നിങ്ങൾക്ക് ഏറ്റവും നല്ല ജീവിതവൃത്തി ഇതായിരിക്കുമോ?
നിങ്ങൾക്ക് ഏറ്റവും നല്ല ജീവിതവൃത്തി ഇതായിരിക്കുമോ?
നിങ്ങൾ സ്‌നാപനമേറ്റ ഒരു ക്രിസ്‌ത്യാനിയാണെങ്കിൽ, ദൈവത്തോടുള്ള സ്‌നേഹം അവന്റെ ഇഷ്ടം ചെയ്യാൻ തീർച്ചയായും നിങ്ങളെ പ്രേരിപ്പിക്കുന്നു. തന്നെയുമല്ല, നിങ്ങളുടെ ജീവിതത്തിലെ പരമപ്രധാന പ്രവർത്തനം ക്രിസ്‌തീയ ശുശ്രൂഷ ആയിരിക്കണം. ശിഷ്യരെ ഉളവാക്കാൻ യേശു തന്റെ സകല അനുഗാമികളോടും കൽപ്പിച്ചിട്ടുണ്ടല്ലോ. (മത്തായി 28:19, 20) ഭൗതിക ആവശ്യങ്ങൾക്കു വേണ്ടി നിങ്ങൾ ഇപ്പോൾ ഒരു ലൗകിക ജോലി ചെയ്യുന്നുണ്ടാകാം. എന്നാൽ യേശുവിന്റെ ഒരു അനുഗാമിയും യഹോവയുടെ സാക്ഷികളിൽ ഒരുവനും എന്ന നിലയിൽ എല്ലാറ്റിലും ഉപരിയായി നിങ്ങൾ ഒരു ക്രിസ്‌തീയ ശുശ്രൂഷകനാണ്—രാജ്യപ്രസംഗവേലയ്‌ക്ക് ജീവിതത്തിൽ മുൻഗണന നൽകുന്ന ഒരു വ്യക്തി.—മത്തായി 24:14.
ഒരുപക്ഷേ നിങ്ങൾ കൗമാരാന്ത്യത്തിലോ ഇരുപതുകളുടെ തുടക്കത്തിലോ ആയിരിക്കാം. ഏതു ജീവിത ഗതി സ്വീകരിക്കണം എന്നതിനെ കുറിച്ച് നിങ്ങൾ ഇതിനോടകം ഒട്ടുവളരെ ചിന്തിച്ചിട്ടുണ്ടാകാം. നിങ്ങളുടെ മുമ്പാകെയുള്ള സാധ്യതകൾ വിലയിരുത്തുമ്പോൾ, വ്യക്തിപരമായ സംതൃപ്‌തിക്ക് നിങ്ങൾ വളരെ പ്രാധാന്യം നൽകാനിടയുണ്ട്.
അങ്ങനെയെങ്കിൽ, താൻ തിരഞ്ഞെടുത്ത ഗതിയെ കുറിച്ച് ഡെന്മാർക്കിലുള്ള യോൺ പറയുന്നത് എന്തെന്ന് പരിചിന്തിക്കുക. “ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ഉത്തമ ജീവിത രീതി” എന്നാണ് അദ്ദേഹം അതിനെ വിവരിക്കുന്നത്. ഗ്രീസിൽനിന്നുള്ള 31-കാരിയായ ഈവാ ഇങ്ങനെ പറയുന്നു: “സമപ്രായക്കാരുടെ ജീവിതത്തോടുള്ള താരതമ്യത്തിൽ എന്റെ ജീവിതം കൂടുതൽ അർഥവത്തും സഫലവും ആവേശകരവുമാണ്.” ഏതു ജീവിതരീതിയാണ് അത്തരം സംതൃപ്‌തി കൈവരുത്തുന്നത്? അത്തരമൊരു ജീവിതരീതി നിങ്ങൾക്ക് എങ്ങനെ സ്വീകരിക്കാനാകും?
ദൈവം നിങ്ങളെ വഴിനയിക്കുന്നുവോ?
ഒരു ജീവിതവൃത്തി തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കാം. തങ്ങൾ എന്തു ചെയ്യാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് അവൻ വ്യക്തമായി സൂചിപ്പിച്ചിരുന്നെങ്കിൽ എന്നു ചിലർ ആശിച്ചേക്കാം.
മോശെ മിദ്യാനിൽ ആയിരുന്നപ്പോൾ, ഈജിപ്‌തിലേക്ക് മടങ്ങിച്ചെന്ന് ഇസ്രായേല്യരെ അടിമത്തത്തിൽനിന്നു വിടുവിക്കാൻ യഹോവ അവനോടു നിർദേശിച്ചു. (പുറപ്പാടു 3:1-10) ഗിദെയോന് ദൈവദൂതൻ പ്രത്യക്ഷനായി മർദനത്തിൽനിന്ന് ഇസ്രായേലിനെ രക്ഷിക്കാനുള്ള നിയമനം നൽകി. (ന്യായാധിപന്മാർ 6:11-14) ദാവീദ് ആടുകളെ മേയിച്ചുകൊണ്ടിരുന്ന കാലത്ത് അവനെ ഇസ്രായേലിന്റെ അടുത്ത രാജാവായി അഭിഷേകം ചെയ്യാൻ ദൈവം ശമൂവേലിനോടു പറഞ്ഞു. (1 ശമൂവേൽ 16:1-13) നാം ഇന്ന് ആ വിധങ്ങളിൽ വഴിനയിക്കപ്പെടുന്നില്ല. പകരം, നമ്മുടെ ദൈവദത്ത പ്രാപ്‌തികൾ എങ്ങനെ ഉപയോഗിക്കണമെന്ന് കാര്യങ്ങൾ വിശകലനം ചെയ്‌ത് നാം തീരുമാനിക്കണം.
ഇന്നത്തെ യുവക്രിസ്‌ത്യാനികൾക്കായി യഹോവ “പ്രവർത്തനത്തിലേക്കു നയിക്കുന്ന ഒരു വലിയ വാതിൽ” തുറന്നിട്ടുണ്ട്. (1 കൊരിന്ത്യർ 16:9, NW) എങ്ങനെ? കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ട് 21,25,000 പേർ രാജ്യഘോഷകരുടെ അണികളിൽ ചേർന്നു. അങ്ങനെ അവരുടെ എണ്ണം ഭൂവ്യാപകമായി 60,00,000-ത്തിലേറെയായി. ആത്മീയ ജീവസന്ധാരണത്തിനും സുവാർത്തയുടെ ആഗോള പ്രസംഗത്തിനും ആവശ്യമായ കോടിക്കണക്കിനു ബൈബിളുകളും പുസ്‌തകങ്ങളും ലഘുപത്രികകളും മാസികകളും ലഘുലേഖകളും പ്രദാനം ചെയ്യാൻ സഹായിക്കുന്നത് ആരാണ്? ലോകവ്യാപക ബെഥേൽ കുടുംബത്തിലെ അംഗങ്ങളാണ് ഈ അനുഗൃഹീത പദവി ആസ്വദിക്കുന്നത്.
പ്രതിഫലദായകമായ ജീവിതം
ബെഥേൽ എന്ന പേരിന്റെ അർഥം “ദൈവത്തിന്റെ ഭവനം” എന്നാണ്. (ഉല്‌പത്തി 28:19; NW അടിക്കുറിപ്പ്) വാച്ച്‌ടവർ സൊസൈറ്റിയുടെ ഹെഡ്‌ക്വാർട്ടേഴ്‌സിലും ബ്രാഞ്ച് ഓഫീസുകളിലും സേവിക്കുന്ന ക്രിസ്‌തീയ സ്വമേധയാ സേവകരുടെ താമസസ്ഥലങ്ങളാണ് ബെഥേലും ബെഥേൽ ഭവനങ്ങളും. യഹോവയോടുള്ള സ്‌നേഹമാകുന്ന അടിസ്ഥാനത്തിന്മേൽ ‘ജ്ഞാനംകൊണ്ട് പണിത’ സുസംഘടിതമായ ഒരു ‘ഭവന’ത്തോട് ഇന്നത്തെ ബെഥേൽ കുടുംബങ്ങളെ ഉപമിക്കാനാകും.—സദൃശവാക്യങ്ങൾ 24:3.
ബെഥേലിലെ കുടുംബസമാന അന്തരീക്ഷത്തെ കുറിച്ച് എന്തു പറയാനാകും? എസ്‌തോണിയയിലെ 25-കാരിയായ ഒരു ബെഥേൽ കുടുംബാംഗം ഇങ്ങനെ പറയുന്നു: “എപ്പോഴും യഹോവയുടെ സ്‌നേഹിതരോടൊപ്പം ആണെന്നുള്ള ചിന്ത എനിക്കു വലിയ സന്തോഷം പകരുന്നു. ഇപ്പോഴും ബെഥേൽ സേവനത്തിൽ ഞാൻ ഏറ്റവും മൂല്യവത്തായി കരുതുന്നത് അതാണ്.”—സങ്കീർത്തനം 15:1, 2.
സങ്കീർത്തനം 110:3) ഐക്യനാടുകളിലെ ബെഥേൽ അംഗങ്ങളിൽ 46 ശതമാനം പേരും 19-നും 29-നും ഇടയ്‌ക്കു പ്രായമുള്ളവരാണ്. യെശയ്യാവിനെപ്പോലെ പറഞ്ഞവരാണ് അവർ: “അടിയൻ ഇതാ അടിയനെ അയക്കേണമേ.” (യെശയ്യാവു 6:8) യഹോവയ്‌ക്ക് അപ്പോൾത്തന്നെ സമർപ്പിതനായിരുന്ന യെശയ്യാവ് കൂടുതലായ ഒരു സേവനപദവി സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. വ്യക്തിപരമായ ചില നേട്ടങ്ങൾ ത്യജിക്കുന്നത് ഇതിൽ ഉൾപ്പെട്ടിരുന്നിരിക്കണം. ബെഥേൽ സേവനത്തിൽ പ്രവേശിക്കുന്നവർക്ക് തങ്ങളുടെ ഭവനത്തെയും പരിചിതമായ ചുറ്റുപാടുകളെയും മാതാപിതാക്കളെയും ആങ്ങളപെങ്ങന്മാരെയും സഹൃത്തുക്കളെയും വിട്ടുപോകേണ്ടി വരുന്നു. ‘സുവിശേഷം നിമിത്തമാണ്’ അവർ ഈ ത്യാഗങ്ങൾ മനസ്സോടെ ചെയ്യുന്നത്.—മർക്കൊസ് 10:29, 30.
ലോകവ്യാപകമായി ഇപ്പോൾ ഏകദേശം 19,500 പേർ ബെഥേൽ സേവനമാകുന്ന പദവി ആസ്വദിക്കുന്നു. (അതേസമയം, ബെഥേലിൽ അവർക്ക് എത്രയോ ആത്മീയ അനുഗ്രഹങ്ങളാണ് ഉള്ളത്! റഷ്യയിലെ ബെഥേൽ കുടുംബത്തിലുള്ള ഒരു യുവ സഹോദരി ഇങ്ങനെ വിശദീകരിക്കുന്നു: “ആത്മത്യാഗ മനോഭാവം പ്രകടമാക്കുന്നതിലൂടെ പുതിയ ലോകത്തിൽ ജീവിക്കാൻ നമ്മെ സഹായിക്കുന്ന അനേകം കാര്യങ്ങൾ നമുക്കു പഠിക്കാനാകും. എന്റെ കാര്യത്തിൽ, യഹോവയുടെ അനുഗ്രഹങ്ങൾ ഞാൻ ചെയ്‌ത ത്യാഗങ്ങളെക്കാൾ വളരെ അധികമാണെന്ന് എനിക്കു പറയാൻ കഴിയും.”—മലാഖി 3:10.
ബെഥേൽ ജീവിതം
ബെഥേൽ ജീവിതം എങ്ങനെയുള്ളതാണ്? അത് ആരോഗ്യാവഹവും സംതൃപ്‌തികരവും ഉത്സാഹഭരിതവും ആണെന്നുള്ള കാര്യത്തിൽ ബെഥേൽ കുടുംബാംഗങ്ങൾക്ക് ഒരേ അഭിപ്രായമാണുള്ളത്. 43-കാരനായ യെൻസ്, ബെഥേൽ സേവനം ആസ്വദിക്കുന്നു. എന്തുകൊണ്ട്? അദ്ദേഹം പറയുന്നു: “ഒരു സുപ്രധാന വേല നിർവഹിക്കാനുള്ള മഹത്തായ ശ്രമത്തിൽ ഞങ്ങൾ ഉൾപ്പെട്ടിരിക്കുന്നു എന്ന അറിവാണ് അതിന്റെ കാരണം. യഹോവയുടെ വേല എത്ര വിപുലവും പ്രധാനവുമാണെന്നു മനസ്സിലാക്കാൻ എനിക്കു കഴിയുന്നു.”
തിങ്കളാഴ്‌ച മുതൽ ശനിയാഴ്‌ച വരെ, ബെഥേലിലെ പ്രവർത്തനം തുടങ്ങുന്നത് പ്രഭാത ആരാധനയോടെയാണ്. പരിചയസമ്പന്നനായ ഒരു മൂപ്പൻ ആധ്യക്ഷ്യം വഹിക്കുന്ന ബൈബിൾ ചർച്ചയാണിത്. വീക്ഷാഗോപുരം ഉപയോഗിച്ചുള്ള കുടുംബ ബൈബിൾ അധ്യയനത്തിനായി തിങ്കളാഴ്‌ച വൈകുന്നേരങ്ങളിൽ ഒരു മണിക്കൂർ ചെലവഴിക്കുന്നു. ചില അവസരങ്ങളിൽ അതേത്തുടർന്ന് ബെഥേൽ കുടുംബത്തിന് വിശേഷാൽ യോജിച്ച ഒരു തിരുവെഴുത്തു വിഷയത്തെ അധികരിച്ചുള്ള പ്രസംഗവും ഉണ്ടായിരിക്കും.
പുതുതായി ബെഥേലിലേക്കു വരുന്നവർക്കു വേണ്ടി എന്തെല്ലാം ക്രമീകരണങ്ങളാണുള്ളത്? പുതിയ അംഗങ്ങൾക്ക് ബെഥേൽ ജീവിതം പരിചയപ്പെടുത്തിക്കൊടുക്കാനായി, കുടുംബത്തിലെ പക്വതയുള്ള സഹോദരന്മാർ ബെഥേൽ സേവനത്തിന്റെ വ്യത്യസ്‌ത വശങ്ങൾ പ്രതിപാദിക്കുന്ന പ്രസംഗങ്ങൾ അവർക്കായി നടത്തുന്നു. ബെഥേൽ കുടുംബത്തിലെ പുതിയ അംഗങ്ങൾ ആദ്യ വർഷം കുറെ ആഴ്‌ചകൾ ഒരു പ്രതിവാര സ്‌കൂളിൽ സംബന്ധിക്കുന്നു. അവരുടെ തിരുവെഴുത്തു ഗ്രാഹ്യം വർധിപ്പിക്കാനായി തയ്യാർ ചെയ്‌തിട്ടുള്ളതാണ് ഈ മികച്ച ക്രമീകരണം. പുതിയവർ ഒരു പ്രത്യേക ബൈബിൾ വായനാ പരിപാടിയും ആസ്വദിക്കുന്നു. ബെഥേൽ സേവനത്തിലെ ആദ്യവർഷം കുടുംബത്തിലെ പുതിയ അംഗങ്ങൾ മുഴു ബൈബിളും വായിച്ചുതീർക്കുന്നു.
ഈ പരിശീലനത്തിന്റെ എല്ലാം ഫലം എന്താണ്? ഹോങ്കോംഗിലെ ബെഥേൽ കുടുംബത്തിലുള്ള 33-കാരനായ ജോഷ്‌വയുടെ ഉത്തരം ഇതാണ്: “ബെഥേൽ യഥാർഥത്തിൽ യഹോവയോടുള്ള എന്റെ വിലമതിപ്പ് വർധിപ്പിച്ചിരിക്കുന്നു. ജീവിതത്തിന്റെ ഭൂരിഭാഗം യഹോവയുടെ സേവനത്തിൽ ചെലവഴിച്ച പരിചയസമ്പന്നരായ അനേകം സഹോദരന്മാരോടൊത്തു സഹവസിക്കാൻ എനിക്കു കഴിയുന്നു. പ്രഭാത ആരാധനയും കുടുംബ വീക്ഷാഗോപുര അധ്യയനവും പോലുള്ള ആത്മീയ പരിപാടികൾ ഞാൻ പ്രത്യേകിച്ചും ആസ്വദിക്കുന്നു. തന്നെയുമല്ല, ഇവിടത്തെ ചിട്ടയോടുകൂടിയ ലളിതമായ ജീവിതരീതി എനിക്ക് ഇഷ്ടമാണ്. അത് എന്നെ അനാവശ്യമായ ആകുലതകളിൽനിന്നു സ്വതന്ത്രനാക്കുന്നു. കാര്യങ്ങൾ ക്രിസ്‌തീയ രീതിയിൽ എങ്ങനെ ചെയ്യാനാകുമെന്നും ഞാൻ പഠിക്കുന്നു. ഇത് എല്ലായ്‌പോഴും പ്രയോജനപ്രദമെന്നു തെളിഞ്ഞിരിക്കുന്നു.”
ബെഥേൽ കുടുംബാംഗങ്ങൾ തങ്ങളുടെ സമയവും ശ്രമവും അതുപോലെ ശാരീരികവും മാനസികവുമായ കഴിവുകളും പ്രധാനമായും ഉപയോഗിക്കുന്നത് ബെഥേലിൽ തങ്ങൾക്കു ലഭിച്ചിരിക്കുന്ന നിയമനം നിർവഹിക്കാനാണ്. നാനാവിധ കാര്യങ്ങൾ ചെയ്‌തുതീർക്കാനുണ്ട്. ചിലർ അച്ചടിയന്ത്രം പ്രവർത്തിപ്പിക്കുന്നു, അല്ലെങ്കിൽ പുസ്‌തകങ്ങൾ ബയന്റു ചെയ്യുന്നു. അവ പിന്നീടു വ്യത്യസ്‌ത സഭകളിലേക്കു കയറ്റി അയയ്‌ക്കുന്നു. വേറെ ചിലർ അടുക്കളയിലോ ഡൈനിങ് ഹാളിലോ അലക്കുശാലയിലോ സേവിക്കുന്നു. ശുചീകരണം, കൃഷി, നിർമാണ പ്രവർത്തനം എന്നിങ്ങനെയുള്ള ജോലികളുമുണ്ട്. ഇത്തരം ജോലികൾ നിർവഹിക്കുന്ന ഡിപ്പാർട്ടുമെന്റുകളിലെ ഉപകരണങ്ങൾ കേടുപോക്കാനുള്ള ഉത്തരവാദിത്വമാണ് ചിലർക്കുള്ളത്. ഇനിയും ചിലർ, ആരോഗ്യ പരിപാലനത്തിലോ ഓഫീസ് ജോലികളിലോ ഏർപ്പെട്ടിരിക്കുന്നു. ബെഥേലിലെ എല്ലാ ജോലികളിലും ആസ്വാദ്യമായ വെല്ലുവിളികളുണ്ട്. അവ അത്യന്തം പ്രതിഫലദായകവുമാണ്. ബെഥേലിലെ ജോലികൾ സംതൃപ്‌തിദായകം ആയിരിക്കുന്നത്, അവ രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുന്നതും ദൈവത്തോടുള്ള സ്‌നേഹം നിമിത്തം ചെയ്യപ്പെടുന്നതും ആയതിനാലാണ്.
ബെഥേൽ കുടുംബത്തിലെ അംഗങ്ങളെ വ്യത്യസ്‌ത സഭകളിൽ നിയമിക്കുന്നു. അവിടെ അവർക്ക് തങ്ങളുടെ മർക്കൊസ് 10:29, 30.
വേലയുടെ പ്രയോജനങ്ങൾ നേരിട്ട് അനുഭവിക്കാൻ കഴിയുന്നു. സഭായോഗങ്ങളിൽ സംബന്ധിക്കുന്നതും പ്രസംഗവേലയിൽ പങ്കെടുക്കുന്നതും അവർ ആസ്വദിക്കുന്നു. തത്‌ഫലമായി, ബെഥേൽ കുടുംബാംഗങ്ങൾ പ്രാദേശിക സഭകളിലെ സഹോദരങ്ങളുമായി ശക്തമായ ബന്ധങ്ങൾ വളർത്തിയെടുത്തിരിക്കുന്നു.—ബ്രിട്ടനിലെ ഒരു ബെഥേൽ കുടുംബാംഗമായ റീറ്റ ഇങ്ങനെ പറയുന്നു: “സഭയോട് എനിക്ക് അങ്ങേയറ്റം കൃതജ്ഞതയുണ്ട്! ഞാൻ യോഗങ്ങൾക്കും ശുശ്രൂഷയ്‌ക്കും ചെല്ലുമ്പോൾ അവിടെ പ്രിയപ്പെട്ട സഹോദരന്മാരെയും സഹോദരിമാരെയും കുട്ടികളെയും പ്രായമായവരെയും കാണുന്നത് എന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നു. എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായാലും അവർ അവിടെയുണ്ട്! ബെഥേൽ സേവനത്തിൽ കൂടുതൽ തീക്ഷ്‌ണതയോടെ ഏർപ്പെടാൻ അത് എന്നെ സഹായിക്കുന്നു.”
ബെഥേലിലെ ജീവിതത്തിൽ ജോലിയും യോഗങ്ങളും വയൽസേവനവും പഠനവും മാത്രമല്ല ഉള്ളത്. വിശ്രമത്തിനും വിനോദത്തിനുമുള്ള അവസരങ്ങളുമുണ്ട്. വിനോദപ്രദവും ആത്മീയമായി ഫലദായകവുമായ “ഫാമിലി നൈറ്റ്” പരിപാടികൾ ഇടയ്‌ക്കിടെ നടത്താറുണ്ട്. അനേകരുടെയും കലാവാസനകൾ ആസ്വദിക്കാനും ബെഥേലിൽ സേവിക്കുന്ന മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ചുള്ള പ്രോത്സാഹജനകമായ കാര്യങ്ങൾ മനസ്സിലാക്കാനും അത് അവസരമേകുന്നു. മറ്റുള്ളവരോടൊത്തുള്ള ആരോഗ്യാവഹവും പരിപുഷ്ടിപ്പെടുത്തുന്നതുമായ സാമൂഹിക കൂടിവരവുകളും ആസ്വാദ്യമാണ്. വിനോദ പ്രവർത്തനങ്ങൾക്കായുള്ള ചില സൗകര്യങ്ങളും അതുപോലെതന്നെ വ്യക്തിപരമായ വായനയ്‌ക്കും ഗവേഷണത്തിനും വേണ്ടിയുള്ള ലൈബ്രറികളും ഉണ്ട്. ഭക്ഷണവേളകളിലെ ആസ്വാദ്യമായ സംഭാഷണവും വിസ്‌മരിക്കാൻ കഴിയുന്നതല്ല.
എസ്‌തോണിയയിലെ ഒരു ബെഥേൽ കുടുംബാംഗമായ ടോം പറയുന്നു: “ബെഥേലിന് അടുത്ത് ഒരു കടലുണ്ട്. സമീപത്തുതന്നെ മനോഹരമായ ഒരു വനവും. അവിടേക്ക് അൽപ്പനേരം നടക്കാൻ പോകുന്നത് എനിക്കും ഭാര്യയ്‌ക്കും ഇഷ്ടമാണ്. ഇടയ്‌ക്കൊക്കെ ഞാൻ സഭയിലെയോ ബെഥേലിലെയോ സുഹൃത്തുക്കളോടൊപ്പം ഗോൾഫോ ഹോക്കിയോ ടെന്നീസോ കളിക്കാറുണ്ട്. കാലാവസ്ഥ അനുകൂലമായിരിക്കുമ്പോൾ ഞങ്ങൾ മോട്ടോർസൈക്കിൾ സവാരിക്കും പോകും.”
യോഗ്യത പ്രാപിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
തീർച്ചയായും, അടിസ്ഥാനപരമായി പറഞ്ഞാൽ ബെഥേൽ പക്വതയുള്ള ക്രിസ്‌ത്യാനികൾ യഹോവയ്‌ക്കു വിശുദ്ധ സേവനം അർപ്പിക്കുകയും ലോകമെങ്ങുമുള്ള തങ്ങളുടെ സഹാരാധകർക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന സ്ഥലമാണ്. ബെഥേൽ കുടുംബത്തിൽ അംഗമാകുന്നതിന്
ചില യോഗ്യതകളിൽ എത്തിച്ചേരേണ്ടതുണ്ട്. അതിനായി നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?പൗലൊസ് അപ്പൊസ്‌തലനോടൊപ്പം സേവിച്ച തിമൊഥെയൊസിനെപ്പോലെ, ബെഥേൽ സേവനത്തിനായി ക്ഷണിക്കപ്പെടുന്നവർക്കും സഭയിൽ നല്ല ഒരു നിലയുണ്ടായിരിക്കണം. (1 തിമൊഥെയൊസ് 1:1, 2എ) തിമൊഥെയൊസ് “ലുസ്‌ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാൽ നല്ല സാക്ഷ്യംകൊണ്ടവൻ ആയിരുന്നു.” (പ്രവൃത്തികൾ 16:2) ചെറുപ്പമായിരുന്നെങ്കിലും തിമൊഥെയൊസിന് തിരുവെഴുത്തുകൾ നന്നായി അറിയാമായിരുന്നു. മാത്രമല്ല, സത്യത്തിൽ അവന് ഉറച്ച അടിസ്ഥാനവും ഉണ്ടായിരുന്നു. (2 തിമൊഥെയൊസ് 3:14, 15) സമാനമായി, ബെഥേലിലേക്കു ക്ഷണിക്കപ്പെടുന്നവർക്ക് ബൈബിൾ പരിജ്ഞാനം ഉണ്ടായിരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു.
ബെഥേൽ കുടുംബാംഗങ്ങൾക്ക് ഒരു ആത്മത്യാഗ മനോഭാവം ആവശ്യമാണ്. തിമൊഥെയൊസിന്റെ ആത്മത്യാഗ മനോഭാവവും രാജ്യതാത്‌പര്യങ്ങൾക്ക് സ്വന്ത താത്‌പര്യങ്ങളെക്കാൾ പ്രാധാന്യം കൊടുക്കാനുള്ള സന്നദ്ധതയും വളരെ പ്രകടമായിരുന്നു. അതുകൊണ്ടാണ് ഫിലിപ്പിയർ 2:20-22.
പൗലൊസ് അവനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്: “നിങ്ങളെ സംബന്ധിച്ചു പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മററാരുമില്ല. യേശുക്രിസ്‌തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു. അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവചെയ്‌തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.”—ബെഥേൽ സേവനത്തിന് ആത്മീയ സ്‌ത്രീപുരുഷന്മാരെയാണ് ആവശ്യം. ബെഥേൽ കുടുംബാംഗങ്ങൾക്ക് ബൈബിൾ പഠിച്ചുകൊണ്ടും പതിവായി ക്രിസ്‌തീയ യോഗങ്ങളിലും വയൽ ശുശ്രൂഷയിലും പങ്കുപറ്റിക്കൊണ്ടും പക്വതയുള്ള ക്രിസ്‌ത്യാനികളോടു സഹവസിച്ചുകൊണ്ടും ആത്മീയമായി വളരുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയിതിട്ടുണ്ട്. അങ്ങനെ, പൗലൊസിന്റെ പിൻവരുന്ന ബുദ്ധിയുപദേശം പിൻപറ്റാൻ ബെഥേൽ അംഗങ്ങൾ സഹായിക്കപ്പെടുന്നു: “[ക്രിസ്‌തുയേശുവിൽ] വേരൂന്നിയും ആത്മികവർദ്ധന പ്രാപിച്ചും നിങ്ങൾക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താൽ ഉറെച്ചും സ്‌തോത്രത്തിൽ കവിഞ്ഞും ഇരിപ്പിൻ.”—കൊലൊസ്സ്യർ 2:6, 7.
ബെഥേലിൽ സേവിക്കാനുള്ള പദവി ലഭിക്കുന്നവർ ശാരീരികമായി ബലിഷ്‌ഠരും നല്ല ആരോഗ്യമുള്ളവരും ആയിരിക്കണം. അവിടത്തെ വേലയ്‌ക്ക് അത് ആവശ്യമാണ്. ബെഥേൽ സേവനത്തിന് അപേക്ഷിക്കുന്നവർ 19 വയസ്സോ അതിൽക്കൂടുതലോ പ്രായമുള്ളവരും സ്‌നാപനമേറ്റിട്ട് ഒരു വർഷമെങ്കിലും കഴിഞ്ഞവരും ആയിരിക്കേണ്ടതുണ്ട്. ഇവിടെ വിവരിച്ചിരിക്കുന്ന യോഗ്യതകൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ബെഥേൽ സേവനത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്.
നമുക്ക് എല്ലാവർക്കും ഒരു പങ്കുണ്ട്
രാജ്യതാത്‌പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കാനും യഹോവയ്‌ക്കുള്ള സേവനത്തിൽ മുഴുമനസ്സോടെ ഏർപ്പെടാനും ക്രിസ്‌ത്യാനികൾ എന്ന നിലയിൽ നാമെല്ലാം തീർച്ചയായും ആഗ്രഹിക്കുന്നു. (മത്തായി 6:33; കൊലൊസ്സ്യർ 3:23) ബെഥേലിലെ വിശുദ്ധ സേവനം തുടരാൻ അവിടെ സേവിക്കുന്നവരെ നമുക്കു പ്രോത്സാഹിപ്പിക്കാവുന്നതുമാണ്. ബെഥേൽ സേവനത്തിനു യോഗ്യതയുള്ള യുവസഹോദരങ്ങളെ ആ അനുഗൃഹീത പദവിയിൽ എത്തിച്ചേരാൻ വിശേഷാൽ പ്രോത്സാഹിപ്പിക്കേണ്ടതാണ്.
ബെഥേൽ ജീവിതം ആത്മീയമായി സംതൃപ്‌തിദായകമായ ഒരു ജീവിതരീതിയാണ്. തീർച്ചയായും അത് നിങ്ങളുടെ മുന്നിലുള്ള ഏറ്റവും നല്ല ജീവിതവൃത്തിയാണ്. 20-ാം വയസ്സിൽ ബെഥേലിൽ സേവിക്കാൻ തുടങ്ങിയ നിക്കിന്റെ അഭിപ്രായം അതുതന്നെയാണ്. പത്തുവർഷത്തെ ബെഥേൽ സേവനത്തിനു ശേഷം അദ്ദേഹം ഇങ്ങനെ പറയുന്നു: “യഹോവയുടെ അനർഹദയയെ പ്രതി അവനു നന്ദി പറയാൻ ഞാൻ കൂടെക്കൂടെ പ്രാർഥിക്കാറുണ്ട്. കൂടുതലായി എന്താണ് എനിക്ക് അവനോടു ചോദിക്കാൻ കഴിയുക? യഹോവയുടെ സേവനത്തിൽ തങ്ങളുടെ പരമാവധി പ്രവർത്തിക്കുന്ന വിശ്വസ്‌ത ക്രിസ്‌ത്യാനികളാണ് ഇവിടെ നമുക്കു ചുറ്റുമുള്ളത്.”
[22-ാം പേജിലെ ചതുരം/ചിത്രം]
മൂപ്പന്മാർക്കും മാതാപിതാക്കൾക്കും എന്തു ചെയ്യാനാകും?
ബെഥേൽ സേവനത്തിന് അപേക്ഷിക്കാൻ വിശേഷാൽ മൂപ്പന്മാരും സഞ്ചാരമേൽവിചാരകന്മാരും യുവ സഹോദരന്മാരെ പ്രോത്സാഹിപ്പിക്കണം. ബെഥേൽ കുടുംബത്തിലെ ചെറുപ്പക്കാരായ അംഗങ്ങളുടെ ഇടയിൽ അടുത്തകാലത്ത് നടത്തിയ ഒരു അനൗപചാരിക സർവേ അനുസരിച്ച്, ബെഥേൽ സേവനം ഒരു ലക്ഷ്യമാക്കാൻ അവരിൽ 34 ശതമാനം പേരെയും പ്രോത്സാഹിപ്പിച്ചത് പ്രധാനമായും ക്രിസ്‌തീയ മേൽവിചാരകന്മാർ ആയിരുന്നു. അവരുടെ പ്രാദേശിക സഭകൾക്ക് അവരുടെ സേവനം നഷ്ടപ്പെട്ടിരിക്കാമെന്നതു ശരിതന്നെ. ലുസ്‌ത്രയിലും ഇക്കോന്യയിലും ഉള്ള ചെറുപ്പക്കാരിൽ തിമൊഥെയൊസ് നിശ്ചയമായും ആരോഗ്യാവഹമായ ഒരു സ്വാധീനം ചെലുത്തിയിരുന്നുവെങ്കിലും, പൗലൊസിനോടൊപ്പം സേവിക്കുന്നതിൽനിന്ന് അവിടത്തെ മൂപ്പന്മാർ അവനെ തടഞ്ഞില്ലെന്ന് ഓർമിക്കുക. തിമൊഥെയൊസ് പൗലൊസിനോടൊപ്പം പോയാൽ അത് തങ്ങളുടെ സഭയ്‌ക്ക് വലിയൊരു നഷ്ടമായിരിക്കുമെന്ന് അവർ വിചാരിച്ചില്ല.—1 തിമൊഥെയൊസ് 4:14.
ഇക്കാര്യത്തിൽ തങ്ങളുടെ മക്കളുടെ മേൽ ഒരു ക്രിയാത്മക സ്വാധീനം ചെലുത്താൻ വിശേഷാൽ ശ്രദ്ധിക്കേണ്ടത് ക്രിസ്‌തീയ മാതാപിതാക്കളാണ്. തൊട്ടുമുമ്പു പ്രസ്‌താവിച്ച സർവേയിൽ പങ്കുപറ്റിയ 40 ശതമാനം പേർ പറഞ്ഞത് ബെഥേൽ സേവനത്തിൽ പ്രവേശിക്കാൻ തങ്ങളെ പ്രധാനമായും പ്രോത്സാഹിപ്പിച്ചതു മാതാപിതാക്കൾ ആണെന്നാണ്. ഏതാനും വർഷങ്ങളായി ബെഥേലിൽ സേവിക്കുന്ന ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സേവനത്തിൽ എന്റെ മാതാപിതാക്കൾ വെച്ച മാതൃക ബെഥേൽ സേവനത്തിൽ പ്രവേശിക്കാൻ എനിക്കു വളരെയേറെ പ്രചോദനമേകി. ഏറ്റവും മികച്ചതും സംതൃപ്‌തിദായകവുമായ ജീവിതവൃത്തി ഇതാണെന്ന് മുഴുസമയ സേവനത്തിലെ അവരുടെ മാതൃക കണ്ടപ്പോൾ എനിക്കു മനസ്സിലായി.”
[24-ാം പേജിലെ ചതുരം]
അവർ ബെഥേൽ സേവനത്തെ വിലമതിക്കുന്നു
“ഞാൻ ബെഥേലിലെ എന്റെ സേവനത്തെ പ്രിയങ്കരമായി കരുതുന്നു. മുഴു ദിവസവും യഹോവയെ സേവിച്ചെന്നും നാളെയും നാളെകഴിഞ്ഞും അങ്ങനെ ദിനംതോറും അവനെ സേവിക്കാൻ കഴിയുമെന്നും അറിയുന്നത് സംതൃപ്‌തിദായകമാണ്. അത് എനിക്ക് നല്ലൊരു മനസ്സാക്ഷി പ്രദാനം ചെയ്യുകയും എന്റെ മനസ്സിനെ നല്ല ചിന്തകൾകൊണ്ട് നിറയ്‌ക്കുകയും ചെയ്യുന്നു.”
“ശ്രദ്ധാശൈഥില്യം കൂടാതെ നമ്മുടെ സമയവും ഊർജവും മുഴുവനായി യഹോവയുടെ സേവനത്തിൽ അർപ്പിക്കാൻ കഴിയുന്ന സ്ഥലമാണ് ബെഥേൽ. അങ്ങനെ ചെയ്യുന്നത് ആന്തരിക സന്തോഷം കൈവരുത്തുന്നു. യഹോവയുടെ സംഘടനയെ വ്യത്യസ്‌ത വീക്ഷണകോണത്തിൽനിന്ന് കാണാനും ബെഥേൽ സേവനം സഹായിക്കുന്നു. സംഘടനയുടെ പ്രവർത്തന സിരാകേന്ദ്രത്തോട് വളരെ അടുത്തു വർത്തിക്കുന്നതായി നമുക്ക് അനുഭവപ്പെടും. അത് വളരെ പുളകപ്രദമായ ഒരു അനുഭവമാണ്.”
“ഞാൻ ഏർപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മെച്ചമായ പ്രവർത്തനമാണ് ബെഥേൽ സേവനം. ഇവിടെ വിദ്യാഭ്യാസം ഒരിക്കലും അവസാനിക്കുന്നില്ല. ഈ വിദ്യാഭ്യാസം എന്റെ വ്യക്തിപരമായ നേട്ടത്തിനു വേണ്ടിയല്ല, പകരം യഹോവയ്‌ക്കു വേണ്ടിയാണ്. ഇവിടത്തെ എന്റെ പ്രവർത്തനം ഒരിക്കലും വ്യർഥമാകില്ല.”
“ബെഥേലിൽ എന്റെ കഴിവുകൾ യഹോവയ്‌ക്കും സഹോദരങ്ങൾക്കും വേണ്ടി വിനിയോഗിക്കാൻ കഴിയുന്നത് എനിക്കു സംതൃപ്‌തിയും സമാധാനവും കൈവരുത്തുന്നു.”
“മുൻ ജീവിതവൃത്തിയിൽ എനിക്ക് യഥാർഥ സംതൃപ്‌തിയും സന്തോഷവും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സഹോദരങ്ങളോടൊപ്പവും അവർക്കു വേണ്ടിയും പ്രവർത്തിക്കുന്നതിനെ കുറിച്ച് ഞാൻ വർഷങ്ങളോളം സ്വപ്‌നം കണ്ടിരുന്നു. അതുകൊണ്ടാണ് ഞാൻ ബെഥേലിൽ വന്നത്. ഇവിടത്തെ എന്റെ ശ്രമങ്ങൾ മറ്റുള്ളവർക്ക് ആത്മീയമായി പ്രയോജനം ചെയ്യുമെന്നും യഹോവയ്‌ക്കു സ്‌തുതി കൈവരുത്തുമെന്നും അറിയുന്നതിൽ ഞാൻ കൃതാർഥനാണ്.”