വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ—വിലമതിക്കപ്പെട്ട, വിലക്കപ്പെട്ട ഒരു ഗ്രന്ഥം

ബൈബിൾ—വിലമതിക്കപ്പെട്ട, വിലക്കപ്പെട്ട ഒരു ഗ്രന്ഥം

ബൈബിൾ—വിലമതിക്കപ്പെട്ട, വിലക്കപ്പെട്ട ഒരു ഗ്രന്ഥം

“വിശുദ്ധ തിരുവെഴുത്തുകൾ എല്ലാ ഭാഷകളിലേക്കും പരിഭാഷ ചെയ്‌തു കാണാൻ ഞാൻ ആഗ്രഹിക്കുന്നു,” 16-ാം നൂറ്റാണ്ടിലെ വിഖ്യാത ഡച്ച്‌ പണ്ഡിതൻ ഡേസിഡെറിയുസ്‌ ഇറാസ്‌മസ്‌ എഴുതി.

എല്ലാവർക്കും തിരുവെഴുത്തുകൾ വായിക്കാനും മനസ്സിലാക്കാനും കഴിയണമെന്നതായിരുന്നു ഇറാസ്‌മസിന്റെ തീവ്രമായ അഭിലാഷം. എന്നാൽ, ബൈബിളിന്റെ ശത്രുക്കൾ അത്തരമൊരു ആശയത്തെ നഖശിഖാന്തം എതിർക്കുകയാണുണ്ടായത്‌. വാസ്‌തവത്തിൽ, യൂറോപ്പിൽ അന്നൊക്കെ ബൈബിളിനെ കുറിച്ചുള്ള ജിജ്ഞാസ പോലും അങ്ങേയറ്റം അപകടം പിടിച്ച ഒന്നായിരുന്നു. അക്കാലത്ത്‌ ഇംഗ്ലണ്ടിലെ പാർലമെന്റിൽ, പിൻവരുന്ന പ്രകാരം കൽപ്പിക്കുന്ന ഒരു നിയമം പാസാക്കുകയുണ്ടായി: “ഇംഗ്ലീഷ്‌ ഭാഷയിൽ ബൈബിൾ വായിക്കുന്ന ആരും സ്ഥാവര-ജംഗമ വസ്‌തുക്കൾ കൈവശം വെക്കാനോ ജീവിക്കാനോ അർഹനല്ല . . . എന്നാൽ, ആരെങ്കിലും തന്നിഷ്ടത്തോടെ ബൈബിൾ വായിക്കുന്നതിൽ തുടരുന്നെങ്കിൽ അല്ലെങ്കിൽ ക്ഷമ ലഭിച്ചശേഷവും അതു വായിക്കുന്നെങ്കിൽ, അയാളെ രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിൽ ആദ്യം തൂക്കിക്കൊല്ലണം, എന്നിട്ട്‌ ദൈവനിന്ദയുടെ പേരിൽ അയാളുടെ ജഡം ചുട്ടുകരിക്കണം.”

യൂറോപ്യൻ വൻകരയിലെ കത്തോലിക്കാ മതവിചാരകർ, “വ്യവസ്ഥാപിത മതങ്ങളെ എതിർത്തിരുന്ന” ഫ്രഞ്ച്‌ വാൾഡെൻസുകാരെ പോലുള്ള വിഭാഗങ്ങളെ വേട്ടയാടുകയും അവരെ ഒറ്റപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്‌തിരുന്നു. “വിശുദ്ധ തിരുവെഴുത്തുകളിലെ ആശയങ്ങൾ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിൽനിന്ന്‌ സാമാന്യജനത്തെ വിലക്കിയിരുന്നിട്ടും . . . സുവിശേഷങ്ങളിൽനിന്നും ലേഖനങ്ങളിൽനിന്നും തിരുവെഴുത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും” പ്രസംഗിച്ചിരുന്നു എന്നതാണ്‌ അവർക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണം. ബൈബിളിനെ അതിയായി സ്‌നേഹിച്ചതിനാൽ നിരവധി സ്‌ത്രീപുരുഷന്മാർക്ക്‌ അതിക്രൂരമായ പീഡനമേറ്റു മരിക്കേണ്ടിവന്നു. കർത്താവിന്റെ മാതൃകാപ്രാർഥനയും പത്തു കൽപ്പനകളും ഉരുവിടുകയോ മക്കളെ പഠിപ്പിക്കുകയോ ചെയ്‌താലുള്ള ശിക്ഷ അതിനിഷ്‌ഠുരമായിരുന്നു എന്നറിയാമായിരുന്നിട്ടും അവർ അതിൽനിന്നു പിന്മാറിയില്ല.

വടക്കേ അമേരിക്കയെ തങ്ങളുടെ കോളനിയാക്കാൻ അവിടെ എത്തിച്ചേർന്ന യൂറോപ്യന്മാരിൽ അനേകർക്കും ബൈബിളിനോട്‌ ആഴമായ സ്‌നേഹമുണ്ടായിരുന്നു. ആദിമ അമേരിക്കയിൽ “മതഭക്തിയും [ബൈബിൾ] വായനയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടായിരുന്നു. ഒരു ജനസംസ്‌കാരത്തെ നിർവചിച്ചിരുന്നതു പോലും ബൈബിളിനെ കുറിച്ച്‌ ആ ജനതയ്‌ക്കുള്ള അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു” എന്ന്‌ സ്വകാര്യ ജീവിതത്തിന്റെ ഒരു ചരിത്രം​—⁠നവോത്ഥാന അഭിനിവേശങ്ങൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു. വാസ്‌തവത്തിൽ, 1767-ൽ ബോസ്റ്റണിൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു മതപ്രസംഗം ഇപ്രകാരം ശുപാർശ ചെയ്‌തു: “ശുഷ്‌കാന്തിയോടെ ബൈബിൾ വായിക്കുക. ദിവസവും രാവിലെയും വൈകുന്നേരവും അതിലെ ഒരു അധ്യായമെങ്കിലും വായിച്ചിരിക്കണം.”

കാലിഫോർണിയയിലെ വെൻറ്റ്യൂറയിലുള്ള ബാർനാ റിസേർച്ച്‌ ഗ്രൂപ്പിന്റെ കണക്കനുസരിച്ച്‌, 90 ശതമാനത്തിലധികം അമേരിക്കക്കാർക്കും ശരാശരി മൂന്നു ബൈബിൾ വീതം ഉണ്ട്‌. എന്നാൽ, അവർ ബൈബിളിനെ വലിയ മതിപ്പോടെ വീക്ഷിക്കുന്നെങ്കിലും “അതു വായിക്കാനും പഠിക്കാനും ബാധകമാക്കാനും . . . പണ്ടത്തെപ്പോലെ സമയം ചെലവഴിക്കുന്നില്ല” എന്ന്‌ മറ്റൊരു സമീപകാല പഠനം കണ്ടെത്തി. മിക്കവർക്കും ബൈബിളിനെപ്പറ്റി കേവല പരിചയം മാത്രമാണുള്ളത്‌. ഒരു പത്രത്തിലെ കോളമെഴുത്തുകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഇന്നത്തെ പ്രശ്‌നങ്ങൾക്കും ആകുലതകൾക്കുമുള്ള യഥാർഥ പരിഹാരം [ബൈബിൾ] നിർദേശിക്കുന്നുവെന്ന്‌ ആളുകൾ കരുതുന്നതേയില്ല.”

മതേതര ചിന്തയുടെ കടന്നുകയറ്റം

യുക്തിചിന്തയും സഹകരണവും ഉണ്ടെങ്കിൽ എന്തും നേടാം എന്നാണ്‌ ഇന്ന്‌ പൊതുവെയുള്ള വിശ്വാസം. എന്നാൽ ബൈബിൾ, വസ്‌തുതകളും സത്യവും അടങ്ങിയ ഒരു ഗ്രന്ഥമാണെന്ന്‌ അനേകരും വിശ്വസിക്കുന്നില്ല. പകരം, മതപരമായ ആശയങ്ങളും വ്യക്തികളുടെ അനുഭവങ്ങളും അടങ്ങിയ അനേകം പുസ്‌തകങ്ങളിൽ ഒന്നു മാത്രമായിട്ടാണ്‌ അവർ അതിനെ കാണുന്നത്‌.

അങ്ങനെയെങ്കിൽ, ജീവിതത്തിൽ അടിക്കടി വർധിച്ചുവരുന്ന സങ്കീർണവും അസ്വാസ്ഥ്യജനകവുമായ പ്രശ്‌നങ്ങളെ മിക്കവരും എങ്ങനെയാണ്‌ കൈകാര്യം ചെയ്യുന്നത്‌? ധാർമികവും മതപരവുമായ ഈടുറ്റ മാർഗനിർദേശമോ ലക്ഷ്യബോധമോ ഇല്ലാത്ത ഒരു ആത്മീയ ശൂന്യതയിൽപ്പെട്ട്‌ അവർ നട്ടം തിരിയുകയാണ്‌. “മനുഷ്യരുടെ ചതിയാലും ഉപായത്താലും തെററിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാററിനാൽ അലഞ്ഞുഴലുന്ന” ചുക്കാനില്ലാത്ത കപ്പലുകൾ പോലെ ആയിത്തീർന്നിരിക്കുകയാണ്‌ അവർ.​—⁠എഫെസ്യർ 4:⁠14.

ആ സ്ഥിതിക്ക്‌, വെറുമൊരു മതഗ്രന്ഥം എന്നതിൽ കവിഞ്ഞ എന്തെങ്കിലും പ്രാധാന്യം ബൈബിളിനുണ്ടോ? അതോ, പ്രായോഗികവും അനിവാര്യവുമായ വിവരങ്ങൾ അടങ്ങിയ ദൈവവചനമാണോ അത്‌? (2 തിമൊഥെയൊസ്‌ 3:16, 17) നാം ബൈബിൾ പരിശോധിക്കേണ്ടതുണ്ടോ? അടുത്ത ലേഖനം ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നു.

[3-ാം പേജിലെ ചിത്രം]

ഡേസിഡെറിയുസ്‌ ഇറാസ്‌മസ്‌

[കടപ്പാട്‌]

From the book Deutsche Kulturgeschichte

[4-ാം പേജിലെ ചിത്രം]

തിരുവെഴുത്തുകളിൽനിന്നു പ്രസംഗിച്ചതിനാൽ വാൾഡെൻസുകാർക്കു കടുത്ത പീഡനം സഹിക്കേണ്ടിവന്നു

[കടപ്പാട്‌]

Stichting Atlas van Stolk, Rotterdam