വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശ്വാസം പരിശോധിക്കപ്പെട്ടപ്പോൾ—ഞങ്ങൾ ഒറ്റയ്‌ക്കല്ലായിരുന്നു

വിശ്വാസം പരിശോധിക്കപ്പെട്ടപ്പോൾ—ഞങ്ങൾ ഒറ്റയ്‌ക്കല്ലായിരുന്നു

വിശ്വാസം പരിശോധിക്കപ്പെട്ടപ്പോൾ—ഞങ്ങൾ ഒറ്റയ്‌ക്കല്ലായിരുന്നു

ഓമനത്തം തുളുമ്പുന്ന, ചുറുചുറുക്കുള്ള, ആരോഗ്യവതിയായ ഒരു സുന്ദരിക്കുട്ടിയായിരുന്നു വിക്കി. 1993-ലെ വസന്തത്തിൽ അവൾ ജനിച്ചപ്പോൾ ഞങ്ങളുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. സ്വീഡന്റെ തെക്കുഭാഗത്തുള്ള ഒരു ചെറിയ പട്ടണത്തിൽ താമസിച്ചിരുന്ന ഞങ്ങളുടെ ജീവിതം സുഖപ്രദമായിരുന്നു.

വിക്കിക്ക്‌ ഒന്നര വയസ്സായപ്പോൾ ഞങ്ങളുടെ സ്വപ്‌നങ്ങളെല്ലാം തകർന്നടിയുന്നതുപോലെ തോന്നി. കുറെ നാളായി അവൾക്കു സുഖമില്ലായിരുന്നു. അതുകൊണ്ട്‌ ഞങ്ങൾ അവളെ ആശുപത്രിയിൽ കൊണ്ടുപോയി. അവൾക്ക്‌, ശ്വേതരക്താണുക്കളെ ബാധിക്കുന്നതും കുട്ടികളിൽ കണ്ടുവരുന്നതുമായ അക്യൂട്ട്‌ ലിംഫോബ്ലാസ്റ്റിക്‌ രക്താർബുദമാണെന്ന്‌ ഡോക്ടർ പറഞ്ഞ ആ നിമിഷം ഞങ്ങൾ ഒരിക്കലും മറക്കില്ല.

ഞങ്ങളുടെ മോൾക്ക്‌ ഈ ഭയങ്കര വ്യാധി പിടിപെട്ടിരിക്കുന്നു എന്ന വസ്‌തുത ഞങ്ങൾക്ക്‌ ഒരുതരത്തിലും ഉൾക്കൊള്ളാനായില്ല. തന്റെ ചുറ്റുമുള്ള ലോകത്തെ കുറിച്ച്‌ അവൾ ബോധവതിയായിത്തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, അപ്പോളിതാ മരണം തൊട്ടുമുന്നിൽ. ഞങ്ങളെ ആശ്വസിപ്പിക്കാനായി ഡോക്ടർ പറഞ്ഞു, കീമോതെറാപ്പിയും പല പ്രാവശ്യത്തെ രക്തപ്പകർച്ചയും ഉൾപ്പെടുന്ന സാമാന്യം ഭേദപ്പെട്ട ഒരു ചികിത്സയോടെ എല്ലാം ശരിയാകും എന്ന്‌. ഡോക്ടറുടെ പരാമർശം ഞങ്ങളെ ഒന്നുകൂടെ ഞെട്ടിച്ചുകളഞ്ഞു.

ഞങ്ങളുടെ വിശ്വാസം പരിശോധിക്കപ്പെടുന്നു

ഞങ്ങൾ മകളെ വളരെയേറെ സ്‌നേഹിച്ചിരുന്നു, അവൾക്ക്‌ ഏറ്റവും മെച്ചപ്പെട്ട വൈദ്യചികിത്സ ലഭ്യമാക്കാൻ ആഗ്രഹിക്കുകയും ചെയ്‌തു. എങ്കിലും, ഒരുകാരണവശാലും രക്തപ്പകർച്ച ഞങ്ങൾക്കു സ്വീകാര്യമായിരുന്നില്ല. ക്രിസ്‌ത്യാനികൾ ‘രക്തത്തിൽനിന്ന്‌ ഒഴിഞ്ഞിരിക്കണം’ എന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന ദൈവവചനമായ ബൈബിളിൽ ഞങ്ങൾ അടിയുറച്ചു വിശ്വസിക്കുന്നു. (പ്രവൃത്തികൾ 15:28, 29, NW) മാത്രമല്ല, രക്തപ്പകർച്ച അതിൽത്തന്നെ അപകടകരമാണെന്നു ഞങ്ങൾക്ക്‌ അറിയുകയും ചെയ്യാം. അതു നിമിത്തം ആയിരക്കണക്കിന്‌ ആളുകൾ രോഗബാധിതരാകുകയും മരിക്കുകയും ചെയ്‌തിട്ടുണ്ട്‌. രക്തപ്പകർച്ച ഉൾപ്പെട്ടിട്ടില്ലാത്ത ഉയർന്ന ഗുണനിലവാരമുള്ള ചികിത്സ തേടുക എന്നുള്ളതായിരുന്നു ഞങ്ങൾക്കുള്ള ഒരേയൊരു പോംവഴി. അതോടെ ഇതിനോടു ബന്ധപ്പെട്ട വിശ്വാസത്തിനു വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടങ്ങി.

ഞങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയുമായിരുന്നു? സഹായത്തിനായി ഞങ്ങൾ യഹോവയുടെ സാക്ഷികളുടെ സ്വീഡൻ ബ്രാഞ്ചിലെ ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസസുമായി ബന്ധപ്പെട്ടു. * ഞങ്ങളുടെ അഭ്യർഥനപ്രകാരം പെട്ടെന്നുതന്നെ, രക്തപ്പകർച്ച കൂടാതെ കീമോതെറാപ്പി ചെയ്യാൻ പറ്റിയ ഒരു ആശുപത്രിയും അതിനു മനസ്സൊരുക്കമുള്ള ഒരു ഡോക്ടറെയും കണ്ടെത്താനായി യൂറോപ്പിൽ ഉടനീളമുള്ള വ്യത്യസ്‌ത ആശുപത്രികളിലേക്ക്‌ ഫാക്‌സ്‌ സന്ദേശങ്ങൾ അയച്ചു. ഞങ്ങളെ സഹായിക്കാനുള്ള ശ്രമത്തിൽ ക്രിസ്‌തീയ സഹോദരങ്ങൾ പ്രകടമാക്കിയ സ്‌നേഹവും തീക്ഷ്‌ണതയും ഞങ്ങളെ വളരെയധികം ശക്തീകരിച്ചു. വിശ്വാസത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങൾ ഒറ്റയ്‌ക്കായിരുന്നില്ല.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ജർമനിയിലെ ഹോംബർഗ്‌/സാറിലുള്ള ഒരു ആശുപത്രിയിൽ ചികിത്സനടത്താൻ സമ്മതമുള്ള ഒരു ഡോക്ടറെ കണ്ടെത്തി. വിക്കിയെ പരിശോധിപ്പിക്കാനായി പിറ്റേ ദിവസംതന്നെ അങ്ങോട്ട്‌ വിമാനത്തിൽ പോകാനുള്ള ക്രമീകരണവും ചെയ്യപ്പെട്ടു. അവിടെ എത്തിച്ചേർന്ന ഞങ്ങളെ സ്വീകരിക്കാനായി ഹോംബർഗിലെ യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിൽനിന്നുള്ള ക്രിസ്‌തീയ സഹോദരങ്ങളും ഞങ്ങളുടെ ചില ബന്ധുക്കളും വന്നിരുന്നു. സ്ഥലത്തെ ആശുപത്രി ഏകോപന സമിതിയുടെ പ്രതിനിധി ഞങ്ങൾക്ക്‌ ഊഷ്‌മളമായ സ്വാഗതമരുളി. അദ്ദേഹം ഞങ്ങളോടൊപ്പം ആശുപത്രിയിൽ വന്ന്‌ സാധ്യമായ എല്ലാ സഹായവും ചെയ്‌തുതന്നു. ഒരു വിദേശ രാജ്യത്തു പോലും സഹായിക്കാൻ ആത്മീയ സഹോദരങ്ങൾ ഉണ്ടല്ലോ എന്ന അറിവ്‌ ഞങ്ങൾക്ക്‌ ആശ്വാസമേകി.

ആശുപത്രിയിൽവെച്ച്‌ ഡോ. ഗ്രാഫിനെ കണ്ടുമുട്ടിയപ്പോൾ ഞങ്ങൾക്ക്‌ വീണ്ടും ആശ്വാസം തോന്നി. അദ്ദേഹം വളരെ സഹാനുഭൂതി ഉള്ള ആളായിരുന്നു. മാത്രമല്ല, രക്തപ്പകർച്ച കൂടാതെ വിക്കിയെ ചികിത്സിക്കാൻ സാധ്യമായതെല്ലാം താൻ ചെയ്യാമെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പു നൽകുകയും ചെയ്‌തു. അവളുടെ ഹീമോഗ്ലോബിന്റെ അളവ്‌ ഒരു ഡെസിലിറ്റർ രക്തത്തിൽ 5 ഗ്രാമിൽ താഴെ ആയാൽപ്പോലും അദ്ദേഹം രക്തപ്പകർച്ച കൂടാതെ ചികിത്സ തുടരാൻ സന്നദ്ധനായിരുന്നു. രോഗം നേരത്തേ കണ്ടുപിടിച്ചതും വിക്കിയെ പെട്ടെന്നുതന്നെ അവിടെ എത്തിച്ചതുമാണ്‌ അവൾക്ക്‌ വിജയകരമായ ചികിത്സ ലഭിക്കുക സാധ്യമാക്കിയത്‌ എന്നും അദ്ദേഹം പറഞ്ഞു. വിക്കിയുടേതുപോലുള്ള ഒരു കേസ്‌ താൻ കൈകാര്യം ചെയ്യുന്നത്‌, അതായത്‌, രക്തപ്പകർച്ചകൂടാതെ കീമോതെറാപ്പി നടത്തുന്നത്‌ ആദ്യമായിട്ടായിരിക്കുമെന്ന്‌ അദ്ദേഹം സമ്മതിച്ചുപറഞ്ഞു. ഞങ്ങളെ സഹായിക്കാനായി ഡോ. ഗ്രാഫ്‌ കാണിച്ച ധൈര്യവും നിശ്ചയദാർഢ്യവും നിമിത്തം ഞങ്ങൾക്ക്‌ അദ്ദേഹത്തോടു വളരെ നന്ദിയും ആദരവും തോന്നി.

സാമ്പത്തിക പ്രശ്‌നങ്ങൾ

ഇപ്പോഴത്തെ പ്രശ്‌നം, വിക്കിയുടെ ചികിത്സയ്‌ക്കുള്ള ചെലവ്‌ ഞങ്ങൾ എങ്ങനെ താങ്ങും എന്നതായിരുന്നു. രണ്ടുവർഷത്തെ ചികിത്സയ്‌ക്ക്‌ 1,50,000 ഡോയിഷ്‌ മാർക്ക്‌ (30 ലക്ഷം രൂപ) വേണമെന്നു കേട്ടപ്പോൾ ഞങ്ങൾ അന്ധാളിച്ചുപോയി. അതിന്റെ ഒരു ഭാഗം പോലും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നില്ല. എങ്കിലും വിക്കിയുടെ ചികിത്സ ഒട്ടും താമസിപ്പിക്കാനാകുമായിരുന്നില്ല. ചികിത്സയ്‌ക്കായി സ്വീഡനിൽനിന്ന്‌ ജർമനിയിലേക്കു പോയതിനാൽ, ഞങ്ങൾക്ക്‌ പൊതുജനാരോഗ്യ ഇൻഷ്വറൻസിനും അർഹത ഇല്ലായിരുന്നു. ഞങ്ങളുടെ രോഗഗ്രസ്‌തയായ മകളെ കുറിച്ചുള്ള വിദഗ്‌ധരുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്നു. അവളെ സഹായിക്കാൻ ഞങ്ങൾ ഒരുക്കമായിരുന്നെങ്കിലും, ഞങ്ങളുടെ പക്കൽ വേണ്ടത്ര പണമില്ലായിരുന്നു.

ആശുപത്രി ഞങ്ങളുടെ രക്ഷയ്‌ക്കെത്തി. 20,000 മാർക്ക്‌ (4 ലക്ഷം രൂപ) രൊക്കം കൊടുക്കുകയും ബാക്കി തുകയ്‌ക്കുള്ള ഉറപ്പായി ഒപ്പിട്ട ഒരു രേഖ നൽകുകയും ചെയ്‌താൽ ഉടൻ ചികിത്സ തുടങ്ങാമെന്ന്‌ അവർ പറഞ്ഞു. ഞങ്ങൾക്ക്‌ ഉണ്ടായിരുന്ന കുറച്ചു സമ്പാദ്യവും കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും സ്‌നേഹപുരസ്സരം തന്നു സഹായിച്ച കുറെ പണവും ആയപ്പോൾ ഞങ്ങൾക്ക്‌ 20,000 മാർക്കു കൊടുക്കാൻ പറ്റി. പക്ഷേ, ബാക്കി തുകയോ?

വിശ്വാസത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങൾ തനിച്ചല്ല എന്ന്‌ ഒരിക്കൽക്കൂടി ഞങ്ങൾ ഓർമിപ്പിക്കപ്പെട്ടു. ഞങ്ങൾക്ക്‌ അപ്പോൾ അറിയില്ലായിരുന്ന ഒരു ആത്മീയ സഹോദരൻ ബാക്കി തുക കൊടുത്തുകൊള്ളാമെന്നേറ്റു. എന്നിരുന്നാലും, മറ്റ്‌ ക്രമീകരണങ്ങൾ ചെയ്യാൻ സാധിച്ചതിനാൽ ഞങ്ങൾക്ക്‌ അദ്ദേഹത്തിന്റെ ഉദാരമായ വാഗ്‌ദാനം സ്വീകരിക്കേണ്ടിവന്നില്ല.

വൈദ്യശാസ്‌ത്ര വൈദഗ്‌ധ്യം പ്രവർത്തനത്തിൽ

കീമോതെറാപ്പി ആരംഭിച്ചു. ദിവസങ്ങളും ആഴ്‌ചകളും കടന്നുപോയി. ചിലപ്പോഴൊക്കെ, അത്‌ ഞങ്ങൾക്കും മോൾക്കും വളരെ ബുദ്ധിമുട്ടിനും പിരിമുറുക്കത്തിനും കാരണമായി. അതേസമയം, അവളുടെ രോഗം ഭേദമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ട ഓരോ പ്രാവശ്യവും ഞങ്ങൾ വളരെ സന്തോഷിച്ചു. കീമോതെറാപ്പി എട്ടു മാസത്തേക്ക്‌ ഉണ്ടായിരുന്നു. വിക്കിയുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ ഡെസിലിറ്ററിന്‌ ആറു ഗ്രാം വരെയായി കുറഞ്ഞു. ഏതായാലും, ഡോ. ഗ്രാഫ്‌ തന്റെ വാക്ക്‌ പാലിച്ചു.

ആറു വർഷത്തിനു ശേഷം, സുഷുമ്‌നാ നാഡിയിൽ നിന്ന്‌ എടുത്ത ദ്രവം അന്തിമമായി പരിശോധിച്ചപ്പോൾ അവൾക്ക്‌ രക്താർബുദം ഉള്ളതിന്റെ യാതൊരു ലക്ഷണവും കണ്ടില്ല. ഇപ്പോൾ അവൾ, ആ രോഗത്തിന്റെ യാതൊരു ലക്ഷണവുമില്ലാത്ത ആരോഗ്യവതിയായ ഒരു പെൺകുട്ടിയാണ്‌. അതേ, വിക്കി പൂർണമായി സുഖം പ്രാപിച്ചത്‌ ഒരു അത്ഭുതംതന്നെയാണ്‌. കീമോതെറാപ്പിയും രക്തപ്പകർച്ചയും നടത്തിയിട്ടും ഈ രോഗമുള്ള അനേകം കുട്ടികൾ മരിക്കുന്നതായി ഞങ്ങൾക്ക്‌ അറിയാം.

വിശ്വാസത്തിനു വേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം വിജയിച്ചിരിക്കുന്നു. തീർച്ചയായും അത്‌ ബന്ധുക്കളുടെയും ക്രിസ്‌തീയ സഹോദരങ്ങളുടെയും വൈദ്യശാസ്‌ത്ര വിദഗ്‌ധരുടെയും ഒക്കെ സഹായത്താലാണ്‌ എന്നതിനു സംശയമില്ല. ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസസ്‌ ഞങ്ങൾക്ക്‌ രാപകലെന്നില്ലാതെ പൂർണസഹായം പ്രദാനം ചെയ്‌തു. ഡോ. ഗ്രാഫും സഹപ്രവർത്തകരും വിക്കിയെ ചികിത്സിക്കാൻ തങ്ങളുടെ വൈദഗ്‌ധ്യം ഉപയോഗിച്ചു. ഇതെല്ലാം നിമിത്തം, ഞങ്ങൾ വളരെ നന്ദിയുള്ളവരാണ്‌.

ഞങ്ങളുടെ വിശ്വാസം ശക്തമാക്കപ്പെട്ടിരിക്കുന്നു

എല്ലാറ്റിലും ഉപരിയായി, യഹോവയാം ദൈവത്തിന്റെ സ്‌നേഹപുരസ്സരമായ കരുതലിനും അവന്റെ വചനമായ ബൈബിളിലൂടെ ലഭിച്ച ശക്തിക്കും ഞങ്ങൾ അവന്‌ നന്ദി നൽകുന്നു. പിന്തിരിഞ്ഞു നോക്കുമ്പോൾ, ഞങ്ങൾ എത്രമാത്രം കാര്യങ്ങൾ പഠിച്ചെന്നും ജീവിതത്തിലെ ഈ കഠിന അനുഭവം ഞങ്ങളുടെ വിശ്വാസത്തിന്‌ എത്രയധികം കരുത്ത്‌ പ്രദാനം ചെയ്‌തെന്നും ഞങ്ങൾ മനസ്സിലാക്കുന്നു.

യഹോവയാം ദൈവവുമായി ഒരു ഉറ്റ ബന്ധം നിലനിറുത്തുകയും അവന്റെ വ്യവസ്ഥകൾക്കു ചേർച്ചയിൽ ജീവിക്കുന്നതിന്റെ മൂല്യം ഞങ്ങളുടെ മകളെ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ ഇപ്പോഴത്തെ ഞങ്ങളുടെ ആത്മാർഥമായ ആഗ്രഹം. അതേ, വരാൻ പോകുന്ന ഭൗമിക പറുദീസയിലെ നിത്യജീവൻ കൈവരുത്തുന്ന ഒരു നല്ല ആത്മീയ പൈതൃകം അവൾക്കു നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.​—⁠സംഭാവന ചെയ്യപ്പെട്ടത്‌.

[അടിക്കുറിപ്പ്‌]

^ ഖ. 7 ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസസ്‌ ആശുപത്രി ഏകോപന സമിതികളുടെ അന്തർദേശീയ ശൃംഖലയുടെ മേൽനോട്ടം വഹിക്കുന്നു. ഡോക്ടർമാരും സാക്ഷികളായ രോഗികളും തമ്മിലുള്ള സഹകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശീലനം ലഭിച്ച ക്രിസ്‌തീയ സ്വമേധയാ സേവകരാണ്‌ ഈ സമിതികളിൽ ഉള്ളത്‌. 200 ദേശങ്ങളിലായി രോഗികളെ സഹായിക്കുന്ന 1,400-ലധികം ആശുപത്രി ഏകോപന സമിതികളുണ്ട്‌.