യഹോവയുടെ സംഘടനയോടൊപ്പം മുന്നേറുവിൻ
യഹോവയുടെ സംഘടനയോടൊപ്പം മുന്നേറുവിൻ
‘സമാധാനത്തിന്റെ ദൈവം നിങ്ങളെ അവന്റെ ഇഷ്ടം ചെയ്വാൻ തക്കവണ്ണം എല്ലാ നന്മയിലും യഥാസ്ഥാനപ്പെടുത്തുമാറാകട്ടെ.’—എബ്രായർ 13:20, 21.
1. ലോക ജനസംഖ്യ എത്രയാണ്, ചില പ്രമുഖ മതങ്ങളിലെ അംഗസംഖ്യ എത്ര?
ലോക ജനസംഖ്യ 1999-ൽ 600 കോടിയിലെത്തി! അതിൽ ഏതാണ്ട് 116,50,00,000 പേർ മുസ്ലീങ്ങളും 103,00,00,000 പേർ റോമൻ കത്തോലിക്കരും 76,20,00,000 പേർ ഹിന്ദുക്കളും 35,40,00,000 പേർ ബുദ്ധമതക്കാരും 31,60,00,000 പേർ പ്രൊട്ടസ്റ്റന്റുകാരും 21,40,00,000 പേർ ഓർത്തഡോക്സുകാരും ആണെന്ന് ദ വേൾഡ് അൽമനാക് പ്രസ്താവിക്കുന്നു.
2. ഇന്നു നിലവിലുള്ള മതസ്ഥിതിവിശേഷത്തെ കുറിച്ച് എന്തു പറയാനാകും?
2 ഇന്നു നിലവിലുള്ള മതഭിന്നതയും ആശയക്കുഴപ്പവും കണക്കിലെടുക്കുമ്പോൾ ഈ മതങ്ങളിലെ അംഗങ്ങൾ ദൈവേഷ്ടത്തിനു ചേർച്ചയിലാണു പ്രവർത്തിക്കുന്നത് എന്നു പറയാനാകുമോ? തീർച്ചയായുമില്ല. എന്തെന്നാൽ, ‘ദൈവം കലക്കത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്.’ (1 കൊരിന്ത്യർ 14:33) അതേസമയം, യഹോവയുടെ ദാസന്മാരുടെ സാർവദേശീയ സാഹോദര്യത്തെ കുറിച്ച് എന്തു പറയാനാകും? (1 പത്രൊസ് 2:17) ‘സമാധാനത്തിന്റെ ദൈവം അവരെ തന്റെ ഇഷ്ടം ചെയ്വാൻ തക്കവണ്ണം എല്ലാ നന്മയിലും യഥാസ്ഥാനപ്പെടുത്തുന്നു’ എന്ന് ശ്രദ്ധാപൂർവകമായ പരിശോധന വെളിപ്പെടുത്തുന്നു.—എബ്രായർ 13:20, 21.
3. പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ യെരൂശലേമിൽവെച്ച് എന്തു സംഭവിച്ചു, എന്തുകൊണ്ട്?
3 യഹോവയുടെ സാക്ഷികളുടെ എണ്ണം അവർ ദൈവപ്രീതി ആസ്വദിക്കുന്നുണ്ടോ എന്നു നിർണയിക്കുന്നതിനുള്ള ഒരു മാനദണ്ഡം അല്ല. അംഗസംഖ്യയുടെ അടിസ്ഥാനത്തിലല്ല ദൈവം ഒരു ജനത്തോടു പ്രീതി കാണിക്കുന്നത്. ഇസ്രായേല്യർ മറ്റു ജനതകളെക്കാൾ ‘പെരുപ്പമുള്ളവർ’ ആയിരുന്നതുകൊണ്ടല്ല ദൈവം അവരെ തിരഞ്ഞെടുത്തത്. വാസ്തവത്തിൽ, അവർ മറ്റെല്ലാവരെക്കാളും ‘കുറഞ്ഞവർ’ ആയിരുന്നു. (ആവർത്തനപുസ്തകം 7:7) എന്നാൽ, അവർ യഹോവയോട് അവിശ്വസ്തത കാണിച്ചതു നിമിത്തം അവൻ അവരെ തള്ളിക്കളയുകയും പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ യേശുക്രിസ്തുവിന്റെ അനുഗാമികളുടെ പുതിയ സഭയ്ക്ക് തന്റെ അംഗീകാരം നൽകുകയും ചെയ്തു. യഹോവയുടെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട അവർ ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ചുള്ള സത്യം സതീക്ഷ്ണം മറ്റുള്ളവരെ അറിയിക്കുന്നതിൽ വ്യാപൃതരായി.—പ്രവൃത്തികൾ 2:41, 42.
നിരന്തരം മുന്നോട്ട്
4. ആദിമ ക്രിസ്തീയ സഭ നിരന്തരം മുന്നേറിക്കൊണ്ടിരുന്നു എന്ന് എങ്ങനെ പറയാനാകും?
4 ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തീയ സഭ നിരന്തരം മുന്നേറിക്കൊണ്ടിരുന്നു. ആദിമ ക്രിസ്ത്യാനികൾ പുതിയ പ്രദേശങ്ങളിൽ പ്രവർത്തനം തുടങ്ങുകയും ശിഷ്യരെ ഉളവാക്കുകയും ദൈവോദ്ദേശ്യം സംബന്ധിച്ച് കൂടുതലായ ഗ്രാഹ്യം നേടുകയും ചെയ്തുകൊണ്ടിരുന്നു. ദൈവനിശ്വസ്ത ലേഖനങ്ങളിലൂടെ ലഭിച്ച ആത്മീയ ഗ്രാഹ്യത്തിനൊത്ത് അവർ മുന്നേറി. അപ്പൊസ്തലന്മാരുടെയും മറ്റുള്ളവരുടെയും പ്രവൃത്തികൾ 10:21, 22; 13:46, 47; 2 തിമൊഥെയൊസ് 1:13; 4:5; എബ്രായർ 6:1-3; 2 പത്രൊസ് 3:17, 18.
സന്ദർശനത്താൽ പ്രോത്സാഹിതരായ അവർ തങ്ങളുടെ ശുശ്രൂഷ നിറപടിയായി നിവർത്തിച്ചു. അതിന്റെ വ്യക്തമായ തെളിവു നമുക്ക് ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ കാണാൻ കഴിയും.—5. ദൈവത്തിന്റെ സംഘടന ഇന്നു പുരോഗതി പ്രാപിക്കുന്നതിന്റെ കാരണമെന്ത്, നാം അതിനോടൊപ്പം മുന്നേറേണ്ടത് എന്തുകൊണ്ട്?
5 ആദിമ ക്രിസ്ത്യാനികളെ പോലെ യഹോവയുടെ ആധുനികകാല സാക്ഷികളും ചെറിയൊരു തുടക്കത്തിൽ നിന്നാണു വളർന്നുവന്നത്. (സെഖര്യാവു 4:8-10) ദൈവത്തിന്റെ സംഘടനയുടെമേൽ അവന്റെ ആത്മാവ് ഉണ്ടെന്ന് 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വ്യക്തമായി. മനുഷ്യ ശക്തിയിൽ ആശ്രയിക്കാതെ പരിശുദ്ധാത്മാവിന്റെ മാർഗദർശനത്തിൽ ആശ്രയിച്ചിരിക്കുന്നതു നിമിത്തം തിരുവെഴുത്തുകളെ കുറിച്ചു ഗ്രാഹ്യം നേടുന്നതിലും ദൈവേഷ്ടം ചെയ്യുന്നതിലും നാം പുരോഗതി കൈവരിച്ചിരിക്കുന്നു. (സെഖര്യാവു 4:6) ഈ “അന്ത്യകാലത്തു” ജീവിക്കുന്ന നാം യഹോവയുടെ പുരോഗമനാത്മക സംഘടനയോടൊപ്പം മുന്നേറുന്നതു മർമപ്രധാനമാണ്. (2 തിമൊഥെയൊസ് 3:1-5) അപ്രകാരം ചെയ്യുന്നത് നമ്മുടെ പ്രത്യാശ സജീവമായി നിലനിറുത്താനും ഈ ദുഷ്ടവ്യവസ്ഥിതി പൂർണമായി നശിപ്പിക്കപ്പെടുന്നതിനു മുമ്പ് ദൈവത്തിന്റെ സ്ഥാപിത രാജ്യത്തെ കുറിച്ചു സാക്ഷ്യം നൽകുന്നതിൽ പങ്കുപറ്റാനും നമ്മെ സഹായിക്കുന്നു.—മത്തായി 24:3-14.
6, 7. യഹോവയുടെ സംഘടന മുന്നേറിയിരിക്കുന്ന ഏതു മൂന്നു മണ്ഡലങ്ങളെ കുറിച്ചാണു നാം പരിചിന്തിക്കാൻ പോകുന്നത്?
6 1920-കളിലും ’30-കളിലും ’40-കളിലും യഹോവയുടെ സംഘടനയോടൊത്തു സഹവസിക്കാൻ തുടങ്ങിയവർ നമ്മുടെ ഇടയിലുണ്ട്. സംഘടന ഇന്നു കൈവരിച്ചിരിക്കുന്ന പുരോഗതി അന്ന് അവർക്കാർക്കെങ്കിലും വിഭാവന ചെയ്യാൻ കഴിയുമായിരുന്നോ? നമ്മുടെ ആധുനിക ചരിത്രത്തിലെ നാഴികക്കല്ലുകളെ കുറിച്ചു ചിന്തിക്കുക! ദിവ്യാധിപത്യപരമായി സംഘടിതരായ തന്റെ ജനത്തെ ഉപയോഗിച്ചുകൊണ്ട് യഹോവ നിർവഹിച്ചിരിക്കുന്ന കാര്യങ്ങളെ കുറിച്ചു ചിന്തിക്കുന്നത് തീർച്ചയായും ആത്മീയമായി നവോന്മേഷപ്രദമാണ്.
7 യഹോവയുടെ അത്ഭുതപ്രവൃത്തികളെ കുറിച്ചു ധ്യാനിക്കവെ പുരാതനകാല ദൈവദാസനായ ദാവീദ് ആഴമായ വിലമതിപ്പു പ്രകടിപ്പിക്കാൻ പ്രേരിതനായി. അവൻ പറഞ്ഞു: “ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.” (സങ്കീർത്തനം 40:5) നാമും സമാനമായ സ്ഥിതിവിശേഷത്തിലാണ്. നമ്മുടെ കാലത്ത് യഹോവ നിർവഹിച്ചിരിക്കുന്ന വലുതും സ്തുത്യർഹവുമായ കാര്യങ്ങൾ നമുക്ക് എണ്ണാനാകാത്തത്ര അധികമാണ്. എന്നിരുന്നാലും, യഹോവയുടെ സംഘടന മുന്നേറിയിരിക്കുന്ന മൂന്നു മണ്ഡലങ്ങളെ കുറിച്ചു നമുക്കിപ്പോൾ പരിചിന്തിക്കാം. (1) ക്രമാനുഗതമായ ആത്മീയ പ്രബുദ്ധത, (2) മെച്ചപ്പെട്ടതും വ്യാപകവുമായ ശുശ്രൂഷ, (3) സംഘടനാപരമായ നടപടിക്രമങ്ങളിലെ കാലോചിത പൊരുത്തപ്പെടുത്തലുകൾ.
ആത്മീയ പ്രബുദ്ധതയെപ്രതി നന്ദിയുള്ളവർ
8. സദൃശവാക്യങ്ങൾ 4:18-നു ചേർച്ചയിൽ, രാജ്യത്തെക്കുറിച്ച് എന്തു തിരിച്ചറിയാൻ ആത്മീയ പ്രബുദ്ധത നമ്മെ പ്രാപ്തരാക്കിയിരിക്കുന്നു?
8 ക്രമാനുഗതമായ ആത്മീയ പ്രബുദ്ധതയുടെ കാര്യത്തിൽ സദൃശവാക്യങ്ങൾ 4:18 പറയുന്നതു ശരിയെന്നു തെളിഞ്ഞിരിക്കുന്നു. “നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു” എന്ന് ആ വാക്യം പറയുന്നു. നാം അനുഭവിച്ചറിഞ്ഞിരിക്കുന്ന ക്രമാനുഗത ആത്മീയ പ്രബുദ്ധതയെപ്രതി നാം എത്ര നന്ദിയുള്ളവരാണ്! 1919-ൽ ഒഹായോയിലെ സീഡാർ പോയന്റിൽ നടന്ന കൺവെൻഷനിൽ ദൈവരാജ്യം എന്ന വിഷയം വിശേഷവത്കരിക്കപ്പെട്ടു. ആ രാജ്യം മുഖാന്തരമാണ് യഹോവ തന്റെ നാമം വിശുദ്ധീകരിക്കുകയും പരമാധികാരം സംസ്ഥാപിക്കുകയും ചെയ്യുന്നത്. വാസ്തവത്തിൽ, തന്റെ പുത്രൻ ഭരിക്കുന്ന രാജ്യം മുഖാന്തരം തന്റെ നാമം വിശുദ്ധീകരിക്കാനുള്ള യഹോവയുടെ ഉദ്ദേശ്യം ഉല്പത്തി മുതൽ വെളിപ്പാടു വരെയുള്ള പുസ്തകങ്ങളിൽ ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു എന്നു തിരിച്ചറിയാൻ ആത്മീയ പ്രബുദ്ധത നമ്മെ പ്രാപ്തരാക്കിയിരിക്കുന്നു. നീതിസ്നേഹികളായ ഏവരുടെയും മഹത്തായ പ്രത്യാശ കേന്ദ്രീകരിച്ചിരിക്കുന്നത് ആ രാജ്യത്തിലാണ്.—മത്തായി 12:18, 21.
9, 10. 1920-കളിൽ രാജ്യത്തെക്കുറിച്ചും പരസ്പരം എതിർക്കുന്ന രണ്ടു സംഘടനകളെ കുറിച്ചും ദൈവജനം എന്തു മനസ്സിലാക്കി, അതു നമ്മെ സഹായിച്ചിട്ടുള്ളത് എങ്ങനെ?
9 1922-ൽ സീഡാർ പോയന്റിൽവെച്ച് നടന്ന
കൺവെൻഷനിൽ പ്രധാന പ്രസംഗകനായിരുന്ന ജെ. എഫ്. റഥർഫോർഡ് ദൈവജനത്തോട് ഇങ്ങനെ ആഹ്വാനം ചെയ്തു: “രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ, പ്രസിദ്ധമാക്കുവിൻ.” 1925 മാർച്ച് 1-ലെ വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) പ്രസിദ്ധീകരിച്ച “ജനതയുടെ ജനനം” എന്ന ലേഖനം, ദൈവരാജ്യം 1914-ൽ സ്ഥാപിതമാകുന്നതിനെപ്പറ്റി പറയുന്ന പ്രവചനങ്ങൾ സംബന്ധിച്ച ആത്മീയ ഉൾക്കാഴ്ച പ്രദാനം ചെയ്തു. പരസ്പരം എതിർക്കുന്ന രണ്ടു സംഘടനകൾ—യഹോവയുടെയും സാത്താന്റെയും—ഉണ്ടെന്ന് 1920-കളിൽ ദൈവജനം മനസ്സിലാക്കി. ആ സംഘടനകൾ തമ്മിലുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. യഹോവയുടെ സംഘടനയോടൊപ്പം മുന്നേറുന്നെങ്കിൽ മാത്രമേ നാം വിജയിക്കുന്ന പക്ഷത്താണെന്നു പറയാനാകൂ.10 അത്തരം ആത്മീയ പ്രബുദ്ധത നമ്മെ സഹായിച്ചിരിക്കുന്നത് എങ്ങനെയാണ്? ദൈവരാജ്യവും രാജാവായ യേശുക്രിസ്തുവും ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെ നാമും ലോകത്തിന്റെ ഭാഗമായിരിക്കരുത്. ലോകത്തിൽനിന്നു വേർപെട്ടിരിക്കുന്നതിലൂടെ നാം സത്യത്തിന്റെ പക്ഷത്താണെന്നതിനു തെളിവു നൽകുകയാണു ചെയ്യുന്നത്. (യോഹന്നാൻ 17:16; 18:37) ഈ ദുഷ്ടലോകത്തെ വരിഞ്ഞുമുറുക്കുന്ന സങ്കീർണമായ പ്രശ്നങ്ങൾ കാണുമ്പോൾ, സാത്താന്റെ സംഘടനയുടെ ഭാഗമല്ലാത്തതിൽ നാം എത്രയധികം നന്ദിയുള്ളവരാണ്! യഹോവയുടെ സംഘടനയ്ക്കുള്ളിൽ ആത്മീയ സുരക്ഷിതത്വം കണ്ടെത്താൻ കഴിഞ്ഞിരിക്കുന്ന നാം എത്ര അനുഗൃഹീതരാണ്!
11. 1931-ൽ ദൈവജനം തിരുവെഴുത്തധിഷ്ഠിതമായ ഏതു പേര് സ്വീകരിച്ചു?
11 1931-ൽ ഒഹായോവിലെ കൊളംബസിൽ നടന്ന കൺവെൻഷനിൽ, യെശയ്യാവു 43:10-12-നെ അടിസ്ഥാനമാക്കി ബൈബിൾ വിദ്യാർഥികൾ യഹോവയുടെ സാക്ഷികൾ എന്ന പേര് സ്വീകരിച്ചു. മറ്റുള്ളവർക്കും ദൈവനാമത്തെ വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാൻ കഴിയത്തക്കവിധം ആ നാമം പ്രസിദ്ധപ്പെടുത്തുന്നത് നമ്മെ സംബന്ധിച്ചിടത്തോളം എത്ര മഹത്തായ പദവിയാണ്!—സങ്കീർത്തനം 83:18; റോമർ 10:13.
12. 1935-ൽ മഹാപുരുഷാരത്തെ കുറിച്ച് എന്ത് ആത്മീയ പ്രബുദ്ധതയാണു പ്രദാനം ചെയ്യപ്പെട്ടത്?
12 1930-കൾക്കു മുമ്പ്, ദൈവജനത്തിൽ അനേകർക്കും തങ്ങളുടെ ഭാവി പ്രത്യാശ സംബന്ധിച്ചു വ്യക്തമായ ധാരണ ഇല്ലായിരുന്നു. സ്വർഗീയ ജീവനെ കുറിച്ചു ചിലർ ചിന്തിച്ചിരുന്നെങ്കിലും പറുദീസയെ കുറിച്ചുള്ള ബൈബിൾ പഠിപ്പിക്കലുകൾ അവരെ പുളകിതരാക്കിയിരുന്നു. അങ്ങനെയിരിക്കെ, 1935-ൽ വാഷിങ്ടൺ ഡി. സി.-യിൽ നടന്ന കൺവെൻഷനിൽവെച്ച് വെളിപ്പാടു 7-ാം അധ്യായത്തിലെ മഹാപുരുഷാരം ഭൗമിക പ്രത്യാശയുള്ള ഒരു ഗണമാണെന്നു വ്യക്തമാക്കിയപ്പോൾ എങ്ങും ആവേശം തിരതല്ലി. അന്നു മുതൽ മഹാപുരുഷാരത്തിന്റെ കൂട്ടിച്ചേർപ്പിന് ഗതിവേഗം വർധിച്ചിരിക്കുന്നു. മഹാപുരുഷാരം ആരാണെന്നത് മേലാൽ ഒരു മർമം അല്ലാത്തതിൽ നാം നന്ദിയുള്ളവരല്ലേ? സകല ജനതകളിലും ഗോത്രങ്ങളിലും ഭാഷകളിലും നിന്നുള്ള അനവധി ആളുകൾ കൂട്ടിച്ചേർക്കപ്പെടുന്നു എന്ന വസ്തുത, യഹോവയുടെ സംഘടനയോടൊപ്പം മുന്നേറുന്നതിൽ കഠിനശ്രമം ചെയ്യാൻ നമുക്കു പ്രചോദനമേകുന്നു.
13. 1941-ൽ അമേരിക്കയിലെ സെന്റ് ലൂയിസിൽ നടന്ന കൺവെൻഷനിൽ ഏതു വലിയ വിവാദവിഷയമാണു ചർച്ച ചെയ്യപ്പെട്ടത്?
13 1941-ൽ അമേരിക്കയിലുള്ള മിസൗറിയിലെ സെന്റ് ലൂയിസിൽ നടന്ന കൺവെൻഷനിൽ മുഴു മനുഷ്യവർഗവും തത്പരരായിരിക്കേണ്ട വലിയ വിവാദവിഷയം വിശേഷവത്കരിക്കപ്പെട്ടു—സാർവത്രിക ആധിപത്യം അഥവാ പരമാധികാരം. വളരെ പെട്ടെന്നു തീർപ്പുകൽപ്പിക്കപ്പെടേണ്ട ഒരു വിവാദമാണത്. അതിനുള്ള വലുതും ഭയജനകവുമായ ദിവസം അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു! 1941-ൽ, പ്രസ്തുത വിവാദവിഷയവുമായി ബന്ധപ്പെട്ട മറ്റൊരു സംഗതിയും ചർച്ച ചെയ്യപ്പെട്ടു—നമ്മുടെ വ്യക്തിപരമായ ദൃഢവിശ്വസ്തത. ദൈവത്തിന്റെ പരമാധികാരത്തെ പിന്താങ്ങുന്നു എന്നു തെളിയിക്കാൻ അതു നമ്മെ സഹായിക്കും.
14. 1950-ൽ നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ യെശയ്യാവു 32:1, 2-ലെ പ്രഭുക്കന്മാരെ കുറിച്ച് എന്തു ഗ്രാഹ്യം ലഭിച്ചു?
14 1950-ൽ ന്യൂയോർക്ക് നഗരത്തിൽ നടന്ന അന്താരാഷ്ട്ര കൺവെൻഷനിൽ വെച്ച്, സങ്കീർത്തനം 45:16-ലെ പ്രഭുക്കന്മാർ ആരാണെന്നു തിരിച്ചറിയിക്കപ്പെട്ടു. ഫ്രെഡറിക് ഫ്രാൻസ് സഹോദരനാണ് ആ വിഷയത്തെ കുറിച്ചു സംസാരിച്ചത്. പുതിയ ഭൂമിയിലെ പ്രഭുക്കന്മാർ നമ്മുടെ ഇടയിലുണ്ട് എന്ന് അദ്ദേഹം വിശദീകരിച്ചപ്പോൾ അവിടെ കൂടിയിരുന്ന സകലരും ആവേശഭരിതരായി. ആ കൺവെൻഷനിലും തുടർന്നു നടന്ന പല കൺവെൻഷനുകളിലും അനേകം ആത്മീയ ഒളിമിന്നലുകൾ ലഭിക്കുകയുണ്ടായി. (സങ്കീർത്തനം 97:11) നമ്മുടെ പാത “അധികമധികം ശോഭിച്ചു വരുന്ന” വെളിച്ചം പോലെ ആയിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!
നമ്മുടെ ശുശ്രൂഷയിൽ മുന്നോട്ട്
15, 16. (എ) 1920-കളിലും 1930-കളിലും നാം ശുശ്രൂഷയിൽ മുന്നേറിയതെങ്ങനെ? (ബി) സമീപ ദശകങ്ങളിൽ ക്രിസ്തീയ ശുശ്രൂഷയ്ക്ക് ആക്കം കൂട്ടാൻ ഉതകിയ പ്രസിദ്ധീകരണങ്ങൾ ഏവ?
15 യഹോവയുടെ സംഘടന മുന്നേറിയിരിക്കുന്ന രണ്ടാമത്തെ മണ്ഡലം നമ്മുടെ പ്രധാന പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാജ്യപ്രസംഗവും ശിഷ്യരാക്കൽ വേലയുമാണത്. (മത്തായി 28:19, 20; മർക്കൊസ് 13:10) ഈ വേല നിർവഹിക്കുന്നതിന്, നമ്മുടെ ശുശ്രൂഷ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സംഘടന നമ്മോട് ഊന്നിപ്പറഞ്ഞിരിക്കുന്നു. പ്രസംഗപ്രവർത്തനത്തിൽ പങ്കുപറ്റാൻ 1922-ൽ എല്ലാ ക്രിസ്ത്യാനികൾക്കും പ്രോത്സാഹനം ലഭിക്കുകയുണ്ടായി. തന്റെ വെളിച്ചം പ്രകാശിപ്പിക്കാനും അങ്ങനെ സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിൽ വ്യക്തിപരമായ ഒരു പങ്കുണ്ടായിരിക്കാനും ഓരോ ക്രിസ്ത്യാനിയും ബാധ്യസ്ഥനാണ് എന്നു വ്യക്തമാക്കപ്പെട്ടു. (മത്തായി 5:14-16) 1927-ൽ, ഞായറാഴ്ചകൾ വയൽശുശ്രൂഷയ്ക്കായി നീക്കിവെക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യപ്പെട്ടു. 1940 ഫെബ്രുവരി മുതൽ, സാക്ഷികൾ വീക്ഷാഗോപുരവും ആശ്വാസവും (ഇപ്പോഴത്തെ ഉണരുക!) പിടിച്ചുകൊണ്ട് ബിസിനസ് മേഖലകളിലെ തെരുവുകളിൽ നിൽക്കുന്നത് ഒരു പതിവു ദൃശ്യമായി.
16 1937-ൽ മാതൃകാ അധ്യയനം (ഇംഗ്ലീഷ്) എന്ന ചെറുപുസ്തകം ഉപയോഗിക്കാൻ തുടങ്ങി. അങ്ങനെ, മറ്റുള്ളവരെ ബൈബിൾ സത്യം പഠിപ്പിക്കേണ്ടതിനു മടക്ക സന്ദർശനങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ ബൈബിൾ അധ്യയന പ്രവർത്തനത്തിനു വളരെയധികം പ്രാമുഖ്യത ലഭിച്ചു. ശുശ്രൂഷയുടെ ഈ വശത്തിന് ആക്കം കൂട്ടിയ രണ്ടു പ്രസിദ്ധീകരണങ്ങളാണ് 1946-ൽ പ്രസിദ്ധീകരിച്ച “ദൈവം സത്യവാൻ” എന്ന പുസ്തകവും 1968-ൽ പ്രസിദ്ധീകരിച്ച നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകവും. നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകമാണ് നാം ഇപ്പോൾ ബൈബിൾ അധ്യയനത്തിന് ഉപയോഗിക്കുന്നത്. പ്രസ്തുത പ്രസിദ്ധീകരണം ശിഷ്യരെ ഉളവാക്കുന്നതിൽ ശക്തമായ തിരുവെഴുത്ത് അടിസ്ഥാനം പ്രദാനം ചെയ്യുന്നു.
സംഘടനാ നടപടിക്രമങ്ങളിലെ പൊരുത്തപ്പെടുത്തലുകൾ സ്വീകരിച്ചുകൊണ്ട് മുന്നോട്ട്
17. യെശയ്യാവു 60:17-നു ചേർച്ചയിൽ യഹോവയുടെ സംഘടന മുന്നേറിയിരിക്കുന്നത് എങ്ങനെ?
17 യഹോവയുടെ സംഘടന മുന്നേറിയിരിക്കുന്ന മൂന്നാമത്തെ മണ്ഡലം സംഘടനാപരമായ പൊരുത്തപ്പെടുത്തലുകളോടു ബന്ധപ്പെട്ടിരിക്കുന്നു. യെശയ്യാവു 60:17-ൽ യഹോവ ഇങ്ങനെ വാഗ്ദാനം ചെയ്തു: “ഞാൻ താമ്രത്തിന്നു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിന്നു പകരം വെള്ളിയും മരത്തിന്നു പകരം താമ്രവും കല്ലിന്നു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്കു അധിപതിമാരും ആക്കും.” ഈ പ്രവചനത്തിനു ചേർച്ചയിൽ സംഘടന, മെച്ചപ്പെട്ട വിധത്തിൽ രാജ്യപ്രസംഗവേലയ്ക്കു മേൽനോട്ടം വഹിക്കുന്നതിനും ആട്ടിൻകൂട്ടത്തെ മേയിക്കുന്നതിനുമുള്ള പടികൾ സ്വീകരിച്ചിരിക്കുന്നു.
18, 19. വർഷങ്ങളിലുടനീളം സംഘടനാപരമായ എന്തെല്ലാം പൊരുത്തപ്പെടുത്തലുകളാണു നടന്നിരിക്കുന്നത്?
18 വയൽസേവനം സംഘടിപ്പിക്കുക എന്ന ഉദ്ദേശ്യത്തിൽ 1919-ൽ ഓരോ സഭയിലും ഒരു സേവന ഡയറക്ടറെ നിയമിക്കുകയുണ്ടായി. വയൽശുശ്രൂഷയെ അത് ഊർജിതപ്പെടുത്തി. മൂപ്പന്മാരെയും ഡീക്കൺമാരെയും തിരഞ്ഞെടുക്കുന്ന രീതി 1932-ൽ ഉപേക്ഷിച്ചു. അങ്ങനെ യഹോവയുടെ സംഘടന ജനാധിപത്യ രീതികളോടു വിട പറഞ്ഞു. 1938 എന്ന വർഷം നാഴികക്കല്ലായ മറ്റൊരു മാറ്റത്തിനു സാക്ഷ്യം വഹിച്ചു. അന്നു മുതൽ സഭയിലെ എല്ലാ ദാസന്മാരെയും, ആദിമ ക്രിസ്തീയ സഭയിലെ രീതി അടുത്തു പിൻപറ്റിക്കൊണ്ട്, ദിവ്യാധിപത്യപരമായി നിയമിക്കാൻ തുടങ്ങി. (പ്രവൃത്തികൾ 14:23; 1 തിമൊഥെയൊസ് 4:14) 1972-ൽ, ആദിമ ക്രിസ്ത്യാനികളുടെ ഇടയിൽ എന്നപോലെ, സഹക്രിസ്ത്യാനികളെ സേവിക്കുന്നതിനായി മേൽവിചാരകന്മാരെയും ശുശ്രൂഷാദാസന്മാരെയും നിയമിക്കാൻ തുടങ്ങി. ഒരു സഭയിലെ മേൽവിചാരകനായി ഒരു വ്യക്തിയെ മാത്രം നിയമിക്കുന്നതിനു പകരം, ഫിലിപ്പിയർ 1:1-നും മറ്റു തിരുവെഴുത്തുകൾക്കും ചേർച്ചയിൽ തിരുവെഴുത്തു യോഗ്യതകളിൽ എത്തിച്ചേരുന്ന മേൽവിചാരകന്മാരുടെ ഒരു സംഘം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്നു വ്യക്തമായി.—പ്രവൃത്തികൾ 20:28; എഫെസ്യർ 4:11, 12.
19 യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ കമ്മിറ്റികൾ ദൈവത്തിന്റെ സംഘടനയുടെ ലോകവ്യാപക പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്നതിനുള്ള ഏർപ്പാടുകൾ 1975-ൽ ചെയ്യപ്പെട്ടു. ഓരോ ബ്രാഞ്ചിന്റെയും നിയമിത മേഖലകളിൽ പ്രസംഗവേലയ്ക്കു മേൽനോട്ടം വഹിക്കാൻ ബ്രാഞ്ച് കമ്മിറ്റികളെ നിയമിച്ചു. അന്നു മുതൽ, “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ ഉറപ്പുവരുത്താൻ” കഴിയുമാറ് വാച്ച് ടവർ സൊസൈറ്റിയുടെ ആസ്ഥാനത്തും ബ്രാഞ്ചുകളിലുമുള്ള വേല ലളിതമാക്കുന്നതിനു ശ്രദ്ധ നൽകിയിരിക്കുന്നു. (ഫിലിപ്പിയർ 1:9, 10, NW) സുവിശേഷ വേലയിൽ നേതൃത്വം വഹിക്കുന്നതിനും സഭയെ പഠിപ്പിക്കുന്നതിനും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെമേൽ ഇടയവേല ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വങ്ങൾ ക്രിസ്തുവിന്റെ കീഴിടയന്മാർക്കുണ്ട്.—1 തിമൊഥെയൊസ് 4:16; എബ്രായർ 13:7, 17; 1 പത്രൊസ് 5:2, 3.
യേശുവിന്റെ സജീവ നേതൃത്വം
20. യഹോവയുടെ സംഘടനയോടൊപ്പം മുന്നേറുന്നതിന് യേശുവിന്റെ സ്ഥാനത്തെ കുറിച്ചു നാം എന്തു തിരിച്ചറിയേണ്ടതുണ്ട്?
20 യഹോവയുടെ പുരോഗമനാത്മക സംഘടനയോടൊത്തു മുന്നേറാൻ നാം “സഭെക്കു തല”യായിരിക്കുന്ന യേശുക്രിസ്തുവിന്റെ ദൈവനിയമിത സ്ഥാനം അംഗീകരിക്കേണ്ടതുണ്ട്. (എഫെസ്യർ 5:22, 23) യെശയ്യാവു 55:4-ഉം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. അവിടെ നമ്മോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഞാൻ [യഹോവ] അവനെ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.” നേതൃത്വം വഹിക്കേണ്ടത് എങ്ങനെയെന്ന് യേശുവിനറിയാം. തന്റെ ആടുകളെയും അവരുടെ പ്രവൃത്തികളെയും അവന് അറിയാം. വാസ്തവത്തിൽ, ഏഷ്യാമൈനറിലെ ഏഴു സഭകളെ പരിശോധിക്കവെ, അഞ്ചു തവണ അവൻ, ‘ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു’ എന്നു പറയുകയുണ്ടായി. (വെളിപ്പാടു 2:2, 19; 3:1, 8, 15) തന്റെ പിതാവായ യഹോവയെ പോലെ, യേശുവിന് നമ്മുടെ ആവശ്യങ്ങളും അറിയാം. മാതൃകാ പ്രാർഥന പഠിപ്പിക്കുന്നതിനു മുമ്പ് യേശു ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾക്കു ആവശ്യമുള്ളതു ഇന്നതെന്നു നിങ്ങൾ യാചിക്കുമ്മുമ്പെ നിങ്ങളുടെ പിതാവു അറിയുന്നുവല്ലോ.”—മത്തായി 6:8-13.
21. ക്രിസ്തീയ സഭയിൽ യേശുവിന്റെ നേതൃത്വം പ്രകടമായിരിക്കുന്നത് എങ്ങനെ?
21 യേശു തന്റെ നേതൃത്വം മുഖ്യമായും ആരിലൂടെയാണു പ്രകടിപ്പിക്കുന്നത്? “മനുഷ്യരാം ദാനങ്ങ”ളായ ക്രിസ്തീയ മൂപ്പന്മാരാണ് അതിനുള്ള ഒരു ഉപാധി. (എഫെസ്യർ 4:8, NW) അഭിഷിക്ത മേൽവിചാരകന്മാർ ക്രിസ്തുവിന്റെ കയ്യിൽ, അവന്റെ നിയന്ത്രണത്തിൽ, ആയിരിക്കുന്നതായി വെളിപ്പാടു 1:16 വ്യക്തമാക്കുന്നു. ഇന്ന് മൂപ്പന്മാരുടെ—അവർ സ്വർഗീയ പ്രത്യാശയുള്ളവരായിരുന്നാലും ഭൗമിക പ്രത്യാശയുള്ളവരായിരുന്നാലും ശരി—ക്രമീകരണത്തിന് യേശു നേതൃത്വം നൽകുന്നു. മുൻ ലേഖനത്തിൽ വിശദീകരിച്ചതുപോലെ, തിരുവെഴുത്തിലെ വ്യവസ്ഥകൾക്കു ചേർച്ചയിൽ പരിശുദ്ധാത്മാവിനാലാണ് അവർ നിയമിക്കപ്പെടുന്നത്. (1 തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:5-9) ഒന്നാം നൂറ്റാണ്ടിൽ, യെരൂശലേമിലെ ഒരു കൂട്ടം മൂപ്പന്മാർ അടങ്ങിയ ഭരണസംഘമാണ് സഭകളുടെയും രാജ്യപ്രസംഗത്തിന്റെയും മേൽനോട്ടം വഹിച്ചിരുന്നത്. ഇന്നും യഹോവയുടെ സംഘടനയിൽ അതേ രീതി നിലവിലിരിക്കുന്നു.
ഒപ്പം മുന്നേറുവിൻ!
22. ഭരണസംഘം എന്തു സഹായമാണു പ്രദാനം ചെയ്യുന്നത്?
22 ഭൂമിയിൽ രാജ്യതാത്പര്യങ്ങളുടെ ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നത് “വിശ്വസ്തനും വിവേകിയുമായ അടിമ”യെ ആണ്. യഹോവയുടെ സാക്ഷികളുടെ ഭരണസംഘം ആ അടിമവർഗത്തെ പ്രതിനിധാനം ചെയ്യുന്നു. (മത്തായി 24:45-47, NW) ക്രിസ്തീയ സഭയ്ക്ക് ആത്മീയ പ്രബോധനവും മാർഗദർശനവും പ്രദാനം ചെയ്യുകയാണ് ഭരണസംഘത്തിന്റെ പ്രഥമ ഉത്തരവാദിത്വം. (പ്രവൃത്തികൾ 6:1-6) എന്നുവരികിലും, സഹാരാധകർ പ്രകൃതി വിപത്തുകൾക്ക് ഇരയാകുമ്പോൾ അവർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും കേടു സംഭവിച്ച വീടുകളും രാജ്യഹാളുകളും നന്നാക്കിയെടുക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യാനും ഭരണസംഘം ഒന്നോ അതിലധികമോ നിയമാനുസൃത കോർപ്പറേഷനുകളോട് ആവശ്യപ്പെടുന്നു. ക്രിസ്ത്യാനികൾക്കു മറ്റുള്ളവരിൽനിന്നു പീഡനമോ നിർദയമായ പെരുമാറ്റമോ സഹിക്കേണ്ടി വരുമ്പോൾ അവരെ ആത്മീയമായി കെട്ടുപണി ചെയ്യാൻ പടികൾ സ്വീകരിക്കുന്നു. കൂടാതെ, ‘പ്രതികൂല കാലത്ത്’ പ്രസംഗപ്രവർത്തനം നിർബാധം തുടരാൻ തക്കവണ്ണം അവർ തങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നു.—2 തിമൊഥെയൊസ് 4:1, 2, NW.
23, 24. തന്റെ ജനത്തിന് എന്തു ഭവിച്ചാലും യഹോവ അവർക്കു നിരന്തരം എന്തു പ്രദാനം ചെയ്യുന്നു, നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം?
23 തന്റെ ജനത്തിന് എന്തു സംഭവിച്ചാലും യഹോവ അവർക്ക് ആത്മീയ ആഹാരവും മാർഗനിർദേശവും നിരന്തരം പ്രദാനം ചെയ്യുന്നു. ഇതിനെല്ലാം പുറമേ, ദിവ്യാധിപത്യ സംഘടനയ്ക്കുള്ളിൽ കൂടുതലായ അഭിവൃദ്ധിക്കും പൊരുത്തപ്പെടുത്തലുകൾക്കും തയ്യാറാകുന്നതിന് ദൈവം ഉത്തരവാദിത്വപ്പെട്ട സഹോദരന്മാർക്കു വിവേകവും ഉൾക്കാഴ്ചയും നൽകുന്നു. (ആവർത്തനപുസ്തകം 34:9; എഫെസ്യർ 1:16, 17) ശിഷ്യരെ ഉളവാക്കാനും ശുശ്രൂഷ ലോകവ്യാപകമായി നിവർത്തിക്കാനുമുള്ള നമ്മുടെ ഉത്തരവാദിത്വം നിറവേറ്റാൻ നമുക്ക് ആവശ്യമായതെല്ലാം യഹോവ പ്രദാനം ചെയ്യുന്നു എന്നതിൽ തെല്ലും സംശയമില്ല.—2 തിമൊഥെയൊസ് 4:5.
24 യഹോവ തന്റെ വിശ്വസ്ത ജനത്തെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന ഉറച്ച ബോധ്യം നമുക്കുണ്ട്. ആസന്നമായ “മഹോപദ്രവ”ത്തിലൂടെ [NW] അവൻ അവരെ രക്ഷിക്കും. (വെളിപ്പാടു 7:9-14; സങ്കീർത്തനം 94:14; 2 പത്രൊസ് 2:9) തീർച്ചയായും, ആദ്യമുണ്ടായിരുന്ന ദൃഢനിശ്ചയത്തിൽ അവസാനത്തോളം ഉറച്ചു നിൽക്കാൻ നമുക്കു സകല കാരണവുമുണ്ട്. (എബ്രായർ 3:14) അതിനാൽ, യഹോവയുടെ സംഘടനയോടൊപ്പം മുന്നേറാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം.
നിങ്ങളുടെ ഉത്തരമെന്ത്?
• യഹോവയുടെ സംഘടന മുന്നേറുകയാണ് എന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
• ദൈവജനം ക്രമാനുഗതമായ ആത്മീയ പ്രബുദ്ധത ആസ്വദിക്കുന്നു എന്നതിന് എന്തു തെളിവുണ്ട്?
• ക്രിസ്തീയ ശുശ്രൂഷയിൽ പുരോഗതി കൈവന്നിരിക്കുന്നത് എങ്ങനെ?
• യഹോവയുടെ ദാസന്മാർക്കിടയിലെ സംഘടനാ നടപടിക്രമങ്ങളിൽ കാലോചിതമായ എന്തെല്ലാം പൊരുത്തപ്പെടുത്തലുകൾ വരുത്തിയിരിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[17-ാം പേജിലെ ചിത്രം]
ദാവീദിനെപ്പോലെ നമുക്കും യഹോവയുടെ അത്ഭുതപ്രവൃത്തികൾ എണ്ണിത്തീർക്കാനാവില്ല
[18-ാം പേജിലെ ചിത്രം]
സംഘടനയിലെ നടപടിക്രമങ്ങളിൽ വരുത്തിയിട്ടുള്ള കാലോചിത മാറ്റത്തിൽനിന്ന് ദൈവത്തിന്റെ ആട്ടിൻകൂട്ടം പ്രയോജനം നേടിയിരിക്കുന്നു