽകിയ രണ്ടു കാരണങ്ങൾ നമുക്കു പരിശോധിക്കാം. ഒന്നാമത്തേത് ക്രിസ്തീയ ആരാധനാ വ്യവസ്ഥയുടെ ശ്രേഷ്ഠതയാണ്. ആ ആശയം എബ്രായർക്കുള്ള ലേഖനത്തിൽ നിറഞ്ഞു നിൽക്കുന്നു. തന്റെ ലേഖനത്തിൽ ഉടനീളം പൗലൊസ് ഈ വിഷയം വികസിപ്പിച്ചു. വളരെ ഉന്നതമായ ഒരു യാഥാർഥ്യത്തിന്റെ—“കൈപ്പണിയല്ലാത്ത” ഒരു കെട്ടിടമായ യഹോവയുടെ ആത്മീയ ആലയത്തിന്റെ—വെറുമൊരു പകർപ്പായിരുന്നു യെരൂശലേമിലെ ആലയം. (എബ്രായർ 9:11) സത്യാരാധനയ്ക്കു വേണ്ടിയുള്ള ആ ആത്മീയ ക്രമീകരണത്തിൽ സേവിക്കാനുള്ള പദവി ക്രിസ്ത്യാനികൾക്ക് ഉണ്ടായിരുന്നു. അവർ സേവിച്ചിരുന്നത് മെച്ചപ്പെട്ട ഒരു ഉടമ്പടിയുടെ, മോശെയെക്കാൾ ശ്രേഷ്ഠനായ യേശുക്രിസ്തു മധ്യസ്ഥനായുള്ള ദീർഘകാലം മുമ്പേ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന പുതിയ ഉടമ്പടിയുടെ, കീഴിലായിരുന്നു.—യിരെമ്യാവു 31:31-34.
10, 11. (എ) യേശുവിന്റെ വംശാവലി ആത്മീയ ആലയത്തിൽ മഹാപുരോഹിതനായി സേവിക്കാൻ അവനെ അയോഗ്യനാക്കാഞ്ഞത് എന്തുകൊണ്ട്? (ബി) മഹാപുരോഹിതൻ എന്ന നിലയിൽ യേശു യെരൂശലേമിലെ ആലയത്തിൽ സേവിച്ചിരുന്ന മഹാപുരോഹിതനെക്കാൾ ശ്രേഷ്ഠനായിരുന്നത് ഏതു വിധങ്ങളിൽ?
10 ആ ക്രിസ്ത്യാനികൾക്ക് അത്യന്തം ശ്രേഷ്ഠനായ ഒരു മഹാപുരോഹിതനും ഉണ്ടായിരുന്നു—യേശുക്രിസ്തു. അവൻ അഹരോന്യ വംശജൻ ആയിരുന്നില്ല. പകരം, “മല്ക്കീസേദെക്കിന്റെ വിധത്തിൽ” ഉള്ള ഒരു മഹാപുരോഹിതൻ ആയിരുന്നു. (സങ്കീർത്തനം 110:4) വംശാവലി രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത മൽക്കീസേദെക്ക്, പുരാതന ശാലേമിലെ രാജാവും മഹാപുരോഹിതനും ആയിരുന്നു. അവൻ അങ്ങനെ യേശുക്രിസ്തുവിന്റെ അനുയോജ്യ പ്രാവചനിക മാതൃക ആയിത്തീർന്നു. യേശുവിന്റെ പൗരോഹിത്യം അധിഷ്ഠിതമായിരിക്കുന്നത് ഏതെങ്കിലും ഒരു അപൂർണ മനുഷ്യന്റെ വംശാവലിയിൽ അല്ല, മറിച്ച്, അത്യന്തം മഹത്തരമായ ഒന്നിൽ, യഹോവയാം ദൈവത്തിന്റെ സ്വന്തം പ്രതിജ്ഞയിൽ ആണ്. മൽക്കീസേദെക്കിനെ പോലെ യേശുവും മഹാപുരോഹിതനായി മാത്രമല്ല രാജാവായും സേവിക്കുന്നു. അവൻ ഒരിക്കലും മരിക്കയില്ലതാനും.—എബ്രായർ 7:11-21.
11 തന്നെയുമല്ല, യെരൂശലേം ദേവാലയത്തിലെ മഹാപുരോഹിതനിൽ നിന്നു വ്യത്യസ്തനായി യേശുവിന് വർഷം തോറും യാഗങ്ങൾ അർപ്പിക്കേണ്ട ആവശ്യമില്ല. പൂർണതയുള്ള തന്റെ സ്വന്തം ജീവനാണ് അവൻ എന്നേക്കുമായി ഒരിക്കൽ യാഗമായി അർപ്പിച്ചത്. (എബ്രായർ 7:27) ആലയത്തിൽ അർപ്പിക്കപ്പെട്ടിരുന്ന എല്ലാ യാഗങ്ങളും യേശു അർപ്പിച്ച യാഗത്തിന്റെ വെറും നിഴലുകൾ, പ്രതീകങ്ങൾ ആയിരുന്നു. അവന്റെ പൂർണതയുള്ള യാഗം, വിശ്വാസം അർപ്പിച്ച സകലർക്കും പാപങ്ങളുടെ യഥാർഥ ക്ഷമ സാധ്യമാക്കി. ഈ മഹാപുരോഹിതൻ യെരൂശലേമിലെ ക്രിസ്ത്യാനികൾക്ക് അറിയാമായിരുന്ന, മാറ്റമില്ലാത്തവനായ അതേ യേശു തന്നെയാണെന്നുള്ള പൗലൊസിന്റെ അഭിപ്രായവും ഹൃദയോഷ്മളമാണ്. അവൻ താഴ്മയും ദയയുമുള്ളവനും “നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ” കഴിയുന്നവനും ആയിരുന്നു. (എബ്രായർ 4:15; 13:8) ആ അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ക്രിസ്തുവിന്റെ ഉപപുരോഹിതന്മാരായി സേവിക്കാനുള്ള പ്രത്യാശ ഉണ്ടായിരുന്നു! ദുഷിച്ച യഹൂദ മതവ്യവസ്ഥിതിയുടെ “ബലഹീനവും ദരിദ്രവുമായ” കാര്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിനെ കുറിച്ച് ചിന്തിക്കാൻപോലും അവർക്ക് എങ്ങനെ കഴിയുമായിരുന്നു?—ഗലാത്യർ 4:9.
12, 13. (എ) ഒരിക്കലും നാശത്തിലേക്കു പിന്മാറാതിരിക്കാനുള്ള ഏത് രണ്ടാമത്തെ കാരണം പൗലൊസ് നൽകി? (ബി) എബ്രായ ക്രിസ്ത്യാനികളുടെ സഹിഷ്ണുത സംബന്ധിച്ച കഴിഞ്ഞകാല ചരിത്രം, ഒരിക്കലും നാശത്തിലേക്കു പിന്മാറാതിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുമായിരുന്നത് എന്തുകൊണ്ട്?
12 അതു പോരാഞ്ഞിട്ട് എന്നവണ്ണം, ഒരിക്കലും നാശത്തിലേക്കു പിന്മാറാതിരിക്കുന്നതിന് എബ്രായർക്ക് പൗലൊസ് രണ്ടാമതൊരു കാരണം കൂടി നൽകി—സഹിഷ്ണുതയുടെ കാര്യത്തിലെ അവരുടെതന്നെ കഴിഞ്ഞകാല ചരിത്രം. അവൻ എഴുതി: “നിങ്ങൾ പ്രകാശനം ലഭിച്ചശേഷം . . . കഷ്ടങ്ങളാൽ വളരെ പോരാട്ടം കഴിച്ച പൂർവ്വകാലം ഓർത്തുകൊൾവിൻ.” അവർ നിന്ദകൾക്കും പീഡനങ്ങൾക്കും ഒരു “കൂത്തുകാഴ്ച” എന്നവണ്ണം ആയിത്തീർന്നത് പൗലൊസ് അവരെ ഓർമിപ്പിച്ചു. ചിലർ തടവിലാക്കപ്പെട്ടിരുന്നു. മറ്റുള്ളവർ തടവിലുള്ളരോടു സഹതപിക്കുകയും അവരെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അതേ, അവർ മാതൃകായോഗ്യമായ വിശ്വാസവും സ്ഥിരോത്സാഹവും പ്രകടമാക്കിയിരുന്നു. (എബ്രായർ 10:32-34) എന്നിട്ടും അത്തരം വേദനാജനകമായ അനുഭവങ്ങൾ ‘ഓർത്തുകൊള്ളാൻ’ പൗലൊസ് അവരോടു പറഞ്ഞത് എന്തുകൊണ്ട്? അത് അവരെ നിരുത്സാഹപ്പെടുത്തുമായിരുന്നില്ലേ?
13 ഇല്ല. നേരെ മറിച്ച്, ‘പൂർവകാലം ഓർക്കുന്നത്’ പീഡനത്തിൻ കീഴിൽ യഹോവ തങ്ങളെ എങ്ങനെ പരിപാലിച്ചു എന്ന സംഗതി എബ്രായരെ ഓർമിപ്പിക്കുമായിരുന്നു. അവന്റെ സഹായത്താൽ അവർ അപ്പോൾത്തന്നെ സാത്താന്റെ അനേകം ആക്രമണങ്ങളെ ചെറുത്തുനിന്നിരുന്നു. പൗലൊസ് എഴുതി: “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു [നിങ്ങൾ] കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രായർ 6:10) അതേ, യഹോവ അവരുടെ സകല വിശ്വസ്ത പ്രവൃത്തികളെയും തന്റെ നിസ്സീമമായ ഓർമയിൽ സൂക്ഷിച്ചുവെച്ചിരുന്നു. സ്വർഗത്തിൽ നിധികൾ സ്വരുക്കൂട്ടാനുള്ള യേശുവിന്റെ ഉദ്ബോധനം ഇത്തരുണത്തിൽ നമ്മുടെ ഓർമയിലേക്കു വരുന്നു. ഒരു മോഷ്ടാവിനും ഈ നിധികൾ മോഷ്ടിക്കാനാവില്ല; കീടങ്ങൾക്ക് അവയെ നശിപ്പിക്കാനാവില്ല; അവ ദ്രവിച്ചുപോകുകയും ഇല്ല. (മത്തായി 6:19-21) വാസ്തവത്തിൽ, ഒരു ക്രിസ്ത്യാനി നാശത്തിലേക്കു പിന്മാറിയാൽ മാത്രമേ അവ നശിപ്പിക്കപ്പെടുകയുള്ളൂ. അയാൾ സ്വർഗത്തിൽ സ്വരൂപിച്ചു വെച്ചിരുന്ന സകല നിധികളെയും അതു പാഴാക്കും. അത്തരമൊരു ഗതി ഒരിക്കലും പിന്തുടരാതിരിക്കാൻ പൗലൊസ് എബ്രായ ക്രിസ്ത്യാനികൾക്ക് എത്ര ശക്തമായ ഒരു കാരണമാണ് നൽകിയത്! വർഷങ്ങളായുള്ള അവരുടെ വിശ്വസ്ത സേവനം വെറുതെ പാഴാക്കുന്നത് എന്തിന്? സഹിച്ചുനിൽക്കുന്നത് ഉചിതവും ഏറെ മെച്ചവും ആയിരിക്കുമായിരുന്നു.
നാം ഒരിക്കലും നാശത്തിലേക്കു പിന്മാറരുതാത്തതിന്റെ കാരണം
14. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ നേരിട്ടതിനോടു സമാനമായ ഏതു വെല്ലുവിളികളെയാണ് നാം ഇന്ന് അഭിമുഖീകരിക്കുന്നത്?
14 ഇന്ന് സത്യക്രിസ്ത്യാനികൾക്ക് പിന്മാറാതിരിക്കാൻ അത്രതന്നെ ശക്തമായ കാരണങ്ങൾ ഉണ്ട്. ഒന്നാമതായി, നിർമല ആരാധനയുടെ രൂപത്തിൽ യഹോവ എത്ര മഹത്തായ അനുഗ്രഹമാണ് നൽകിയിരിക്കുന്നതെന്നു നമുക്ക് അനുസ്മരിക്കാം. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ കാര്യത്തിൽ സംഭവിച്ചതു പോലെതന്നെ ഇന്നും കൂടുതൽ ജനസമ്മതിയുള്ള മതങ്ങളിലെ അംഗങ്ങൾ തങ്ങളുടെ പ്രൗഢമായ മതമന്ദിരങ്ങളും പാരമ്പര്യങ്ങളുടെ പൗരാണികതയും അഹങ്കാരപൂർവം ഉയർത്തിക്കാട്ടിക്കൊണ്ട് നമ്മെ പുച്ഛിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. എന്നാൽ, നമ്മുടെ ആരാധനാ രീതിയെ താൻ അംഗീകരിക്കുന്നുവെന്ന് യഹോവ നമുക്ക് ഉറപ്പു തരുന്നു. വാസ്തവത്തിൽ, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ആസ്വദിക്കാഞ്ഞ അനുഗ്രഹങ്ങൾ നാമിന്ന് ആസ്വദിക്കുന്നു. ‘അത് എങ്ങനെ?’ എന്ന് നിങ്ങൾ അതിശയിച്ചേക്കാം. കാരണം, ആത്മീയ ആലയം പ്രവർത്തനപഥത്തിൽ വന്ന സമയത്തായിരുന്നല്ലോ അവർ ജീവിച്ചിരുന്നത്. പൊ.യു. 29-ലെ തന്റെ സ്നാപനത്തോടെ ക്രിസ്തു അതിന്റെ മഹാപുരോഹിതൻ ആയിത്തീരുകയും ചെയ്തിരുന്നു. തന്നെയുമല്ല, അവരിൽ ചിലർ ദൈവപുത്രന്റെ അത്ഭുത പ്രവൃത്തികൾ നേരിട്ടു കണ്ടവരാണ്. എന്തിന്, അവന്റെ മരണശേഷം പോലും അത്ഭുതങ്ങൾ നടന്നിരുന്നു. എന്നാൽ, അതിനു ശേഷമാണെങ്കിൽ, മുൻകൂട്ടിപ്പറഞ്ഞിരുന്നതു പോലെതന്നെ അത്തരം അത്ഭുതങ്ങൾ നിന്നുപോകുകയും ചെയ്തു.—1 കൊരിന്ത്യർ 13:8.
15. സത്യ ക്രിസ്ത്യാനികൾ ഏതു പ്രവചനത്തിന്റെ നിവൃത്തിയുടെ കാലത്താണു ജീവിക്കുന്നത്, അത് നമുക്ക് എന്ത് അർഥമാക്കുന്നു?
15 എന്നിരുന്നാലും, യെഹെസ്കേൽ 40-48 അധ്യായങ്ങളിലെ വിപുലമായ ആലയ പ്രവചനത്തിന്റെ ഒരു സുപ്രധാന നിവൃത്തിയുടെ കാലത്താണ് നാം ജീവിക്കുന്നത്. a അതുകൊണ്ട്, നിർമല ആരാധനയ്ക്കു വേണ്ടിയുള്ള ദൈവിക ക്രമീകരണത്തിന്റെ പുനഃസ്ഥാപനം നാം കണ്ടിരിക്കുന്നു. ആ ആത്മീയ ആലയം എല്ലാ തരത്തിലുമുള്ള മതപരമായ മലനീകരണങ്ങളിൽ നിന്നും വിഗ്രഹാരാധനയിൽ നിന്നും ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. (യെഹെസ്കേൽ 43:9; മലാഖി 3:1-5) ഈ ശുദ്ധീകരണം നമുക്കു പ്രദാനം ചെയ്തിരിക്കുന്ന നേട്ടങ്ങളെ കുറിച്ച് ചിന്തിക്കുക.
16. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ഏതു നിരുത്സാഹജനകമായ പ്രവണതയെ അഭിമുഖീകരിച്ചു?
16 ഒന്നാം നൂറ്റാണ്ടിൽ സംഘടിത ക്രിസ്തീയ സഭയെ സംബന്ധിച്ചിടത്തോളം ഭാവി ഇരുളടഞ്ഞതായി കാണപ്പെട്ടു. അത്, പുതുതായി ഗോതമ്പു നട്ട ഒരു വയലിൽ കള വിതച്ചതിന്റെ ഫലമായി കളകളിൽനിന്ന് ഗോതമ്പിനെ ഒട്ടും വേർതിരിച്ചറിയാൻ കഴിയാതാകുന്നതു പോലെ ആയിരിക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മത്തായി 13:24-30) അങ്ങനെ സംഭവിക്കുകയും ചെയ്തു. വൃദ്ധനായ യോഹന്നാൻ അപ്പൊസ്തലൻ ദുഷിപ്പിന് എതിരെയുള്ള അവസാനത്തെ നിയന്ത്രണമായി വർത്തിച്ച ഒന്നാം നൂറ്റാണ്ടിന്റെ അവസാനമായപ്പോൾ തന്നെ വിശ്വാസത്യാഗം തഴച്ചു വളരാൻ തുടങ്ങിയിരുന്നു. (2 തെസ്സലൊനീക്യർ 2:6; 1 യോഹന്നാൻ 2:18) അപ്പൊസ്തലന്മാരുടെ മരണ ശേഷം അധികം താമസിയാതെതന്നെ ആട്ടിൻകൂട്ടത്തെ അടിച്ചമർത്തുകയും സവിശേഷ ഉടയാടകൾ അണിയുകയും ചെയ്തുകൊണ്ട് ഒരു വേറിട്ട പുരോഹിത വർഗം ഉദയം ചെയ്തു. വിശ്വാസത്യാഗം അർബുദം പോലെ പടർന്നു പിടിച്ചു. വിശ്വസ്ത ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അത് എത്ര നിരുത്സാഹജനകമായിരുന്നു! സത്യാരാധനയ്ക്കു വേണ്ടി പുതുതായി സ്ഥാപിക്കപ്പെട്ട ക്രമീകരണത്തെ, ആരാധനയുടെ ഒരു ദുഷിച്ച രൂപം മൂടിക്കളയുന്നത് അവർ കണ്ടു. ക്രിസ്തു സഭ സ്ഥാപിച്ചിട്ട് ഒരു നൂറ്റാണ്ടു പോലും തികയുന്നതിനു മുമ്പായിരുന്നു ഈ സ്ഥിതിവിശേഷം വികാസം പ്രാപിച്ചത്.
17. ആധുനികകാല ക്രിസ്തീയ സഭ ഏത് അർഥത്തിലാണ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയെക്കാൾ കൂടുതൽ കാലം നിലനിന്നിരിക്കുന്നത്?
17 ഇപ്പോൾ, ഒരു വിപരീത സാഹചര്യം പരിചിന്തിക്കുക. ഇന്ന്, ഇതിനോടകം തന്നെ സത്യാരാധന, അപ്പൊസ്തലന്മാരുടെ മരണം വരെയുള്ള സമയത്തെ അപേക്ഷിച്ച് കൂടുതൽ കാലം നിലനിന്നിരിക്കുന്നു! 1879-ൽ ഈ മാസികയുടെ ആദ്യത്തെ ലക്കം പ്രസിദ്ധീകരിച്ചതു മുതൽ കൂടുതൽക്കൂടുതൽ നിർമലീകരിക്കപ്പെട്ട ആരാധനയാൽ യഹോവ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. ആത്മീയ ആലയത്തെ ശുദ്ധീകരിക്കാനായി 1918-ൽ യഹോവയും യേശുക്രിസ്തുവും അതിൽ പ്രവേശിച്ചു. (മലാഖി 3:1-5) 1919 മുതൽ, യഹോവയാം ദൈവത്തെ ആരാധിക്കുന്നതിനുള്ള ക്രമീകരണം ക്രമാനുഗതമായി സ്ഫുടം ചെയ്യപ്പെട്ടിരിക്കുന്നു. ബൈബിൾ പ്രവചനങ്ങളെയും തത്വങ്ങളെയും കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം പൂർവാധികം വ്യക്തമായി തീർന്നിരിക്കുന്നു. (സദൃശവാക്യങ്ങൾ 4:18) ഇതിന്റെ എല്ലാം മഹത്ത്വം ആർക്കാണു നൽകേണ്ടത്? വെറും അപൂർണ മനുഷ്യർക്ക് അല്ല. സഭയുടെ ശിരസ്സായ തന്റെ പുത്രനോടൊപ്പം, യഹോവയ്ക്കു മാത്രമേ ഈ ദുഷിച്ച നാളുകളിൽ തന്റെ ജനത്തെ ദുഷിപ്പിൽനിന്നു സംരക്ഷിക്കാനാകൂ. ആയതിനാൽ, ഇന്ന് നിർമല ആരാധനയിൽ പങ്കെടുക്കാൻ നമ്മെ അനുവദിക്കുന്നതിനെ പ്രതി യഹോവയ്ക്കു നന്ദി നൽകാൻ നമുക്ക് ഒരിക്കലും മറക്കാതിരിക്കാം. ഒരിക്കലും നാശത്തിലേക്ക് പിന്മാറാതിരിക്കാൻ നമുക്കു ദൃഢനിശ്ചയമുള്ളവർ ആയിരിക്കാം!
18. ഒരിക്കലും നാശത്തിലേക്കു പിന്മാറാതിരിക്കാൻ നമുക്ക് എന്ത് കാരണമുണ്ട്?
18 ആ എബ്രായ ക്രിസ്ത്യാനികളെ പോലെ, ഭീരുത്വം ത്യജിക്കാൻ നമുക്ക് രണ്ടാമതൊരു കാരണം കൂടെ ഉണ്ട്—സഹിഷ്ണുതയുടെ കാര്യത്തിലെ നമ്മുടെതന്നെ കഴിഞ്ഞകാല രേഖ. നാം യഹോവയെ സേവിക്കാൻ തുടങ്ങിയത് ഒരുപക്ഷേ അടുത്തകാലത്ത് ആയിരിക്കാം. അല്ലെങ്കിൽ പതിറ്റാണ്ടുകളായി നാം വിശ്വസ്തതയോടെ അപ്രകാരം ചെയ്യുന്നുണ്ടാകാം. എന്തായിരുന്നാലും, നാം ക്രിസ്തീയ പ്രവൃത്തികളുടെ ഒരു രേഖ ഉണ്ടാക്കിയിട്ടുണ്ട്. നമ്മിൽ അനേകർ പീഡനം അനുഭവിച്ചിട്ടുണ്ട്. അത് ജയിൽവാസത്തിന്റെയോ നിരോധനത്തിന്റെയോ ഹീനകൃത്യങ്ങളുടെയോ വസ്തുവകകളുടെ നഷ്ടത്തിന്റെയോ രൂപത്തിൽ ആയിരുന്നിരിക്കാം. അനേകർ കുടുംബ എതിർപ്പ്, നിന്ദ, പരിഹാസം, വിപ്രതിപത്തി എന്നിങ്ങനെയുള്ള കാര്യങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്നാൽ, ജീവിതത്തിലെ വെല്ലുവിളികളെയും പരിശോധനകളെയും ഗണ്യമാക്കാതെ യഹോവയുടെ സേവനത്തിൽ വിശ്വസ്തമായി തുടർന്നുകൊണ്ട് നാം എല്ലാവരും സഹിച്ചുനിന്നിരിക്കുന്നു. അങ്ങനെ, യഹോവ വിസ്മരിക്കില്ലാത്ത സ്ഥിരോത്സാഹത്തിന്റെ ഒരു രേഖ നാം ഉണ്ടാക്കിയിരിക്കുന്നു, സ്വർഗത്തിൽ നിക്ഷേപങ്ങളുടെ ഒരു നിലവറതന്നെ നാം പണിതുയർത്തിരിക്കുന്നു. അപ്പോൾ തീർച്ചയായും, നാം പിന്നിൽ വിട്ടുകളഞ്ഞ ദുഷിച്ച പഴയ വ്യവസ്ഥിതിയിലേക്കു പിന്തിരിയാനുള്ള സമയമല്ല ഇത്! നമ്മുടെ കഠിനാധ്വാനം എല്ലാം പാഴാക്കുന്നത് എന്തിന്? അന്ത്യത്തിന് “ഇനി എത്രയും അല്പകാലം” മാത്രം ശേഷിച്ചിരിക്കുന്ന സ്ഥിതിക്ക് ഇന്ന് ഇതു വിശേഷാൽ സത്യമാണ്.—എബ്രായർ 10:37.
19. നമ്മുടെ അടുത്ത ലേഖനത്തിൽ എന്തു ചർച്ച ചെയ്യുന്നതായിരിക്കും?
19 അതേ, ‘നാം നാശത്തിലേക്കു പിന്മാറുന്ന തരക്കാർ’ ആയിരിക്കില്ലെന്ന് നമുക്കു ദൃഢനിശ്ചയം ഉള്ളവരായിരിക്കാം! അതേസമയം, നമുക്ക് “വിശ്വാസമുള്ള തരക്കാർ” ആയിരിക്കാം. (എബ്രായർ 10:39) നാം ആ വിശേഷണത്തിനു യോജിച്ചവരാണെന്നു നമുക്ക് എങ്ങനെ ഉറപ്പുവരുത്താനാകും? അതുതന്നെ ചെയ്യാൻ സഹക്രിസ്ത്യാനികളെ നമുക്ക് എങ്ങനെ സഹായിക്കാനാകും? നമ്മുടെ അടുത്ത ലേഖനം ഈ വിഷയം ചർച്ചചെയ്യും.
[അടിക്കുറിപ്പുകൾ]
നിങ്ങൾ ഓർമിക്കുന്നുവോ?
□ നാശത്തിലേക്കു പിന്മാറുക എന്നാൽ അർഥമെന്ത്?
□ പൗലൊസ് തന്റെ ലേഖനം എഴുതിയ എബ്രായ ക്രിസ്ത്യാനികളെ ഏതു സമ്മർദങ്ങൾ ഭാരപ്പെടുത്തിയിരുന്നു?
□ നാശത്തിലേക്കു പിന്മാറാതിരിക്കാൻ എബ്രായർക്ക് ഏതൊക്കെ കാരണങ്ങൾ ഉണ്ടെന്നാണ് പൗലൊസ് പറഞ്ഞത്?
□ ഒരിക്കലും നാശത്തിലേക്കു പിന്മാറാതിരിക്കാൻ ദൃഢനിശ്ചയം ചെയ്യുന്നതിന് നമുക്ക് എന്തെല്ലാം കാരണങ്ങൾ ഉണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രങ്ങൾ]
പത്രൊസ് ഭയത്തിനു താത്കാലികമായി അടിമപ്പെട്ടുപോയത് അവനെ “നാശത്തിലേക്കു പിന്മാറുന്ന തരക്കാര”നാക്കിയില്ല