വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭരണസംഘം നിയമപരമായ ഒരു കോർപ്പറേഷനിൽനിന്ന്‌ വ്യത്യാസപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

ഭരണസംഘം നിയമപരമായ ഒരു കോർപ്പറേഷനിൽനിന്ന്‌ വ്യത്യാസപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

ഭരണസംഘം നിയമപരമായ ഒരു കോർപ്പറേഷനിൽനിന്ന്‌ വ്യത്യാസപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?

വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയ 1885 ജനുവരി മുതൽ വാർഷിക യോഗങ്ങൾ നടത്തിവരുന്നു. അഭിഷിക്ത ക്രിസ്‌ത്യാനികളുടെ കൂട്ടിച്ചേർപ്പ്‌ നടന്നുകൊണ്ടിരുന്ന 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഈ കോർപ്പറേഷന്റെ ഡയറക്ടർമാരും ഓഫീസർമാരും സ്വർഗീയ പ്രത്യാശയുള്ളവരായിരുന്നു. അത്‌ എല്ലായ്‌പോഴുംതന്നെ അങ്ങനെ ആയിരുന്നിട്ടുണ്ട്‌.

ഹെയ്‌ഡൻ സി. കവിങ്‌ടൺ സൊസൈറ്റിയുടെ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെട്ട 1940-ൽ മാത്രമാണ്‌ ഒരു വ്യത്യാസമുണ്ടായത്‌. സൊസൈറ്റിയുടെ അപ്പോഴത്തെ നിയമോപദേഷ്ടാവ്‌ ആയിരുന്ന അദ്ദേഹം ഭൗമിക പ്രത്യാശയുള്ള, ‘വേറെയാടുകളിൽ’പ്പെട്ട ഒരുവനായിരുന്നു. (യോഹന്നാൻ 10:16) 1942 മുതൽ 1945 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹമായിരുന്നു സൊസൈറ്റിയുടെ വൈസ്‌ പ്രസിഡന്റ്‌. എന്നാൽ പെൻസിൽവേനിയ കോർപ്പറേഷന്റെ എല്ലാ ഡയറക്ടർമാരും ഓഫീസർമാരും അഭിഷിക്ത ക്രിസ്‌ത്യാനികൾ ആയിരിക്കണമെന്നതു യഹോവയുടെ ഇഷ്ടമായി കാണപ്പെട്ടതിനാൽ കവിങ്‌ടൺ സഹോദരൻ 1945-ൽ ഡയറക്ടർ സ്ഥാനം രാജിവെച്ചു. ഹെയ്‌ഡൻ സി. കവിങ്‌ടണിനു പകരം ലൈമൻ എ. സ്വിംഗൾ ഡയറക്ടർ ബോർഡിലെ അംഗമായി. ഫ്രഡറിക്‌ ഡബ്ല്യു. ഫ്രാൻസ്‌ വൈസ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയുടെ എല്ലാ ഡയറക്ടർമാരും ഓഫീസർമാരും അഭിഷിക്ത ക്രിസ്‌ത്യാനികൾ ആയിരിക്കണമെന്ന്‌ യഹോവയുടെ ദാസന്മാർ വിശ്വസിച്ചിരുന്നത്‌ എന്തുകൊണ്ടാണ്‌? ആ സമയത്ത്‌ പെൻസിൽവേനിയ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ്‌ അംഗങ്ങളും ഓഫീസർമാരും ഭരണസംഘത്തിലെ അംഗങ്ങളായിരുന്നു എന്നതാണ്‌ അതിനു കാരണം. ഭരണസംഘത്തിലാകട്ടെ എല്ലായ്‌പോഴും ആത്മാഭിഷിക്ത സഹോദരന്മാരാണ്‌ ഉണ്ടായിരുന്നിട്ടുള്ളത്‌.

ചരിത്രപ്രധാനമായ ഒരു വാർഷിക യോഗം

1944 ഒക്‌ടോബർ 2-ന്‌ പിറ്റ്‌സ്‌ബർഗിൽ ചേർന്ന വാർഷിക യോഗത്തിൽ കോർപ്പറേഷൻ അംഗങ്ങൾ പെൻസിൽവേനിയ കോർപ്പറേഷന്റെ ചാർട്ടറിന്‌ ഭേദഗതി വരുത്തിക്കൊണ്ടുള്ള ആറ്‌ പ്രമേയങ്ങൾ പാസ്സാക്കുകയുണ്ടായി. ചാർട്ടർ പ്രകാരം സൊസൈറ്റിയുടെ വേലയ്‌ക്ക്‌ സംഭാവന നൽകുന്നവർക്ക്‌ വോട്ടവകാശം ലഭിക്കുമായിരുന്നു. എന്നാൽ മൂന്നാമത്തെ ഭേദഗതി ആ വ്യവസ്ഥ റദ്ദാക്കി. ആ വാർഷിക യോഗത്തെ കുറിച്ചുള്ള ഒരു റിപ്പോർട്ട്‌ ഇങ്ങനെ പറഞ്ഞു: “സൊസൈറ്റിയിൽ 500 അംഗങ്ങളിൽ കൂടുതൽ ഉണ്ടായിരിക്കുകയില്ല . . . തിരഞ്ഞെടുക്കപ്പെടുന്ന ഓരോ വ്യക്തിയും സൊസൈറ്റിയുടെ മുഴുസമയ ദാസനോ യഹോവയുടെ സാക്ഷികളുടെ ഒരു കമ്പനിയുമായി [സഭയുമായി] സഹവസിക്കുന്നവനോ ആയിരിക്കണം. അയാൾ കർത്താവിന്റെ ആത്മാവ്‌ പ്രകടിപ്പിക്കേണ്ടതുണ്ട്‌.”

അതേ തുടർന്ന്‌, യഹോവയ്‌ക്കു പൂർണമായി സമർപ്പിച്ച വ്യക്തികൾ വോട്ടു ചെയ്‌ത്‌ സൊസൈറ്റിയുടെ ഡയറക്ടർമാരെ തെരഞ്ഞെടുക്കാൻ തുടങ്ങി. രാജ്യവേലയ്‌ക്ക്‌ വ്യക്തികൾ നൽകുന്ന സംഭാവനകളും തെരഞ്ഞെടുപ്പും തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. ഇത്‌ യെശയ്യാവു 60:​17-ൽ മുൻകൂട്ടി പറയപ്പെട്ട ക്രമാനുഗത പൊരുത്തപ്പെടുത്തലുകൾക്കു ചേർച്ചയിലാണെന്നു തെളിഞ്ഞു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ഞാൻ താമ്രത്തിന്നു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.” ‘നായകന്മാരെയും’ ‘അധിപതിമാരെയും’ പരാമർശിച്ചുകൊണ്ട്‌ ഈ പ്രവചനം യഹോവയുടെ ജനത്തിനിടയിൽ നടക്കാനിരുന്ന സംഘടനാപരമായ നടപടിക്രമങ്ങളിലെ പൊരുത്തപ്പെടുത്തലുകളിലേക്കു വിരൽ ചൂണ്ടി.

സംഘടനയെ ദിവ്യാധിപത്യ ക്രമീകരണത്തിനു ചേർച്ചയിൽ കൊണ്ടുവരാനുള്ള ഈ സുപ്രധാന നടപടി സ്വീകരിച്ചത്‌ ദാനീയേൽ 8:​14-ൽ പരാമർശിച്ചിരിക്കുന്ന “രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും” തികഞ്ഞപ്പോഴാണ്‌. ആ സമയത്ത്‌ “വിശുദ്ധമന്ദിരം യഥാസ്ഥാന”പ്പെടുത്തപ്പെട്ടു.

എന്നാൽ 1944-ലെ ചരിത്രപ്രധാനമായ വാർഷിക യോഗത്തിനു ശേഷം മർമപ്രധാനമായ ഒരു ചോദ്യം അവശേഷിച്ചു. ഭരണസംഘത്തിലെ അംഗങ്ങൾതന്നെ പെൻസിൽവേനിയ കോർപ്പറേഷന്റെ ഏഴംഗ ഡയറക്ടർ ബോർഡിലും സേവിച്ചിരുന്നതുകൊണ്ട്‌ ഭരണസംഘത്തിൽ ഒരിക്കലും ഏഴ്‌ അഭിഷിക്ത ക്രിസ്‌ത്യാനികളിൽ കൂടുതൽ ഉണ്ടായിരിക്കാൻ പാടില്ല എന്ന്‌ അത്‌ അർഥമാക്കിയോ? മാത്രമല്ല, ഡയറക്ടർമാരെ തെരഞ്ഞെടുത്തിരുന്നത്‌ കോർപ്പറേഷൻ അംഗങ്ങൾ ആയിരുന്നതിനാൽ അവർ ഓരോ വർഷവും വാർഷിക യോഗത്തിൽ ഭരണസംഘത്തിലെ അംഗങ്ങളെ തെരഞ്ഞെടുക്കുകയായിരുന്നുവോ? വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയുടെ ഡയറക്ടർമാരും ഓഫീസർമാരും ഭരണസംഘത്തിലെ അംഗങ്ങളും ഒന്നായിരിക്കേണ്ടതുണ്ടോ?

അവിസ്‌മരണീയമായ മറ്റൊരു വാർഷിക യോഗം

1971 ഒക്‌ടോബർ 1-ന്‌ നടത്തപ്പെട്ട വാർഷിക യോഗത്തിൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചു. “വിശ്വസ്‌തനും വിവേകിയുമായ അടിമ”യുടെ ഭരണസംഘം വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയെക്കാൾ നൂറുകണക്കിനു വർഷം പഴക്കമുള്ളതാണെന്ന്‌ ആ സന്ദർഭത്തിൽ ഒരു പ്രസംഗകൻ ചൂണ്ടിക്കാട്ടി. (മത്തായി 24:​45-47, NW) പെൻസിൽവേനിയ കോർപ്പറേഷൻ നിലവിൽ വരുന്നതിനു 18-ലധികം നൂറ്റാണ്ടുകൾക്കു മുമ്പ്‌ പൊ.യു. 33-ലെ പെന്തെക്കൊസ്‌തിൽ ഭരണസംഘം രൂപീകൃതമായി. ആദ്യത്തെ ഭരണസംഘത്തിൽ 7 അംഗങ്ങളല്ല ഉണ്ടായിരുന്നത്‌. മറിച്ച്‌ അപ്പൊസ്‌തലന്മാർ 12 പേരും അതിന്റെ ഭാഗമായിരുന്നു. പിന്നീട്‌ ‘യെരൂശലേമിൽ അപ്പൊസ്‌തലന്മാരും മൂപ്പന്മാരും’ നേതൃത്വമെടുക്കുന്നതിനെ കുറിച്ചു പറഞ്ഞിരിക്കുന്നതിനാൽ ഭരണസംഘത്തിലെ അംഗങ്ങളുടെ എണ്ണം വർധിച്ചുവെന്നതു വ്യക്തമാണ്‌.​—⁠പ്രവൃത്തികൾ 15:⁠2.

1971-ൽ അതേ പ്രസംഗകൻതന്നെ വാച്ച്‌ ടവർ സൊസൈറ്റിയുടെ അംഗങ്ങൾക്ക്‌ അഭിഷിക്തരായ ഭരണസംഘാംഗങ്ങളെ തെരഞ്ഞെടുക്കാൻ കഴിയില്ലെന്നു വിശദീകരിച്ചു. എന്തായിരുന്നു കാരണം? അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എന്തുകൊണ്ടെന്നാൽ ‘ദാസ’വർഗത്തിന്റെ ഭരണസംഘത്തെ നിയമിക്കുന്നത്‌ ഏതെങ്കിലും മനുഷ്യനല്ല. മറിച്ച്‌ സത്യക്രിസ്‌തീയ സഭയുടെ ശിരസ്സും ‘വിശ്വസ്‌തനും വിവേകിയുമായ അടിമ’ വർഗത്തിന്റെ യജമാനനും കർത്താവുമായ യേശുക്രിസ്‌തുവാണ്‌ . . . അതിനെ നിയമിക്കുന്നത്‌.” അപ്പോൾ വ്യക്തമായും ഭരണസംഘത്തിലെ അംഗങ്ങളെ തെരഞ്ഞെടുക്കാൻ ഒരു നിയമ കോർപ്പറേഷനിലെയും അംഗങ്ങൾക്കു സാധിക്കുകയില്ല.

പ്രസംഗകൻ തുടർന്ന്‌ പ്രധാനപ്പെട്ട ഈ പ്രസ്‌താവന നടത്തി: “സൊസൈറ്റിയുടെ ഡയറക്ടർ ബോർഡിനുള്ളതു പോലെ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി-ട്രഷറർ, അസ്സിസ്റ്റന്റ്‌ സെക്രട്ടറി-ട്രഷറർ എന്നിങ്ങനെയുള്ള ഓഫീസർമാർ ഭരണസംഘത്തിനില്ല. ഭരണസംഘത്തിനുള്ളത്‌ ഒരു അധ്യക്ഷൻ മാത്രമാണ്‌.” പല വർഷങ്ങളായി പെൻസിൽവേനിയ കോർപ്പറേഷന്റെ പ്രസിഡന്റു തന്നെയായിരുന്നു ഭരണസംഘത്തിലെ ഏറ്റവും മുഖ്യ അംഗവും. എന്നാൽ അതിനു മാറ്റം വരുമായിരുന്നു. ഭരണസംഘത്തിലെ എല്ലാ അംഗങ്ങൾക്കും ഒരേ അനുഭവപരിചയവും കഴിവുമല്ല ഉള്ളതെങ്കിലും അവർക്കു തുല്യ ഉത്തരവാദിത്വം ഉണ്ടായിരിക്കുമായിരുന്നു. പ്രസംഗകൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇനി മുതൽ ഭരണസംഘത്തിലെ ഏത്‌ അംഗത്തിനു വേണമെങ്കിലും അധ്യക്ഷനായിരിക്കാൻ കഴിയും. അതിന്‌ അവർ . . . സൊസൈറ്റിയുടെ . . . പ്രസിഡന്റ്‌ ആയിരിക്കണമെന്നില്ല. . . . ഓരോരുത്തർക്കും തങ്ങളുടെ ഊഴമനുസരിച്ച്‌ അധ്യക്ഷസ്ഥാനം ലഭിക്കുന്നത്‌ ആയിരിക്കും.”

1971-ലെ അവിസ്‌മരണീയമായ ആ വാർഷിക യോഗത്തിൽ ഭരണസംഘത്തിലെ ആത്മാഭിഷിക്ത അംഗങ്ങളും പെൻസിൽവേനിയ കോർപ്പറേഷന്റെ ഡയറക്ടർമാരും തമ്മിലുള്ള വ്യത്യാസം വളരെ വ്യക്തമാക്കപ്പെട്ടു. എന്നിരുന്നാലും, ഭരണസംഘാംഗങ്ങൾ സൊസൈറ്റിയുടെ ഡയറക്ടർമാരും ഓഫീസർമാരുമായി സേവിക്കുന്നതിൽ തുടർന്നു. എന്നാൽ ഇന്ന്‌ മറ്റൊരു ചോദ്യം ഉയർന്നു വരുന്നു: ഭരണസംഘത്തിലെ അംഗങ്ങൾക്കു മാത്രമേ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയുടെ ഡയറക്ടർമാർ ആയിരിക്കാനാവൂ എന്നു കരുതുന്നതിന്‌ തിരുവെഴുത്തുപരമായ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?

ഇല്ല എന്നതാണ്‌ ഉത്തരം. യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന ഏക നിയമ കോർപ്പറേഷനല്ല പെൻസിൽവേനിയ കോർപ്പറേഷൻ. വേറെയും കോർപ്പറേഷനുകളുണ്ട്‌. ഉദാഹരണത്തിന്‌ ഐക്യനാടുകളിലെ വേലയുടെ നടത്തിപ്പിൽ സഹായിക്കുന്നത്‌ വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ന്യൂയോർക്ക്‌, ഇൻകോർപ്പറേറ്റഡ്‌ ആണ്‌. ആ കോർപ്പറേഷന്റെ ഡയറക്ടർമാരും ഓഫീസർമാരും മുഖ്യമായും ‘വേറെയാടുകളിൽ’ പെട്ടവരാണെങ്കിലും അതിന്മേൽ യഹോവയുടെ അനുഗ്രഹം വ്യക്തമായി ദർശിക്കാൻ കഴിയുന്നു. ബ്രിട്ടനിൽ അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടന പ്രവർത്തിക്കുന്നു. മറ്റു രാജ്യങ്ങളിലും സമാനമായി രാജ്യ താത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിന്‌ നിയമ കോർപ്പറേഷനുകൾ ഉപയോഗിക്കുന്നു. ഇവയെല്ലാം ഭൂവ്യാപകമായി സുവാർത്ത പ്രസംഗിക്കുന്നതിൽ പങ്കു വഹിക്കുകയും ആ വേലയെ ഏകീകൃതമായി പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഈ കോർപ്പറേഷനുകളെല്ലാം എവിടെ സ്ഥിതിചെയ്‌താലും അവയുടെ ഡയറക്ടർമാരും ഓഫീസർമാരും ആരായിരുന്നാലും അവ ദിവ്യാധിപത്യപരമായി വഴിനടത്തപ്പെടുകയും ഭരണസംഘത്താൽ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിൽ ഓരോ കോർപ്പറേഷനും നിയമിത ഉത്തരവാദിത്വങ്ങൾ ഉണ്ട്‌.

നിയമപരമായ കോർപ്പറേഷനുകൾ ഉള്ളത്‌ നമുക്കു നല്ലതാണ്‌. അവ ഉണ്ടായിരിക്കുക വഴി നാം ദൈവവചനം നിഷ്‌കർഷിക്കുന്നതു പോലെ പ്രാദേശികവും ദേശീയവുമായ നിയമങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നു. (യിരെമ്യാവു 32:11; റോമർ 13:⁠1) ബൈബിളുകളും പുസ്‌തകങ്ങളും മാസികകളും ലഘുപത്രികകളും മറ്റും അച്ചടിച്ചുകൊണ്ട്‌ നിയമപരമായ കോർപ്പറേഷനുകൾ രാജ്യസന്ദേശം വ്യാപിപ്പിക്കുക എന്ന നമ്മുടെ വേല എളുപ്പമാക്കുന്നു. കൂടാതെ, വസ്‌തുവകകളുടെ ഉടമസ്ഥാവകാശം, ദുരിതാശ്വാസ പ്രവർത്തനം, കൺവെൻഷൻ സൗകര്യങ്ങൾ സംബന്ധിച്ച കരാറുകൾ എന്നിങ്ങനെയുള്ള സംഗതികളിൽ ഈ കോർപ്പറേഷനുകൾ നിയമപരമായ ഉപകരണങ്ങളായി വർത്തിക്കുന്നു. ഈ നിയമ കോർപ്പറേഷനുകളുടെ സേവനങ്ങൾക്കു നാം നന്ദിയുള്ളവരാണ്‌.

യഹോവയുടെ നാമം ഒന്നാം സ്ഥാനത്തേക്ക്‌

1944-ൽ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയുടെ ലക്ഷ്യങ്ങൾക്ക്‌ ഊന്നൽ നൽകുന്നതിനായി അതിന്റെ ചാർട്ടറിന്റെ രണ്ടാമത്തെ വകുപ്പിനു ഭേദഗതി വരുത്തി. ചാർട്ടർ പ്രകാരം സൊസൈറ്റിയുടെ മുഖ്യ ഉദ്ദേശ്യം ഇതാണ്‌: “സർവശക്തനാം ദൈവമായ യഹോവയുടെ നാമത്തിനും വചനത്തിനും പരമാധികാരത്തിനും ഒരു സാക്ഷ്യമെന്ന നിലയിൽ യേശുക്രിസ്‌തുവിൻ കീഴിലുള്ള ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത സകല ജനതകളോടും പ്രസംഗിക്കുക.”

1926 മുതൽ ‘വിശ്വസ്‌ത അടിമ’ യഹോവയുടെ നാമം ഒന്നാം സ്ഥാനത്തേക്കു കൊണ്ടുവന്നിരിക്കുന്നു. 1931 എന്ന വർഷം വിശേഷാൽ ശ്രദ്ധേയമായിരുന്നു. ആ വർഷം ബൈബിൾ വിദ്യാർഥികൾ യഹോവയുടെ സാക്ഷികൾ എന്ന പേരു സ്വീകരിച്ചു. (യെശയ്യാവു 43:​10-12) ദൈവനാമത്തിന്‌ ഊന്നൽ നൽകിയിരിക്കുന്ന സൊസൈറ്റിയുടെ ചില പ്രസിദ്ധീകരണങ്ങളാണ്‌ യഹോവ (1934) (ഇംഗ്ലീഷ്‌), ‘അങ്ങയുടെ നാമം വിശുദ്ധീകരിക്കപ്പെടേണമേ’ (1961) (ഇംഗ്ലീഷ്‌), ‘ഞാൻ യഹോവയെന്നു ജനതകൾ അറിയും’​—⁠എങ്ങനെ? (1971) (ഇംഗ്ലീഷ്‌) എന്നിവ.

1960-ൽ ഇംഗ്ലീഷിൽ മുഴുവനായും പ്രസിദ്ധീകരിക്കപ്പെട്ട വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തെ കുറിച്ച്‌ എടുത്തു പറയേണ്ടിയിരിക്കുന്നു. അതിൽ എബ്രായ തിരുവെഴുത്തുകളിൽ ചതുരക്ഷര ദൈവനാമം പ്രത്യക്ഷപ്പെടുന്നിടത്തെല്ലാം യഹോവ എന്ന നാമം ഉൾപ്പെടുത്തിയിട്ടുണ്ട്‌. കൂടാതെ ഈ ഭാഷാന്തരത്തിൽ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിലും ദൈവനാമം പ്രത്യക്ഷപ്പെടേണ്ടതാണെന്നു സൂക്ഷ്‌മ വിശകലനത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞ 237 ഇടങ്ങളിൽ അതു കൊടുത്തിരിക്കുന്നു. യഹോവയുടെ നാമം ഭൂവ്യാപകമായി ഘോഷിക്കുന്നതിന്‌ പ്രസിദ്ധീകരണ സൗകര്യങ്ങളും നിയമപരമായ കോർപ്പറേഷനുകളും പല വിധങ്ങളിൽ ഉപയോഗപ്പെടുത്താൻ “അടിമ”യെയും അതിന്റെ ഭരണസംഘത്തെയും യഹോവ അനുവദിച്ചിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്‌!

ദൈവവചനത്തിന്റെ വിതരണം പ്രോത്സാഹിപ്പിക്കപ്പെടുന്നു

ദശലക്ഷക്കണക്കിന്‌ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും ബൈബിൾതന്നെയും പ്രസിദ്ധീകരിച്ച്‌ വിതരണം ചെയ്‌തുകൊണ്ട്‌ യഹോവയുടെ ജനം എല്ലായ്‌പോഴും അവന്റെ നാമത്തിനു സാക്ഷ്യം നൽകുകയും അവന്റെ വചനത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്‌തിരിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വാച്ച്‌ ടവർ സൊസൈറ്റിക്ക്‌ ബെഞ്ചമിൻ വിൽസന്റെ ദി എംഫാറ്റിക്‌ ഡയഗ്ലട്ടിന്റെ​—⁠ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരു ഗ്രീക്ക്‌-ഇംഗ്ലീഷ്‌ വരിമധ്യ പരിഭാഷ​—⁠പകർപ്പവകാശം ലഭിച്ചു. 500 പേജുള്ള അനുബന്ധത്തോടു കൂടിയ ജയിംസ്‌ രാജാവിന്റെ ഭാഷാന്തരത്തിന്റെ ബൈബിൾ വിദ്യാർഥികളുടെ ഒരു പതിപ്പ്‌ സൊസൈറ്റി പ്രസിദ്ധീകരിച്ചു. 1942-ൽ സൊസൈറ്റി മാർജിനിൽ പരാമർശങ്ങൾ ഉള്ള ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം പ്രസിദ്ധപ്പെടുത്തി. പിന്നീട്‌ 1944-ൽ, ദൈവനാമം ഉണ്ടായിരുന്ന അമേരിക്കൻ പ്രമാണ ഭാഷാന്തരത്തിന്റെ 1901-ലെ പതിപ്പ്‌ സൊസൈറ്റി അച്ചടിക്കാൻ തുടങ്ങി. കൂടാതെ, 1972-ൽ സൊസൈറ്റി പ്രസിദ്ധീകരിച്ച സ്റ്റീഫൻ ടി. ബയിങ്‌ടണിന്റെ ദ ബൈബിൾ ഇൻ ലിവിങ്‌ ഇംഗ്ലീഷിലും ദൈവനാമം ഉണ്ടായിരുന്നു.

ഈ ബൈബിൾ ഭാഷാന്തരങ്ങളെല്ലാം അച്ചടിച്ച്‌ വിതരണം ചെയ്യുന്നതിൽ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന നിയമപരമായ കോർപ്പറേഷനുകൾ സഹായിച്ചിരിക്കുന്നു. എന്നിരുന്നാലും വാച്ച്‌ ടവർ സൊസൈറ്റിയും പുതിയലോക ബൈബിൾ ഭാഷാന്തര കമ്മിറ്റിയിൽ ഉൾപ്പെട്ടിരിക്കുന്ന യഹോവയുടെ അഭിഷിക്ത സാക്ഷികളുടെ സംഘവും തമ്മിലുള്ള സഹകരണം എടുത്തു പറയത്തക്കതാണ്‌. ഇന്നോളം 38 ഭാഷകളിലായി മുഴുവനായോ ഭാഗികമായോ പുതിയലോക ഭാഷാന്തരത്തിന്റെ 10,64,00,000 പ്രതികൾ അച്ചടിച്ചിരിക്കുന്നു എന്നതിൽ നാം സന്തോഷിക്കുന്നു. ദ വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയ തീർച്ചയായും ഒരു ബൈബിൾ സൊസൈറ്റി തന്നെയാണ്‌!

‘വിശ്വസ്‌ത അടിമ’യെ ‘യജമാനൻ തന്റെ സകല വസ്‌തുവകകളിന്മേലും നിയമിച്ചിരിക്കുകയാണ്‌.’ ഈ വസ്‌തുവകകളിൽ യു.എ⁠സ്‌.എ.-യിലെ ന്യൂയോർക്ക്‌ സംസ്ഥാനത്തെ ഹെഡ്‌ക്വാർട്ടേഴ്‌സിലുള്ള സൗകര്യങ്ങളും ലോകവ്യാപകമായുള്ള 110 ബ്രാഞ്ചുകളും ഉൾപ്പെടുന്നു. തങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നത്‌ ഉപയോഗിക്കുന്ന വിധം സംബന്ധിച്ച്‌ തങ്ങൾ കണക്കു ബോധിപ്പിക്കേണ്ടി വരുമെന്ന്‌ അടിമ വർഗത്തിലെ അംഗങ്ങൾക്ക്‌ അറിയാം. (മത്തായി 25:​14-30) എന്നാൽ, അത്‌ നിയമപരവും ഭരണപരവുമായ ഉത്തരവാദിത്വങ്ങൾ കൈകാര്യം ചെയ്യാൻ ‘വേറെയാടുകളിലെ’ യോഗ്യതയുള്ള മേൽവിചാരകന്മാരെ അനുവദിക്കുന്നതിൽനിന്ന്‌ ‘ദാസ’വർഗത്തെ തടയുന്നില്ല. വാസ്‌തവത്തിൽ, അങ്ങനെ ചെയ്യുന്നത്‌ “പ്രാർത്ഥനയിലും വചനശുശ്രൂഷയിലും” ഉറ്റിരിക്കുന്നതിന്‌ കൂടുതൽ സമയം കണ്ടെത്താൻ ഭരണസംഘത്തിലെ അംഗങ്ങളെ സഹായിക്കുന്നു.​—⁠പ്രവൃത്തികൾ 6:⁠4.

ഈ ലോകാവസ്ഥകൾ അനുവദിക്കുന്നിടത്തോളം കാലം “വിശ്വസ്‌തനും വിവേകിയുമായ അടിമ”യെ പ്രതിനിധാനം ചെയ്യുന്ന ഭരണസംഘം നിയമപരമായ കോർപ്പറേഷനുകൾ ഉപയോഗിക്കുന്നതിൽ തുടരും. ഇവ സൗകര്യപ്രദമാണ്‌, എന്നാൽ ഒഴിച്ചുകൂടാനാവാത്തവയല്ല. നിയമപരമായ ഏതെങ്കിലുമൊരു കോർപ്പറേഷൻ പിരിച്ചുവിടാൻ ഗവൺമെന്റ്‌ ഉത്തരവിട്ടാലും പ്രസംഗവേല നിലയ്‌ക്കുകയില്ല. ഇപ്പോൾപ്പോലും, വിലക്കുകൾ നിലവിലുള്ള, നിയമപരമായ കോർപ്പറേഷനുകൾ ഇല്ലാത്ത രാജ്യങ്ങളിൽ രാജ്യസന്ദേശം പ്രഖ്യാപിക്കപ്പെടുകയും ശിഷ്യർ ഉളവാക്കപ്പെടുകയും ദിവ്യാധിപത്യ പ്രവർത്തനങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. യഹോവയുടെ സാക്ഷികൾ നടുകയും നനയ്‌ക്കുകയും ചെയ്യുന്നത്‌ ‘ദൈവം വളരുമാറാക്കുന്നതിനാൽ’ ആണ്‌ ഇത്‌ സംഭവിക്കുന്നത്‌.​—⁠1 കൊരിന്ത്യർ 3:​6, 7.

ഭാവിയിലും യഹോവ തന്റെ ജനത്തിന്റെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾക്കായി കരുതുമെന്ന പൂർണ ബോധ്യം നമുക്കുണ്ട്‌. രാജ്യപ്രസംഗ വേല പൂർത്തിയാക്കാൻ ആവശ്യമായ സ്വർഗീയ പിന്തുണയും മാർഗനിർദേശവും യഹോവയും അവന്റെ പുത്രനായ യേശുക്രിസ്‌തുവും തുടർന്നും പ്രദാനം ചെയ്യും. തീർച്ചയായും, ദൈവദാസരെന്ന നിലയിൽ നാം നേടുന്നതൊന്നും ‘സൈന്യത്താലോ ശക്തിയാലോ അല്ല, മറിച്ച്‌ യഹോവയുടെ ആത്മാവിനാലാണ്‌.’ (സെഖര്യാവു 4:⁠6) യഹോവ നൽകുന്ന ശക്തിയാൽ ഈ അന്ത്യകാലത്ത്‌ അവൻ നമ്മെ ഏൽപ്പിച്ചിരിക്കുന്ന വേല നമുക്കു പൂർത്തിയാക്കാൻ കഴിയുമെന്ന്‌ അറിഞ്ഞുകൊണ്ട്‌ നാം ദിവ്യസഹായത്തിനായി പ്രാർഥിക്കുന്നു!