വെളിച്ചത്തിൽ നടക്കുന്നവർക്ക് സന്തോഷം
വെളിച്ചത്തിൽ നടക്കുന്നവർക്ക് സന്തോഷം
“വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.”—യെശയ്യാവു 2:5.
1, 2. (എ) വെളിച്ചം എത്ര പ്രധാനമാണ്? (ബി) അന്ധകാരം ഭൂമിയെ മൂടുമെന്ന മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
യഹോവയാണ് വെളിച്ചത്തിന്റെ ഉറവിടം. ‘സൂര്യനെ പകൽ വെളിച്ചത്തിന്നും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിന്നും നിയമിച്ചിരിക്കുന്നവൻ’ എന്ന് ബൈബിൾ അവനെ വിളിക്കുന്നു. (യിരെമ്യാവു 31:35; സങ്കീർത്തനം 8:3) വെളിച്ചത്തിന്റെയും താപത്തിന്റെയും മറ്റും രൂപത്തിൽ വൻതോതിൽ ഊർജം പുറപ്പെടുവിക്കുന്ന ഒരു കൂറ്റൻ ന്യൂക്ലിയർ ചൂളയായ നമ്മുടെ സൂര്യനെ സൃഷ്ടിച്ചത് അവനാണ്. സൂര്യനിൽനിന്നുള്ള ഊർജത്തിന്റെ ചെറിയ ഒരംശം സൂര്യപ്രകാശമായി ഭൂമിയിൽ എത്തുകയും അങ്ങനെ ഇവിടെ ജീവൻ സാധ്യമാകുകയും ചെയ്യുന്നു. സൂര്യപ്രകാശം ഇല്ലായിരുന്നെങ്കിൽ നമുക്ക് ഇവിടെ ജീവിക്കാൻ കഴിയുമായിരുന്നില്ല. ഭൂമി ജീവജാലങ്ങളില്ലാത്ത ഒരു ഗ്രഹം ആകുമായിരുന്നു.
2 ഈ സംഗതി മനസ്സിൽ പിടിച്ചാൽ, പ്രവാചകനായ യെശയ്യാവു വിവരിച്ച ഒരു സാഹചര്യത്തിന്റെ ഗൗരവം നമുക്കു മനസ്സിലാക്കാനാകും. അവൻ ഇങ്ങനെ പറഞ്ഞു: “അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു.” (യെശയ്യാവു 60:2) തീർച്ചയായും അക്ഷരീയ അന്ധകാരത്തെ കുറിച്ചല്ല അവൻ പറഞ്ഞത്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമൊക്കെ ഒരിക്കൽ പ്രകാശിക്കാതാകുമെന്ന് അവൻ അർഥമാക്കിയില്ല. (സങ്കീർത്തനം 89:36, 37; 136:7-9) മറിച്ച്, ആത്മീയ അന്ധകാരത്തെ കുറിച്ചാണ് അവൻ സംസാരിച്ചത്. ആത്മീയ അന്ധകാരം മാരകമാണ്. ഭൗതിക വെളിച്ചം ഇല്ലാതെ ജീവിക്കാൻ കഴിയാത്തതുപോലെതന്നെ, ആത്മീയ വെളിച്ചം ഇല്ലാതെയും ദീർഘകാലം ജീവിക്കാൻ നമുക്കാവില്ല.—ലൂക്കൊസ് 1:78.
3. യെശയ്യാവിന്റെ വാക്കുകളുടെ അടിസ്ഥാനത്തിൽ ക്രിസ്ത്യാനികൾ എന്തു ചെയ്യേണ്ടതാണ്?
3 ആ സ്ഥിതിക്ക്, യെശയ്യാവിന്റെ വാക്കുകൾക്ക് പുരാതന യഹൂദയിൽ ഒരു നിവൃത്തി ഉണ്ടായിരുന്നെങ്കിലും അതിന് നമ്മുടെ നാളിൽ വലിയൊരു നിവൃത്തി ഉണ്ടെന്നുള്ള വസ്തുത ഗൗരവമായ പരിചിന്തനം അർഹിക്കുന്നു. അതേ, നമ്മുടെ നാളിൽ ലോകത്തെ ആത്മീയ അന്ധകാരം മൂടിയിരിക്കുകയാണ്. അപകടകരമായ അത്തരം ഒരു സാഹചര്യത്തിൽ ആത്മീയ വെളിച്ചം അതിപ്രധാനമാണ്. അതുകൊണ്ടാണ് ക്രിസ്ത്യാനികൾ യേശുവിന്റെ പിൻവരുന്ന ഉദ്ബോധനത്തിനു ശ്രദ്ധ കൊടുക്കേണ്ടത്: “നിങ്ങളുടെ വെളിച്ചം [മനുഷ്യരുടെ] മുമ്പിൽ പ്രകാശിക്കട്ടെ.” (മത്തായി 5:16) സൗമ്യരായ ആളുകൾക്കായി ഈ അന്ധകാര ലോകത്തിൽ വെളിച്ചം പ്രകാശിപ്പിക്കാനും അങ്ങനെ ജീവൻ നേടാനുള്ള അവസരം അവർക്കു നൽകാനും വിശ്വസ്ത ക്രിസ്ത്യാനികൾക്കു സാധിക്കും.—യോഹന്നാൻ 8:12.
ഇസ്രായേലിലെ അന്ധകാര നാളുകൾ
4. യെശയ്യാവിന്റെ പ്രാവചനിക വാക്കുകൾ ആദ്യം നിവൃത്തിയേറിയത് എന്ന്, എന്നാൽ യെശയ്യാവിന്റെ നാളിൽത്തന്നെ ഏതു സാഹചര്യം നിലനിന്നിരുന്നു?
4 അന്ധകാരം ഭൂമിയെ മൂടുന്നതിനെ കുറിച്ചുള്ള യെശയ്യാവിന്റെ വാക്കുകൾ ആദ്യം നിവൃത്തിയേറിയത്, യഹൂദ വിജനമായി കിടക്കുകയും അവിടുത്തെ ജനങ്ങൾ ബാബിലോണിൽ പ്രവാസികൾ ആയിരിക്കുകയും ചെയ്തപ്പോഴാണ്. എന്നിരുന്നാലും അതിനു മുമ്പ്, യെശയ്യാവിന്റെ നാളിൽത്തന്നെ ആ ജനതയുടെ ഭൂരിഭാഗവും ആത്മീയ അന്ധകാരത്തിൽ ആയിരുന്നു. “യാക്കോബ്ഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം” എന്ന് തന്റെ ദേശത്തെ നിവാസികളെ ഉദ്ബോധിപ്പിക്കാൻ അവനെ പ്രേരിപ്പിച്ചത് ആ സ്ഥിതിവിശേഷം ആയിരുന്നു.—യെശയ്യാവു 2:5; 5:20.
5, 6. യെശയ്യാവിന്റെ നാളിലെ അന്ധകാരത്തിന് നിദാനമായിരുന്ന സംഗതികൾ ഏവ?
5 “യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാല”ത്താണ് യെശയ്യാവ് യഹൂദയിൽ പ്രവചിച്ചിരുന്നത്. (യെശയ്യാവു 1:1) രാഷ്ട്രീയ അരാജകത്വവും മത കാപട്യവും നീതിന്യായരംഗത്തെ അഴിമതിയും ദരിദ്രരുടെ മേലുള്ള മർദനവും നടമാടിയിരുന്ന ഒരു പ്രക്ഷുബ്ധ സമയമായിരുന്നു അത്. യോഥാമിനെ പോലുള്ള വിശ്വസ്ത രാജാക്കന്മാരുടെ വാഴ്ചക്കാലത്തുപോലും പല കുന്നുകളുടെയും മുകളിൽ വ്യാജദൈവങ്ങളുടെ ബലിപീഠങ്ങൾ കാണാമായിരുന്നു. അവിശ്വസ്ത രാജാക്കന്മാരുടെ കാലത്ത് സാഹചര്യം അതിലുമേറെ വഷളായിരുന്നു. ദൃഷ്ടാന്തത്തിന്, ദുഷ്ട രാജാവായ ആഹാസ് സ്വന്തം മകനെപ്പോലും വ്യാജദൈവമായ മോലെക്കിന്നു ബലിയർപ്പിച്ചു. തീർച്ചയായും അത് ഒരു അന്ധകാരകാലം ആയിരുന്നു!—2 രാജാക്കന്മാർ 15:32-34; 16:2-4.
6 അന്തർദേശീയ സ്ഥിതിവിശേഷവും ഇരുൾമൂടിയതായിരുന്നു. അതിർത്തിയിൽ മോവാബ്, ഏദോം, ഫെലിസ്ത്യ എന്നീ രാഷ്ട്രങ്ങൾ യഹൂദയ്ക്കു ഭീഷണി ഉയർത്തി. രക്തബന്ധം ഉണ്ടായിരുന്നെങ്കിലും പത്തു-ഗോത്ര വടക്കേ രാജ്യം യഹൂദയുടെ ബദ്ധശത്രുവായി മാറി. കുറേക്കൂടെ വടക്കോട്ടു മാറി സ്ഥിതിചെയ്തിരുന്ന സിറിയ, യഹൂദയുടെ സമാധാനം കെടുത്തി. എന്നാൽ, അധികാരം വ്യാപിപ്പിക്കാൻ സദാ തക്കം പാർത്തിരുന്ന നിഷ്ഠുരരായ അസീറിയക്കാർ ആയിരുന്നു ഏറെ അപകടകാരികൾ. യെശയ്യാവ് പ്രവാചകനായി സേവിച്ച കാലത്ത് അസീറിയ ഇസ്രായേൽ ദേശം പിടിച്ചടക്കുകയും യഹൂദയെ നശിപ്പിക്കുമെന്ന ഘട്ടത്തോളം എത്തുകയും ചെയ്തു. ഒരവസരത്തിൽ, അസീറിയക്കാർ യെരൂശലേം ഒഴികെ യഹൂദയിലെ കോട്ടകെട്ടി അടച്ച എല്ലാ നഗരങ്ങളും പിടിച്ചടക്കുകയുണ്ടായി.—7. ഇസ്രായേലും യഹൂദയും ഏതു വഴിയാണ് തിരഞ്ഞെടുത്തത്, യഹോവ അതിനോടു പ്രതികരിച്ചത് എങ്ങനെ?
7 ദൈവത്തിന്റെ ഉടമ്പടി ജനതയായിരുന്ന ഇസ്രായേലും യഹൂദയും അവനോട് അവിശ്വസ്തത കാണിച്ചതുകൊണ്ടാണ് അവർക്ക് അത്തരം കൊടിയ ദുരന്തങ്ങൾ ഉണ്ടായത്. സദൃശവാക്യങ്ങളിൽ പരാമർശിച്ചിരിക്കുന്നവരെ പോലെ, ‘അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളയു’കയായിരുന്നു. (സദൃശവാക്യങ്ങൾ 2:13) അതു നിമിത്തം യഹോവയ്ക്ക് തന്റെ ജനത്തോടു കോപം തോന്നിയെങ്കിലും അവൻ അവരെ പൂർണമായും ഉപേക്ഷിച്ചില്ല. പകരം, തന്നെ വിശ്വസ്തമായി സേവിക്കാൻ അപ്പോഴും ശ്രമിച്ചിരുന്നവർക്ക് ആത്മീയ വെളിച്ചം നൽകാനായി യഹോവ യെശയ്യാവിനെയും മറ്റു പ്രവാചകന്മാരെയും എഴുന്നേൽപ്പിച്ചു. ആ പ്രവാചകന്മാരിലൂടെ ചൊരിയപ്പെട്ട വെളിച്ചം തീർച്ചയായും അമൂല്യമായിരുന്നു. അത് ജീവദായകമായിരുന്നു.
ഇന്നത്തെ അന്ധകാര നാളുകൾ
8, 9. ലോകത്തിലെ ഇന്നത്തെ അന്ധകാരത്തിനു നിദാനമായ ഘടകങ്ങൾ ഏവ?
8 യെശയ്യാവിന്റെ നാളിലെയും ഇന്നത്തെയും സ്ഥിതിവിശേഷങ്ങൾ തമ്മിൽ വളരെ സമാനതയുണ്ട്. നമ്മുടെ നാളിൽ മാനുഷ നേതാക്കന്മാർ യഹോവയെയും അവൻ സിംഹാസനസ്ഥൻ ആക്കിയിരിക്കുന്ന രാജാവായ യേശുക്രിസ്തുവിനെയും തള്ളിക്കളഞ്ഞിരിക്കുന്നു. (സങ്കീർത്തനം 2:2, 3) ക്രൈസ്തവലോകത്തിലെ മതനേതാക്കന്മാർ തങ്ങളുടെ അജഗണങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. ഈ നേതാക്കന്മാർ ദൈവത്തെ സേവിക്കുന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, വാസ്തവത്തിൽ ദേശീയത, സൈനികവത്കരണം, ധനം, പ്രമുഖരായ വ്യക്തികൾ തുടങ്ങിയ ഈ ലോകത്തിലെ ദൈവങ്ങളെ ഉന്നമിപ്പിക്കുകയും പുറജാതീയ ഉപദേശങ്ങൾ പഠിപ്പിക്കുകയുമാണു ചെയ്യുന്നത്.
9 ഒന്നിനു പുറകെ ഒന്നായി വ്യത്യസ്ത സ്ഥലങ്ങളിൽ, ക്രൈസ്തവലോകത്തിലെ മതങ്ങൾ യുദ്ധത്തിലും ‘വർഗീയ വെടിപ്പാക്കൽ’ ലക്ഷ്യം വെച്ചുള്ള ആഭ്യന്തര കലഹങ്ങളിലും മറ്റു ഘോരകൃത്യങ്ങളിലും ഉൾപ്പെടുന്നുണ്ട്. തന്നെയുമല്ല, ബൈബിളധിഷ്ഠിത ധാർമികതയ്ക്കു വേണ്ടി നിലകൊള്ളുന്നതിനു പകരം ഇന്നു മിക്ക സഭകളും പരസംഗവും സ്വവർഗരതിയും പോലുള്ള അധാർമിക നടപടികൾ കണ്ടില്ലെന്നു നടിക്കുകയോ അവയെ സജീവമായി പിന്താങ്ങുകയോ ചെയ്യുന്നു. ബൈബിൾ നിലവാരങ്ങൾ അപ്രകാരം തള്ളിക്കളയുന്നതിന്റെ ഫലമായി, ക്രൈസ്തവലോകത്തിലെ അജഗണങ്ങൾ പുരാതന സങ്കീർത്തനക്കാരൻ പറഞ്ഞ വ്യക്തികളെ പോലെയാണ്: “അവർക്കു അറിവില്ല, ബോധവുമില്ല; അവർ ഇരുട്ടിൽ നടക്കുന്നു.” (സങ്കീർത്തനം 82:5) തീർച്ചയായും, പുരാതന യഹൂദയെപ്പോലെ ക്രൈസ്തവലോകം കടുത്ത അന്ധകാരത്തിലാണ്.—വെളിപ്പാടു 8:12.
10. ഇന്നത്തെ അന്ധകാരത്തിൽ വെളിച്ചം പ്രകാശിക്കുന്നത് എങ്ങനെ, സൗമ്യർ അതിൽനിന്ന് എങ്ങനെ പ്രയോജനം നേടുന്നു?
10 ഈ അന്ധകാരത്തിലും, സൗമ്യർക്കു വേണ്ടി വെളിച്ചം പ്രകാശിക്കാൻ യഹോവ ഇടയാക്കുകയാണ്. അതിനായി അവൻ ഭൂമിയിലെ തന്റെ അഭിഷിക്ത ദാസന്മാരായ “വിശ്വസ്തനും വിവേകിയുമായ അടിമ”യെ ഉപയോഗിക്കുന്നു. അവർ “ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.” (മത്തായി 24:45, NW; ഫിലിപ്പിയർ 2:15) “വേറെ ആടുകൾ” ആയ ദശലക്ഷക്കണക്കിനു സഹകാരികളുടെ പിന്തുണയോടെ ആ അടിമവർഗം ദൈവവചനമായ ബൈബിളിൽ അധിഷ്ഠിതമായ ആത്മീയ വെളിച്ചം പ്രതിഫലിപ്പിക്കുന്നു. (യോഹന്നാൻ 10:16) ഇരുൾമൂടിയ ഈ ലോകത്തിൽ ആ വെളിച്ചം സൗമ്യർക്കു പ്രത്യാശയേകുന്നു. ദൈവവുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരാനും ആത്മീയ കെണികൾ ഒഴിവാക്കാനും അത് അവരെ സഹായിക്കുന്നു. ആ വെളിച്ചം അമൂല്യമാണ്, ജീവദായകമാണ്.
“ഞാൻ നിന്റെ നാമത്തെ സ്തുതിക്കും”
11. യെശയ്യാവിന്റെ നാളിൽ യഹോവ ഏതു വിവരം ലഭ്യമാക്കി?
11 യെശയ്യാവിന്റെ കാലത്തെ അന്ധകാര ദിനങ്ങളിലും, തുടർന്ന് ബാബിലോണിയർ യഹോവയുടെ ജനതയെ പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോൾ ഉളവായ കടുത്ത അന്ധകാരത്തിന്റെ ദിനങ്ങളിലും യഹോവ ഏതു തരത്തിലുള്ള മാർഗനിർദേശമാണ് പ്രദാനം ചെയ്തത്? അവൻ ധാർമിക മാർഗനിർദേശം നൽകിയതിനു പുറമേ, തന്റെ ജനത്തോടു ബന്ധപ്പെട്ട തന്റെ ഉദ്ദേശ്യങ്ങൾ എങ്ങനെ നിവർത്തിക്കുമെന്നും വ്യക്തമായി മുൻകൂട്ടി വിവരിച്ചു. ദൃഷ്ടാന്തത്തിന്, യെശയ്യാവു 25 മുതൽ 27 വരെയുള്ള അധ്യായങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിസ്മയാവഹമായ പ്രവചനങ്ങൾ പരിചിന്തിക്കുക. അന്ന് യഹോവ എങ്ങനെയാണു കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും ഇന്ന് എങ്ങനെയാണ് അവൻ അവ ചെയ്യുന്നതെന്നും ഈ അധ്യായത്തിലെ വാക്കുകൾ സൂചിപ്പിക്കുന്നു.
12. യെശയ്യാവ് ഹൃദയംഗമമായ ഏത് അഭിപ്രായപ്രകടനം നടത്തുന്നു?
12 ഒന്നാമതായി, യെശയ്യാവ് ഇങ്ങനെ പ്രഖ്യാപിക്കുന്നു: “യഹോവേ, നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും.” എത്ര ഹൃദയംഗമമായ സ്തുതിപ്രകടനം! അങ്ങനെ പ്രാർഥിക്കാൻ ആ പ്രവാചകനെ പ്രേരിപ്പിച്ചത് എന്തായിരുന്നു? ഒരു പ്രധാന സംഗതി അതേ വാക്യത്തിന്റെ രണ്ടാം ഭാഗത്തു നൽകിയിട്ടുണ്ട്. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “നീ [യഹോവ] അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.”—യെശയ്യാവു 25:1.
13. (എ) ഏത് അറിവാണ് യഹോവയോടുള്ള യെശയ്യാവിന്റെ വിലമതിപ്പു വർധിപ്പിച്ചത്? (ബി) യെശയ്യാവിന്റെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
13 യെശയ്യാവിന്റെ കാലത്തിനു മുമ്പുതന്നെ യഹോവ യിസ്രായേലിനു വേണ്ടി അനേകം അത്ഭുത പ്രവൃത്തികൾ ചെയ്തിരുന്നു. അവ രേഖപ്പെടുത്തി വെച്ചിട്ടുമുണ്ടായിരുന്നു. ആ ലിഖിതങ്ങൾ യെശയ്യാവിനു തീർച്ചയായും പരിചിതമായിരുന്നു. ദൃഷ്ടാന്തത്തിന്, യഹോവ തന്റെ ജനത്തെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്നു വിടുവിക്കുകയും ചെങ്കടലിങ്കൽ വെച്ച് ഫറവോന്റെ സൈന്യത്തിന്റെ ക്രോധത്തിൽനിന്ന് അവരെ രക്ഷിക്കുകയും ചെയ്തെന്ന് അവൻ മനസ്സിലാക്കിയിരുന്നു. യഹോവ തന്റെ ജനത്തെ മരുഭൂമിയിലൂടെ വഴിനയിച്ച് വാഗ്ദത്ത ദേശത്ത് എത്തിച്ചെന്നും അവന് അറിയാമായിരുന്നു. (സങ്കീർത്തനം 136:1, 10-26) യഹോവ വിശ്വസ്തനും ആശ്രയയോഗ്യനും ആണെന്ന് അത്തരം ചരിത്ര വൃത്താന്തങ്ങൾ പ്രകടമാക്കി. അവന്റെ ‘ആലോചനകൾ,’ അതായത് അവൻ ഉദ്ദേശിക്കുന്ന സകല കാര്യങ്ങളും, സത്യമായി ഭവിക്കുന്നു. ദൈവം പ്രദാനം ചെയ്ത സൂക്ഷ്മ പരിജ്ഞാനം വെളിച്ചത്തിൽ തുടർന്നു നടക്കാനുള്ള ശക്തി യെശയ്യാവിനു നൽകി. അതുകൊണ്ട് അവൻ നമുക്കെല്ലാം ഒരു ഉത്തമ ദൃഷ്ടാന്തമാണ്. ദൈവത്തിന്റെ ലിഖിത വചനം നാം ശ്രദ്ധാപൂർവം പഠിക്കുകയും ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുന്നപക്ഷം നാമും വെളിച്ചത്തിൽ നിലനിൽക്കും.—സങ്കീർത്തനം 119:105; 2 കൊരിന്ത്യർ 4:6.
ഒരു നഗരം നശിപ്പിക്കപ്പെടുന്നു
14. ഒരു നഗരത്തെ കുറിച്ച് എന്താണു പ്രവചിക്കപ്പെട്ടത്, സാധ്യതയനുസരിച്ച് ആ നഗരം ഏതായിരുന്നു?
14 ദൈവത്തിന്റെ ആലോചനയുടെ ഒരു ഉദാഹരണം യെശയ്യാവു 25:2-ൽ കാണാനാകും. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “നീ നഗരത്തെ കൽക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീർത്തു; അതു ഒരുനാളും പണികയില്ല.” ഈ നഗരം ഏതാണ്? ബാബിലോണിനെ കുറിച്ച് ആയിരുന്നിരിക്കണം യെശയ്യാവ് ഇവിടെ പ്രാവചനികമായി സംസാരിച്ചത്. ബാബിലോൺ വെറുമൊരു കൽക്കുന്നായിത്തീർന്ന സമയം വരികതന്നെ ചെയ്തു.
15. ഇന്ന് ഏതു “മഹാനഗരം” സ്ഥിതിചെയ്യുന്നു, അതിന് എന്തു സംഭവിക്കും?
15 യെശയ്യാവു സൂചിപ്പിച്ച നഗരത്തിന് ഇന്ന് ഒരു പ്രതിമാതൃകയുണ്ടോ? തീർച്ചയായും. “ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗര”ത്തെ കുറിച്ച് വെളിപ്പാടു പുസ്തകം പറയുന്നു. (വെളിപ്പാടു 17:18) ആ മഹാനഗരം വ്യാജമത ലോകസാമ്രാജ്യമായ “മഹാബാബിലോൺ” ആണ്. (വെളിപ്പാടു 17:5, NW) ഇന്ന് മഹാബാബിലോണിന്റെ പ്രധാന ഭാഗം ക്രൈസ്തവലോകമാണ്. അതിലെ വൈദികരാണു യഹോവയുടെ ജനത്തിന്റെ രാജ്യ പ്രസംഗവേലയെ എതിർക്കുന്നതിൽ മുൻകൈയെടുക്കുന്നത്. (മത്തായി 24:14) എന്നാൽ, പുരാതന ബാബിലോണിനെ പോലെ മഹാബാബിലോണും താമസിയാതെ എന്നേക്കുമായി നശിപ്പിക്കപ്പെടും.
16, 17. പുരാതന കാലത്തും ആധുനിക കാലത്തും യഹോവയുടെ ശത്രുക്കൾ അവനെ മഹത്ത്വപ്പെടുത്തിയിട്ടുള്ളത് എങ്ങനെ?
16 ആ “ഉറപ്പുള്ള പട്ടണത്തെ” കുറിച്ച് യെശയ്യാവ് മറ്റെന്തു കൂടെ പ്രവചിക്കുന്നു? യഹോവയെ അഭിസംബോധന ചെയ്തുകൊണ്ട് യെശയ്യാവ് പറയുന്നു: “ബലമുള്ള ജാതി നിന്നെ മഹത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.” (യെശയ്യാവു 25:3) “ഭയങ്കരജാതികളുടെ” ഈ ശത്രുനഗരം യഹോവയെ മഹത്ത്വപ്പെടുത്തുന്നത് എങ്ങനെയായിരിക്കും? ബാബിലോണിലെ ഏറ്റവും പ്രബല രാജാവായിരുന്ന നെബൂഖദ്നേസറിന് എന്തു സംഭവിച്ചെന്ന് ഓർമിക്കുക. സ്വന്തം ബലഹീനതയെ വെളിപ്പെടുത്തുന്ന ചിന്തോദ്ദീപകമായ ഒരു അനുഭവത്തിനു വിധേയനായതിനെ തുടർന്ന് അവൻ യഹോവയുടെ മഹത്വവും സർവശക്തിയും അംഗീകരിക്കാൻ നിർബന്ധിതനായി. (ദാനീയേൽ 4:34, 35) യഹോവ തന്റെ ശക്തി പ്രയോഗിക്കുമ്പോൾ ശത്രുക്കൾപ്പോലും വൈമുഖ്യത്തോടെ ആണെങ്കിലും അവന്റെ ശക്തിമത്തായ പ്രവൃത്തികൾ അംഗീകരിക്കാൻ നിർബന്ധിതരായിത്തീരും.
17 യഹോവയുടെ ശക്തിമത്തായ പ്രവൃത്തികൾ അംഗീകരിക്കാൻ മഹാബാബിലോൺ എന്നെങ്കിലും നിർബന്ധിതയായിട്ടുണ്ടോ? ഉണ്ട്. ഒന്നാം ലോകമഹായുദ്ധ കാലത്ത് യഹോവയുടെ അഭിഷിക്ത ദാസന്മാർ കഷ്ടപ്പാടുകളുടെ മധ്യേയാണ് പ്രസംഗിച്ചത്. 1918-ൽ വാച്ച്ടവർ സൊസൈറ്റിയുടെ പ്രമുഖ ഓഫീസർമാർ തടവിലായതോടെ അവർ ആത്മീയ പ്രവാസത്തിലായി. സംഘടിത പ്രസംഗവേല മിക്കവാറും നിലച്ചു. തുടർന്ന്, 1919-ൽ യഹോവ അവരെ പുനഃസ്ഥിതീകരിക്കുകയും തന്റെ ആത്മാവു മുഖാന്തരം വീണ്ടും ഊർജിതപ്പെടുത്തുകയും ചെയ്തു. അതേത്തുടർന്ന് അവർ മുഴു നിവസിത ഭൂമിയിലും സുവാർത്ത പ്രസംഗിക്കാനുള്ള നിയമനം നിറവേറ്റാൻ ഇറങ്ങിത്തിരിച്ചു. (മർക്കൊസ് 13:10) ഇതെല്ലാം വെളിപ്പാടു പുസ്തകത്തിൽ പ്രവചിച്ചിരിക്കുന്നു. അവരുടെ ശത്രുക്കളുടെമേൽ അതിനുള്ള ഫലത്തെ കുറിച്ചും പ്രവചനം പറയുന്നു. “[അവർ] ഭയപരവശരായി സ്വർഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു.” (വെളിപ്പാടു 11:3, 7, 11-13) അവർ എല്ലാവരും മതപരിവർത്തനം ചെയ്തെന്നല്ല മറിച്ച്, യെശയ്യാവ് മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ, യഹോവയുടെ ശക്തിമത്തായ പ്രവൃത്തികൾ അംഗീകരിക്കാൻ ഈ അവസരത്തിൽ അവർ നിർബന്ധിതരായിത്തീർന്നു.
“എളിയവന്നു ഒരു ദുർഗ്ഗം”
18, 19. (എ) ശത്രുക്കൾ യഹോവയുടെ ജനത്തിന്റെ വിശ്വസ്തത തകർക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്? (ബി) ‘മർദകരുടെ പാട്ട്’ ഒതുങ്ങിപ്പോകുന്നത് എങ്ങനെ ആയിരിക്കും?
18 വെളിച്ചത്തിൽ നടക്കുന്നവരോടുള്ള യഹോവയുടെ ദയാപൂർവകമായ ഇടപെടലുകളിലേക്കു ശ്രദ്ധ തിരിച്ചുകൊണ്ട് യെശയ്യാവ് യഹോവയോട് ഇങ്ങനെ പറയുന്നു: “ഭയങ്കരന്മാരുടെ ചീററൽ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന്നു ഒരു ദുർഗ്ഗവും ദരിദ്രന്നു അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാററിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു. വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; മേഘത്തിന്റെ തണൽകൊണ്ടു ഉഷ്ണം എന്നപോലെ നിഷ്കണ്ടകന്മാരുടെ [“മർദകരുടെ,” NW] പാട്ടു ഒതുങ്ങിപ്പോകും.”—യെശയ്യാവു 25:4, 5.
19 1919 മുതൽ സത്യാരാധകരുടെ വിശ്വസ്തത തകർക്കാൻ മർദകർ തങ്ങളാലാകുന്നതെല്ലാം
ചെയ്തെങ്കിലും അവർ അതിൽ പരാജയപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട്? എന്തെന്നാൽ യഹോവ തന്റെ ജനത്തിന്റെ ശക്തിദുർഗവും സങ്കേതവുമാണ്. പീഡനത്തിന്റെ ചുട്ടുപൊള്ളുന്ന ചൂടിൽ കുളിർമയേകുന്ന തണലായും എതിർപ്പിന്റെ കൊടുങ്കാറ്റിനെ തടഞ്ഞു നിറുത്തുന്ന ഒരു കോട്ടമതിലായും അവൻ നിലകൊള്ളുന്നു. ദൈവത്തിന്റെ വെളിച്ചത്തിൽ നടക്കുന്ന നാം ‘നിഷ്കണ്ടകന്മാരുടെ പാട്ട് ഒതുങ്ങിപ്പോകുന്ന’ സമയത്തിനായി ഉറപ്പോടെ നോക്കിപ്പാർത്തിരിക്കുന്നു. അതേ, യഹോവയുടെ ശത്രുക്കൾ നിർമൂലമാക്കപ്പെടുന്ന ആ ദിവസത്തിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു.20, 21. യഹോവ ഏതു വിരുന്നാണ് ഒരുക്കുന്നത്, പുതിയ ലോകത്തിൽ ആ വിരുന്നിൽ എന്ത് ഉൾപ്പെടും?
20 യഹോവ തന്റെ ജനത്തെ സംരക്ഷിക്കുക മാത്രമല്ല സ്നേഹനിധിയായ ഒരു പിതാവിനെപ്പോലെ അവർക്കായി കരുതുകയും ചെയ്യുന്നു. 1919-ൽ തന്റെ ജനത്തെ മഹാബാബിലോണിന്റെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചശേഷം അവൻ അവർക്കു വേണ്ടി ഒരു വിജയസദ്യ, സമൃദ്ധമായ ഒരു ആത്മീയ വിരുന്ന് ഒരുക്കി. യെശയ്യാവു 25:6-ൽ അതേക്കുറിച്ച് മുൻകൂട്ടി പറഞ്ഞിരുന്നു. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “സൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞു കൊണ്ടും ഉള്ള വിരുന്നു തന്നേ.” നമുക്ക് ആ വിരുന്നിൽ പങ്കെടുക്കാൻ കഴിയുന്നത് എത്ര വലിയ ഒരു അനുഗ്രഹമാണ്! (മത്തായി 4:4) “യഹോവയുടെ മേശ” തീർച്ചയായും വിശിഷ്ട ഭോജ്യങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. (1 കൊരിന്ത്യർ 10:21, NW) ആത്മീയ അർഥത്തിൽ നമുക്ക് ആവശ്യമായ സകലതും “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ അവൻ നമുക്കു നൽകിയിരിക്കുന്നു.
21 ദൈവം ഒരുക്കുന്ന ഈ വിരുന്നിൽ മറ്റു കാര്യങ്ങളും ഉൾപ്പെടുന്നു. നാം ഇപ്പോൾ ആസ്വദിക്കുന്ന ആത്മീയ സദ്യ, ദൈവം വാഗ്ദാനം ചെയ്ത പുതിയ ലോകത്തിൽ സമൃദ്ധമായി ലഭിക്കാനിരിക്കുന്ന ഭൗതിക ഭക്ഷ്യ വസ്തുക്കളെ കുറിച്ച് നമ്മെ ഓർമിപ്പിക്കുന്നു. അന്ന്, “മേദസ്സുനിറഞ്ഞ മൃഷ്ടഭോജന”ത്തിൽ സമൃദ്ധമായ ഭൗതിക ഭക്ഷണവും ഉണ്ടായിരിക്കും. ഭൗതികമോ ആത്മീയമോ ആയ അർഥത്തിൽ ആരും പട്ടിണി കിടക്കേണ്ടിവരില്ല. യേശുവിന്റെ സാന്നിധ്യത്തിന്റെ “അടയാള”മെന്ന നിലയിൽ മുൻകൂട്ടി പറഞ്ഞിരുന്ന ‘ഭക്ഷ്യക്ഷാമം’ നിമിത്തം വലയുന്ന നമ്മുടെ പ്രിയപ്പെട്ട സഹവിശ്വാസികൾക്ക് അത് എത്രമാത്രം ആശ്വാസം കൈവരുത്തും! (മത്തായി 24:3, 7) അവരെ സംബന്ധിച്ചിടത്തോളം സങ്കീർത്തനക്കാരന്റെ വാക്കുകൾ തീർച്ചയായും ആശ്വാസപ്രദമാണ്. അവൻ ഇങ്ങനെ പറഞ്ഞു: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:16.
22, 23. (എ) ഏത് ‘മൂടുപടം’ അല്ലെങ്കിൽ ‘മറവ്’ നീക്കംചെയ്യപ്പെടും, എങ്ങനെ? (ബി) ‘യഹോവയുടെ ജനത്തിന്റെ നിന്ദ’ നീക്കം ചെയ്യപ്പെടുന്നത് എങ്ങനെ?
22 അതിനെക്കാൾ അത്ഭുതകരമായ മറ്റൊരു വാഗ്ദാനം ശ്രദ്ധിക്കുക. പാപത്തെയും മരണത്തെയും ഒരു “മൂടുപട”ത്തോട് അല്ലെങ്കിൽ ‘മറവി’നോടു താരതമ്യം ചെയ്തുകൊണ്ട് യെശയ്യാവ് ഇങ്ങനെ പറയുന്നു: “സകലവംശങ്ങൾക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേൽ കിടക്കുന്ന മറവും [യഹോവ] ഈ പർവ്വതത്തിൽവെച്ചു നശിപ്പിച്ചുകളയും.” (യെശയ്യാവു 25:7) ഒന്നു ചിന്തിച്ചുനോക്കൂ! ശ്വാസം മുട്ടിക്കുന്ന ഒരു കരിമ്പടംപോലെ മനുഷ്യവർഗത്തിന്മേൽ കിടക്കുന്ന പാപവും മരണവും മേലാൽ ഉണ്ടായിരിക്കില്ല. യേശുവിന്റെ മറുവിലയാഗത്തിന്റെ പ്രയോജനങ്ങൾ അനുസരണമുള്ള വിശ്വസ്ത മനുഷ്യവർഗത്തിനു പൂർണമായി ലഭ്യമാകുന്ന ആ നാളിനായി നാം എത്രയധികം വാഞ്ഛിക്കുന്നു!—വെളിപ്പാടു 21:3-5.
23 അത്ഭുതകരമായ ആ കാലത്തേക്കു വിരൽ ചൂണ്ടിക്കൊണ്ട് നിശ്വസ്ത പ്രവാചകൻ ഈ ഉറപ്പു നൽകുന്നു: “[ദൈവം] മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.” (യെശയ്യാവു 25:8) ആരും വാർധക്യം പ്രാപിച്ച് മരിക്കില്ല, പ്രിയപ്പെട്ട ഒരാളെ മരണത്തിൽ നഷ്ടപ്പെടുന്നതിന്റെ ദുഃഖവും ആർക്കും അനുഭവിക്കേണ്ടിവരില്ല. ആ മാറ്റം എത്ര അനുഗൃഹീതം ആയിരിക്കും! കൂടാതെ, ദീർഘകാലമായി ദൈവവും അവന്റെ ദാസന്മാരും സഹിച്ചുപോന്ന നിന്ദയും വ്യാജാരോപണങ്ങളും ഭൂമിയിലൊരിടത്തും കേൾക്കാനുണ്ടായിരിക്കില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അതിന്റെ ഉറവിടമായ, ഭോഷ്കിന്റെ പിതാവായ, പിശാചായ സാത്താനെയും അവന്റെ സന്തതികളെയും യഹോവ നീക്കം ചെയ്യും.—യോഹന്നാൻ 8:44.
24. തങ്ങളെ പ്രതിയുള്ള യഹോവയുടെ ശക്തിമത്തായ പ്രവൃത്തികളോട് വെളിച്ചത്തിൽ നടക്കുന്നവർ എങ്ങനെ പ്രതികരിക്കുന്നു?
24 യഹോവയുടെ ശക്തിയുടെ അത്തരം പ്രകടനങ്ങളെ കുറിച്ചു വിചിന്തനം ചെയ്യുമ്പോൾ വെളിച്ചത്തിൽ നടക്കുന്നവർ ഇങ്ങനെ ഘോഷിക്കാൻ പ്രേരിതരായിത്തീരുന്നു: “ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം.” (യെശയ്യാവു 25:9) ഉടൻതന്നെ, നീതിസ്നേഹികളായ മനുഷ്യവർഗത്തിനു സന്തോഷിക്കാൻ സകല കാരണങ്ങളും ഉണ്ടായിരിക്കും. അന്ധകാരം പൂർണമായും നീക്കംചെയ്യപ്പെട്ടിരിക്കും. വിശ്വസ്തർ സകല നിത്യതയിലും യഹോവയുടെ വെളിച്ചത്തിൽ കുളിച്ചുനിൽക്കും. അതിനെക്കാൾ മഹത്തായ ഒരു പ്രതീക്ഷ ഉണ്ടായിരിക്കാൻ കഴിയുമോ? തീർച്ചയായും ഇല്ല!
നിങ്ങൾക്കു വിശദീകരിക്കാമോ?
• വെളിച്ചത്തിൽ നടക്കുന്നത് ഇന്നു മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
• യെശയ്യാവ് യഹോവയുടെ നാമത്തെ സ്തുതിച്ചത് എന്തുകൊണ്ട്?
• ശത്രുക്കൾക്ക് ദൈവജനത്തിന്റെ വിശ്വസ്തതയെ ഒരിക്കലും തകർക്കാനാകാത്തത് എന്തുകൊണ്ട്?
• വെളിച്ചത്തിൽ നടക്കുന്നവരെ സമൃദ്ധമായ എന്ത് അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു?
[അധ്യയന ചോദ്യങ്ങൾ]
[13-ാം പേജിലെ ചിത്രം]
യഹൂദാ നിവാസികൾ കുട്ടികളെ മോലേക്കിനു ബലികഴിച്ചു
[15-ാം പേജിലെ ചിത്രങ്ങൾ]
യഹോവയുടെ വീര്യപ്രവൃത്തികളെ കുറിച്ചുള്ള അറിവ് അവന്റെ നാമത്തെ സ്തുതിക്കാൻ യെശയ്യാവിനെ പ്രേരിപ്പിച്ചു
[16-ാം പേജിലെ ചിത്രം]
നീതിമാന്മാർ എന്നുമെന്നേക്കും യഹോവയുടെ വെളിച്ചത്തിൽ കുളിച്ചുനിൽക്കും