വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സദ്‌ഗുണം നട്ടുവളർത്തേണ്ടത്‌ എന്തുകൊണ്ട്‌?

സദ്‌ഗുണം നട്ടുവളർത്തേണ്ടത്‌ എന്തുകൊണ്ട്‌?

സദ്‌ഗുണം നട്ടുവളർത്തേണ്ടത്‌ എന്തുകൊണ്ട്‌?

മധ്യവയസ്‌കനായ കുനീഹീതോ അടുത്തയിടെ ജപ്പാനിൽനിന്ന്‌ ഐക്യനാടുകളിലേക്കു താമസം മാറ്റി. * പുതിയ സ്ഥലത്തെത്തി ഏതാനും ആഴ്‌ചകൾ കഴിഞ്ഞപ്പോൾ തൊഴിൽ രംഗത്തെ തന്റെ പുരോഗതിയെ തടസ്സപ്പെടുത്താമായിരുന്ന ഒരു സാഹചര്യത്തെ കുനീഹീതോ അഭിമുഖീകരിച്ചു. അദ്ദേഹം പറയുന്നു: “ഒരു പ്രത്യേക ചുമതല ഏറ്റെടുക്കാൻ കഴിയുമോ എന്നു സൂപ്പർവൈസർ ചോദിച്ചപ്പോൾ അതിനു സാധിക്കുമെന്ന്‌ എനിക്കു പൂർണ ബോധ്യം ഉണ്ടായിരുന്നു. എങ്കിലും എളിമ പ്രകടമാക്കിക്കൊണ്ട്‌ ഞാൻ പറഞ്ഞു, ‘എനിക്ക്‌ അറിയില്ല, എങ്കിലും ഞാൻ എന്റെ പരമാവധി ശ്രമിക്കാം.’ എളിമയെ ഒരു സദ്‌ഗുണമായി വീക്ഷിക്കുന്ന ഒരു ചുറ്റുപാടിൽ വളർന്നുവന്നതിനാലാണ്‌ ഞാൻ അങ്ങനെ പറഞ്ഞത്‌. എന്നാൽ അമേരിക്കക്കാരനായ എന്റെ സൂപ്പർവൈസർ ആ വാക്കുകളെ എന്റെ കഴിവില്ലായ്‌മയുടെയും ആത്മവിശ്വാസമില്ലായ്‌മയുടെയും തെളിവായിട്ട്‌ എടുത്തു. അതിനെ കുറിച്ച്‌ അറിഞ്ഞപ്പോൾ ചില മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യം എനിക്കു മനസ്സിലായി.”

ന്യൂയോർക്ക്‌ നഗരത്തിൽ താമസിക്കുന്ന മരിയ പഠിക്കാൻ ബഹുമിടുക്കിയായിരുന്നു. കൂടാതെ, തന്റെ സഹപാഠികളെ സഹായിക്കാൻ അവൾ എപ്പോഴും ഒരുക്കവുമായിരുന്നു. ഇടയ്‌ക്കൊക്കെ മരിയയുടെ സഹായം തേടിയിരുന്ന ഒരു വിദ്യാർഥിയായിരുന്നു ഹ്വാൻ. അവൻ മരിയയിൽ അനുരക്തനാകുകയും അവളെ വശീകരിക്കാൻ ശ്രമിക്കുകയും ചെയ്‌തു. ധാർമിക ശുദ്ധി കാത്തുസൂക്ഷിക്കാൻ മരിയ ആഗ്രഹിച്ചെങ്കിലും ഒടുവിൽ അവൾ ഹ്വാന്റെ പ്രലോഭനങ്ങൾക്കു വഴങ്ങി ലൈംഗിക ദുർനടത്തയിൽ ഏർപ്പെട്ടു.

വിഭിന്ന സംസ്‌കാരങ്ങളുള്ള, ധാർമികമായി അധഃപതിച്ച ഇന്നത്തെ ലോകത്തിൽ സദ്‌ഗുണപൂർണമായ നടത്ത ഉള്ളവരായിരിക്കുക എന്നത്‌ ഒരു വെല്ലുവിളി തന്നെയാണ്‌. അപ്പോൾപ്പിന്നെ എന്തിനു സദ്‌ഗുണം നട്ടുവളർത്തണം? അതിനു കാരണമുണ്ട്‌. സദ്‌ഗുണപൂർണമായ നടത്ത ദൈവത്തെ പ്രീതിപ്പെടുത്തുന്നു. തീർച്ചയായും നമ്മിൽ മിക്കവരും ദൈവത്തിന്റെ അംഗീകാരം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നവരാണ്‌.

ദൈവവചനമായ ബൈബിൾ സദ്‌ഗുണം നട്ടുവളർത്താൻ അതിന്റെ വായനക്കാരെ പ്രോത്സാഹിപ്പിക്കുന്നു. ഉദാഹരണത്തിന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ എഴുതി: “സൽഗുണമോ പുകഴ്‌ചയോ അതു ഒക്കെയും ചിന്തിച്ചുകൊൾവിൻ.” (ഫിലിപ്പിയർ 4:⁠8) ‘സകല ഉത്സാഹവും കഴിച്ച്‌, വിശ്വാസത്തോടു സദ്‌ഗുണം [NW] കൂട്ടിക്കൊൾവാൻ’ അപ്പൊസ്‌തലനായ പത്രൊസ്‌ നമ്മെ പ്രബോധിപ്പിക്കുന്നു. (2 പത്രൊസ്‌ 1:⁠5) എന്നാൽ എന്താണു സദ്‌ഗുണം? ഒരു ക്ലാസ്സ്‌മുറിയിൽ ഇരുത്തി പഠിപ്പിക്കാവുന്ന ഒന്നാണോ അത്‌? നമുക്ക്‌ അത്‌ എങ്ങനെ നട്ടുവളർത്താൻ കഴിയും?

[അടിക്കുറിപ്പ്‌]

^ ഖ. 2 ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്‌.