നിങ്ങൾ സത്യം സ്വന്തമാക്കിയിട്ടുണ്ടോ?
നിങ്ങൾ സത്യം സ്വന്തമാക്കിയിട്ടുണ്ടോ?
“ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” —റോമർ 12:2.
1, 2. ഇന്ന് ഒരു സത്യക്രിസ്‌ത്യാനി ആയിരിക്കുന്നത് എളുപ്പമല്ലാത്തത് എന്തുകൊണ്ട്?
ഈ അന്ത്യകാലത്ത്, ഈ “ദുർഘടസമയ”ത്ത്, ഒരു സത്യക്രിസ്‌ത്യാനി ആയിരിക്കുക എളുപ്പമല്ല. (2 തിമൊഥെയൊസ് 3:1) ക്രിസ്‌തുവിന്റെ മാതൃക പിൻപറ്റുന്നതിന് ഒരുവൻ തീർച്ചയായും ലോകത്തെ ജയിച്ചടക്കണം. (1 യോഹന്നാൻ 5:4) ക്രിസ്‌തീയ മാർഗത്തെ കുറിച്ച് യേശു പറഞ്ഞത് എന്തെന്ന് ഓർമിക്കുക: “ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു. ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ.” അവൻ ഇങ്ങനെയും പറഞ്ഞു: “എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.”—മത്തായി 7:13, 14; ലൂക്കൊസ് 9:23.
2 ജീവനിലേക്കുള്ള ഇടുങ്ങിയ പാത കണ്ടെത്തിയ ഒരു ക്രിസ്‌ത്യാനിയുടെ അടുത്ത വെല്ലുവിളി അതിൽ തുടരുക എന്നതാണ്. അത് ഒരു വെല്ലുവിളി ആയിരിക്കുന്നത് എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ നമ്മുടെ സമർപ്പണവും സ്‌നാപനവും നമ്മെ സാത്താന്റെ കുടില തന്ത്രങ്ങളുടെ ഇരയാക്കുന്നു. (എഫെസ്യർ 6:11) അവൻ നമ്മുടെ ദൗർബല്യങ്ങൾ ശ്രദ്ധിക്കുന്നു. എന്നിട്ട് അവ ഉപയോഗിച്ച് നമ്മുടെ ആത്മീയതയെ തകർക്കാൻ ശ്രമിക്കുന്നു. യേശുവിന്റെപോലും വിശ്വസ്‌തത തകർക്കാൻ ശ്രമിച്ച അവൻ നമ്മെ വെറുതെ വിടുമോ?—മത്തായി 4:1-11.
സാത്താന്റെ കുടില തന്ത്രങ്ങൾ
3. സാത്താൻ ഹവ്വായുടെ മനസ്സിൽ സംശയത്തിന്റെ വിത്തു പാകിയത് എങ്ങനെ?
3 സാത്താൻ ഉപയോഗിക്കുന്ന ഒരു തന്ത്രം നമ്മുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകുക എന്നതാണ്. നമ്മുടെ ആത്മീയ പടച്ചട്ടയിലെ ദുർബല ഭാഗം ഏതാണെന്ന് അവൻ പരതിക്കൊണ്ടിരിക്കുന്നു. തുടക്കത്തിൽത്തന്നെ അവൻ ഹവ്വായുടെ കാര്യത്തിൽ ഉപയോഗിച്ചത് ആ തന്ത്രമാണ്. അവൻ ഹവ്വായോട് ഇങ്ങനെ ചോദിച്ചു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്‌തവമായി കല്‌പിച്ചിട്ടുണ്ടോ”? (ഉല്‌പത്തി 3:1) മറ്റു വാക്കുകളിൽ പറഞ്ഞാൽ, സാത്താൻ ഇങ്ങനെ ചോദിക്കുകയായിരുന്നു: ‘ദൈവത്തിന് വാസ്‌തവത്തിൽ നിങ്ങളുടെ മേൽ അത്തരമൊരു വിലക്കു വെക്കാനാകുമോ? അവൻ വളരെ നല്ലതായ എന്തെങ്കിലും നിങ്ങളിൽനിന്ന് തടഞ്ഞുവെക്കുമോ? എന്തിന്, അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു!’ സാത്താൻ സംശയത്തിന്റെ ഒരു വിത്തു പാകിയിട്ട് അതു മുളച്ചുവരാൻ കാത്തിരുന്നു.—ഉല്‌പത്തി 3:5.
4. ചിലരെ ഇന്ന് ഏതു സംശയങ്ങൾ പിടികൂടിയേക്കാം?
4 പ്രസ്‌തുത തന്ത്രം സാത്താൻ ഇന്ന് എങ്ങനെയാണ് പ്രയോഗിക്കുന്നത്? നാം ബൈബിൾ വായനയും വ്യക്തിപരമായ പഠനവും പ്രാർഥനയും ക്രിസ്‌തീയ ശുശ്രൂഷയും യോഗങ്ങളും അവഗണിക്കുന്നെങ്കിൽ മറ്റുള്ളവർ ഉന്നയിക്കുന്ന സംശയങ്ങൾ അവരെ എളുപ്പം ബാധിച്ചേക്കാം. ദൃഷ്ടാന്തത്തിന്, “യേശു പഠിപ്പിച്ച സത്യം ഇതുതന്നെയാണെന്ന് നമുക്ക് എങ്ങനെ അറിയാം?” “ഇവ വാസ്‌തവത്തിൽ അന്ത്യനാളുകൾതന്നെ ആണോ? നാം ഇപ്പോൾത്തന്നെ 21-ാം നൂറ്റാണ്ടിൽ ആണല്ലോ.” “നാം അർമഗെദോന്റെ പടിവാതിൽക്കൽ ആണോ, അതോ അത് വിദൂര ഭാവിയിലേ സംഭവിക്കുകയുള്ളോ?” അത്തരം സംശയങ്ങൾ തലപൊക്കിയാൽ അവയെ ദൂരീകരിക്കുന്നതിന് നമുക്ക് എന്തു ചെയ്യാനാകും?
5, 6. സംശയങ്ങൾ ഉണ്ടാകുന്നെങ്കിൽ നാം എന്തു ചെയ്യണം?
5 പിൻവരുന്ന പ്രകാരം എഴുതിക്കൊണ്ട് യാക്കോബ് പ്രായോഗിക ബുദ്ധിയുപദേശം നൽകി: “നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും. എന്നാൽ അവൻ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവൻ കാററടിച്ചു അലയുന്ന കടൽത്തിരെക്കു സമൻ. ഇങ്ങനെയുള്ള മനുഷ്യൻ കർത്താവിൽനിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു. ഇരുമനസ്സുള്ള മനുഷ്യൻ തന്റെ വഴികളിൽ ഒക്കെയും അസ്ഥിരൻ ആകുന്നു.”—യാക്കോബ് 1:5-8.
6 അപ്പോൾ, നാം എന്തു ചെയ്യണം? വിശ്വാസത്തിനും ഗ്രാഹ്യത്തിനും വേണ്ടി നാം പ്രാർഥനയിൽ “ദൈവത്തോടു യാചി”ച്ചുകൊണ്ടിരിക്കണം. നമ്മുടെ യാക്കോബ് 4:7, 8.
ചോദ്യങ്ങൾക്കോ സംശയങ്ങൾക്കോ ഉള്ള ഉത്തരം കണ്ടെത്തുന്നതിന് വ്യക്തിപരമായി പഠിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും വേണം. വിശ്വാസത്തിൽ ബലിഷ്‌ഠരായവരുടെ സഹായവും നമുക്കു തേടാവുന്നതാണ്. ദൈവം നമുക്ക് ആവശ്യമായ പിന്തുണ നൽകുമെന്ന കാര്യത്തിൽ നാം ഒരിക്കലും സംശയാലുക്കൾ ആയിരിക്കരുത്. യാക്കോബ് ഇങ്ങനെയും പറഞ്ഞു: “ആകയാൽ നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്‌പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും. ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും.” അതേ, പഠനത്തിലൂടെയും പ്രാർഥനയിലൂടെയും ദൈവത്തോട് അടുത്തു ചെല്ലുന്ന പക്ഷം നമ്മുടെ സംശയങ്ങൾ ദൂരീകരിക്കപ്പെടും.—7, 8. യേശു പഠിപ്പിച്ച തരത്തിലുള്ള ആരാധന ഏതാണെന്നു തീരുമാനിക്കാനുള്ള ചില അടിസ്ഥാന മാനദണ്ഡങ്ങൾ ഏതെല്ലാം, ആരാണ് ഈ മാനദണ്ഡങ്ങളിൽ എത്തിച്ചേർന്നിട്ടുള്ളത്?
7 ദൃഷ്ടാന്തത്തിന്, ഈ ചോദ്യം പരിചിന്തിക്കുക: നമ്മുടെ ആരാധന യേശു പഠിപ്പിച്ച തരത്തിലുള്ളതാണെന്നു നമുക്ക് എങ്ങനെ അറിയാം? അതിനുള്ള ഉത്തരത്തിനായി ഏതു മാനദണ്ഡമാണു പരിഗണിക്കേണ്ടത്? സത്യക്രിസ്‌ത്യാനികൾക്കു പരസ്‌പരം യഥാർഥ സ്‌നേഹം ഉണ്ടായിരിക്കണമെന്ന് ബൈബിൾ ചൂണ്ടിക്കാട്ടുന്നു. (യോഹന്നാൻ 13:34, 35) അവർ യഹോവ എന്ന ദൈവനാമത്തെ വിശുദ്ധീകരിക്കണം. (യെശയ്യാവു 12:4, 5; മത്തായി 6:9) അവർ ആ നാമം പരസ്യപ്പെടുത്തണം.—പുറപ്പാടു 3:15; യോഹന്നാൻ 17:26.
8 സത്യാരാധനയെ തിരിച്ചറിയിക്കുന്ന മറ്റൊരു സവിശേഷത ദൈവവചനമായ ബൈബിളിനോടുള്ള ആദരവാണ്. ദൈവത്തിന്റെ വ്യക്തിത്വവും ഉദ്ദേശ്യങ്ങളും വെളിപ്പെടുത്തുന്ന അതുല്യമായ പുസ്‌തകമാണ് അത്. (യോഹന്നാൻ 17:17; 2 തിമൊഥെയൊസ് 3:16, 17) മനുഷ്യവർഗത്തിന് ഒരു പറുദീസാ ഭൂമിയിൽ നിത്യജീവൻ പ്രദാനം ചെയ്യാനുള്ള ഏക സരണി ദൈവരാജ്യമാണെന്ന് സത്യക്രിസ്‌ത്യാനികൾ ഘോഷിക്കുന്നു എന്നതാണ് മറ്റൊരു സംഗതി. (മർക്കൊസ് 13:10; വെളിപ്പാടു 21:1-5) അവർ ലോകത്തിലെ അഴിമതിപൂണ്ട രാഷ്‌ട്രീയത്തിൽ നിന്നും അധഃപതിച്ച ജീവിതരീതികളിൽ നിന്നും വേറിട്ടു നിൽക്കുന്നു. (യോഹന്നാൻ 15:19; യാക്കോബ് 1:27; 4:4) ഇന്ന് ഈ മാനദണ്ഡത്തിൽ എത്തിച്ചേർന്നിട്ടുള്ളത് വാസ്‌തവത്തിൽ ആരാണ്? വസ്‌തുതകൾ വ്യക്തമാക്കുന്നതനുസരിച്ച്, അതിന് ഒറ്റ ഉത്തരമേ ഉള്ളൂ—യഹോവയുടെ സാക്ഷികൾ.
സംശയങ്ങൾ വിട്ടുമാറുന്നില്ലെങ്കിലോ?
9, 10. വിട്ടുമാറാത്തതെന്ന് തോന്നിക്കുന്ന സംശയങ്ങൾ ദൂരികരിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും?
9 സംശയങ്ങൾ നമ്മെ കീഴടക്കുന്നതായി നാം കണ്ടെത്തുന്നെങ്കിലോ? അപ്പോൾ നാം എന്തു ചെയ്യണം? ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ ഉത്തരം നൽകുന്നു: ‘മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്‌പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.’—സദൃശവാക്യങ്ങൾ 2:1-5.
10 അത് അതിശയകരമായ ഒരു സംഗതിയല്ലേ? ദൈവിക ജ്ഞാനത്തിന് ആത്മാർഥമായ ശ്രദ്ധ നൽകാൻ മനസ്സൊരുക്കമുള്ളവർ ആണെങ്കിൽ, നാം ‘ദൈവപരിജ്ഞാനം കണ്ടെത്തും.’ അതേ, പ്രപഞ്ചത്തിന്റെ പരമാധികാര
കർത്താവിനെ കുറിച്ചുള്ള പരിജ്ഞാനം നമ്മുടെ എത്തുപാടിൽത്തന്നെ ഉണ്ട്, നാം അവന്റെ വചനം സ്വീകരിക്കാനും അവയെ നിധിപോലെ കരുതാനും മനസ്സുള്ളവർ ആയിരിക്കണമെന്നു മാത്രം. പ്രാർഥനയിലും വ്യക്തിപരമായ പഠനത്തിലൂടെയും യഹോവയിലേക്കു തിരിയുക എന്നാണ് അതിന്റെ അർഥം. ദൈവവചനത്തിൽ മറഞ്ഞിരിക്കുന്ന നിധികൾക്ക് ഏതൊരു സംശയത്തെയും ദൂരികരിക്കാനും സത്യത്തിന്റെ പ്രകാശം കാണാൻ നമ്മെ സഹായിക്കാനും കഴിയും.11. എലീശായുടെ ബാല്യക്കാരനെ സംശയം ബാധിച്ചത് എങ്ങനെ?
11 ഭയത്തിന്റെയും സംശയത്തിന്റെയും പിടിയിലായ ഒരു ദൈവദാസനെ പ്രാർഥന എങ്ങനെ സഹായിച്ചു എന്നതിന്റെ വ്യക്തമായ ഒരു ദൃഷ്ടാന്തം 2 രാജാക്കന്മാർ 6:11-18-ൽ കാണാവുന്നതാണ്. എലീശായുടെ ബാല്യക്കാരന് ആത്മീയ കാഴ്‌ചപ്പാട് ഇല്ലായിരുന്നു. ദൈവത്തിന്റെ പ്രവാചകനെ പിന്താങ്ങാൻ സ്വർഗീയ സൈന്യങ്ങൾ ഉണ്ടെന്ന വസ്‌തുത തിരിച്ചറിയാൻ അവനു കഴിഞ്ഞില്ല. പ്രവാചകൻ അപ്പോൾ അരാം (സിറിയൻ) സൈന്യത്താൽ ചുറ്റപ്പെട്ടിരിക്കുക ആയിരുന്നു. ഭയപ്പെട്ടുപോയ ബാല്യക്കാരൻ ഇങ്ങനെ വിളിച്ചുപറഞ്ഞു: “അയ്യോ യജമാനനേ, നാം എന്തു ചെയ്യും”? എലീശായുടെ പ്രതികരണം എന്തായിരുന്നു? “പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികം.” എന്നാൽ ബാല്യക്കാരന് അത് എങ്ങനെ ബോധ്യമാകും? അവന് സ്വർഗീയ സൈന്യത്തെ കാണാൻ കഴിയുമായിരുന്നില്ല.
12. (എ) എലീശായുടെ ബാല്യക്കാരന്റെ സംശയം ദൂരികരിക്കപ്പെട്ടത് എങ്ങനെ? (ബി) നമുക്ക് ഉണ്ടായിരുന്നേക്കാവുന്ന സംശയങ്ങളെ എങ്ങനെ ദൂരികരിക്കാനാകും?
12 “എലീശാ പ്രാർത്ഥിച്ചു: യഹോവേ, ഇവൻ കാണത്തക്കവണ്ണം ഇവന്റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്റെ കണ്ണു തുറന്നു; എലീശയുടെചുററും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നതു അവൻ കണ്ടു.” എലീശായെ സംരക്ഷിച്ചുകൊണ്ടിരുന്ന സ്വർഗീയ സൈന്യത്തെ ബാല്യക്കാരൻ കാണാൻ യഹോവ ഇടയാക്കി. എന്നാൽ അത്തരം ദിവ്യ സഹായം നാം ഇന്നു പ്രതീക്ഷിക്കരുത്. തന്റെ വിശ്വാസം ബലിഷ്‌ഠമാക്കാനായി പഠിക്കാൻ പ്രവാചകന്റെ ബാല്യക്കാരന് സമ്പൂർണ ബൈബിൾ ഉണ്ടായിരുന്നില്ലെന്ന് ഓർമിക്കുക. എന്നാൽ നമുക്ക് അത് ലഭ്യമാണ്. നാം അതു നന്നായി പ്രയോജനപ്പെടുത്തുന്നു എങ്കിൽ, നമ്മുടെ വിശ്വാസവും ബലിഷ്‌ഠമാക്കപ്പെടും. ദൃഷ്ടാന്തത്തിന്, തന്റെ സ്വർഗീയ ന്യായാസനത്തിൽ യഹോവ ഉപവിഷ്ടനായിരിക്കുന്നതിനെ പറ്റിയുള്ള നിരവധി വിവരണങ്ങളെ കുറിച്ച് നമുക്കു വിചിന്തനം ചെയ്യാനാകും. ഇന്നത്തെ ലോകവ്യാപക വിദ്യാഭ്യാസ വേലയിൽ തന്റെ ദാസന്മാരെ പിന്താങ്ങുന്ന ഒരു സ്വർഗീയ സംഘടന ദൈവത്തിന് ഉണ്ടെന്നുള്ള കാര്യത്തിൽ ആ വിവരണങ്ങൾ യാതൊരു സംശയവും അവശേഷിപ്പിക്കുന്നില്ല.—യെശയ്യാവു 6:1-4; യെഹെസ്‌കേൽ 1:4-28; ദാനീയേൽ 7:9, 10; വെളിപ്പാടു 4:1-11; 14:6, 7.
സാത്താന്റെ തന്ത്രങ്ങൾക്കെതിരെ ജാഗ്രത പുലർത്തുക!
13. സത്യത്തിന്മേലുള്ള നമ്മുടെ പിടിയെ ദുർബലപ്പെടുത്താൻ സാത്താൻ ശ്രമിക്കുന്നത് ഏതു മാർഗങ്ങളിലൂടെയാണ്?
13 നമ്മുടെ ആത്മീയതയെയും സത്യത്തിന്മേലുള്ള നമ്മുടെ പിടിയേയും ദുർബലപ്പെടുത്താൻ സാത്താൻ ഉപയോഗിക്കുന്ന മറ്റു ചില മാർഗങ്ങൾ ഏവ? വിഭിന്ന 1 തെസ്സലൊനീക്യർ 4:3-5; യാക്കോബ് 1:13-15.
രൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്ന അധാർമികതയാണ് അവയിൽ ഒന്ന്. ലൈംഗിക ഭ്രാന്തു പിടിച്ച ഈ ലോകത്തിൽ, എന്തു വിലകൊടുത്തും ഉല്ലസിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഇന്നത്തെ തലമുറയ്‌ക്ക് ദാമ്പത്യ അവിശ്വസ്‌തതയും ഒറ്റ രാത്രിയിലേക്കു മാത്രമുള്ള—വെറുതെ ഒരു രസത്തിനു വേണ്ടിയുള്ള—പരസംഗവും വെറുമൊരു സാധാരണ സംഗതിയാണ്. ചലച്ചിത്രങ്ങളും ടെലിവിഷനും വീഡിയോകളും ഇത്തരം ജീവിത രീതിയെ പ്രോത്സാഹിപ്പിക്കുന്നു. മാധ്യമങ്ങളിൽ, വിശേഷിച്ചും ഇന്റർനെറ്റിൽ, അശ്ലീലം വളരെയേറെ വ്യാപിച്ചിരിക്കുന്നു. ജിജ്ഞാസുക്കൾ എളുപ്പം പ്രലോഭനത്തിന് വിധേയരാകുന്നു.—14. ചില ക്രിസ്‌ത്യാനികൾ സാത്താന്റെ തന്ത്രങ്ങൾക്ക് ഇരയായിത്തീർന്നിരിക്കുന്നത് എന്തുകൊണ്ട്?
14 അത്തരം ജിജ്ഞാസ തങ്ങളെ കീഴടക്കാൻ ചില ക്രിസ്‌ത്യാനികൾ അനുവദിച്ചിരിക്കുന്നു. അങ്ങനെ, കാര്യമായ മറയില്ലാത്ത അല്ലെങ്കിൽ തീർത്തും പച്ചയായ അശ്ലീല രംഗങ്ങൾ വീക്ഷിച്ചുകൊണ്ട് അവർ തങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും ദുഷിപ്പിച്ചിരിക്കുന്നു. സാത്താന്റെ വശീകരണ കെണിയിൽ അവർ തങ്ങളെത്തന്നെ അകപ്പെടുത്തിയിരിക്കുന്നു. അപ്രകാരം ചെയ്യുന്നത് മിക്കപ്പോഴും ആത്മീയ കപ്പൽച്ചേതത്തിന് ഇടയാക്കിയിരിക്കുന്നു. “തിന്മെക്കു ശിശുക്കൾ ആയിരി”ക്കുന്നതിൽ അത്തരം ആളുകൾ പരാജയപ്പെട്ടിരിക്കുന്നു. അവർ “ഗ്രഹണപ്രാപ്‌തിയിൽ പൂർണ വളർച്ച” പ്രാപിച്ചിട്ടില്ല. (1 കൊരിന്ത്യർ 14:20, NW) ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾ ദൈവവചനത്തിലെ തത്ത്വങ്ങൾക്കും നിലവാരങ്ങൾക്കും ചേർച്ചയിൽ ജീവിക്കാത്തതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുന്നു. “ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരി”ക്കാനും കാത്തുസൂക്ഷിക്കാനും അവർ ശ്രദ്ധവെച്ചിട്ടില്ല.—എഫെസ്യർ 6:10-13; കൊലൊസ്സ്യർ 3:5-10; 1 തിമൊഥെയൊസ് 1:18, 19.
നമുക്കുള്ളതിനെ വിലമതിക്കുക
15. തങ്ങളുടെ ആത്മീയ പൈതൃകത്തെ വിലമതിക്കാൻ ചിലർക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം?
15 നിങ്ങൾ “സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്ന് യേശു പറഞ്ഞു. (യോഹന്നാൻ 8:32) സാക്ഷികളായിരിക്കുന്ന മിക്കവരും തങ്ങളുടെ മുൻ ജീവിത രീതിയും മതബന്ധങ്ങളും ഉപേക്ഷിച്ചു വന്നിട്ടുള്ളവരാണ്. അതുകൊണ്ട്, സത്യം വാഗ്‌ദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തെ അവർ എളുപ്പം വിലമതിച്ചേക്കാം. അതേസമയം, സത്യത്തിലുള്ള മാതാപിതാക്കൾ വളർത്തിക്കൊണ്ടുവന്ന ചില ചെറുപ്പക്കാർക്ക് തങ്ങളുടെ ആത്മീയ പൈതൃകത്തെ വിലമതിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അവർ ഒരിക്കലും വ്യാജമതത്തിന്റെയോ ഉല്ലാസ അനുധാവനവും മയക്കുമരുന്ന് ആസക്തിയും അധാർമികതയും മുഖമുദ്രയായ ഈ ലോകത്തിന്റെയോ ഭാഗമായിരുന്നിട്ടില്ല. തത്‌ഫലമായി, ആത്മീയ പറുദീസയും സാത്താന്റെ ദുഷിച്ച ലോകവും തമ്മിലുള്ള ഗണ്യമായ വ്യത്യാസം കാണാൻ അവർ പരാജയപ്പെട്ടേക്കാം. തങ്ങൾക്കു ലഭിക്കാതെപോയത് എന്താണെന്നു മനസ്സിലാക്കാനായി ചിലർ ലോകത്തിന്റെ വിഷം രുചിച്ചു നോക്കാനുള്ള പ്രലോഭനത്തിനു വഴിപ്പെടുക പോലും ചെയ്‌തേക്കാം!—1 യോഹന്നാൻ 2:15-17; വെളിപ്പാടു 18:1-5.
16. (എ) നാം നമ്മോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം? (ബി) എന്തുചെയ്യാനാണ് നാം പഠിപ്പിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നത്?
16 വേദനയും ദുരിതവും എന്താണെന്ന് അറിയാൻ നാം സ്വന്തം വിരലുകൾ പൊള്ളിക്കേണ്ടതുണ്ടോ? മറ്റുള്ളവർക്കുണ്ടായ തിക്താനുഭവങ്ങളിൽനിന്ന് നമുക്കു പാഠം ഉൾക്കൊള്ളാൻ കഴിയില്ലേ? നമുക്ക് എന്തെങ്കിലും നഷ്ടമായിട്ടുണ്ടോ എന്നറിയാൻ നാം ഈ ലോകത്തിന്റെ ‘ചെളി’യിലേക്കു തിരിയേണ്ടതുണ്ടോ? (2 പത്രൊസ് 2:20-22) മുമ്പ് സാത്താന്റെ ലോകത്തിന്റെ ഭാഗമായിരുന്ന ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ പത്രൊസ് ഇങ്ങനെ ഓർമിപ്പിച്ചു: “കാമാർത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധർമ്മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവർത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.” ജീവിതം എത്രത്തോളം അധഃപതിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാൻ നാം ലോകത്തിലെ ‘ദുർന്നടപ്പ്’ അനുഭവിച്ചറിയേണ്ട ആവശ്യമില്ല. (1 പത്രൊസ് 4:3, 4) നേരെമറിച്ച്, നമ്മുടെ ബൈബിൾ വിദ്യാഭ്യാസ കേന്ദ്രങ്ങളായ രാജ്യഹാളുകളിൽ യഹോവയുടെ ഉന്നത ധാർമിക നിലവാരങ്ങൾ പഠിപ്പിക്കുന്നു. നമ്മുടെ പക്കൽ സത്യം ഉണ്ടെന്നും നാം അതു സ്വന്തമാക്കിയിട്ടുണ്ടെന്നും സ്വയം ബോധ്യം വരുത്താൻ നമ്മുടെ ചിന്താപ്രാപ്‌തി ഉപയോഗിക്കാൻ നാം പ്രോത്സാഹിപ്പിക്കപ്പെടുന്നു.—യോശുവ 1:8; റോമർ 12:1, 2; 2 തിമൊഥെയൊസ് 3:14-17.
നമ്മുടെ പേര് വെറുമൊരു ലേബൽ അല്ല
17. നമുക്ക് യഹോവയുടെ ഫലപ്രദരായ സാക്ഷികൾ ആയിരിക്കാൻ കഴിയുന്നത് എങ്ങനെ?
17 സത്യം നമ്മുടെ സ്വന്തമാക്കുന്നെങ്കിൽ അനുയോജ്യമായ ഏത് അവസരത്തിലും അതു മറ്റുള്ളവരുമായി പങ്കുവെക്കാൻ നാം ശ്രമിക്കും. യാതൊരു താത്‌പര്യവും കാണിക്കാത്തവരിൽ അത് അടിച്ചേൽപ്പിക്കാൻ നാം ശ്രമിക്കും എന്നല്ല ഇതിന്റെ അർഥം. (മത്തായി 7:6) പിന്നെയോ, യഹോവയുടെ സാക്ഷികളായി നമ്മെത്തന്നെ തിരിച്ചറിയിക്കാൻ നമുക്ക് ഭയമുണ്ടായിരിക്കില്ല. ആത്മാർഥമായ ഒരു ചോദ്യം ചോദിച്ചുകൊണ്ടോ ഒരു ബൈബിൾ പ്രസിദ്ധീകരണം സ്വീകരിച്ചുകൊണ്ടോ ഒരു വ്യക്തി അൽപ്പമെങ്കിലും താത്‌പര്യം പ്രകടമാക്കുന്ന പക്ഷം നമ്മുടെ പ്രത്യാശ പങ്കുവെക്കാൻ നാം സന്നദ്ധരും സജ്ജരും ആയിരിക്കും. അതിന്, നാം എവിടെ ആയിരുന്നാലും—വീട്ടിലോ ജോലിസ്ഥലത്തോ സ്‌കൂളിലോ കടയിലോ വിനോദ സ്ഥലങ്ങളിലോ—നമ്മുടെ പക്കൽ എല്ലായ്‌പോഴും ഏതെങ്കിലും തരത്തിലുള്ള സാഹിത്യം ഉണ്ടായിരിക്കേണ്ടതാണ്.—1 പത്രൊസ് 3:15.
18. നമ്മെത്തന്നെ ക്രിസ്‌ത്യാനികൾ എന്ന് വ്യക്തമായി തിരിച്ചറിയിക്കുന്നത് വളരെ പ്രയോജനം ചെയ്‌തേക്കാവുന്നത് എങ്ങനെ?
18 നമ്മെത്തന്നെ ക്രിസ്‌ത്യാനികൾ എന്ന് വ്യക്തമായി തിരിച്ചറിയിക്കുമ്പോൾ നാം സാത്താന്റെ കുടിലമായ ആക്രമണങ്ങൾക്ക് എതിരെ നമ്മെത്തന്നെ ശക്തിപ്പെടുത്തുകയാണ്. ഒരു ജന്മദിനാഘോഷമോ ക്രിസ്‌തുമസ്സ് ആഘോഷമോ നടക്കുമ്പോൾ അല്ലെങ്കിൽ ഒരു ഓഫീസ് ലോട്ടറിയുടെ കാര്യം വരുമ്പോൾ സഹജോലിക്കാർ മിക്കപ്പോഴും ഇങ്ങനെ പറഞ്ഞേക്കാം, “അവളെ ശല്യപ്പെടുത്തേണ്ട, അവൾ യഹോവയുടെ സാക്ഷിയാണ്.” അതേ കാരണത്താൽതന്നെ, നമ്മുടെ മുന്നിൽവെച്ച് അശ്ലീല തമാശകൾ പറയാനും ആളുകൾ വിമുഖത കാട്ടിയേക്കാം. അതുകൊണ്ട്, നമ്മുടെ ക്രിസ്‌തീയ നിലപാട് പരസ്യമാക്കുന്നത് നമുക്കു വളരെ പ്രയോജനം ചെയ്യുന്നു. അത് പത്രൊസ് അപ്പൊസ്‌തലൻ ചൂണ്ടിക്കാട്ടിയതു പോലെയാണ്: “നിങ്ങൾ നന്മ ചെയ്യുന്നതിൽ ശുഷ്‌കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ? നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ.”—1 പത്രൊസ് 3:13, 14.
19. നാം അന്ത്യകാലത്തിന്റെ പരമാന്ത്യത്തിൽ എത്തിയിരിക്കുന്നു എന്ന് നമുക്ക് എങ്ങനെ അറിയാം?
19 സത്യം നമ്മുടെ സ്വന്തമാക്കുന്നതിന്റെ മറ്റൊരു പ്രയോജനം, ഇപ്പോൾ ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകൾ ആണെന്ന് നമുക്കു ബോധ്യപ്പെടും എന്നതാണ്. നമ്മുടെ കാലത്ത് ബൈബിൾ പ്രവചനങ്ങൾ മിക്കവയും അവയുടെ പരിസമാപ്‌തിയിലേക്കു മുന്നേറുകയാണെന്ന് നാം മനസ്സിലാക്കും. * “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരു”മെന്നുള്ള പൗലൊസിന്റെ മുന്നറിയിപ്പിന്റെ ശക്തമായ തെളിവാണ് കഴിഞ്ഞ നൂറ്റാണ്ടിലെ ഭീതിദമായ സംഭവങ്ങൾ. (2 തിമൊഥെയൊസ് 3:1-5; മർക്കൊസ് 13:3-37) 20-ാം നൂറ്റാണ്ടിനെ കുറിച്ചുള്ള അടുത്ത കാലത്തെ ഒരു പത്ര ലേഖനത്തിന്റെ ശീർഷകം, “ഇത് കാടത്തത്തിന്റെ ഒരു യുഗമായി സ്‌മരിക്കപ്പെടും” എന്നായിരുന്നു. ആ ലേഖനം ഇങ്ങനെ പ്രസ്‌താവിച്ചു: “ഏറ്റവുമധികം നരഹത്യ നടന്ന ഒരു നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഏറ്റവും അധികം നരഹത്യ നടന്ന വർഷം 1999 ആയിരുന്നു.”
20. ഇത് ഏതു പ്രവർത്തനത്തിനുള്ള സമയമാണ്?
20 ഇതു മടിച്ചു നിൽക്കാനുള്ള സമയമല്ല. ജനതകൾക്ക് ഒരു സാക്ഷ്യമായി മുഴു ലോകത്തിലും നടക്കുന്ന ഏറ്റവും വലിയ ബൈബിൾ വിദ്യാഭ്യാസ വേലയുടെ മേൽ യഹോവയുടെ അനുഗ്രഹം ഉണ്ടെന്നു വളരെ വ്യക്തമാണ്. (മത്തായി 24:14) സത്യം നിങ്ങളുടെ സ്വന്തമാക്കുക. അതു മറ്റുള്ളവരുമായി പങ്കുവെക്കുക. നിങ്ങൾ ഇപ്പോൾ എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ നിത്യജീവൻ. അലസമായ കൈ യഹോവയുടെ അനുഗ്രഹത്തിന് അർഹമാകില്ല. (ലൂക്കൊസ് 9:62) മറിച്ച്, “ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്‌നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും” ആയിരിക്കാനുള്ള സമയമാണിത്.—1 കൊരിന്ത്യർ 15:58.
[അടിക്കുറിപ്പ്]
^ ഖ. 19 2000 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 12-14 പേജുകൾ കാണുക. അതിന്റെ 13-18 ഖണ്ഡികകൾ, 1914 മുതൽ നാം അന്ത്യനാളുകളിലാണ് ജീവിക്കുന്നത് എന്നതിനുള്ള ശക്തമായ ആറു തെളിവുകൾ നൽകുന്നു.
നിങ്ങൾ ഓർമിക്കുന്നുവോ?
• നമുക്ക് സംശയങ്ങൾ എങ്ങനെ ദൂരീകരിക്കാം?
• എലീശായുടെ ബാല്യക്കാരന്റെ ദൃഷ്ടാന്തത്തിൽ നിന്ന് നമുക്ക് എന്തു പഠിക്കാനാകും?
• ഏത് അധാർമിക പ്രലോഭനങ്ങൾക്ക് എതിരെ നാം സദാ ജാഗരൂകരായിരിക്കണം?
• യഹോവയുടെ സാക്ഷികളായി നാം നമ്മെത്തന്നെ വ്യക്തമായി തിരിച്ചറിയിക്കേണ്ടത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[10-ാം പേജിലെ ചിത്രങ്ങൾ]
പതിവായ ബൈബിൾ പഠനവും പ്രാർഥനയും സംശയങ്ങൾ ദൂരികരിക്കാൻ നമ്മെ സഹായിക്കും
[11-ാം പേജിലെ ചിത്രം]
എലീശായുടെ ബാല്യക്കാരന്റെ സംശയങ്ങൾ ഒരു ദർശനത്തിലൂടെ ദൂരീകരിക്കപ്പെട്ടു
[12-ാം പേജിലെ ചിത്രം]
ബെനിനിലെ ഒരു രാജ്യഹാൾ—ഇതുപോലുള്ള രാജ്യഹാളുകളിൽ യഹോവയുടെ ഉന്നത ധാർമിക നിലവാരങ്ങളെ കുറിച്ച് നാം പഠിപ്പിക്കപ്പെടുന്നു