നിങ്ങൾ “പൂർണവളർച്ചയെത്തിയ” ഒരു ക്രിസ്‌ത്യാനിയാണോ?
നിങ്ങൾ “പൂർണവളർച്ചയെത്തിയ” ഒരു ക്രിസ്‌ത്യാനിയാണോ?
“ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു” എന്ന് അപ്പൊസ്‌തലനായ പൗലൊസ് എഴുതി. വാസ്‌തവത്തിൽ, നാമെല്ലാവരും ഒരിക്കൽ നിസ്സഹായരായ ശിശുക്കളായിരുന്നു. എന്നാൽ, ഇപ്പോൾ നാം അങ്ങനെ ആയിരിക്കുന്നില്ല. പൗലൊസ് തുടർന്നു പറഞ്ഞു: “പുരുഷനായ ശേഷമോ ഞാൻ ശിശുവിന്നുള്ളതു ത്യജിച്ചുകളഞ്ഞു.”—1 കൊരിന്ത്യർ 13:11.
സമാനമായി, ക്രിസ്‌തീയ ജീവിതഗതി തുടങ്ങിയപ്പോൾ നാമെല്ലാവരും ആത്മീയ അർഥത്തിൽ ശിശുക്കൾ ആയിരുന്നു. എന്നാൽ കാലക്രമത്തിൽ എല്ലാവർക്കും “വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും [“പൂർണവളർച്ചയും,” NW] ക്രിസ്‌തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും” പ്രാപിക്കാൻ കഴിയും. (എഫെസ്യർ 4:12) 1 കൊരിന്ത്യർ 14:20-ൽ (NW) പൗലൊസ് നമ്മെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “സഹോദരന്മാരേ, “ഗ്രഹണ പ്രാപ്‌തികളിൽ കുഞ്ഞുങ്ങൾ ആകരുത് . . . ഗ്രഹണ പ്രാപ്‌തികളിൽ പൂർണവളർച്ചയെത്തിയവർ ആകുവിൻ.”
പൂർണവളർച്ചയെത്തിയ പക്വതയുള്ള ക്രിസ്‌ത്യാനികൾ ഇന്നു ദൈവജനത്തിന് ഒരു അനുഗ്രഹമാണ്, പ്രത്യേകിച്ചും അവരുടെയിടയിൽ അനേകം പുതിയവർ ഉള്ളതിന്റെ വീക്ഷണത്തിൽ. പൂർണവളർച്ചയെത്തിയ ക്രിസ്‌ത്യാനികൾ സഭയ്‌ക്കു സ്ഥിരത കൈവരുത്തുന്നു. തങ്ങൾ സഹവസിക്കുന്ന സഭയുടെമേൽ ക്രിയാത്മകമായ ഒരു സ്വാധീനം ചെലുത്താൻ അവർക്കു കഴിയും.
ശാരീരിക വളർച്ച ഏറെക്കുറെ തനിയെ നടക്കുന്നെങ്കിലും, ആത്മീയ വളർച്ചയ്‌ക്ക് നമ്മുടെ പക്ഷത്തുനിന്നുള്ള സമയവും ശ്രമവും കൂടിയേ തീരൂ. പൗലൊസിന്റെ നാളിൽ, അനേക വർഷങ്ങളായി ദൈവത്തെ സേവിച്ചുകൊണ്ടിരുന്ന ചില ക്രിസ്‌ത്യാനികൾ ‘പക്വതയിലേക്ക് മുന്നേറാൻ’ പരാജയപ്പെട്ടതിൽ അതിശയിക്കാനില്ല. (എബ്രായർ 5:12; 6:1, NW) നിങ്ങളെ സംബന്ധിച്ചോ? നിങ്ങൾ ദൈവത്തെ സേവിക്കാൻ തുടങ്ങിയിട്ട് അനേക വർഷങ്ങളായാലും വളരെ കുറച്ചു കാലമേ ആയുള്ളൂ എങ്കിലും സത്യസന്ധമായി ആത്മപരിശോധന നടത്തുന്നത് ഏറെ നന്നായിരിക്കും. (2 കൊരിന്ത്യർ 13:5) പക്വതയുള്ള പൂർണവളർച്ചയെത്തിയ ക്രിസ്‌ത്യാനി എന്ന് നിങ്ങളെ വിളിക്കാനാകുമോ? ഇല്ലെങ്കിൽ, നിങ്ങൾക്കെങ്ങനെ അത്തരമൊരു വ്യക്തിയായിത്തീരാൻ കഴിയും?
“ഗ്രഹണ പ്രാപ്‌തികളിൽ പൂർണവളർച്ചയെത്തിയവർ”
ആത്മീയ ശിശുക്കൾ ‘മനുഷ്യരുടെ ചതിയാലും ഉപായത്താലും തെററിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ എളുപ്പത്തിൽ അലഞ്ഞുഴലുന്നവരാണ്.’ അക്കാരണത്താൽ പൗലൊസ് പിൻവരുന്ന പ്രോത്സാഹനമേകി: ‘സ്‌നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു നമുക്ക് ക്രിസ്‌തു എന്ന തലയോളം സകലത്തിലും വളരാം.’ (എഫെസ്യർ 4:14, 15) എങ്ങനെയാണ് അത് ചെയ്യാനാവുക? എബ്രായർ 5:14 പറയുന്നു: “കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളു.”
പക്വതയുള്ളവരുടെ ഗ്രഹണ പ്രാപ്‌തികൾ ഉപയോഗത്താലോ ബൈബിൾ തത്വങ്ങളുടെ ബാധകമാക്കലിനാലോ പരിശീലിപ്പിക്കപ്പെട്ടവയായിരിക്കും എന്നതു ശ്രദ്ധിക്കുക. ആ സ്ഥിതിക്ക്, ആരും ഒറ്റ ദിവസംകൊണ്ട് പക്വത പ്രാപിക്കുന്നില്ല, ആത്മീയമായി വളരുന്നതിനു സമയം ആവശ്യമാണ്. എങ്കിൽപ്പോലും, വ്യക്തിപരമായ പഠനത്തിലൂടെ—വിശേഷിച്ച് ദൈവത്തിന്റെ ആഴമായ കാര്യങ്ങൾ പഠിച്ചുകൊണ്ട്—നിങ്ങൾക്ക് ആത്മീയ വളർച്ച ത്വരിതപ്പെടുത്താവുന്നതാണ്. സമീപ കാലങ്ങളിലെ വീക്ഷാഗോപുരം ആഴമേറിയ അനേകം സംഗതികൾ ചർച്ച ചെയ്യുകയുണ്ടായി. എന്നാൽ “ഗ്രഹിപ്പാൻ പ്രയാസമുള്ള” വിവരങ്ങൾ അടങ്ങിയിരിക്കുന്നു എന്ന കാരണത്താൽ പക്വതയുള്ള ക്രിസ്‌ത്യാനികൾ അത്തരം ലേഖനങ്ങൾ വായിക്കാതിരിക്കുന്നില്ല. (2 പത്രൊസ് 3:16) മറിച്ച്, അത്തരം കട്ടിയായ ആഹാരം ഭക്ഷിക്കുന്നതിന് അവർ വളരെ ഉത്സുകരാണ്!
തീക്ഷ്‌ണരായ പ്രസംഗകരും ഉപദേഷ്ടാക്കളും
യേശു തന്റെ ശിഷ്യന്മാർക്ക് ഈ നിർദേശം കൊടുത്തു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) പ്രസംഗ പ്രവർത്തനത്തിൽ തീക്ഷ്‌ണമായി ഏർപ്പെടുന്നതും നിങ്ങളുടെ ആത്മീയ വളർച്ചയെ ത്വരിതപ്പെടുത്തും. സാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം ശുശ്രൂഷയിൽ ഒരു പൂർണ പങ്കുണ്ടായിരിക്കാൻ നിങ്ങൾക്കു ശ്രമിക്കരുതോ?—മത്തായി 13:23.
ജീവിത സമ്മർദങ്ങൾ ഏറുന്നതു നിമിത്തം പ്രസംഗ പ്രവർത്തനത്തിനു സമയം കണ്ടെത്തുക എന്നത് പലപ്പോഴും ഒരു വെല്ലുവിളിയായിത്തീരാം. എങ്കിലും, ഒരു പ്രസംഗകൻ എന്ന നിലയിൽ ‘തീവ്രശ്രമം’ ചെയ്യുന്നതു മുഖാന്തരം “സുവാർത്ത”യ്‌ക്ക് എത്രമാത്രം പ്രാധാന്യം കൽപ്പിക്കുന്നുവെന്നതിന് നിങ്ങൾ തെളിവു നൽകുകയാണ്. (ലൂക്കൊസ് 13:24, NW; റോമർ 1:16, NW) അങ്ങനെ നിങ്ങൾ “വിശ്വാസികൾക്കു മാതൃക”യായി വീക്ഷിക്കപ്പെട്ടേക്കാം.—1 തിമൊഥെയൊസ് 4:12.
ദൃഢവിശ്വസ്‌തതാ പാലകർ
ആത്മീയ പക്വത പ്രാപിക്കുന്നതിൽ ദൃഢവിശ്വസ്‌തത പാലിക്കാൻ ശ്രമിക്കുന്നതും ഉൾപ്പെടുന്നു. സങ്കീർത്തനം 26:1-ൽ ദാവീദ് ഇപ്രകാരം പ്രഖ്യാപിച്ചു: “യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ: ഞാൻ എന്റെ നിഷ്‌കളങ്കതയിൽ [“ദൃഢവിശ്വസ്‌തതയിൽ,” NW] നടക്കുന്നു.” ദൃഢവിശ്വസ്‌തത എന്നതിനർഥം ധാർമികമായി പിഴവറ്റ, തികവുള്ള എന്നെല്ലാമാണ്. എന്നിരുന്നാലും, അത് പൂർണതയെ അർഥമാക്കുന്നില്ല. ദാവീദുതന്നെയും ഗുരുതരമായ നിരവധി പാപങ്ങൾ ചെയ്യുകയുണ്ടായി. എന്നുവരികിലും, തിരുത്തൽ സ്വീകരിച്ച് തന്റെ ഗതി നേരെയാക്കിയതിലൂടെ യഹോവയോടു തനിക്ക് ഹൃദയത്തിൽ യഥാർഥ സ്‌നേഹം ഉണ്ടെന്ന് അവൻ തെളിയിച്ചു. (സങ്കീർത്തനം 26:2, 3, 6, 8, 11) ദൃഢവിശ്വസ്‌തതയിൽ, ഹൃദയ ഭക്തിയുടെ പൂർണത അഥവാ തികവ് ഉൾപ്പെട്ടിരിക്കുന്നു. ദാവീദ് തന്റെ പുത്രനായ ശലോമോനോട് ഇങ്ങനെ പറഞ്ഞു: ‘നിന്റെ അപ്പന്റെ ദൈവത്തെ അറികയും അവനെ പൂർണ്ണഹൃദയത്തോടെ സേവിക്കുകയും ചെയ്യുക.’—1 ദിനവൃത്താന്തം 28:9.
ദൃഢവിശ്വസ്‌തത പാലിക്കുന്നതിൽ, ജനതകളുടെ രാഷ്‌ട്രീയത്തിലും യുദ്ധങ്ങളിലും പങ്കെടുക്കാതിരുന്നുകൊണ്ട് “ലോകത്തിന്റെ ഭാഗമല്ലാതിരിക്കുന്ന”ത് ഉൾപ്പെടുന്നു. (യോഹന്നാൻ 17:16, NW) കൂടാതെ, പരസംഗം, വ്യഭിചാരം, മയക്കുമരുന്നു ദുരുപയോഗം എന്നിങ്ങനെയുള്ള ദുഷിച്ച കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽ ക്കുകയും വേണം. (ഗലാത്യർ 5:19-21) എങ്കിലും ദൃഢവിശ്വസ്‌തത പാലിക്കുന്നതിൽ ഇത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതിലധികം ഉൾപ്പെടുന്നുണ്ട്. ശലോമോൻ ഈ മുന്നറിയിപ്പു നൽകി: “ചത്ത ഈച്ച പരിമള ദ്രവ്യത്തിൽ ദുർഗന്ധം കലർത്തുന്നു; അതുപോലെ ജ്ഞാനവും പ്രശസ്‌തിയും കെടുത്താൻ അല്‌പം മൗഢ്യം മതി.” (സഭാപ്രസംഗി 10:1, പി.ഒ.സി. ബൈബിൾ) അതേ, അനുചിതമായ ഒരു തമാശയോ വിപരീത ലിംഗത്തിൽപ്പെട്ടവരുമായുള്ള ശൃംഗാരമോ പോലുള്ള “അല്‌പം മൗഢ്യം” “ജ്ഞാനവും പ്രശസ്‌തിയും” ഉള്ള ഒരുവന്റെ സത്‌പേരിനെ നശിപ്പിച്ചേക്കാം. (ഇയ്യോബ് 31:1) അതുകൊണ്ട്, “ദുഷ്ടതയുടെ ലാഞ്ചനം” പോലും ഒഴിവാക്കിക്കൊണ്ട് എല്ലാ നടത്തയിലും മാതൃകായോഗ്യരായിരിക്കാൻ ശ്രമിക്കുക വഴി നിങ്ങളുടെ പക്വത തെളിയിക്കുക.—1 തെസ്സലൊനീക്യർ 5:22, ജയിംസ് രാജാവിന്റെ ഭാഷാന്തരം.
വിശ്വസ്‌തർ
പൂർണവളർച്ചയെത്തിയ ക്രിസ്‌ത്യാനി വിശ്വസ്‌തനുമാണ്. എഫെസ്യർ 4:24-ൽ അപ്പൊസ്‌തലനായ പൗലൊസ് ക്രിസ്‌ത്യാനികളെ ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും [“വിശ്വസ്‌തതയിലും,” NW] ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.” ഗ്രീക്ക് തിരുവെഴുത്തുകളിൽ “വിശ്വസ്‌തത” എന്നതിന്റെ മൂലപദത്തിന്, വിശുദ്ധി, നീതി, ആദരവ് എന്നീ അർഥങ്ങളാണുള്ളത്. വിശ്വസ്‌തനായ ഒരു വ്യക്തി പൂർണമായി അർപ്പിതനും ദൈവഭക്തിയുള്ളവനുമാണ്, ദൈവത്തോടുള്ള തന്റെ മുഴു കടപ്പാടും അദ്ദേഹം ശ്രദ്ധാപൂർവം നിറവേറ്റുന്നു.
നിങ്ങൾക്ക് അത്തരം വിശ്വസ്‌തത വളർത്തിയെടുക്കാവുന്ന ചില മാർഗങ്ങൾ എന്തൊക്കെയാണ്? സഭയിലെ മൂപ്പന്മാരോടു സഹകരിക്കുക എന്നതാണ് ഒരു മാർഗം. (എബ്രായർ 13:17) ക്രിസ്‌തീയ സഭയുടെ നിയമിത ശിരസ്സ് ക്രിസ്‌തുവാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് പക്വമതികളായ ക്രിസ്‌ത്യാനികൾ, ‘ദൈവത്തിന്റെ സഭയെ മേയ്‌പാൻ’ നിയമിതരായവരോടു വിശ്വസ്‌തരായിരിക്കുന്നു. (പ്രവൃത്തികൾ 20:28) അതിനാൽ, നിയമിത മൂപ്പന്മാരുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതും അതിനു തുരങ്കം വെക്കുന്നതും എത്ര അനുചിതമായിരിക്കും! “വിശ്വസ്‌തനും വിവേകിയുമായ അടിമ”യോടും “തക്കസമയത്ത്” ആത്മീയ ആഹാരം നൽകാനായി ഉപയോഗിക്കപ്പെടുന്ന മറ്റു ക്രമീകരണങ്ങളോടും നിങ്ങൾ വിശ്വസ്‌തരായിരിക്കണം. (മത്തായി 24:45, NW) വീക്ഷാഗോപുരത്തിലെയും അതിന്റെ കൂട്ടു പ്രസിദ്ധീകരണങ്ങളിലെയും വിവരങ്ങൾ വായിക്കുന്നതിനും ബാധകമാക്കുന്നതിനും ഉത്സാഹമുള്ളവരായിരിക്കുക.
പ്രവൃത്തികളിലൂടെ സ്‌നേഹം പ്രകടിപ്പിക്കൽ
തെസ്സലൊനീക്യയിലെ ക്രിസ്‌ത്യാനികൾക്കു പൗലൊസ് എഴുതി: ‘നിങ്ങളേവരുടെയും പരസ്‌പരസ്‌നേഹം വർധിച്ചുവരണം.’ (2 തെസ്സലൊനീക്യർ 1:3, പി.ഒ.സി. ബൈ.) സ്‌നേഹത്തിൽ വളരുക എന്നത് ആത്മീയ വളർച്ചയുടെ ഒരു സുപ്രധാന വശമാണ്. യോഹന്നാൻ 13:35-ൽ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” അത്തരം സഹോദരസ്‌നേഹം കേവലമൊരു വികാരമോ അനുഭൂതിയോ അല്ല. വൈൻസ് എക്‌സ്‌പോസിറ്ററി ഡിക്‌ഷണറി ഓഫ് ഓൾഡ് ആൻഡ് ന്യൂ ടെസ്റ്റമെന്റ് വേർഡ്‌സ് പറയുന്നു: “സ്‌നേഹം പ്രവൃത്തികളിലൂടെയേ അറിയാനാവൂ.” അതേ സ്‌നേഹത്തെ പ്രവൃത്തിപഥത്തിൽ ആക്കുന്നതിലൂടെ നിങ്ങൾ പക്വതയിലേക്കു മുന്നേറുന്നു!
ഉദാഹരണത്തിന്, റോമർ 15:7-ൽ നാം ഇങ്ങനെ വായിക്കുന്നു: “അന്യോന്യം കൈക്കൊൾവിൻ.” സ്‌നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗം ക്രിസ്‌തീയ യോഗങ്ങളിൽ സഹവിശ്വാസികളെയും പുതിയവരെയും ഹൃദ്യമായും ഉത്സാഹത്തോടെയും അഭിവാദനം ചെയ്യുക എന്നതാണ്. അവരെ വ്യക്തിപരമായി അറിയാൻ ശ്രമിക്കുക. മറ്റുള്ളവരിൽ “വ്യക്തിപരമായ താത്‌പര്യ”മെടുക്കുക. (ഫിലിപ്പിയർ 2:4, NW) ഒരുപക്ഷേ നിങ്ങൾക്കു പലരെയും ഭവനങ്ങളിലേക്ക് ക്ഷണിച്ച് ആതിഥ്യമരുളാൻ കഴിയും. (പ്രവൃത്തികൾ 16:14, 15) മറ്റുള്ളവരുടെ അപൂർണതകൾ ചിലപ്പോഴൊക്കെ നമ്മുടെ സ്‌നേഹത്തിന്റെ ആഴം പരിശോധിച്ചേക്കാം. എങ്കിൽപ്പോലും നിങ്ങൾ ‘സ്‌നേഹത്തിൽ പൊറുക്കാൻ’ പഠിക്കുമ്പോൾ, പൂർണവളർച്ച പ്രാപിച്ചിരിക്കുന്നുവെന്ന് നിങ്ങൾ തെളിയിക്കുകയായിരിക്കും.—എഫെസ്യർ 4:2, 3.
നിർമലാരാധനയെ ഉന്നമിപ്പിക്കാൻ നമ്മുടെ ആസ്‌തികൾ ഉപയോഗിക്കൽ
പുരാതന കാലങ്ങളിൽ, യഹോവയുടെ ആലയത്തെ പിന്താങ്ങാനുള്ള തങ്ങളുടെ ഉത്തരവാദിത്വം ദൈവജനത്തിൽ എല്ലാവരുമൊന്നും നിവർത്തിച്ചില്ല. അതുകൊണ്ട് ഇക്കാര്യത്തിൽ ജനത്തെ പ്രോത്സാഹിപ്പിക്കാൻ ദൈവം ഹഗ്ഗായി, മലാഖി തുടങ്ങിയ പ്രവാചകന്മാരെ അയച്ചു. (ഹഗ്ഗായി 1:2-6; മലാഖി 3:10) പക്വതയുള്ള ക്രിസ്‌ത്യാനികൾ ഇന്ന് യഹോവയുടെ ആരാധനയെ പിന്തുണയ്‌ക്കാനായി സന്തോഷത്തോടെ തങ്ങളുടെ ഭൗതിക ആസ്‌തികൾ ഉപയോഗിക്കുന്നു. 1 കൊരിന്ത്യർ 16:1, 2-ലെ തത്ത്വം പിൻപറ്റിക്കൊണ്ട് അങ്ങനെയുള്ളവരെ അനുകരിക്കുക. പ്രാദേശിക സഭയ്‌ക്കും യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയ്‌ക്കുമായി സ്ഥിരം എന്തെങ്കിലും ‘നീക്കിവയ്‌ക്കുക.’ (പി.ഒ.സി ബൈ.) ദൈവവചനം വാഗ്‌ദാനം ചെയ്യുന്നു: “ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും.”—2 കൊരിന്ത്യർ 9:6.
സമയം, ഊർജം എന്നിങ്ങനെ നിങ്ങൾക്കുള്ള മറ്റ് ആസ്‌തികളും ഉപയോഗിക്കാവുന്നതാണ്. അത്രകണ്ട് പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽനിന്ന് ‘സമയം വിലയ്‌ക്കുവാങ്ങാൻ’ ശ്രമിക്കുക. (എഫെസ്യർ 5:15, 16; NW ഫിലിപ്പിയർ 1:10) സമയം ഫലപ്രദമായി ഉപയോഗിക്കാൻ പഠിക്കുക. അപ്രകാരം ചെയ്യുന്നതു മുഖാന്തരം നിങ്ങൾക്കു രാജ്യഹാൾ അറ്റകുറ്റപ്പണികൾപോലെ, യഹോവയുടെ ആരാധനയെ ഉന്നമിപ്പിക്കുന്ന മറ്റു പ്രവർത്തനങ്ങളിലും ഏർപ്പെടാൻ സാധിക്കും. ഈ വിധത്തിൽ നിങ്ങളുടെ ആസ്‌തികൾ ഉപയോഗിക്കുക വഴി നിങ്ങൾ പക്വതയുള്ള ഒരു ക്രിസ്‌ത്യാനിയായിത്തീരുന്നു എന്നതിനു കൂടുതലായ തെളിവു നൽകുകയായിരിക്കും.
പക്വതയിലേക്ക് മുന്നേറുവിൻ!
ശുഷ്‌കാന്തിയും അറിവുമുള്ള, തീക്ഷ്‌ണ പ്രസംഗകരായ, ദൃഢവിശ്വസ്‌തതയിൽ പിഴവറ്റ, വിശ്വസ്‌തതയും സ്‌നേഹവും പുലർത്തുന്ന, രാജ്യവേലയ്‌ക്കായി ശാരീരികവും ഭൗതികവുമായി സംഭാവന ചെയ്യുന്ന സ്‌ത്രീപുരുഷന്മാർ യഥാർഥമായും ഒരു വലിയ അനുഗ്രഹംതന്നെയാണ്. അപ്പൊസ്‌തലനായ പൗലൊസ് പിൻവരുന്ന ഉദ്‌ബോധനം നൽകിയതിൽ ഒട്ടും അതിശയിക്കാനില്ല: “ക്രിസ്‌തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂർത്തി പ്രാപിപ്പാൻ [“പക്വതയിലേക്കു മുന്നേറാൻ,” NW] ശ്രമിക്കുക.”—എബ്രായർ 6:2.
പൂർണവളർച്ചയെത്തിയ പക്വതയുള്ള ഒരു ക്രിസ്‌ത്യാനിയാണോ നിങ്ങൾ? അതോ ചില കാര്യങ്ങളിലെങ്കിലും ഇപ്പോഴും ആത്മീയ ശിശുവിനെ പോലെയാണോ? (എബ്രായർ 5:13) എങ്ങനെ ആയിരുന്നാലും, വ്യക്തിപരമായ പഠനത്തിനും പ്രസംഗവേലയ്‌ക്കും സഹോദരങ്ങളോടു സ്‌നേഹം കാണിക്കാനും കഠിന ശ്രമം ചെയ്യാൻ ദൃഢചിത്തരായിരിക്കുക. പക്വതയുള്ളവർ നിങ്ങൾക്കു നൽകുന്ന ഏതു ബുദ്ധിയുപദേശവും ശിക്ഷണവും സ്വീകരിക്കുക. (സദൃശവാക്യങ്ങൾ 8:33) നിങ്ങളുടെ ക്രിസ്‌തീയ ഉത്തരവാദിത്വത്തിന്റെ മുഴു ഭാരവും ചുമക്കുക. കാലക്രമത്തിൽ നിങ്ങൾക്കും “വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും [“പൂർണവളർച്ചയും,” NW] ക്രിസ്‌തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും” പ്രാപിക്കാൻ കഴിയും.—എഫെസ്യർ 4:12.
[27-ാം പേജിലെ ആകർഷക വാക്യം]
പൂർണവളർച്ചയെത്തിയ ക്രിസ്‌ത്യാനികൾ സഭയ്‌ക്കു സ്ഥിരത കൈവരുത്തുന്നു. അവർ സഹവസിക്കുന്ന സഭയുടെമേൽ ക്രിയാത്മകമായ ഒരു സ്വാധീനം ചെലുത്താൻ അവർക്കു കഴിയും
[29-ാം പേജിലെ ചിത്രങ്ങൾ]
മറ്റുള്ളവരിൽ താത്‌പര്യമെടുത്തുകൊണ്ട് പക്വതയുള്ളവർ സഭയുടെ നല്ല ആത്മാവിന് സംഭാവന ചെയ്യുന്നു