വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഓറിജൻ—അദ്ദേഹത്തിന്റെ പഠിപ്പിക്കൽ സഭയെ എങ്ങനെ സ്വാധീനിച്ചു?

ഓറിജൻ—അദ്ദേഹത്തിന്റെ പഠിപ്പിക്കൽ സഭയെ എങ്ങനെ സ്വാധീനിച്ചു?

ഓറിജൻ—അദ്ദേഹത്തിന്റെ പഠിപ്പിക്കൽ സഭയെ എങ്ങനെ സ്വാധീനിച്ചു?

“അപ്പൊസ്‌തലന്മാർ കഴിഞ്ഞാൽപ്പിന്നെ സഭയിലെ ഏറ്റവും ബഹുമാന്യനായ നേതാവ്‌.” മൂന്നാം നൂറ്റാണ്ടിലെ ഒരു ദൈവശാസ്‌ത്രജ്ഞനായിരുന്ന ഓറിജനെ ലത്തീൻ വൾഗേറ്റ്‌ ബൈബിളിന്റെ വിവർത്തകനായ ജെറോം പുകഴ്‌ത്തിയത്‌ അങ്ങനെയാണ്‌. എന്നാൽ എല്ലാവരും അത്ര ആദരവോടെയല്ല ഓറിജനെ വീക്ഷിച്ചത്‌. പാഷണ്ഡികൾക്കു ജന്മം നൽകിയ ഒരു ദുഷിച്ച ഉറവായി ചിലർ അദ്ദേഹത്തെ കണ്ടു. 17-ാം നൂറ്റാണ്ടിലെ ഒരു എഴുത്തുകാരൻ പറയുന്നത്‌ അനുസരിച്ച്‌ ഓറിജന്റെ വിമർശകർ അദ്ദേഹത്തെ ഇപ്രകാരം ആക്ഷേപിച്ചിരുന്നു: “അയാളുടെ ഉപദേശം പൊതുവെ അപഹാസ്യവും ദോഷകരവുമാണ്‌, അത്‌ അയാളിൽനിന്നു ലോകത്തിലേക്കു വമിച്ച മാരകമായ സർപ്പവിഷമാണ്‌.” ഓറിജൻ മരിച്ച്‌ ഏകദേശം മൂന്നു നൂറ്റാണ്ടു കഴിഞ്ഞപ്പോൾ സഭ അദ്ദേഹത്തെ ഒരു പാഷണ്ഡിയായി പ്രഖ്യാപിച്ചു.

ഓറിജൻ ആദരവും വൈരവും സമ്പാദിച്ചത്‌ എന്തുകൊണ്ട്‌? സഭാ ഉപദേശങ്ങളുടെ വികാസത്തിൽ അദ്ദേഹത്തിന്‌ എന്തു പങ്ക്‌ ഉണ്ടായിരുന്നു?

സഭയ്‌ക്കുവേണ്ടി തീക്ഷ്‌ണതയുള്ളവൻ

ഏകദേശം പൊ.യു. 185-ൽ ഈജിപ്‌ഷ്യൻ നഗരമായ അലക്‌സാണ്ട്രിയയിലാണ്‌ ഓറിജൻ ജനിച്ചത്‌. അദ്ദേഹം ഗ്രീക്കു സാഹിത്യത്തിൽ ആഴമായ ഗ്രാഹ്യം നേടി. എന്നാൽ തിരുവെഴുത്തുകളുടെ പഠനത്തിലും അത്രതന്നെ ശ്രമം ചെയ്യാൻ പിതാവായ ലിയോണിഡെസ്‌ മകനെ നിർബന്ധിച്ചു. ഓറിജന്‌ 17 വയസ്സുള്ളപ്പോൾ, മതം മാറുന്നതിനെ ഒരു കുറ്റകൃത്യം ആക്കിക്കൊണ്ട്‌ റോമൻ ചക്രവർത്തി കൽപ്പന പുറപ്പെടുവിച്ചു. ഒരു ക്രിസ്‌ത്യാനിയായിത്തീർന്നതു നിമിത്തം ഓറിജന്റെ പിതാവ്‌ തടവിലായി. തന്റെ യൗവന തീക്ഷ്‌ണതയിൽ, പിതാവിനോടൊപ്പം ജയിലിൽ പോയി രക്തസാക്ഷിത്വം വരിക്കാൻ ഓറിജൻ തീരുമാനിച്ചു. എന്നാൽ അതു മനസ്സിലാക്കിയ ഓറിജന്റെ അമ്മ മകൻ വീട്ടിൽനിന്നു പുറത്തു പോകാതിരിക്കാൻ വസ്‌ത്രങ്ങൾ ഒളിച്ചു വെച്ചു. പിതാവിനുള്ള കത്തിൽ ഓറിജൻ ഇങ്ങനെ അഭ്യർഥിച്ചു: “ഞങ്ങളുടെ ക്ഷേമത്തിനു വേണ്ടി മനസ്സു മാറ്റാതിരിക്കാൻ ശ്രദ്ധിക്കണം.” അചഞ്ചലമായി ഉറച്ചു നിന്ന ലിയോണിഡെസ്‌ തന്റെ കുടുംബത്തെ അനാഥമാക്കിക്കൊണ്ട്‌ മരണ ശിക്ഷ സ്വീകരിച്ചു. എന്നാൽ അപ്പോഴേക്കും ഓറിജൻ തന്റെ പഠനത്തിൽ വളരെയേറെ പുരോഗതി പ്രാപിച്ചു കഴിഞ്ഞിരുന്നു. ഗ്രീക്ക്‌ സാഹിത്യം പഠിപ്പിച്ചു കിട്ടുന്ന വരുമാനംകൊണ്ട്‌ അമ്മയെയും ആറ്‌ അനുജന്മാരെയും പോറ്റാൻ ഓറിജനു കഴിഞ്ഞു.

ക്രിസ്‌ത്യാനിത്വത്തിന്റെ വ്യാപനം തടയുകയായിരുന്നു ചക്രവർത്തിയുടെ ലക്ഷ്യം. പ്രസ്‌തുത കൽപ്പന വിദ്യാർഥികളെ മാത്രമല്ല അധ്യാപകരെയും ബാധിക്കുന്നത്‌ ആയിരുന്നതിനാൽ ക്രിസ്‌തീയ മത പ്രബോധകർ എല്ലാവരും അലക്‌സാണ്ട്രിയയിൽനിന്ന്‌ ഓടിപ്പോയി. തിരുവെഴുത്തു പ്രബോധനം ലഭിക്കാൻ ആഗ്രഹിച്ചിരുന്ന അക്രൈസ്‌തവർ ഓറിജന്റെ സഹായം തേടിയപ്പോൾ അദ്ദേഹം അതിനെ ദൈവത്തിൽനിന്നുള്ള ഒരു നിയോഗം ആയി കൈക്കൊണ്ടു. അദ്ദേഹത്തിന്റെ വിദ്യാർഥികൾ പലരും രക്തസാക്ഷിത്വം വരിച്ചു, ചിലർ പഠനം പൂർത്തിയാക്കുന്നതിനു മുമ്പുതന്നെ. തന്റെ വിദ്യാർഥികൾ ന്യായാധിപന്റെ മുന്നിൽ നിൽക്കുമ്പോഴും ജയിലിൽ കിടക്കുമ്പോഴും അവരുടെ വധശിക്ഷ നടപ്പാക്കുന്നതിനു തൊട്ടുമുമ്പും ഒക്കെ ഓറിജൻ സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട്‌ അവരെ പരസ്യമായി പ്രോത്സാഹിപ്പിച്ചിരുന്നു. അവരെ വധിക്കാനായി കൊണ്ടുപോകുമ്പോൾ ഓറിജൻ “അസാമാന്യ ധൈര്യത്തോടെ അവരെ ചുംബിച്ച്‌ അഭിവാദ്യം ചെയ്യുമായിരുന്നു” എന്ന്‌ നാലാം നൂറ്റാണ്ടിലെ ചരിത്രകാരനായ യൂസേബിയസ്‌ റിപ്പോർട്ടു ചെയ്യുന്നു.

തങ്ങളുടെ സുഹൃത്തുക്കളുടെ മതപരിവർത്തനത്തിനും മരണത്തിനും ഉത്തരവാദിയായി ഓറിജനെ കണ്ടിരുന്ന അനേകം അക്രൈസ്‌തവരുടെ കോപത്തിന്‌ അദ്ദേഹം ഇരയായി. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നും മൃഗീയമായ മരണത്തിൽനിന്നും പലപ്പോഴും വളരെ കഷ്ടിച്ചാണ്‌ അദ്ദേഹം രക്ഷപ്പെട്ടിരുന്നത്‌. തന്നെ പിന്തുടരുന്നവരിൽനിന്നു രക്ഷപ്പെടാനായി കൂടെക്കൂടെ സ്ഥലം മാറിപ്പാർക്കാൻ നിർബന്ധിതനായെങ്കിലും ഓറിജൻ ഒരിക്കലും തന്റെ പഠിപ്പിക്കൽ നിറുത്തിക്കളഞ്ഞില്ല. അദ്ദേഹത്തിന്റെ ധൈര്യവും അർപ്പണബോധവും അലക്‌സാണ്ട്രിയയിലെ ബിഷപ്പായിരുന്ന ദിമീട്രിയൊസിന്‌ നന്നേ ബോധിച്ചു. ആയതിനാൽ ഓറിജന്‌ വെറും 18 വയസ്സുള്ളപ്പോൾ ദിമീട്രിയൊസ്‌ അദ്ദേഹത്തെ അലക്‌സാണ്ട്രിയയിലെ മതപ്രബോധന സ്‌കൂളിന്റെ തലവനായി നിയമിച്ചു.

കാലക്രമത്തിൽ, ഓറിജൻ വിശ്രുതനായ ഒരു പണ്ഡിതനും മികച്ച എഴുത്തുകാരനും ആയിത്തീർന്നു. അദ്ദേഹം 6,000 പുസ്‌തകങ്ങൾ എഴുതിയതായി ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും സാധ്യതയനുസരിച്ച്‌ അത്‌ ഒരു അതിശയോക്തി ആയിരിക്കണം. അദ്ദേഹത്തെ ഏറ്റവും വിഖ്യാതനാക്കിയത്‌ എബ്രായ തിരുവെഴുത്തുകളുടെ 50 വാല്യങ്ങളുള്ള പതിപ്പായ ഹെക്‌സാപ്ലാ ആണ്‌. ഓറിജൻ ഹെക്‌സാപ്ലായെ ആറ്‌ സമാന്തര കോളങ്ങളായി ക്രമീകരിച്ചു: (1) എബ്രായ-അരമായ പാഠം, (2) ആ പാഠത്തിന്റെ ഗ്രീക്ക്‌ ലിപ്യന്തരീകരണം, (3) അക്വില്ലായുടെ ഗ്രീക്കു ഭാഷാന്തരം, (4) സിമാക്കസിന്റെ ഗ്രീക്കു ഭാഷാന്തരം, (5) എബ്രായ പാഠത്തോടു കൂടുതൽ കൃത്യമായി പൊരുത്തപ്പെടാൻ തക്കവിധം ഓറിജൻ പരിഷ്‌കരിച്ച ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌, (6) തിയോഡോഷന്റെ ഗ്രീക്കു ഭാഷാന്തരം. “സെപ്‌റ്റുവജിന്റ്‌ മാത്രം കൈവശമുള്ള ഒരു ഗ്രീക്കു വായനക്കാരനെ കുഴപ്പിക്കുകയോ വഴിതെറ്റിക്കുകയോ ചെയ്യുന്ന ഭാഗങ്ങളുടെ അർഥത്തിന്മേൽ വെളിച്ചം വീശാൻ പാഠങ്ങളുടെ പ്രസ്‌തുത സംയോജനം സഹായിക്കുമെന്ന്‌ ഓറിജൻ പ്രതീക്ഷി”ച്ചിരുന്നതായി ബൈബിൾ പണ്ഡിതനായ ജോൺ ഹോർട്ട്‌ എഴുതി.

‘എഴുതിയിരിക്കുന്നതിന്‌ അപ്പുറം പോകുന്നു’

എന്നിരുന്നാലും, മൂന്നാം നൂറ്റാണ്ടിലെ കുഴഞ്ഞുമറിഞ്ഞ മതാന്തരീക്ഷം ബൈബിൾ പഠിപ്പിക്കലിനോടുള്ള ഓറിജന്റെ സമീപനത്തെ സാരമായി ബാധിച്ചു. ക്രൈസ്‌തവലോകം ശൈശവാവസ്ഥയിൽ ആയിരുന്നെങ്കിലും അത്‌ തിരുവെഴുത്തു വിരുദ്ധ വിശ്വാസങ്ങളാൽ അപ്പോൾത്തന്നെ മലിനീകരിക്കപ്പെട്ടിരുന്നു. പലയിടങ്ങളിലായി ചിതറിക്കിടന്നിരുന്ന സഭകൾ വ്യത്യസ്‌ത ഉപദേശങ്ങൾ പഠിപ്പിച്ചിരുന്നു.

അപ്പൊസ്‌തലന്മാരുടെ പഠിപ്പിക്കലുകൾ ആണെന്നു പറഞ്ഞ്‌ ഓറിജൻ തിരുവെഴുത്തു വിരുദ്ധമായ ഈ ഉപദേശങ്ങളിൽ ചിലതു സ്വീകരിച്ചു. മറ്റു വിഷയങ്ങളിലും സൈദ്ധാന്തിക വീക്ഷണങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹം മുതിർന്നു. അദ്ദേഹത്തിന്റെ വിദ്യാർഥികൾ പലരും അക്കാലത്തെ തത്ത്വചിന്താപരമായ വാദമുഖങ്ങളുമായി മല്ലിടുകയായിരുന്നു. അവരെ സഹായിക്കാനുള്ള ശ്രമത്തിൽ, ആ യുവ വിദ്യാർഥികളുടെ മനസ്സിനെ രൂപപ്പെടുത്തിക്കൊണ്ടിരുന്ന അനേകം തത്ത്വശാസ്‌ത്രങ്ങൾ ഓറിജൻ ശ്രദ്ധാപൂർവം പഠിച്ചു. വിദ്യാർഥികളുടെ തത്ത്വചിന്താപരമായ ചോദ്യങ്ങൾക്കു തൃപ്‌തികരമായ ഉത്തരം നൽകുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ബൈബിളിനെ തത്ത്വചിന്തയുമായി പൊരുത്തപ്പെടുത്താനുള്ള ശ്രമത്തിൽ ഓറിജൻ, തിരുവെഴുത്തുകൾക്കു ഗുപ്‌തമായ ആത്മീയ അർഥം കൽപ്പിക്കുന്ന രീതിയെ വളരെയേറെ ആശ്രയിച്ചു. തിരുവെഴുത്തുകൾക്ക്‌ അവശ്യം ഒരു അക്ഷരീയ അർഥം ഉണ്ടായിരിക്കണമെന്ന്‌ വിചാരിക്കാതെ അവയ്‌ക്ക്‌ എല്ലായ്‌പോഴും ഒരു ആത്മീയ അർഥമുണ്ടെന്ന്‌ അദ്ദേഹം കരുതി. ഇത്‌ “താൻ തികച്ചും ഉത്സാഹിയും വിശ്വസ്‌തനുമായ ബൈബിൾ വ്യാഖ്യാതാവാണെന്ന്‌ അവകാശപ്പെട്ടപ്പോൾ തന്നെ (നിസ്സംശയമായും ആത്മാർഥതയോടെ) സ്വന്തം ദൈവശാസ്‌ത്ര വീക്ഷണങ്ങളോടു യോജിക്കുന്ന ഏതൊരു ബൈബിളേതര ആശയത്തിനും ബൈബിളിൽ അടിസ്ഥാനം കണ്ടെത്താൻ” ഓറിജനെ അനുവദിച്ചെന്ന്‌ ഒരു പണ്ഡിതൻ അഭിപ്രായപ്പെട്ടു.

തന്റെ വിദ്യാർഥികളിൽ ഒരാൾക്ക്‌ ഓറിജൻ എഴുതിയ ഒരു കത്ത്‌ അദ്ദേഹത്തിന്റെ ചിന്ത സംബന്ധിച്ച്‌ നമുക്ക്‌ ഉൾക്കാഴ്‌ച നൽകുന്നു. ഇസ്രായേല്യർ യഹോവയുടെ ആലയത്തിലെ പാത്രങ്ങൾ ഉണ്ടാക്കിയത്‌ ഈജിപ്‌തിൽനിന്നു കൊണ്ടുവന്ന സ്വർണം കൊണ്ടാണെന്ന്‌ ഓറിജൻ ചൂണ്ടിക്കാണിച്ചു. ക്രിസ്‌ത്യാനിത്വം പഠിപ്പിക്കാൻ താൻ ഗ്രീക്കു തത്ത്വചിന്ത ഉപയോഗിക്കുന്നതിനെ പിന്താങ്ങാനുള്ള ആത്മീയ അടിസ്ഥാനം അദ്ദേഹം അതിൽ കണ്ടെത്തി. അദ്ദേഹം ഇങ്ങനെ എഴുതി: “ഈജിപ്‌തിൽനിന്നു കൊണ്ടുവന്ന വസ്‌തുക്കൾ ഇസ്രായേൽ മക്കൾക്ക്‌ എത്ര ഉപയോഗപ്രദമായിരുന്നു. ഈജിപ്‌തുകാർ അവ ശരിയായ കാര്യങ്ങൾക്ക്‌ ഉപയോഗിച്ചില്ല, എന്നാൽ ദിവ്യജ്ഞാനത്താൽ നയിക്കപ്പെട്ട എബ്രായർ അവ ദൈവസേവനത്തിനായി ഉപയോഗിച്ചു.” അങ്ങനെ, “ക്രിസ്‌ത്യാനിത്വത്തെ കുറിച്ചുള്ള ഒരു പഠനത്തിനോ അതിനു വേണ്ടിയുള്ള തയ്യാറെടുപ്പിനോ ഉതകുന്ന ഏതു വിഷയവും ഗ്രീക്കു തത്ത്വചിന്തയിൽനിന്ന്‌ സാംശ്വീകരിച്ചെടുക്കാൻ” ഓറിജൻ തന്റെ വിദ്യാർഥിയെ പ്രോത്സാഹിപ്പിച്ചു.

ബൈബിൾ വ്യാഖ്യാനത്തോടുള്ള ഈ അനിയന്ത്രിത സമീപനം ക്രിസ്‌തീയ ഉപദേശവും ഗ്രീക്കു തത്ത്വചിന്തയും തമ്മിലുള്ള അതിർ അവ്യക്തമാക്കി. ദൃഷ്ടാന്തത്തിന്‌, ആദ്യ തത്ത്വങ്ങൾ സംബന്ധിച്ച്‌ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ഓറിജൻ യേശുവിനെ “ഏകജാതപുത്രൻ, ജനിച്ചവൻ, എന്നാൽ ആരംഭം ഇല്ലാത്തവൻ” എന്നു വർണിച്ചു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: ‘അവന്റെ ജനനം നിത്യവും അനന്തവുമാണ്‌. അവൻ പുത്രനായത്‌ ജീവശ്വാസം സ്വീകരിച്ചുകൊണ്ടോ ഏതെങ്കിലും ബാഹ്യ പ്രവർത്തനത്താലോ അല്ല, മറിച്ച്‌ അവൻ ദൈവത്തിന്റെതന്നെ സത്ത ആയതിനാലാണ്‌.’

ഓറിജൻ ഈ ആശയം ബൈബിളിൽ കണ്ടെത്തിയത്‌ ആയിരുന്നില്ല. കാരണം, യഹോവയുടെ ഏകജാത പുത്രൻ “സർവ്വസൃഷ്ടിക്കും ആദ്യജാതനും” “ദൈവസൃഷ്ടിയുടെ ആരംഭ”വുമാണെന്നാണ്‌ തിരുവെഴുത്തുകൾ പറയുന്നത്‌. (കൊലൊസ്സ്യർ 1:15; വെളിപ്പാടു 3:14) മത ചരിത്രകാരനായ അഗസ്റ്റസ്‌ നേയാണ്ടർ പറയുന്നത്‌ അനുസരിച്ച്‌, “പ്ലേറ്റോണിക പാഠശാലയിലെ തത്ത്വചിന്താപരമായ വിദ്യാഭ്യാസ”ത്തിലൂടെ ഓറിജൻ “നിത്യജനനം” എന്ന ആശയത്തിൽ എത്തിച്ചേർന്നു. അങ്ങനെ, “എഴുതിയിരിക്കുന്നതിനപ്പുറം പോകരുത്‌” എന്നുള്ള അടിസ്ഥാന തിരുവെഴുത്തു തത്ത്വം ഓറിജൻ ലംഘിച്ചു.​—⁠1 കൊരിന്ത്യർ 4:⁠6, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം.

പാഷണ്ഡിയായി മുദ്രകുത്തപ്പെടുന്നു

ഒരു അധ്യാപകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആദ്യ വർഷങ്ങളിൽത്തന്നെ അലക്‌സാണ്ട്രിയയിലെ സഭാ കൗൺസിൽ ഓറിജന്റെ പൗരോഹിത്യം എടുത്തുകളഞ്ഞു. ഓറിജന്റെ വർധിച്ചു വരുന്ന കീർത്തിയിൽ ബിഷപ്പ്‌ ദിമീട്രിയൊസ്‌ അസൂയാലു ആയിത്തീർന്നതുകൊണ്ട്‌ ആയിരിക്കണം അതു സംഭവിച്ചത്‌. അതിനെ തുടർന്ന്‌ ഓറിജൻ പാലസ്‌തീനിലേക്കു പോയി. അവിടെ ക്രിസ്‌തീയ ഉപദേശത്തിന്റെ വിശ്വസ്‌ത വക്താവ്‌ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രശസ്‌തിക്കു യാതൊരു കോട്ടവും തട്ടിയിട്ടില്ലായിരുന്നു. അതിനാൽ ഓറിജൻ അവിടെ ഒരു പുരോഹിതനായിത്തന്നെ തുടർന്നു. പൗരസ്‌ത്യ ദേശത്ത്‌ “പാഷണ്ഡോപദേശങ്ങൾ” രംഗപ്രവേശം ചെയ്‌തപ്പോൾ, കുറ്റക്കാരായ ബിഷപ്പുമാരെ യാഥാസ്ഥിതികത്വത്തിലേക്കു മടങ്ങുന്നതിന്‌ പ്രേരിപ്പിക്കാൻ ഓറിജന്റെ സഹായം ആവശ്യപ്പെടുക പോലുമുണ്ടായി. പൊ.യു. 254-ൽ ഓറിജൻ മരണമടഞ്ഞു. അതേത്തുടർന്ന്‌ അദ്ദേഹത്തിന്റെ പേര്‌ വളരെയേറെ അവമതിക്കപ്പെടുകയുണ്ടായി. എന്തുകൊണ്ട്‌?

നാമധേയ ക്രിസ്‌ത്യാനിത്വം ഒരു പ്രമുഖ മതം ആയിത്തീർന്നതിനെ തുടർന്ന്‌ യാഥാസ്ഥിതിക പഠിപ്പിക്കലുകളായി സഭ സ്വീകരിച്ച ഉപദേശങ്ങൾ കൂടുതൽ കൃത്യമായി നിർവചിക്കപ്പെട്ടു. അതുകൊണ്ട്‌, പിൽക്കാല തലമുറകളിലെ ദൈവശാസ്‌ത്രജ്ഞന്മാർ ഓറിജന്റെ സൈദ്ധാന്തികവും ചിലപ്പോഴൊക്കെ കൃത്യതയില്ലാഞ്ഞതും ആയ തത്ത്വചിന്താ വീക്ഷണങ്ങൾ മിക്കവയും അംഗീകരിച്ചില്ല. അതുകൊണ്ട്‌ അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ സഭയിൽ കടുത്ത വാദപ്രതിവാദങ്ങൾക്കു തിരികൊളുത്തി. ഈ വാദപ്രതിവാദങ്ങൾ അവസാനിപ്പിക്കാനും ഐക്യം നിലനിറുത്താനും വേണ്ടി സഭ ഓറിജനെ ഔദ്യോഗികമായി പാഷണ്ഡിയായി മുദ്രകുത്തി.

എന്നാൽ ഓറിജൻ മാത്രമല്ല തെറ്റിപ്പോയത്‌. ക്രിസ്‌തുവിന്റെ ശുദ്ധമായ പഠിപ്പിക്കലിൽനിന്നുള്ള ഒരു വ്യതിചലനം ഉണ്ടാകുമെന്ന്‌ ബൈബിൾ വാസ്‌തവത്തിൽ മുൻകൂട്ടി പറഞ്ഞിരുന്നതാണ്‌. യേശുവിന്റെ അപ്പൊസ്‌തലന്മാരുടെ മരണത്തെ തുടർന്ന്‌ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ ഈ വിശ്വാസത്യാഗം തഴച്ചു വളരാൻ തുടങ്ങിയിരുന്നു. (2 തെസ്സലൊനീക്യർ 2:​6, 7) കാലാന്തരത്തിൽ, ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ടിരുന്ന ചിലർ തങ്ങളെത്തന്നെ “യാഥാസ്ഥിതികരാ”യും മറ്റെല്ലാവരെയും “പാഷണ്ഡി”കളായും പ്രഖ്യാപിച്ചു. എന്നാൽ വാസ്‌തവത്തിൽ, ക്രൈസ്‌തവലോകം യഥാർഥ ക്രിസ്‌ത്യാനിത്വത്തിൽനിന്നു വളരെയേറെ വ്യതിചലിച്ചു പോയിരുന്നു.

‘ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നത്‌’

വളരെയേറെ ഊഹാപോഹങ്ങൾ ഉൾപ്പെട്ടിരുന്നെങ്കിലും ഓറിജന്റെ കൃതികളിൽ പ്രയോജനകരമായ ഘടകങ്ങളും ഉണ്ട്‌. ദൃഷ്ടാന്തത്തിന്‌, ദിവ്യനാമത്തിന്റെ മൂല ചതുരക്ഷര എബ്രായ രൂപം ഹെക്‌സാപ്ലായിൽ ഉണ്ട്‌. ദൈവത്തിന്റെ വ്യക്തിഗത പേരായ യഹോവ എന്ന നാമം ആദിമ ക്രിസ്‌ത്യാനികൾക്ക്‌ അറിയാമായിരുന്നെന്നും അവർ അത്‌ ഉപയോഗിച്ചിരുന്നെന്നും ഉള്ളതിന്‌ ഇത്‌ ഒരു പ്രധാനപ്പെട്ട തെളിവാണ്‌. എന്നിരുന്നാലും, അഞ്ചാം നൂറ്റാണ്ടിലെ ഒരു സഭാ പിതാവായ തിയോഫിലസ്‌ ഒരിക്കൽ ഇങ്ങനെ മുന്നറിയിപ്പു നൽകി: “ഓറിജന്റെ കൃതികൾ എല്ലാത്തരം പൂക്കളും ഉള്ള ഒരു പുൽത്തകിടി പോലെയാണ്‌. മനോഹരമായ ഒരു പൂവ്‌ കണ്ടാൽ ഞാൻ അതു പറിച്ചെടുക്കും; എന്നാൽ ഏതെങ്കിലുമൊന്ന്‌ മുള്ളുനിറഞ്ഞതാണെന്നു കണ്ടാൽ ഞാൻ അത്‌ ഒഴിവാക്കും.”

ബൈബിൾ പഠിപ്പിക്കലിനെ ഗ്രീക്കു തത്ത്വചിന്തയുമായി കൂട്ടിക്കലർത്തിയതു നിമിത്തം ഓറിജന്റെ ദൈവശാസ്‌ത്രം തെറ്റുകൾ നിറഞ്ഞതായിത്തീർന്നു. അതിന്റെ പ്രത്യാഘാതങ്ങൾ ക്രൈസ്‌തവലോകത്തിന്‌ വിപത്‌കരമായിരുന്നു. ദൃഷ്ടാന്തത്തിന്‌, ഓറിജന്റെ അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങൾ മിക്കവയും പിൽക്കാലത്ത്‌ തിരസ്‌കരിക്കപ്പെട്ടെങ്കിലും ക്രിസ്‌തുവിന്റെ “നിത്യജനനം” സംബന്ധിച്ച ഓറിജന്റെ വീക്ഷണങ്ങൾ ബൈബിൾ വിരുദ്ധ ത്രിത്വോപദേശത്തിന്‌ അടിത്തറ പാകി. ആദ്യ മൂന്നു നൂറ്റാണ്ടുകളിലെ സഭ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ വിശദീകരിക്കുന്നു: “[ഓറിജൻ അവതരിപ്പിച്ച] തത്ത്വചിന്തയ്‌ക്കു മുൻതൂക്കം കൊടുക്കുന്ന രീതി പെട്ടെന്നൊന്നും അവസാനിക്കുമായിരുന്നില്ല.” അതിന്റെ ഫലമെന്തായിരുന്നു? “ക്രിസ്‌തീയ വിശ്വാസത്തിന്റെ ലാളിത്യം നഷ്ടമായി, സഭയിലേക്ക്‌ തെറ്റുകൾ അനന്തമായി പ്രവഹിച്ചു.”

“ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞുനില്‌”ക്കാനുള്ള പൗലൊസ്‌ അപ്പൊസ്‌തലന്റെ ഉദ്‌ബോധനത്തിനു ചെവികൊടുത്തുകൊണ്ട്‌ വിശ്വാസത്യാഗത്തെ പ്രോത്സാഹിപ്പിക്കുന്നത്‌ ഒഴിവാക്കാൻ ഓറിജന്‌ കഴിയുമായിരുന്നു. അതിനു പകരം, തന്റെ പഠിപ്പിക്കലുകളിൽ മിക്കവയെയും അത്തരം “ജ്ഞാന”ത്തിൽ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്‌ ഓറിജൻ “വിശ്വാസം വിട്ടു തെറ്റിപ്പോയി.”​—⁠1 തിമൊഥെയൊസ്‌ 6:​20, 21; കൊലൊസ്സ്യർ 2:⁠8.

[31-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ ദൈവനാമം ഉപയോഗിച്ചിരുന്നെന്ന്‌ ഓറിജന്റെ “ഹെക്‌സാപ്ലാ” പ്രകടമാക്കുന്നു

[കടപ്പാട്‌]

Published by permission of the Syndics of Cambridge University Library, T-S 12.182

[29-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Culver Pictures