വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അധാർമിക ലോകത്തിൽ നിങ്ങൾക്കു നിർമലരായി തുടരാനാകും

ഒരു അധാർമിക ലോകത്തിൽ നിങ്ങൾക്കു നിർമലരായി തുടരാനാകും

ഒരു അധാർമിക ലോകത്തിൽ നിങ്ങൾക്കു നിർമലരായി തുടരാനാകും

ഇരുനിറമുള്ള ഒരു സുമുഖനായിരുന്നു അയാൾ. അവൾ നല്ല സുന്ദരിയും പ്രാപ്‌തിയുള്ളവളും. ഒരേ കമ്പനിയിലാണ്‌ ഇരുവരും ജോലി ചെയ്‌തിരുന്നത്‌. അവൾ അയാളിൽ വളരെയേറെ താത്‌പര്യം പ്രകടിപ്പിച്ചു. അയാളാണെങ്കിൽ അവളെ ഭംഗിവാക്കുകൾകൊണ്ടു പൊതിഞ്ഞു. ഇരുവരും സമ്മാനങ്ങൾ കൈമാറി. പെട്ടെന്നുതന്നെ അവർ പ്രണയബദ്ധരായി. അവൾക്കുവേണ്ടി അയാൾ ഭാര്യയെ ഉപേക്ഷിച്ചു. എന്നാൽ അവളാകട്ടെ ഒടുവിൽ ഭർത്താവിനോടൊപ്പം തുടരാൻ തീരുമാനിക്കുകയും കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്‌തു. അർധമനസ്സോടെ അയാൾ ഭാര്യയുടെ അടുത്തേക്കു മടങ്ങിപ്പോകാൻ ശ്രമിച്ചു. എന്നാൽ ശരിയായ പശ്ചാത്താപം ഇല്ലാതിരുന്ന അയാൾക്ക്‌ തന്റെ കുടുംബജീവിതം വീണ്ടും കെട്ടിപ്പടുക്കുന്നതിൽ വിജയിക്കാനായില്ല. ഉൾപ്പെട്ട എല്ലാവരും തങ്ങളുടെ ജീവിതം തുടർന്നുവെന്നതു ശരിയാണ്‌, പക്ഷേ മുറിവേറ്റ മനസ്സോടെ ആയിരുന്നെന്നു മാത്രം.

ഈ ലോകത്തിൽ ലൈംഗിക ധാർമികത മേലാൽ ഒരു സദ്‌ഗുണമായി കരുതപ്പെടുന്നില്ല. ഉല്ലാസത്തിനും സംതൃപ്‌തിക്കും പിന്നാലെയുള്ള നിയന്ത്രണമില്ലാത്ത പരക്കംപാച്ചിൽ സർവസാധാരണമായിരിക്കുന്നു. ദ ന്യൂ എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പ്രസ്‌താവിക്കുന്നു: “വ്യഭിചാരം വളരെ വ്യാപകമാണ്‌, ചില സ്ഥലങ്ങളിൽ അതു വിവാഹംപോലെ സാധാരണമാണ്‌.”

എന്നാൽ വിവാഹം “എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്ക”ണമെന്ന്‌ യഹോവയാം ദൈവം ആഗ്രഹിക്കുന്നു. (എബ്രായർ 13:4) തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: “അന്യായം ചെയ്യുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, . . . എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:9, 10) അതുകൊണ്ട്‌ ദിവ്യാംഗീകാരം ആസ്വദിക്കുന്നതിനു നാം ഈ അധാർമിക ലോകത്തിൽ ധാർമിക ശുദ്ധി നിലനിറുത്തേണ്ടതുണ്ട്‌.

ചുറ്റുമുള്ള ദുഷിപ്പിക്കുന്ന സ്വാധീനങ്ങളിൽനിന്ന്‌ നമുക്ക്‌ നമ്മെത്തന്നെ എങ്ങനെ സംരക്ഷിക്കാനാകും? ബൈബിൾ പുസ്‌തകമായ സദൃശവാക്യങ്ങളുടെ അഞ്ചാം അധ്യായത്തിൽ, പുരാതന ഇസ്രായേലിലെ രാജാവായ ശലോമോൻ നമുക്ക്‌ ഉത്തരം നൽകുന്നു. അദ്ദേഹത്തിന്‌ എന്താണു പറയാനുള്ളതെന്നു നമുക്കു പരിശോധിക്കാം.

ചിന്താപ്രാപ്‌തി നിങ്ങളെ സംരക്ഷിക്കും

“മകനേ, വകതിരിവിനെ [“ചിന്താപ്രാപ്‌തിയെ,” NW] കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു [“വിവേകത്തിനു,” NW] ചെവി ചായിക്ക” എന്നു പറഞ്ഞുകൊണ്ട്‌ ശലോമോൻ ആരംഭിക്കുന്നു.—സദൃശവാക്യങ്ങൾ 5:1, 2.

അധാർമികതയിൽ ഏർപ്പെടാനുള്ള പ്രലോഭനത്തെ ചെറുക്കാൻ നമുക്കു ജ്ഞാനം—തിരുവെഴുത്തു പരിജ്ഞാനത്തെ പ്രയോഗത്തിൽ കൊണ്ടുവരാനുള്ള പ്രാപ്‌തി—ആവശ്യമാണ്‌. കൂടാതെ, ശരിയും തെറ്റും വേർതിരിച്ചറിയാനും അതിന്റെ അടിസ്ഥാനത്തിൽ ശരിയായ ഗതി തിരഞ്ഞെടുക്കാനുമുള്ള പ്രാപ്‌തിയായ വിവേകവും നമുക്ക്‌ ആവശ്യമാണ്‌. നമ്മുടെ ചിന്താപ്രാപ്‌തിയെ കാത്തുസംരക്ഷിക്കാൻ കഴിയേണ്ടതിന്‌ ജ്ഞാനത്തിനും വിവേകത്തിനും ശ്രദ്ധ കൊടുക്കാൻ നാം ഉദ്‌ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. നമുക്ക്‌ അത്‌ എങ്ങനെയാണു ചെയ്യാൻ കഴിയുക? നാം ദൈവവചനമായ ബൈബിൾ പഠിക്കുമ്പോൾ, യഹോവ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിധത്തിന്‌ ശ്രദ്ധ കൊടുക്കുകയും അവന്റെ ഹിതത്തിനും ഉദ്ദേശ്യങ്ങൾക്കും ചെവി ചായ്‌ക്കുകയും വേണം. അപ്രകാരം ചെയ്യുമ്പോൾ നാം നമ്മുടെ ചിന്തയെ ശരിയായ മാർഗങ്ങളിലേക്കു നയിക്കുകയാണ്‌. അങ്ങനെ ആർജിക്കുന്ന ചിന്താപ്രാപ്‌തി ദൈവിക ജ്ഞാനത്തോടും അറിവിനോടും യോജിക്കുന്നത്‌ ആയിരിക്കും. ഈ പ്രാപ്‌തി ഉചിതമായി ഉപയോഗിക്കുമ്പോൾ, അതു നമ്മെ അധാർമിക പ്രലോഭനങ്ങളിൽനിന്നു സംരക്ഷിക്കുന്നു.

മൃദുവായ അണ്ണാക്കിനെ സൂക്ഷിക്കുക

ഈ അശുദ്ധ ലോകത്തിൽ ധാർമിക ശുദ്ധി നിലനിറുത്തുന്നതിന്‌ ചിന്താപ്രാപ്‌തി അനിവാര്യമാണ്‌. കാരണം ഒരു അധാർമിക വ്യക്തിയുടെ വഴികൾ വശീകരണാത്മകമാണ്‌. ശലോമോൻ ഈ മുന്നറിയിപ്പു നൽകുന്നു: “പരസ്‌ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു. പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്‌ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ.”—സദൃശവാക്യങ്ങൾ 5:3, 4.

ഈ സദൃശവാക്യത്തിൽ വഴിപിഴച്ച വ്യക്തിയെ “പരസ്‌ത്രീ”—വേശ്യ—എന്നു വിളിച്ചിരിക്കുന്നു. * തന്റെ ഇരയെ വശീകരിക്കാൻ അവൾ ഉപയോഗിക്കുന്ന വാക്കുകൾ തേൻകട്ട പോലെ മധുരമുള്ളതും ഒലിവെണ്ണയെക്കാൾ മൃദുവുമാണ്‌. അധാർമികതയിൽ ഏർപ്പെടാനുള്ള പ്രലോഭനങ്ങൾ മിക്കവയും ഈ വിധത്തിലുള്ളവയല്ലേ? ദൃഷ്ടാന്തത്തിന്‌, 27 വയസ്സുള്ള സുന്ദരിയായ എമിയുടെ കാര്യമെടുക്കുക. ഒരു സെക്രട്ടറിയായി ജോലി ചെയ്യുന്ന അവൾ ഇങ്ങനെ പറയുന്നു: “ഒരു സഹപ്രവർത്തകൻ എന്നോട്‌ വളരെ പരിഗണന കാട്ടുന്നു, അവസരം കിട്ടുമ്പോഴൊക്കെ എന്നെ അഭിനന്ദിക്കുന്നു. ശ്രദ്ധിക്കപ്പെടുന്നു എന്ന തോന്നൽ വളരെ പുളകപ്രദമാണ്‌. എന്നാൽ അയാൾ എന്നോടു താത്‌പര്യം കാട്ടുന്നത്‌ ദുരുദ്ദേശ്യത്തോടെയാണെന്നു വ്യക്തമാണ്‌. ഞാൻ അയാളുടെ വലയിൽ വീഴാൻ പോകുന്നില്ല.” പ്രലോഭകരുടെ യഥാർഥ സ്വഭാവം നാം തിരിച്ചറിയാത്ത പക്ഷം അവരുടെ ഭംഗിവാക്കുകൾ മിക്കപ്പോഴും വളരെ ആകർഷകമായി തോന്നും. ആയതിനാൽ നാം നമ്മുടെ ചിന്താപ്രാപ്‌തി ഉപയോഗിക്കേണ്ടതുണ്ട്‌.

അധാർമികതയുടെ ഭവിഷ്യത്തുകൾ കാഞ്ഞിരംപോലെ കയ്‌പുള്ളതും ഇരുവായ്‌ത്തലവാൾപോലെ മൂർച്ചയുള്ളതുമാണ്‌—അതു വേദനാജനകവും മാരകവുമാണ്‌. മനസ്സാക്ഷിക്കുത്ത്‌, ആഗ്രഹിക്കാത്ത ഗർഭധാരണം, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവയൊക്കെയാണ്‌ അത്തരം നടത്തയുടെ കയ്‌പേറിയ ഫലങ്ങൾ. അവിശ്വസ്‌തത കാണിക്കുന്ന വ്യക്തി തന്റെ വിവാഹ ഇണയിൽ ഉളവാക്കുന്ന കടുത്ത വൈകാരിക വേദനയെ കുറിച്ചു ചിന്തിക്കുക. ഒരു പ്രാവശ്യത്തെ വൈവാഹിക അവിശ്വസ്‌തതയ്‌ക്ക്‌ ഒരു കാലത്തും മായാത്ത വിധത്തിലുള്ള മുറിപ്പാടുകൾ സൃഷ്ടിക്കാൻ കഴിയും. അതേ, അധാർമികത വ്രണപ്പെടുത്തുന്ന ഒന്നാണ്‌.

വഴിപിഴച്ച സ്‌ത്രീയുടെ ജീവിത രീതിയെ കുറിച്ചു ജ്ഞാനിയായ രാജാവ്‌ തുടർന്ന്‌ ഇങ്ങനെ പറയുന്നു: “അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു. ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.” (സദൃശവാക്യങ്ങൾ 5:5, 6) അധാർമിക സ്‌ത്രീയുടെ വഴികൾ അവളെ മരണത്തിലേക്കു നയിക്കുന്നു—അവളുടെ കാലടികൾ പാതാളത്തിലേക്ക്‌ അഥവാ മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയിലേക്ക്‌ ഓടുന്നു. ലൈംഗികമായി പകരുന്ന എയ്‌ഡ്‌സ്‌ പോലുള്ള രോഗങ്ങൾ വളരെ വ്യാപകമായിരിക്കുന്ന ഇന്ന്‌ ഈ വാക്കുകൾ എത്ര സത്യമാണ്‌! അവളുടെ വഴിപിഴച്ച ഗതിയിൽ അവളെ അനുഗമിക്കുന്നവരുടെ ഗതിയും അതുതന്നെ.

ഹൃദയംഗമമായ താത്‌പര്യത്തോടെ ശലോമോൻ രാജാവ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു. നിന്റെ വഴിയെ അവളോടു അകററുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.”—സദൃശവാക്യങ്ങൾ 5:7, 8.

അധാർമിക വ്യക്തികളുടെ സ്വാധീനത്തിൽനിന്ന്‌ നാം ആവുന്നത്ര അകന്നു നിൽക്കേണ്ടതുണ്ട്‌. അധഃപതിപ്പിക്കുന്ന സംഗീതം ശ്രവിച്ചുകൊണ്ടോ ദുഷിപ്പിക്കുന്ന വിനോദപരിപാടികൾ വീക്ഷിച്ചുകൊണ്ടോ അശ്ലീല സാഹിത്യങ്ങൾ വായിച്ചുകൊണ്ടോ നാം അവരുടെ വഴികൾക്കു ശ്രദ്ധകൊടുക്കുന്നത്‌ എന്തിന്‌? (സദൃശവാക്യങ്ങൾ 6:27; 1 കൊരിന്ത്യർ 15:33; എഫെസ്യർ 5:3-5) കൊഞ്ചിക്കുഴഞ്ഞുകൊണ്ടോ വസ്‌ത്രധാരണത്തിലും ചമയത്തിലും മാന്യമല്ലാത്ത രീതികൾ പിൻപറ്റിക്കൊണ്ടോ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്നത്‌ എത്രയോ ഭോഷത്തമാണ്‌!—1 തിമൊഥെയൊസ്‌ 4:8; 1 പത്രൊസ്‌ 3:3, 4.

ഒടുക്കേണ്ടിവരുന്ന വില

വഴിപിഴച്ച ഒരു വ്യക്തിയിൽനിന്ന്‌ അകന്നു നിൽക്കേണ്ടതിന്റെ മറ്റൊരു കാരണം എന്താണ്‌? ശലോമോൻ ഇങ്ങനെ ഉത്തരം നൽകുന്നു: “നിന്റെ യൌവനശക്തി [“മാന്യത,” NW] അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരനും കൊടുക്കരുതു. കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു. നിന്റെ പ്രയത്‌നഫലം വല്ലവന്റെയും വീട്ടിൽ ആയ്‌പോകരുതു. നിന്റെ മാംസവും ദേഹവും ക്ഷയി”ക്കരുത്‌.—സദൃശവാക്യങ്ങൾ 5:9-11.

അധാർമികതയ്‌ക്കു വഴങ്ങുന്നതിന്‌ ഒടുക്കേണ്ടിവരുന്ന കടുത്ത വില ശലോമോൻ ഇവിടെ ഊന്നിപ്പറയുന്നു. വ്യഭിചാരം മാന്യതയും ആത്മാഭിമാനവും നഷ്ടപ്പെടാൻ ഇടയാക്കുന്നു. നമ്മുടെതന്നെയോ മറ്റൊരാളുടെയോ അധാർമിക അഭിനിവേശത്തെ തൃപ്‌തിപ്പെടുത്താനായി ജീവിക്കുന്നത്‌ തീർച്ചയായും അപമാനകരമല്ലേ? ഒരുവന്റെ വിവാഹിത പങ്കാളി അല്ലാത്ത ഒരാളുമായി ലൈംഗിക വേഴ്‌ചയിൽ ഏർപ്പെടുന്നത്‌ ആത്മാഭിമാനത്തിന്റെ അഭാവത്തെയല്ലേ സൂചിപ്പിക്കുന്നത്‌?

എന്നാൽ, ‘നമ്മുടെ ശക്തിയും ആണ്ടുകളും പ്രയത്‌നഫലവും വല്ലവനും കൊടുക്കുന്നതിൽ’ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? ഒരു ആധാര കൃതി ഇങ്ങനെ പറയുന്നു: “ഈ വാക്യങ്ങളുടെ ആശയം വ്യക്തമാണ്‌: ദാമ്പത്യ അവിശ്വസ്‌തതയ്‌ക്ക്‌ ഒടുക്കേണ്ടിവരുന്ന വില വലുതായിരിക്കാം; എന്തെന്നാൽ ഒരുവൻ താൻ അധ്വാനിച്ചു നേടുന്നതെല്ലാം, സ്ഥാനമാനങ്ങളും അധികാരവും സമ്പത്തുമെല്ലാം, ഒരു സ്‌ത്രീയുടെ ദുരാഗ്രഹം നിമിത്തമോ സമൂഹം ചുമത്തുന്ന നഷ്ടപരിഹാരത്തിലൂടെയോ കളഞ്ഞുകുളിച്ചേക്കാം.” അധാർമിക ബന്ധങ്ങൾക്ക്‌ കനത്ത വിലയൊടുക്കേണ്ടി വന്നേക്കാം!

മാന്യതയും സ്വത്തുക്കളും കളഞ്ഞുകുളിക്കുന്ന ഭോഷൻ തുടർന്ന്‌ ഇങ്ങനെ വിലപിച്ചേക്കാം: “അയ്യോ! ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്‌തുവല്ലോ. എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല. സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ.”—സദൃശവാക്യങ്ങൾ 5:12-14.

ഒരു പണ്ഡിതൻ പറയുന്നതുപോലെ, പാപിയായ ആ മനുഷ്യൻ കാലാന്തരത്തിൽ “ഞാൻ എന്റെ പിതാവിന്റെ വാക്കുകൾ കേട്ടിരുന്നു എങ്കിൽ; ഞാൻ തന്നിഷ്ടപ്രകാരം പ്രവർത്തിക്കാതിരുന്നു എങ്കിൽ; ഞാൻ മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിച്ചിരുന്നു എങ്കിൽ എന്നിങ്ങനെ ‘. . .എങ്കിൽ, . . .എങ്കിൽ’ എന്ന്‌ ആവർത്തിച്ചു പറയേണ്ടിവരും.” എന്നിരുന്നാലും, ഈ തിരിച്ചറിവ്‌ ഉണ്ടാകുമ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും. തെറ്റുചെയ്‌ത വ്യക്തിയുടെ ജീവിതം നശിച്ചു കഴിഞ്ഞിരിക്കും, സത്‌പേരിനു കളങ്കമേറ്റിരിക്കും. അധാർമികതയ്‌ക്ക്‌ ഒടുക്കേണ്ടിവരുന്ന കനത്ത വിലയെ കുറിച്ച്‌ അതിൽ ഉൾപ്പെടുന്നതിനു മുമ്പുതന്നെ പരിചിന്തിക്കുന്നത്‌ എത്രയോ പ്രധാനമാണ്‌!

‘സ്വന്തം കിണറ്റിൽനിന്നുള്ള വെള്ളം കുടിക്കുക’

ലൈംഗിക ബന്ധങ്ങളെ കുറിച്ച്‌ ബൈബിൾ മൗനംപാലിക്കുന്നില്ല. സ്‌ത്രീക്കും പുരുഷനും പരസ്‌പരം തോന്നുന്ന അനുരാഗവും അവർക്കു പരസ്‌പരം ആസ്വദിക്കാൻ കഴിയുന്ന ഹർഷോന്മാദവും ദൈവത്തിന്റെ ദാനങ്ങളാണ്‌. എന്നാൽ ഇത്തരത്തിലുള്ള ബന്ധം വിവാഹ ഇണകൾക്കു മാത്രമുള്ളതാണ്‌. അതുകൊണ്ട്‌ വിവാഹിതനായ ഒരു പുരുഷന്‌ ശലോമോൻ ഈ ഉദ്‌ബോധനം നൽകുന്നു: “നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണററിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക. നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ? അവ നിനക്കു അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവൂ.”—സദൃശവാക്യങ്ങൾ 5:15-17.

‘നിന്റെ സ്വന്ത ജലാശയം,’ ‘സ്വന്ത കിണർ’ എന്നിവ പ്രിയങ്കരിയായ ഭാര്യയെ സൂചിപ്പിക്കുന്ന കാവ്യാത്മക പദങ്ങളാണ്‌. അവളോടൊപ്പം ലൈംഗിക സുഖം ആസ്വദിക്കുന്നതിനെ നവോന്മേഷപ്രദമായ വെള്ളം കുടിക്കുന്നതിനോട്‌ ഉപമിക്കുന്നു. ഒരു പൊതു ജലാശയം പോലെയല്ല ഒരു കിണർ. അത്‌ ഒരു സ്വകാര്യ സ്വത്താണ്‌. തന്റെ ഉറവുകൾ വെളിയിലേക്ക്‌ ഒഴുക്കാതിരിക്കാൻ, അതായത്‌ മറ്റു സ്‌ത്രീകളിലല്ല മറിച്ച്‌ സ്വന്തം ഭാര്യയിൽ കുട്ടികളെ ജനിപ്പിക്കാൻ, പുരുഷനെ ബുദ്ധിയുപദേശിച്ചിരിക്കുന്നു. വ്യക്തമായും, ഭാര്യയോടു വിശ്വസ്‌തനായിരിക്കുക എന്നതാണ്‌ ഉപദേശത്തിന്റെ രത്‌നച്ചുരുക്കം.

ജ്ഞാനിയായ ശലോമോൻ ഇങ്ങനെ തുടരുന്നു: “നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക. കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ [“കാട്ടാടിനെയുംപോലെ,” NW] അവളുടെ സ്‌തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്‌പോഴും മത്തനായിരിക്ക.”—സദൃശവാക്യങ്ങൾ 5:18, 19.

ഇവിടെ ‘ഉറവ്‌’ ലൈംഗിക സംതൃപ്‌തിയുടെ ഉറവിനെയാണ്‌ സൂചിപ്പിക്കുന്നത്‌. ഒരു വ്യക്തിയുടെ വിവാഹ ഇണയുമൊത്ത്‌ ആസ്വദിക്കുന്ന ലൈംഗിക സുഖം ‘അനുഗൃഹീതമാണ്‌,’ അതായത്‌ ദൈവദത്തമാണ്‌. അതുകൊണ്ട്‌ തന്റെ യൗവനത്തിലെ ഭാര്യയുമൊത്ത്‌ ആനന്ദിക്കാൻ പുരുഷനെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു. അയാളെ സംബന്ധിച്ചിടത്തോളം അവൾ ഒരു പേടമാനിനെപ്പോലെ അഴകുള്ളവളും പ്രിയങ്കരിയുമാണ്‌, കാട്ടാടിനെപ്പോലെ ആകർഷണീയതയും ലാവണ്യവും ഉള്ളവളാണ്‌.

അടുത്തതായി ശലോമോൻ ഇങ്ങനെ ചോദിക്കുന്നു: “മകനേ, നീ പരസ്‌ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്‌ത്രീയുടെ മാറിടം തഴുകുന്നതും എന്തു?” (സദൃശവാക്യങ്ങൾ 5:20) അതേ, ജോലിസ്ഥലത്തോ സ്‌കൂളിലോ മറ്റു സ്ഥലങ്ങളിലോ വെച്ചുള്ള പരിചയത്തിലൂടെ ഒരുവൻ വിവാഹ ബാഹ്യ ലൈംഗികതയിലേക്കു പ്രലോഭിപ്പിക്കപ്പെടുന്നത്‌ എന്തിന്‌?

വിവാഹിത ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലൻ ഈ ബുദ്ധിയുപദേശം നൽകുന്നു: “എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു; ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെ” ആയിരിക്കണം. (1 കൊരിന്ത്യർ 7:29) ഇത്‌ എന്താണ്‌ അർഥമാക്കുന്നത്‌? യേശുക്രിസ്‌തുവിന്റെ അനുഗാമികൾ ‘ഒന്നാമതു രാജ്യം അന്വേഷിക്കണം.’ (മത്തായി 6:33) അതുകൊണ്ട്‌, ജീവിതത്തിൽ രാജ്യതാത്‌പര്യങ്ങൾ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെടത്തക്കവിധം വിവാഹിത ദമ്പതികൾ ദാമ്പത്യ ജീവിതത്തിന്റെ സുഖങ്ങളിൽ മുഴുകിപ്പോകരുത്‌.

ആത്മനിയന്ത്രണം ആവശ്യം

ലൈംഗിക ആഗ്രഹങ്ങളെ നിയന്ത്രിക്കാവുന്നതാണ്‌. യഹോവയുടെ അംഗീകാരം കാംക്ഷിക്കുന്നവർ അതു ചെയ്യുകതന്നെ വേണം. പൗലൊസ്‌ ഇങ്ങനെ ഉദ്‌ബോധിപ്പിക്കുന്നു: “ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നേ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞു ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ [സ്വന്തം ശരീരത്തെ] നേടിക്കൊള്ളട്ടെ.”—1 തെസ്സലൊനീക്യർ 4:3-5.

അതുകൊണ്ട്‌, ലൈംഗിക വികാരങ്ങൾ തലപൊക്കുമ്പോൾത്തന്നെ യുവജനങ്ങൾ വിവാഹത്തിലേക്ക്‌ എടുത്തു ചാടരുത്‌. വിവാഹത്തിൽ പ്രതിജ്ഞാബദ്ധത ആവശ്യമാണ്‌. ആ ഉത്തരവാദിത്വത്തിനു ചേർച്ചയിൽ ജീവിക്കുന്നതിന്‌ പക്വത വേണം. (ഉല്‌പത്തി 2:24) ന്യായബോധത്തെ വികലമാക്കുംവിധം ലൈംഗിക വികാരങ്ങൾ ഏറ്റവും ശക്തമായിരിക്കുന്ന “നവയൗവനം പിന്നിടുന്ന”തുവരെ കാത്തിരിക്കുന്നതാണ്‌ ഉത്തമം. (1 കൊരിന്ത്യർ 7:36, NW) വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ, പറ്റിയ ഒരു ഇണയെ കണ്ടെത്താൻ കഴിയുന്നില്ല എന്ന കാരണത്താൽ അധാർമിക ബന്ധങ്ങളിൽ ഏർപ്പെടുന്നത്‌ എത്രയോ ബുദ്ധിശൂന്യവും പാപഗ്രസ്‌തവുമാണ്‌!

“ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും”

ലൈംഗിക അധാർമികത തെറ്റായിരിക്കുന്നതിന്റെ പ്രധാന കാരണം, മനുഷ്യന്‌ ജീവനും ലൈംഗിക പ്രാപ്‌തിയും നൽകിയ യഹോവ അതിനെ കുറ്റം വിധിക്കുന്നു എന്നതാണ്‌. അതുകൊണ്ട്‌ ധാർമിക നിർമലത കാത്തുസൂക്ഷിക്കാനുള്ള ഏറ്റവും ശക്തമായ പ്രേരക ഘടകം ഏതാണെന്ന്‌ ശലോമോൻ പ്രസ്‌താവിക്കുന്നു: “മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.” (സദൃശവാക്യങ്ങൾ 5:21) അതേ, യാതൊന്നും ദൈവത്തിന്റെ ദൃഷ്ടിയിൽനിന്ന്‌ മറഞ്ഞിരിക്കുന്നില്ല. ‘നാം അവനോടു കണക്കു ബോധിപ്പിക്കേണ്ടതുണ്ട്‌.’ (എബ്രായർ 4:13, NW) ലൈംഗികമായി അശുദ്ധമായ ഏതൊരു നടപടിയും, അത്‌ എത്ര രഹസ്യമായിരുന്നാലും, അതിന്റെ ശാരീരികവും സാമൂഹികവുമായ ഭവിഷ്യത്തുകൾ എന്തുതന്നെ ആയിരുന്നാലും, അതു നിശ്ചയമായും യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ പ്രതികൂലമായി ബാധിക്കും. ഏതാനും നിമിഷത്തേക്കുള്ള അധാർമിക സുഖത്തിനുവേണ്ടി ദൈവവുമായുള്ള സമാധാനം നഷ്ടപ്പെടുത്തുന്നത്‌ എന്തൊരു ഭോഷത്തമാണ്‌!

അധാർമിക വഴികളിൽ നിർലജ്ജം വിഹരിക്കുന്ന ചിലർ തങ്ങൾക്കു യാതൊരു ദോഷവും ഭവിക്കില്ലെന്നു കരുതിയേക്കാം. എന്നാൽ അത്‌ അധികകാലം ദീർഘിക്കില്ല. ശലോമോൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാൽ അവൻ പിടിപെടും. പ്രബോധനം കേൾക്കായ്‌കയാൽ അവൻ മരിക്കും; മഹാഭോഷത്വത്താൽ അവൻ വഴിതെററിപ്പോകും.”—സദൃശവാക്യങ്ങൾ 5:22, 23.

നമ്മിൽ ആരും ഒരിക്കലും വഴിതെറ്റിപ്പോകരുതാത്തത്‌ എന്തുകൊണ്ട്‌? ലോകത്തിലെ പ്രലോഭനാത്മക വഴികളെ കുറിച്ച്‌ സദൃശവാക്യങ്ങളുടെ പുസ്‌തകം നമുക്കു മുന്നറിയിപ്പു നൽകുന്നു. ലൈംഗിക അധാർമികതയ്‌ക്ക്‌ സാധാരണമായി ഒടുക്കേണ്ടിവരുന്ന വിലയെ കുറിച്ച്‌ അതു നമ്മോടു പറയുന്നു. നമ്മുടെ ആരോഗ്യം, സ്വത്തുക്കൾ, ശക്തി, മാന്യത എന്നിവയെല്ലാം അതിൽപെടുന്നു. അത്തരം വ്യക്തമായ ദീർഘദൃഷ്ടി നമുക്കുള്ളതിനാൽ, “. . .എങ്കിൽ, . . . എങ്കിൽ” എന്ന്‌ ആവർത്തിച്ചു പറയേണ്ട ഗതികേട്‌ നമുക്ക്‌ ഉണ്ടാകില്ല. അതേ, യഹോവ തന്റെ നിശ്വസ്‌ത വചനത്തിൽ നൽകിയിരിക്കുന്ന ബുദ്ധിയുപദേശം ബാധകമാക്കുന്നതിനാൽ ഈ അധാർമിക ലോകത്തിൽ നിർമലരായി നിലകൊള്ളാൻ നമുക്കു സാധിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 11 “പരസ്‌ത്രീ” എന്ന്‌ ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം ന്യായപ്രമാണത്തിനു ചേർച്ചയിൽ ജീവിക്കാതെ തങ്ങളെത്തന്നെ യഹോവയിൽനിന്ന്‌ അന്യപ്പെടുത്തുന്നവർക്കു ബാധകമാകുന്നു. അതുകൊണ്ടാണ്‌ ഒരു വേശ്യയെ പരസ്‌ത്രീ എന്നു പരാമർശിച്ചിരിക്കുന്നത്‌.

[30-ാം പേജിലെ ചിത്രങ്ങൾ]

അധാർമികതയുടെ ഭവിഷ്യത്തുകൾ കാഞ്ഞിരംപോലെ കയ്‌പുള്ളതാണ്‌

[31-ാം പേജിലെ ചിത്രങ്ങൾ]

“നിന്റെ യൌവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക”