ബൈബിൾ അധ്യയനത്തിലൂടെ ഇന്ത്യയിൽ വിശ്വാസം കെട്ടുപണി ചെയ്യുന്നു
നാം വിശ്വാസമുള്ള തരക്കാരാണ
ബൈബിൾ അധ്യയനത്തിലൂടെ ഇന്ത്യയിൽ വിശ്വാസം കെട്ടുപണി ചെയ്യുന്നു
വടക്ക് മഞ്ഞു മൂടിക്കിടക്കുന്ന പ്രൗഢോജ്ജ്വലമായ ഹിമാലയ സാനുക്കൾ മുതൽ തെക്ക് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ചുട്ടുപൊള്ളുന്ന തീരങ്ങൾ വരെ ഇന്ത്യ ഭൂമിശാസ്‌ത്രപരമായും മതപരമായും വൈവിധ്യങ്ങളുടെ ഒരു നാട് ആണ്. ഇവിടത്തെ ജനസംഖ്യ 100 കോടിയിലേറെയാണ്. അതിൽ 83 ശതമാനം ഹിന്ദുക്കളും 11 ശതമാനം മുസ്ലീങ്ങളും ആണ്. ശേഷിക്കുന്നവർ പ്രധാനമായും നാമധേയ ക്രിസ്‌ത്യാനികളും സിക്കുകാരും ബുദ്ധ-ജൈന മതക്കാരും ആണ്. എല്ലാവർക്കും ആരാധനാ സ്വാതന്ത്ര്യമുണ്ട്. “ഇന്ത്യക്കാരുടെ ജീവിതത്തിൽ മതം ഒരു സുപ്രധാന പങ്കുവഹിക്കുന്നു”വെന്ന് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു.
ഇന്ത്യയിൽ 21,200-ലേറെ യഹോവയുടെ സാക്ഷികൾ ഉണ്ട്. തങ്ങളുടെ ക്രിസ്‌തീയ വിശ്വാസത്തിനു ചേർച്ചയിൽ ജീവിക്കുന്നതു നിമിത്തം അവർക്കു സത്‌പേരുണ്ട്. ലോകത്തിന്റെ ഇതര ഭാഗങ്ങളിലുള്ള തങ്ങളുടെ ആത്മീയ സഹകാരികളെ പോലെതന്നെ ഇന്ത്യയിലെ സാക്ഷികളും, ദൈവവചനമായ വിശുദ്ധ ബൈബിളിൽ ശക്തമായ വിശ്വാസം കെട്ടുപണി ചെയ്യാൻ തങ്ങളുടെ അയൽക്കാരെ സഹായിക്കുന്നതിനെ ഒരു പദവിയായി വീക്ഷിക്കുന്നു. (2 തിമൊഥെയൊസ് 3:16, 17) ദക്ഷിണേന്ത്യയിലെ ചെന്നൈയിലുള്ള ഒരു കുടുംബം ബൈബിൾ സത്യത്തെ കുറിച്ചുള്ള പരിജ്ഞാനത്തിലേക്കു വന്നത് എങ്ങനെയെന്നു നോക്കുക.
യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽ വരുന്നതിനു മുമ്പ് ഈ കുടുംബം, ദർശനങ്ങൾ കാണാനും അന്യഭാഷയിൽ സംസാരിക്കാനും രോഗികളെ സൗഖ്യമാക്കാനും കഴിയുമെന്ന് അവകാശപ്പെടുന്ന കത്തോലിക്കാ കരിസ്‌മാറ്റിക് പ്രസ്ഥാനങ്ങളിൽ സജീവമായി ഉൾപ്പെട്ടിരുന്നു. പള്ളിയിലും സമൂഹത്തിലും അവർ വളരെ ഉന്നത നിലയിൽ ആയിരുന്നു. ഈ കുടുംബത്തിലെ ചിലരെ ആളുകൾ “യജമാനൻ” എന്ന അർഥത്തിൽ “സ്വാമി” എന്നു പോലും വിളിച്ചിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു സാക്ഷി ഈ കുടുംബത്തെ സന്ദർശിച്ച് യേശു ദൈവപുത്രൻ ആണെന്നും പൊതുവെ വിശ്വസിക്കുന്നതുപോലെ സർവ്വശക്തനായ ദൈവം അല്ലെന്നും ബൈബിളിൽനിന്ന് അവർക്കു കാണിച്ചു കൊടുത്തു. ദൈവത്തിന്റെ പേര് യഹോവ എന്നാണെന്നും ഭൂമിയെ കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം അതിനെ മനോഹരമായ ഒരു പറുദീസയാക്കി മാറ്റുക എന്നതാണെന്നും ആ സാക്ഷി വിശദീകരിച്ചു കൊടുത്തു.—സങ്കീർത്തനം 83:18; ലൂക്കൊസ് 23:43; യോഹന്നാൻ 3:16.
ദൈവവചനത്തെ ആദരിച്ചിരുന്നതുകൊണ്ടും കേട്ടകാര്യങ്ങൾ ഇഷ്ടപ്പെട്ടതുകൊണ്ടും ഈ കുടുംബത്തിലെ അംഗങ്ങൾ യഹോവയുടെ സാക്ഷികളുമൊത്തു പതിവായി ബൈബിൾ പഠിക്കാമെന്നു സമ്മതിച്ചു. ഇത് പള്ളിയിലെ അവരുടെ പരിചയക്കാരുടെ പരിഹാസം വിളിച്ചുവരുത്തി. എങ്കിലും, തങ്ങളുടെ ബൈബിൾ പഠനം തുടരാൻതന്നെ അവർ തീരുമാനിച്ചു. അറിവ് വർധിക്കുകയും വിശ്വാസം ബലിഷ്‌ഠമായിത്തീരുകയും ചെയ്‌തതോടെ അവർ തങ്ങളുടെ വ്യാജ മതാചാരങ്ങൾ ഉപേക്ഷിച്ചു. ഇന്ന് ഈ കുടുംബത്തിലെ മൂന്ന് അംഗങ്ങൾ തീക്ഷ്‌ണതയുള്ള, സ്‌നാപനമേറ്റ സാക്ഷികൾ ആണ്. അമ്മ സാധിക്കുമ്പോഴൊക്കെ സഹായ പയനിയറിങ് ചെയ്യുന്നു.
അംഗവൈകല്യത്തെ മറികടക്കാൻപോന്ന വിശ്വാസം
പഞ്ചാബിലെ ഒരു ഗ്രാമത്തിൽ പാർക്കുന്ന സുന്ദർലാൽ എന്ന യുവാവിന് ദൈവരാജ്യത്തിന്റെ സുവാർത്ത മറ്റുള്ളവരുമായി പങ്കുവെക്കാൻ വളരെയേറെ വിശ്വാസവും ധൈര്യവും ആവശ്യമായിരുന്നു. (മത്തായി 24:14) സത്യദൈവമായ യഹോവയെ ആരാധിക്കാനായി അദ്ദേഹം തന്റെ കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ബഹുദൈവ വിശ്വാസം ഉപേക്ഷിച്ചു എന്നതായിരുന്നു ഒരു കാരണം. സുന്ദർലാലിന് കാലുകൾ ഇല്ലായിരുന്നു എന്നതാണ് മറ്റൊരു കാരണം.
1992 വരെ സുന്ദർലാലിന്റെ ജീവിതം പതിവു പ്രവർത്തനങ്ങളുടെ ഒരു ആവർത്തനം മാത്രമായിരുന്നു. ഒരു ഡോക്ടറുടെ സഹായിയായി അദ്ദേഹം ജോലി ചെയ്‌തിരുന്നു. തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ഗുരുവിന്റെ മാർഗനിർദേശത്തിൻ കീഴിൽ അനേകം ദേവീദേവന്മാരെ കുടുംബസമേതം ആരാധിക്കുകയും ചെയ്‌തിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം റെയിൽ പാളം കുറുകെ കടക്കവെ അദ്ദേഹം വീണു. ട്രെയിൻ കയറി രണ്ടു കാലുകളും തുടഭാഗത്ത് വെച്ച് മുറിഞ്ഞു പോയി. മരണത്തെ അതിജീവിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവിതം താറുമാറായി. മനസ്സിലാക്കാൻ
കഴിയുന്നതുപോലെ സുന്ദർലാൽ അങ്ങേയറ്റം വിഷാദമഗ്നനാകുകയും ആത്മഹത്യയെ കുറിച്ചു പോലും ചിന്തിക്കുകയും ചെയ്‌തു. വേണ്ട സഹായങ്ങളൊക്കെ കുടുംബാംഗങ്ങൾ ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ ഭാവി ഇരുളടഞ്ഞതായി കാണപ്പെട്ടു.അപ്പോൾ യഹോവയുടെ സാക്ഷികളിൽ ഒരാൾ സുന്ദർലാലിനെ സന്ദർശിച്ച്, ഭൂമിയെ ആനന്ദകരമായ ഒരു പറുദീസ ആക്കുമെന്നും തന്നെ സ്‌നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്നവർക്കു പൂർണമായ ആരോഗ്യം നൽകുമെന്നുമുള്ള ദൈവത്തിന്റെ വാഗ്‌ദാനം ബൈബിളിൽനിന്ന് അദ്ദേഹത്തിനു കാണിച്ചു കൊടുത്തു. സുന്ദർലാൽ ബൈബിൾ പഠിക്കാമെന്നേറ്റു. ഒരു വർഷത്തേക്ക് അദ്ദേഹം ഉത്സാഹത്തോടെ അതു പഠിച്ചു. യോഗങ്ങൾക്കു ഹാജരാകാൻ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. ഒടുവിൽ ഒരു സുഹൃത്തിന്റെ സൈക്കിളിന്റെ പിന്നിൽ ഇരുന്ന് അദ്ദേഹം യോഗത്തിനു പോയി. ആ യാത്ര വളരെ വേദനാജനകം ആയിരുന്നെങ്കിലും പ്രതിഫലം വളരെ വലുതായിരുന്നു. ദൈവവചനത്തിലെ വാഗ്‌ദാനങ്ങൾ യഥാർഥമായും വിശ്വസിക്കുകയും ബൈബിൾ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്ന മറ്റുള്ളവരെ കണ്ടപ്പോൾ, ബൈബിളിൽനിന്ന് താൻ പഠിച്ച കാര്യങ്ങളുടെ സത്യത അദ്ദേഹത്തിനു ബോധ്യമായി.
സുന്ദർലാൽ അയൽക്കാരുമായി സുവാർത്ത പങ്കുവെക്കാൻ തുടങ്ങി. 1995-ൽ അദ്ദേഹം സ്‌നാപനമേറ്റു. ആദ്യമൊക്കെ പതിവുപോലെ നിരങ്ങിയാണ് അദ്ദേഹം തന്റെ ഗ്രാമത്തിലെ വീടുകൾ തോറും പ്രസംഗ പ്രവർത്തനത്തിനു പോയിരുന്നത്. എന്നാൽ ഇപ്പോൾ തന്റെ ആത്മീയ സഹോദരങ്ങളിൽനിന്നു ലഭിച്ച ഒരു സമ്മാനം അദ്ദേഹത്തിനുണ്ട്—കൈകൊണ്ടു പെഡൽ കറക്കി ഓടിക്കാവുന്ന ഒരു ത്രിചക്ര സൈക്കിൾ. ഈ ത്രിചക്ര സൈക്കിൾ ഉള്ളതുകൊണ്ട് അദ്ദേഹം ഇപ്പോൾ കൂടുതൽ സ്വതന്ത്രനാണ്. 12 കിലോമീറ്റർ യാത്ര ചെയ്‌ത് സഭാ യോഗങ്ങൾക്കു തനിച്ചു പോകാൻ അദ്ദേഹത്തിനു സാധിക്കുന്നു. കോരിച്ചൊരിയുന്ന മഴയത്തും 43 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂടുള്ളപ്പോഴും അദ്ദേഹം ഇപ്രകാരം യാത്ര ചെയ്യുന്നു.
യോഗങ്ങൾക്കു ഹാജരാകുന്നതിനു പുറമേ, സത്യദൈവമായ യഹോവയിൽ ശക്തമായ വിശ്വാസം കെട്ടുപണി ചെയ്യാനുള്ള സഹായം ലഭിക്കാൻ ആഗ്രഹിക്കുന്ന നിരവധി ആളുകളെ അദ്ദേഹം ബൈബിൾ പഠിപ്പിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ബൈബിൾ വിദ്യാർഥികളിൽ ഏഴുപേർ സ്‌നാപനമേറ്റു. അദ്ദേഹം കണ്ടുമുട്ടുകയും സഹസാക്ഷികൾ ബൈബിൾ അധ്യയനം നടത്തുകയും ചെയ്‌ത മറ്റു മൂന്നു പേരും സ്‌നാപനം ഏറ്റിട്ടുണ്ട്.
ബൈബിൾ പറയുന്നത് അനുസരിച്ച്, “വിശ്വാസം എല്ലാവർക്കും ഇല്ല.” (2 തെസ്സലൊനീക്യർ 3:2) എന്നാൽ “നിത്യജീവന് അനുകൂലമായ മനോനില ഉള്ള”വരിൽ ദൈവവചനത്തിന്റെ പതിവായ പഠനം ശക്തമായ വിശ്വാസം കെട്ടുപണി ചെയ്യുന്നു. (പ്രവൃത്തികൾ 13:48, NW) അതിശയകരമായ ഒരു ഭാവിയെ കുറിച്ചുള്ള പുളകപ്രദമായ പ്രത്യാശയും അതു നമുക്കു നൽകുന്നു. ഇന്ത്യയിൽ അധികമധികം ആളുകൾ ആ പ്രത്യാശയിൽ വിശ്വാസം അർപ്പിക്കുന്നു.
[30-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
അഫ്‌ഗാനിസ്ഥാൻ
പാകിസ്ഥാൻ
നേപ്പാൾ
ഭൂട്ടാൻ
ചൈന
ബംഗ്ലാദേശ്
മ്യാൻമാർ
ലാവോസ്
തായ്‌ലൻഡ്
വിയറ്റ്‌നാം
കംബോഡിയ
ശ്രീലങ്ക
ഇന്ത്യ
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.