‘യഹോവയെയും അവന്റെ ബലത്തെയും അന്വേഷിപ്പിൻ’
‘യഹോവയെയും അവന്റെ ബലത്തെയും അന്വേഷിപ്പിൻ’
“യഹോവയുടെ കണ്ണു തങ്കൽ ഏകഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.”—2 ദിനവൃത്താന്തം 16:9.
1. ശക്തിയിൽ എന്തൊക്കെ ഉൾപ്പെടാവുന്നതാണ്, മനുഷ്യൻ ശക്തിയെ അഥവാ അധികാരത്തെ എങ്ങനെ ഉപയോഗിച്ചിരിക്കുന്നു?
ശക്തി എന്ന പദത്തിന് പല അർഥങ്ങളുണ്ട്. ഒരു നിഘണ്ടു അനുസരിച്ച്, ഊർജം, ബലം, പ്രവർത്തനക്ഷമത, മനക്കരുത്ത്, പാടവം, ആജ്ഞാശക്തി, അധികാരം എന്നിവയൊക്കെ ശക്തിയിൽ ഉൾപ്പെടാം. അധികാരം പ്രയോഗിക്കുന്ന കാര്യത്തിൽ മനുഷ്യർക്കു മോശമായ ഒരു ചരിത്രമാണ് ഉള്ളത്. രാഷ്‌ട്രീയക്കാർക്കുള്ള ശക്തിയെ അഥവാ അധികാരത്തെ പരാമർശിച്ചുകൊണ്ട് ചരിത്രകാരനായ ആക്‌റ്റൺ പ്രഭു ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “അധികാരം ദുഷിപ്പിക്കുന്നു, പരമമായ അധികാരം പരമമായി ദുഷിപ്പിക്കുന്നു.” അദ്ദേഹത്തിന്റെ വാക്കുകളുടെ സത്യതയെ സാക്ഷ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങൾ നിറഞ്ഞതാണ് ആധുനിക ചരിത്രം. ഇരുപതാം നൂറ്റാണ്ടിൽ മുമ്പ് എന്നത്തേതിലും അധികമായി ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിനായി അധികാരം’ പ്രയോഗിച്ചിരിക്കുന്നു. (സഭാപ്രസംഗി 8:9) നീചരായ ഏകാധിപതികൾ അധികാരം അങ്ങേയറ്റം ദുർവിനിയോഗം ചെയ്യുകയും കോടിക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും ചെയ്‌തിട്ടുണ്ട്. സ്‌നേഹവും ജ്ഞാനവും നീതിയും ഇല്ലാത്ത അധികാരം അപകടകരമാണ്.
2. യഹോവ തന്റെ ശക്തി ഉപയോഗിക്കുന്ന വിധത്തെ മറ്റു ദിവ്യ ഗുണങ്ങൾ സ്വാധീനിക്കുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
2 അനേകം മനുഷ്യരിൽനിന്നു വ്യത്യസ്‌തമായി, ദൈവം തന്റെ അധികാരം അല്ലെങ്കിൽ ശക്തി ഉപയോഗിക്കുന്നത് നന്മയ്‌ക്കു വേണ്ടിയാണ്. “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയില്ലെലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിനവൃത്താന്തം 16:9) നിയന്ത്രിതമായ ഒരു വിധത്തിലാണ് യഹോവ തന്റെ ശക്തി പ്രയോഗിക്കുന്നത്. ദുഷ്ടന്മാർക്ക് അനുതപിക്കാൻ അവസരം നൽകിക്കൊണ്ട് അവരുടെമേലുള്ള വധനിർഹണം ദൈവം ക്ഷമാപൂർവം തടഞ്ഞുവെക്കുന്നു. നീതിമാന്മാരും നീതികെട്ടവരും ഉൾപ്പെടെ എല്ലാത്തരം ആളുകളുടെമേലും സൂര്യനെ പ്രകാശിപ്പിക്കാൻ സ്‌നേഹം അവനെ പ്രേരിപ്പിക്കുന്നു. ഒടുവിൽ, മരണത്തിന്റെ കാരണക്കാരനായ പിശാചായ സാത്താനെ നശിപ്പിക്കാനായി തന്റെ അപരിമിത ശക്തി ഉപയോഗിക്കാൻ നീതി അവനെ പ്രേരിപ്പിക്കും.—മത്തായി 5:44, 45; എബ്രായർ 2:14; 2 പത്രൊസ് 3:9.
3. ദൈവം സർവശക്തനാണെന്നുള്ളത് അവനിൽ ആശ്രയിക്കാൻ നമുക്കു കാരണമേകുന്നത് എന്തുകൊണ്ട്?
3 നമ്മുടെ സ്വർഗീയ പിതാവിന്റെ ഭയഗംഭീര ശക്തി, അവന്റെ വാഗ്‌ദാനങ്ങളിലും അവൻ നൽകുന്ന സംരക്ഷണത്തിലും വിശ്വാസവും ഉറപ്പും ഉള്ളവരായിരിക്കാൻ കാരണം നൽകുന്നു. അപരിചിതരുടെ ഇടയിൽ ആയിരിക്കെ, തന്റെ പിതാവിന്റെ കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന ഒരു കൊച്ചുകുട്ടിക്കു സുരക്ഷിതത്വം തോന്നുന്നു. കാരണം തനിക്ക് യാതൊരു ആപത്തും ഉണ്ടാകാൻ തന്റെ പിതാവ് അനുവദിക്കില്ലെന്ന് അവന് അറിയാം. സമാനമായി, “രക്ഷിപ്പാൻ ശക്തിയുള്ള”വനായ നമ്മുടെ സ്വർഗീയ പിതാവിനോടൊപ്പം നടക്കുന്നെങ്കിൽ അവൻ നമ്മെ നിത്യമായ ഏതൊരു ആപത്തിൽനിന്നും സംരക്ഷിക്കും. (യെശയ്യാവു 63:1, പി.ഒ.സി. ബൈബിൾ; മീഖാ 6:8) ഒരു നല്ല പിതാവായ യഹോവ എല്ലായ്‌പോഴും തന്റെ വാഗ്‌ദാനങ്ങൾ നിറവേറ്റുന്നു. അവന്റെ ‘വായിൽനിന്നു പുറപ്പെടുന്ന വചനം അവൻ അയച്ച കാര്യം സാധിപ്പിക്കും’ എന്നുള്ളതിന് അവന്റെ അപരിമിതമായ ശക്തി ഉറപ്പു നൽകുന്നു.—യെശയ്യാവു 55:11; തീത്തൊസ് 1:2.
4, 5. (എ) ആസാ രാജാവ് യഹോവയിൽ പൂർണമായി ആശ്രയിച്ചപ്പോൾ അതിന്റെ ഫലം എന്തായിരുന്നു? (ബി) നമ്മുടെ പ്രശ്‌നങ്ങൾക്കു നാം മാനുഷിക പരിഹാരം തേടിയാൽ എന്തു സംഭവിച്ചേക്കാം?
4 നമ്മുടെ സ്വർഗീയ പിതാവു നൽകുന്ന സംരക്ഷണം സംബന്ധിച്ച ബോധ്യം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ നാം ദൃഢനിശ്ചയമുള്ളവർ ആയിരിക്കേണ്ടത് പ്രധാനമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, സാഹചര്യങ്ങൾക്ക് അടിമപ്പെടുമ്പോൾ യഥാർഥ സുരക്ഷിതത്വത്തിന്റെ ഉറവ് ഏതാണെന്നുള്ള കാര്യം നാം വിസ്‌മരിച്ചേക്കാം. യഹോവയിൽ പൊതുവെ ആശ്രയം പ്രകടിപ്പിച്ച ആസാ രാജാവിന്റെ ജീവിതത്തിൽനിന്ന് അതു മനസ്സിലാക്കാവുന്നതാണ്. ആസായുടെ ഭരണകാലത്ത് പത്തുലക്ഷം പേരടങ്ങിയ ശക്തമായ കൂശ്യ (എത്യോപ്യ) സൈന്യം യഹൂദയെ ആക്രമിച്ചു. സൈനിക മുൻതൂക്കം ശത്രുപക്ഷത്തിന് ആണെന്നു മനസ്സിലാക്കിയ ആസാ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മററാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, 2 ദിനവൃത്താന്തം 14:11) ആസായുടെ അപേക്ഷ കേട്ട യഹോവ അവന് നിർണായകമായ ഒരു വിജയം നൽകി.
ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ.” (5 ആസാ അനേകം വർഷം യഹോവയെ വിശ്വസ്‌തമായി സേവിച്ചെങ്കിലും, പിൽക്കാലത്ത് യഹോവയുടെ രക്ഷാശക്തിയിലുള്ള അവന്റെ വിശ്വാസത്തിന് കോട്ടം തട്ടി. വടക്കേ ഇസ്രായേൽ രാജ്യത്തുനിന്നുള്ള സൈനിക ഭീഷണി ഒഴിവാക്കാൻ അവൻ അരാമിന്റെ (സിറിയ) സഹായം തേടി. (2 ദിനവൃത്താന്തം 16:1-3) അരാംരാജാവായ ബെൻ-ഹദദിന് കൈക്കൂലി കൊടുത്ത്, ഇസ്രായേൽ യഹൂദയ്‌ക്കു നേരെ ഉയർത്തിയ ഭീഷണി ഒഴിവാക്കാൻ ആസായ്‌ക്കു സാധിച്ചെങ്കിലും അരാമുമായുള്ള ഉടമ്പടി യഹോവയിലുള്ള അവന്റെ ആശ്രയക്കുറവിന്റെ ഒരു പ്രകടനമായിരുന്നു. ഹനാനി പ്രവാചകൻ അവനോട് കുറിക്കുകൊള്ളുന്ന ഈ ചോദ്യം ഉന്നയിച്ചു: “കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടും കൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ നിന്റെ കയ്യിൽ ഏല്‌പിച്ചു” തന്നില്ലയോ? (2 ദിനവൃത്താന്തം 16:7, 8) എന്നിരുന്നാലും ആസാ ആ ശാസന നിരസിച്ചു. (2 ദിനവൃത്താന്തം 16:9-12) പ്രശ്‌നങ്ങൾ നേരിടുമ്പോൾ, മനുഷ്യ പരിഹാരമാർഗങ്ങളിൽ ആശ്രയിക്കുന്നതിനു പകരം നമുക്കു ദൈവത്തിൽ ആശ്രയിക്കാം. കാരണം മാനുഷ ശക്തിയിലുള്ള ആശ്രയം നിശ്ചയമായും നിരാശയിലേക്കേ നയിക്കൂ.—സങ്കീർത്തനം 146:3-5.
യഹോവ നൽകുന്ന ശക്തി തേടുക
6. നാം ‘യഹോവയെയും അവന്റെ ബലത്തെയും തിരയേണ്ടത്’ എന്തുകൊണ്ട്?
6 തന്റെ ദാസന്മാരെ ശക്തിപ്പെടുത്താനും അവരെ സംരക്ഷിക്കാനും യഹോവയ്‌ക്കു സാധിക്കും. “യഹോവയെയും അവന്റെ ബലത്തെയും തിരവിൻ” എന്നു ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (സങ്കീർത്തനം 105:4) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, നാം ദൈവശക്തിയാൽ കാര്യങ്ങൾ ചെയ്യുമ്പോൾ, മറ്റുള്ളവരെ ഉപദ്രവിക്കാനല്ല, മറിച്ച് അവരുടെ നന്മയ്‌ക്കായിട്ടായിരിക്കും നാം നമ്മുടെ ശക്തി ഉപയോഗിക്കുക. “യഹോവയുടെ ശക്തി”യാൽ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ച യേശുക്രിസ്‌തുവാണ് ഇക്കാര്യത്തിൽ ഏറ്റവും മികച്ച ദൃഷ്ടാന്തം. (ലൂക്കൊസ് 5:17, NW) ധനമോ പ്രശസ്‌തിയോ ആർജിക്കുന്നതിനോ അതിശക്തനായ ഒരു രാജാവായിത്തീരുന്നതിനോ വേണ്ടി യേശുവിനു തന്നെത്തന്നെ ഉഴിഞ്ഞുവെക്കാമായിരുന്നു. (ലൂക്കൊസ് 4:5-7) എന്നാൽ, മറ്റുള്ളവരെ പരിശീലിപ്പിക്കാനും പഠിപ്പിക്കാനും സഹായിക്കാനും സുഖപ്പെടുത്താനും വേണ്ടിയാണ് ദൈവത്തിൽനിന്ന് ലഭിച്ച ശക്തി അവൻ ഉപയോഗിച്ചത്. (മർക്കൊസ് 7:37; യോഹന്നാൻ 7:46) നമുക്ക് അനുകരിക്കാൻ കഴിയുന്ന എത്ര നല്ലൊരു മാതൃക!
7. സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ ദൈവശക്തിയിൽ ആശ്രയിച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യുന്നത് ഏതു സുപ്രധാന ഗുണം നട്ടുവളർത്താൻ നമ്മെ സഹായിക്കും?
7 തന്നെയുമല്ല, “ദൈവം നൽകുന്ന ശക്തി”യിൽ ആശ്രയിച്ച് നാം കാര്യങ്ങൾ ചെയ്യുമ്പോൾ, താഴ്‌മ ഉള്ളവരായിരിക്കാൻ അതു നമ്മെ സഹായിക്കും. (1 പത്രൊസ് 4:11, NW) അധികാരമോഹികൾ അഹങ്കാരികൾ ആയിത്തീരുന്നു. അതിന് ഒരു ഉദാഹരണമാണ് അസീറിയൻ രാജാവായ ഏസെർ-ഹദ്ദോൻ. അയാൾ ഇങ്ങനെ വമ്പു പറഞ്ഞു: “ഞാൻ ശക്തനാണ്, ഞാൻ സർവശക്തനാണ്, ഞാനൊരു വീരനായകനാണ്, ഞാൻ അതിമാനുഷനാണ്, ഞാൻ അതികായനാണ്.” നേരെ മറിച്ച്, “ജ്ഞാനികളെ ലജ്ജിപ്പിപ്പാൻ ദൈവം ലോകത്തിൽ ബലഹീനമായതു തിരഞ്ഞെടുത്തു.” അതുകൊണ്ട് ഒരു യഥാർഥ ക്രിസ്‌ത്യാനി വമ്പു പറയുന്നെങ്കിൽ അയാൾ യഹോവയിൽ വമ്പു പറയുന്നു. കാരണം, താൻ കാര്യങ്ങൾ നിർവഹിക്കുന്നത് സ്വന്തം ശക്തിയാൽ അല്ലെന്ന് അയാൾക്ക് അറിയാം. ‘ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിക്കുന്നത്’ യഥാർഥ ഉന്നതി കൈവരുത്തും.—1 കൊരിന്ത്യർ 1:26-31; 1 പത്രൊസ് 5:6.
8. യഹോവയിൽ നിന്നുള്ള ശക്തി ലഭിക്കുന്നതിന് നാം ആദ്യം എന്തു ചെയ്യണം?
8 നമുക്ക് എങ്ങനെയാണ് ദൈവത്തിൽ നിന്നുള്ള ശക്തി നേടാൻ കഴിയുന്നത്? ഒന്നാമതായി, പ്രാർഥനയിൽ നാം അതിനായി ദൈവത്തോടു യാചിക്കണം. പരിശുദ്ധാത്മാവിനു വേണ്ടി അപേക്ഷിക്കുന്നവർക്ക് തന്റെ പിതാവ് അതു നൽകുമെന്ന് യേശു ശിഷ്യന്മാർക്ക് ഉറപ്പു നൽകി. (ലൂക്കൊസ് 11:10-13) യേശുവിനെ കുറിച്ചു സാക്ഷ്യം പറയുന്നത് നിർത്താൻ ആവശ്യപ്പെട്ട മത നേതാക്കന്മാരെ അനുസരിക്കുന്നതിനു പകരം ദൈവത്തെ അനുസരിക്കാൻ തീരുമാനിച്ച ക്രിസ്‌തുവിന്റെ ശിഷ്യന്മാർക്ക് പരിശുദ്ധാത്മാവ് എത്രയധികം ശക്തി പകർന്നു എന്നു ചിന്തിക്കുക. അവർ യഹോവയുടെ സഹായത്തിനായി ആത്മാർഥമായി പ്രാർഥിച്ചപ്പോൾ, അവർക്ക് ഉത്തരം ലഭിച്ചു. സുവാർത്ത തുടർന്നു പ്രസംഗിക്കാൻ പരിശുദ്ധാത്മാവ് അവർക്കു ധൈര്യം പകർന്നു.—പ്രവൃത്തികൾ 4:19, 20, 29-31, 33.
9. ആത്മീയ ശക്തിയുടെ രണ്ടാമത്തെ ഉറവും അതിന്റെ ഫലപ്രദത്വം തെളിയിക്കുന്ന ഒരു തിരുവെഴുത്ത് ദൃഷ്ടാന്തവും പറയുക.
9 രണ്ടാമതായി, ബൈബിളിൽനിന്ന് നമുക്ക് ആത്മീയ ശക്തി നേടാൻ സാധിക്കും. (എബ്രായർ 4:12) യോശീയാവ് രാജാവിന്റെ നാളിൽ ദൈവവചനത്തിന്റെ ശക്തി പ്രകടമായിരുന്നു. ഈ യഹൂദാ രാജാവ് ദേശത്തുനിന്നു വ്യാജവിഗ്രഹങ്ങളെ അപ്പോൾത്തന്നെ നീക്കം ചെയ്‌തിരുന്നെങ്കിലും, ആലയത്തിൽ നിന്ന് യഹോവയുടെ ന്യായപ്രമാണം അവിചാരിതമായി കണ്ടെടുത്തത് ആ ശുദ്ധീകരണ പരിപാടി ഊർജിതപ്പെടുത്താൻ അവനെ പ്രേരിപ്പിച്ചു. * യോശീയാവ് തന്നെ നേരിട്ട് ന്യായപ്രമാണം ജനങ്ങളെ വായിച്ചു കേൾപ്പിച്ചപ്പോൾ മുഴു ജനതയും യഹോവയുമായി ഒരു ഉടമ്പടി ഉണ്ടാക്കുകയും വിഗ്രഹാരാധനയ്‌ക്ക് എതിരെ രണ്ടാം വട്ടം കൂടുതൽ ഊർജസ്വലമായ ഒരു നീക്കം നടത്തുകയും ചെയ്‌തു. “അവന്റെ കാലത്തൊക്കെയും അവർ . . . യഹോവയെ വിട്ടുമാറിയില്ല” എന്നതായിരുന്നു യോശീയാവ് കൊണ്ടുവന്ന നവീകരണത്തിന്റെ സത്‌ഫലം.—2 ദിനവൃത്താന്തം 34:33.
10. യഹോവയിൽനിന്നു ശക്തി ആർജിക്കാനുള്ള മൂന്നാമത്തെ വിധം ഏത്, അതു മർമപ്രധാനം ആയിരിക്കുന്നത് എന്തുകൊണ്ട്?
10 മൂന്നാമതായി, ക്രിസ്‌തീയ സഹവാസത്തിലൂടെ നാം യഹോവയിൽനിന്നു ശക്തി ആർജിക്കുന്നു. “സ്‌നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാ”നും അന്യോന്യം പ്രോത്സാഹിപ്പിക്കാനുമായി യോഗങ്ങൾക്കു പതിവായി ഹാജരാകാൻ പൗലൊസ് ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (എബ്രായർ 10:24, 25) തടവറയിൽനിന്ന് അത്ഭുതകരമായി വിടുവിക്കപ്പെട്ടപ്പോൾ പത്രൊസ് സഹോദരന്മാരോടൊപ്പം ആയിരിക്കാൻ ആഗ്രഹിച്ചു. ആയതിനാൽ അവൻ നേരെ യോഹന്നാൻ മർക്കൊസിന്റെ അമ്മയുടെ വീട്ടിലേക്കു പോയി. “അവിടെ അനേകർ ഒരുമിച്ചു കൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു.” (പ്രവൃത്തികൾ 12:12) തീർച്ചയായും, അവർക്ക് എല്ലാവർക്കും സ്വന്തം വീടുകളിലിരുന്നു പ്രാർഥിക്കാൻ കഴിയുമായിരുന്നു. എന്നാൽ ആ പ്രയാസസമയത്ത്, പ്രാർഥിക്കാനും അന്യോന്യം പ്രോത്സാഹിപ്പിക്കാനുമായി ഒന്നിച്ചുകൂടാൻ അവർ തീരുമാനിച്ചു. റോമിലേക്കുള്ള ദീർഘവും അപകടകരവുമായ തന്റെ യാത്രയുടെ അവസാനത്തോട് അടുത്ത്, പൗലൊസ് പുത്യൊലിയിൽ നിന്നുള്ള ചില സഹോദരന്മാരെയും പിന്നീട് തന്നെ കാണാൻ എത്തിയ മറ്റു ചിലരെയും കണ്ടുമുട്ടി. അപ്പോഴത്തെ അവന്റെ പ്രതികരണം എന്തായിരുന്നു? “അവരെ [രണ്ടാമത്തെ കൂട്ടം] കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്‌ത്തി ധൈര്യം പ്രാപിച്ചു.” (പ്രവൃത്തികൾ 28:13-15) ഒരിക്കൽക്കൂടെ സഹക്രിസ്‌ത്യാനികളുമായി സഹവസിച്ചപ്പോൾ അവൻ ബലം ആർജിച്ചു. അതുപോലെതന്നെ നാമും സഹക്രിസ്‌ത്യാനികളുമായുള്ള സഹവാസത്തിൽനിന്നു ബലം ആർജിക്കുന്നു. അന്യോന്യം സഹവസിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും ഉള്ളിടത്തോളം കാലം, ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ വഴിയിലൂടെ തനിച്ചു നടക്കാൻ നാം ശ്രമിക്കരുത്.—സദൃശവാക്യങ്ങൾ 18:1; മത്തായി 7:14.
11. “അത്യന്തശക്തി” വിശേഷാൽ ആവശ്യമായിരിക്കുന്ന ചില സാഹചര്യങ്ങൾ പറയുക.
11 പതിവായ പ്രാർഥന, ദൈവവചനത്തിന്റെ പഠനം, സഹവിശ്വാസികളുമായുള്ള സഹവാസം എന്നിവയിലൂടെ നാം “കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടു”ന്നു. (എഫെസ്യർ 6:10) ‘കർത്താവിന്റെ ശക്തി’ തീർച്ചയായും നമുക്ക് എല്ലാവർക്കും ആവശ്യമാണ്. ചിലർ ശക്തി ക്ഷയിപ്പിക്കുന്ന തരം രോഗങ്ങൾ ഉള്ളവരാണ്, മറ്റു ചിലർ വാർധക്യ സഹജമായ പ്രശ്‌നങ്ങളോ ജീവിത പങ്കാളിയുടെ മരണം ഉളവാക്കുന്ന വ്യഥയോ അനുഭവിക്കുന്നവരാണ്. (സങ്കീർത്തനം 41:3) ഇനിയും വേറെ ചിലർ അവിശ്വാസിയായ ഇണയിൽനിന്നുള്ള എതിർപ്പു സഹിക്കുന്നവരാണ്. കുട്ടികളെ വളർത്തുന്നതോടൊപ്പം ഒരു മുഴുസമയ ജോലിയും കൂടെ ചെയ്യുന്നത് തങ്ങളെ ആകെ തളർത്തിക്കളയുന്നതായി മാതാപിതാക്കൾ കണ്ടെത്തിയേക്കാം, ഇണയെ നഷ്‌ടപ്പെട്ടവരുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമായിരുന്നേക്കാം. സമപ്രായക്കാരിൽ നിന്നുള്ള സമ്മർദത്തെ ചെറുത്തുനിൽക്കാനും മയക്കുമരുന്നു ദുരുപയോഗവും അധാർമികതയും ഒഴിവാക്കാനും യുവ ക്രിസ്‌ത്യാനികൾക്കു ശക്തി ആവശ്യമാണ്. ഇത്തരം വെല്ലുവിളികളെ നേരിടാൻ ആവശ്യമായ “അത്യന്തശക്തി”ക്കായി യഹോവയോടു യാചിക്കാൻ നാം മടികാണിക്കരുത്.—2 കൊരിന്ത്യർ 4:7.
“ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്‌കുന്നു”
12. യഹോവ ക്രിസ്‌തീയ ശുശ്രൂഷയിൽ നമ്മെ പിന്താങ്ങുന്നത് എങ്ങനെ?
12 തന്റെ ദാസന്മാർ ശുശ്രൂഷ നിർവഹിക്കുമ്പോഴും യഹോവ അവർക്കു ശക്തി പകരുന്നു. യെശയ്യാവിന്റെ പ്രവചനത്തിൽ നാം ഇങ്ങനെ വായിക്കുന്നു: “അവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്‌കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു. . . . എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.” (യെശയ്യാവു 40:29-31) ശുശ്രൂഷ നിർവഹിക്കാൻ അപ്പൊസ്‌തലനായ പൗലൊസിന് വ്യക്തിപരമായി ശക്തി ലഭിച്ചു. അതിന്റെ ഫലമായി, തന്റെ ശുശ്രൂഷ ഫലപ്രദമായി നിർവഹിക്കാൻ അവനു കഴിഞ്ഞു. തെസ്സലൊനീക്യയിലെ ക്രിസ്‌ത്യാനികൾക്ക് അവൻ ഇങ്ങനെ എഴുതി: “ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടും കൂടെ ആയിരുന്നു നിങ്ങളുടെ അടുക്കൽ വന്നതു.” (1 തെസ്സലൊനീക്യർ 1:5) അവന്റെ പ്രസംഗവും പഠിപ്പിക്കലും ശ്രോതാക്കളിൽ വലിയ മാറ്റങ്ങൾ വരുത്താൻ പോന്നത്ര ശക്തി ഉള്ളതായിരുന്നു.
13. എതിർപ്പു ഗണ്യമാക്കാതെ വേല തുടരാൻ യിരെമ്യാവിനെ ശക്തനാക്കിയത് എന്താണ്?
13 വർഷങ്ങളോളം നാം കൂടെക്കൂടെ പ്രസംഗിച്ചിട്ടും കാര്യമായ യാതൊരു പ്രതികരണവും ഇല്ലാത്ത പ്രദേശത്തെ ആളുകളുടെ താത്‌പര്യമില്ലായ്‌മ നിമിത്തം നമുക്കു നിരാശ തോന്നിയേക്കാം. ആളുകളുടെ എതിർപ്പും പരിഹാസവും താത്‌പര്യമില്ലായ്‌മയും യിരെമ്യാവിനെയും നിരുത്സാഹിതനാക്കി. “ഞാൻ ഇനി [ദൈവത്തെ] ഓർക്കുകയില്ല [“ദൈവത്തെ കുറിച്ചു പരാമർശിക്കുകയില്ല,” NW], അവന്റെ നാമത്തിൽ സംസാരിക്കയുമില്ല” എന്ന് അവൻ തന്നോടുതന്നെ പറഞ്ഞു. എന്നാൽ അവനു മൗനമായിരിക്കാൻ കഴിഞ്ഞില്ല. അവന്റെ സന്ദേശം “അസ്ഥികളിൽ അടെക്കപ്പെട്ടിട്ടു [അവന്റെ] ഹൃദയത്തിൽ തീ കത്തുംപോലെ”യിരുന്നു. (യിരെമ്യാവു 20:9) അനേകം പ്രതിബന്ധങ്ങളുടെ മധ്യേ അവനു ശക്തി വീണ്ടെടുക്കാൻ കഴിഞ്ഞത് എങ്ങനെയാണ്? “യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെ ഉണ്ടു” എന്ന് യിരെമ്യാവ് പറഞ്ഞു. (യിരെമ്യാവു 20:11) തന്റെ ജീവത്‌പ്രധാന സന്ദേശത്തോടും ദൈവദത്ത നിയമനത്തോടും ഉള്ള വിലമതിപ്പ് യഹോവ നൽകിയ പ്രോത്സാഹനത്തോട് അനുകൂലമായി പ്രതികരിക്കാൻ യിരെമ്യാവിനെ പ്രാപ്‌തനാക്കി.
വ്രണപ്പെടുത്താനും സുഖപ്പെടുത്താനുമുള്ള ശക്തി
14. (എ) എത്ര ശക്തിമത്തായ ഒരു അവയവമാണ് നാവ്? (ബി) വലിയ നാശം വരുത്തിവെക്കാൻ നാവിനു കഴിയുമെന്നതിന് ഉദാഹരണങ്ങൾ പറയുക.
14 നമുക്കുള്ള ശക്തി മുഴുവനും നേരിട്ട് ദൈവത്തിൽനിന്ന് വരുന്നതല്ല. ദൃഷ്ടാന്തത്തിന്, നാവിന് വ്രണപ്പെടുത്താനും സുഖപ്പെടുത്താനുമുള്ള ശക്തിയുണ്ട്. “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു” എന്ന് ശലോമോൻ മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 18:21) വാക്കുകൾക്ക് എത്ര വലിയ വിനാശം വരുത്തിവെക്കാൻ സാധിക്കുമെന്ന് ഹവ്വായുമായി സാത്താൻ നടത്തിയ ഹ്രസ്വ സംഭാഷണത്തിന്റെ ഫലം വ്യക്തമാക്കുന്നു. (ഉല്‌പത്തി 3:1-5; യാക്കോബ് 3:5) നമുക്കും നാവുകൊണ്ടു വലിയ ഹാനി വരുത്തിവെക്കാനാകും. ഒരു യുവതിയുടെ തൂക്കത്തെ കുറിച്ചുള്ള മോശമായ അഭിപ്രായപ്രകടനത്തിന് അവളെ ഭക്ഷണത്തോടുള്ള വിരക്തിയിലേക്കു നയിക്കാനാകും. കുറെ ദൂഷണ വാക്കുകളുടെ ചിന്താശൂന്യമായ ആവർത്തനം ഒരു ആയുഷ്‌കാല സൗഹൃദത്തെ നശിപ്പിച്ചേക്കാം. അതേ, നാവിന് കടിഞ്ഞാണിടേണ്ടതുണ്ട്.
15. കെട്ടുപണി ചെയ്യാനും സുഖപ്പെടുത്താനുമായി നാവിനെ നമുക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും?
15 എന്നാൽ നാവിന് ഇടിച്ചുകളയാൻ മാത്രമല്ല കെട്ടുപണി ചെയ്യാനും സാധിക്കും. ബൈബിളിലെ ഒരു ജ്ഞാനമൊഴി ഇങ്ങനെ പറയുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.” (സദൃശവാക്യങ്ങൾ 12:18) വിഷാദം അനുഭവിക്കുന്നവരെയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണത്തെ പ്രതി ദുഃഖിക്കുന്നവരെയും ആശ്വസിപ്പിക്കാനായി ജ്ഞാനികളായ ക്രിസ്‌ത്യാനികൾ തങ്ങളുടെ നാവിന്റെ ശക്തി ഉപയോഗിക്കുന്നു. അനുകമ്പാപൂർവകമായ വാക്കുകൾക്ക് സമപ്രായക്കാരിൽ നിന്നുള്ള ഉപദ്രവകരമായ സമ്മർദത്തോടു പോരാടുന്ന കൗമാരപ്രായക്കാരെ പ്രോത്സാഹിപ്പിക്കാനാകും. പ്രായമായ സഹോദരീസഹോദരന്മാർ ഇപ്പോഴും വിലപ്പെട്ടവരും സ്‌നേഹിക്കപ്പെടുന്നവരും ആണെന്ന് ഉറപ്പേകാൻ ചിന്താപൂർവമുള്ള വാക്കുകൾക്കു സാധിക്കും. ദയാപൂർവകമായ വാക്കുകൾ രോഗികളെ സന്തോഷിപ്പിക്കുന്നു. എല്ലാറ്റിലും ഉപരി, കേൾക്കാൻ മനസ്സൊരുക്കമുള്ള സകലരുമായി ശക്തമായ രാജ്യസന്ദേശം പങ്കുവെക്കാൻ നമുക്ക് നാവിനെ ഉപയോഗിക്കാനാകും. മനസ്സുവെക്കുന്ന പക്ഷം നമുക്ക് ദൈവവചനം ഘോഷിക്കാനാകും. ബൈബിൾ പറയുന്നു: “നന്മ ചെയ്‌വാൻ നിനക്കു പ്രാപ്‌തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു.”—സദൃശവാക്യങ്ങൾ 3:27.
ശക്തിയുടെ ശരിയായ ഉപയോഗം
16, 17. തങ്ങളുടെ ദൈവദത്ത അധികാരം പ്രയോഗിക്കുമ്പോൾ മൂപ്പന്മാർക്കും മാതാപിതാക്കൾക്കും ഭാര്യാഭർത്താക്കന്മാർക്കും യഹോവയെ എങ്ങനെ അനുകരിക്കാനാകും?
16 യഹോവ സർവശക്തനാണെങ്കിലും സ്‌നേഹത്തോടെയാണ് അവൻ തന്റെ സഭയെ ഭരിക്കുന്നത്. (1 യോഹന്നാൻ 4:8) അവനെ അനുകരിച്ചുകൊണ്ട് ക്രിസ്‌തീയ മേൽവിചാരകന്മാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ സ്‌നേഹപൂർവം പരിപാലിക്കുന്നു—തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയ്‌തുകൊണ്ടല്ല, മറിച്ച് അത് സ്‌നേഹപൂർവം ഉപയോഗിച്ചുകൊണ്ട്. മേൽവിചാരകന്മാർ ചില അവസരങ്ങളിൽ ‘ശാസിക്കുകയും തർജ്ജനം ചെയ്യുകയും പ്രബോധിപ്പിക്കുകയും’ ചെയ്യേണ്ടതുണ്ട് എന്നത് ശരിതന്നെ. എന്നാൽ അവർ അതു ചെയ്യുന്നത് “സകല ദീർഘക്ഷമയോടും ഉപദേശത്തോടുംകൂടെ [“പഠിപ്പിക്കൽ കലയോടുംകൂടെ,” NW]” ആണ്. (2 തിമൊഥെയൊസ് 4:2) ആയതിനാൽ, സഭയിൽ അധികാരമുള്ളവർക്ക് പത്രൊസ് അപ്പൊസ്‌തലൻ എഴുതിയ പിൻവരുന്ന വാക്കുകളെ കുറിച്ചു മൂപ്പന്മാർ നിരന്തരം ധ്യാനിക്കുന്നു: “നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും അദ്ധ്യക്ഷത ചെയ്‌വിൻ.”—1 പത്രൊസ് 5:2, 3; 1 തെസ്സലൊനീക്യർ 2:7, 8.
17 മാതാപിതാക്കൾക്കും ഭർത്താക്കന്മാർക്കും യഹോവയാൽ നൽകപ്പെട്ടിരിക്കുന്ന അധികാരം ഉണ്ട്. സഹായിക്കാനും പരിപാലിക്കാനും പരിപോഷിപ്പിക്കാനും വേണ്ടിയായിരിക്കണം ഈ അധികാരം ഉപയോഗിക്കേണ്ടത്. (എഫെസ്യർ 5:22, 28-30; 6:4) അധികാരം സ്‌നേഹപൂർവകമായ വിധത്തിൽ ഫലപ്രദമായി പ്രയോഗിക്കാൻ കഴിയുമെന്ന് യേശുവിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നു. ശിക്ഷണം സന്തുലിതവും അനുയോജ്യവും ആണെങ്കിൽ കുട്ടികൾ നിരാശരാകില്ല. (കൊലൊസ്സ്യർ 3:21) ക്രിസ്‌തീയ ഭർത്താക്കന്മാർ ശിരഃസ്ഥാനം സ്‌നേഹപൂർവം പ്രയോഗിക്കുകയും ഭാര്യമാർ മേധാവിത്വം പുലർത്താനോ തങ്ങളുടെ ഹിതപ്രകാരം കാര്യങ്ങൾ നടത്തിക്കിട്ടാനോ വേണ്ടി ദൈവനിയമിത സ്വാധീനപരിധി ലംഘിക്കാതെ ഭർത്താവിന്റെ ശിരഃസ്ഥാനത്തെ ആഴമായി ആദരിക്കുകയും ചെയ്യുമ്പോൾ വിവാഹബന്ധം ബലിഷ്‌ഠമായിത്തീരും.—1 പത്രൊസ് 3:7.
18. (എ) കോപത്തെ നിയന്ത്രിക്കുന്നതിൽ നമുക്ക് എങ്ങനെ യഹോവയുടെ മാതൃക അനുകരിക്കാൻ കഴിയും? (ബി) അധികാരമുള്ളവർ തങ്ങളുടെ പരിപാലനത്തിൻ കീഴിലുള്ളവരിൽ എന്ത് ഉൾനടാൻ ശ്രമിക്കണം?
18 കുടുംബത്തിലും സഭയിലും അധികാരം ഉള്ളവർ കോപത്തെ നിയന്ത്രിക്കാൻ വിശേഷാൽ ശ്രദ്ധിക്കണം, കാരണം കോപം മറ്റുള്ളവരിൽ സ്‌നേഹമല്ല പകരം ഭയമാണ് ഉൾനടുക. നഹൂം പ്രവാചകൻ ഇങ്ങനെ പറഞ്ഞു: “യഹോവ കോപത്തിനു താമസവും മഹാശക്തിയും ഉള്ളവൻ.” (നഹൂം 1:3; കൊലൊസ്സ്യർ 3:19; NW) കോപം നിയന്ത്രിക്കുന്നത് ശക്തിയുടെ ലക്ഷണവും അതു പ്രകടിപ്പിക്കുന്നത് ദൗർബല്യത്തിന്റെ തെളിവുമാണ്. (സദൃശവാക്യങ്ങൾ 16:32, NW) കുടുംബത്തിലായാലും സഭയിലായാലും, യഹോവയോടും പരസ്‌പരവും ശരിയായ തത്ത്വങ്ങളോടും ഉള്ള സ്‌നേഹം ഉൾനടുക എന്നതാണു നമ്മുടെ ലക്ഷ്യം. ഐക്യത്തിന്റെ ഏറ്റവും ശക്തമായ ബന്ധമാണു സ്‌നേഹം, ശരിയായതു ചെയ്യാനുള്ള ഏറ്റവും ശക്തമായ പ്രചോദനവും സ്‌നേഹം തന്നെ.—1 കൊരിന്ത്യർ 13:8, 13; കൊലൊസ്സ്യർ 3:14, NW.
19. യഹോവ ആശ്വാസപ്രദമായ എന്ത് ഉറപ്പു നൽകുന്നു, നാം അതിനോട് എങ്ങനെ പ്രതികരിക്കണം?
19 യഹോവയെ അറിയുന്നതിൽ അവന്റെ ശക്തി അംഗീകരിക്കുന്നത് ഉൾപ്പെട്ടിരിക്കുന്നു. യെശയ്യാവ് മുഖാന്തരം യഹോവ പറഞ്ഞു: “നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല.” (യെശയ്യാവു 40:28) യഹോവയുടെ ശക്തി അക്ഷയമാണ്. നമ്മിൽത്തന്നെ ആശ്രയിക്കാതെ നാം അവനിൽ ആശ്രയിക്കുന്നെങ്കിൽ അവൻ നമ്മെ ഉപേക്ഷിക്കയില്ല. അവൻ നമുക്ക് ഈ ഉറപ്പു നൽകുന്നു: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.” (യെശയ്യാവു 41:10) അവന്റെ സ്‌നേഹമസൃണമായ പരിപാലനത്തോടു നാം എങ്ങനെ പ്രതികരിക്കണം? യേശുവിനെ പോലെ, യഹോവ നൽകുന്ന ശക്തി എല്ലായ്‌പോഴും ആളുകളെ സഹായിക്കാനും കെട്ടുപണി ചെയ്യാനുമായി നമുക്ക് ഉപയോഗിക്കാം. നാവുകൊണ്ട് മുറിപ്പെടുത്തുന്നതിനു പകരം അതുകൊണ്ട് സുഖപ്പെടുത്താൻ കഴിയേണ്ടതിന് നമുക്കു നാവിനെ നിയന്ത്രിക്കാം. നമുക്ക് എല്ലാവർക്കും സദാ ആത്മീയമായി ഉണർന്നിരിക്കാം, വിശ്വാസത്തിൽ ഉറച്ചുനിൽക്കാം, നമ്മുടെ മഹാസ്രഷ്ടാവായ യഹോവയാം ദൈവത്തിന്റെ ശക്തിയിൽ അധികമധികം ബലം പ്രാപിക്കാം.—1 കൊരിന്ത്യർ 16:13.
[അടിക്കുറിപ്പുകൾ]
^ ഖ. 9 നൂറ്റാണ്ടുകൾക്കു മുമ്പ് ആലയത്തിൽ സൂക്ഷിച്ചുവെച്ചിരുന്ന മോശൈക ന്യായപ്രമാണത്തിന്റെ മൂല പ്രതിയായിരിക്കണം യഹൂദന്മാർ കണ്ടെത്തിയത്.
നിങ്ങൾക്കു വിശദീകരിക്കാമോ?
• യഹോവ എങ്ങനെയാണ് തന്റെ ശക്തി ഉപയോഗിക്കുന്നത്?
• നമുക്ക് യഹോവയിൽ നിന്നുള്ള ശക്തി ഏതെല്ലാം വിധങ്ങളിൽ നേടാൻ കഴിയും?
• നാവിന്റെ ശക്തി എപ്രകാരം പ്രയോഗിക്കപ്പെടണം?
• ദൈവദത്ത അധികാരം ഒരു അനുഗ്രഹം ആയിരിക്കാവുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രം]
യേശു മറ്റുള്ളവരെ സഹായിക്കാൻ യഹോവയുടെ ശക്തി ഉപയോഗിച്ചു
[17-ാം പേജിലെ ചിത്രങ്ങൾ]
മനസ്സുവെക്കുന്ന പക്ഷം നമുക്ക് ദൈവവചനം ഘോഷിക്കാനാകും