സുവിശേഷങ്ങൾ—ചരിത്രമോ കെട്ടുകഥയോ?
സുവിശേഷങ്ങൾ—ചരിത്രമോ കെട്ടുകഥയോ?
മനുഷ്യ ചരിത്രത്തിന്റെ ഗതിക്കു മാറ്റം വരുത്തിയ നസറായനായ യേശു എന്ന യുവാവിനെ കുറിച്ചുള്ള കഥ ലോകമെമ്പാടുമുള്ള ജനസമൂഹങ്ങളെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. അത് ആളുകളുടെ ഔപചാരികവും അനൗപചാരികവുമായ വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ” എന്നതു പോലുള്ള കാലാതീതമായ സത്യങ്ങളുടെയും ആപ്‌തവാക്യങ്ങളുടെയും ഉറവായിട്ടാണ് അനേകരും സുവിശേഷങ്ങളെ വീക്ഷിക്കുന്നത്. (മത്തായി 5:37) നിങ്ങളുടെ മാതാപിതാക്കൾ—അവർ ക്രിസ്‌ത്യാനികൾ ആയിരുന്നാലും അല്ലെങ്കിലും—നിങ്ങൾക്കു നൽകിയിട്ടുള്ള ചില ഉപദേശങ്ങളുടെ അടിസ്ഥാനം സുവിശേഷ വിവരണങ്ങൾ ആയിരുന്നിരിക്കാൻ തീർച്ചയായും സാധ്യതയുണ്ട്.
ക്രിസ്‌തുവിന്റെ ആത്മാർഥ അനുഗാമികളായ കോടിക്കണക്കിന് ആളുകളെ സംബന്ധിച്ചിടത്തോളം, തങ്ങൾ ഏതു വ്യക്തിക്കു വേണ്ടി യാതന അനുഭവിക്കാനും മരിക്കാനും സന്നദ്ധരാണോ ആ വ്യക്തിയെ കുറിച്ചുള്ള വിവരങ്ങൾ സുവിശേഷങ്ങൾ പ്രദാനം ചെയ്‌തിരിക്കുന്നു. അവരുടെ കാര്യത്തിൽ, ധൈര്യത്തിനും സഹിഷ്‌ണുതയ്‌ക്കും വിശ്വാസത്തിനും പ്രത്യാശയ്‌ക്കുമുള്ള അടിസ്ഥാനവും പ്രചോദനവുമാണ് സുവിശേഷങ്ങൾ. ആ സ്ഥിതിക്ക്, പ്രസ്‌തുത വിവരണങ്ങളെ വെറും കെട്ടുകഥയായി തള്ളിക്കളയണമെങ്കിൽ അനിഷേധ്യമായ തെളിവ് ആവശ്യമാണ് എന്നതിനോടു നിങ്ങൾ യോജിക്കില്ലേ? മാനുഷ ചിന്തയുടെയും പെരുമാറ്റത്തിന്റെയുംമേൽ സുവിശേഷ വിവരണത്തിന് ഉണ്ടായിരുന്നിട്ടുള്ള വമ്പിച്ച സ്വാധീനം കണക്കിലെടുക്കുമ്പോൾ, അവയുടെ ആധികാരികത സംബന്ധിച്ചു സംശയം ജനിപ്പിക്കാൻ ഒരുവൻ ശ്രമിക്കുന്ന പക്ഷം നിങ്ങൾ ബോധ്യം വരുത്തുന്ന തെളിവ് ആവശ്യപ്പെടാതിരിക്കുമോ?
സുവിശേഷങ്ങളെ കുറിച്ചുള്ള ചിന്തോദ്ദീപകമായ ചില ചോദ്യങ്ങൾ പരിചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്. ചില സുവിശേഷ പഠിതാക്കൾ—അവരിൽ ചിലർ ക്രിസ്‌ത്യാനികൾ എന്ന് അവകാശപ്പെടാത്തവർ ആണെങ്കിലും—ഈ വിവാദങ്ങളെ കുറിച്ച് എന്തു വിചാരിക്കുന്നുവെന്നു കാണുക. അപ്പോൾ നിങ്ങൾക്കു വസ്‌തുനിഷ്‌ഠമായ സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാനാകും.
പരിചിന്തിക്കേണ്ട ചോദ്യങ്ങൾ
◆സുവിശേഷങ്ങൾ വിദഗ്‌ധമായി മെനഞ്ഞെടുത്ത ഒരു കൃതി ആയിരിക്കുമോ?
ജീസസ് സെമിനാറിന്റെ സ്ഥാപകനായ റോബർട്ട് ഫങ്ക് ഇങ്ങനെ പറയുന്നു: “യേശുവിന്റെ മരണശേഷം ഉരുത്തിരിഞ്ഞ ക്രിസ്‌തീയ ഉപദേശത്തിന് ഇണങ്ങുംവിധം മത്തായിയും മർക്കൊസും ലൂക്കൊസും യോഹന്നാനും ‘മിശിഹായെ അവതരിപ്പിച്ചു.’” എന്നാൽ, യേശു പറഞ്ഞ കാര്യങ്ങൾ കേൾക്കുകയും അവന്റെ പ്രവൃത്തികൾ നിരീക്ഷിക്കുകയും അവന്റെ പുനരുത്ഥാന ശേഷം അവനെ കാണുകയും ചെയ്‌ത അനേകർ സുവിശേഷങ്ങൾ എഴുതപ്പെട്ട കാലത്തു ജീവിച്ചിരിപ്പുണ്ടായിരുന്നു. സുവിശേഷ എഴുത്തുകാർ ഏതെങ്കിലും തരത്തിലുള്ള വഞ്ചന കാട്ടിയതായി അവരാരും ആരോപിച്ചിട്ടില്ല.
ക്രിസ്‌തുവിന്റെ മരണത്തെയും പുനരുത്ഥാനത്തെയും കുറിച്ചു പരിചിന്തിക്കുക. സുവിശേഷങ്ങളിൽ മാത്രമല്ല, പുരാതന കൊരിന്തിലെ ക്രിസ്‌ത്യാനികൾക്കുള്ള പൗലൊസ് അപ്പൊസ്‌തലന്റെ ആദ്യത്തെ കാനോനിക ലേഖനത്തിലും അതേക്കുറിച്ചുള്ള വിശ്വസനീയമായ വിവരണങ്ങൾ അടങ്ങിയിരിക്കുന്നു. അവൻ ഇങ്ങനെ എഴുതി: “ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻപ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേററു കേഫാവിന്നും പിന്നെ പന്തിരുവർക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്‌പിച്ചുതന്നുവല്ലോ. അനന്തരം അവൻ അഞ്ഞൂററിൽ അധികം സഹോദരന്മാർക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു. അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്‌തലന്മാർക്കും എല്ലാവർക്കും പ്രത്യക്ഷനായി. എല്ലാവർക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി.” (1 കൊരിന്ത്യർ 15:3-8) ആ ദൃക്‌സാക്ഷികൾ യേശുവിന്റെ ജീവിതത്തെ കുറിച്ചുള്ള ചരിത്ര വസ്‌തുതകളുടെ സൂക്ഷിപ്പുകാരായിരുന്നു.
ആധുനിക വിമർശകർ ആരോപിക്കുന്ന രീതിയിലുള്ള കൽപ്പനാ കൗശലമൊന്നും ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ കാണുന്നില്ല. എന്നാൽ പൊ. യു. രണ്ടാം നൂറ്റാണ്ടിലെ ലിഖിതങ്ങളിൽ അതു പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ട്, ക്രിസ്‌തുവിനെ കുറിച്ചുള്ള തിരുവെഴുത്തു പ്രവൃത്തികൾ 20:28-30.
വിരുദ്ധമായ ചില വിവരണങ്ങൾ ഉടലെടുത്തത് അപ്പൊസ്‌തലിക സഭയിൽനിന്ന് അന്യപ്പെട്ട സമൂഹങ്ങളിൽ സത്യക്രിസ്‌ത്യാനിത്വത്തിൽ നിന്നുള്ള വിശ്വാസത്യാഗം വികാസം പ്രാപിച്ചുകൊണ്ടിരുന്ന കാലത്തായിരുന്നു.—◆സുവിശേഷങ്ങൾ ഐതിഹ്യങ്ങൾ ആയിരിക്കുമോ?
സുവിശേഷങ്ങളെ വെറും ഐതിഹ്യങ്ങളായി വീക്ഷിക്കാനാവില്ലെന്ന് ഗ്രന്ഥകർത്താവും നിരൂപകനുമായ സി. എസ്. ലൂയിസ് പറയുന്നു. “സുവിശേഷങ്ങൾ മറ്റെന്തുതന്നെ ആയിരുന്നാലും ശരി, അവ ഒരിക്കലും ഐതിഹ്യങ്ങൾ അല്ലെന്ന് ഒരു സാഹിത്യ ചരിത്രകാരൻ എന്ന നിലയിൽ എനിക്കു പൂർണമായ ബോധ്യമുണ്ട്,” അദ്ദേഹം എഴുതി. “ഐതിഹ്യങ്ങൾ ആയിരിക്കാൻ തക്കവിധം കൽപ്പനാ ചാതുര്യം ഉള്ളവയല്ല അവ. . . . യേശുവിന്റെ ജീവിതത്തിന്റെ അധികഭാഗവും നമുക്ക് അജ്ഞാതമാണ്, ഒരു ഐതിഹ്യം കെട്ടിച്ചമയ്‌ക്കുന്ന ആരും കാര്യങ്ങൾ അങ്ങനെയായിരിക്കാൻ അനുവദിക്കില്ല.” ക്രിസ്‌ത്യാനിയെന്ന് അവകാശപ്പെടാഞ്ഞ വിഖ്യാത ചരിത്രകാരനായ എച്ച്. ജി. വെൽസ് പിൻവരുന്ന പ്രകാരം സമ്മതിച്ചു പറഞ്ഞതും രസാവഹമാണ്: “വളരെ സുനിശ്ചിതമായ ഒരു വ്യക്തിത്വത്തെ നാലു [സുവിശേഷ എഴുത്തുകാരും] യോജിപ്പോടെ വരച്ചുകാട്ടുന്നു; [വിവരണം] വസ്‌തുനിഷ്‌ഠമാണെന്ന ബോധ്യം അവർ പ്രദാനം ചെയ്യുന്നു.”
പുനരുത്ഥാനം പ്രാപിച്ച യേശു തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ട ഒരു സന്ദർഭം പരിചിന്തിക്കുക. സാധ്യതയനുസരിച്ച്, ഒരു നല്ല ഐതിഹ്യ രചയിതാവ് യേശുവിനെ പ്രൗഢ ഗംഭീരമായ ഒരു തിരിച്ചുവരവ് നടത്തുന്നവനായോ മഹത്തായ ഒരു പ്രഭാഷണം നടത്തുന്നവനായോ തേജസ്സിൽ കുളിച്ചുനിൽക്കുന്നവനായോ ചിത്രീകരിക്കുമായിരുന്നു. എന്നാൽ, തന്റെ ശിഷ്യന്മാരുടെ മുമ്പാകെ നിന്നുകൊണ്ട് “കുഞ്ഞുങ്ങളേ, ഭക്ഷിപ്പാൻ വല്ലതും ഉണ്ടോ?” എന്നു ചോദിക്കുന്നവനായിട്ടാണ് സുവിശേഷ എഴുത്തുകാർ യേശുവിനെ ചിത്രീകരിക്കുന്നത്. (യോഹന്നാൻ 21:5, NW) പണ്ഡിതനായ ഗ്രെഗ് ഈസ്റ്റർബ്രൂക്ക് ഇങ്ങനെ നിഗമനം ചെയ്യുന്നു: “കെട്ടിച്ചമച്ച ഒരു പഴങ്കഥയെ അല്ല, മറിച്ച് വസ്‌തുനിഷ്‌ഠമായ ഒരു വിവരണത്തെ സൂചിപ്പിക്കുന്ന തരം വിശദാംശങ്ങളാണ് ഇവ.”
സുവിശേഷങ്ങൾ എഴുതപ്പെട്ട കാലത്ത് പ്രചാരത്തിലിരുന്ന, റബിമാരുടെ കർശനമായ പഠിപ്പിക്കൽ രീതിയും സുവിശേഷങ്ങൾ ഐതിഹ്യങ്ങൾ ആണെന്നുള്ള ആരോപണം തെറ്റാണെന്നു സൂചിപ്പിക്കുന്നു. ആവർത്തനത്തിലൂടെ കൃത്യമായി മനഃപാഠമാക്കുന്ന പഠന രീതിയോടു വളരെ സമാനമായിരുന്നു ആ രീതി. അത് അനുസരിച്ചാകുമ്പോൾ, യേശുവിന്റെ വാക്കുകളും പ്രവൃത്തികളും പൊടിപ്പും തൊങ്ങലും കൂടാതെ അതീവകൃത്യതയോടെ ആയിരിക്കണം രേഖപ്പെടുത്തിയിരിക്കുന്നത്.
◆സുവിശേഷങ്ങൾ ഐതിഹ്യങ്ങൾ ആയിരുന്നെങ്കിൽ, യേശുവിന്റെ മരണശേഷം വളരെ പെട്ടെന്ന് അവയെ സമാഹരിക്കാൻ കഴിയുമായിരുന്നോ?
ലഭ്യമായ തെളിവ് അനുസരിച്ച്, സുവിശേഷങ്ങൾ എഴുതപ്പെട്ടത് പൊ. യു. 41-നും 98-നും ഇടയ്‌ക്കാണ്. യേശു പൊ. യു. 33-ൽ മരിച്ചു. അവന്റെ ശുശ്രൂഷ അവസാനിച്ച ശേഷം താരതമ്യേന ചുരുങ്ങിയ കാലംകൊണ്ട് അവന്റെ ജീവിതത്തെ കുറിച്ചുള്ള രേഖകൾ സമാഹരിക്കപ്പെട്ടെന്ന് ഇതു വ്യക്തമാക്കുന്നു. സുവിശേഷ വിവരങ്ങൾ വെറും ഐതിഹ്യങ്ങൾ ആണെന്നുള്ള അവകാശവാദത്തിന് ഇതു ശക്തമായ പ്രതിബന്ധം ഉയർത്തുന്നു. ഐതിഹ്യങ്ങൾ വികാസം പ്രാപിക്കുന്നതിനു സമയം ആവശ്യമാണ്. ദൃഷ്ടാന്തത്തിന്, പുരാതന ഗ്രീക്ക് കവിയായ ഹോമറിന്റെ ഇലിയഡിന്റെയും ഒഡിസിയുടെയും കാര്യമെടുക്കുക. ആ രണ്ട് ഐതിഹ്യകാവ്യങ്ങളിലെ പാഠങ്ങൾ വികാസം പ്രാപിക്കാൻ നൂറുകണക്കിനു വർഷങ്ങൾ എടുത്തെന്നു ചിലർ അഭിപ്രായപ്പെടുന്നു. സുവിശേഷങ്ങളുടെ കാര്യമോ?
കൈസറും ക്രിസ്‌തുവും എന്ന തന്റെ പുസ്‌തകത്തിൽ ചരിത്രകാരനായ വിൽ ഡ്യൂറന്റ് ഇങ്ങനെ എഴുതുന്നു: “ഇത്ര ശക്തവും ആകർഷകവുമായ ഒരു വ്യക്തിത്വത്തെ, ഇത്ര സമുന്നതമായ ഒരു ധാർമിക നിയമസംഹിതയെ, മനുഷ്യ സാഹോദര്യം സംബന്ധിച്ച ഇത്ര പ്രചോദകമായ ഒരു ദർശനത്തെ . . . സാധാരണക്കാരായ ഏതാനും ചില മനുഷ്യർ ഭാവനയിൽ സൃഷ്ടിച്ചെടുത്തതാണെങ്കിൽ അതു സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ഏതൊരു അത്ഭുതത്തെക്കാളും അങ്ങേയറ്റം അവിശ്വസനീയമായ ഒരു അത്ഭുതമായിരിക്കും. രണ്ടു നൂറ്റാണ്ടു കാലത്തെ കടുത്ത മതേതര വിശകലനത്തിനു ശേഷവും ക്രിസ്‌തുവിന്റെ ജീവിതം, സ്വഭാവം, പഠിപ്പിക്കലുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ന്യായമായ വ്യക്തതയുള്ളതായി നിലകൊള്ളുന്നു. അതു പാശ്ചാത്യരുടെ ചരിത്രത്തിലെ അത്യാകർഷകമായ സവിശേഷതയാണ്.”
◆ ആദിമ ക്രിസ്‌തീയ സമുദായത്തിന്റെ ആവശ്യങ്ങൾക്ക് ഇണങ്ങുംവിധം പിൽക്കാലത്ത് രചിക്കപ്പെട്ടതാണോ സുവിശേഷങ്ങൾ?
ആദിമ ക്രിസ്‌തീയ സമുദായത്തിലെ കിടമത്സരങ്ങൾ യേശുവിനെ കുറിച്ചുള്ള വസ്‌തുതകളിൽനിന്ന് ചില കാര്യങ്ങൾ നീക്കം ചെയ്യാനോ അവയോടു ചിലതു കൂട്ടിച്ചേർക്കാനോ സുവിശേഷ എഴുത്തുകാരെ പ്രേരിപ്പിച്ചെന്ന് ചില വിമർശകർ വാദിക്കുന്നു. എന്നാൽ, അത്തരത്തിലുള്ള യാതൊരു കൈകടത്തലുകളും ഉണ്ടായിട്ടില്ലെന്ന് സുവിശേഷങ്ങളെ അടുത്തു പരിശോധിക്കുമ്പോൾ വ്യക്തമാകും. യേശുവിനെ കുറിച്ചുള്ള സുവിശേഷ വിവരണങ്ങൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളുടെ ഉപജാപത്തിന്റെ ഫലമായി വളച്ചൊടിക്കപ്പെട്ടെങ്കിൽ, യഹൂദന്മാരെയും വിജാതീയരെയും കുറിച്ചുള്ള പ്രതികൂല പരാമർശനങ്ങൾ അതിൽ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട്?
മത്തായി 6:5-7-ൽ ഒരു ഉദാഹരണം കാണാവുന്നതാണ്. അവിടെ യേശു പിൻവരുന്ന പ്രകാരം പറഞ്ഞതായി ഉദ്ധരിച്ചിരിക്കുന്നു: “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപടഭക്തിക്കാരെപ്പോലെ ആകരുതു; അവർ മനുഷ്യർക്കു വിളങ്ങേണ്ടതിന്നു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിപ്പാൻ ഇഷ്ടപ്പെടുന്നു; അവർക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.” തീർച്ചയായും ഇത് യഹൂദ മതനേതാക്കളെ കുറ്റപ്പെടുത്തുന്ന വാക്കുകളായിരുന്നു. യേശു തുടർന്ന് ഇങ്ങനെ പറഞ്ഞു: “നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും. പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ [വിജാതീയർ] ജല്‌പനം ചെയ്യരുതു; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്കു തോന്നുന്നതു.” യേശുവിന്റെ ഈ വാക്കുകൾ ഉദ്ധരിക്കുക വഴി സുവിശേഷ എഴുത്തുകാർ മറ്റുള്ളവരെ തങ്ങളുടെ മതത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുകയായിരുന്നില്ല, യേശു യഥാർഥമായി നടത്തിയ പ്രസ്‌താവനകൾ രേഖപ്പെടുത്തുക മാത്രമാണു ചെയ്‌തത്.
യേശുവിന്റെ ശവക്കല്ലറ സന്ദർശിച്ച് അതു ശൂന്യമായിരിക്കുന്നുവെന്നു മനസ്സിലാക്കിയ സ്‌ത്രീകളെ കുറിച്ചുള്ള വിവരണവും പരിചിന്തിക്കുക. (മർക്കൊസ് 16:1-8) ഗ്രെഗ് ഈസ്റ്റർബ്രൂക്ക് അഭിപ്രായപ്പെടുന്നത് അനുസരിച്ച്, “പുരാതന മധ്യപൂർവ ദേശത്തെ സാമൂഹിക രീതി അനുസരിച്ച്, സ്‌ത്രീകളുടെ സാക്ഷ്യം സഹജമായും വിശ്വാസയോഗ്യമല്ലാത്തത് ആയി പരിഗണിക്കപ്പെട്ടിരുന്നു. ദൃഷ്ടാന്തത്തിന്, ഒരു സ്‌ത്രീ വ്യഭിചാരം ചെയ്‌തെന്നു സ്ഥാപിക്കാൻ രണ്ടു പുരുഷ സാക്ഷികൾ മതിയായിരുന്നു. എന്നാൽ യാതൊരു സ്‌ത്രീയുടെയും സാക്ഷ്യം ഒരു പുരുഷൻ കുറ്റക്കാരൻ ആണെന്നു സ്ഥാപിക്കാൻ ഉതകുമായിരുന്നില്ല.” വാസ്‌തവത്തിൽ, യേശുവിന്റെ ശിഷ്യന്മാർപോലും ആ സ്‌ത്രീകളെ വിശ്വസിച്ചില്ല! (ലൂക്കൊസ് 24:11) അതുകൊണ്ട് അത്തരമൊരു കഥ ആരെങ്കിലും മനഃപൂർവം മെനഞ്ഞെടുത്തത് ആയിരിക്കാൻ യാതൊരു സാധ്യതയുമില്ല.
ലേഖനങ്ങളിലും പ്രവൃത്തികളുടെ പുസ്‌തകത്തിലും ഉപമകൾ ഇല്ലാത്തത്, സുവിശേഷങ്ങളിലെ ഉപമകൾ ആദിമ ക്രിസ്‌ത്യാനികൾ കുത്തിത്തിരുകിയതല്ല, മറിച്ച് യേശുതന്നെ പറഞ്ഞതാണ് എന്നതിന്റെ ശക്തമായ സൂചനയാണ്. തന്നെയുമല്ല, പൗലൊസിന്റെയോ ഗ്രീക്കു തിരുവെഴുത്തുകളുടെ മറ്റ് എഴുത്തുകാരുടെയോ വാക്കുകൾക്കു കുറെയൊക്കെ ഭേദഗതികൾ വരുത്തിയിട്ട് അവ യേശു പറഞ്ഞതായി രേഖപ്പെടുത്തിയതാണെന്നുള്ള വാദം തെറ്റാണെന്ന് സുവിശേഷങ്ങളെ ലേഖനങ്ങളുമായി ശ്രദ്ധാപൂർവം താരതമ്യം ചെയ്യുമ്പോൾ വ്യക്തമായിത്തീരുന്നു. ആദിമ ക്രിസ്‌തീയ സമൂഹം അങ്ങനെയൊരു സംഗതി ചെയ്‌തിരുന്നെങ്കിൽ ലേഖനങ്ങളിലെ കുറച്ചു വിവരങ്ങളെങ്കിലും സുവിശേഷ വിവരണങ്ങളിലും പ്രത്യക്ഷപ്പെടുമായിരുന്നു. എന്നാൽ അത്തരത്തിലുള്ള യാതൊന്നും നാം കാണുന്നില്ലാത്തതിനാൽ, സുവിശേഷ വിവരണം യഥാർഥവും ആധികാരികവും ആണെന്നു നമുക്കു തീർച്ചയായും നിഗമനം ചെയ്യാനാകും.
◆സുവിശേഷങ്ങളിലെ പ്രത്യക്ഷ വൈരുദ്ധ്യങ്ങളുടെ കാര്യമോ?
സുവിശേഷങ്ങൾ നിറയെ വൈരുദ്ധ്യങ്ങൾ ആണെന്നു വിമർശകർ ദീർഘകാലമായി ആരോപിച്ചിട്ടുണ്ട്. ചരിത്രകാരനായ ഡ്യൂറന്റ് സുവിശേഷ വിവരണങ്ങളെ ചരിത്ര രേഖകൾ എന്ന നിലയിൽ തികച്ചും വസ്‌തുനിഷ്‌ഠമായ ഒരു കാഴ്‌ചപ്പാടോടെ പരിശോധിക്കാൻ ശ്രമിക്കുകയുണ്ടായി. വൈരുദ്ധ്യമെന്നു തോന്നുന്ന ചില കാര്യങ്ങൾ അതിൽ ഉണ്ടെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും അദ്ദേഹം ഇങ്ങനെ നിഗമനം ചെയ്യുന്നു: “പ്രസ്‌തുത വൈരുദ്ധ്യങ്ങൾ അപ്രധാനമായ വിശദാംശങ്ങളിലാണ്, അടിസ്ഥാനപരമായ ആശയങ്ങളിലല്ല; മൗലിക സംഗതികളിൽ ആദ്യത്തെ മൂന്ന് സുവിശേഷങ്ങൾ അതിശയകരമാം വിധം യോജിപ്പുള്ളവയാണ്, അവ ക്രിസ്‌തുവിനെ പരസ്‌പര പൊരുത്തത്തോടെ ചിത്രീകരിക്കുന്നു.”
സുവിശേഷങ്ങളിൽ കാണുന്ന പ്രത്യക്ഷ വൈരുദ്ധ്യങ്ങൾക്കുള്ള വിശദീകരണം എളുപ്പം നൽകാനാകും. ദൃഷ്ടാന്തത്തിന്, “ഒരു ശതാധിപൻ വന്നു” യേശുവിനോട് തന്റെ ദാസനെ സൗഖ്യമാക്കണമെന്ന് അപേക്ഷിക്കുന്നതായി മത്തായി 8:5, 6 പറയുന്നു. എന്നാൽ ആ ശതാധിപൻ “[യേശുവിനോട്] അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു” എന്നാണ് ലൂക്കൊസ് 7:3-ൽ നാം വായിക്കുന്നത്. ശതാധിപൻ തന്റെ പ്രതിനിധികളായി മൂപ്പന്മാരെ അയച്ചു. യേശുവിനോട് അപേക്ഷിക്കാൻ അവൻ ഉപയോഗിച്ച മൂപ്പന്മാർ അവന്റെ വക്താക്കളായി സേവിക്കുക ആയിരുന്നതിനാൽ ശതാധിപൻ യേശുവിനോട് അപേക്ഷിച്ചു എന്ന് മത്തായി പറയുന്നു. സുവിശേഷങ്ങളിൽ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന പൊരുത്തമില്ലായ്‌മകൾ എളുപ്പം വിശദീകരിക്കാവുന്നതേയുള്ളൂ എന്നു കാണിക്കുന്ന ഒരു ദൃഷ്ടാന്തം മാത്രമാണിത്.
സുവിശേഷങ്ങൾ യഥാർഥ ചരിത്രത്തിന് ആവശ്യമായിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നുള്ള അവകാശവാദത്തിന്റെ കാര്യമോ? ഡ്യൂറന്റ് ഇങ്ങനെ തുടരുന്നു: “ബൈബിളിനെ കടുത്ത മതേതര വിശകലനത്തിനു വിധേയമാക്കുന്നവർ കണ്ടെത്തലുകൾ നടത്താനുള്ള ത്വരയിൽ ആധികാരികതയുടേതായ കടുത്ത മാനദണ്ഡങ്ങളാണ് പുതിയ നിയമത്തിനു ബാധകമാക്കിയിരിക്കുന്നത്. അത് അനുസരിച്ചാണെങ്കിൽ പുരാതന കാലത്തെ വിഖ്യാതരായ നൂറുകണക്കിന് ആളുകൾ—ഉദാ: ഹമുറാബി, ദാവീദ്, സോക്രട്ടീസ്—ഐതിഹ്യ കഥാപാത്രങ്ങളായിത്തീരും. സുവിശേഷം എഴുതിയവർക്ക് മുൻവിധികളും ദൈവശാസ്‌ത്രപരമായ മുൻധാരണകളും ഉണ്ടായിരുന്നിട്ടും, കഥകൾ കെട്ടിച്ചമയ്‌ക്കുന്നവർ മൂടിവെക്കുമായിരുന്ന അനേകം സംഭവങ്ങൾ അവർ രേഖപ്പെടുത്തി—ദൈവരാജ്യത്തിലെ ഉന്നത സ്ഥാനങ്ങൾക്കു വേണ്ടി അപ്പൊസ്‌തലന്മാരുടെ ഇടയിൽ നടന്ന മത്സരം, യേശുവിനെ അറസ്റ്റ് ചെയ്‌തതിനെ തുടർന്നുള്ള അവരുടെ ഒളിച്ചോട്ടം, പത്രൊസിന്റെ തള്ളിപ്പറയൽ . . . ഈ വിവരണങ്ങൾ വായിക്കുന്ന ആർക്കും അവയിൽ പറഞ്ഞിരിക്കുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരണത്തിന്റെ സത്യതയെ സംശയിക്കാനാവില്ല.”
◆ആധുനികകാല ക്രിസ്‌ത്യാനിത്വം സുവിശേഷങ്ങളിലെ യേശുവിനെ പ്രതിനിധാനം ചെയ്യുന്നുണ്ടോ?
സുവിശേഷങ്ങളെ കുറിച്ചുള്ള തങ്ങളുടെ ഗവേഷണം “സഭാ കൗൺസിലുകളുടെ അനുശാസനങ്ങളാൽ ബന്ധിതമല്ല” എന്ന് ജീസസ് സെമിനാർ പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ, സുവിശേഷങ്ങളിൽ വിവരിച്ചിരിക്കുന്ന ക്രിസ്‌തുവിന്റെ പഠിപ്പിക്കലുകളും ക്രൈസ്‌തവലോകത്തിലെ പഠിപ്പിക്കലുകളും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ചരിത്രകാരനായ വെൽസ് തിരിച്ചറിഞ്ഞു. അദ്ദേഹം ഇങ്ങനെ എഴുതി: “തെളിവ് അനുസരിച്ച്, അപ്പൊസ്‌തലന്മാർ ത്രിത്വത്തെ കുറിച്ച് കേട്ടിട്ടുപോലും ഉണ്ടായിരിക്കില്ല—വിശേഷിച്ചും ക്രിസ്‌തുവിൽ നിന്ന്. . . . തന്റെ മാതാവായ മറിയയെ ഐസിസിന്റെ കപടരൂപത്തിൽ ആകാശ രാജ്ഞിയായി ആരാധിക്കുന്നതിനെ കുറിച്ച് [യേശു] ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. ക്രൈസ്‌തവ പഠിപ്പക്കലുകളിലെയും ആരാധനയിലെയും ഏറ്റവും അടിസ്ഥാനപരമായ സംഗതികളെ എല്ലാം അവൻ തിരസ്‌കരിച്ചിരുന്നു.” അതുകൊണ്ട്, ക്രൈസ്‌തവലോകത്തിന്റെ പഠിപ്പിക്കലുകളുടെ അടിസ്ഥാനത്തിൽ ഒരുവന് സുവിശേഷങ്ങളുടെ മൂല്യത്തെ വിലയിരുത്താനാവില്ല.
നിങ്ങളുടെ നിഗമനം എന്താണ്?
ഇപ്പോൾ ചർച്ച ചെയ്‌ത ആശയങ്ങൾ പരിഗണിക്കുമ്പോൾ, നിങ്ങൾക്ക് എന്തു തോന്നുന്നു? സുവിശേഷങ്ങൾ വെറും കെട്ടുകഥയാണെന്നുള്ളതിന് പ്രവൃത്തികൾ 17:11) യേശുവിന്റെ വ്യക്തിത്വത്തെ കുറിച്ച് സുവിശേഷങ്ങൾ നൽകുന്ന വിവരണത്തിലെ പൊരുത്തവും സത്യസന്ധതയും കൃത്യതയും പരിഗണിക്കുമ്പോൾ, ഈ വിവരണങ്ങൾ തീർച്ചയായും ഒരു കെട്ടുകഥയല്ലെന്ന് നിങ്ങൾ തിരിച്ചറിയും. *
വസ്‌തുനിഷ്‌ഠമായ, ബോധ്യംവരുത്തുന്ന തെളിവുകൾ ഉണ്ടോ? സുവിശേഷങ്ങളുടെ ആധികാരികതയെ കുറിച്ച് ഉന്നയിക്കുന്ന ആരോപണങ്ങൾ വിശ്വാസയോഗ്യമോ ബോധ്യംവരുത്തുന്നതോ അല്ലെന്ന് അനേകരും കണ്ടെത്തുന്നു. വ്യക്തിപരമായി ഒരു അഭിപ്രായം രൂപപ്പെടുത്തുന്നതിന്, നിങ്ങൾ ഒരു തുറന്ന മനസ്സോടെ സുവിശേഷങ്ങൾ വായിക്കേണ്ടതുണ്ട്. (നിങ്ങൾ ശ്രദ്ധാപൂർവം ബൈബിൾ പരിശോധിക്കുകയും അതിലെ ബുദ്ധിയുപദേശം ബാധകമാക്കുകയും ചെയ്‌താൽ, ജീവിതത്തിൽ നന്മയ്‌ക്കായുള്ള മാറ്റങ്ങൾ വരുത്താൻ അതിന് നിങ്ങളെ എങ്ങനെ സഹായിക്കാനാകുമെന്നു നിങ്ങൾ മനസ്സിലാക്കും. (യോഹന്നാൻ 6:68) സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വചനങ്ങളുടെ കാര്യത്തിൽ ഇതു വിശേഷാൽ സത്യമാണ്. മാത്രവുമല്ല, അനുസരണമുള്ള മനുഷ്യവർഗത്തെ കാത്തിരിക്കുന്ന വിസ്‌മയാവഹമായ ഭാവിയെ കുറിച്ചും നിങ്ങൾക്ക് അതിൽനിന്നു പഠിക്കാൻ കഴിയും.—യോഹന്നാൻ 3:16; 17:3, 17.
[അടിക്കുറിപ്പുകൾ]
^ ഖ. 29 വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിച്ച ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ 5 മുതൽ 7 വരെയുള്ള അധ്യായങ്ങളും സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം എന്ന ലഘുപത്രികയും കാണുക.
[7-ാം പേജിലെ ചതുരം]
ആധികാരികമായ റിപ്പോർട്ടു ചെയ്യലിന്റെ തെളിവ്
ഏതാനും വർഷം മുമ്പ്, ഒരു ഓസ്‌ട്രേലിയൻ റിപ്പോർട്ടറും ബൈബിന്റെ ഒരു മുൻ വിമർശകനും ആയിരുന്ന ഒരു വ്യക്തി ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു റിപ്പോർട്ടറുടെ ഒന്നാമത്തെ കർത്തവ്യം നിർവഹിച്ചു: അതായത് വസ്‌തുതകൾ പരിശോധിച്ചു. . . . ഞാൻ അമ്പരന്നുപോയി, കാരണം [സുവിശേഷ വിവരണങ്ങളിൽ] ഞാൻ വായിച്ചുകൊണ്ടിരുന്നത് ഐതിഹ്യമായിരുന്നില്ല, അത് യാഥാർഥ്യമെന്നു തോന്നിക്കുന്ന കൽപ്പിതകഥയും ആയിരുന്നില്ല. അത് ഒരു റിപ്പോർട്ടിങ് ആയിരുന്നു. അസാധാരണ സംഭവങ്ങളെ കുറിച്ചുള്ള നേരിട്ടുള്ള വിവരണങ്ങളും പറഞ്ഞുകേട്ട വിവരണങ്ങളും ആയിരുന്നു അവ. . . . റിപ്പോർട്ടിങ്ങിന് ഒരു പ്രത്യേക സ്വഭാവമുണ്ട്, ആ സ്വഭാവം സുവിശേഷങ്ങൾക്കുണ്ട്.”
സമാനമായി, ഓക്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിലെ പുരാതന യവന-റോമൻ സാഹിത്യ പ്രൊഫസറായ ഇ. എം. ബ്ലക്ലോക്ക് ഇങ്ങനെ വാദിച്ചു: “ഞാൻ ഒരു ചരിത്രകാരൻ ആണെന്നു ഞാൻ അവകാശപ്പെടുന്നു. ഞാൻ ക്ലാസിക്കുകളെ ചരിത്രപരമായിട്ടാണ് സമീപിക്കുന്നത്. യേശുവിന്റെ ജനനത്തെയും മരണത്തെയും പുനരുത്ഥാനത്തെയും പിന്താങ്ങുന്ന തെളിവുകൾ പുരാതന ചരിത്രത്തിലെ മിക്ക വസ്‌തുതകളെക്കാളും വളരെയേറെ ആധികാരികമാണെന്ന് ഉറപ്പുതരാൻ എനിക്കു കഴിയും.”
[8, 9 പേജിലെ മാപ്പ്/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഫൊയ്‌നിക്യ
ഗലീല
യോർദാൻ നദി
യഹൂദ്യ
[ചിത്രങ്ങൾ]
“യേശുവിന്റെ ജനനത്തെയും മരണത്തെയും പുരാതന ചരിത്രത്തിലെ മിക്ക വസ്‌തുതകളെക്കാളും
പുനരുത്ഥാനത്തെയും പിന്താങ്ങുന്ന തെളിവുകൾ വളരെയേറെ ആധികാരികമാണ്.”—പ്രൊഫസർ ഇ. എം. ബ്ലക്ലോക്ക്
[കടപ്പാട്]
പശ്ചാത്തല ഭൂപടം: Based on a map copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel.