വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അവരുടെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചു

അവരുടെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

അവരുടെ വിശ്വാസത്തിനു പ്രതിഫലം ലഭിച്ചു

അസാധാരണ വിശ്വാസം പ്രകടമാക്കിയ ഒരു വ്യക്തിയായിരുന്നു പൗലൊസ്‌ അപ്പൊസ്‌തലൻ. സമാനമായ വിശ്വാസം നട്ടുവളർത്താൻ അവൻ സഹവിശ്വാസികളെയും പ്രോത്സാഹിപ്പിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.” (എബ്രായർ 11:6) യഹോവ ശക്തമായ വിശ്വാസത്തിനു പ്രതിഫലം നൽകുകയും ആത്മാർഥമായ പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകുകയും ചെയ്യുന്നത്‌ എങ്ങനെയെന്നു മൊസാമ്പിക്കിൽ നിന്നുള്ള പിൻവരുന്ന അനുഭവങ്ങൾ കാണിക്കുന്നു.

• നിയാസയുടെ വടക്കൻ പ്രവിശ്യയിലാണു വിധവയായ ഈ സഹോദരി താമസിക്കുന്നത്‌. “ദൈവമാർഗത്തിലുള്ള ജീവിതം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്‌ തന്റെ ആറു മക്കളെയും കൊണ്ട്‌ എങ്ങനെ പോകും എന്ന്‌ ആലോചിച്ചിട്ട്‌ അവർക്ക്‌ ഒരെത്തും പിടിയും കിട്ടിയില്ല. സാധനങ്ങൾ ചന്തയിൽ കൊണ്ടുപോയി വിറ്റാണ്‌ ആ സഹോദരി ഉപജീവനം കഴിച്ചിരുന്നത്‌. കൺവെൻഷനു സമയമായപ്പോൾ, തനിക്കും കുടുംബത്തിനും കൺവെൻഷൻ സ്ഥലത്തേക്കു യാത്രചെയ്യാനുള്ള പണമേ സഹോദരിയുടെ പക്കൽ ഉണ്ടായിരുന്നുള്ളൂ, മടക്കയാത്രയ്‌ക്കുള്ള പണം ഉണ്ടായിരുന്നില്ല. എന്നുവരികിലും, യഹോവയുടെ കരുതലിൽ വിശ്വാസം അർപ്പിച്ചുകൊണ്ട്‌ കുടുംബസമേതം കൺവെൻഷനിൽ പങ്കെടുക്കാൻതന്നെ സഹോദരി തീരുമാനിച്ചു.

ആറു മക്കളോടൊപ്പം സഹോദരി ട്രെയിനിൽ കയറി. യാത്രയ്‌ക്കിടയിൽ കണ്ടക്ടർ ടിക്കറ്റു കൊടുക്കാനായി സഹോദരിയെ സമീപിച്ചു. സഹോദരി ധരിച്ചിരുന്ന ലാപ്പൽ കാർഡ്‌ കണ്ടിട്ട്‌ അത്‌ എന്തു കാർഡാണെന്ന്‌ അദ്ദേഹം ചോദിച്ചു. യഹോവയുടെ സാക്ഷികളുടെ ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷന്റെ ഒരു പ്രതിനിധിയായി തിരിച്ചറിയിക്കുന്ന കാർഡാണ്‌ അതെന്നു സഹോദരി അദ്ദേഹത്തോടു പറഞ്ഞു. അതുകേട്ട്‌ കണ്ടക്ടർ ചോദിച്ചു: “എവിടെയാണു കൺവെൻഷൻ നടക്കുന്നത്‌?” ഏകദേശം 300 കിലോമീറ്റർ അകലെ, അയൽ പ്രവിശ്യയായ നാംപുലയിൽ ആണതെന്ന്‌ അറിഞ്ഞപ്പോൾ അപ്രതീക്ഷിതമായി അദ്ദേഹം സാധാരണയുള്ള യാത്രക്കൂലിയുടെ പകുതിയേ എടുത്തുള്ളൂ! മാത്രമല്ല, ബാക്കി പണത്തിനു മടക്കയാത്രയ്‌ക്കുള്ള ടിക്കറ്റും അദ്ദേഹം അവർക്കു നൽകി. യഹോവയിൽ ആശ്രയം വെച്ചതിൽ ആ സഹോദരി എത്ര സന്തുഷ്ടയായിരുന്നു!—സങ്കീർത്തനം 121:1, 2.

• അതീവ മതഭക്തയായ ഒരു സ്‌ത്രീ ദൈവത്തോട്‌ അവനെ ആരാധിക്കുന്നതിനുള്ള ശരിയായ മാർഗം കാണിച്ചു തരേണമേയെന്ന്‌ ഏകദേശം 25 വർഷമായി പ്രാർഥിച്ചിരുന്നു. അവർ പോയിരുന്ന പള്ളിയിൽ പരമ്പരാഗത ആചാരങ്ങൾ കൂട്ടിക്കലർത്തിയ മതാനുഷ്‌ഠാനങ്ങളാണു പിൻപറ്റിയിരുന്നത്‌. അത്തരം ആരാധനാരീതി ദൈവത്തിനു സ്വീകാര്യമാണോ എന്നതിനെ കുറിച്ച്‌ അവർക്കു സംശയം ഉണ്ടായിരുന്നു.

അവർ വിശദീകരിക്കുന്നു: “മത്തായി 7:7-ലെ വാക്കുകൾ ഞാൻ എപ്പോഴും ഓർക്കുമായിരുന്നു: “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.” ആ വാക്യം മനസ്സിൽ പിടിച്ചുകൊണ്ട്‌ എന്നെ സത്യത്തിന്റെ പാതയിൽ നയിക്കാൻ ഞാൻ ദൈവത്തോടു പതിവായി പ്രാർഥിക്കുമായിരുന്നു. ഒരു ദിവസം പള്ളിയിലെ പാസ്റ്റർ, തന്റെ അനുഗ്രഹം വേണമെങ്കിൽ ചന്തയിൽ ജോലി ചെയ്യുന്ന എല്ലാവരും ഒരു നിശ്ചിത തുകയും ഒപ്പം കുറെ സാധനങ്ങളും തനിക്കു നൽകണമെന്ന്‌ ആവശ്യപ്പെട്ടു. ആ നിർദേശം തിരുവെഴുത്തിനു ചേർച്ചയിൽ അല്ലെന്ന്‌ എനിക്കു തോന്നി. തന്മൂലം, ഞാൻ അതിനു തയ്യാറായില്ല. ഞാൻ ‘വഴിപാട്‌’ കൊണ്ടുവന്നില്ലെന്നു കണ്ട പാസ്റ്റർ, പള്ളിയിലെ മറ്റ്‌ അംഗങ്ങളുടെയെല്ലാം മുമ്പിൽ വെച്ച്‌ എന്നെ അപമാനിച്ചു. ആളുകൾ തന്നെ ആരാധിക്കാൻ ദൈവം ആഗ്രഹിക്കുന്ന വിധം ഇതല്ലെന്ന്‌ അന്ന്‌ എനിക്കു ബോധ്യമായി, അതോടെ ഞാൻ പള്ളിയുമായുള്ള സകല ബന്ധവും ഉപേക്ഷിച്ചു. എങ്കിലും, സത്യം കണ്ടെത്താൻ സഹായിക്കേണമേ എന്നു ഞാൻ തുടർന്നും പ്രാർഥിച്ചുകൊണ്ടിരുന്നു.

“ഒടുവിൽ ഞാൻ ധൈര്യം സംഭരിച്ച്‌, യഹോവയുടെ സാക്ഷിയായ ഒരു ബന്ധുവിനെ ചെന്നുകണ്ടു. അദ്ദേഹം എനിക്ക്‌ ഒരു ലഘുലേഖ നൽകി. അതു വായിച്ച ഉടനെ, ദൈവം എന്റെ പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകുന്നതായി ഞാൻ തിരിച്ചറിഞ്ഞു. ക്രമേണ, എന്റെ പങ്കാളിയും ബൈബിൾ സത്യങ്ങളെ വിലമതിക്കാൻ തുടങ്ങി. തുടർന്ന്‌, ഞങ്ങളുടെ വിവാഹം നിയമാനുസൃതമാക്കി. എന്നാൽ, പിന്നീട്‌ എന്റെ ഭർത്താവിനു ഗുരുതരമായ ഒരു രോഗം പിടിപെട്ടു. പറുദീസയിൽ വീണ്ടും കണ്ടുമുട്ടേണ്ടതിനു സത്യത്തിന്റെ മാർഗത്തിൽ തുടരാൻ മരിക്കും വരെ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

“എന്റെ പ്രാർഥനകൾക്ക്‌ ഉത്തരം അരുളുകയും ആരാധനയ്‌ക്കുള്ള ശരിയായ മാർഗം എന്നെ കാണിച്ചു തരുകയും ചെയ്‌തതിനു ഞാൻ എന്നും യഹോവയോടു നന്ദിയുള്ളവളാണ്‌. എന്റെ എട്ടു മക്കളും യഹോവയുടെ സമർപ്പിത ദാസരായിത്തീരുന്നതു കാണാനുള്ള എന്റെ പ്രാർഥനയ്‌ക്കും ഉത്തരം ലഭിച്ചിരിക്കുന്നു.”