വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആവശ്യമുള്ളിടത്തെല്ലാം ഞാൻ സേവിക്കുന്നു

ആവശ്യമുള്ളിടത്തെല്ലാം ഞാൻ സേവിക്കുന്നു

ജീവിത കഥ

ആവശ്യമുള്ളിടത്തെല്ലാം ഞാൻ സേവിക്കുന്നു

ജെയിംസ്‌ ബി. ബെറി പറഞ്ഞപ്രകാരം

വർഷം 1939. വൻ സാമ്പത്തിക മാന്ദ്യം ഐക്യനാടുകളിലെ ജനജീവിതം ദുസ്സഹം ആക്കുകയായിരുന്നു. മുഴു യൂറോപ്പും കടുത്ത യുദ്ധഭീഷണിയിൽ ആയിരുന്നു. ആ സമയത്ത്‌, ഞാനും എന്റെ അനുജൻ ബെന്നെറ്റും ടെക്‌സാസിലെ ഹ്യൂസ്റ്റണിൽ ആയിരുന്നു. മിസ്സിസ്സിപ്പിയിലെ ഞങ്ങളുടെ വീട്ടിൽനിന്നും ജോലി തേടി എത്തിയതായിരുന്നു ഞങ്ങൾ അവിടെ.

വേനൽ അവസാനിക്കാറായിരുന്നു. ഒരു ദിവസം, റേഡിയോയിലൂടെ ശ്രദ്ധേയമായ ഒരു അറിയിപ്പ്‌ ഉണ്ടായി: ഹിറ്റ്‌ലറിന്റെ സൈന്യം പോളണ്ടിനെ ആക്രമിച്ചിരിക്കുന്നു. “അർമഗെദോൻ തുടങ്ങി!” എന്റെ അനുജൻ വിളിച്ചു പറഞ്ഞു. ഉടനെതന്നെ ഞങ്ങളിരുവരും ജോലി രാജിവെച്ചു. ഏറ്റവും അടുത്തുള്ള രാജ്യഹാളിൽ പോയി ഒരു യോഗത്തിൽ സംബന്ധിച്ചു. ഞങ്ങൾ സംബന്ധിച്ച ആദ്യത്തെ യോഗമായിരുന്നു അത്‌. എന്തുകൊണ്ടാണ്‌ ഞങ്ങൾ ഒരു രാജ്യഹാളിലേക്കു പോയത്‌? ശരി, ഞാൻ തുടക്കം മുതൽ പറയാം.

ഹെബ്രോനിലെ മിസ്സിസ്സിപ്പിയിൽ 1915-ലാണ്‌ ഞാൻ ജനിച്ചത്‌. ഒരു നാട്ടിൻപുറത്തായിരുന്നു ഞങ്ങളുടെ വീട്‌. വർഷത്തിൽ ഒരിക്കലോ മറ്റോ ബൈബിൾ വിദ്യാർഥികൾ​—⁠യഹോവയുടെ സാക്ഷികൾ അന്ന്‌ അറിയപ്പെട്ടിരുന്നത്‌ അങ്ങനെയാണ്‌​—⁠ഞങ്ങളുടെ പ്രദേശം സന്ദർശിച്ചിരുന്നു. അവർ വരുമ്പോൾ ആരുടെയെങ്കിലും വീട്ടിൽ വെച്ച്‌ ഒരു പ്രസംഗം നടത്തുമായിരുന്നു. അവരുടെ പക്കൽനിന്ന്‌ എന്റെ മാതാപിതാക്കൾക്ക്‌ അനേകം ബൈബിൾ സാഹിത്യങ്ങൾ കിട്ടിയിരുന്നു. നരകം ഒരു അഗ്നികുണ്ഡം അല്ല, മനുഷ്യന്‌ ഒരു അമർത്യ ആത്മാവ്‌ ഇല്ല, നീതിമാന്മാർ ഭൂമിയിൽ എന്നേക്കും ജീവിക്കും എന്നിങ്ങനെ ആ പുസ്‌തകങ്ങളിൽനിന്നു വായിച്ച സംഗതികളൊക്കെ ഞാനും ബെന്നെറ്റും വിശ്വസിക്കാനിടയായി. എന്നാൽ പിന്നെയും വളരെയേറെ കാര്യങ്ങൾ ഞങ്ങൾക്കു പഠിക്കാനുണ്ടായിരുന്നു. എന്റെ സ്‌കൂൾ പഠനം പൂർത്തിയായി കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഞാനും ബെന്നെറ്റും ജോലി തേടി ടെക്‌സാസിലേക്കു പോയി.

രാജ്യഹാളിൽവെച്ച്‌ സാക്ഷികളെ കണ്ടുമുട്ടിയപ്പോൾ ഞങ്ങൾ പയനിയർമാരാണോ എന്നവർ ചോദിച്ചു. അവർ പറയുന്നത്‌ എന്താണെന്നു ഞങ്ങൾക്കു പിടികിട്ടിയില്ല. കാരണം, യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകരെ പയനിയർമാർ എന്നാണു വിളിക്കുന്നതെന്നു ഞങ്ങൾക്ക്‌ അറിയില്ലായിരുന്നു. അപ്പോൾ, ഞങ്ങൾക്ക്‌ പ്രസംഗിക്കാൻ ഇഷ്ടമാണോ എന്നവർ ചോദിച്ചു. “തീർച്ചയായും!” ഞങ്ങൾ മറുപടി പറഞ്ഞു. പ്രസംഗിക്കുന്നത്‌ എങ്ങനെയാണെന്ന്‌ ആരെങ്കിലും ഞങ്ങളുടെ കൂടെവന്ന്‌ കാണിച്ചു തരുമെന്നാണ്‌ ഞങ്ങൾ വിചാരിച്ചത്‌. പകരം, പ്രസംഗിക്കാനുള്ള പ്രദേശങ്ങൾ അടയാളപ്പെടുത്തിയ ഒരു മാപ്പു തന്നിട്ട്‌ “ഇവിടെ പ്രവർത്തിച്ചോളൂ” എന്ന്‌ അവർ പറഞ്ഞു. എന്നാൽ ബെന്നെറ്റിനും എനിക്കും എങ്ങനെ പ്രസംഗിക്കണം എന്നതിനെ കുറിച്ച്‌ ഒരു ഊഹവും ഇല്ലായിരുന്നു. ആളുകളുടെ മുമ്പിൽ ഇളിഭ്യരാകാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അവസാനം, അവർ തന്ന പ്രദേശ രേഖാ കാർഡ്‌ തിരിച്ച്‌ അയച്ചിട്ട്‌ ഞങ്ങൾ മിസ്സിസ്സിപ്പിയിലേക്കു മടങ്ങിപ്പോയി!

ബൈബിൾ സത്യം ഞങ്ങളുടെ സ്വന്തമാക്കുന്നു

വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഏതാണ്ട്‌ ഒരു വർഷത്തോളം ഞങ്ങൾ ദിവസവും സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുമായിരുന്നു. വീട്ടിൽ വൈദ്യുതി ഇല്ലായിരുന്നതിനാൽ രാത്രിയിൽ വിളക്കു കത്തിച്ചുവെച്ചാണ്‌ ഞങ്ങൾ വായിച്ചിരുന്നത്‌. അന്നൊക്കെ മേഖലാ ദാസന്മാർ​—⁠ഇന്നത്തെ സഞ്ചാര മേൽവിചാരകന്മാർ​—⁠യഹോവയുടെ സാക്ഷികളുടെ സഭകളെയും ഒറ്റപ്പെട്ട സാക്ഷികളെയും സന്ദർശിച്ച്‌ ആത്മീയമായി ശക്തീകരിച്ചിരുന്നു. അത്തരമൊരു ദാസനായ റ്റെഡ്‌ ക്ലൈൻ ഞങ്ങളുടെ സഭ സന്ദർശിക്കുകയും വീടുതോറുമുള്ള പ്രസംഗവേലയിൽ എന്നെയും ബെന്നെറ്റിനെയും അദ്ദേഹത്തോടൊപ്പം കൊണ്ടു പോകുകയും ചെയ്‌തു. പലപ്പോഴും ഞങ്ങളെ രണ്ടുപേരെയും ഒരുമിച്ചാണ്‌ അദ്ദേഹം കൊണ്ടുപോയത്‌. പയനിയർ വേല എന്താണെന്ന്‌ അദ്ദേഹം ഞങ്ങൾക്കു വിശദീകരിച്ചു തന്നു.

അദ്ദേഹത്തോടൊപ്പമുള്ള പ്രവർത്തനം ദൈവസേവനത്തിൽ കൂടുതൽ ചെയ്യുന്നതിനെ കുറിച്ചു ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. അങ്ങനെ 1940 ഏപ്രിൽ 18-ാം തീയതി ക്ലൈൻ സഹോദരൻ ബെന്നെറ്റിനെയും എന്നെയും ഞങ്ങളുടെ സഹോദരി വെൽവയെയും സ്‌നാപനപ്പെടുത്തി. സ്‌നാപന സമയത്ത്‌ ഞങ്ങളുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു. ഞങ്ങളുടെ തീരുമാനത്തിൽ അവർ സന്തോഷിച്ചു. ഏകദേശം രണ്ടു വർഷം കഴിഞ്ഞ്‌ അവരും സ്‌നാപനമേറ്റു. മരണംവരെ ഇരുവരും ദൈവത്തോടു വിശ്വസ്‌തരായിരുന്നു. ഡാഡി 1956-ലും മമ്മി 1975-ലും ആണ്‌ മരിച്ചത്‌.

പയനിയറിങ്‌ ചെയ്യാൻ സാധിക്കുമോ എന്നു ക്ലൈൻ സഹോദരൻ എന്നോടു ചോദിച്ചു. എനിക്ക്‌ അതിനു സന്തോഷമേ ഉള്ളൂ എന്നും എന്നാൽ പണമോ വസ്‌ത്രങ്ങളോ ഒന്നും എന്റെ കൈവശം ഇല്ല എന്നും ഞാൻ പറഞ്ഞു. “അതു സാരമില്ല, അതൊക്കെ ഞാൻ ശരിയാക്കിക്കോളാം” എന്ന്‌ അദ്ദേഹം പറഞ്ഞു. ക്ലൈൻ സഹോദരൻ പറഞ്ഞതു പോലെതന്നെ ചെയ്‌തു. ആദ്യം അദ്ദേഹം എന്റെ പയനിയർ അപേക്ഷാ ഫാറം അയച്ചു. എന്നിട്ട്‌ ഏകദേശം 300 കിലോമീറ്റർ അകലെയുള്ള ന്യൂ ഓർലിയൻസിലേക്ക്‌ എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെ ഒരു രാജ്യഹാളിന്റെ മുകളിൽ നല്ല ചില മുറികൾ ഉണ്ടായിരുന്നു. അത്‌ അദ്ദേഹം എന്നെ കാണിച്ചു. അവ പയനിയർമാർക്കു വേണ്ടിയുള്ള മുറികളായിരുന്നു. ഉടൻതന്നെ ഞാൻ അങ്ങോട്ടു താമസം മാറ്റി. പയനിയർ എന്ന നിലയിലുള്ള എന്റെ ജീവിതത്തിന്റെ തുടക്കമായിരുന്നു അത്‌. ന്യൂ ഓർലിയൻസിലെ സാക്ഷികൾ ഭക്ഷണവും വസ്‌ത്രങ്ങളും പണവും നൽകി പയനിയർമാരെ സഹായിച്ചിരുന്നു. പകൽ സമയത്ത്‌ സഹോദരങ്ങൾ ഭക്ഷണം കൊണ്ടുവന്ന്‌ വാതിൽക്കലോ ചിലപ്പോഴൊക്കെ ഫ്രിഡ്‌ജിലോ വെച്ചിട്ടു പോകുമായിരുന്നു. അടുത്തുതന്നെ ഹോട്ടൽ നടത്തുന്ന ഒരു സഹോദരൻ ഉണ്ടായിരുന്നു. ദിവസവും ഹോട്ടൽ അടയ്‌ക്കുന്ന സമയത്ത്‌ ചെന്ന്‌ അന്നന്നു മിച്ചം വരുന്ന ഭക്ഷണത്തിൽനിന്ന്‌ ആവശ്യമുള്ളത്രയും ഇറച്ചിയും ബ്രഡും പൈയും ഒക്കെ എടുത്തുകൊള്ളാൻ അദ്ദേഹം ഞങ്ങളോടു പറഞ്ഞു.

ജനക്കൂട്ടങ്ങളിൽ നിന്നുള്ള ആക്രമണത്തെ നേരിടുന്നു

കുറച്ചു നാൾ കഴിഞ്ഞപ്പോൾ മിസ്സിസ്സിപ്പിയിലെ ജാക്‌സണിൽ എനിക്കു പയനിയറായി നിയമനം കിട്ടി. അവിടെ എനിക്കും എന്റെ യുവ കൂട്ടാളിക്കും ജനക്കൂട്ടത്തിൽ നിന്നുള്ള ആക്രമണത്തെ നേരിടേണ്ടി വന്നു. നിയമപാലകർ അവർക്ക്‌ ഒത്താശ ചെയ്യുന്നതായി തോന്നി! മിസ്സിസ്സിപ്പിയിലെ ഞങ്ങളുടെ അടുത്ത നിയമനസ്ഥലമായ കൊളംബസിലും കാര്യങ്ങൾ വ്യത്യസ്‌തമായിരുന്നില്ല. ഞങ്ങൾ എല്ലാ വർഗക്കാരോടും ദേശക്കാരോടും സാക്ഷീകരിച്ചിരുന്നതിനാൽ ചില വെള്ളക്കാർക്ക്‌ ഞങ്ങളോടു വെറുപ്പായിരുന്നു. ഞങ്ങൾ രാജ്യദ്രോഹികളാണെന്ന്‌ അനേകരും വിശ്വസിച്ചു. തീവ്രമായ ദേശഭക്തി പ്രകടിപ്പിച്ചിരുന്ന ഒരു സംഘടനയായ അമേരിക്കൻ ലീജിയണിന്റെ മേഖലാ അധ്യക്ഷനായിരുന്നു അവരിൽ ഒരാൾ. പലപ്പോഴും അദ്ദേഹം കുപിതരായ ജനക്കൂട്ടത്തെ ഞങ്ങളുടെ നേരെ ഇളക്കിവിട്ടു.

തെരുവിൽ മാസിക സമർപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ്‌ കൊളംബസിൽ ആദ്യമായി ഞങ്ങൾക്ക്‌ ആക്രമണത്തെ നേരിടേണ്ടി വന്നത്‌. അക്രമികൾ ഞങ്ങളെ ഒരു കടയുടെ ചില്ലിട്ട ജനലിനു നേരെ തള്ളി. എന്താണു സംഭവിക്കുന്നതെന്നു കാണാൻ ആളുകൾ ചുറ്റും കൂടി. പെട്ടെന്നു പോലീസ്‌ എത്തി ഞങ്ങളെ കോടതിയിലേക്കു കൊണ്ടുപോയി. ജനക്കൂട്ടം ഞങ്ങളുടെ പിന്നാലെ അവിടേക്കും വന്നു. ജീവനോടെ പോകണമെന്നുണ്ടെങ്കിൽ അവർ പറയുന്ന തീയതിക്കുള്ളിൽ പട്ടണം വിടണമെന്നും അല്ലാത്തപക്ഷം അതു ഞങ്ങളുടെ ജീവന്‌ അപകടകരമായിരിക്കുമെന്നും അവർ എല്ലാ അധികാരികളുടെയും മുമ്പിൽ വെച്ചു പറഞ്ഞു! തത്‌കാലം അവിടെനിന്നു പോകുന്നതാണു നല്ലതെന്നു ഞങ്ങൾക്കു തോന്നി. എന്നാൽ ഏതാനും ആഴ്‌ചകൾ കഴിഞ്ഞപ്പോൾ ഞങ്ങൾ മടങ്ങിവന്ന്‌ പ്രസംഗപ്രവർത്തനം പുനരാരംഭിച്ചു.

താമസിയാതെ മറ്റൊരു സംഭവം ഉണ്ടായി. ഒരു ദിവസം എട്ടു പേരടങ്ങിയ ഒരു സംഘം വന്ന്‌ രണ്ടു കാറുകളിലായി ഞങ്ങളെ ബലമായി പിടിച്ചുകൊണ്ടുപോയി. വനത്തിലേക്കാണ്‌ അവർ ഞങ്ങളെ കൊണ്ടുപോയത്‌. ഞങ്ങളുടെ വസ്‌ത്രങ്ങൾ അഴിച്ചിട്ട്‌ എന്റെ ബെൽറ്റ്‌ കൊണ്ട്‌ രണ്ടു പേരെയും 30 പ്രാവശ്യം വീതം അടിച്ചു! അവരുടെ കൈയിൽ തോക്കുകളും കയറുകളും ഉണ്ടായിരുന്നു. ഞങ്ങൾ ശരിക്കും പേടിച്ചുപോയി എന്നുതന്നെ പറയാം. ഞങ്ങളെ കയറുകൊണ്ട്‌ ബന്ധിച്ച്‌ നദിയിലേക്ക്‌ എറിയാൻ പോകുകയാണെന്നാണ്‌ ഞാൻ കരുതിയത്‌. അവർ ഞങ്ങളുടെ സാഹിത്യങ്ങൾ വലിച്ചു കീറിക്കളയുകയും ഗ്രാമഫോൺ ഒരു മരക്കുറ്റിയിൽ തല്ലി തകർക്കുകയും ചെയ്‌തു.

ഞങ്ങളെ അടിച്ചു കഴിഞ്ഞപ്പോൾ വസ്‌ത്രങ്ങൾ ധരിച്ച്‌ അവർ കാണിച്ച വഴിയിലൂടെ തിരിഞ്ഞു നോക്കാതെ സ്ഥലം വിട്ടുകൊള്ളാൻ ആജ്ഞാപിച്ചു. തിരിഞ്ഞു നോക്കിയിട്ടുണ്ടെങ്കിൽ അവർ ഞങ്ങളെ വെടിവെച്ചു കൊല്ലുമെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പായിരുന്നു. ഞങ്ങളെ കൊന്നാലും ശിക്ഷ കൂടാതെ രക്ഷപ്പെടാൻ അവർക്കാകുമായിരുന്നു! ഏതായാലും ഏതാനും മിനിട്ടുകൾ കഴിഞ്ഞപ്പോൾ അവർ കാറോടിച്ചു പോകുന്ന ശബ്ദം ഞങ്ങൾ കേട്ടു.

മറ്റൊരു സന്ദർഭത്തിൽ കലിയിളകിയ ഒരു ജനക്കൂട്ടം ഞങ്ങളുടെ പുറകെ വന്നപ്പോൾ വസ്‌ത്രങ്ങൾ അഴിച്ച്‌ കഴുത്തിൽ കെട്ടിയിട്ട്‌ ഒരു നദിയിലേക്ക്‌ ചാടി ഞങ്ങൾ നീന്തി രക്ഷപ്പെട്ടു. ഈ സംഭവം നടന്ന്‌ അധികം കഴിയുന്നതിനു മുമ്പ്‌ രാജ്യദ്രോഹക്കുറ്റം ആരോപിച്ച്‌ ഞങ്ങളെ അറസ്റ്റു ചെയ്‌തു. മൂന്നാഴ്‌ച ഞങ്ങൾ ജയിലിൽ കിടന്നതിനു ശേഷമാണു കേസ്‌ വിചാരണയ്‌ക്ക്‌ എടുത്തത്‌. കൊളംബസിൽ വലിയ പ്രസിദ്ധി നേടിയ ഒരു കേസായിരുന്നു ഇത്‌. വിചാരണ കേൾക്കുന്നതിനു വേണ്ടി അടുത്തുള്ള ഒരു കോളെജിലെ വിദ്യാർഥികളെ അന്നേ ദിവസം നേരത്തേ വിടുകപോലും ചെയ്‌തു. വിചാരണ ദിവസം ഒറ്റ ഇരിപ്പിടം പോലും ബാക്കിയില്ലാത്തവിധം കോടതി മുറി ആളുകളെ കൊണ്ടു തിങ്ങിനിറഞ്ഞു! രണ്ട്‌ ഉപദേശിമാർ, സ്ഥലത്തെ മേയർ, പോലീസ്‌ എന്നിവരായിരുന്നു വാദിഭാഗം സാക്ഷികൾ.

യഹോവയുടെ സാക്ഷികളിൽ ഒരാളായ ജി. സി. ക്ലാർക്കും അദ്ദേഹത്തിന്റെ സഹകാരിയുമായിരുന്നു ഞങ്ങളുടെ അഭിഭാഷകർ. ഞങ്ങൾ രാജ്യദ്രോഹികളാണ്‌ എന്ന ആരോപണത്തിന്‌ യാതൊരു തെളിവും ഇല്ലാത്തതിനാൽ ഞങ്ങളെ കുറ്റവിമുക്തരാക്കണമെന്ന്‌ അവർ കോടതി മുമ്പാകെ വാദിച്ചു. ക്ലാർക്ക്‌ സഹോദരനോടൊപ്പമുള്ള വക്കീൽ യഹോവയുടെ സാക്ഷികളിൽ ഒരുവൻ അല്ലായിരുന്നെങ്കിലും ഞങ്ങൾക്കു വേണ്ടി ശക്തമായി വാദിച്ചു. ഒരു സന്ദർഭത്തിൽ അദ്ദേഹം ജഡ്‌ജിയോടു പറഞ്ഞു: “യഹോവയുടെ സാക്ഷികൾ ഭ്രാന്തന്മാരാണെന്ന്‌ ആളുകൾ പറയുന്നു. ഭ്രാന്തന്മാരോ? തോമസ്‌ എഡിസനെ ഒരു ഭ്രാന്തനെന്നു മുദ്രകുത്തിയിരുന്നു!” പിന്നെ ഒരു ലൈറ്റ്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞു “എന്നാൽ ആ ബൾബിലേക്ക്‌ ഒന്നു നോക്കൂ!” ഇലക്‌ട്രിക്‌ ബൾബ്‌ കണ്ടുപിടിച്ച എഡിസനെ ചിലരൊക്കെ ഒരു ഭ്രാന്തനായി വീക്ഷിച്ചിരുന്നിരിക്കാം. എന്നാൽ അദ്ദേഹത്തിന്റെ നേട്ടങ്ങളെ ചോദ്യം ചെയ്യാൻ ആർക്കും കഴിയില്ല.

വാദം കേട്ടുകഴിഞ്ഞ്‌ അധ്യക്ഷത വഹിച്ച സർക്കിട്ട്‌ കോടതി ജഡ്‌ജി പ്രോസിക്യൂട്ടറോട്‌ ഇങ്ങനെ പ്രഖ്യാപിച്ചു: “ഇവർ രാജ്യദ്രോഹികൾ ആണെന്നുള്ളതിന്‌ നിങ്ങൾക്ക്‌ ഒരു തെളിവുമില്ല. ഈ വേല ചെയ്യാനുള്ള അവകാശം ഇവർക്കുണ്ട്‌. എന്തെങ്കിലും തെളിവു ലഭിക്കാതെ ഇവരെ ഇനിയും ഈ കോടതിമുറിയിലേക്കു കൊണ്ടുവന്ന്‌ വെറുതെ ഗവൺമെന്റിന്റെ സമയവും പണവും എന്റെ സമയവും പാഴാക്കരുത്‌!” ഞങ്ങൾ കേസ്‌ ജയിച്ചു!

എന്നാൽ പിന്നീട്‌ ജഡ്‌ജി ഞങ്ങളെ അദ്ദേഹത്തിന്റെ മുറിയിലേക്കു വിളിപ്പിച്ചു. മുഴു പട്ടണവും തന്റെ വിധിക്ക്‌ എതിരാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അതുകൊണ്ട്‌ അദ്ദേഹം ഞങ്ങൾക്ക്‌ ഈ മുന്നറിയിപ്പു നൽകി: “നിയമപ്രകാരമുള്ള വിധിയാണ്‌ ഞാൻ പുറപ്പെടുവിച്ചത്‌, എന്നാൽ നിങ്ങളോടു വ്യക്തിപരമായി എനിക്കു പറയാനുള്ളത്‌ ഇതാണ്‌: നിങ്ങൾ ഇവിടെനിന്നു പോകുന്നതാണു നല്ലത്‌, അല്ലെങ്കിൽ അവർ നിങ്ങളെ കൊല്ലും!” അദ്ദേഹം പറഞ്ഞത്‌ ശരിയാണെന്നു ഞങ്ങൾക്ക്‌ അറിയാമായിരുന്നു. അതുകൊണ്ടു ഞങ്ങൾ അവിടംവിട്ടു പോയി.

അവിടെനിന്ന്‌ ബെന്നെറ്റിന്റെയും വെൽവയുടെയും അടുത്തേക്കാണ്‌ ഞാൻ പോയത്‌. അവർ ടെനെസ്സിയിലെ ക്ലാർക്‌സ്‌വില്ലിൽ പ്രത്യേക പയനിയർമാരായി സേവിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്കു ശേഷം കെന്റക്കിയിലെ പാരീസിൽ ഞങ്ങൾക്കു നിയമനം ലഭിച്ചു. ഒന്നരവർഷത്തിനു ശേഷം, അവിടെ ഒരു സഭ സ്ഥാപിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴേക്കും എനിക്കും ബെന്നെറ്റിനും വളരെ വിലപ്പെട്ട ഒരു ക്ഷണം ലഭിച്ചു.

മിഷനറി സേവനം

വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂളിന്റെ രണ്ടാമത്തെ ക്ലാസ്സിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ടുള്ള കത്തു ലഭിച്ചപ്പോൾ ഞങ്ങൾ വിചാരിച്ചു: ‘അവർക്കെന്തോ തെറ്റു പറ്റിയതായിരിക്കും! മിസ്സിസ്സിപ്പിയിൽനിന്നുള്ള സാധാരണക്കാരായ രണ്ടു യുവാക്കളെ അവർ എന്തിനാണ്‌ ആ സ്‌കൂളിലേക്കു ക്ഷണിച്ചിരിക്കുന്നത്‌?’ വളരെ വിദ്യാഭ്യാസം ഉള്ളവരെ മാത്രമേ അവിടേക്കു ക്ഷണിക്കുകയുള്ളൂ എന്നായിരുന്നു ഞങ്ങളുടെ വിചാരം. എന്തായിരുന്നാലും ഞങ്ങൾ പോയി. ക്ലാസ്സിൽ 100 വിദ്യാർഥികൾ ഉണ്ടായിരുന്നു. അഞ്ചുമാസത്തെ ക്ലാസ്സിനൊടുവിൽ, 1944 ജനുവരി 31-ന്‌ ബിരുദം ലഭിച്ചപ്പോൾ ഒരു വിദേശ വയലിൽ പോയി സേവിക്കാൻ ഞങ്ങൾക്കു തിടുക്കമായിരുന്നു. പക്ഷേ അന്നൊക്കെ പാസ്‌പോർട്ടും വിസയും ശരിയാക്കുന്നതിന്‌ വളരെ കാലതാമസം നേരിടുമായിരുന്നു. അതുകൊണ്ട്‌ വിദ്യാർഥികളെ തത്‌കാലത്തേക്ക്‌ ഐക്യനാടുകളിൽ നിയമിച്ചു. അലബാമയിലും ജോർജിയയിലും കുറച്ചുനാൾ പയനിയറിങ്‌ ചെയ്‌തശേഷം ഒടുവിൽ എനിക്കും ബെന്നെറ്റിനും ഞങ്ങളുടെ നിയമനം ലഭിച്ചു​—⁠വെസ്റ്റ്‌ ഇൻഡീസിലെ ബാർബഡോസിൽ.

രണ്ടാം ലോകമഹായുദ്ധം അപ്പോഴും അവസാനിച്ചിരുന്നില്ല. ബാർബഡോസ്‌ ഉൾപ്പെടെയുള്ള പല സ്ഥലങ്ങളിലും യഹോവയുടെ സാക്ഷികളുടെ വേലയും സാഹിത്യങ്ങളും നിരോധിക്കപ്പെട്ടിരുന്നു. ബാർബഡോസിൽ കസ്റ്റംസുകാർ ഞങ്ങളുടെ പെട്ടിയും മറ്റും തുറന്നു പരിശോധിച്ചു. അവയ്‌ക്കുള്ളിൽ ഒളിച്ചു വെച്ചിരുന്ന സാഹിത്യങ്ങൾ അവർ കണ്ടുപിടിച്ചു. ‘തീർന്നതുതന്നെ’ എന്നു ഞങ്ങൾ വിചാരിച്ചു. എന്നാൽ ഒരു ഉദ്യോഗസ്ഥൻ “നിങ്ങളുടെ സാധനങ്ങൾ പരിശോധിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു; ഈ സാഹിത്യങ്ങളിൽ ചിലതു ബാർബഡോസിൽ നിരോധിച്ചിരിക്കുന്നതാണ്‌” എന്നു പറയുക മാത്രമേ ചെയ്‌തുള്ളൂ. കൈവശം ഉണ്ടായിരുന്ന എല്ലാ സാഹിത്യങ്ങളും കൂടെ കൊണ്ടുപോകാൻ അദ്ദേഹം ഞങ്ങളെ അനുവദിച്ചു! പിന്നീട്‌ ഗവൺമെന്റ്‌ അധികാരികളോടു സാക്ഷീകരിച്ചപ്പോൾ സാഹിത്യങ്ങൾ നിരോധിച്ചിരിക്കുന്നതിന്റെ കാരണം തങ്ങൾക്കറിയില്ല എന്നാണ്‌ അവർ പറഞ്ഞത്‌. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ നിരോധനം പിൻവലിച്ചു.

ബാർബഡോസിലെ ഞങ്ങളുടെ ശുശ്രൂഷ വളരെ ഫലപ്രദമായിരുന്നു. ഞങ്ങൾക്ക്‌ 15 ബൈബിൾ അധ്യയനങ്ങൾ വീതമെങ്കിലും ഉണ്ടായിരുന്നു. മിക്ക വിദ്യാർഥികളും ആത്മീയമായി പുരോഗമിച്ചു. ചിലരൊക്കെ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങിയതു ഞങ്ങളെ സന്തോഷിപ്പിച്ചു. എന്നിരുന്നാലും കുറച്ചു നാളുകളായി അവിടെ നമ്മുടെ സാഹിത്യങ്ങൾ നിരോധിച്ചിരുന്നതിനാൽ സഹോദരങ്ങൾക്ക്‌ യോഗങ്ങൾ നടത്തേണ്ട ശരിയായ വിധത്തെ കുറിച്ച്‌ അറിയില്ലായിരുന്നു. എന്നാൽ പെട്ടെന്നുതന്നെ പ്രാപ്‌തരായ പല സഹോദരങ്ങളെയും പരിശീലിപ്പിച്ചെടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഞങ്ങളുടെ ബൈബിൾ വിദ്യാർഥികളിൽ അനേകരെയും ശുശ്രൂഷയിൽ ഇറങ്ങാൻ സഹായിക്കുന്നതിലും സഭ വളരുന്നത്‌ കാണുന്നതിലും ഉള്ള സന്തോഷം ഞങ്ങൾ അനുഭവിച്ചു.

ഒരു കുടുംബത്തെ പുലർത്തുന്നു

ഏകദേശം പതിനെട്ടു മാസം കഴിഞ്ഞപ്പോൾ ഒരു ഓപ്പറേഷൻ ആവശ്യമായി വന്നതിനാൽ എനിക്ക്‌ ഐക്യനാടുകളിലേക്കു തിരിച്ചു പോകേണ്ടി വന്നു. അവിടെവെച്ച്‌, നേരത്തേ കത്തിലൂടെ ബന്ധപ്പെട്ടുകൊണ്ടിരുന്ന ഡോറത്തി എന്ന സാക്ഷിയെ ഞാൻ വിവാഹം ചെയ്‌തു. വിവാഹശേഷം ഞങ്ങൾ രണ്ടുപേരും ഫ്‌ളോറിഡായിലെ തലഹാസിയിൽ പയനിയറിങ്‌ നടത്തി. എന്നാൽ ആറു മാസം കഴിഞ്ഞപ്പോൾ, ഒരു സാക്ഷി എനിക്ക്‌ ജോലി വാഗ്‌ദാനം ചെയ്‌തിരുന്ന കെന്റക്കിയിലെ ലൂയിവില്ലിലേക്കു ഞങ്ങൾ താമസം മാറ്റി. എന്റെ സഹോദരൻ ബെന്നെറ്റ്‌ ബാർബഡോസിൽതന്നെ വളരെ വർഷങ്ങൾ സേവിച്ചു. തുടർന്ന്‌ അവൻ ഒരു സഹ മിഷനറിയെ വിവാഹം ചെയ്യുകയും ദ്വീപുകളിൽ സഞ്ചാരമേൽവിചാരകനായി സേവിക്കുകയും ചെയ്‌തു. പിന്നീട്‌ ആരോഗ്യപ്രശ്‌നങ്ങൾ കാരണം അവർക്ക്‌ ഐക്യനാടുകളിലേക്കു മടങ്ങേണ്ടി വന്നു. 1990-ൽ 73-ാമത്തെ വയസ്സിൽ ബെന്നെറ്റ്‌ മരിക്കുന്നതു വരെ അവർ അവിടെയുള്ള സ്‌പാനിഷ്‌ ഭാഷാ സഭകളെ സന്ദർശിക്കുന്ന വേലയിൽ തുടർന്നു.

1950-ൽ ഞങ്ങളുടെ ആദ്യത്തെ കുട്ടി ജനിച്ചു. അവൾക്ക്‌ ഞങ്ങൾ ഡാറിൽ എന്നു പേരിട്ടു. അതിനുശേഷം ഞങ്ങൾക്കു നാലു കുട്ടികൾ കൂടെ ഉണ്ടായി. രണ്ടാമത്തവൻ ഡെറിക്ക്‌ വെറും രണ്ടര വയസ്സായപ്പോഴേക്കും സ്‌പൈനൽ മെനിൻജൈറ്റിസ്‌ വന്നു മരിച്ചു. 1956-ൽ ലെസ്‌ലിയും 1958-ൽ എവ്‌റെറ്റും ഉണ്ടായി. മക്കളെ ബൈബിൾ സത്യത്തിന്റെ പാതയിൽ വളർത്തിക്കൊണ്ടു വരാൻ ഞാനും ഡോറത്തിയും ശ്രമിച്ചു. എല്ലാ ആഴ്‌ചയിലും കുടുംബ ബൈബിളധ്യയനം നടത്താനും അത്‌ കുട്ടികൾക്കെല്ലാം രസകരം ആക്കിത്തീർക്കാനും ഞങ്ങൾ ശ്രമിച്ചിരുന്നു. ചെറിയ കുട്ടികൾ ആയിരുന്നപ്പോൾതന്നെ ഞങ്ങൾ ഡാറിലിനും ലെസ്‌ലിക്കും എവ്‌റെറ്റിനും ഓരോ ആഴ്‌ചയിലും പിറ്റേ ആഴ്‌ചത്തേക്ക്‌ ഗവേഷണം ചെയ്‌ത്‌ ഉത്തരം കണ്ടുപിടിക്കാൻ ചോദ്യങ്ങൾ കൊടുക്കുമായിരുന്നു. കൂടാതെ, വീടുതോറുമുള്ള സാക്ഷീകരണം അവർ അഭിനയിച്ചു കാണിക്കുകയും ചെയ്‌തിരുന്നു. വീട്ടുകാരനായി അഭിനയിച്ചുകൊണ്ട്‌ ഒരാൾ തുണികൾ വെക്കുന്ന മുറിയിൽ പോയി നിൽക്കും. മറ്റേയാൾ പുറത്തുനിന്ന്‌ വാതിലിൽ മുട്ടും. ഓരോന്നു പറഞ്ഞ്‌ പരസ്‌പരം പേടിപ്പിക്കാൻ അവർ ശ്രമിച്ചിരുന്നു. അതിനായി അവർ തിരഞ്ഞെടുത്ത വാചകങ്ങൾ കേട്ടാൽ ശരിക്കും ചിരി വരുമായിരുന്നു. എന്നാൽ പ്രസംഗവേലയോടു സ്‌നേഹം വളർത്താൻ ഇത്‌ അവരെ സഹായിച്ചു. ഞങ്ങൾ അവരെ ക്രമമായി ഞങ്ങളോടൊപ്പം വയൽസേവനത്തിനു കൊണ്ടുപോകുമായിരുന്നു.

1973-ൽ ഞങ്ങളുടെ ഇളയ മകൻ എൽട്ടൻ ജനിച്ചപ്പോൾ എനിക്ക്‌ ഏകദേശം 60-ഉം ഡോറത്തിക്ക്‌ 50-ഉം വയസ്സായിരുന്നു. സഭയിൽ എല്ലാവരും ഞങ്ങളെ അബ്രാഹാമെന്നും സാറായെന്നും വിളിച്ചു! (ഉല്‌പത്തി 17:​15-17) എൽട്ടനെ അവന്റെ ജ്യേഷ്‌ഠന്മാർ മിക്കപ്പോഴും വയൽസേവനത്തിന്‌ അവരോടൊപ്പം കൊണ്ടുപോയിരുന്നു. മറ്റുള്ളവരുമായി ബൈബിൾ സത്യങ്ങൾ പങ്കുവെക്കുന്നതിൽ കുടുംബങ്ങൾ​—⁠സഹോദരന്മാരും സഹോദരിമാരും, മാതാപിതാക്കളും മക്കളും​—⁠ഒത്തൊരുമിച്ചു പ്രവർത്തിക്കുന്നത്‌ ആളുകൾക്ക്‌ ശക്തമായ ഒരു സാക്ഷ്യമാണെന്നു ഞങ്ങൾക്കു തോന്നി. ജ്യേഷ്‌ഠന്മാർ ഓരോരുത്തരും മാറിമാറിയാണ്‌ എൽട്ടനെ കൊണ്ടുപോയിരുന്നത്‌. അവന്റെ കൈയിൽ അവർ ഒരു ബൈബിൾ ലഘുലേഖ കൊടുക്കുമായിരുന്നു. കതകു തുറക്കുമ്പോൾ ജ്യേഷ്‌ഠന്റെ തോളിൽ ഇരിക്കുന്ന ആ കൊച്ചു കുഞ്ഞിനെ കാണുന്ന ആരുംതന്നെ സന്ദേശം കേൾക്കേണ്ട എന്നു പറഞ്ഞിരുന്നില്ല. സംഭാഷണം കഴിയുമ്പോൾ ലഘുലേഖ വീട്ടുകാരനു കൊടുക്കാനും ഏതാനും വാക്കുകൾ പറയാനും അവർ എൽട്ടനെ പഠിപ്പിച്ചു. അവൻ പ്രസംഗിച്ചുതുടങ്ങിയത്‌ അങ്ങനെയായിരുന്നു.

ഇത്രയും കാലത്തിനിടയ്‌ക്കു പലരെയും യഹോവയെ കുറിച്ചു പഠിപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്‌. 1970-കളുടെ അവസാനത്തോടടുത്ത്‌ ആവശ്യം കൂടുതൽ ഉണ്ടായിരുന്നിടത്ത്‌ സേവിക്കുന്നതിനായി ലൂയിവില്ലിൽനിന്നും കെന്റക്കിയിൽതന്നെയുള്ള ഷെൽബിവില്ലിലേക്കു ഞങ്ങൾ താമസം മാറ്റി. അവിടത്തെ സഭ വളരുന്നതു ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. കൂടാതെ രാജ്യഹാളിനായി സ്ഥലം വാങ്ങുന്നതിനും ഹാൾ പണിയുന്നതിനു സഹായിക്കുന്നതിനും ഞങ്ങൾക്കു സാധിച്ചു. പിന്നീട്‌ അധികം ദൂരെയല്ലാത്ത മറ്റൊരു സഭയിൽ സേവിക്കാൻ ഞങ്ങളോട്‌ ആവശ്യപ്പെട്ടു.

കുടുംബ ജീവിതത്തിലെ അനിശ്ചിതത്വങ്ങൾ

ഞങ്ങളുടെ മക്കളെല്ലാം യഹോവയുടെ മാർഗത്തിൽതന്നെ തുടർന്നു എന്നു പറയാൻ ആഗ്രഹം ഉണ്ടെങ്കിലും വാസ്‌തവം അതല്ല. ഞങ്ങളുടെ ജീവിച്ചിരിക്കുന്ന നാലു മക്കളിൽ മൂന്നു പേരും വളർന്ന്‌, വീട്ടിൽനിന്നു പോയതിനുശേഷം സത്യമാർഗം ഉപേക്ഷിച്ചു. എവ്‌റെറ്റ്‌ മാത്രം എന്റെ മാതൃക അനുകരിച്ചുകൊണ്ട്‌ മുഴുസമയ ശുശ്രൂഷ ഏറ്റെടുത്തു. അവൻ പിന്നീട്‌ ന്യൂയോർക്കിൽ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തു സേവിച്ചു. 1984-ൽ 77-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽ സംബന്ധിക്കാനുള്ള ക്ഷണം അവനു ലഭിച്ചു. ബിരുദം നേടിയ ശേഷം തനിക്കു ലഭിച്ച നിയമനപ്രദേശമായ പശ്ചിമ ആഫ്രിക്കയിലെ സിയെറാ ലിയോണിലേക്ക്‌ എവ്‌റെറ്റ്‌ പോയി. 1988-ൽ അവൻ ബെൽജിയത്തിൽനിന്നുള്ള ഒരു പയനിയറായ മാര്യാനെ വിവാഹം ചെയ്‌തു. അന്നു മുതൽ അവർ ഒരുമിച്ച്‌ മിഷനറിമാരായി സേവിക്കുന്നു.

ഏതൊരു മാതാവിനും പിതാവിനും മനസ്സിലാക്കാൻ കഴിയുന്നതുപോലെ, ഇപ്പോൾ ഏറ്റവും സംതൃപ്‌തിദായകവും ഭാവിയിൽ ഭൂമിയിലെ പറുദീസയിൽ നിത്യജീവൻ ആസ്വദിക്കാൻ കഴിയുമെന്ന മഹത്തായ പ്രത്യാശ നൽകുന്നതുമായ ജീവിതഗതി ഞങ്ങളുടെ മൂന്നു മക്കൾ ഉപേക്ഷിച്ചത്‌ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു. ചില സമയങ്ങളിൽ ഞാൻ സ്വയം കുറ്റപ്പെടുത്തി. എന്നാൽ, യഹോവ സ്‌നേഹത്തോടെയും ദയയോടെയും ശിക്ഷണം നൽകുന്നവനും ഒരിക്കലും തെറ്റു വരുത്താത്തവനും ആയിരുന്നിട്ടും അവന്റെ സ്വന്തം ആത്മീയ പുത്രന്മാരിൽ​—⁠ദൂതന്മാരിൽ​—⁠ചിലർ പോലും അവനെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞു എന്നോർക്കുമ്പോൾ എനിക്ക്‌ ആശ്വാസം ലഭിക്കാറുണ്ട്‌. (ആവർത്തനപുസ്‌തകം 32:4; യോഹന്നാൻ 8:44; വെളിപ്പാടു 12:​4, 9) മക്കളെ യഹോവയുടെ വഴിയിൽ വളർത്താൻ മാതാപിതാക്കൾ എത്ര കഠിന ശ്രമം ചെയ്‌താലും ചിലർ സത്യം സ്വീകരിക്കാൻ വിസമ്മതിച്ചേക്കാമെന്നു മനസ്സിലാക്കാൻ ഇത്‌ എന്നെ സഹായിച്ചിരിക്കുന്നു.

ശക്തമായ കാറ്റ്‌ വീശുമ്പോൾ കാറ്റിന്റെ ദിശയിലേക്കു വളയുന്ന ഒരു വൃക്ഷം പോലെയായിരിക്കണം നമ്മൾ. നേരിടേണ്ടി വരുന്ന വിവിധ കഷ്ടപ്പാടുകളും പ്രശ്‌നങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ നമുക്കു കഴിയണം. ക്രമമായ ബൈബിൾ പഠനവും യോഗഹാജരും ഇങ്ങനെ പൊരുത്തപ്പെടാനും ആത്മീയത കൈവിടാതിരിക്കാനും ഉള്ള ശക്തി ഈ നാളുകളിലൊക്കെയും എനിക്കു പ്രദാനം ചെയ്‌തിരിക്കുന്നു. എനിക്കു പ്രായം കൂടുകയും മുൻകാലങ്ങളിൽ ഞാൻ വരുത്തിയിട്ടുള്ള പിഴവുകൾ മനസ്സിലാക്കുകയും ചെയ്യുമ്പോൾ എല്ലാറ്റിന്റെയും നല്ല വശം കാണാൻ ഞാൻ ശ്രമിക്കും. എന്തായിരുന്നാലും നാം വിശ്വസ്‌തരായി നിലകൊള്ളുകയാണെങ്കിൽ ഇത്തരം അനുഭവങ്ങൾക്ക്‌ നമ്മുടെ ആത്മീയ പുരോഗതിക്കു സംഭാവന ചെയ്യാൻ കഴിയും എന്നതു തീർച്ചയാണ്‌. അവയിൽനിന്നു പഠിക്കാൻ നാം തയ്യാറാകുന്നുവെങ്കിൽ ജീവിതത്തിലെ ഏറ്റവും മോശമായ അനുഭവങ്ങൾക്കു പോലും ചില നല്ല വശങ്ങൾ ഉണ്ടായിരിക്കാൻ കഴിയും.​—⁠യാക്കോബ്‌ 1:​2, 3.

യഹോവയുടെ സേവനത്തിൽ ആഗ്രഹിക്കുന്നതു പോലെ പ്രവർത്തിക്കാനുള്ള ആരോഗ്യമോ ശക്തിയോ ഇപ്പോൾ എനിക്കും ഡോറത്തിക്കും ഇല്ല. എന്നാൽ ഞങ്ങളുടെ പ്രിയപ്പെട്ട ക്രിസ്‌തീയ സഹോദരീസഹോദരന്മാർ നൽകുന്ന പിന്തുണയ്‌ക്ക്‌ ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്‌. ഞങ്ങളുടെ സാന്നിധ്യം തങ്ങൾ എത്രമാത്രം വിലമതിക്കുന്നു എന്നു സഹോദരങ്ങൾ പറയാത്ത ഒറ്റ യോഗം പോലുമുണ്ടെന്നു തോന്നുന്നില്ല. വീടിന്റെയും കാറിന്റെയും അറ്റകുറ്റപ്പണികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്‌തുതന്നുകൊണ്ട്‌ ഞങ്ങളെ എല്ലാ വിധങ്ങളിലും സഹായിക്കാൻ അവർ ശ്രമിക്കുന്നു.

വല്ലപ്പോഴുമൊക്കെ സഹായ പയനിയർ സേവനം നടത്താൻ ഞങ്ങൾക്കു കഴിയാറുണ്ട്‌. താത്‌പര്യക്കാരുമായി ഞങ്ങൾ അധ്യയനങ്ങളും നടത്തുന്നു. ആഫ്രിക്കയിൽ സേവിക്കുന്ന മകനിൽനിന്നു വിവരങ്ങൾ ലഭിക്കുന്നത്‌ ഞങ്ങൾക്കിന്നു വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്‌. ഞങ്ങൾ രണ്ടുപേരും തനിച്ചാണെങ്കിലും ഇപ്പോഴും ഞങ്ങൾ കുടുംബ ബൈബിൾ അധ്യയനം നടത്താറുണ്ട്‌. യഹോവയുടെ സേവനത്തിൽ ഇത്രയും കാലം ചെലവഴിച്ചിരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്‌. ‘ഞങ്ങളുടെ പ്രവൃത്തിയും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളയുകയില്ല’ എന്ന ഉറപ്പ്‌ അവൻ ഞങ്ങൾക്കു നൽകുന്നു.​—⁠എബ്രായർ 6:⁠10.

[25-ാം പേജിലെ ചിത്രം]

1940 ഏപ്രിൽ 18-ന്‌ വെൽവയെയും ബെന്നെറ്റിനെയും എന്നെയും റ്റെഡ്‌ ക്ലൈൻ സ്‌നാപനപ്പെടുത്തുന്നു

[26-ാം പേജിലെ ചിത്രങ്ങൾ]

ഞാനും ഭാര്യ ഡോറത്തിയും, 1940-കളുടെ തുടക്കത്തിലും 1997-ലും എടുത്ത ചിത്രങ്ങൾ

[27-ാം പേജിലെ ചിത്രം]

“സമാധാന പ്രഭു” എന്ന പരസ്യപ്രസംഗത്തിന്റെ പോസ്റ്റർ ഒട്ടിച്ച ബാർബഡോസിലെ ഒരു സിറ്റി ബസ്‌

[27-ാം പേജിലെ ചിത്രം]

എന്റെ സഹോദരൻ ബെന്നെറ്റ്‌ മിഷനറി ഭവനത്തിനു മുമ്പിൽ