നിങ്ങളുടെ വിശ്വാസത്തെ തകർക്കാൻ സംശയത്തെ അനുവദിക്കരുത്
നിങ്ങളുടെ വിശ്വാസത്തെ തകർക്കാൻ സംശയത്തെ അനുവദിക്കരുത്
ഒരു ദിവസം നിങ്ങൾക്കു നല്ല ആരോഗ്യം ഉള്ളതു പോലെ തോന്നുന്നു. പക്ഷേ, പിറ്റേന്ന് കഥയാകെ മാറുന്നു. ശരീരത്തിൽനിന്ന് ശക്തിയും ഊർജസ്വലതയുമെല്ലാം ചോർന്നുപോയ ഒരവസ്ഥ. അടി മുതൽ മുടി വരെ കാർന്നുതിന്നുന്ന വേദന. എന്താണു സംഭവിച്ചത്? അപകടകാരികളായ രോഗാണുക്കൾ ശരീരത്തിൽ കടന്ന് രോഗപ്രതിരോധ വ്യവസ്ഥയെ ദുർബലമാക്കിയിരിക്കുകയാണ്. അവ പ്രധാന ശരീരാവയവങ്ങളെ ആക്രമിച്ചിരിക്കുന്നു. വൈദ്യചികിത്സ സ്വീകരിച്ചില്ലെങ്കിൽ ആക്രമണകാരികളായ ഈ അതിസൂക്ഷ്മ ജീവികൾ നിങ്ങളുടെ ആരോഗ്യത്തെ ശാശ്വതമായി നശിപ്പിച്ചേക്കാം, അവ നിങ്ങളുടെ ജീവനെത്തന്നെ അപകടപ്പെടുത്തിയെന്നുംവരാം.
നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമാണെങ്കിൽ ശരീരത്തിനകത്തു കടന്നുകൂടിയിരിക്കുന്ന രോഗാണുക്കൾ നിങ്ങളെ എളുപ്പത്തിൽ കീഴ്പെടുത്തും. ഉദാഹരണത്തിന്, വികലപോഷണത്താൽ ദുർബലമാകുമ്പോൾ ശരീരത്തിന്റെ “പ്രതിരോധ ശേഷി തീരെ കുറഞ്ഞു പോകുന്നു. അപ്പോൾ വളരെ ചെറിയ അണുബാധ പോലും മരണത്തിനു കാരണമായേക്കാം” എന്ന് വൈദ്യശാസ്ത്ര ലേഖകനായ പീറ്റർ വിൻഗേറ്റ് പറയുന്നു.
വസ്തുതകൾ ഇങ്ങനെയായിരിക്കെ, ആരെങ്കിലും മനഃപൂർവം പട്ടിണി കിടക്കാൻ ഒരുമ്പെടുമോ? സാധ്യതയനുസരിച്ച്, നല്ലവണ്ണം ഭക്ഷണം കഴിച്ച് ആരോഗ്യം നിലനിറുത്താൻ നിങ്ങൾ പരമാവധി ശ്രമിക്കും. അതുപോലെ, വൈറസോ ബാക്ടീരിയയോ പോലുള്ള രോഗാണുക്കൾ ശരീരത്തിൽ കടന്നുകൂടാതിരിക്കാൻ നിങ്ങൾ ആവതെല്ലാം ചെയ്യും. എന്നാൽ, ‘വിശ്വാസത്തിൽ ആരോഗ്യമുള്ളവരായി’ തുടരുന്ന കാര്യത്തിലും നിങ്ങൾ അതേ ശ്രദ്ധ കാണിക്കുന്നുണ്ടോ? (തീത്തൊസ് 2:2) ദൃഷ്ടാന്തത്തിന്, ഹാനികരമായ സംശയങ്ങളുടെ അപകടം സംബന്ധിച്ച് നിങ്ങൾ ജാഗ്രത പാലിക്കുന്നുവോ? ഇവയ്ക്ക് വളരെ എളുപ്പത്തിൽ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും കടന്ന് നിങ്ങളുടെ വിശ്വാസത്തെയും യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തെയും താറുമാറാക്കാൻ കഴിയും. ചിലയാളുകൾ ഈ അപകടം സംബന്ധിച്ച് അജ്ഞരായിരിക്കുന്നതായി കാണപ്പെടുന്നു. ആത്മീയമായി പട്ടിണി കിടന്നുകൊണ്ട് എളുപ്പത്തിൽ സംശയങ്ങൾക്ക് ഇരകളായിത്തീർന്നേക്കാവുന്ന ഒരു സാഹചര്യത്തിൽ അവർ തങ്ങളെത്തന്നെ ആക്കിവെക്കുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതു സത്യമാണോ?
സംശയം—അത് എല്ലായ്പോഴും ഹാനികരമാണോ?
തീർച്ചയായും, എല്ലാ സംശയവും ഹാനികരമല്ല. ചില സമയങ്ങളിൽ വസ്തുതകൾ എല്ലാം ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ നിങ്ങൾക്ക് ഒരു സംഗതി വിശ്വസിക്കാനാകൂ. ഒന്നും സംശയിക്കാതെ എല്ലാം കണ്ണുമടച്ചു വിശ്വസിക്കണം എന്ന ധ്വനിയോടു കൂടിയ മതപരമായ ഉപദേശങ്ങൾ അപകടകരവും വഞ്ചനാത്മകവുമാണ്. സ്നേഹം “എല്ലാം വിശ്വസിക്കുന്നു” എന്നു ബൈബിൾ പറയുന്നു എന്നതു ശരിയാണ്. (1 കൊരിന്ത്യർ 13:7) തീർച്ചയായും, സ്നേഹവാനായ ഒരു ക്രിസ്ത്യാനി മുൻകാലങ്ങളിൽ ആശ്രയയോഗ്യരെന്നു തെളിയിച്ചിട്ടുള്ളവരെ വിശ്വസിക്കാൻ സന്നദ്ധനാണ്. എന്നാൽ, ‘ഏതു വാക്കും വിശ്വസിക്കുന്നതിന്’ എതിരെയുള്ള മുന്നറിയിപ്പും നാം ദൈവവചനത്തിൽ കാണുന്നു. (സദൃശവാക്യങ്ങൾ 14:15) ചിലപ്പോൾ ഒരാളുടെ കഴിഞ്ഞകാല ചരിത്രം അയാളെ സംശയിക്കുന്നതിനുള്ള ന്യായമായ കാരണം നൽകുന്നു. വഞ്ചനാപൂർവം സംസാരിക്കുന്നവൻ ‘ഇമ്പമായി സംസാരിക്കുമ്പോഴും അവനെ വിശ്വസിക്കരുത്’ എന്ന് ബൈബിൾ ബുദ്ധിയുപദേശിക്കുന്നു.—സദൃശവാക്യങ്ങൾ 26:24, 25.
ഏതു കാര്യവും കണ്ണുമടച്ചു വിശ്വസിക്കുന്നതിനെതിരെ യോഹന്നാൻ അപ്പൊസ്തലനും ക്രിസ്ത്യാനികൾക്ക് മുന്നറിയിപ്പു നൽകുന്നു. അവൻ എഴുതുന്നു, “ഏതു നിശ്വസ്തമൊഴിയും 1 യോഹന്നാൻ 4:1, NW) ഒരു “നിശ്വസ്തമൊഴി” അതായത് ഒരു പഠിപ്പിക്കലോ അഭിപ്രായമോ ദൈവത്തിൽ നിന്നുള്ളതാണെന്നു തോന്നിയേക്കാം. എന്നാൽ യഥാർഥത്തിൽ അത് അങ്ങനെ തന്നെയാണോ? അൽപ്പമൊന്നു സംശയിക്കുന്നത് അല്ലെങ്കിൽ പെട്ടെന്നങ്ങ് വിശ്വസിക്കാതിരിക്കുന്നത് ഒരു യഥാർഥ സംരക്ഷണമാണെന്നു തെളിഞ്ഞേക്കാം. എന്തുകൊണ്ടെന്നാൽ, അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ പറയുന്നു: “വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ.”—2 യോഹന്നാൻ 7.
വിശ്വസിക്കരുത്, എന്നാൽ നിശ്വസ്തമൊഴികൾ ദൈവത്തിൽനിന്ന് ഉദ്ഭൂതമാകുന്നുവോയെന്നു പരിശോധിക്കുക.” (അടിസ്ഥാനരഹിതമായ സംശയങ്ങൾ
അതേ, സത്യം മനസ്സിലാക്കുന്നതിന് പലപ്പോഴും ആത്മാർഥതയോടും താഴ്മയോടും കൂടെ വസ്തുതകൾ പരിശോധിക്കേണ്ടത് ആവശ്യമായി വരുന്നു. അതേസമയം, അടിസ്ഥാനരഹിതവും ദോഷകരവുമായ സംശയങ്ങൾ അതായത് ഉറപ്പായി സ്ഥാപിക്കപ്പെട്ട നമ്മുടെ വിശ്വാസങ്ങളെയും ബന്ധങ്ങളെയും തകർക്കാൻ കഴിയുന്നതരം സംശയങ്ങൾ ഹൃദയത്തിലും മനസ്സിലും വേരെടുക്കുന്നതിനെതിരെ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇങ്ങനെയുള്ള സംശയങ്ങളെ “അതോ ഇതോ എന്നുള്ള ഭാവം, നിശ്ചയമില്ലായ്മ” എന്നിങ്ങനെയാണു നിർവചിച്ചിരിക്കുന്നത്. ഒരു വിശ്വാസത്തെയോ അഭിപ്രായത്തെയോ സംബന്ധിച്ച ഇത്തരം അനിശ്ചിതത്വത്തിന് ഒരു വ്യക്തി തീരുമാനം എടുക്കുന്ന വിധത്തെ ബാധിക്കാൻ കഴിയും. സാത്താൻ ഹവ്വായുടെ മനസ്സിൽ യഹോവയെ കുറിച്ചുള്ള സംശയങ്ങൾ കുത്തിവെച്ചത് എങ്ങനെയാണെന്നു നിങ്ങൾ ഓർക്കുന്നുണ്ടോ? അവൻ ചോദിച്ചു, “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?” (ഉല്പത്തി 3:1) വളരെ നിഷ്കളങ്കമെന്നു തോന്നിച്ച ആ ചോദ്യം ഉളവാക്കിയ അനിശ്ചിതത്വം ഹവ്വാ തീരുമാനം എടുത്ത വിധത്തെ ബാധിച്ചു. സാത്താൻ മിക്കപ്പോഴും ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് ഇത്. പേരു വെക്കാതെ അപവാദ കത്തുകൾ ചമച്ചുവിടുന്ന ഒരു വ്യക്തിയെപ്പോലെ അവൻ വക്രോക്തി, അർധസത്യം, നുണ എന്നിവ വളരെ വിദഗ്ധമായി ഉപയോഗിക്കുന്നു. ഈ വിധത്തിൽ പാകിയ ദ്രോഹകരമായ സംശയങ്ങളിലൂടെ സാത്താൻ ആരോഗ്യാവഹവും വിശ്വസ്തവുമായ എത്രയെത്ര ബന്ധങ്ങളാണു തകർത്തിരിക്കുന്നത്!—ഗലാത്യർ 5:7-9.
ഇത്തരത്തിലുള്ള സംശയത്തിന്റെ ദോഷഫലങ്ങൾ ശിഷ്യനായ യാക്കോബ് വ്യക്തമായി തിരിച്ചറിഞ്ഞു. പരിശോധനകൾ നേരിടുമ്പോൾ സ്വാതന്ത്ര്യത്തോടെ ദൈവത്തെ സമീപിക്കാൻ കഴിയുക എന്ന നമ്മുടെ അതുല്യമായ പദവിയെ കുറിച്ച് എഴുതവേ അവൻ ഈ മുന്നറിയിപ്പു നൽകി: “ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം.” ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ സംബന്ധിക്കുന്ന സംശയങ്ങൾ നമ്മെ ‘കാററടിച്ചു അലയുന്ന കടൽത്തിരെക്കു സമം’ ആക്കും. നാം, ‘തന്റെ വഴികളിൽ ഒക്കെയും അസ്ഥിരനായ ഇരുമനസ്സുള്ള മനുഷ്യനെ’ പോലെ ആകും. (യാക്കോബ് 1:6, 8) നമുക്ക് നമ്മുടെ വിശ്വാസങ്ങൾ സംബന്ധിച്ച് നിശ്ചയമില്ലാതാകും. അത് നമ്മുടെ തീരുമാനശേഷിയെ പ്രതികൂലമായി ബാധിക്കും. അപ്പോൾ, ഹവ്വായ്ക്കു സംഭവിച്ചതുപോലെ നാം എളുപ്പത്തിൽ എല്ലാവിധ ഭൂതോപദേശങ്ങൾക്കും തത്ത്വചിന്തകൾക്കും വശംവദരായിത്തീരും.
നല്ല ആത്മീയ ആരോഗ്യം നിലനിറുത്തൽ
അങ്ങനെയെങ്കിൽ, നമുക്ക് എങ്ങനെ നമ്മെത്തന്നെ ഹാനികരമായ സംശയങ്ങളിൽനിന്നു സംരക്ഷിക്കാൻ കഴിയും? ഉത്തരം വളരെ ലളിതമാണ്: സാത്താന്യ ആശയപ്രചാരണത്തെ ശക്തമായി ചെറുക്കുകയും നമ്മെ “വിശ്വാസത്തിൽ സ്ഥിരമുള്ളവരായി” നിലനിറുത്തുന്നതിന് ദൈവം ചെയ്തിരിക്കുന്ന കരുതലുകളിൽനിന്നു പൂർണ പ്രയോജനം നേടുകയും ചെയ്യുന്നതിലൂടെ.—1 പത്രൊസ് 5:8-10.
വ്യക്തിപരമായി ആത്മീയ ഭക്ഷണം നന്നായി കഴിക്കുന്നത് സുപ്രധാനമാണ്. നേരത്തേ പരാമർശിച്ച ലേഖകനായ വിൻഗേറ്റ് ഇപ്രകാരം വിശദീകരിക്കുന്നു: “രാസപ്രക്രിയകൾക്കും പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തിനുമായി ശരീരത്തിന് വിശ്രമ സമയത്തുപോലും തുടർച്ചയായി ഊർജം ലഭിക്കേണ്ടത് ആവശ്യമാണ്; കലകളിലെ പല ഘടകങ്ങളും നിരന്തരം പുതുക്കപ്പെടേണ്ടതുണ്ട്.” നമ്മുടെ ആത്മീയ ആരോഗ്യത്തിന്റെ കാര്യത്തിലും ഇതു സത്യമാണ്. ആഹാരം ലഭിക്കാതെ വരുമ്പോൾ ശരീരത്തിനു സംഭവിക്കുന്നതു പോലെതന്നെ, ആത്മീയ പോഷണം തുടർച്ചയായി ലഭിക്കുന്നില്ലെങ്കിൽ നമ്മുടെ വിശ്വാസവും ക്ഷയിച്ച് ഒടുവിൽ നിർജീവമായിത്തീരും. പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ യേശുക്രിസ്തു ഈ വസ്തുതയ്ക്ക് ഊന്നൽ നൽകി: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു.”—മത്തായി 4:4.
അതിനെ കുറിച്ചു ചിന്തിക്കുക. തുടക്കത്തിൽ, നാം എങ്ങനെയാണ് ശക്തമായ വിശ്വാസം വളർത്തിയെടുത്തത്? ‘വിശ്വാസം കേൾവിയാൽ വരുന്നു’ എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി. (റോമർ 10:17) ദൈവവചനത്തിൽനിന്നു ഭക്ഷിക്കുകവഴിയാണ് നാം ആദ്യം യഹോവയിലും അവന്റെ വാഗ്ദാനങ്ങളിലും അവന്റെ സംഘടനയിലും ഉള്ള വിശ്വാസവും ഉറപ്പും വളർത്തിയെടുത്തത് എന്ന് അവൻ അർഥമാക്കി. തീർച്ചയായും കേട്ടതെല്ലാം കണ്ണുമടച്ചങ്ങ് വിശ്വസിക്കുകയായിരുന്നില്ല നാം. ബെരോവ നിവാസികൾ ചെയ്തതുതന്നെ നാമും ചെയ്തു. നാം കേട്ട കാര്യങ്ങൾ “അങ്ങനെ തന്നെയോ എന്നു ദിനമ്പ്രതി തിരുവെഴുത്തുകളെ പരിശോധിച്ചുപോന്നു.” (പ്രവൃത്തികൾ 17:11) അങ്ങനെ, ‘നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു നാം തിരിച്ചറിഞ്ഞു.’ കേട്ട കാര്യങ്ങൾ ശരിയാണെന്നു “ശോധന ചെയ്തു” നാം ഉറപ്പു വരുത്തി. (റോമർ 12:2; 1 തെസ്സലൊനീക്യർ 5:21) അതിനുശേഷം, ദൈവത്തിന്റെ വചനവും വാഗ്ദാനങ്ങളും ഒരിക്കലും വൃഥാവാകില്ല എന്നു കൂടുതൽ വ്യക്തമായി കാണാൻ തുടങ്ങിയതോടെ നമ്മുടെ വിശ്വാസം പൂർവാധികം ബലിഷ്ഠമായി തീർന്നിരിക്കാം.—യോശുവ 23:14; യെശയ്യാവു 55:10, 11.
ആത്മീയമായി പട്ടിണി കിടക്കാതിരിക്കുക
നമ്മുടെ വിശ്വാസം കാത്തുസൂക്ഷിക്കുക, യഹോവയിലും അവന്റെ സംഘടനയിലുമുള്ള നമ്മുടെ ഉറപ്പിന് ഇളക്കം തട്ടാൻ ഇടയാക്കിയേക്കാവുന്ന വിശ്വാസം സംബന്ധിച്ച ഏത് അനിശ്ചിതത്വവും ഒഴിവാക്കുക എന്നതാണ് ഇപ്പോൾ നാം നേരിടുന്ന വെല്ലുവിളി. അതിന് നാം തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കുന്നതിൽ തുടരേണ്ടത് അത്യന്താപേക്ഷിതമാണ്. “ഭാവികാലത്തു [തുടക്കത്തിൽ ശക്തമായ വിശ്വാസമുള്ളവരായി കാണപ്പെട്ടേക്കാവുന്ന] ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താൽ വിശ്വാസം ത്യജിക്കും” എന്ന് അപ്പൊസ്തലനായ പൗലൊസ് മുന്നറിയിപ്പു നൽകി. (1 തിമൊഥെയൊസ് 4:1) വഴിതെറ്റിക്കുന്ന ഈ ഉപദേശങ്ങൾ ചിലരുടെ മനസ്സിൽ സംശയങ്ങൾ വിതയ്ക്കുകയും അവരെ ദൈവത്തിൽനിന്ന് അകറ്റുകയും ചെയ്യുന്നു. നമുക്ക് എങ്ങനെ നമ്മെത്തന്നെ സംരക്ഷിക്കാനാകും? ‘വിശ്വാസത്തിന്റെ വചനങ്ങളാലും നാം ഇതുവരെ അനുവർത്തിച്ചു പോന്ന നല്ല വിശ്വാസസംഹിതയാലും പരിപോഷിപ്പിക്കപ്പെടുന്നതിൽ’ തുടരുന്നതിനാൽ.—1 തിമൊഥെയൊസ് 4:6, പി.ഒ.സി. ബൈ.
എന്നാൽ സങ്കടകരമെന്നു പറയട്ടെ, ‘വിശ്വാസത്തിന്റെ വചനങ്ങൾ’ ഇന്ന് സമൃദ്ധമായി ലഭ്യമാണെങ്കിലും പലരും അവയാൽ തങ്ങളെത്തന്നെ ‘പരിപോഷിപ്പിക്കുന്നതിൽ’ പരാജയപ്പെടുന്നു. സദൃശവാക്യങ്ങളുടെ എഴുത്തുകാരിൽ ഒരാൾ സൂചിപ്പിക്കുന്നതുപോലെ നല്ല ആത്മീയ ഭക്ഷണം സമൃദ്ധമായി ഉള്ളപ്പോൾപ്പോലും അഥവാ ഒരു ആത്മീയ വിരുന്ന് തയ്യാറാക്കി വെച്ചിരിക്കുമ്പോൾപ്പോലും ചിലർ ഒന്നും കഴിക്കാതെ, അതിൽനിന്ന് ഒരു പ്രയോജനവും നേടാതെയിരുന്നേക്കാം.—സദൃശവാക്യങ്ങൾ 19:24; 26:15.
ഇത് അപകടകരമാണ്. വിൻഗേറ്റ് പറയുന്നു: “ശരീരം അതിന്റെതന്നെ പ്രോട്ടീനുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.” ഭക്ഷണം ലഭിക്കാതാകുമ്പോൾ ശരീരം അതിലുടനീളം സംഭരിച്ചുവെച്ചിട്ടുള്ള പോഷകശേഖരങ്ങൾ ഉപയോഗിക്കാൻ തുടങ്ങും. ഈ ശേഖരങ്ങൾ തീരുമ്പോൾ ശരീരം കലകളുടെ വളർച്ചയ്ക്കും കേടുപോക്കലിനും അനിവാര്യമായ പ്രോട്ടീനുകൾ എടുത്ത് ഉപയോഗിക്കുന്നു. പ്രധാന അവയവങ്ങളുടെ പ്രവർത്തനം ഒന്നൊന്നായി നിലയ്ക്കുന്നു. തുടർന്ന്, നിങ്ങളുടെ ആരോഗ്യം പെട്ടെന്ന് ക്ഷയിക്കുന്നു.
ആത്മീയ അർഥത്തിൽ ആദിമ ക്രിസ്തീയ സഭയിലെ ചിലർക്കു സംഭവിച്ചത് അതാണ്. തങ്ങളുടെ ആത്മീയ ശേഖരങ്ങൾ ഉപയോഗിച്ചു ജീവിക്കാൻ അവർ ശ്രമിച്ചു. സാധ്യതയനുസരിച്ച് അവർ വ്യക്തിപരമായ പഠനം അവഗണിക്കുകയും ആത്മീയമായി ദുർബലർ ആയിത്തീരുകയും ചെയ്തു. (എബ്രായർ 5:12) എബ്രായ ക്രിസ്ത്യാനികൾക്കു പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ ഇതിന്റെ അപകടം പൗലൊസ് അപ്പൊസ്തലൻ വ്യക്തമാക്കി: “നാം കേട്ടിട്ടുള്ള കാര്യങ്ങളിൽനിന്ന് അകന്നുപോകാതിരിക്കാൻ അവയിൽ കൂടുതൽ ശ്രദ്ധിക്കുക ആവശ്യമാണ്.” നമുക്കു ലഭ്യമായിരിക്കുന്ന “ഇത്ര മഹത്തായ രക്ഷയെ അവഗണിക്കുന്ന”പക്ഷം മോശമായ ശീലങ്ങളിലേക്കു വഴുതി വീഴാൻ എത്ര എളുപ്പമാണെന്ന് അവൻ തിരിച്ചറിഞ്ഞു.—എബ്രായർ 2:1, 3, പി.ഒ.സി. ബൈ.
വികലപോഷണം അനുഭവിക്കുന്ന ഒരു വ്യക്തി വിളറിവെളുത്ത്, എല്ലുംതോലുമാകണമെന്നു നിർബന്ധമില്ല. സമാനമായി, ഒരു വ്യക്തിക്ക് ആത്മീയ വികലപോഷണം സംഭവിച്ചിരിക്കുന്നു എന്നത് പെട്ടെന്നു പ്രകടമായിക്കൊള്ളണമെന്നില്ല. ശരിയായി പോഷിപ്പിക്കപ്പെടുന്നില്ലെങ്കിൽപ്പോലും നിങ്ങൾക്കു നല്ല ആത്മീയ ആരോഗ്യം ഉള്ളതായി തോന്നിച്ചേക്കാം—എന്നാൽ അധികകാലത്തേക്ക് അത് അങ്ങനെ തുടരില്ല! നിസ്സംശയമായും നിങ്ങൾ ആത്മീയമായി ദുർബലനായിത്തീരുകയും അടിസ്ഥാനരഹിതമായ സംശയങ്ങൾക്ക് പെട്ടെന്ന് ഇരയായിത്തീരുകയും ചെയ്യും. വിശ്വാസത്തിനു വേണ്ടി പോരാടാൻ നിങ്ങൾക്കു കഴിയാതാകും. (യൂദാ 3) നിങ്ങൾ യഥാർഥത്തിൽ എത്രമാത്രം ആത്മീയ ഭക്ഷണം കഴിക്കുന്നുണ്ടെന്നുള്ള കാര്യം നിങ്ങൾക്കറിയാം—മറ്റാർക്കും അത് അറിയില്ലെങ്കിൽക്കൂടി.
അതുകൊണ്ട്, വ്യക്തിപരമായ പഠനം നടത്തുന്നതിൽ തുടരുക. സംശയങ്ങളെ ദൃഢമായി ചെറുത്തുനിൽക്കുക. ഒരു നിസ്സാര അണുബാധയെന്നു തോന്നുന്നത് അവഗണിക്കുന്നത് അതായത് അലട്ടുന്ന സംശയങ്ങൾ സംബന്ധിച്ച് യാതൊന്നും ചെയ്യാതിരിക്കുന്നത് വിപത്കരമായ പ്രത്യാഘാതങ്ങളിലേക്കു നയിച്ചേക്കാം. (2 കൊരിന്ത്യർ 11:3) ‘നാം ജീവിക്കുന്നത് യഥാർഥത്തിൽ അന്ത്യനാളുകളിൽ തന്നെയാണോ? ബൈബിൾ പറയുന്നതെല്ലാം നമുക്കു വിശ്വസിക്കാൻ കഴിയുമോ? ഇത് ശരിക്കും യഹോവയുടെ സംഘടനയാണോ?’ ഇത്തരം സംശയങ്ങൾ നിങ്ങളുടെ മനസ്സിൽ നടാൻ കഴിഞ്ഞാൽ സാത്താനു വളരെ സന്തോഷമായിരിക്കും. ആത്മീയ പോഷണം സംബന്ധിച്ച് ഒരു അവഗണനാ മനോഭാവം കൈക്കൊണ്ടുകൊണ്ട് അവന്റെ വഞ്ചനാത്മകമായ പഠിപ്പിക്കലുകൾക്ക് എളുപ്പത്തിൽ ഇരയായി പോകാതിരിക്കാൻ ശ്രദ്ധിക്കുക. (കൊലൊസ്സ്യർ 2:4-7) തിമൊഥെയൊസിനു നൽകപ്പെട്ട ബുദ്ധിയുപദേശം ബാധകമാക്കുക. നിങ്ങൾ ‘പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനില്ക്കാൻ’ കഴിയേണ്ടതിന് ‘തിരുവെഴുത്തുകളുടെ’ ഒരു നല്ല പഠിതാവായിരിക്കുക.—2 തിമൊഥെയൊസ് 3:13-15.
ഇതു ചെയ്യുന്നതിന് നിങ്ങൾക്കു സഹായം ആവശ്യമായിരുന്നേക്കാം. നേരത്തേ പരാമർശിച്ച ലേഖകൻ തുടർന്ന് ഇങ്ങനെ പറയുന്നു: “കടുത്ത പട്ടിണിയുടെ ഫലമായി ആവശ്യമായ ജീവകങ്ങളും മറ്റു പോഷകങ്ങളും ലഭിക്കാതെ വരുമ്പോൾ ദഹനേന്ദ്രിയങ്ങൾക്ക് ഗുരുതരമായ തകരാറു സംഭവിക്കുകയും അവയ്ക്ക് സാധാരണ ഭക്ഷണം സ്വീകരിക്കാൻ കഴിയാതാകുകയും ചെയ്യുന്നു. ഈ അവസ്ഥയിലുള്ളവർക്ക് കുറച്ചു കാലത്തേക്ക് എളുപ്പം ദഹിക്കാവുന്നതരം ആഹാരം മാത്രം കൊടുക്കേണ്ടതുണ്ടായിരിക്കാം.” പട്ടിണിയുടെ ഫലമായി ശരീരത്തിനു സംഭവിച്ചിരിക്കുന്ന തകരാറുകൾ നേരെയാക്കാൻ പ്രത്യേക പരിചരണം ആവശ്യമാണ്. അതുപോലെ, വ്യക്തിപരമായ ബൈബിൾ പഠനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയിട്ടുള്ള ഒരു വ്യക്തിക്ക് തന്റെ ആത്മീയ വിശപ്പു തിരികെ ലഭിക്കുന്നതിന് വളരെയധികം സഹായവും പ്രോത്സാഹനവും ആവശ്യമായി വന്നേക്കാം. നിങ്ങൾ ഈ അവസ്ഥയിലാണെങ്കിൽ, സഹായം തേടുക. നിങ്ങളുടെ ആത്മീയ ആരോഗ്യവും ബലവും പുനഃസ്ഥാപിക്കുന്നതിനായി നൽകപ്പെടുന്ന ഏതൊരു സഹായവും സന്തോഷപൂർവം സ്വീകരിക്കുക.—‘വിശ്വാസം ദുർബലമാകാതിരിക്കാൻ’ ശ്രദ്ധിക്കുക
ഗോത്രപിതാവായ അബ്രാഹാമിന്റെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അവന് സംശയത്തിനുള്ള ന്യായമായ കാരണങ്ങൾ ഉണ്ടായിരുന്നെന്നു ചിലർക്കു തോന്നിയേക്കാം. ദൈവത്തിൽനിന്നുള്ള വാഗ്ദാനം ലഭിച്ചിരുന്നെങ്കിലും, ‘താൻ അനേകം ജനതകളുടെ പിതാവാകും എന്നത് പ്രതീക്ഷയ്ക്കു സാധ്യത ഇല്ലാത്ത’ ഒരു കാര്യമാണെന്ന് അബ്രാഹാമിന് വേണമെങ്കിൽ നിഗമനം ചെയ്യാമായിരുന്നു. എന്തുകൊണ്ട്? മാനുഷിക കാഴ്ചപ്പാടിൽ, പ്രതീക്ഷയ്ക്കു വകയില്ലാത്ത ഒരു സാഹചര്യമായിരുന്നു അബ്രാഹാമിന്റേത്. അവന്, ‘തന്റെ ശരീരം മൃതപ്രായമായിരിക്കുന്നെന്നും സാറായുടെ ഉദരം വന്ധ്യമാണെന്നും അറിയാമായിരുന്നു’ എന്നു ബൈബിൾ രേഖ പറയുന്നു. എന്നിട്ടും, ദൈവത്തെയും അവന്റെ വാഗ്ദാനങ്ങളെയും കുറിച്ചുള്ള സംശയങ്ങൾ മനസ്സിലും ഹൃദയത്തിലും വേരെടുക്കാൻ അവൻ ഒരു പ്രകാരത്തിലും അനുവദിച്ചില്ല. “അവന്റെ വിശ്വാസം ദുർബ്ബലമായില്ല. വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവൻ ചിന്തിച്ചില്ല” എന്ന് അപ്പൊസ്തലനായ പൗലൊസ് എഴുതി. “വാഗ്ദാനം നിറവേററാൻ ദൈവത്തിനു കഴിയുമെന്ന് അവനു പൂർണ്ണ ബോധ്യമുണ്ടായിരുന്നു” എന്നു ബൈബിൾ പറയുന്നു. (റോമർ 4:18-21, പി.ഒ.സി. ബൈ.) വർഷങ്ങൾകൊണ്ട് അവൻ യഹോവയുമായി പൂർണ ആശ്രയത്വം ഉൾപ്പെട്ട ദൃഢമായ ഒരു വ്യക്തിഗത ബന്ധം വളർത്തിയെടുത്തിരുന്നു. ആ ബന്ധത്തെ ദുർബലപ്പെടുത്താൻ കഴിയുമായിരുന്ന ഏതു സംശയത്തെയും അവൻ തള്ളിക്കളഞ്ഞു.
‘ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക പിടിച്ചുകൊള്ളുന്നു’ എങ്കിൽ അതായത് ആത്മീയമായി നിങ്ങളെത്തന്നെ നന്നായി പരിപോഷിപ്പിക്കുന്നെങ്കിൽ നിങ്ങൾക്കും അതു ചെയ്യാൻ കഴിയും. (2 തിമൊഥെയൊസ് 1:13, NW) സംശയത്തിന്റെ അപകടത്തെ ഗൗരവമായെടുക്കുക. സാത്താൻ ഇപ്പോൾ ആത്മീയ ജൈവയുദ്ധം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നിൽ ഏർപ്പെട്ടിരിക്കുകയാണ്. വ്യക്തിപരമായ ബൈബിൾ പഠനത്തിലൂടെയും ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതിലൂടെയും ലഭിക്കുന്ന നല്ല ആത്മീയാഹാരം കഴിക്കുന്നത് അവഗണിക്കുന്നെങ്കിൽ നിങ്ങൾ നിങ്ങളെത്തന്നെ അവന്റെ ആക്രമണത്തിന് ഇരയാക്കുകയാണ്. “വിശ്വസ്തനും വിവേകിയുമായ അടിമ” വിളമ്പിത്തരുന്ന സമൃദ്ധവും സമയോചിതവുമായ ആത്മീയാഹാരത്തിൽനിന്നു പൂർണ പ്രയോജനം നേടുക. (മത്തായി 24:45, NW) ‘ആരോഗ്യാവഹമായ വാക്കുകൾ അനുസരിക്കുന്നവരും’ ‘വിശ്വാസത്തിൽ ആരോഗ്യമുള്ളവരും’ ആയിരിക്കുന്നതിൽ തുടരുക. (1 തിമൊഥെയൊസ് 6:3, NW; തീത്തൊസ് 2:2) നിങ്ങളുടെ വിശ്വാസത്തെ തകർക്കാൻ സംശയത്തെ അനുവദിക്കാതിരിക്കുക.
[21-ാം പേജിലെ ചിത്രങ്ങൾ]
ആത്മീയമായി നിങ്ങൾ നിങ്ങളെത്തന്നെ നന്നായി പരിപോഷിപ്പിക്കുന്നുവോ?