കൊയ്‌ത്തിനു മുമ്പ് ‘വയലിൽ’ പ്രവർത്തിക്കൽ
കൊയ്‌ത്തിനു മുമ്പ് ‘വയലിൽ’ പ്രവർത്തിക്കൽ
മഹാ ഗുരുവായ യേശുവിന്റെ ശിഷ്യന്മാർ അമ്പരന്നുപോയി. യേശു ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള ഒരു ചെറിയ കഥ അവരോടു പറഞ്ഞുകഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അവൻ ആ ദിവസം പറഞ്ഞ നിരവധി ഉപമകളിൽ ഒന്നു മാത്രമായിരുന്നു അത്. യേശു ഉപമകൾ പറഞ്ഞുകഴിഞ്ഞപ്പോൾ കേട്ടിരുന്ന മിക്കവരും പിരിഞ്ഞുപോയി. യേശു പറഞ്ഞ ഉപമകൾക്ക്, പ്രത്യേകിച്ചും ഗോതമ്പിനെയും കളകളെയും കുറിച്ചുള്ളതിന്, ഒരു പ്രത്യേക അർഥം ഉണ്ടായിരിക്കണമെന്ന് അവന്റെ അനുഗാമികൾക്ക് അറിയാമായിരുന്നു. യേശുവിന്റെ ഉദ്ദേശ്യം ആളുകളെ കഥ പറഞ്ഞ് രസിപ്പിക്കുക എന്നത് അല്ലായിരുന്നെന്ന് അവർക്ക് ബോധ്യമുണ്ടായിരുന്നു.
“വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം” എന്ന് അവർ അപേക്ഷിച്ചതായി മത്തായി എഴുതുന്നു. അപ്പോൾ യേശു ആ ഉപമ വിശദീകരിച്ചുകൊടുക്കുകയും തന്റെ ശിഷ്യന്മാർ എന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽ ഒരു വൻ വിശ്വാസത്യാഗം ഉടലെടുക്കുമെന്ന് മുൻകൂട്ടി പറയുകയും ചെയ്‌തു. (മത്തായി 13:24-30, 36-38, 43) മുൻകൂട്ടി പറഞ്ഞതുപോലെ തന്നെ, വിശ്വാസത്യാഗം ഉടലെടുത്തു. യോഹന്നാൻ അപ്പൊസ്‌തലന്റെ മരണശേഷം അതു സത്വരം വ്യാപിക്കുകയും ചെയ്‌തു. (പ്രവൃത്തികൾ 20:29, 30; 2 തെസ്സലൊനീക്യർ 2:6-12) അതിന്റെ ഫലങ്ങൾ വളരെ ദൂരവ്യാപകമായിരുന്നതിനാൽ, ലൂക്കൊസ് 18:8-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ഈ ചോദ്യം വളരെ ഉചിതമായിരുന്നു: “മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ”?
യേശുവിന്റെ വരവ്, ഗോതമ്പുതുല്യരായ ക്രിസ്‌ത്യാനികളുടെ ‘കൊയ്‌ത്തി’ന്റെ തുടക്കത്തെ അടയാളപ്പെടുത്തുമായിരുന്നു. അത്, 1914-ൽ തുടങ്ങിയ “ലോകാവസാന”ത്തിന്റെ അടയാളം ആയിരിക്കുമായിരുന്നു. ആയതിനാൽ, കൊയ്‌ത്തിന്റെ തുടക്കത്തിലേക്കു നയിക്കുന്ന കാലഘട്ടത്തിൽ ചിലർ ബൈബിൾ സത്യത്തിൽ താത്‌പര്യം പ്രകടമാക്കിത്തുടങ്ങി എന്നത് നമ്മെ അമ്പരപ്പിക്കരുത്.—മത്തായി 13:39.
വിശേഷാൽ 15-ാം നൂറ്റാണ്ടു മുതൽ, ‘കളകൾ’ പോലുള്ള നാമധേയ ക്രിസ്‌ത്യാനികൾ അടങ്ങുന്ന ക്രൈസ്‌തവലോകത്തിലെ ചിലർ പോലും, ബൈബിളിൽ താത്‌പര്യം പ്രകടമാക്കിയിരുന്നതായി ചരിത്രരേഖയിൽനിന്നു കാണാം. ബൈബിളും ബൈബിൾ കൺകോർഡൻസുകളും ലഭ്യമായിത്തുടങ്ങിയതോടെ, ആത്മാർഥഹൃദയരായ വ്യക്തികൾ തിരുവെഴുത്തുകൾ സസൂക്ഷ്‌മം പരിശോധിക്കാൻ തുടങ്ങി.
വെളിച്ചത്തിന് ശോഭയേറുന്നു
19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന അത്തരം വ്യക്തികളിൽ ഒരാളായിരുന്നു ഇംഗ്ലണ്ടിലെ ബർമിങ്‌ഹാമിൽനിന്നുള്ള ഹെൻട്രി ഗ്രൂ (1781-1862). 13-ാമത്തെ വയസ്സിൽ തന്റെ കുടുംബത്തോടൊപ്പം അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ കപ്പലിൽ യാത്ര ചെയ്‌ത് 1795 ജൂലൈ 8-ന് അദ്ദേഹം ഐക്യനാടുകളിൽ എത്തിച്ചേർന്നു. അവർ റോഡ് ദ്വീപിലെ പ്രൊവിഡൻസ് എന്ന സ്ഥലത്തു താമസമാക്കി. മാതാപിതാക്കൾ അവനിൽ ബൈബിളിനോടുള്ള പ്രിയം നട്ടുവളർത്തിയിരുന്നു. 1807-ൽ അദ്ദേഹത്തിന് 25 വയസ്സുള്ളപ്പോൾ കണറ്റിക്കട്ടിലെ ഹാർട്ട്‌ഫോർഡിലെ ബാപ്‌റ്റിസ്റ്റ് സഭയിൽ പാസ്റ്ററായി സേവിക്കാൻ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു.
തന്റെ പഠിപ്പിക്കൽ ഉത്തരവാദിത്വങ്ങൾ ഗൗരവമായി എടുത്ത അദ്ദേഹം, തന്റെ പരിപാലനത്തിലുള്ളവരെ തിരുവെഴുത്തുകൾക്കു ചേർച്ചയിൽ ജീവിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനു ശ്രമിച്ചു. അതേസമയം, മനഃപൂർവ പാപികളിൽനിന്ന് സഭയെ ശുദ്ധമായി സൂക്ഷിക്കേണ്ടതാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പരസംഗത്തിലോ അശുദ്ധമായ മറ്റു നടത്തകളിലോ ഏർപ്പെട്ടവരെ അദ്ദേഹത്തിനും സഭയിലെ ഉത്തരവാദിത്വമുള്ള മറ്റു പുരുഷന്മാർക്കും പുറത്താക്കേണ്ടിവന്നു.
അദ്ദേഹത്തെ അസ്വസ്ഥനാക്കിയ മറ്റു പ്രശ്‌നങ്ങളും സഭയിൽ ഉണ്ടായിരുന്നു. സഭയിലെ കാര്യങ്ങൾ നോക്കിനടത്തുകയും കുർബാന സമയത്ത് ഗീതാലാപനത്തിനു നേതൃത്വം വഹിക്കുകയും ചെയ്‌തിരുന്നവരിൽ സഭാംഗങ്ങൾ അല്ലാത്തവർ ഉണ്ടായിരുന്നു. സഭയുടെ പ്രധാന കാര്യങ്ങൾ സംബന്ധിച്ച് വോട്ടു ചെയ്യാനും അങ്ങനെ അതിന്റെ പ്രവർത്തനത്തെ കുറെയൊക്കെ നിയന്ത്രിക്കാനും 2 കൊരിന്ത്യർ 6:14-17; യാക്കോബ് 1:27) അദ്ദേഹത്തിന്റെ വീക്ഷണത്തിൽ, അവിശ്വാസികൾ ദൈവത്തിനു സ്‌തുതി പാടുന്നത് ദൈവദൂഷണപരമായിരുന്നു. ഇത്തരത്തിലുള്ള വീക്ഷണം പുലർത്തിയിരുന്നതിനാൽ, 1811-ൽ ഹെൻട്രി ഗ്രൂവിനെ സഭയിൽനിന്നു പുറംതള്ളി. സമാന വീക്ഷണം ഉണ്ടായിരുന്ന മറ്റുള്ളവരും സഭ വിട്ടുപോയി.
അവർക്കു കഴിഞ്ഞിരുന്നു. ലോകത്തിൽനിന്ന് വേറിട്ടുനിൽക്കുക എന്ന തത്ത്വത്തിൽ വേരൂന്നിനിന്ന ഗ്രൂ, അത്തരം സഭാകാര്യങ്ങൾ സഭയിലെ വിശ്വസ്‌ത പുരുഷന്മാർ മാത്രമേ നിർവഹിക്കാവൂ എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. (ക്രൈസ്‌തവലോകത്തിൽനിന്ന് വേർപെടുന്നു
ഹെൻട്രി ഗ്രൂ ഉൾപ്പെടെ ആ കൂട്ടത്തിൽ പെട്ടവർ ബൈബിൾ പഠിക്കാൻ തുടങ്ങി. അവരുടെ ഉദ്ദേശ്യം തങ്ങളുടെ നടത്തയും പ്രവർത്തനങ്ങളും ബൈബിളിന്റെ ഉപദേശത്തിനു ചേർച്ചയിൽ കൊണ്ടുവരിക എന്നതായിരുന്നു. ഈ പഠനത്തിന്റെ ഫലമായി ബൈബിൾസത്യം സംബന്ധിച്ച അവരുടെ ഗ്രാഹ്യം വർധിക്കുകയും അവർ ക്രൈസ്‌തവലോകത്തിന്റെ തെറ്റുകൾ വെളിച്ചത്തു കൊണ്ടുവരികയും ചെയ്‌തു. ഉദാഹരണത്തിന്, ഗ്രൂ 1824-ൽ ത്രിത്വത്തെ ഖണ്ഡിച്ചുകൊണ്ട് ഒരു ലേഖനമെഴുതി. അദ്ദേഹത്തിന്റെ ലേഖനത്തിലെ പിൻവരുന്ന ഭാഗത്തിന്റെ യുക്തി ശ്രദ്ധിക്കുക: “‘ആ നാളും നാഴികയും സംബന്ധിച്ച് യാതൊരു മനുഷ്യനും സ്വർഗത്തിലെ ദൂതന്മാരും, പുത്രൻ പോലും, അറിയുന്നില്ല. എന്നാൽ പിതാവ് അറിയുന്നു.’ [മർക്കൊസ് 13:32] ഈ പ്രസ്‌താവനയിലെ ക്രമം നോക്കുക. മനുഷ്യൻ, ദൂതന്മാർ, പുത്രൻ, പിതാവ്. . . . ആ ദിവസത്തെ കുറിച്ചു പിതാവിനു മാത്രമേ അറിയാവൂ എന്ന് കർത്താവ് നമ്മെ പഠിപ്പിക്കുന്നു. എന്നാൽ, ചിലർ കരുതുന്നതുപോലെ പിതാവും വചനവും പരിശുദ്ധാത്മാവും ഒരു ദൈവത്തിലെ മൂന്നു വ്യക്തികൾ ആണെങ്കിൽ അതു സത്യമായിരിക്കില്ല; അത് [ത്രിത്വോപദേശം] അനുസരിച്ച്, . . . പിതാവിന് അറിയാവുന്ന കാര്യങ്ങൾ പുത്രനും അറിയാം.”
ക്രിസ്‌തുവിന് സേവനം അനുഷ്‌ഠിക്കുന്നതായി നടിച്ചിരുന്ന പുരോഹിതന്മാരുടെയും സൈനികത്തലവന്മാരുടെയും കാപട്യത്തെ ഗ്രൂ തുറന്നുകാട്ടി. 1828-ൽ അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചു: “ഒരു ക്രിസ്‌ത്യാനി അറയിൽ കടന്ന് ശത്രുവിനു വേണ്ടി പ്രാർഥിച്ച ശേഷം മരണത്തിന്റെ ആയുധങ്ങളെ ഉഗ്രക്രോധത്തോടെ ആ ശത്രുക്കളുടെ ഹൃദയങ്ങളിലേക്കു പായിക്കാൻ തന്റെ പട്ടാളക്കാരോട് ആജ്ഞാപിക്കുന്നതിലുമധികം എന്തു വിരോധാഭാസമാണ് ഉള്ളത്? ഒരു വശത്ത് അയാൾ ക്രിസ്‌തുവിനെ അനുകരിക്കുന്നു എന്നതു സന്തോഷകരം തന്നെ; എന്നാൽ മറുവശത്ത് അയാൾ ആരെയാണ് അനുകരിക്കുന്നത്? യേശു തന്റെ ഘാതകർക്കു വേണ്ടി പ്രാർഥിച്ചു. ക്രിസ്‌ത്യാനികളാകട്ടെ, തങ്ങൾ ആർക്കു വേണ്ടി പ്രാർഥിക്കുന്നുവോ അവരെ കൊല്ലുന്നു.”
അതിലും ശക്തമായി ഗ്രൂ ഇങ്ങനെ എഴുതി: “താൻ ‘പരിഹസിക്കപ്പെടാവുന്നവനല്ല’ എന്ന് നമുക്ക് ഉറപ്പു നൽകുന്ന സർവശക്തനെ നാം ഇനി എപ്പോഴാണു വിശ്വസിക്കുക? ‘തിന്മയെ കുറിച്ചുള്ള ചിന്ത’യിൽ നിന്നുപോലും വിട്ടുനിൽക്കാൻ നമ്മോട് ആവശ്യപ്പെടുന്ന ആ വിശുദ്ധ മതത്തിന്റെ സ്വഭാവത്തെ, ഉത്‌കൃഷ്ടതയെ നാം എപ്പോഴാണു മനസ്സിലാക്കുക? . . . ഒരു സാഹചര്യത്തിൽ ഒരു ദൂതനെപ്പോലെയും മറ്റൊരു സാഹചര്യത്തിൽ ഒരു ഭൂതത്തെപ്പോലെയും പ്രവർത്തിക്കാൻ ദൈവപുത്രന്റെ മതം നിഷ്‌കർഷിക്കുന്നു എന്നു കരുതുന്നതിലൂടെ അവനെ നിന്ദിക്കുകയല്ലേ ചെയ്യുന്നത്?”
നിത്യജീവൻ സഹജമല്ല
റേഡിയോയും ടെലിവിഷനും രംഗപ്രവേശം ചെയ്യുന്നതിനു മുമ്പുള്ള കാലത്ത്, ഒരുവന്റെ വീക്ഷണങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഒരു സാധാരണ രീതി ലഘുലേഖകൾ എഴുതി വിതരണം ചെയ്യുന്നതായിരുന്നു. 1835 ആയപ്പോഴേക്കും, ആത്മാവിന്റെ അമർത്യതയും നരകാഗ്നിയും സംബന്ധിച്ച പഠിപ്പിക്കലുകൾ തിരുവെഴുത്തു വിരുദ്ധം ആണെന്ന് കാണിക്കുന്ന ഒരു ലഘുലേഖ ഗ്രൂ എഴുതിയിരുന്നു. ആ ഉപദേശങ്ങൾ ദൈവത്തിനു നിന്ദ കൈവരുത്തുന്നവ ആണെന്ന് അദ്ദേഹം കരുതിയിരുന്നു.
ആ ലഘുലേഖ ദൂരവ്യാപക ഫലങ്ങൾ ഉളവാക്കുമായിരുന്നു. 1837-ൽ നാൽപ്പതു വയസ്സുകാരനായ ജോർജ് സ്റ്റോഴ്‌സിന് അതിന്റെ ഒരു കോപ്പി ഒരു ട്രെയിനിൽ കിടന്നു കിട്ടി. ന്യൂ ഹാംഷയറിലെ ലെബനൻ സ്വദേശിയായ സ്റ്റോഴ്‌സ് അക്കാലത്ത് താമസിച്ചിരുന്നത് ന്യൂയോർക്കിലെ യൂറ്റിക്കയിൽ ആയിരുന്നു.
മെഥഡിസ്റ്റ്-എപ്പിസ്‌കോപ്പൽ സഭയിലെ അങ്ങേയറ്റം ആദരണീയനായ ഒരു പുരോഹിതൻ ആയിരുന്നു അദ്ദേഹം. ക്രൈസ്‌തവലോകത്തിന്റെ അടിസ്ഥാന പഠിപ്പിക്കലുകളെ ഒരിക്കലും സംശയിച്ചിട്ടില്ലാത്ത അദ്ദേഹത്തിന് ഗ്രൂവിന്റെ ലഘുലേഖയിലെ ശക്തമായ വാദഗതിയിൽ വളരെ മതിപ്പു തോന്നി. ആ ലഘുലേഖ എഴുതിയത് ആരാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അദ്ദേഹം ഹെൻട്രി ഗ്രൂവിനെ കണ്ടുമുട്ടുന്നത്, സാധ്യതയനുസരിച്ച് 1844-ൽ, ഇരുവരും ഫിലദെൽഫിയയിൽ താമസിക്കുമ്പോഴാണ്. എന്നിരുന്നാലും, മൂന്നു വർഷത്തോളം സ്റ്റോഴ്‌സ് കാര്യങ്ങൾ തനിയെ പഠിച്ചു. അതേക്കുറിച്ചു മറ്റു പുരോഹിതന്മാരോടു മാത്രമേ അദ്ദേഹം സംസാരിച്ചിരുന്നുള്ളൂ.
താൻ പഠിക്കുന്ന പുതിയ കാര്യങ്ങളെ ഖണ്ഡിക്കാൻ ആർക്കും കഴിയാത്ത സ്ഥിതിക്ക്, മെഥഡിസ്റ്റ് സഭയിൽ തുടർന്നുകൊണ്ട് ദൈവത്തോടു വിശ്വസ്‌തൻ ആയിരിക്കാൻ തനിക്കു കഴിയില്ലെന്ന് ജോർജ് സ്റ്റോഴ്‌സ് തീരുമാനിച്ചു. 1840-ൽ അദ്ദേഹം ആ സഭയിൽനിന്ന് രാജിവെച്ച് ന്യൂയോർക്കിലെ അൽബനിയിലേക്കു താമസം മാറ്റി.
1842-ലെ വസന്തത്തിന്റെ ആരംഭത്തിൽ സ്റ്റോഴ്‌സ് ആറാഴ്‌ചകളിലായി “ഒരു അന്വേഷണം—ദുഷ്‌ടന്മാർ അമർത്യരോ?” എന്ന വിഷയത്തെ അധികരിച്ച് ആറു പ്രസംഗങ്ങളുടെ ഒരു പരമ്പര നടത്തി. പ്രസ്‌തുത വിഷയത്തിൽ ആളുകൾ വലിയ താത്‌പര്യം കാട്ടി. അതിനാൽ
അദ്ദേഹം അതു പരിഷ്‌കരിച്ച് പ്രസിദ്ധപ്പെടുത്തി. തുടർന്നുവന്ന 40 വർഷങ്ങളിൽ ഐക്യനാടുകളിലും ഗ്രേറ്റ് ബ്രിട്ടനിലുമായി അതിന്റെ 2,00,000 കോപ്പികൾ വിതരണം ചെയ്യപ്പെട്ടു. ആത്മാവിന്റെ അമർത്യത സംബന്ധിച്ച പഠിപ്പിക്കലിനെതിരെയുള്ള സംവാദങ്ങളിൽ സ്റ്റോഴ്‌സും ഗ്രൂവും സഹകരിച്ചു പ്രവർത്തിച്ചു. 1862 ആഗസ്റ്റ് 8-ന് ഫിലദെൽഫിയയിൽ വെച്ച് മരിക്കുന്നതുവരെ ഗ്രൂ സതീക്ഷ്‌ണം തന്റെ പ്രസംഗപ്രവർത്തനം തുടർന്നു.മേൽ പരാമർശിച്ച ആറു പ്രസംഗങ്ങൾ നടത്തി താമസിയാതെ, 1843-ൽ ക്രിസ്‌തു ദൃശ്യമായി മടങ്ങിവരും എന്നു പ്രതീക്ഷിച്ചിരുന്ന വില്യം മില്ലറുടെ സുവിശേഷ പ്രസംഗത്തിൽ അദ്ദേഹം തത്‌പരനായി. രണ്ടു വർഷത്തോളം സ്റ്റോഴ്‌സ് ഉത്തരപൂർവ ഐക്യനാടുകളിലെങ്ങും ആ സന്ദേശം സജീവമായി പ്രചരിപ്പിച്ചു. 1844-നു ശേഷം അദ്ദേഹം ക്രിസ്‌തു മടങ്ങിവരുന്ന തീയതി നിർണയിക്കാൻ ശ്രമിച്ചില്ല. എന്നാൽ മറ്റുള്ളവർ കാലഗണന പരിശോധിക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹം അതിനെ എതിർത്തുമില്ല. ക്രിസ്‌തുവിന്റെ മടങ്ങിവരവ് ആസന്നമാണെന്നും ആയതിനാൽ ഉണർന്നിരിക്കുകയും ആത്മീയമായി ജാഗ്രത പുലർത്തുകയും ചെയ്‌തുകൊണ്ട് ക്രിസ്‌ത്യാനികൾ പരിശോധനാ ദിവസത്തിനായി ഒരുങ്ങിയിരിക്കേണ്ടതു പ്രധാനമാണെന്നും സ്റ്റോഴ്‌സ് വിശ്വസിച്ചിരുന്നു. മില്ലർ വിഭാഗക്കാർ ആത്മാവിന്റെ അമർത്യത, ലോകത്തിന്റെ നാശം, അജ്ഞതയിൽ മരിക്കുന്നവർക്ക് നിത്യജീവന്റെ പ്രതീക്ഷയില്ലായ്‌മ എന്നിങ്ങനെയുള്ള തിരുവെഴുത്തു വിരുദ്ധ കാര്യങ്ങൾ സ്വീകരിച്ചിരുന്നതിനാൽ സ്റ്റോഴ്‌സ് അവരുമായി വഴിപിരിഞ്ഞു.
ദൈവസ്‌നേഹം എന്തിലേക്കു നയിക്കുമായിരുന്നു?
വീണ്ടും കൊല്ലുക എന്ന ഏക ഉദ്ദേശ്യത്തിൽ ദൈവം ദുഷ്ടരെ പുനരുത്ഥാനപ്പെടുത്തുമെന്ന അഡ്‌വെന്റിസ്റ്റുകാരുടെ വീക്ഷണത്തോട് സ്റ്റോഴ്‌സിന് അവജ്ഞ തോന്നി. കഴമ്പില്ലാത്തതും പ്രതികാരപൂർവകവുമായ അത്തരമൊരു നടപടി ദൈവം സ്വീകരിക്കുമെന്നതിന് യാതൊരു തെളിവും അദ്ദേഹത്തിനു തിരുവെഴുത്തുകളിൽ കാണാൻ കഴിഞ്ഞില്ല. ദുഷ്‌ടന്മാർക്കു പുനരുത്ഥാനമേ ഇല്ല എന്ന അതിരുകടന്ന ഒരു നിഗമനത്തിലാണ് സ്റ്റോഴ്‌സും കൂട്ടരും എത്തിച്ചേർന്നത്. നീതികെട്ടവരുടെ പുനരുത്ഥാനത്തോടു ബന്ധപ്പെട്ട ചില തിരുവെഴുത്തുകൾ വിശദീകരിക്കാൻ അവർക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും തങ്ങളുടെ നിഗമനം ദൈവത്തിന്റെ സ്‌നേഹത്തോടു വളരെ ചേർച്ചയിൽ ആണെന്ന് അവർക്കു തോന്നി. ദൈവോദ്ദേശ്യം സംബന്ധിച്ച് മറ്റൊരു സംഗതി താമസിയാതെ ഗ്രഹിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
1870-ൽ സ്റ്റോഴ്‌സിന് കടുത്ത രോഗം പിടിപെട്ടതിനാൽ കുറെ മാസങ്ങൾ ജോലി ചെയ്യാൻ കഴിയാതായി. 74 വർഷത്തെ തന്റെ ജീവിതത്തിനിടയിൽ പഠിച്ച കാര്യങ്ങളെല്ലാം വീണ്ടുമൊന്നു പരിശോധിച്ചു നോക്കാൻ ഈ സമയത്ത് അദ്ദേഹത്തിനു കഴിഞ്ഞു. മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യത്തെ കുറിച്ച് അബ്രാഹാമ്യ ഉടമ്പടിയിൽ സൂചിപ്പിച്ചിരിക്കുന്ന സുപ്രധാന സംഗതി തനിക്കു മനസ്സിലാകാതെ പോയതായി അദ്ദേഹം കണ്ടെത്തി. ‘ദൈവത്തിന്റെ ശബ്ദം കേട്ട അബ്രാഹാം നിമിത്തം ഭൂമിയിലെ ‘സകല കുടുംബങ്ങ’ളും തങ്ങളെത്തന്നെ അനുഗ്രഹിക്കും എന്നതായിരുന്നു ആ സുപ്രധാന സംഗതി.—ഉല്‌പത്തി 22:18; പ്രവൃത്തികൾ 3:25.
ഇത് അദ്ദേഹത്തിന്റെ മനസ്സിലേക്ക് ഒരു പുതിയ ചിന്ത കൊണ്ടുവന്നു. ‘സകല കുടുംബങ്ങളും’ അനുഗ്രഹിക്കപ്പെടണമെങ്കിൽ, സകലരും സുവാർത്ത കേൾക്കേണ്ടതല്ലേ? അവർ എങ്ങനെ അതു കേൾക്കും? ഇപ്പോൾത്തന്നെ കോടിക്കണക്കിന് ആളുകൾ മരിച്ചുപോയില്ലേ? തിരുവെഴുത്തുകൾ കൂടുതലായി പരിശോധിച്ചപ്പോൾ,
മരിച്ചുപോയവരിൽ രണ്ടു തരത്തിലുള്ള “ദുഷ്‌ട” വ്യക്തികൾ ഉണ്ടെന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു: ദൈവത്തിന്റെ സ്‌നേഹം മനഃപൂർവം തള്ളിക്കളഞ്ഞവരും അജ്ഞതയിൽ മരിച്ചവരും.യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിൽനിന്ന് പ്രയോജനം നേടുന്നതിനുള്ള അവസരം ലഭിക്കത്തക്കവിധം, ഈ രണ്ടാമത്തെ വിഭാഗത്തിൽ പെട്ടവർ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടേണ്ടത് ആവശ്യമാണെന്ന നിഗമനത്തിൽ സ്റ്റോഴ്‌സ് എത്തിച്ചേർന്നു. ആ മറുവില സ്വീകരിക്കുന്നവർ ഭൂമിയിൽ എന്നേക്കും ജീവിക്കുമെന്നും അതു തള്ളിക്കളയുന്നവർ നശിപ്പിക്കപ്പെടുമെന്നും ആയിരുന്നു അതിന്റെ അർഥം. മരിച്ചവരുടെ മുമ്പാകെ യാതൊരു പ്രത്യാശയും വെക്കാതെ ദൈവം അവരെ ഉയിർപ്പിക്കുകയില്ല എന്ന് സ്റ്റോഴ്‌സ് വിശ്വസിച്ചിരുന്നു. ആദാമല്ലാതെ മറ്റാരും അവന്റെ പാപത്തെ പ്രതി മരിച്ച അവസ്ഥയിൽ തുടരുമായിരുന്നില്ല! എന്നാൽ കർത്താവായ യേശുക്രിസ്‌തുവിന്റെ മടങ്ങിവരവിന്റെ സമയത്തു ജീവിച്ചിരിക്കുന്നവരുടെ കാര്യമോ? അവരുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ ഒരു ആഗോള പ്രസംഗ പ്രവർത്തനം ആവശ്യമാണെന്ന് ഒടുവിൽ സ്റ്റോഴ്‌സ് തിരിച്ചറിഞ്ഞു. അത് എങ്ങനെ ചെയ്യാനാകും എന്നതു സംബന്ധിച്ച് അദ്ദേഹത്തിന് യാതൊരു പിടിയുമില്ലായിരുന്നു. എങ്കിലും ബോധ്യത്തോടെ അദ്ദേഹം ഇങ്ങനെ എഴുതി: “ഒരു കാര്യം തങ്ങൾക്ക് അറിയില്ല എന്നതിനാൽ ദൈവത്തിനും അത് അസാധ്യമാണ് എന്നു കരുതിക്കൊണ്ട് പ്രസ്‌തുത കാര്യം നിരസിക്കുകയാണു പലരും ചെയ്യുന്നത്.”
ജോർജ് സ്റ്റോഴ്‌സ് 1879-ൽ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള തന്റെ ഭവനത്തിൽവെച്ചു മരിച്ചു. സംഭവിച്ചു കാണാൻ അദ്ദേഹം അതിയായി ആഗ്രഹിച്ച ആഗോള പ്രസംഗ പ്രവർത്തനത്തിന്റെ സിരാകേന്ദ്രം ആകാനിരുന്ന കെട്ടിടസമുച്ചയത്തിന് തൊട്ടടുത്ത് ആയിരുന്നു അദ്ദേഹത്തിന്റെ ഭവനം.
കൂടുതൽ വെളിച്ചം ആവശ്യം
ഹെൻട്രി ഗ്രൂ, ജോർജ് സ്റ്റോഴ്‌സ് എന്നിവരെ പോലുള്ളവർ സത്യം നാം ഇന്നു മനസ്സിലാക്കുന്നതു പോലെ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നോ? ഇല്ല. 1847-ൽ സ്റ്റോഴ്‌സ് ഇങ്ങനെ പ്രസ്‌താവിച്ചു: “സഭയുടെ ഇരുണ്ട യുഗത്തിൽനിന്ന് നാം പുറത്തുവന്നിരിക്കുന്നതേ ഉള്ളുവെന്നും സത്യമാണെന്നു കരുതി നാം ചില ‘ബാബിലോണിയൻ കുപ്പായങ്ങൾ’ ധരിച്ചിട്ടുണ്ടെന്നു കണ്ടെത്തിയാൽ അതിൽ ഒട്ടും അതിശയിക്കാനില്ല എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.” ഉദാഹരണത്തിന്, യേശു നൽകിയ മറുവിലയെ ഗ്രൂ വിലമതിച്ചിരുന്നു. എന്നാൽ അത് ഒരു “തത്തുല്യ മറുവില” ആണെന്ന്, അതായത് ആദാമിന്റെ നഷ്ടപ്പെട്ട പൂർണതയുള്ള മനുഷ്യജീവന് പകരം നൽകപ്പെട്ട യേശുവിന്റെ പൂർണതയുള്ള മനുഷ്യജീവൻ ആണെന്ന്, അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല. (1 തിമൊഥെയൊസ് 2:6, NW) യേശു മടങ്ങിവന്ന് ദൃശ്യമായിത്തന്നെ ഭൂമിയിൽ ഭരണം നടത്തുമെന്നും ഹെൻട്രി ഗ്രൂ തെറ്റായി വിശ്വസിച്ചിരുന്നു. എന്നിരുന്നാലും, രണ്ടാം നൂറ്റാണ്ടു മുതൽ അധികമാരും താത്‌പര്യം പ്രകടിപ്പിക്കാത്ത ഒരു വിഷയമായ യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിൽ ഗ്രൂ തത്‌പരനായിരുന്നു.
അതുപോലെ മറ്റു ചില സുപ്രധാന കാര്യങ്ങൾ സംബന്ധിച്ച് ജോർജ് സ്റ്റോഴ്‌സിനും ശരിയായ ഗ്രാഹ്യം ഉണ്ടായിരുന്നില്ല. പുരോഹിതന്മാരുടെ കാപട്യം കാണാൻ അദ്ദേഹത്തിനു കഴിഞ്ഞു, എന്നാൽ ചിലപ്പോൾ അതിരുകടന്ന ചില വീക്ഷണങ്ങൾ അദ്ദേഹം പുലർത്തിയിരുന്നു. ഉദാഹരണത്തിന്, സാത്താനെ സംബന്ധിച്ച് പുരോഹിതന്മാർക്ക് ഉണ്ടായിരുന്ന വീക്ഷണത്തോട് അമിതമായി പ്രതികരിച്ചുകൊണ്ട് പിശാച് ഒരു യഥാർഥ വ്യക്തി ആണെന്ന വീക്ഷണം സ്റ്റോഴ്‌സ് നിരാകരിച്ചു. അദ്ദേഹം ത്രിത്വം തള്ളിക്കളഞ്ഞെങ്കിലും, പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണോ എന്നതു സംബന്ധിച്ച് മരിക്കുന്നതിനു കുറേനാൾ മുമ്പുവരെ അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നു. ക്രിസ്‌തുവിന്റെ മടങ്ങിവരവ് അദൃശ്യമായിരിക്കുമെന്ന് ജോർജ് സ്റ്റോഴ്‌സ് പ്രതീക്ഷിച്ചിരുന്നെങ്കിലും, ഒടുവിൽ ക്രിസ്‌തുവിന്റെ ദൃശ്യമായ ഒരു വെളിപ്പെടൽ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം
കരുതിയിരുന്നു. എന്നുവരികിലും, ഇരുവരും സത്യസന്ധരും ആത്മാർഥഹൃദയരും ആയിരുന്നതായി തോന്നുന്നു. അവർ മിക്കവരെക്കാളും സത്യത്തോട് ഏറെ അടുത്തുവന്നു.എന്നാൽ അവരുടെ സമയത്ത്, കോതമ്പിനെയും കളകളെയും കുറിച്ചുള്ള ഉപമയിൽ യേശു വിവരിച്ച “വയൽ” കൊയ്യാൻ വാസ്‌തവത്തിൽ പാകമായിരുന്നില്ല. (മത്തായി 13:38) ഗ്രൂവും സ്റ്റോഴ്‌സും അതുപോലുള്ള മറ്റുള്ളവരും കൊയ്‌ത്തിനുള്ള ഒരുക്കത്തിൽ ആ ‘വയലിൽ’ പ്രവർത്തിക്കുകയായിരുന്നു.
1879-ൽ ഈ മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയ ചാൾസ് ടെയ്‌സ് റസ്സൽ തന്റെ ആദ്യകാല വർഷങ്ങളെ കുറിച്ച് ഇപ്രകാരം എഴുതി: “തന്റെ വചനം പഠിക്കാൻ കർത്താവ് ഞങ്ങൾക്കു പല സഹായികളെ നൽകി. അവരിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ഞങ്ങളുടെ പ്രിയ വയോധിക സഹോദരനായ ജോർജ് സ്റ്റോഴ്‌സ്; അദ്ദേഹം വാമൊഴിയാലും വരമൊഴിയാലും ഞങ്ങൾക്കു വളരെ സഹായം നൽകി. എന്നിരുന്നാലും, മനുഷ്യർ എത്ര നല്ലവർ ആണെങ്കിലും അവരുടെ അനുകാരികൾ ആയിരിക്കാനല്ല, ‘പ്രിയമക്കൾ എന്നപോലെ ദൈവത്തിന്റെ അനുകാരികൾ’ ആയിരിക്കാൻ ഞങ്ങൾ സദാ ശ്രമിച്ചിരിക്കുന്നു.” അതേ, ഗ്രൂവും സ്റ്റോഴ്‌സും പോലുള്ള വ്യക്തികളുടെ ശ്രമങ്ങളിൽനിന്ന് ആത്മാർഥഹൃദയരായ ബൈബിൾ വിദ്യാർഥികൾക്കു പ്രയോജനം നേടാനായി. എന്നാൽ സത്യത്തിന്റെ യഥാർഥ ഉറവിടവും ദൈവത്തിന്റെ വചനവുമായ ബൈബിൾ പരിശോധിക്കുന്നത് ആയിരുന്നു അപ്പോഴും മർമപ്രധാനം.—യോഹന്നാൻ 17:17.
[26-ാം പേജിലെ ചതുരം/ചിത്രം]
ഹെൻട്രി ഗ്രൂ വിശ്വസിച്ച കാര്യങ്ങൾ
യഹോവയുടെ നാമം ദുഷിപ്പിക്കപ്പെട്ടിരിക്കുന്നു, അത് വിശുദ്ധീകരിക്കപ്പെടണം.
ത്രിത്വം, ആത്മാവിന്റെ അമർത്യത, നരകാഗ്നി തുടങ്ങിയവ തെറ്റായ പഠിപ്പിക്കലുകളാണ്.
ക്രിസ്‌തീയ സഭ ലോകത്തിൽനിന്നു വേറിട്ടുനിൽക്കണം.
രാഷ്‌ട്രങ്ങളുടെ യുദ്ധങ്ങളിൽ ക്രിസ്‌ത്യാനികൾക്ക് യാതൊരു പങ്കും ഉണ്ടായിരിക്കാൻ പാടില്ല.
ശനിയാഴ്‌ചത്തെയോ ഞായറാഴ്‌ചത്തെയോ ശബത്ത് ആചരിക്കാനുള്ള നിയമത്തിൻ കീഴിലല്ല ക്രിസ്‌ത്യാനികൾ.
ക്രിസ്‌ത്യാനികൾ ഏതെങ്കിലും ഗൂഢസംഘത്തിന്റെ ഭാഗമായിരിക്കാൻ പാടില്ല.
ക്രിസ്‌ത്യാനികളുടെ ഇടയിൽ വൈദികവർഗമെന്നോ അയ്‌മേനികൾ എന്നോ ഉള്ള വ്യത്യാസം ഉണ്ടായിരിക്കാൻ പാടില്ല.
മതപരമായ സ്ഥാനപ്പേരുകൾ എതിർക്രിസ്‌തുവിൽനിന്നുള്ളതാണ്.
എല്ലാ സഭകളിലും മൂപ്പന്മാരുടെ ഒരു സംഘം ഉണ്ടായിരിക്കണം.
മൂപ്പന്മാർ തങ്ങളുടെ നടത്തയിൽ ശുദ്ധിയുള്ളവരും അപവാദരഹിതരും ആയിരിക്കണം.
എല്ലാ ക്രിസ്‌ത്യാനികളും സുവാർത്ത പ്രസംഗിക്കണം.
ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കുന്ന ആളുകൾ ഉണ്ടായിരിക്കും.
ക്രിസ്‌തീയ ഗീതങ്ങൾ യഹോവയെയും ക്രിസ്‌തുവിനെയും സ്‌തുതിക്കുന്നവ ആയിരിക്കണം.
[കടപ്പാട്]
ഫോട്ടോ: Collection of The New-York Historical Society/69288
[28-ാം പേജിലെ ചതുരം/ചിത്രം]
ജോർജ് സ്റ്റോഴ്‌സ് വിശ്വസിച്ച കാര്യങ്ങൾ
യേശു തന്റെ ജീവനെ മറുവിലയായി മനുഷ്യവർഗത്തിനു നൽകി.
സുവാർത്താ പ്രസംഗം ഇതുവരെയും (1871-ൽ) നടന്നിട്ടില്ല.
അതിനാൽ അന്ത്യം ആസന്നമല്ല (1871-ൽ), സുവാർത്താ പ്രസംഗം നടക്കുന്ന ഒരു ഭാവികാലം ഉണ്ടായിരിക്കും.
ഭൂമിയിൽ നിത്യജീവൻ അവകാശമാക്കുന്നവർ ഉണ്ടായിരിക്കും.
അജ്ഞതയിൽ മരിച്ചുപോയ സകലരും പുനരുത്ഥാനം പ്രാപിക്കേണ്ടതാകുന്നു. ക്രിസ്‌തുവിന്റെ മറുവിലയാഗം സ്വീകരിക്കുന്നവർക്ക് ഭൂമിയിലെ നിത്യജീവൻ ലഭിക്കും. അതു നിരസിക്കുന്നവർ നശിപ്പിക്കപ്പെടും.
ആത്മാവിന്റെ അമർത്യതയും നരകാഗ്നിയും ദൈവത്തെ നിന്ദിക്കുന്ന വ്യാജ പഠിപ്പിക്കലുകളാണ്.
കർത്താവിന്റെ സന്ധ്യാഭക്ഷണം നീസാൻ 14-ന് നടത്തേണ്ട ഒരു വാർഷിക ആഘോഷമാണ്.
[കടപ്പാട്]
ഫോട്ടോ: SIX SERMONS, by George Storrs (1855)
[29-ാം പേജിലെ ചിത്രങ്ങൾ]
“സീയോന്റെ വീക്ഷാഗോപുര”ത്തിന്റെ പത്രാധിപരായിരുന്ന സി. റ്റി. റസ്സൽ 1909-ൽ ഐക്യനാടുകളിലെ ന്യൂയോർക്കിലുള്ള ബ്രുക്ലിനിലേക്കു താമസം മാറ്റി