മന്ത്രവാദത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?
മന്ത്രവാദത്തെക്കുറിച്ച് നിങ്ങൾക്ക് എന്തറിയാം?
മന്ത്രവാദം! ആ വാക്കു കേൾക്കുമ്പോൾ എന്താണു നിങ്ങളുടെ മനസ്സിലേക്കു വരുന്നത്?
പലരെ സംബന്ധിച്ചും അതു വെറും അന്ധവിശ്വാസവും മിഥ്യാസങ്കൽപ്പവുമാണ്, ഗൗരവമായി എടുക്കേണ്ട ഒരു സംഗതിയേ അല്ല. അവരുടെ വീക്ഷണത്തിൽ മന്ത്രവാദം ഭാവനാലോകത്തിൽ മാത്രമേ ഉള്ളൂ—നീണ്ട കുപ്പായങ്ങളണിഞ്ഞ മന്ത്രവാദിനികൾ ഒരു കുട്ടകത്തിലെ തിളച്ചുമറിയുന്ന ദ്രാവകത്തിലേക്ക് വവ്വാലുകളുടെ ചിറകുകൾ ഇടുന്നു, ആളുകളെ തവളകളാക്കി മാറ്റുന്നു, രാത്രികാലങ്ങളിൽ വന്യമായി ചിലമ്പിച്ചിരിച്ചുകൊണ്ട് ചൂലിന്മേലിരുന്ന് ആകാശത്തേക്കു പറന്നുയരുന്നു.
മറ്റു ചിലരെ സംബന്ധിച്ചിടത്തോളം, മന്ത്രവാദം ചിരിച്ചുതള്ളാവുന്ന അത്ര നിസ്സാരമായ ഒരു സംഗതിയല്ല. ചില ഗവേഷകർ കരുതുന്നത് ലോകജനസംഖ്യയിൽ പകുതിയിലധികവും, മന്ത്രവാദിനികൾ യഥാർഥത്തിൽ ഉള്ളവരാണെന്നും അവർ ആളുകളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും വിശ്വസിക്കുന്നുവെന്നാണ്. മന്ത്രവാദം ദുഷ്‌ടവും അപകടകരവും അങ്ങേയറ്റം ഭയപ്പെടേണ്ടതുമായ ഒരു സംഗതിയായി ദശലക്ഷക്കണക്കിന് ആളുകൾ വിചാരിക്കുന്നു. ഉദാഹരണത്തിന്, ആഫ്രിക്കൻ മതങ്ങളെ കുറിച്ചുള്ള ഒരു പുസ്‌തകം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ദുർമന്ത്രത്തിന്റെയും ആഭിചാരത്തിന്റെയും കൂടോത്രത്തിന്റെയും ഫലത്തിലും അപകടത്തിലുമുള്ള വിശ്വാസം ആഫ്രിക്കൻ ജനജീവിതത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നു . . . ആ ജനസമൂഹത്തിൽ ഏറ്റവും വെറുക്കപ്പെടുന്നവർ മന്ത്രവാദികളും മന്ത്രവാദിനികളുമാണ്. ഇക്കാലത്തുപോലും ചിലയിടങ്ങളിൽ ആളുകൾ അവരെ തല്ലിക്കൊല്ലാറുണ്ട്.”
എന്നാൽ, പാശ്ചാത്യ നാടുകളിലുള്ളവർ ഇപ്പോൾ ആദരവോടെയാണു മന്ത്രവാദത്തെ കാണുന്നത്. മന്ത്രവാദം സംബന്ധിച്ച ഭയം കുറയ്‌ക്കുന്നതിൽ പുസ്‌തകങ്ങളും ടെലിവിഷനും ചലച്ചിത്രങ്ങളും ഒരു വലിയ പങ്കു വഹിച്ചിരിക്കുന്നു. വിനോദരൂപങ്ങളെ കുറിച്ചു വിശകലനം നടത്തുന്ന ഡേവിഡ് ഡേവിസ് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മന്ത്രവാദിനികളെ പ്രായം കുറഞ്ഞവരും സുന്ദരികളുമായാണു ചിത്രീകരിക്കുന്നത്. അമേരിക്കൻ ചലച്ചിത്ര വ്യവസായം അവരെ കുറിച്ചുള്ള ചിത്രങ്ങൾ ആളുകളുടെ അഭിരുചിക്കനുസരിച്ചു പടച്ചുവിടുകയാണ്. . . . മന്ത്രവാദിനികളെ സുന്ദരികളും അഭികാമ്യരുമായി ചിത്രീകരിക്കുന്നത് സ്‌ത്രീകളും കൊച്ചുകുട്ടികളും ഉൾപ്പെടെ വലിയൊരു സദസ്സിന്റെ ശ്രദ്ധയാകർഷിക്കാൻ ഉതകുന്നു.” ആളുകൾക്കുള്ള ഏതൊരു താത്‌പര്യത്തെയും ലാഭകരമായ ഒരു ബിസിനസ് ആക്കിമാറ്റാനുള്ള പാടവം അമേരിക്കൻ ചലച്ചിത്ര വ്യവസായത്തിനുണ്ട്.
ഐക്യനാടുകളിൽ വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ആത്മീയ പ്രസ്ഥാനങ്ങളിൽ ഒന്നാണ് മന്ത്രവാദം എന്നു ചിലർ പറയുന്നു. വികസിത രാജ്യങ്ങളിൽ, വനിതാവിമോചന പ്രസ്ഥാനങ്ങളിൽനിന്നു പ്രചോദനം നേടുകയും വ്യവസ്ഥാപിത മതങ്ങളിലുള്ള താത്‌പര്യം നഷ്‌ടപ്പെടുകയും ചെയ്‌തിട്ടുള്ള നിരവധി ആളുകൾ വിവിധതരം മന്ത്രവാദങ്ങളിലൂടെ ആത്മീയ നിർവൃതി കണ്ടെത്തുന്നു. വാസ്‌തവത്തിൽ, നാനാതരം മന്ത്രവാദരൂപങ്ങൾ ഉള്ളതിനാൽ “മന്ത്രവാദിനി” എന്ന പദത്തിന്റെ അർഥം സംബന്ധിച്ചു പോലും ആളുകൾ വിയോജിപ്പുള്ളവരാണ്. എന്നാൽ, മന്ത്രവാദികൾ എന്ന് അവകാശപ്പെടുന്നവർ മിക്കപ്പോഴും വിക്കയോടു ബന്ധമുള്ളവരായി തങ്ങളെത്തന്നെ തിരിച്ചറിയിക്കുന്നു. വിക്ക എന്നതിനെ ഒരു നിഘണ്ടു നിർവചിക്കുന്നത് “ക്രിസ്‌തീയപൂർവ പശ്ചിമ യൂറോപ്പിൽ ഉടലെടുത്ത, 20-ാം നൂറ്റാണ്ടിൽ പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു പ്രകൃതിമതം” എന്നാണ്. * അക്കാരണത്താൽ, മന്ത്രവാദികളിൽ പലരും തങ്ങളെത്തന്നെ തിരിച്ചറിയിക്കുന്നത് പുറജാതീയരോ നവീന പുറജാതീയരോ ആയിട്ടാണ്.
ചരിത്രത്തിലുടനീളം, മന്ത്രവാദികളെ ദ്വേഷിക്കുകയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്‌തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആധുനികകാല മന്ത്രവാദികൾ തങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ ഉത്സുകരാണ്. ഒരു സർവേയിൽ ഡസൻ കണക്കിനു മന്ത്രവാദികളോട്, ആളുകളെ അറിയിക്കാൻ അവർ ഏറ്റവും താത്‌പര്യപ്പെടുന്ന സന്ദേശം എന്താണെന്നു ചോദിക്കുകയുണ്ടായി. അവരുടെ ഉത്തരം ഗവേഷകനായ മാർഗോ ആഡ്‌ലെർ ഇങ്ങനെ ചുരുക്കിപ്പറഞ്ഞു: “ഞങ്ങൾ ദുഷ്‌ടരല്ല. ഞങ്ങൾ പിശാചിനെ ആരാധിക്കുന്നില്ല. ഞങ്ങൾ ആളുകളെ ദ്രോഹിക്കുകയോ വശീകരിക്കുകയോ ചെയ്യുന്നില്ല. ഞങ്ങൾ അപകടകാരികളല്ല. ഞങ്ങൾ നിങ്ങളെ പോലുള്ള സാധാരണക്കാരാണ്. ഞങ്ങൾക്കു കുടുംബങ്ങളുണ്ട്, ജോലിയുണ്ട്, ആശകളുണ്ട്, സ്വപ്‌നങ്ങളുണ്ട്. ഞങ്ങൾ ഒരു വ്യക്തിപൂജാ പ്രസ്ഥാനമല്ല. ഞങ്ങൾ വിചിത്ര മനുഷ്യരല്ല. . . . നിങ്ങൾ ഞങ്ങളെ ഭയപ്പെടേണ്ടതില്ല. . . . നിങ്ങളുമായി, നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ സാമ്യം ഞങ്ങൾക്കുണ്ട്.”
ആ സന്ദേശം സ്വീകരിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. എന്നാൽ, മന്ത്രവാദത്തിൽ ഉത്‌കണ്‌ഠപ്പെടുത്തുന്ന യാതൊരു സംഗതിയും ഇല്ലെന്ന് ഇത് അർഥമാക്കുന്നുണ്ടോ? അടുത്ത ലേഖനത്തിൽ ആ ചോദ്യത്തിനുള്ള ഉത്തരം നമുക്കു പരിശോധിക്കാം.
[അടിക്കുറിപ്പുകൾ]
^ ഖ. 6 മന്ത്രവാദം എന്നതിന്റെ ഇംഗ്ലീഷ് പദമായ “വിച്ച്‌ക്രാഫ്‌റ്റ്” വന്നിരിക്കുന്നത് മാന്ത്രികവിദ്യ ആചരിക്കുന്ന സ്‌ത്രീയെയും പുരുഷനെയും പരാമർശിക്കുന്ന “വിക്കെ,” “വിക്ക” എന്നീ പദങ്ങളിൽ നിന്നാണ്.