സ്നേഹവാനായ ദൈവത്തെ അറിയാനിടയാകുന്നു
രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
സ്നേഹവാനായ ദൈവത്തെ അറിയാനിടയാകുന്നു
ബ്രസീലുകാരനായ അന്റോണിയോയ്ക്ക് 16 വയസ്സുള്ളപ്പോൾത്തന്നെ ജീവിതം മടുത്തു തുടങ്ങി. ജീവിത നൈരാശ്യം അവനെ മയക്കുമരുന്ന് ഉപയോഗത്തിലും മുഴുക്കുടിയിലുമാണ് കൊണ്ടെത്തിച്ചത്. അവൻ ആത്മഹത്യയെക്കുറിച്ചും കൂടെക്കൂടെ ചിന്തിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് അമ്മ പറയാറുണ്ടായിരുന്ന ഒരു കാര്യം അവന് ഓർമ വന്നത്: ‘ദൈവം സ്നേഹം ആകുന്നു.’ (1 യോഹന്നാൻ 4:8) എന്നാൽ സ്നേഹവാനായ ഈ ദൈവം എവിടെയാണ്?
മദ്യം, മയക്കുമരുന്ന് എന്നിവയിൽനിന്നു മോചിതനാകാനായി അന്റോണിയോ ഇടവകയിലെ പുരോഹിതന്റെ സഹായം തേടി. അതേത്തുടർന്ന്, അയാൾ കത്തോലിക്കാ സഭയുടെ ഒരു സജീവ പ്രവർത്തകൻ ആയിത്തീർന്നെങ്കിലും, ധാരാളം ചോദ്യങ്ങൾ അപ്പോഴും മനസ്സിലുണ്ടായിരുന്നു. ഉദാഹരണമായി, “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്ന യേശുവിന്റെ വാക്കുകളുടെ അർഥം എന്താണെന്ന് അയാൾക്ക് ഒരു പിടിയും കിട്ടിയില്ല. (യോഹന്നാൻ 8:32) ഏതു തരത്തിലുള്ള സ്വാതന്ത്ര്യമാണ് യേശു വാഗ്ദാനം ചെയ്തത്? അയാളുടെ ചോദ്യങ്ങൾക്കൊന്നും തൃപ്തികരമായ ഉത്തരം നൽകാൻ സഭയ്ക്കു കഴിഞ്ഞില്ല. ക്രമേണ, സഭയിൽനിന്ന് അകന്നുമാറിയ അന്റോണിയോ തന്റെ പഴയ ശീലങ്ങളിലേക്കു മടങ്ങിപ്പോയി. സ്ഥിതി പണ്ടത്തെക്കാൾ മോശമാവുകയും ചെയ്തു.
ഈ സമയമായപ്പോഴേക്കും അന്റോണിയോയുടെ ഭാര്യ മരിയ, യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു. അവളുടെ പഠനത്തെ എതിർത്തില്ലെങ്കിലും, “അമേരിക്കൻ സാമ്രാജ്യത്വ താത്പര്യങ്ങൾക്കായി സേവിക്കുന്ന ഒരു അമേരിക്കൻ മത”മാണ് എന്നു പറഞ്ഞ് സാക്ഷികളെ ശ്രദ്ധിക്കാൻ അയാൾ കൂട്ടാക്കിയിരുന്നില്ല.
എങ്കിലും, അന്റോണിയോയ്ക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള വിഷയങ്ങൾ അടങ്ങുന്ന വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പ്രതികൾ, മരിയ വീട്ടിൽ കാണാവുന്ന ഇടങ്ങളിലൊക്കെ വെക്കുമായിരുന്നു. വായന ഇഷ്ടമായിരുന്ന അന്റോണിയോ ഭാര്യ വീട്ടിൽ ഇല്ലാത്ത തക്കം നോക്കി ആ മാസികകൾ മറിച്ചുനോക്കുമായിരുന്നു. ജീവിതത്തിൽ ആദ്യമായി അയാൾ തന്റെ ബൈബിൾ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്തി. “ഭാര്യയും സാക്ഷികളും എന്നോടു കാണിക്കുന്ന സ്നേഹവും ദയയും ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി,” അയാൾ പറയുന്നു.
1992 പകുതിയായപ്പോഴേക്കും, സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നിരുന്നാലും, തന്റെ മയക്കുമരുന്നു ശീലവും മുഴുക്കുടിയും നിറുത്താൻ അയാൾക്ക് അപ്പോഴും കഴിഞ്ഞിരുന്നില്ല. ഒരു ദിവസം രാത്രി വളരെ വൈകി അയാളും കൂട്ടുകാരനും പട്ടണത്തിലെ ഒരു ചേരിപ്രദേശത്തുനിന്നു വീട്ടിലേക്കു പോകവെ അവരെ പോലീസ് പിടിച്ചു. അന്റോണിയോയുടെ പക്കൽനിന്നും കൊക്കെയ്ൻ കണ്ടെടുത്ത പോലീസുകാർ അയാളെ മർദിക്കാൻ തുടങ്ങി. ഒരു പോലീസുകാരൻ അയാളെ ചെളിയിലേക്കു തള്ളിയിട്ടിട്ട് കൈത്തോക്ക് അയാളുടെ മുഖത്തോടു ചേർത്തു പിടിച്ചു. “അവനെ തട്ടിയേക്ക്” മറ്റേ പോലീസുകാരൻ അലറി.
ചെളിയിൽ കിടന്ന് അന്റോണിയോ തന്റെ ഭാര്യയെ ഓർത്തു. അപ്പോൾ തന്റെ കുടുംബവും യഹോവയും മാത്രമായിരുന്നു അയാളുടെ മനസ്സിൽ. സഹായത്തിനായി അയാൾ യഹോവയോടു ഹ്രസ്വമായി പ്രാർഥിച്ചു. വ്യക്തമായ കാരണമൊന്നും കൂടാതെതന്നെ പോലീസുകാർ അയാളെ വിട്ടയച്ചു. യഹോവയാണ് തന്നെ രക്ഷിച്ചതെന്ന ഉറച്ച ബോധ്യത്തോടെ അയാൾ വീട്ടിലേക്കു പോയി.
പുതുവീര്യത്തോടെ അന്റോണിയോ ബൈബിൾ പഠിക്കാൻ തുടങ്ങി. യഹോവയെ പ്രസാദിപ്പിക്കാനായി അയാൾ തന്റെ ജീവിതത്തിൽ അൽപ്പാൽപ്പമായി മാറ്റങ്ങൾ വരുത്തി. (എഫെസ്യർ 4:22-24) ആത്മനിയന്ത്രണം നട്ടുവളർത്തിക്കൊണ്ടു മയക്കുമരുന്ന് ഉപയോഗം അയാൾ പരിഹരിക്കാൻ തുടങ്ങി. എങ്കിൽപ്പോലും അയാൾക്കു വൈദ്യസഹായം ആവശ്യമായിരുന്നു. രണ്ടു മാസം പുനരധിവാസ ക്ലിനിക്കിലായിരുന്ന അയാൾക്കു നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം ഉൾപ്പെടെ അനവധി ബൈബിൾ പ്രസിദ്ധീകരണങ്ങൾ വായിക്കാനുള്ള അവസരം ലഭിച്ചു. ഈ പുസ്തകങ്ങളിൽ നിന്നു താൻ പഠിച്ച കാര്യങ്ങൾ അന്റോണിയോ പിന്നീട് മറ്റു രോഗികളുമായി പങ്കുവെക്കുകയും ചെയ്തു.
ചികിത്സയ്ക്കു ശേഷം അന്റോണിയോ യഹോവയുടെ സാക്ഷികളുമൊത്തുള്ള ബൈബിൾ പഠനം തുടർന്നു. ഇന്ന് അന്റോണിയോയും ഭാര്യയും രണ്ടു പെൺമക്കളും അമ്മയും സന്തുഷ്ടവും ഏകീകൃതവുമായ ഒരു കുടുംബം എന്ന നിലയിൽ യഹോവയെ സേവിക്കുന്നു. അന്റോണിയോ ഇങ്ങനെ പറയുന്നു: “‘ദൈവം സ്നേഹം ആകുന്നു’ എന്ന വാക്കുകളുടെ യഥാർഥ അർഥം ഇപ്പോൾ എനിക്ക് അറിയാം.”
[8-ാം പേജിലെ ചിത്രം]
റിയോ ഡി ജനീറോയിൽ പ്രസംഗിക്കുന്നു