കഷ്ടപ്പാടിന് ദൈവം അനുവദിച്ചിരിക്കുന്ന സമയം—തീരാറായിരിക്കുന്നു
കഷ്ടപ്പാടിന് ദൈവം അനുവദിച്ചിരിക്കുന്ന സമയം—തീരാറായിരിക്കുന്നു
എവിടെ നോക്കിയാലും കഷ്ടപ്പാടുകൾ. ചിലർ അതു സ്വയം വരുത്തിവെക്കുന്നതാണ്. അവർ ലൈംഗികമായി പകരുന്ന രോഗങ്ങൾക്കോ മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ പുകവലിയുടെയോ അനന്തരഫലങ്ങൾക്കോ ഇരകളാകുന്നു, അല്ലെങ്കിൽ, മോശമായ ആഹാരശീലങ്ങൾ നിമിത്തം അവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ ബഹുഭൂരിപക്ഷം പ്രശ്നങ്ങളും ഉണ്ടാകുന്നത് ഒരു സാധാരണ മനുഷ്യന്റെ പിടിയിൽ ഒതുങ്ങാത്ത ഘടകങ്ങളോ സംഭവങ്ങളോ നിമിത്തമാണ്. യുദ്ധം, വംശീയ അക്രമം, കുറ്റകൃത്യം, ദാരിദ്ര്യം, ക്ഷാമം, രോഗം തുടങ്ങിയവയാണ് അവ. ഇനി, ഒരു മനുഷ്യനും അടിസ്ഥാനപരമായി നിയന്ത്രിക്കാൻ കഴിയാത്ത മറ്റു ചില കഷ്ടപ്പാടുകളുമുണ്ട്—വാർധക്യത്തോടും മരണത്തോടും ബന്ധപ്പെട്ടവ.
“ദൈവം സ്നേഹം തന്നെ” എന്ന് ബൈബിൾ നമുക്ക് ഉറപ്പു നൽകുന്നു. (1 യോഹന്നാൻ 4:8) എങ്കിൽ, എന്തുകൊണ്ടാണ് സ്നേഹവാനായ ഒരു ദൈവം അനേക നൂറ്റാണ്ടുകളായി കഷ്ടപ്പാടുകൾ തുടരാൻ അനുവദിച്ചിരിക്കുന്നത്? അവൻ ഈ അവസ്ഥയ്ക്ക് എപ്പോൾ ഒരു പരിഹാരം വരുത്തും? ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണമെങ്കിൽ മനുഷ്യനെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്താണെന്നു നാം പരിചിന്തിക്കേണ്ടതുണ്ട്. ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിന്റെ കാരണം എന്താണെന്നും അതു സംബന്ധിച്ച് അവൻ എന്തു ചെയ്യുമെന്നും മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കും.
സ്വതന്ത്ര ഇച്ഛാശക്തി എന്ന ദാനം
ദൈവം ആദ്യമനുഷ്യനെ സൃഷ്ടിച്ചപ്പോൾ ഒരു ശരീരവും തലച്ചോറും ഉണ്ടാക്കുന്നതിലുമധികം ചെയ്തു. ന്യായബോധമില്ലാത്ത യന്ത്രമനുഷ്യരെ പോലെയല്ല ദൈവം ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ചത്. അവൻ അവർക്കു സ്വതന്ത്ര ഇച്ഛാശക്തി നൽകി. “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ട”തിനാൽ സ്വതന്ത്ര ഇച്ഛാശക്തി ഒരു മികച്ച ദാനമായിരുന്നു. (ഉല്പത്തി 1:31) അതേ, “അവന്റെ പ്രവൃത്തി അത്യുത്തമ”മാണ്. (ആവർത്തനപുസ്തകം 32:4) സ്വതന്ത്ര ഇച്ഛാശക്തി ഉണ്ടായിരിക്കുന്നത് നാമെല്ലാം വിലമതിക്കുന്നു. കാരണം യാതൊന്നും സ്വയം ചെയ്യാൻ സ്വാതന്ത്ര്യമില്ലാത്തവണ്ണം നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും മറ്റുള്ളവർ നിയന്ത്രിക്കാൻ നാം ആഗ്രഹിക്കുന്നില്ല.
എന്നിരുന്നാലും, ഇച്ഛാസ്വാതന്ത്ര്യം എന്ന ഈ ദാനം യാതൊരു പരിധിയുമില്ലാതെ ഉപയോഗിക്കാമായിരുന്നോ? ദൈവവചനത്തിൽ, ആദിമ ക്രിസ്ത്യാനികൾക്ക് നൽകപ്പെട്ട നിർദേശങ്ങളിൽനിന്ന് അതിനുള്ള ഉത്തരം ലഭിക്കുന്നു: “സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതെക്കു മറയാക്കാതെ ദൈവത്തിന്റെ ദാസന്മാരായും നടപ്പിൻ.” (1 പത്രൊസ് 2:16) പരിധികൾ ഉണ്ടായിരിക്കുന്നത് പൊതുനന്മയ്ക്ക് ആവശ്യമാണ്. അതുകൊണ്ട് സ്വതന്ത്ര ഇച്ഛാശക്തിയെ നിയമവാഴ്ചകൊണ്ട് നിയന്ത്രിക്കേണ്ടിയിരുന്നു. അല്ലാത്തപക്ഷം, അരാജകത്വം ആയിരിക്കുമായിരുന്നു ഫലം.
ആരുടെ നിയമം?
ആരുടെ നിയമ പ്രകാരമാണ് സ്വാതന്ത്ര്യത്തിന്റെ ഉചിതമായ അതിർവരമ്പുകൾ നിശ്ചയിക്കേണ്ടിയിരുന്നത്? ആ ചോദ്യത്തിന്റെ ഉത്തരം ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിന്റെ അടിസ്ഥാന കാരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. തങ്ങളുടെയും മറ്റുള്ളവരുടെയും നന്മയ്ക്കായി മനുഷ്യർ ഏതെല്ലാം നിയമങ്ങൾ അനുസരിക്കണം എന്ന് ഏറ്റവും നന്നായി അറിയാവുന്നത് അവരുടെ സ്രഷ്ടാവായ ദൈവത്തിനു തന്നെയാണ്. അതേക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.”—യെശയ്യാവു 48:17.
അപ്പോൾ വ്യക്തമായും സാരാംശം ഇതാണ്: ദൈവത്തിൽനിന്ന് സ്വതന്ത്രരായിരിക്കാനല്ല മനുഷ്യർ സൃഷ്ടിക്കപ്പെട്ടത്. മറിച്ച് അവരുടെ വിജയവും സന്തോഷവും ദൈവത്തിന്റെ നീതിയുള്ള നിയമങ്ങൾ അനുസരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്ന വിധത്തിലാണ് അവൻ അവരെ സൃഷ്ടിച്ചത്. ദൈവത്തിന്റെ പ്രവാചകനായ യിരെമ്യാവ് എഴുതി: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.”—യിരെമ്യാവു 10:23.
ദൈവം മനുഷ്യവർഗത്തെ തന്റെ ഭൗതിക നിയമങ്ങളുടെ അധീനതയിലാക്കി. അതിനൊരു ഉദാഹരണമാണ് ഗുരുത്വാകർഷണ നിയമം. അതുപോലെതന്നെ അവൻ അവരെ തന്റെ ധാർമിക നിയമങ്ങളുടെയും കീഴിലാക്കി. മനുഷ്യർ ഐക്യമുള്ള ഒരു സമൂഹമായി വർത്തിക്കുന്നതിനായിരുന്നു ഈ നിയമങ്ങൾ. അതിനാൽ നല്ല കാരണത്തോടെതന്നെ ദൈവവചനം ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നു: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു.”—സദൃശവാക്യങ്ങൾ 3:5.
അതുകൊണ്ട്, ദൈവഭരണം കൂടാതെ കാര്യങ്ങൾ വിജയകരമായി കൊണ്ടുപോകാൻ മനുഷ്യർക്ക് ഒരിക്കലും സാധിക്കില്ല. ദൈവത്തിൽനിന്ന് സ്വതന്ത്രരായി നിൽക്കാൻ ശ്രമിക്കുന്നതിനാൽ ആളുകൾ പരസ്പരവിരുദ്ധങ്ങളായ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ വ്യവസ്ഥകൾക്കു രൂപം കൊടുക്കുന്നു. അതിന്റെ ഫലമോ, ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിനായി അധികാരം നടത്തുന്നു.’—സഭാപ്രസംഗി 8:9.
എവിടെയാണ് കുഴപ്പം?
നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിനും ഹവ്വായ്ക്കും ദൈവം പൂർണതയുള്ള ഒരു തുടക്കമാണ് നൽകിയത്. അവർക്കു പൂർണതയുള്ള ശരീരവും മനസ്സും ഭവനമായി പറുദീസാ ഉദ്യാനവും ലഭിച്ചു. ദൈവഭരണത്തിനു കീഴ്പെട്ടിരുന്നെങ്കിൽ, അവർക്കു പൂർണരും സന്തുഷ്ടരുമായി തുടരാമായിരുന്നു. കാലക്രമത്തിൽ, പറുദീസാ ഭൂമിയിൽ ജീവിക്കുന്ന, പൂർണരും സന്തുഷ്ടരുമായ സകലരുടെയും മാതാപിതാക്കൾ ആയിത്തീരുമായിരുന്നു ഉല്പത്തി 1:27-29; 2:15.
അവർ. അതായിരുന്നു മനുഷ്യവർഗത്തെ സംബന്ധിച്ച ദൈവോദ്ദേശ്യവും.—എങ്കിലും, നമ്മുടെ ആദ്യ മാതാപിതാക്കൾ തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തി ദുരുപയോഗം ചെയ്തു. ദൈവത്തെ കൂടാതെതന്നെ തങ്ങൾക്കു വിജയിക്കാൻ കഴിയുമെന്ന് അവർ തെറ്റായി വിചാരിച്ചു. തങ്ങളുടെ സ്വതന്ത്ര ഇച്ഛാശക്തി ഉപയോഗിച്ചുതന്നെ അവർ ദൈവനിയമങ്ങളുടെ അതിർവരമ്പുകൾ ലംഘിച്ചു. (ഉല്പത്തി 3-ാം അധ്യായം) തന്റെ പരമാധികാരം തള്ളിക്കളഞ്ഞതിനാൽ, അവരെ പൂർണതയുള്ളവരായി നിലനിറുത്താൻ ദൈവത്തിന് യാതൊരു ബാധ്യതയും ഇല്ലായിരുന്നു. ‘അവർ വിനാശകരമായി പ്രവർത്തിച്ചിരിക്കുന്നു, അവർ അവന്റെ മക്കളായി നിലകൊണ്ടില്ല, ന്യൂനത അവരുടേതായിരുന്നു.’—ആവർത്തനപുസ്തകം 32:5, NW.
ദൈവത്തോട് അനുസരണക്കേട് കാണിച്ചതു മുതൽ ആദാമിന്റെയും ഹവ്വായുടെയും മനസ്സും ശരീരവും ക്ഷയിക്കാൻ തുടങ്ങി. യഹോവയാണ് ജീവന്റെ ഉറവ്. (സങ്കീർത്തനം 36:9) യഹോവയിൽനിന്ന് അകന്നുമാറിയതിനാൽ ആദ്യ മനുഷ്യ ദമ്പതികൾ അപൂർണരായിത്തീരുകയും ഒടുവിൽ മരിക്കുകയും ചെയ്തു. (ഉല്പത്തി 3:19) ജനിതക നിയമമനുസരിച്ച്, മാതാപിതാക്കൾക്ക് ഉള്ളതേ അവരുടെ സന്തതികൾക്കു ലഭിക്കുമായിരുന്നുള്ളൂ. എന്തായിരുന്നു അത്? അപൂർണതയും മരണവും. അക്കാരണത്താൽ അപ്പൊസ്തലനായ പൗലൊസ് എഴുതി: “അതുകൊണ്ടു ഏകമനുഷ്യനാൽ [ആദാം] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.”—റോമർ 5:12.
മുഖ്യ വിവാദവിഷയം—പരമാധികാരം
ദൈവത്തിനെതിരെ മത്സരിച്ചപ്പോൾ ആദാമും ഹവ്വായും അവന്റെ പരമാധികാരത്തെ, അതായത് ഭരിക്കാനുള്ള അവന്റെ അവകാശത്തെ, വെല്ലുവിളിച്ചു. യഹോവയ്ക്ക് അവരെ നശിപ്പിച്ചിട്ട് മറ്റൊരു ദമ്പതികളെ ഉപയോഗിച്ചുകൊണ്ട് പുതിയൊരു തുടക്കം കുറിക്കാമായിരുന്നു. എന്നാൽ, ആരുടെ ഭരണാധിപത്യമാണ് ശരിയായിട്ടുള്ളതും മനുഷ്യർക്ക് ഏറ്റവും പ്രയോജനം ചെയ്യുന്നതും എന്ന വിവാദവിഷയത്തിന് അതു പരിഹാരം ആയിരിക്കുമായിരുന്നില്ല. സ്വന്തം ആശയങ്ങൾ അനുസരിച്ച് സമൂഹങ്ങളെ വാർത്തെടുക്കാനുള്ള സമയം ദൈവം മനുഷ്യർക്ക് അനുവദിച്ചുകൊടുത്തു. അങ്ങനെ, ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യഭരണത്തിന് എന്നെങ്കിലും വിജയിക്കാനാകുമോ എന്ന് സംശയാതീതമായി തെളിയിക്കപ്പെടുമായിരുന്നു.
ആയിരക്കണക്കിന് വർഷത്തെ മാനുഷ ഭരണം എന്തു തെളിയിച്ചിരിക്കുന്നു? ഈ നൂറ്റാണ്ടുകളിൽ ഉടനീളം മനുഷ്യർ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും മതപരവുമായ വിവിധ വ്യവസ്ഥകൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. എന്നിട്ടും ദുഷ്ടതയ്ക്കും കഷ്ടപ്പാടിനും യാതൊരു അറുതിയും ഉണ്ടായിട്ടില്ല. വാസ്തവത്തിൽ, പ്രത്യേകിച്ചും നമ്മുടെ ഇക്കാലത്ത് ‘ദുഷ്ടമനുഷ്യർ മേൽക്കുമേൽ ദോഷത്തിൽ മുതിർന്നുവന്നിരിക്കുന്നു.’—2 തിമൊഥെയൊസ് 3:13.
ശാസ്ത്രീയവും വ്യാവസായികവുമായ വൻ നേട്ടങ്ങൾക്ക് 20-ാം നൂറ്റാണ്ട് സാക്ഷ്യം വഹിക്കുകയുണ്ടായി. എന്നാൽ മനുഷ്യ ചരിത്രത്തിലെ അതിശോചനീയമായ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുള്ളതും ഈ കാലഘട്ടത്തിൽ തന്നെയാണ്. വൈദ്യശാസ്ത്ര രംഗത്ത് എത്ര വലിയ പുരോഗതി ഉണ്ടായാലും ദൈവനിയമം ഇപ്പോഴും സത്യമായി നിലകൊള്ളുന്നു: ജീവന്റെ ഉറവായ ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യർ രോഗികളായിത്തീരുന്നു, വാർധക്യം പ്രാപിക്കുന്നു, മരിക്കുന്നു. ‘മനുഷ്യന് തന്റെ കാലടികളെ നേരെയാക്കാൻ സാധ്യമല്ല’ എന്നത് എത്ര വ്യക്തമായി തെളിഞ്ഞിരിക്കുന്നു!
ദൈവത്തിന്റെ പരമാധികാരം ഉറപ്പാക്കപ്പെടുന്നു
ദൈവത്തെ കൂടാതെയുള്ള മനുഷ്യരുടെ ഭരണത്തിന് ഒരിക്കലും വിജയിക്കാനാവില്ലെന്ന് ദൈവത്തിൽനിന്ന് അന്യപ്പെട്ടതിന്റെ ദാരുണമായ അനന്തരഫലങ്ങൾ ആത്യന്തികമായി തെളിയിച്ചിരിക്കുന്നു. മനുഷ്യവർഗത്തിന് സന്തോഷവും ഐക്യവും ആരോഗ്യവും ജീവനും നൽകാൻ ദൈവഭരണത്തിന് മാത്രമേ കഴിയൂ. കൂടാതെ, യഹോവയാം ദൈവത്തിന്റെ തെറ്റുപറ്റാത്ത വചനമായ ബൈബിൾ, നാം ജീവിക്കുന്നത് ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യഭരണത്തിന്റെ ‘അന്ത്യകാലത്ത്’ ആണെന്ന് പ്രകടമാക്കുന്നു. (2 തിമൊഥെയൊസ് 3:1-5) മനുഷ്യഭരണത്തിനും ദുഷ്ടതയ്ക്കും കഷ്ടപ്പാടിനും യഹോവ അനുവദിച്ചിരിക്കുന്ന സമയം തീരാറായിരിക്കുകയാണ്.
മനുഷ്യ കാര്യാദികളിൽ ദൈവം പെട്ടെന്നുതന്നെ ഇടപെടും. തിരുവെഴുത്തുകൾ നമ്മോട് പറയുന്നു: “ഈ രാജാക്കന്മാരുടെ [ഇപ്പോഴത്തെ മാനുഷ ഭരണാധിപത്യങ്ങളുടെ] കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല [ഭൂമിയെ പിന്നീടൊരിക്കലും മനുഷ്യൻ ഭരിക്കില്ല]; അതു ഈ രാജത്വങ്ങളെ [ഇപ്പോഴത്തെ ഭരണാധിപത്യങ്ങളെ] ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
സ്വർഗീയ രാജ്യം മുഖേനയുള്ള യഹോവയാം ദൈവത്തിന്റെ പരമാധികാര സംസ്ഥാപനമാണ് ബൈബിളിന്റെ മുഖ്യ വിഷയം. ഇത് യേശു തന്റെ പ്രമുഖ പഠിപ്പിക്കൽ വിഷയമാക്കി. അവൻ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; മത്തായി 24:14.
അപ്പോൾ അവസാനം വരും.”—മനുഷ്യരുടെ ഭരണത്തെ നീക്കി ദൈവം തന്റെ ഭരണാധിപത്യം സ്ഥാപിക്കുമ്പോൾ ആരായിരിക്കും അതിജീവിക്കുക, ആരായിരിക്കും നശിപ്പിക്കപ്പെടുക? സദൃശവാക്യങ്ങൾ 2:21, 22-ൽ നമുക്ക് ഈ ഉറപ്പ് നൽകപ്പെട്ടിരിക്കുന്നു: “നേരുള്ളവർ [ദൈവഭരണത്തെ ഉയർത്തിപ്പിടിക്കുന്നവർ] ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ [ദൈവഭരണത്തെ ഉയർത്തിപ്പിടിക്കാത്തവർ] ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.” ദിവ്യനിശ്വസ്തതയിൽ സങ്കീർത്തനക്കാരനായ ദാവീദ് പാടി: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല. . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:10, 11, 29.
അത്ഭുതകരമായ ഒരു പുതിയ ലോകം
ദൈവരാജ്യ ഭരണത്തിൻകീഴിൽ, ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിക്കുന്നവർ ദുഷ്ടതയിൽനിന്നും കഷ്ടപ്പാടുകളിൽനിന്നും മുക്തമായ ഒരു പുതിയ ഭൂമിയിലേക്ക് ആനയിക്കപ്പെടും. മനുഷ്യവർഗത്തിന് ദൈവത്തിൽ നിന്നുള്ള നിർദേശങ്ങൾ ലഭിക്കുകയും “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമാ”കുകയും ചെയ്യും. (യെശയ്യാവു 11:9) കെട്ടുപണി ചെയ്യുന്നതും ക്രിയാത്മകവുമായ ഈ പ്രബോധനം, യഥാർഥത്തിൽ സമാധാനവും ഐക്യവുമുള്ള മനുഷ്യ സമുദായം രൂപം കൊള്ളുന്നതിനു സഹായിക്കും. അവിടെ മേലാൽ യുദ്ധമോ കൊലപാതകമോ അക്രമമോ മാനഭംഗമോ മോഷണമോ മറ്റു കുറ്റകൃത്യങ്ങളോ ഉണ്ടായിരിക്കുകയില്ല.
ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കുന്ന അനുസരണമുള്ള മനുഷ്യരിലേക്ക് അത്ഭുതകരമായ ശാരീരിക അനുഗ്രഹങ്ങൾ പ്രവഹിക്കും. മനുഷ്യർ ദൈവഭരണത്തിനെതിരെ മത്സരിച്ചതിന്റെ ഭവിഷ്യത്തുകളെല്ലാം നീക്കം ചെയ്യപ്പെട്ടിരിക്കും. അപൂർണത, രോഗം, വാർധക്യം, മരണം എന്നിവയെല്ലാം കഴിഞ്ഞകാല സംഗതികൾ ആയിത്തീരും. ബൈബിൾ നമുക്ക് ഈ ഉറപ്പ് നൽകുന്നു: “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” തിരുവെഴുത്തുകൾ കൂടുതലായി ഇങ്ങനെ വാഗ്ദാനം ചെയ്യുന്നു: “അന്നു കുരുടന്മാരുടെ കണ്ണു തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (യെശയ്യാവു 33:24, 35:5, 6) നിത്യതയിൽ ഉടനീളം എല്ലാ ദിവസവും നല്ല ആരോഗ്യം ആസ്വദിക്കാനാകുന്നത് എത്ര സന്തോഷകരമായിരിക്കും!
ദൈവത്തിന്റെ സ്നേഹപുരസ്സരമായ മാർഗനിർദേശത്തിൻ കീഴിൽ, ആ പുതിയ ലോകത്തിൽ ജീവിക്കുന്നവർ ഭൂമിയെ ഒരു പറുദീസയാക്കി മാറ്റാൻ തങ്ങളുടെ ഊർജവും കഴിവുകളും ഉപയോഗിക്കും. പട്ടിണിയും വിശപ്പും ഭവനരാഹിത്യവും മേലാൽ ഉണ്ടായിരിക്കില്ല. എന്തെന്നാൽ, യെശയ്യാവിന്റെ പ്രവചനം പ്രസ്താവിക്കുന്നു: “അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും. അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറെറാരുത്തൻ തിന്നുക എന്നും വരികയില്ല.” (യെശയ്യാവു 65:21, 22) യഥാർഥത്തിൽ, “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”—മീഖാ 4:4.
ദൈവത്തിന്റെയും അനുസരണമുള്ള മനുഷ്യവർഗത്തിന്റെയും സ്നേഹപുരസ്സരമായ പരിചരണത്തിന്റെ ഫലം ഭൂമി പുറപ്പെടുവിക്കും. അതിന് പിൻവരുന്ന തിരുവെഴുത്തുപരമായ ഉറപ്പു നമുക്കുണ്ട്: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ യെശയ്യാവു 35:1, 6) “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴെക്കും.”—സങ്കീർത്തനം 72:16.
പൂക്കും. . . മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.” (മൺമറഞ്ഞ ശതകോടികളുടെ കാര്യമോ? തന്റെ ഓർമയിലുള്ളവരെ ദൈവം ജീവനിലേക്കു കൊണ്ടുവരും. എന്തെന്നാൽ, “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15) അതേ, മരിച്ചുപോയവർ ജീവിപ്പിക്കപ്പെടും. ദൈവത്തിന്റെ പരമാധികാരം സംബന്ധിച്ച അത്ഭുതകരമായ സത്യം അവരെ പഠിപ്പിക്കും. തുടർന്ന് പറുദീസയിൽ എന്നെന്നേക്കും ജീവിക്കാനുള്ള അവസരം അവർക്കു ലഭിക്കും.—യോഹന്നാൻ 5:28, 29.
ഈ വിധത്തിൽ, ആയിരക്കണക്കിന് വർഷങ്ങളായി മനുഷ്യവർഗത്തെ ഗ്രസിച്ചിരിക്കുന്ന കഷ്ടപ്പാടും രോഗവും മരണവും ഉൾപ്പെട്ട ഭയജനകമായ അവസ്ഥയിൽനിന്ന് ദൈവം അവരെ മോചിപ്പിക്കും. മേലാൽ രോഗമില്ല! മേലാൽ വൈകല്യങ്ങൾ ഇല്ല! മേലാൽ മരണമില്ല! “അവൻ [ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3-5.
ദൈവം കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുന്നത് അങ്ങനെയായിരിക്കും. അവൻ ഈ ദുഷിച്ച ലോകത്തെ നശിപ്പിക്കുകയും “നീതി വസിക്കുന്ന” തികച്ചും പുതുതായ ഒരു വ്യവസ്ഥിതി ആനയിക്കുകയും ചെയ്യും. (2 പത്രൊസ് 3:13) അത് എത്ര നല്ല വാർത്തയാണ്! നമുക്ക് ആ പുതിയ ലോകത്തിന്റെ അടിയന്തിര ആവശ്യമുണ്ട്. അത് കാണാൻ നാം ഇനി വളരെക്കാലം കാത്തിരിക്കേണ്ടതില്ല. കാരണം, ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തിയിൽനിന്ന്, പുതിയ ലോകം സമീപിച്ചിരിക്കുന്നുവെന്നും ദൈവം കഷ്ടപ്പാടിന് അനുവദിച്ചിരിക്കുന്ന സമയം തീരാറായിരിക്കുന്നുവെന്നും നമുക്കറിയാം.—മത്തായി 24:3-14.
[8-ാം പേജിലെ ചതുരം]
മനുഷ്യ ഭരണത്തിന്റെ പരാജയം
മനുഷ്യ ഭരണത്തെ കുറിച്ച് മുൻ ജർമൻ ചാൻസലർ ഹെൽമൂട്ട് ഷ്മിറ്റ് ഇങ്ങനെ പ്രസ്താവിച്ചു: “മനുഷ്യരായ നാം . . . ലോകത്തെ ഭാഗികമായി മാത്രമേ ഭരിച്ചിട്ടുള്ളൂ, അതിൽ അധികവും വളരെ മോശമായ രീതിയിലാണുതാനും. . . . സമ്പൂർണ സമാധാനത്തോടെ ഒരിക്കലും നാം അതിനെ ഭരിച്ചിട്ടില്ല.” മാനവ വികസന റിപ്പോർട്ട് 1999 (ഇംഗ്ലീഷ്) ഇങ്ങനെ പറഞ്ഞു: “സാമൂഹിക പ്രശ്നങ്ങൾ, കുറ്റകൃത്യങ്ങളുടെ പെരുപ്പം, ഭവനത്തിലെ അക്രമത്തിന്റെ വർധനവ് എന്നിവ നിമിത്തം തങ്ങളുടെ സാമൂഹിക ചട്ടക്കൂട് ശിഥിലമാകുന്നതായി എല്ലാ രാജ്യങ്ങളും റിപ്പോർട്ടു ചെയ്യുന്നു. . . . രാഷ്ട്രങ്ങൾക്കു പരിഹരിക്കാൻ കഴിയുന്നതിന് അതീതമായും അന്താരാഷ്ട്ര പ്രതികരണത്തെ കടത്തിവെട്ടുന്ന വേഗത്തിലും ആഗോള ഭീഷണികൾ അത്യധികം വർധിച്ചുവരുകയാണ്.”
[8-ാം പേജിലെ ചിത്രങ്ങൾ]
“സമാധാന സമൃദ്ധിയിൽ അവർ ആനന്ദിക്കും.” —സങ്കീർത്തനം 37:11
[5-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിൽനിന്ന് മൂന്നാമത്തേത്, അമ്മയും കുഞ്ഞും: FAO photo/B. Imevbore; താഴെ, സ്ഫോടനം: U.S. National Archives photo