ആത്മവിദ്യയും യഥാർഥ ആത്മീയതയ്‌ക്കായുള്ള അന്വേഷണവും
ആത്മവിദ്യയും യഥാർഥ ആത്മീയതയ്‌ക്കായുള്ള അന്വേഷണവും
നമുക്കെല്ലാം ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളുണ്ട്. അതുകൊണ്ടാണ്, ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്, മനുഷ്യൻ കഷ്ടപ്പാട് അനുഭവിക്കുന്നത് എന്തുകൊണ്ട്, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് അനേകർ ഉത്തരം തേടുന്നത്. ആത്മാർഥ ഹൃദയരായ പലരും ഇവയ്‌ക്കും സമാനമായ മറ്റു ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിൽ മധ്യവർത്തികളെ സമീപിക്കുന്നു. അവരുടെ സഹായത്തോടെ മരിച്ചവരുടെ ആത്മാക്കളുമായി ആശയവിനിമയം നടത്താൻ അവർ ശ്രമിക്കുന്നു. ഈ നടപടിയെയാണ് ആത്മവിദ്യ എന്നു വിളിക്കുന്നത്.
ആത്മവിദ്യ ആചരിക്കുന്നവരെ മിക്ക രാജ്യങ്ങളിലും കാണാം. അവർക്കു സഭകളും പള്ളികളും ഉണ്ട്. ഉദാഹരണത്തിന്, 19-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിദ്യാഭ്യാസ വിചക്ഷണനും തത്ത്വചിന്തകനുമായിരുന്ന ഇപോലിറ്റ് ലേയോൺ ഡെനിസാർ റിവായിയുടെ—അദ്ദേഹത്തിന്റെ തൂലികാനാമം അലൻ കാർഡെക് എന്നാണ്—പഠിപ്പിക്കലുകൾ പിൻപറ്റുന്ന ആത്മവിദ്യ ആചരിക്കുന്നവരായ ഏകദേശം 40,00,000 വ്യക്തികൾ ബ്രസീലിൽ ഉണ്ട്. കാർഡെക്കിന് ആത്മവിദ്യയോടു ബന്ധപ്പെട്ട കാര്യങ്ങളിൽ ആദ്യമായി താത്‌പര്യം തോന്നിയത് 1854-ലാണ്. അദ്ദേഹം പിന്നീട് പലയിടങ്ങളിലുള്ള ആത്മമധ്യവർത്തികളോട് ഓരോ ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ മറുപടികളെല്ലാം ഉൾപ്പെടുത്തി 1857-ൽ ആത്മാക്കളുടെ പുസ്‌തകം (ഇംഗ്ലീഷ്) എന്ന ശീർഷകത്തോടു കൂടിയ ഒരു ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്‌തു. അദ്ദേഹത്തിന്റെ മറ്റു രണ്ട് കൃതികളാണ് മധ്യവർത്തികളുടെ ഗ്രന്ഥം, ആത്മവിദ്യ പ്രകാരമുള്ള സുവിശേഷം (ഇംഗ്ലീഷ്) എന്നിവ.
ആത്മവിദ്യയെ മിക്കപ്പോഴും വൂഡൂ, മന്ത്രവാദം, കൂടോത്രം, സാത്താന്യാരാധന എന്നിങ്ങനെയുള്ള നടപടികളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, അലൻ കാർഡെക്കിന്റെ അനുയായികൾ പറയുന്നത് തങ്ങളുടെ വിശ്വാസങ്ങൾക്ക് അവയുമായി യാതൊരു ബന്ധവുമില്ലെന്നാണ്. അവരുടെ പ്രസിദ്ധീകരണങ്ങൾ പലപ്പോഴും ബൈബിളിൽനിന്ന് ഉദ്ധരിക്കുന്നതായി കാണാം. കൂടാതെ, യേശുവിനെ “മുഴു മാനവരാശിയുടെയും വഴികാട്ടിയും മാതൃകയും” എന്ന് അവർ വിശേഷിപ്പിക്കുകയും ചെയ്യുന്നു. അവന്റെ പഠിപ്പിക്കലുകൾ “ദിവ്യനിയമത്തിന്റെ ഏറ്റവും പരിശുദ്ധമായ പ്രകടനം” ആണെന്ന് അവർ പറയുന്നു. മോശെയുടെ പഠിപ്പിക്കലുകൾക്കും യേശുവിന്റെ പഠിപ്പിക്കലുകൾക്കും ശേഷം മനുഷ്യവർഗത്തിനു ലഭിച്ചിട്ടുള്ള ദൈവനിയമത്തിന്റെ മൂന്നാമത്തെ വെളിപാടായിട്ടാണ് അലൻ കാർഡെക് ആത്മവിദ്യാ രചനകളെ വീക്ഷിച്ചിരുന്നത്.
അയൽസ്‌നേഹത്തിനും ധർമപ്രവൃത്തികൾക്കും ഊന്നൽ നൽകുന്നതിനാൽ ആത്മവിദ്യ പലർക്കും ആകർഷകമായി തോന്നുന്നു. “ധർമപ്രവൃത്തികളെ കൂടാതെ മോക്ഷമില്ല” എന്നതാണ് ആത്മവിദ്യ ആചരിക്കുന്നവരുടെ ഒരു വിശ്വാസം. ആത്മവിദ്യ ആചരിക്കുന്ന പലരും സാമൂഹിക സേവനം ചെയ്യുന്നതിലും ആശുപത്രികളും സ്‌കൂളുകളും മറ്റും സ്ഥാപിക്കുന്നതിലും വളരെ സജീവമായി പ്രവർത്തിക്കുന്നു. അത്തരം സംഗതികൾ അഭിനന്ദനാർഹമാണ്. എന്നിരുന്നാലും, ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള യേശുവിന്റെ പഠിപ്പിക്കലുകളുമായി ആത്മവിദ്യാചാരത്തിൽ ഏർപ്പെടുന്നവരുടെ പഠിപ്പിക്കലുകൾ ചേർച്ചയിലാണോ? നമുക്ക് രണ്ട് ഉദാഹരണങ്ങൾ പരിചിന്തിക്കാം: മരിച്ചവർക്കുള്ള പ്രത്യാശയും കഷ്ടപ്പാടിന്റെ കാരണവും.
മരിച്ചവർക്ക് എന്തു പ്രത്യാശ?
ആത്മവിദ്യ ആചരിക്കുന്നവരിൽ അനേകരും പുനർജന്മത്തിൽ വിശ്വസിക്കുന്നു. ഒരു ആത്മവിദ്യാ പ്രസിദ്ധീകരണം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ദിവ്യ നീതി സംബന്ധിച്ച നമ്മുടെ പ്രതീക്ഷകളെ തൃപ്‌തിപ്പെടുത്തുന്നത് പുനർജന്മ പഠിപ്പിക്കൽ മാത്രമാണ്; ഭാവി വിശദീകരിക്കാനും നമ്മുടെ പ്രത്യാശകളെ ബലപ്പെടുത്താനും കഴിയുന്ന ഏക പഠിപ്പിക്കലാണ് അത്.” മരണത്തിങ്കൽ “രൂപാന്തരണം പ്രാപിച്ച ആത്മാവ്” സമാധിക്കൂട് പൊട്ടിച്ചു പുറത്തുവരുന്ന ഒരു ചിത്രശലഭത്തെ പോലെ ശരീരത്തെ വിട്ടു പുറത്തേക്കു പോകുന്നുവെന്ന് അവർ പറയുന്നു. അവരുടെ വിശ്വാസം അനുസരിച്ച് ഈ ആത്മാക്കൾ മുജ്ജന്മ പാപങ്ങളുടെ ഫലം അനുഭവിച്ചുതീർക്കാൻ പിന്നീട് മനുഷ്യരായി പുനർജനിക്കുന്നു. എന്നാൽ ഈ പൂർവ പാപങ്ങൾ സംബന്ധിച്ച് അവർക്ക് ഒരു ഓർമയും ഉണ്ടാവില്ല. ആത്മവിദ്യ പ്രകാരമുള്ള സുവിശേഷം ഇങ്ങനെ പറയുന്നു: “കഴിഞ്ഞകാലത്തെ ഒരു മൂടുപടംകൊണ്ട് മറയ്‌ക്കുന്നത് ഉത്തമമെന്നു ദൈവം കണ്ടു.”
“പുനർജന്മത്തെ നിഷേധിക്കുകയെന്നാൽ ക്രിസ്‌തുവിന്റെ വാക്കുകളെ നിഷേധിക്കുക എന്നാണർഥം” എന്ന് അലൻ കാർഡെക് എഴുതി. എന്നാൽ, യേശു ഒരിക്കൽപ്പോലും “പുനർജന്മം” എന്ന വാക്ക് ഉച്ചരിക്കുകയോ അത്തരമൊരു പഠിപ്പിക്കലിനെ കുറിച്ചു പരാമർശിക്കുകയോ ചെയ്‌തില്ല. (22-ാം പേജിലെ “പുനർജന്മം ഒരു ബൈബിൾ പഠിപ്പിക്കലോ?” എന്ന ഭാഗം കാണുക.) മറിച്ച്, യേശു മരിച്ചവരുടെ പുനരുത്ഥാനമാണു പഠിപ്പിച്ചത്. തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് അവൻ മൂന്നു പേരെ—നയിനിലെ വിധവയുടെ മകൻ, ഒരു പള്ളിപ്രമാണിയുടെ പുത്രി, യേശുവിന്റെ അടുത്ത സ്‌നേഹിതനായ ലാസർ എന്നിവരെ—പുനരുത്ഥാനപ്പെടുത്തുകയും മർക്കൊസ് 5:22-24, 35-43; ലൂക്കൊസ് 7:11-15; യോഹന്നാൻ 11:1-44) ഈ ശ്രദ്ധേയ സംഭവങ്ങളിൽ ഒന്നു പരിശോധിച്ചു കൊണ്ട് “പുനരുത്ഥാനം” എന്നതിനാൽ യേശു എന്താണ് അർഥമാക്കിയതെന്നു നമുക്കു നോക്കാം.
ചെയ്‌തു. (ലാസറിന്റെ പുനരുത്ഥാനം
തന്റെ സ്‌നേഹിതനായ ലാസർ സുഖമില്ലാതെ കിടക്കുകയാണെന്ന് അറിഞ്ഞ യേശു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ശിഷ്യന്മാരോടു പറഞ്ഞു: “നമ്മുടെ സ്‌നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു.” യേശു എന്താണ് അർഥമാക്കിയതെന്ന് ശിഷ്യന്മാർക്കു മനസ്സിലായില്ല. അതുകൊണ്ട് അവൻ സ്‌പഷ്ടമായി ഇങ്ങനെ പറഞ്ഞു: “ലാസർ മരിച്ചുപോയി.” യേശു ഒടുവിൽ ലാസറിന്റെ കല്ലറയ്‌ക്കൽ എത്തിയപ്പോൾ അവൻ മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞിരുന്നു. എങ്കിലും, കല്ലറ അടച്ചിരുന്ന കല്ല് നീക്കുവാൻ യേശു കൽപ്പിച്ചു. അതിനു ശേഷം അവൻ ഉറക്കെ വിളിച്ചു: “ലാസരേ, പുറത്തുവരിക.” അപ്പോൾ അത്ഭുതകരമായ ഒന്നു സംഭവിച്ചു. “മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.”—യോഹന്നാൻ 11:5, 6, 11-15, 43, 44.
അവിടെ നടന്നത് ഒരു പുനർജന്മം ആയിരുന്നില്ല എന്നതു വ്യക്തമാണ്. മരിച്ച ലാസർ യാതൊന്നിനെ കുറിച്ചും ബോധമില്ലാതെ നിദ്രകൊള്ളുകയാണെന്ന് യേശു പറഞ്ഞു. ബൈബിൾ പറയുന്നതുപോലെ ‘അവന്റെ നിരൂപണങ്ങൾ നശിച്ചിരുന്നു.’ അവൻ ‘ഒന്നും അറിയാത്ത’ ഒരു അവസ്ഥയിലായിരുന്നു. (സങ്കീർത്തനം 146:4; സഭാപ്രസംഗി 9:5) പുനരുത്ഥാനം പ്രാപിച്ച ലാസർ പുനർജനിച്ച ആത്മാവോടു കൂടിയ ഒരു വ്യത്യസ്‌ത ആൾ ആയിരുന്നില്ല. മരിക്കുന്നതിനു മുമ്പുണ്ടായിരുന്ന അതേ വ്യക്തിത്വവും പ്രായവും ഓർമകളുമാണ് അവന് ഉണ്ടായിരുന്നത്. അകാലത്തിൽ ജീവിതം എവിടെവെച്ച് അവസാനിച്ചോ അവിടെനിന്നു തന്നെ അവൻ ജീവിതം പുനരാരംഭിച്ചു. അവന്റെ മരണത്തെ കുറിച്ചു വിലപിച്ച പ്രിയപ്പെട്ടവരുടെ അടുക്കലേക്കു തന്നെ അവൻ മടങ്ങി.—യോഹന്നാൻ 12:1, 2.
പിന്നീട്, ലാസർ വീണ്ടും മരിച്ചു. അപ്പോൾപ്പിന്നെ അവന്റെ പുനരുത്ഥാനത്തിന്റെ ഉദ്ദേശ്യം എന്തായിരുന്നു? യേശു നടത്തിയ മറ്റു പുനരുത്ഥാനങ്ങൾ പോലെതന്നെ ഇതും, യഹോവയുടെ നിയമിത സമയത്ത് അവൻ തന്റെ വിശ്വസ്‌ത ദാസന്മാരെയെല്ലാം മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കുമെന്ന ദിവ്യവാഗ്‌ദാനത്തിലുള്ള നമ്മുടെ വിശ്വാസം അരക്കിട്ടുറപ്പിക്കുന്നു. ആ അത്ഭുതങ്ങൾ യേശുവിന്റെ പിൻവരുന്ന വാക്കുകൾക്കു വർധിച്ച ആധികാരികത നൽകുന്നു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.”—യോഹന്നാൻ 11:25.
ആ ഭാവി പുനരുത്ഥാനത്തെ കുറിച്ച് യേശു പറഞ്ഞു: “കല്ലറകളിൽ ഉള്ളവർ എല്ലാവരും [എന്റെ] ശബ്ദം കേട്ടു, നന്മ ചെയ്‌തവർ ജീവന്നായും തിന്മ ചെയ്‌തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) ലാസറിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, അതു മരിച്ചുപോയ ആളുകളുടെ ഒരു പുനരുത്ഥാനം ആയിരിക്കും. അല്ലാതെ അത്, മണ്ണടിഞ്ഞ് മറ്റു ജീവജാലങ്ങളുടെ ഭാഗം പോലും ആയിത്തീർന്നിരിക്കാവുന്ന ശരീരങ്ങളുമായി ബോധമുള്ള ആത്മാക്കൾ പുനഃസംഗമിക്കുന്നതിനെയല്ല സൂചിപ്പിക്കുന്നത്. അപരിമേയ ജ്ഞാനത്തിന്റെയും ശക്തിയുടെയും ഉറവിടമായ പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ചിടത്തോളം മരിച്ചവരെ പുനരുത്ഥാനപ്പെടുത്തുക എന്നത് ഒരു പ്രശ്‌നമേയല്ല.
യേശുക്രിസ്‌തു പഠിപ്പിച്ച പുനരുത്ഥാനം യഥാർഥത്തിൽ വ്യക്തികളെന്ന നിലയിൽ മനുഷ്യരോടുള്ള ദൈവത്തിന്റെ ആഴമായ സ്‌നേഹത്തെയല്ലേ വെളിപ്പെടുത്തുന്നത്? എന്നാൽ നേരത്തേ പരാമർശിച്ച രണ്ടാമത്തെ ചോദ്യം സംബന്ധിച്ചെന്ത്?
മനുഷ്യന് ഇത്രയധികം കഷ്ടപ്പാട് എന്തുകൊണ്ട്?
മനുഷ്യ കഷ്ടപ്പാടിൽ ഏറിയ പങ്കും ബുദ്ധിശൂന്യരോ, അനുഭവപരിചയമില്ലാത്തവരോ, ദുഷ്ടരോ ആയ ആളുകൾ ചെയ്യുന്ന പ്രവൃത്തികളുടെ ഫലമാണ്. എന്നിരുന്നാലും, ആളുകളെ നേരിട്ട് കുറ്റപ്പെടുത്താനാവാത്ത ദുരന്തങ്ങളുടെ കാര്യമോ? ഉദാഹരണത്തിന്, അപകടങ്ങളും പ്രകൃതി വിപത്തുകളും ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? ചില ശിശുക്കൾക്ക് ജന്മനാ വൈകല്യമുള്ളത് എന്തുകൊണ്ടാണ്? അലൻ കാർഡെക് ഇത്തരം കാര്യങ്ങളെ ദൈവത്തിൽ നിന്നുള്ള ശിക്ഷയായിട്ടാണു വീക്ഷിച്ചത്. അദ്ദേഹം എഴുതി: “ശിക്ഷിക്കപ്പെടുന്നെങ്കിൽ നാം പാപം ചെയ്‌തിട്ടുണ്ടാകണം. ആ പാപം ഈ ജന്മത്തിലേതല്ലെങ്കിൽ പിന്നെ അത് ഒരു മുൻ ജന്മത്തിലേതായിരിക്കണം.” ആത്മവിദ്യാചാരത്തിൽ ഏർപ്പെടുന്നവരെ ഇങ്ങനെ പ്രാർഥിക്കാൻ പഠിപ്പിക്കുന്നു: “കർത്താവേ, അങ്ങ് നീതിയുടെ മൂർത്തിമദ്‌ഭാവമാണ്. അങ്ങ് എനിക്കു തന്നിരിക്കുന്ന ഈ
കഷ്ടം ഞാൻ അർഹിക്കുന്നതായിരിക്കണം . . . എന്റെ മുൻകാല തെറ്റിന്റെ പ്രായശ്ചിത്തമായും വിശ്വാസത്തിന്റെ പരിശോധനയായും അങ്ങയുടെ തിരുഹിതത്തോടുള്ള കീഴ്‌പെടലിന്റെ തെളിവായും ഞാൻ അതിനെ സ്വീകരിക്കുന്നു.”—ആത്മവിദ്യ പ്രകാരമുള്ള സുവിശേഷം.എന്നാൽ യേശു അത്തരമൊരു കാര്യം പഠിപ്പിച്ചോ? ഇല്ല. ‘അവരുടെമേലെല്ലാം കാലവും മുൻകൂട്ടിക്കാണാൻ കഴിയാത്ത സംഭവങ്ങളും വന്നു ഭവിക്കുന്നു’ എന്ന ബൈബിൾ വാക്യം അവനു നന്നായി അറിയാമായിരുന്നു. (സഭാപ്രസംഗി 9:11, NW) ചില സമയങ്ങളിൽ മോശമായ കാര്യങ്ങൾ യാദൃച്ഛികമായി സംഭവിക്കുന്നുവെന്നും അവ പാപങ്ങൾക്കുള്ള ശിക്ഷയായിരിക്കണമെന്നില്ല എന്നും അവന് അറിയാമായിരുന്നു.
യേശു ഭൂമിയിൽ ആയിരുന്നപ്പോൾ നടന്ന ഈ സംഭവം പരിചിന്തിക്കുക: “[യേശു] കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു. അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്‌തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.” യേശുവിന്റെ മറുപടി വളരെ പ്രബോധനാത്മകമായിരുന്നു: “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്‌തിട്ടില്ല. ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ. ഇങ്ങനെ പറഞ്ഞിട്ടു അവൻ നിലത്തു തുപ്പി തുപ്പൽകൊണ്ടു ചേറുണ്ടാക്കി ചേറു അവന്റെ കണ്ണിൻമേൽ പൂശി നീ ചെന്നു ശിലോഹാംകുളത്തിൽ കഴുകുക എന്നു അവനോടു പറഞ്ഞു. . . . അവൻ പോയി കഴുകി, കണ്ണു കാണുന്നവനായി മടങ്ങിവന്നു.”—യോഹന്നാൻ 9:1-3, 6, 7.
ആ വ്യക്തിയോ അയാളുടെ മാതാപിതാക്കളോ ജന്മനാ ഉള്ള അയാളുടെ അന്ധതയ്‌ക്ക് ഉത്തരവാദികളായിരുന്നില്ല എന്ന് യേശുവിന്റെ വാക്കുകൾ പ്രകടമാക്കി. ആ വ്യക്തി മുജ്ജന്മ പാപങ്ങൾക്കുള്ള ശിക്ഷ അനുഭവിക്കുകയായിരുന്നു എന്ന ആശയത്തെ യേശു ഒരു തരത്തിലും പിന്താങ്ങിയില്ല. തീർച്ചയായും, എല്ലാ മനുഷ്യരും ജന്മനാതന്നെ പാപികളാണെന്ന വസ്‌തുത യേശുവിന് അറിയാമായിരുന്നു. എന്നാൽ അവർക്കുള്ളത് ആദാമ്യ പാപമാണ്, അല്ലാതെ ഏതെങ്കിലും മുജ്ജന്മ പാപമല്ല. ആദാം പാപം ചെയ്‌തതു നിമിത്തം എല്ലാ മനുഷ്യരും ശാരീരിക അപൂർണതകളോടെയാണു ജനിക്കുന്നത്. അവർ രോഗത്തിനും മരണത്തിനും അധീനരായിരിക്കുന്നു. (ഇയ്യോബ് 14:4; സങ്കീർത്തനം 51:5; റോമർ 5:12; 9:11) വാസ്‌തവത്തിൽ, യേശു ഭൂമിയിൽ വന്നതിന്റെ ഒരു ഉദ്ദേശ്യം ഈ അവസ്ഥയ്‌ക്ക് പരിഹാരം ചെയ്യുക എന്നതായിരുന്നു. “ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്” എന്ന് യോഹന്നാൻ സ്‌നാപകൻ യേശുവിനെ വിളിച്ചു.—യോഹന്നാൻ 1:29; പി.ഒ.സി. ബൈബിൾ. *
ഒരിക്കൽ യേശുവിന് ആ വ്യക്തിയെ സുഖപ്പെടുത്താൻ കഴിയേണ്ടതിന് അയാൾ അന്ധനായി ജനിക്കാൻ യെശയ്യാവു 33:24.
ദൈവം മനഃപൂർവം ഇടവരുത്തിയെന്ന് യേശു പറഞ്ഞില്ലെന്നതും ശ്രദ്ധിക്കുക. അങ്ങനെ ചെയ്‌തിരുന്നെങ്കിൽ, അത് എത്ര ക്രൂരവും നിർദയവും ആയിരിക്കുമായിരുന്നു! ഏതെങ്കിലും തരത്തിൽ അതു ദൈവത്തിന് മഹത്ത്വം കൈവരുത്തുമായിരുന്നോ? തീർച്ചയായുമില്ല. എന്നാൽ, അന്ധനായ ആ വ്യക്തിയുടെ അത്ഭുതകരമായ സൗഖ്യമാക്കൽ ‘ദൈവപ്രവൃത്തി വെളിവാകാൻ’ ഇടയാക്കി. യേശു ചെയ്‌ത മറ്റെല്ലാ സൗഖ്യമാക്കലുകളും പോലെതന്നെ അതും കഷ്ടമനുഭവിക്കുന്ന മനുഷ്യവർഗത്തോടുള്ള ദൈവത്തിന്റെ ആത്മാർഥ സ്‌നേഹത്തെ പ്രതിഫലിപ്പിച്ചു. കൂടാതെ, തന്റെ നിയമിത സമയത്ത് രോഗത്തിനും കഷ്ടപ്പാടിനും അന്തം വരുത്തുമെന്ന ദിവ്യവാഗ്‌ദാനത്തിന്റെ സത്യതയ്‌ക്കും അത് അടിവരയിട്ടു.—കഷ്ടപ്പാടിന് ഇടവരുത്തുന്നതിനു പകരം നമ്മുടെ സ്വർഗീയ പിതാവ് ‘തന്നോടു യാചിക്കുന്നവർക്കു നന്മ കൊടുക്കുന്നു’ എന്നറിയുന്നത് ആശ്വാസദായകമല്ലേ? (മത്തായി 7:11) കുരുടന്മാരുടെ കണ്ണു തുറന്നുവരികയും ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കാതിരിക്കുകയും മുടന്തന്മാർ ഓടിച്ചാടി നടക്കുകയും ചെയ്യുമ്പോൾ അത് അത്യുന്നതന് എത്ര വലിയ മഹത്ത്വമാണു കൈവരുത്തുക!—യെശയ്യാവു 35:5, 6.
നമ്മുടെ ആത്മീയ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തൽ
“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്ന് യേശു പറഞ്ഞു. (മത്തായി 4:4) അതേ, നാം ദൈവവചനമായ ബൈബിൾ വായിക്കുകയും അതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ആത്മീയാവശ്യങ്ങൾ തൃപ്‌തിപ്പെടുത്തപ്പെടുന്നു. അവ തൃപ്‌തിപ്പെടുത്താൻ ആത്മമധ്യവർത്തികളുമായുള്ള കൂടിക്കാഴ്‌ചകൾക്കു സാധിക്കില്ല. വാസ്‌തവത്തിൽ, അലൻ കാർഡെക് ദൈവനിയമത്തിന്റെ ആദ്യ വെളിപാട് എന്നു വിശേഷിപ്പിച്ച എഴുത്തുകളിൽ അതിനെ ശക്തമായി കുറ്റം വിധിച്ചിരിക്കുന്നു.—ആവർത്തനപുസ്‌തകം 18:10-13.
ആത്മവിദ്യ ആചരിക്കുന്നവർ ഉൾപ്പെടെയുള്ള പലരും ദൈവം പരമോന്നതനും നിത്യനും എല്ലാ വിധത്തിലും തികഞ്ഞവനും അതുപോലെ അപരിമിതമായ ദയ, നന്മ, നീതി എന്നിവയുടെ ഉറവിടവുമാണെന്ന് അംഗീകരിക്കുന്നു. എന്നാൽ ബൈബിൾ അതിലും കൂടുതൽ വെളിപ്പെടുത്തുന്നു. അവന് യഹോവ എന്ന വ്യക്തിപരമായ ഒരു നാമം ഉണ്ടെന്നും യേശു ചെയ്‌തതു പോലെ നാം ആ നാമത്തെ ആദരിക്കേണ്ടതാണെന്നും അതു വെളിപ്പെടുത്തുന്നു. (മത്തായി 6:9; യോഹന്നാൻ 17:6) മനുഷ്യർക്ക് ഒരു അടുത്ത ബന്ധം ആസ്വദിക്കാൻ കഴിയുന്ന ഒരു യഥാർഥ വ്യക്തിയായി അതു ദൈവത്തെ ചിത്രീകരിക്കുന്നു. (റോമർ 8:38, 39) ബൈബിൾ വായിക്കുമ്പോൾ, ദൈവം കാരുണ്യവാനാണെന്നും “അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല” എന്നും നാം മനസ്സിലാക്കുന്നു. (സങ്കീർത്തനം 103:10) തന്റെ ലിഖിത വചനത്തിലൂടെ യഹോവ താൻ സ്‌നേഹവാനും സർവോന്നതനും ന്യായയുക്തനുമാണെന്നു വെളിപ്പെടുത്തുന്നു. അനുസരണമുള്ള മനുഷ്യരെ വഴിനടത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത് അവനാണ്. യഹോവയെയും അവന്റെ പുത്രനെയും ‘അറിയുന്നതു നിത്യജീവൻ ആകുന്നു.’—യോഹന്നാൻ 17:3.
ദൈവോദ്ദേശ്യത്തെ കുറിച്ചു നാം അറിഞ്ഞിരിക്കേണ്ട സകല കാര്യങ്ങളും ബൈബിളിൽ അടങ്ങിയിട്ടുണ്ട്. ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം എന്തു ചെയ്യണമെന്ന് അതു നമ്മോടു പറയുന്നു. ബൈബിളിന്റെ ഒരു സൂക്ഷ്‌മ പരിശോധന നമ്മുടെ ചോദ്യങ്ങൾക്ക് ശരിയായ, തൃപ്‌തികരമായ ഉത്തരങ്ങൾ നൽകുന്നു. കൂടാതെ, ശരിയും തെറ്റും സംബന്ധിച്ച മാർഗനിർദേശവും ഒരു ഉറച്ച ഭാവിപ്രത്യാശയും അതു നമുക്കു വെച്ചുനീട്ടുന്നു. സമീപ ഭാവിയിൽ ദൈവം സകല മനുഷ്യരുടെയും “കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി” എന്ന് അത് നമുക്ക് ഉറപ്പു നൽകുന്നു. (വെളിപ്പാടു 21:4, 5) യേശുക്രിസ്‌തു മുഖാന്തരം യഹോവ ആദാമിൽ നിന്നു കൈമാറിക്കിട്ടിയിരിക്കുന്ന പാപത്തിൽനിന്നും അപൂർണതയിൽനിന്നും മനുഷ്യവർഗത്തെ മോചിപ്പിക്കും. തുടർന്ന് അനുസരണമുള്ള മനുഷ്യർ ഒരു പറുദീസ ഭൂമിയിലെ നിത്യജീവൻ അവകാശമാക്കും. അപ്പോൾ അവരുടെ ശാരീരികവും ആത്മീയവുമായ സകല ആവശ്യങ്ങൾക്കും തൃപ്‌തി വരും.—സങ്കീർത്തനം 37:10, 11, 29; സദൃശവാക്യങ്ങൾ 2:21, 22; മത്തായി 5:5.
[അടിക്കുറിപ്പ്]
^ ഖ. 19 പാപവും മരണവും എങ്ങനെ ഉത്ഭവിച്ചു എന്നതിനെ കുറിച്ചുള്ള വിവരങ്ങൾക്ക്, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 6-ാം അധ്യായം കാണുക.
[22-ാം പേജിലെ ചതുരം]
പുനർജന്മം ഒരു ബൈബിൾ പഠിപ്പിക്കലോ?
ബൈബിളിലെ ഏതെങ്കിലും തിരുവെഴുത്തുകൾ പുനർജന്മ പഠിപ്പിക്കലിനെ പിന്താങ്ങുന്നുണ്ടോ? ഈ പഠിപ്പിക്കലിൽ വിശ്വസിക്കുന്നവർ ഉപയോഗിച്ചിട്ടുള്ള ചില തിരുവെഴുത്തുകൾ പരിചിന്തിക്കുക:
“സകലപ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻവരെ പ്രവചിച്ചു . . . വരുവാനുള്ള ഏലീയാവു അവൻ തന്നേ.”—മത്തായി 11:13, 14.
യോഹന്നാൻ സ്‌നാപകൻ ഏലീയാവിന്റെ പുനർജന്മം ആയിരുന്നോ? ഒരു അവസരത്തിൽ “നീ ഏലീയാവോ” എന്നു ചോദിച്ചപ്പോൾ “അല്ല” എന്ന് യോഹന്നാൻ വ്യക്തമായി ഉത്തരം നൽകി. (യോഹന്നാൻ 1:21) എന്നിരുന്നാലും, മിശിഹായ്‌ക്കു മുമ്പായി “ഏലീയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ” യോഹന്നാൻ വരുമെന്നു മുൻകൂട്ടി പറഞ്ഞിരുന്നു. (ലൂക്കൊസ് 1:17; മലാഖി 4:5, 6) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഏലീയാവിന്റേതിനു സമാനമായ ഒരു വേല നിർവഹിച്ചു എന്ന അർഥത്തിൽ സ്‌നാപക യോഹന്നാൻ ഏലീയാവ് ആയിരുന്നു.
“പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴികയില്ല . . . നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.”—യോഹന്നാൻ 3:3, 7.
അപ്പൊസ്‌തലന്മാരിൽ ഒരാൾ പിന്നീട് ഇങ്ങനെ എഴുതി: ‘നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവം വാഴ്‌ത്തപ്പെട്ടവനാകട്ടെ. അവിടുന്നു തന്റെ കാരുണ്യാതിരേകത്താൽ യേശുക്രിസ്‌തുവിന്റെ മരിച്ചവരിൽനിന്നുള്ള ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കു നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.’ (1 പത്രൊസ് 1:3, 4, പി.ഒ.സി. ബൈ.; യോഹന്നാൻ 1:12, 13) വ്യക്തമായും, യേശു പരാമർശിച്ച വീണ്ടുമുള്ള ജന്മം അവന്റെ അനുഗാമികൾ ജീവിച്ചിരിക്കുമ്പോൾത്തന്നെ ഉണ്ടാകുമായിരുന്ന ഒരു ആത്മീയ അനുഭവമായിരുന്നു, അല്ലാതെ ഭാവിയിൽ നടക്കാനിരുന്ന ഒരു പുനർജന്മം ആയിരുന്നില്ല.
“മനുഷ്യൻ മരിക്കുമ്പോൾ അവൻ എന്നേക്കും ജീവിക്കുന്നു: ഭൂമിയിലെ എന്റെ നാളുകൾ അവസാനിച്ചു കഴിയുമ്പോൾ, തിരിച്ചുവരുമെന്ന് അറിഞ്ഞുകൊണ്ട് ഞാൻ കാത്തിരിക്കും.”—ആത്മവിദ്യ പ്രകാരമുള്ള സുവിശേഷത്തിൽ ഉദ്ധരിച്ചിരിക്കുന്ന ഇയ്യോബ് 14:14-ന്റെ ഒരു “ഗ്രീക്ക് പരിഭാഷ.”
പി.ഒ.സി. ബൈബിളിൽ ഈ വാക്യം ഇങ്ങനെ വായിക്കുന്നു: “മരിച്ച മനുഷ്യൻ വീണ്ടും ജീവിക്കുമോ? എങ്കിൽ എന്റെ സേവനകാലം തീർന്ന് മോചനത്തിന്റെ നാൾ വരുന്നതുവരെ ഞാൻ കാത്തിരിക്കുമായിരുന്നു.” വാക്യത്തിന്റെ സന്ദർഭം വായിച്ചാൽ, മരിച്ചവർ തങ്ങളുടെ “മോചന”ത്തിനായി പാതാളത്തിൽ അഥവാ ശവക്കുഴിയിൽ കാത്തിരിക്കുകയാണെന്നു മനസ്സിലാക്കാനാകും. (13-ാം വാക്യം) കാത്തിരിപ്പിന്റെ കാലഘട്ടത്തിൽ അവർ അസ്‌തിത്വത്തിൽ ഇല്ല. “പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ?”—ഇയ്യോബ് 14:10.
[21-ാം പേജിലെ ചിത്രം]
പുനരുത്ഥാന പ്രത്യാശ, വ്യക്തികളെന്ന നിലയിൽ നമ്മിൽ ഓരോരുത്തരിലുമുള്ള ദൈവത്തിന്റെ ആഴമായ താത്‌പര്യത്തെ വെളിപ്പെടുത്തുന്നു
[23-ാം പേജിലെ ചിത്രങ്ങൾ]
മനുഷ്യന്റെ സകല കഷ്ടപ്പാടിനും ദൈവം അറുതി വരുത്തും