നിങ്ങൾ “സമയം തക്കത്തിൽ ഉപയോഗി” ക്കുന്നുവോ?
നിങ്ങൾ “സമയം തക്കത്തിൽ ഉപയോഗി” ക്കുന്നുവോ?
ഒന്നാം നൂറ്റാണ്ടിലെ എഫെസ്യ ക്രിസ്ത്യാനികളെ അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ. ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ.” (എഫെസ്യർ 5:15, 16) ഈ ബുദ്ധിയുപദേശം അത്യാവശ്യമായിരുന്നത് എന്തുകൊണ്ടാണ്? അതിന് ഉത്തരം ലഭിക്കുന്നതിന് ആ പുരാതന പട്ടണത്തിലെ ക്രിസ്ത്യാനികൾ അഭിമുഖീകരിച്ചിരുന്ന സാഹചര്യങ്ങൾ നാം അറിയേണ്ടതുണ്ട്.
എഫെസൊസ് നഗരം സമ്പദ്സമൃദ്ധിക്കും കടുത്ത അധാർമികതയ്ക്കും വ്യാപകമായ കുറ്റകൃത്യത്തിനും പലവിധ ഭൂതാരാധനയ്ക്കും പ്രസിദ്ധമായിരുന്നു. കൂടാതെ, സമയം സംബന്ധിച്ച തത്ത്വശാസ്ത്രപരമായ വിശ്വാസങ്ങളുമായും അവിടത്തെ ക്രിസ്ത്യാനികൾക്ക് പോരാടേണ്ടതുണ്ടായിരുന്നു. സമയം ഒരേ ദിശയിൽ മാത്രമാണു സഞ്ചരിക്കുന്നത് എന്ന് എഫെസൊസിലെ ക്രിസ്ത്യാനികൾ അല്ലാത്ത ഗ്രീക്കുകാർ വിശ്വസിച്ചിരുന്നില്ല. അനന്തമായ പരിവൃത്തിക്കുള്ളിൽ ജീവിതം ആവർത്തിക്കപ്പെടുകയാണെന്ന് ഗ്രീക്ക് തത്ത്വശാസ്ത്രം അവരെ പഠിപ്പിച്ചിരുന്നു. ഒരു പരിവൃത്തിക്കുള്ളിൽ തന്റെ ജീവിതത്തിലെ സമയം പാഴാക്കിയ ഒരാൾക്ക് മറ്റൊരു പരിവൃത്തിയിൽ അതു നേടാം എന്നായിരുന്നു അവർ വിശ്വസിച്ചിരുന്നത്. ദിവ്യ ന്യായവിധി നിർവഹിക്കാനുള്ള യഹോവയുടെ സമയപ്പട്ടിക ഉൾപ്പെടെ, സംഭവങ്ങൾ സംബന്ധിച്ചുള്ള അവന്റെ സമയപ്പട്ടികയോട് ഒരു തണുപ്പൻ മനോഭാവം പ്രകടമാക്കാൻ ഇത്തരം ചിന്ത എഫെസൊസിലെ ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചിരിക്കാം. അതിനാൽ, ‘സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾക’ എന്ന പൗലൊസിന്റെ ബുദ്ധിയുപദേശം കാലോചിതമായിരുന്നു.
പൗലൊസ് സമയത്തെ കുറിച്ച് പൊതുവായ ഒരർഥത്തിൽ സംസാരിക്കുകയായിരുന്നില്ല. ഒരു പ്രത്യേക ഉദ്ദേശ്യത്തിനായുള്ള നിയമിത സമയത്തെ അല്ലെങ്കിൽ കാലോചിത സമയത്തെ ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക് പദം സൂചിപ്പിക്കുന്നത്. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ അന്ന് ആസ്വദിച്ചുകൊണ്ടിരുന്ന അവസരോചിത കാലം അല്ലെങ്കിൽ അനുകൂലകാലം അവസാനിക്കുകയും ദിവ്യകരുണയും രക്ഷാവാഗ്ദാനവും പിൻവലിക്കപ്പെടുകയും ചെയ്യുന്നതിനു മുമ്പുള്ള സമയം ബുദ്ധിപൂർവം ഉപയോഗിക്കാൻ പൗലൊസ് അവരെ ബുദ്ധിയുപദേശിക്കുകയായിരുന്നു.—റോമർ 13:11-13; 1 തെസ്സലൊനീക്യർ 5:6-11.
സമാനമായ ഒരു കാലഘട്ടത്തിലാണ് നാമും ജീവിക്കുന്നത്. ലോകം വെച്ചുനീട്ടുന്ന താത്കാലിക ഉല്ലാസങ്ങൾ തേടിക്കൊണ്ട് ഒരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ഈ അനുകൂലസമയം, പാഴാക്കുന്നതിനു പകരം ക്രിസ്ത്യാനികൾ ‘ദൈവികഭക്തിയുടേതായ പ്രവൃത്തികൾ’ ചെയ്തുകൊണ്ട് തങ്ങളുടെ സ്രഷ്ടാവായ യഹോവയാം ദൈവവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ലഭ്യമായ സമയം ഉപയോഗിക്കുന്നത് ജ്ഞാനമായിരിക്കും.—2 പത്രൊസ് 3:11, NW; സങ്കീർത്തനം 73:28; ഫിലിപ്പിയർ 1:10.