വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിർമാണ വേലയ്‌ക്കായി—പസിഫിക്‌ ദ്വീപുകളിലേക്ക്‌!

നിർമാണ വേലയ്‌ക്കായി—പസിഫിക്‌ ദ്വീപുകളിലേക്ക്‌!

നിർമാണ വേലയ്‌ക്കായിപസിഫിക്‌ ദ്വീപുകളിലേക്ക്‌!

ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബനിലും സിഡ്‌നിയിലുമുള്ള അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ പതിവിലധികം ആവേശം അലതല്ലിയിരുന്നു. കാരണം? ആവേശഭരിതരായ 46 പേർ അടങ്ങുന്ന ഒരു സംഘം അവിടെ കൂടിവന്നിരുന്നു എന്നതുതന്നെ. ന്യൂസിലൻഡ്‌, ഹവായ്‌, ഐക്യനാടുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 39 പേരോടു ചേരാനായി ചുട്ടുപൊള്ളുന്ന സമോവയിലേക്ക്‌ വിമാനമാർഗം യാത്ര തിരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മനോഹരമായ പസിഫിക്‌ ദ്വീപുകളിലേക്ക്‌ യാത്ര തിരിക്കുന്ന ഒരാൾ സാധാരണമായി കൂടെ കരുതാറുള്ള വസ്‌തുക്കളല്ല, പകരം ചുറ്റികയും കൈവാളും ഡ്രില്ലിങ്‌ മെഷീനും മറ്റുമാണ്‌ അവരുടെ പക്കൽ ഉണ്ടായിരുന്നത്‌. ഒരു അസാധാരണ ദൗത്യമായിരുന്നു അവരുടേത്‌.

സ്വന്തം ചെലവിൽ യാത്ര ചെയ്യുന്ന അവർ യഹോവയുടെ സാക്ഷികളുടെ ഓസ്‌ട്രേലിയ ബ്രാഞ്ച്‌ ഓഫീസിന്റെ റീജിനൽ എൻജിനീയറിങ്‌ ഓഫീസിന്റെ മേൽനോട്ടത്തിലുള്ള നിർമാണ പദ്ധതിയിൽ വേതനം പറ്റാതെ, സന്നദ്ധസേവകരായി രണ്ടാഴ്‌ചയോളം പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പസിഫിക്‌ ദ്വീപുകളിൽ യഹോവയുടെ സാക്ഷികളുടെ എണ്ണം അതിവേഗം വളർന്നുകൊണ്ടിരിക്കുന്നതിനാൽ അവിടെ രാജ്യഹാളുകളും മിഷനറി ഭവനങ്ങളും ബ്രാഞ്ച്‌ ഓഫീസും പരിഭാഷാ ഓഫീസുകളും നിർമിക്കേണ്ടത്‌ അത്യാവശ്യമായിരിക്കുന്നു. സ്വമേധയാ സംഭാവനകളാലാണ്‌ ഈ നിർമാണ പദ്ധതി പിന്തുണയ്‌ക്കപ്പെടുന്നത്‌. തങ്ങളുടെ സ്വന്തം രാജ്യത്ത്‌ രാജ്യഹാൾ നിർമാണ സംഘങ്ങളോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ഈ നിർമാണ പ്രവർത്തകരിൽ ചിലരെ നമുക്കൊന്നു പരിചയപ്പെടാം.

മേൽക്കൂരയുടെ പണി ചെയ്യുന്ന മാക്‌സ്‌, ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത്‌ വേൽസിലെ കൗറായിൽ നിന്നുള്ള ആളാണ്‌. വിവാഹിതനായ അദ്ദേഹത്തിന്‌ അഞ്ച്‌ കുട്ടികളുണ്ട്‌. അർനോൾഡ്‌ ഹവായിക്കാരനാണ്‌. വിവാഹിതനും രണ്ട്‌ ആൺകുട്ടികളുടെ പിതാവുമായ അദ്ദേഹം ഒരു പയനിയർ അഥവാ മുഴുസമയ ശുശ്രൂഷകനാണ്‌. മാക്‌സിനെ പോലെ അർനോൾഡും തന്റെ മാതൃസഭയിൽ ഒരു മൂപ്പനായി സേവിക്കുന്നു. ഇവരും നിർമാണ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റുള്ളവരും സമയം ഉള്ളതുകൊണ്ടല്ല സന്നദ്ധസേവകരായി പ്രവർത്തിക്കുന്നത്‌. പകരം, അവരും അവരുടെ കുടുംബങ്ങളും അതിന്റെ ആവശ്യം തിരിച്ചറിയുന്നവരാണ്‌. ഈ നിർമാണ പദ്ധതിയിൽ തങ്ങളാലാകുന്ന സഹായം ചെയ്യാൻ അവർ ആഗ്രഹിക്കുന്നു.

അന്താരാഷ്‌ട്രവേലക്കാരുടെ സ്‌തുത്യർഹ സേവനം

അവരുടെ വൈദഗ്‌ധ്യങ്ങളും സേവനങ്ങളും ആവശ്യമായിവന്ന ഒരു രാജ്യം 10,500 പേർ താമസിക്കുന്ന പസിഫിക്‌ രാഷ്‌ട്രമായ ടുവാലു ആയിരുന്നു. ഭൂമധ്യരേഖയ്‌ക്കടുത്ത്‌ സമോവയ്‌ക്ക്‌ വടക്കുപടിഞ്ഞാറ്‌ വിദൂരത്തായി സ്ഥിതിചെയ്യുന്ന ഒൻപതു പവിഴദ്വീപുകൾ അടങ്ങിയതാണ്‌ ഈ രാഷ്‌ട്രം. ഈ ദ്വീപുകൾക്ക്‌ അഥവാ പവിഴദ്വീപുകൾക്ക്‌ ഓരോന്നിനും ശരാശരി 2.5 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുണ്ട്‌. 1994 ആയതോടെ അവിടെയുണ്ടായിരുന്ന 61 സാക്ഷികൾക്ക്‌ ഒരു പുതിയ രാജ്യഹാളും വലിയൊരു പരിഭാഷാ ഓഫീസും അത്യാവശ്യമായിവന്നു.

ഉഷ്‌ണമേഖലാ പസിഫിക്കിന്റെ ഈ ഭാഗത്ത്‌, ശക്തമായ കൊടുങ്കാറ്റും ചുഴലിക്കാറ്റും അടിക്കടി ഉണ്ടാകാറുള്ളതിനാൽ അതിനെ ചെറുത്തുനിൽക്കാൻ കെൽപ്പുള്ള വിധത്തിലായിരിക്കണം കെട്ടിടങ്ങളുടെ രൂപകല്‌പനയും നിർമാണവും. എന്നാൽ ഗുണമേന്മയുള്ള നിർമാണ സാമഗ്രികൾ അവിടെ കിട്ടാൻ ബുദ്ധിമുട്ടാണ്‌. എന്താണൊരു പോംവഴി? പരിഹാരമെന്നോണം, മേൽക്കൂരയ്‌ക്കുള്ള ഷീറ്റുകളും ചട്ടക്കൂടുകളും മുതൽ ഫർണിച്ചറുകൾ, കർട്ടനുകൾ, കക്കൂസ്‌ ക്ലോസറ്റുകൾ, ഷവർ നോസിലുകൾ, എന്തിന്‌ ആണികളും പിരിയാണികളും വരെ ഓസ്‌ട്രേലിയയിൽനിന്നു കപ്പൽമാർഗം അവിടേക്ക്‌ കൊണ്ടുവന്നു.

സാമഗ്രികൾ എത്തിച്ചേരുന്നതിനുമുമ്പേ, ഒരു സംഘം അവിടെച്ചെന്നു സ്ഥലം നിരപ്പാക്കി അസ്‌തിവാരമിട്ടിരുന്നു. പിന്നീട്‌, കെട്ടിടങ്ങൾ പണിതു പെയിന്റ്‌ ചെയ്‌ത്‌ എല്ലാ സൗകര്യങ്ങളുമൊരുക്കാൻ അന്താരാഷ്‌ട്ര വേലക്കാർ വന്നുചേർന്നു.

ടുവാലുവിലെ ഈ പ്രവർത്തനങ്ങളെല്ലാം കണ്ട്‌ കോപംപൂണ്ട ഒരു പ്രാദേശിക പുരോഹിതൻ യഹോവയുടെ സാക്ഷികൾ “ബാബേൽ ഗോപുരം” നിർമിക്കുകയാണെന്ന്‌ റേഡിയോയിലൂടെ അറിയിപ്പുനടത്തി! എന്നാൽ വസ്‌തുത എന്തായിരുന്നു? “ബൈബിൾ കാലത്ത്‌ ബാബേൽ ഗോപുരം നിർമിച്ചുകൊണ്ടിരുന്നവരുടെ ഭാഷ ദൈവം കലക്കിക്കളഞ്ഞപ്പോൾ അവർക്ക്‌ ആശയവിനിമയം നടത്താൻ കഴിയാതായി. തന്മൂലം, പദ്ധതി പൂർത്തിയാക്കാതെ ഇടയ്‌ക്കുവെച്ച്‌ അവർക്കു പണി നിറുത്തേണ്ടിവന്നു,” നിർമാണപ്രവർത്തകനായ ഗ്രേമി പറയുന്നു. (ഉല്‌പത്തി 11:1-9) “എന്നാൽ യഹോവയാം ദൈവത്തിനുവേണ്ടി വേലചെയ്യുമ്പോൾ സംഗതി നേരെമറിച്ചാണ്‌. ഭാഷാപരവും സാംസ്‌കാരികവുമായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും, പദ്ധതികൾ എല്ലായ്‌പോഴും പൂർത്തിയാകുകതന്നെ ചെയ്യുന്നു.” രണ്ടാഴ്‌ച മാത്രം വേണ്ടിവന്ന ഈ നിർമാണത്തിന്റെ കാര്യത്തിലും അതു ശരിയായിരുന്നു. അതിന്റെ സമർപ്പണച്ചടങ്ങിൽ പ്രധാനമന്ത്രിയുടെ ഭാര്യ ഉൾപ്പെടെ 163 പേർ സംബന്ധിക്കുകയുണ്ടായി.

പദ്ധതിക്ക്‌ മേൽനോട്ടം വഹിക്കുന്ന ഡഗ്‌ തന്റെ അനുഭവം വിവരിക്കുന്നു: “മറ്റു രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധസേവകരോടൊത്തു പ്രവർത്തിക്കാൻ കഴിഞ്ഞത്‌ സന്തോഷകരമായ ഒരനുഭവമായിരുന്നു. ഉപകരണങ്ങൾക്കു വെവ്വേറെ പേരുകളായിരുന്നു വിളിച്ചിരുന്നത്‌. കാര്യങ്ങൾ ചെയ്യുന്ന വിധവും അളവുവ്യവസ്ഥയും എല്ലാം വിഭിന്നങ്ങളായിരുന്നു. എന്നിട്ടും യാതൊരു പ്രശ്‌നവുമുണ്ടായില്ല.” ഇതിനോടകം ഇത്തരം അനവധി പദ്ധതികളിൽ പങ്കെടുത്തു കഴിഞ്ഞിരിക്കുന്ന അദ്ദേഹം തുടരുന്നു: “ഭൂമിയിൽ എവിടെ വേണമെങ്കിലും, ദുർഘടംപിടിച്ചതോ ഒറ്റപ്പെട്ടതോ ആയ ഒരു സ്ഥലത്തുപോലും, യഹോവയുടെ ജനത്തിന്‌ അവന്റെ പിന്തുണയാൽ ഒരു കെട്ടിടം പണിതുയർത്താൻ സാധിക്കുമെന്ന്‌ ഇത്‌ എന്നെ ശരിക്കും ബോധ്യപ്പെടുത്തിയിരിക്കുന്നു. ഞങ്ങളോടൊപ്പം വിദഗ്‌ധ കരങ്ങൾ ഉണ്ടെന്നുള്ളതു ശരിതന്നെ. എങ്കിലും യഹോവയുടെ ആത്മാവിന്റെ സഹായത്താലാണു നിർമാണവേല സാധ്യമാകുന്നത്‌.”

സ്വമേധയാ സേവകർക്ക്‌ ഭക്ഷണവും പാർപ്പിടവും നൽകാനും ദൈവാത്മാവ്‌ ആ ദ്വീപുകളിലെ സാക്ഷികുടുംബങ്ങളെ പ്രേരിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്നതിന്‌ ചില കുടുംബങ്ങൾക്കു വലിയ ത്യാഗംതന്നെ ചെയ്യേണ്ടിവന്നു. എങ്കിലും, അത്തരം ആതിഥ്യം സ്വീകരിച്ചവർ അതിനെ ആഴമായി വിലമതിച്ചു. ഫ്രഞ്ച്‌ പോളിനേഷ്യയിൽ സമാനമായ പദ്ധതിയിൽ പങ്കെടുത്തിരുന്ന, ഓസ്‌ട്രേലിയയിലെ മെൽബണിൽ നിന്നുള്ള കെൻ പറയുന്നു: “സേവകരായി വന്ന ഞങ്ങൾക്ക്‌ രാജോചിതമായ പരിചരണമാണ്‌ ലഭിച്ചത്‌.” പ്രാദേശിക സാക്ഷികളും തങ്ങൾക്കു കഴിയുംപോലെ നിർമാണ വേലയെ പിന്തുണച്ചു. സോളമൻ ദ്വീപുകളിൽ സ്‌ത്രീകൾ യന്ത്രസഹായമില്ലാതെയാണ്‌ സിമന്റു കൂട്ടിയത്‌. നൂറുപേർ അടങ്ങുന്ന സ്‌ത്രീപുരുഷന്മാരുടെ ഒരു സംഘം മഴയിൽ കുതിർന്ന പർവതങ്ങളുടെ മുകളിൽ പോയി 40 ടണ്ണിലധികം തടി ചുമന്നുകൊണ്ടുവന്നു. ചെറുപ്പക്കാരും സഹായഹസ്‌തം നീട്ടി. ന്യൂസിലൻഡിൽ നിന്നുള്ള ഒരു നിർമാണ പ്രവർത്തകൻ പറയുന്നു: “രണ്ടു മൂന്നു സിമന്റ്‌ ചാക്കുകൾ ഒന്നിച്ച്‌ ചുമന്നുകൊണ്ടുവന്ന ചെറുപ്പക്കാരനായ ഒരു സഹോദരനെ ഞാൻ ഓർക്കുന്നു. മാത്രമല്ല അദ്ദേഹം വെയിലും മഴയും ഒന്നും കാര്യമാക്കാതെ ദിവസം മുഴുവൻ മെറ്റൽ കോരുകയായിരുന്നു.”

നിർമാണ പ്രവർത്തനത്തിൽ പ്രാദേശിക സാക്ഷികൾ പങ്കെടുത്തതു മറ്റു പ്രയോജനങ്ങളും കൈവരുത്തി. വാച്ച്‌ടവർ സൊസൈറ്റിയുടെ സമോവ ബ്രാഞ്ച്‌ ഓഫീസ്‌ റിപ്പോർട്ടു ചെയ്യുന്നു: “ദ്വീപുകളിലെ സഹോദരങ്ങൾ, രാജ്യഹാൾ പണിയാനും ചുഴലിക്കാറ്റിനെ തുടർന്നുള്ള അറ്റകുറ്റപ്പണികളും പുനർനിർമാണവുമൊക്കെ നടത്താനും ആവശ്യമായ തൊഴിൽ വൈദഗ്‌ധ്യങ്ങൾ നേടിയെടുത്തു. അഹോവൃത്തി കഴിക്കാൻ പലരും ബുദ്ധിമുട്ടുന്ന ഒരു സമൂഹത്തിൽ ഉപജീവനത്തിനുള്ള പണം സമ്പാദിക്കാനും അത്‌ അവരെ സഹായിക്കും.”

നിർമാണ പദ്ധതി നല്ല ഒരു സാക്ഷ്യം

സോളമൻ ദ്വീപുകളിലെ ഹൊണിയാറ പട്ടണത്തിൽ താമസിക്കുന്ന കോളിൻ അവിടത്തെ ഒരു സമ്മേളന ഹാളിന്റെ നിർമാണവേലയിൽ മതിപ്പു തോന്നി പ്രാദേശിക ബ്രാഞ്ച്‌ ഓഫീസിന്‌ പിജിൻ ഇംഗ്ലീഷിൽ എഴുതി: “എല്ലാവരും നല്ല ഐക്യമുള്ളവരാണ്‌, ആരും മുരടൻ സ്വഭാവക്കാരല്ല, അവർ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണു വർത്തിക്കുന്നത്‌.” അതുകഴിഞ്ഞ്‌ ഏറെത്താമസിയാതെ 40 കിലോമീറ്റർ ദൂരെയുള്ള തന്റെ ഗ്രാമമായ അരൂളിഗോയിലേക്ക്‌ തിരിച്ചുപോയ അദ്ദേഹവും കുടുംബവും സ്വന്തമായി അവിടെ ഒരു രാജ്യഹാൾ പണിതു. പിന്നീട്‌ അവർ സൊസൈറ്റിക്ക്‌ മറ്റൊരു കത്തെഴുതി: “ഒരു പ്രസംഗപീഠം സഹിതമുള്ള ഞങ്ങളുടെ രാജ്യഹാൾ തയ്യാറായിക്കഴിഞ്ഞു, ഞങ്ങൾക്കിവിടെ യോഗങ്ങൾ നടത്താമോ?” പെട്ടെന്നുതന്നെ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു, ഇപ്പോൾ 60-ലധികം പേർ അവിടെ ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നുണ്ട്‌.

ടുവാലുവിലെ നിർമാണ പരിപാടി യൂറോപ്യൻ യൂണിയന്റെ ഒരു ഉപദേഷ്ടാവ്‌ കാണുകയുണ്ടായി. നിർമാണ വേലയിൽ ഏർപ്പെട്ടിരുന്ന ഒരാളോട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എല്ലാവരും നിങ്ങളെ അഭിനന്ദിക്കുന്നുണ്ടായിരിക്കും. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതമാണ്‌.” ടെലിഫോൺ എക്‌സ്‌ചേഞ്ചിലെ ഒരു ജീവനക്കാരി മറ്റൊരു നിർമാണ പ്രവർത്തകയോട്‌ ചോദിച്ചു: “ഈ കൊടും ചൂടിൽപോലും ഇത്രയധികം സന്തോഷത്തോടെ ജോലിചെയ്യാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയുന്നു?” ഇത്രയും പ്രായോഗികവും ആത്മത്യാഗപരവുമായ വിധത്തിൽ ക്രിസ്‌ത്യാനിത്വം പ്രവർത്തനത്തിൽ ആയിരിക്കുന്നത്‌ അവിടത്തുകാർ മുമ്പൊരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല.

തെല്ലും ഖേദിക്കാതെ ചെയ്യുന്ന ത്യാഗങ്ങൾ

“ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും” എന്ന്‌ 2 കൊരിന്ത്യർ 9:6-ൽ ബൈബിൾ പറയുന്നു. പസിഫിക്കിലുള്ള സഹസാക്ഷികളെ സഹായിക്കുന്ന കാര്യത്തിൽ നിർമാണ പ്രവർത്തകരും അവരുടെ കുടുംബങ്ങളും അവരുടെ മാതൃസഭകളും ധാരാളമായി വിതച്ചുകൊണ്ടിരിക്കുകയാണ്‌. സിഡ്‌നിക്കടുത്തുള്ള കിൻകമ്പറിൽ നിന്നുള്ള ഒരു മൂപ്പനായ റോസ്‌ പറയുന്നു: “എന്റെ വിമാനക്കൂലിയുടെ മൂന്നിലൊന്ന്‌ വഹിച്ചത്‌ മാതൃസഭയാണ്‌. അതിനുപുറമേ, കൂടെപോന്ന എന്റെ അളിയൻ 500 ഡോളർ തന്നു.” മറ്റൊരു നിർമാണ പ്രവർത്തകൻ യാത്രയ്‌ക്കാവശ്യമായ പണമുണ്ടാക്കിയത്‌ സ്വന്തം കാർ വിറ്റിട്ടാണ്‌. മറ്റൊരാൾ കുറച്ചു നിലം വിറ്റു. കെവിന്‌ 900 ഡോളർകൂടി വേണമായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം രണ്ടു വയസ്സു വീതമുള്ള 16 പ്രാവുകളെ വിൽക്കാൻ തീരുമാനിച്ചു. ഒരു പരിചയക്കാരനിലൂടെ അവയെ വാങ്ങാനുള്ള ഒരാളെ കണ്ടെത്തിയ അദ്ദേഹത്തിന്‌ കൃത്യം 900 ഡോളർതന്നെ ലഭിച്ചു!

“വിമാനക്കൂലിയും നഷ്ടപ്പെട്ട വേതനവും ഉൾപ്പെടെ ചെലവായ 6,000 ഡോളർ അതിനു തക്ക മൂല്യമുള്ളതായിരുന്നോ?” എന്ന്‌ ഡാനിയോടും ഷെറിലിനോടും ചോദിച്ചു. “അതേ! അതിന്റെ ഇരട്ടി തുകയായിരുന്നെങ്കിൽ പോലും അതു തക്ക മൂല്യമുള്ളതാകുമായിരുന്നു” അവർ മറുപടി പറഞ്ഞു. ന്യൂസിലൻഡിലെ നെൽസനിൽ നിന്നുള്ള അലൻ പറയുന്നു: “ടുവാലുവിൽ പോകാൻ മുടക്കിയ പണം ഉണ്ടായിരുന്നെങ്കിൽ എനിക്ക്‌ യൂറോപ്പിൽ പോകാനും കുറെ പണം മിച്ചം വെക്കാനും കഴിയുമായിരുന്നു. പക്ഷേ അങ്ങനെ ചെയ്‌തിരുന്നെങ്കിൽ, എനിക്ക്‌ ഈ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിനോ വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളെ സമ്പാദിക്കുന്നതിനോ കഴിയുമായിരുന്നോ? അല്ലെങ്കിൽ മറ്റാർക്കെങ്കിലുംവേണ്ടി എന്തെങ്കിലും ചെയ്യുന്നതിന്റെ സന്തോഷം ആസ്വദിക്കുന്നതിനു കഴിയുമായിരുന്നോ? ഒരിക്കലുമില്ല! എന്തായാലും ദ്വീപിലെ സഹോദരങ്ങൾക്കായി ഞാൻ കൊടുത്തതിന്റെ പല മടങ്ങാണ്‌ അവർ എനിക്കു തിരിച്ചുനൽകിയത്‌.”

ഈ പരിപാടിയുടെ വിജയത്തിന്റെ പിന്നിലെ മറ്റൊരു രഹസ്യം കുടുംബത്തിൽനിന്നുള്ള പിന്തുണയായിരുന്നു. ചില ഭാര്യമാർക്കു ഭർത്താക്കന്മാരോടൊപ്പം വന്ന്‌ നിർമാണവേലയിൽ സഹായിക്കാൻ കഴിഞ്ഞെങ്കിലും, സ്‌കൂളിൽ പോകുന്ന കുട്ടികൾ ഉണ്ടായിരുന്ന അല്ലെങ്കിൽ ചില കുടുംബ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്ന മറ്റു ചിലർക്ക്‌ അതിനു കഴിഞ്ഞില്ല. ക്ലേ ഇങ്ങനെ പറഞ്ഞു: “ഞാൻ ദൂരെയായിരുന്നപ്പോൾ കുട്ടികളുടെ പരിപാലനവും വീട്ടുകാര്യങ്ങളും നോക്കിനടത്തുന്നതിൽ ഭാര്യ പ്രകടമാക്കിയ മനസ്സൊരുക്കം എന്റെ ത്യാഗത്തെക്കാൾ വളരെ വലുതായിരുന്നു.” തീർച്ചയായും, ഭാര്യമാരെ കൂടെകൊണ്ടുപോകാൻ കഴിയാഞ്ഞ എല്ലാ ഭർത്താക്കന്മാരും അതിനോടു പൂർണമായി യോജിക്കുമെന്നതിനു സംശയമില്ല.

ടുവാലുവിലെ നിർമാണ പദ്ധതിക്കു ശേഷം, സ്വമേധയാ സേവകർ ഫിജി, ടോംഗ, പാപ്പുവ ന്യൂഗിനി, ന്യൂകലഡോണിയ എന്നിവിടങ്ങളിലും മറ്റു സ്ഥലങ്ങളിലും രാജ്യഹാളുകളും സമ്മേളന ഹാളുകളും മിഷനറി ഭവനങ്ങളും പരിഭാഷാ ഓഫീസുകളും നിർമിക്കുകയുണ്ടായി. തെക്കുകിഴക്കൻ ഏഷ്യയിലെ ചില സ്ഥലങ്ങളിലേത്‌ ഉൾപ്പെടെയുള്ള പല പദ്ധതികളും ആസൂത്രണ ഘട്ടത്തിലാണ്‌. വേണ്ടത്ര ജോലിക്കാർ ഉണ്ടായിരിക്കുമോ?

ഒരിക്കലും അതൊരു പ്രശ്‌നമായിരിക്കില്ല. “ഈ നിർമാണ പദ്ധതിയിൽ പങ്കെടുത്ത എല്ലാവരും അടുത്ത പണി തുടങ്ങാറാകുമ്പോൾ തങ്ങളെ അറിയിക്കണം” എന്നു പറഞ്ഞതായി ഹവായ്‌ ബ്രാഞ്ച്‌ ഓഫീസ്‌ എഴുതുന്നു. “വീട്ടിൽ തിരിച്ചെത്തിയാൽ ഉടൻതന്നെ അതിനായി അവർ പണം സ്വരുക്കൂട്ടാൻ തുടങ്ങുന്നു.” അവരുടെ നിസ്വാർഥമായ അർപ്പണബോധവും യഹോവയുടെ സമൃദ്ധമായ അനുഗ്രഹവും കൂടെ ആകുമ്പോൾ ഇത്തരം നിർമാണ പദ്ധതി എങ്ങനെയാണ്‌ വിജയപ്രദമാകാതിരിക്കുക?

[9-ാം പേജിലെ ചിത്രം]

നിർമാണ സാമഗ്രികൾ

[9-ാം പേജിലെ ചിത്രം]

ജോലിക്കാർ നിർമാണ സ്ഥലത്ത്‌

[10-ാം പേജിലെ ചിത്രം]

ദൈവാത്മാവിന്റെ സഹായത്താൽ പദ്ധതി പൂർത്തിയായപ്പോൾ ഞങ്ങൾ സന്തോഷിച്ചു