വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ ‘നന്മതിന്മകളെ തിരിച്ചറിയാൻ’ കഴിയുന്നുവോ?

നിങ്ങൾക്ക്‌ ‘നന്മതിന്മകളെ തിരിച്ചറിയാൻ’ കഴിയുന്നുവോ?

നിങ്ങൾക്ക്‌ ‘നന്മതിന്മകളെ തിരിച്ചറിയാൻ’ കഴിയുന്നുവോ?

“കർത്താവിനു സ്വീകാര്യമായത്‌ എന്തെന്നു പരിശോധിച്ച്‌ ഉറപ്പുവരുത്തുന്നതിൽ തുടരുവിൻ.”​—⁠എഫെസ്യർ 5:​10, NW.

1. ജീവിതം ഇന്ന്‌ കുഴപ്പിക്കുന്നത്‌ ആയിരിക്കുന്നത്‌ ഏതു വിധത്തിൽ, എന്തുകൊണ്ട്‌?

“യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെമ്യാവു 10:23) യിരെമ്യാവു മനസ്സിലാക്കിയ ആ പ്രധാന വസ്‌തുത ഇന്നു ജീവിക്കുന്ന നമ്മെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും അർഥവത്താണ്‌. എന്തുകൊണ്ട്‌? കാരണം, ബൈബിൾ മുൻകൂട്ടി പറഞ്ഞ ‘ദുർഘടസമയങ്ങളിലാണു’ നാം ജീവിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:⁠1) തീരുമാനങ്ങൾ എടുക്കേണ്ടതായ കുഴപ്പിക്കുന്ന സാഹചര്യങ്ങളെ നാം ദിവസവും അഭിമുഖീകരിക്കുന്നു. വലുതോ ചെറുതോ ആയിക്കൊള്ളട്ടെ ഈ തീരുമാനങ്ങൾക്ക്‌ നമ്മുടെ ശാരീരികവും വൈകാരികവും ആത്മീയവുമായ ക്ഷേമത്തെ സാരമായി ബാധിക്കാൻ കഴിയും.

2. ഏതു തിരഞ്ഞെടുപ്പുകൾ നിസ്സാരമാണെന്നു തോന്നിയേക്കാം, എന്നാൽ സമർപ്പിത ക്രിസ്‌ത്യാനികൾ അവയെ എങ്ങനെ വീക്ഷിക്കുന്നു?

2 അനുദിന ജീവിതത്തിൽ നാം നടത്തുന്ന പല തിരഞ്ഞെടുപ്പുകളും ദിനചര്യയുടെ ഭാഗം മാത്രമാണെന്ന്‌, വളരെ നിസ്സാരമാണെന്ന്‌ തോന്നിയേക്കാം. ഉദാഹരണത്തിന്‌, എന്തു ധരിക്കണം, എന്തു ഭക്ഷിക്കണം, ആരെയൊക്കെ കാണണം എന്നിങ്ങനെയുള്ള ധാരാളം തിരഞ്ഞെടുപ്പുകൾ നാം ദിവസവും നടത്തുന്നു. ഏറെക്കുറെ യാന്ത്രികമായ ഒരു വിധത്തിൽ, അധികമൊന്നും ചിന്തിക്കാതെയാണ്‌ നാം ഈ തിരഞ്ഞെടുപ്പുകൾ നടത്തുന്നത്‌. എന്നാൽ ഇത്തരം സംഗതികൾ യഥാർഥത്തിൽ നിസ്സാരമാണോ? സമർപ്പിത ക്രിസ്‌ത്യാനികളായ നാം അവയെ വളരെ ഗൗരവപൂർവം വീക്ഷിക്കുന്നു. വസ്‌ത്രധാരണം, ചമയം, ഭക്ഷണപാനീയങ്ങൾ, സംസാരം, നടത്ത എന്നിവയുമായി ബന്ധപ്പെട്ട നമ്മുടെ തിരഞ്ഞെടുപ്പുകൾ എപ്പോഴും അത്യുന്നത ദൈവമായ യഹോവയുടെ ദാസരെന്ന നിലയിലുള്ള നമ്മുടെ സ്ഥാനത്തിനു യോജിച്ചത്‌ ആയിരിക്കണമെന്ന്‌ നമുക്കു നിർബന്ധമുണ്ട്‌. അപ്പൊസ്‌തലനായ പൗലൊസിന്റെ വാക്കുകൾ നാം ഓർക്കുന്നു: “നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്‌താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.”​—⁠1 കൊരിന്ത്യർ 10:31; കൊലൊസ്സ്യർ 4:6; 1 തിമൊഥെയൊസ്‌ 2:​9, 10.

3. കൂടുതൽ ഗൗരവമേറിയ ചില തിരഞ്ഞെടുപ്പുകൾ ഏവ?

3 ഇനി, അതിലും ഗൗരവമേറിയ മറ്റു തിരഞ്ഞെടുപ്പുകളും ഉണ്ട്‌. ഉദാഹരണത്തിന്‌, വിവാഹം കഴിക്കണോ വേണ്ടയോ എന്നതു സംബന്ധിച്ച ഒരു വ്യക്തിയുടെ തീരുമാനം അയാളുടെ മുഴു ജീവിതത്തെയും ബാധിക്കും. ആരെ വിവാഹം ചെയ്യണമെന്നു തീരുമാനിക്കുന്നത്‌ അതായത്‌ പറ്റിയ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത്‌ തീർച്ചയായും ഒരു നിസ്സാര സംഗതിയല്ല. * (സദൃശവാക്യങ്ങൾ 18:​22, NW) കൂടാതെ, സുഹൃത്തുക്കൾ, സഹകാരികൾ, വിദ്യാഭ്യാസം, തൊഴിൽ, വിനോദം എന്നിവയുടെ കാര്യത്തിൽ നാം നടത്തുന്ന തിരഞ്ഞെടുപ്പുകൾ നമ്മുടെ ആത്മീയതയെ​—⁠അതുകൊണ്ടുതന്നെ നമ്മുടെ നിത്യ ക്ഷേമത്തെ​—⁠വലിയ അളവിൽ ഒരുപക്ഷേ നിർണായകമായ വിധത്തിൽ പോലും ബാധിക്കും.​—⁠റോമർ 13:​13, 14; എഫെസ്യർ 5:​3, 4.

4. (എ) ഏതു പ്രാപ്‌തി ഉണ്ടായിരിക്കുന്നത്‌ വളരെ അഭികാമ്യം ആയിരിക്കും? (ബി) ഏതു ചോദ്യങ്ങൾ പരിചിന്തനം അർഹിക്കുന്നു?

4 ഇതെല്ലാം കണക്കിലെടുക്കുമ്പോൾ നന്മയും തിന്മയും അഥവാ ശരിയും തെറ്റും വേർതിരിച്ചറിയാനുള്ള, അല്ലെങ്കിൽ ശരിയെന്നു തോന്നുന്നതും യഥാർഥത്തിൽ ശരിയായതും ഏതെന്നു മനസ്സിലാക്കാനുള്ള കഴിവ്‌ തീർച്ചയായും അഭികാമ്യമാണ്‌. “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ” എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 14:12) അപ്പോൾ നാം ചോദിച്ചേക്കാം: ‘നന്മതിന്മകളെ തിരിച്ചറിയാനുള്ള പ്രാപ്‌തി നമുക്ക്‌ എങ്ങനെ വളർത്തിയെടുക്കാനാകും? തീരുമാനങ്ങൾ എടുക്കുമ്പോൾ ആവശ്യമായ മാർഗനിർദേശത്തിനായി നമുക്ക്‌ എങ്ങോട്ടു തിരിയാൻ കഴിയും? മുൻകാലങ്ങളിലെയും ഇപ്പോഴത്തെയും ആളുകൾ ഇതിനോടുള്ള ബന്ധത്തിൽ എങ്ങനെ പ്രവർത്തിച്ചിരിക്കുന്നു, അതിന്റെ ഫലം എന്തായിരുന്നു?’

ലോകത്തിന്റെ ‘തത്ത്വചിന്തയും പൊള്ളയായ വഞ്ചനയും’

5. എങ്ങനെയുള്ള ഒരു ലോകത്തിലാണ്‌ ആദിമ ക്രിസ്‌ത്യാനികൾ ജീവിച്ചത്‌?

5 ഗ്രീക്ക്‌-റോമൻ തത്ത്വങ്ങളും ആദർശങ്ങളും ആധിപത്യം പുലർത്തിയിരുന്ന ഒരു ലോകത്തിലാണ്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ ജീവിച്ചിരുന്നത്‌. ഒരു വശത്ത്‌, അനേകരും അസൂയാവഹം എന്നു കരുതിയ ആഡംബരപൂർണമായ റോമൻ ജീവിതരീതി. മറുവശത്ത്‌, അന്നത്തെ ധൈഷണിക വൃന്ദത്തെ ആവേശം കൊള്ളിച്ച തത്ത്വജ്ഞാനപരമായ ആശയങ്ങൾ. പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നിവരുടെ തത്ത്വചിന്തകൾക്കു പുറമേ എപ്പിക്കൂര്യർ, സ്‌തോയിക്കർ തുടങ്ങിയവരുടെ നവീന ചിന്താധാരകളും അന്ന്‌ നിലവിൽ ഉണ്ടായിരുന്നു. തന്റെ രണ്ടാമത്തെ മിഷനറി യാത്രയ്‌ക്കിടയിൽ ഏഥൻസിലെത്തിയ പൗലൊസ്‌ അപ്പൊസ്‌തലന്‌, തങ്ങൾ ‘ഈ വിടുവായനായ’ പൗലൊസിനെക്കാൾ ശ്രേഷ്‌ഠരാണെന്നു കരുതിയ എപ്പിക്കൂര്യരെയും സ്‌തോയിക്കരെയും നേരിടേണ്ടി വന്നു.​—⁠പ്രവൃത്തികൾ 17:⁠18.

6. (എ) ആദിമ ക്രിസ്‌ത്യാനികളിൽ ചിലർ എന്തു ചെയ്യാൻ പ്രലോഭിപ്പിക്കപ്പെട്ടു? (ബി) പൗലൊസ്‌ എന്തു മുന്നറിയിപ്പു നൽകി?

6 അതുകൊണ്ട്‌, തങ്ങൾക്കു ചുറ്റുമുള്ള ആളുകളുടെ ആഡംബരപൂർണമായ ജീവിതരീതികൾ ആദിമ ക്രിസ്‌ത്യാനികളിൽ ചിലരെ ആകർഷിച്ചത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. (2 തിമൊഥെയൊസ്‌ 4:10) ആ വ്യവസ്ഥിതിയുടെ ഭാഗമായിരുന്നവർ പല പ്രയോജനങ്ങൾ ആസ്വദിച്ചിരുന്നതായും അവരുടെ തിരഞ്ഞെടുപ്പുകൾ ജ്ഞാനപൂർവകമായിരുന്നതായും കാണപ്പെട്ടു. സമർപ്പിത ക്രിസ്‌തീയ ജീവിതരീതിക്ക്‌ നൽകാൻ കഴിയാത്ത വിലപ്പെട്ട എന്തോ ലോകം വെച്ചുനീട്ടുന്നതായി തോന്നിച്ചു. എന്നിരുന്നാലും അപ്പൊസ്‌തലനായ പൗലൊസ്‌ ഈ മുന്നറിയിപ്പു നൽകി: “തത്ത്വചിന്തയ്‌ക്കും പൊള്ളയായ വഞ്ചനയ്‌ക്കും ഇരയാകാതിരിക്കാൻ സൂക്ഷിക്കുക. അവയുടെ ഉറവിടം, മാനുഷിക പാരമ്പര്യങ്ങളും പ്രാപഞ്ചികമായ ആദ്യതത്ത്വങ്ങളുമാണ്‌; ക്രിസ്‌തുവല്ല.” (കൊലൊസ്സ്യർ 2:⁠8, ഓശാന ബൈബിൾ) പൗലൊസ്‌ എന്തുകൊണ്ടാണ്‌ അങ്ങനെ പറഞ്ഞത്‌?

7. ലോകജ്ഞാനത്തിന്റെ യഥാർഥ മൂല്യം എന്ത്‌?

7 ലോകത്താൽ ആകർഷിക്കപ്പെട്ടവരുടെ ചിന്താരീതിക്കു പിന്നിൽ യഥാർഥ അപകടം പതിയിരിപ്പുണ്ടെന്നു മനസ്സിലാക്കിയതിനാലാണ്‌ പൗലൊസ്‌ ആ മുന്നറിയിപ്പു നൽകിയത്‌. ‘തത്ത്വചിന്തയും പൊള്ളയായ വഞ്ചനയും’ എന്ന അവന്റെ പ്രയോഗം വിശേഷിച്ചും അർഥവത്താണ്‌. “തത്ത്വചിന്ത” എന്നതിന്റെ ആംഗലേയ പദമായ ‘ഫിലോസഫി’യുടെ അക്ഷരീയ അർഥം “ജ്ഞാനത്തോടുള്ള സ്‌നേഹം, അത്‌ സമ്പാദിക്കാൻ വേണ്ടിയുള്ള പ്രയത്‌നം” എന്നാണ്‌. അത്‌ അതിൽത്തന്നെ പ്രയോജനപ്രദമായിരിക്കാം. വാസ്‌തവത്തിൽ ബൈബിൾ, വിശേഷിച്ചും സദൃശവാക്യങ്ങളുടെ പുസ്‌തകം യഥാർഥ അറിവും ജ്ഞാനവും സമ്പാദിക്കാനുള്ള പ്രയത്‌നത്തെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്‌. (സദൃശവാക്യങ്ങൾ 1:​1-7; 3:​13-18) എന്നിരുന്നാലും, പൗലൊസ്‌ “തത്ത്വചിന്ത”യെ “പൊള്ളയായ വഞ്ചന”യുമായി ബന്ധപ്പെടുത്തി. മറ്റു വാക്കുകളിൽ പറഞ്ഞാൽ, പൗലൊസ്‌ ലോകത്തിന്റെ ജ്ഞാനത്തെ പൊള്ളയും വഞ്ചനാത്മകവും ആയി വീക്ഷിച്ചു. ഊതിവീർപ്പിച്ച ഒരു ബലൂൺ പോലെ കാഴ്‌ചയ്‌ക്ക്‌ ഉറപ്പുള്ളതായി തോന്നുമെങ്കിലും അതിന്റെ അകം യഥാർഥത്തിൽ ശൂന്യമാണ്‌. നന്മയും തിന്മയും സംബന്ധിച്ച ഒരുവന്റെ തിരഞ്ഞെടുപ്പുകളെ, ലോകത്തിന്റെ ‘തത്ത്വചിന്തയും പൊള്ളയായ വഞ്ചനയും’ പോലെ അത്രയ്‌ക്കും ഈടില്ലാത്ത ഒന്നിൽ അടിസ്ഥാനപ്പെടുത്തുക എന്നത്‌ തീർച്ചയായും ബുദ്ധിശൂന്യം, വിപത്‌കരം പോലും ആയിരിക്കും.

“തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും” പറയുന്നവർ

8. (എ) ആളുകൾ ബുദ്ധിയുപദേശത്തിനായി ആരിലേക്കു തിരിയുന്നു? (ബി) ഏതുതരത്തിലുള്ള ഉപദേശം ആണ്‌ നൽകപ്പെടുന്നത്‌?

8 ഇന്നും സ്ഥിതിഗതികൾ ഏറെ വ്യത്യസ്‌തമല്ല. ഇന്ന്‌ ഏതു മേഖലയിലും ഇഷ്ടം പോലെ വിദഗ്‌ധരുണ്ട്‌. വിവാഹ-കുടുംബജീവിത ഉപദേഷ്ടാക്കൾ, ഉപദേശ പംക്തികൾ എഴുതുന്നവർ, സ്വപ്രഖ്യാപിത ചികിത്സകർ, ജ്യോതിഷക്കാർ, ആത്മ മധ്യവർത്തികൾ തുടങ്ങി പണം വാങ്ങി ബുദ്ധിയുപദേശം നൽകുന്നവർ നിരവധിയാണ്‌. എന്നാൽ ഇവരൊക്കെ നൽകുന്ന ബുദ്ധിയുപദേശം ഏതു തരത്തിൽ ഉള്ളതാണ്‌? സദാചാരം സംബന്ധിച്ച ബൈബിൾ നിലവാരങ്ങൾ തള്ളിക്കളഞ്ഞ്‌ തത്‌സ്ഥാനത്തു പുത്തൻ സദാചാരം എന്നു വിശേഷിപ്പിക്കുന്നത്‌ പ്രതിഷ്‌ഠിക്കുന്നതായാണ്‌ പലപ്പോഴും കണ്ടുവരുന്നത്‌. ഉദാഹരണത്തിന്‌, “ഒരേ ലിംഗവർഗത്തിൽ പെട്ടവർക്കിടയിലെ വിവാഹങ്ങൾ” രജിസ്റ്റർ ചെയ്യാൻ ഗവൺമെന്റ്‌ അനുമതി നൽകാത്തതിനെ കുറിച്ച്‌ കാനഡയിലെ ഒരു മുഖ്യ വർത്തമാനപ്പത്രമായ ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ അതിന്റെ ഒരു മുഖപ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: “ഒരേ ലിംഗവർഗത്തിൽ പെട്ടവരായിപ്പോയി എന്ന ഒറ്റ കാരണത്താൽ പരസ്‌പര സ്‌നേഹവും പ്രതിബദ്ധതയുമുള്ള ദമ്പതിമാർക്ക്‌ അവരുടെ ഏറ്റവും പ്രിയപ്പെട്ട ആഗ്രഹം നിഷേധിക്കുക എന്നത്‌ ഈ 2000-ാം ആണ്ടിൽ തീർത്തും അപഹാസ്യമാണ്‌.” എല്ലാത്തിനോടും സഹിഷ്‌ണുത പുലർത്താനും ഒന്നിനെയും വിമർശിക്കാതിരിക്കാനുമുള്ള ഒരു ചായ്‌വാണ്‌ ഇപ്പോൾ കണ്ടുവരുന്നത്‌. എല്ലാം ആപേക്ഷികമാണെന്ന്‌ അതായത്‌ കാര്യങ്ങളെല്ലാം ഓരോരുത്തരുടെയും വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന്‌ കരുതപ്പെടുന്നു. ശരിയും തെറ്റും സംബന്ധിച്ച്‌ മേലാൽ കൃത്യമായ ഏതെങ്കിലും മാനദണ്ഡമില്ല.​—⁠സങ്കീർത്തനം 10:​3, 4.

9. സമൂഹം ആദരണീയരായി കണക്കാക്കുന്ന വ്യക്തികൾ പലപ്പോഴും എന്തു ചെയ്യുന്നു?

9 ഇനി, തീരുമാനങ്ങൾ എടുക്കുന്നതിൽ മാതൃകകളായി മറ്റു ചിലർ സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ വിജയം കൈവരിച്ചിട്ടുള്ളവരിലേക്കു നോക്കുന്നു. പണവും പ്രശസ്‌തിയും ഉള്ളവരെ സമൂഹം ഇന്ന്‌ ആദരണീയരായി വീക്ഷിക്കുന്നെങ്കിലും പലപ്പോഴും ഇത്തരം ആളുകൾ സത്യസന്ധത, ആശ്രയയോഗ്യത എന്നിങ്ങനെയുള്ള ഗുണങ്ങളെ കുറിച്ചു പ്രസംഗിക്കുക മാത്രം ചെയ്യുന്നവരാണ്‌. അധികാരവും ലാഭവും നേടാൻ കുറുക്കുവഴികൾ സ്വീകരിക്കുന്നതിനും ധാർമിക തത്ത്വങ്ങൾ ചവിട്ടി മെതിക്കുന്നതിനും പലർക്കും യാതൊരു സങ്കോചവുമില്ല. പേരും പെരുമയും നേടുന്നതിന്‌ സുസ്ഥാപിത മൂല്യങ്ങളെയും നിലവാരങ്ങളെയും തട്ടിമാറ്റി അവയ്‌ക്കു പകരം വിചിത്രവും ഞെട്ടിക്കുന്നതുമായ പെരുമാറ്റരീതികൾ അവലംബിക്കാൻ ചിലർക്ക്‌ തെല്ലും മടിയില്ല. ഫലമോ? “എന്തും സ്വീകാര്യം” എന്നൊരു ചിന്താഗതിയുള്ള, ലാഭത്തിൽ മാത്രം കണ്ണുനട്ടിരിക്കുന്ന ഒരു സമൂഹത്തെ അവർ വാർത്തെടുത്തിരിക്കുന്നു. നന്മ ഏത്‌ തിന്മ ഏത്‌ എന്നതു സംബന്ധിച്ച്‌ ആളുകൾ ചിന്താക്കുഴപ്പത്തിൽ ആയിരിക്കുന്നതിൽ അതിശയിക്കാനുണ്ടോ?​—⁠ലൂക്കൊസ്‌ 6:⁠39.

10. നന്മയും തിന്മയും സംബന്ധിച്ച യെശയ്യാവിന്റെ വാക്കുകൾ സത്യമെന്നു തെളിഞ്ഞിരിക്കുന്നത്‌ എങ്ങനെ?

10 തെറ്റായ മാർഗനിർദേശത്തെ അടിസ്ഥാനപ്പെടുത്തി എടുക്കുന്ന ബുദ്ധിശൂന്യമായ തീരുമാനങ്ങളുടെ ദാരുണഫലങ്ങൾ ഇന്ന്‌ നമുക്കു ചുറ്റും കാണാൻ കഴിയും. ദാമ്പത്യ-കുടുംബ തകർച്ചകൾ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദുരുപയോഗം, അക്രമാസക്തരായ യുവ സംഘങ്ങൾ, ലൈംഗിക അരാജകത്വം, ലൈംഗികമായി പകരുന്ന രോഗങ്ങൾ എന്നിവ അവയിൽ ചിലതു മാത്രം. നന്മയും തിന്മയും സംബന്ധിച്ച സകല നിലവാരങ്ങളും മാനദണ്ഡങ്ങളും ആളുകൾ കാറ്റിൽ പറത്തിയിരിക്കുമ്പോൾ വാസ്‌തവത്തിൽ മറ്റെന്താണ്‌ നമുക്കു പ്രതീക്ഷിക്കാനാവുക? (റോമർ 1:​28-32) യെശയ്യാ പ്രവാചകന്റെ ഈ വാക്കുകൾ അക്ഷരംപ്രതി നിറവേറിക്കൊണ്ടിരിക്കുകയാണ്‌: “തിന്മെക്കു നന്മ എന്നും നന്മെക്കു തിന്മ എന്നും പേർ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കൈപ്പും ആക്കുകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! തങ്ങൾക്കുതന്നേ ജ്ഞാനികളായും തങ്ങൾക്കു തന്നേ വിവേകികളായും തോന്നുന്നവർക്കു അയ്യോ കഷ്ടം!”​—⁠യെശയ്യാവു 5:​20, 21.

11. നന്മയും തിന്മയും ഏതെന്നു നിശ്ചയിക്കാൻ തന്നിൽത്തന്നെ ആശ്രയിക്കുന്നത്‌ വിഡ്‌ഢിത്തം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

11 ‘തങ്ങൾക്കുതന്നേ ജ്ഞാനികളായി’ തോന്നിയ പുരാതനകാലത്തെ യഹൂദന്മാരോട്‌ ദൈവം കണക്കു ചോദിച്ചെന്ന വസ്‌തുത, നന്മയേത്‌ തിന്മയേത്‌ എന്നു സ്വയം തീരുമാനിക്കുന്നത്‌ ഒഴിവാക്കുന്നതിനുള്ള കൂടുതൽ ശക്തമായ കാരണം നമുക്കു നൽകുന്നു. ഇന്നു പലരും “ഹൃദയത്തിന്റെ ശബ്ദത്തിനു ചെവികൊടുക്കുക” അല്ലെങ്കിൽ “ശരിയെന്നു തോന്നുന്നതു ചെയ്യുക” എന്നിങ്ങനെയുള്ള ആശയങ്ങൾ വെച്ചുപുലർത്തുന്നവരാണ്‌. എന്നാൽ അത്തരമൊരു സമീപനം ജ്ഞാനപൂർവകമാണോ? ബൈബിൾ അനുസരിച്ച്‌ അല്ല. അത്‌ വ്യക്തമായി ഇങ്ങനെ പറയുന്നു: “ഹൃദയം മറ്റെന്തിനേക്കാളും കാപട്യമുള്ളതാണ്‌; ശോചനീയമാംവിധം ദുഷിച്ചതുമാണ്‌. അതിനെ ആർക്കാണു മനസ്സിലാക്കാൻ കഴിയുക?” (യിരെമ്യാവു 17:⁠9, പി.ഒ.സി. ബൈബിൾ) തീരുമാനം എടുക്കുന്നതിൽ നിങ്ങളെ സഹായിക്കാൻ കാപട്യം നിറഞ്ഞ, ദുഷിച്ച ഒരു വ്യക്തിയെ നിങ്ങൾ ആശ്രയിക്കുമോ? തീർച്ചയായും ഇല്ല. മറിച്ച്‌, നിങ്ങൾ അയാൾ പറയുന്നതിന്റെ നേർ വിപരീതം ചെയ്യാനാണു കൂടുതൽ സാധ്യത. അതുകൊണ്ടാണ്‌ ബൈബിൾ നമ്മെ ഇങ്ങനെ ഓർമിപ്പിക്കുന്നത്‌: “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.”​—⁠സദൃശവാക്യങ്ങൾ 3:​5-7; 28:⁠26.

ദൈവത്തിനു സ്വീകാര്യമായത്‌ എന്തെന്നു മനസ്സിലാക്കുക

12. “ദൈവഹിതം” എന്താണെന്ന്‌ നാം ഉറപ്പുവരുത്തേണ്ടത്‌ എന്തുകൊണ്ട്‌?

12 നന്മതിന്മകളുടെ കാര്യത്തിൽ ലോകത്തിന്റെ ജ്ഞാനത്തിലോ നമ്മിൽത്തന്നെയോ ആശ്രയിക്കരുതാത്തതിനാൽ, പിന്നെ നാം എന്തു ചെയ്യണം? അപ്പൊസ്‌തലനായ പൗലൊസിന്റെ വ്യക്തമായ ഈ ബുദ്ധിയുപദേശം ശ്രദ്ധിക്കുക: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു [“സ്വയം ഉറപ്പു വരുത്തേണ്ടതിനു,” NW] മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:⁠2) ദൈവഹിതം എന്താണെന്ന്‌ നാം ഉറപ്പുവരുത്തേണ്ടത്‌ എന്തുകൊണ്ട്‌? പിൻവരുന്ന പ്രകാരം പറഞ്ഞുകൊണ്ട്‌ വളച്ചുകെട്ടില്ലാത്തതും ശക്തവുമായ ഒരു കാരണം യഹോവ ബൈബിളിൽ നൽകിയിരിക്കുന്നു: “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു.” (യെശയ്യാവു 55:⁠9) അതുകൊണ്ട്‌, സാമാന്യബോധം എന്നു വിളിക്കപ്പെടുന്നതിനെയോ സ്വന്തം തോന്നലുകളെയോ ആശ്രയിച്ചു കാര്യങ്ങൾ ചെയ്യുന്നതിനു പകരം ‘കർത്താവിന്നു സ്വീകാര്യമായത്‌ എന്തെന്നു പരിശോധിച്ച്‌ ഉറപ്പുവരുത്തുന്നതിൽ തുടരാനുള്ള’ ബുദ്ധിയുപദേശമാണു നമുക്ക്‌ ലഭിക്കുന്നത്‌.​—⁠എഫെസ്യർ 5:⁠10, NW.

13. ദൈവത്തിനു സ്വീകാര്യമായത്‌ എന്തെന്ന്‌ അറിയേണ്ടതിന്റെ പ്രാധാന്യത്തിന്‌ യോഹന്നാൻ 17:​3-ലെ യേശുവിന്റെ വാക്കുകൾ ഊന്നൽ നൽകുന്നത്‌ എങ്ങനെ?

13 “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു” എന്നു പറഞ്ഞപ്പോൾ യേശുക്രിസ്‌തു ഈ ആവശ്യത്തിന്‌ ഊന്നൽ നൽകി. (യോഹന്നാൻ 17:⁠3) ‘അറിയുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല ഗ്രീക്ക്‌ പദത്തിനു വളരെ ആഴമായ ഒരു അർഥമാണുള്ളത്‌. വൈൻസ്‌ എക്‌സ്‌പോസിറ്ററി ഡിക്‌ഷണറി പറയുന്നതനുസരിച്ച്‌, അത്‌ “അറിയുന്ന വ്യക്തിയും ആരെ അല്ലെങ്കിൽ എന്തിനെ അറിയുന്നുവോ അതും തമ്മിലുള്ള ഒരു ബന്ധത്തെ സൂചിപ്പിക്കുന്നു; ഇവിടെ, അറിയുന്ന ആളിനെ സംബന്ധിച്ചിടത്തോളം എന്തിനെ അറിയുന്നുവോ അത്‌ മൂല്യമുള്ളത്‌ അഥവാ പ്രധാനപ്പെട്ടത്‌ ആണ്‌, അതുപോലെതന്നെയാണ്‌ സ്ഥാപിക്കപ്പെടുന്ന ബന്ധവും.” ആരെങ്കിലുമായി ഒരു ബന്ധം ഉണ്ടായിരിക്കുകയെന്നാൽ ആ വ്യക്തി ആരാണെന്നോ അയാളുടെ പേര്‌ എന്താണെന്നോ കേവലം അറിയുക എന്നല്ല അർഥം. അതിൽ ആ വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾ, മൂല്യങ്ങൾ, നിലവാരങ്ങൾ എന്നിവയെക്കുറിച്ചൊക്കെ അറിയുന്നതും അവയെ മാനിക്കുന്നതും ഉൾപ്പെടുന്നു.​—⁠1 യോഹന്നാൻ 2:3; 4:⁠8.

നമ്മുടെ ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കൽ

14. ആത്മീയ ശിശുക്കളും പക്വമതികളും തമ്മിലുള്ള മുഖ്യ വ്യത്യാസം എന്താണെന്നാണു പൗലൊസ്‌ പറഞ്ഞത്‌?

14 അങ്ങനെയെങ്കിൽ, നന്മതിന്മകളെ തിരിച്ചറിയാനുള്ള പ്രാപ്‌തി നമുക്ക്‌ എങ്ങനെ നേടാൻ കഴിയും? ഒന്നാം നൂറ്റാണ്ടിലെ എബ്രായ ക്രിസ്‌ത്യാനികൾക്കുള്ള പൗലൊസിന്റെ വാക്കുകൾ അതിന്‌ ഉത്തരം നൽകുന്നു. അവൻ എഴുതി: “പാൽ കുടിക്കുന്നവൻ എല്ലാം നീതിയുടെ വചനത്തിൽ പരിചയമില്ലാത്തവനത്രേ; അവൻ ശിശുവല്ലോ. കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ [“പക്വമതികൾക്ക്‌, . . . തങ്ങളുടെ ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിച്ചിരിക്കുന്നവർക്ക്‌,” NW] പറ്റുകയുള്ളു.” ഇവിടെ പൗലൊസ്‌, ‘ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങൾ’ എന്നു മുൻവാക്യത്തിൽ വിശേഷിപ്പിച്ച ‘പാലിനെയും,’ ‘നന്മതിന്മകളെ തിരിച്ചറിയാൻ’ തങ്ങളുടെ ‘ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിച്ചിരിക്കുന്ന പക്വമതികൾ’ കഴിക്കുന്ന ‘കട്ടിയായ ആഹാരത്തെയും’ വിപരീത താരതമ്യം ചെയ്യുന്നു.​—⁠എബ്രായർ 5:​12-14.

15. ദൈവത്തെ കുറിച്ചുള്ള സൂക്ഷ്‌മ പരിജ്ഞാനം ഉൾക്കൊള്ളുന്നതിൽ കഠിന ശ്രമം ഉൾപ്പെട്ടിരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 ഇതിന്റെ അർഥം, ആദ്യം തന്നെ ദൈവവചനമായ ബൈബിളിൽ അടങ്ങിയിട്ടുള്ള ദൈവത്തിന്റെ നിലവാരങ്ങൾ സംബന്ധിച്ച്‌ സൂക്ഷ്‌മമായ ഗ്രാഹ്യം നേടാൻ നാം പരിശ്രമിക്കണം എന്നാണ്‌. എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നു പറയുന്ന നിയമങ്ങളുടെ ഒരു പട്ടികയ്‌ക്കായല്ല നാം നോക്കുന്നത്‌. ബൈബിൾ അത്തരത്തിലുള്ള ഒരു ഗ്രന്ഥമല്ല. മറിച്ച്‌ പൗലൊസ്‌ വിശദീകരിച്ചതുപോലെ, “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊഥെയൊസ്‌ 3:​16, 17) ബൈബിളിന്റെ ഉപദേശത്തിൽനിന്നും ശാസനയിൽനിന്നും അഭ്യാസത്തിൽനിന്നും പ്രയോജനം നേടണമെങ്കിൽ നാം നമ്മുടെ മനസ്സും ചിന്താ പ്രാപ്‌തികളും ഉപയോഗിക്കാൻ പഠിക്കേണ്ടതുണ്ട്‌. അതിനു ശ്രമം ആവശ്യമാണ്‌. എന്നാൽ അതു തക്ക മൂല്യമുള്ളതാണ്‌. കാരണം ‘സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആയിത്തീരാൻ’ അതു നമ്മെ സഹായിക്കും.​—⁠സദൃശവാക്യങ്ങൾ 2:​3-6.

16. ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കുക എന്നതിന്റെ അർഥം എന്ത്‌?

16 കൂടാതെ, പൗലൊസ്‌ സൂചിപ്പിച്ചതു പോലെ പക്വതയുള്ളവർ ‘നന്മതിന്മകളെ തിരിച്ചറിയാൻ തങ്ങളുടെ ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിച്ചിരിക്കും.’ ഇവിടെ നാം കാര്യത്തിന്റെ കാതലായ ഭാഗത്തേക്കു കടക്കുന്നു. ‘ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കുക’ എന്ന പ്രയോഗത്തിന്റെ അക്ഷരീയ അർഥം ‘ഒരു കായികാഭ്യാസിയെ പോലെ ഇന്ദ്രിയങ്ങളെ അഭ്യസിപ്പിക്കുക’ എന്നാണ്‌. (രാജ്യവരിമധ്യ ഭാഷാന്തരം) പരിചയസമ്പന്നരായ ഞാണിന്മേൽ കളിക്കാരെയും കമ്പിനടത്തക്കാരെയും പോലെയുള്ള കായികാഭ്യാസികൾക്ക്‌ ഗുരുത്വാകർഷണത്തെയോ മറ്റു പ്രകൃതി നിയമങ്ങളെയോ വെല്ലുന്നതെന്നു തോന്നിക്കുന്ന നിമിഷനേര പ്രകടനങ്ങൾ കാഴ്‌ചവെക്കാൻ കഴിയും. അത്തരമൊരു കായികാഭ്യാസിക്ക്‌ തന്റെ ശരീരാവയവങ്ങളുടെ മേൽ എല്ലായ്‌പോഴും പൂർണ നിയന്ത്രണം ഉണ്ട്‌. തന്റെ പ്രകടനം വിജയകരമായി പൂർത്തീകരിക്കാൻ അടുത്തതായി നടത്തേണ്ട നീക്കം ഏതാണ്ടു സ്വാഭാവികമായിത്തന്നെ അയാൾക്കു വരുന്നു. ഇതെല്ലാം നിരന്തരമായ കഠിന പരിശീലനത്തിന്റെ ഫലമാണ്‌.

17. നാം ഒരു കായികാഭ്യാസിയെ പോലെ ആയിരിക്കേണ്ടത്‌ ഏതു വിധത്തിൽ?

17 നമ്മുടെ തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും എല്ലായ്‌പോഴും ജ്ഞാനപൂർവകമാണെന്ന്‌ ഉറപ്പുണ്ടായിരിക്കണമെങ്കിൽ നാമും ഒരു ആത്മീയ അർഥത്തിൽ പരിശീലനം ലഭിച്ച ഒരു അഭ്യാസിയെ പോലെ ആയിരിക്കണം. ഏതു സമയത്തും നമുക്ക്‌ നമ്മുടെ ഇന്ദ്രിയങ്ങളുടെയും ശരീരാവയവങ്ങളുടെയും മേൽ പൂർണ നിയന്ത്രണം ഉണ്ടായിരിക്കണം. (മത്തായി 5:​29, 30; കൊലൊസ്സ്യർ 3:​5-10) ഉദാഹരണത്തിന്‌, അധാർമിക കാര്യങ്ങൾ കാണാതിരിക്കാൻ കണ്ണുകളെയും അധമമായ സംഗീതമോ സംഭാഷണമോ ശ്രദ്ധിക്കാതിരിക്കാൻ കാതുകളെയും നിങ്ങൾ പരിശീലിപ്പിച്ചിട്ടുണ്ടോ? ഇത്തരം അനാരോഗ്യകരമായ സംഗതികളുടെ കുത്തൊഴുക്കിൻ മധ്യേയാണ്‌ നാം ജീവിക്കുന്നത്‌ എന്നുള്ളത്‌ ശരിയാണ്‌. അപ്പോൾ പോലും അവയെ നമ്മുടെ ഹൃദയത്തിലും മനസ്സിലും വേരെടുക്കാൻ അനുവദിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്നതു നാമാണ്‌. “ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാൻ വെറുക്കുന്നു; അതു എന്നോടു ചേർന്നു പററുകയില്ല. . . . ഭോഷ്‌കു പറയുന്നവൻ എന്റെ മുമ്പിൽ ഉറെച്ചുനില്‌ക്കയില്ല” എന്നു പറഞ്ഞ സങ്കീർത്തനക്കാരനെ നമുക്ക്‌ അനുകരിക്കാം.​—⁠സങ്കീർത്തനം 101:​3, 7.

ഗ്രഹണപ്രാപ്‌തികളെ ഉപയോഗത്തിലൂടെ പരിശീലിപ്പിക്കുക

18. ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കുന്നതു സംബന്ധിച്ച പൗലൊസിന്റെ വിശദീകരണത്തിലെ “തഴക്കത്താൽ” എന്ന പ്രയോഗം സൂചിപ്പിക്കുന്നത്‌ എന്ത്‌?

18 നന്മതിന്മകളെ തിരിച്ചറിയാൻ തക്കവണ്ണം ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കുന്നത്‌ “തഴക്കത്താൽ” അഥവാ ഉപയോഗത്താലാണ്‌ എന്നതു മനസ്സിൽ പിടിക്കുക. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഓരോ തവണയും ഒരു തീരുമാനം എടുക്കേണ്ടതായി വരുമ്പോൾ ഏതൊക്കെ ബൈബിൾ തത്ത്വങ്ങളാണ്‌ ഉൾപ്പെട്ടിരിക്കുന്നതെന്നും അവ എങ്ങനെ ബാധകമാക്കാമെന്നും വിവേചിക്കാൻ നമ്മുടെ മാനസിക പ്രാപ്‌തികളെ ഉപയോഗിക്കാൻ നാം പഠിക്കേണ്ടതുണ്ട്‌. “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെ ലഭിക്കുന്ന ബൈബിൾ പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം നടത്തുന്നത്‌ ഒരു ശീലമാക്കിത്തീർക്കുക. (മത്തായി 24:​45, NW) നമുക്ക്‌ തീർച്ചയായും പക്വതയുള്ള ക്രിസ്‌ത്യാനികളുടെ സഹായം തേടാൻ കഴിയും. എന്നിരുന്നാലും, ദൈവവചനം പഠിക്കാൻ നാം ചെയ്യുന്ന വ്യക്തിപരമായ ശ്രമവും ഒപ്പം യഹോവയുടെ മാർഗദർശനത്തിനും ആത്മാവിനുമായുള്ള പ്രാർഥനയും കാലക്രമത്തിൽ സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തും.​—⁠എഫെസ്യർ 3:​14-19.

19. നമ്മുടെ ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കുന്നതിൽ തുടരുന്നെങ്കിൽ എന്ത്‌ അനുഗ്രഹങ്ങൾ ആസ്വദിക്കാനാവും?

19 ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കുന്നതിൽ തുടരവേ, “ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെററിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാററിനാൽ അലഞ്ഞുഴലുന്ന ശിശുക്കൾ ആയിരിക്ക”രുത്‌ എന്നതാണ്‌ നമ്മുടെ ലക്ഷ്യം. (എഫെസ്യർ 4:14) നേരെ മറിച്ച്‌, ദൈവത്തിനു സ്വീകാര്യം എന്താണ്‌ എന്നതു സംബന്ധിച്ച നമ്മുടെ പരിജ്ഞാനത്തെയും വിവേകത്തെയും അടിസ്ഥാനപ്പെടുത്തി ചെറുതും വലുതുമായ കാര്യങ്ങളിൽ നമുക്കുതന്നെ പ്രയോജനപ്രദവും സഹാരാധകരെ കെട്ടുപണി ചെയ്യുന്നതും സർവോപരി നമ്മുടെ സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കുന്നതുമായ ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കാൻ നമുക്കു കഴിയും. (സദൃശവാക്യങ്ങൾ 27:11) ഈ ദുർഘട സമയങ്ങളിൽ അത്‌ എത്ര വലിയ അനുഗ്രഹവും സംരക്ഷണവും ആയിരിക്കും!

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഡോക്‌ടർമാരായ തോമസ്‌ ഹോംസും റിച്ചാർഡ്‌ റേയും തയ്യാറാക്കിയ, ആളുകളുടെ ജീവിതത്തിൽ ഏറ്റവും അധികം പിരിമുറുക്കത്തിന്‌ ഇടയാക്കുന്ന 40-ലധികം കാര്യങ്ങളുടെ ഒരു പട്ടികയിൽ ഇണയുടെ മരണം, വിവാഹമോചനം, വേർപിരിയൽ എന്നിവയ്‌ക്കായിരുന്നു ആദ്യ മൂന്നു സ്ഥാനങ്ങൾ. വിവാഹിതരാകുന്നത്‌ ഏഴാമത്തെ സ്ഥാനത്ത്‌ ആയിരുന്നു.

നിങ്ങൾക്കു വിശദീകരിക്കാമോ?

• ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കുന്നതിന്‌ ഏതു പ്രാപ്‌തി ആവശ്യമാണ്‌?

• ശരിയും തെറ്റും എന്തെന്ന്‌ തീരുമാനിക്കുമ്പോൾ സമൂഹത്തിലെ ഉന്നതരെയോ നമ്മുടെ സ്വന്തം വികാരങ്ങളെയോ ആശ്രയിക്കുന്നത്‌ ബുദ്ധിശൂന്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• തീരുമാനങ്ങൾ എടുക്കുമ്പോൾ ദൈവത്തിനു സ്വീകാര്യമായത്‌ എന്തെന്ന്‌ നാം ഉറപ്പു വരുത്തേണ്ടത്‌ എന്തുകൊണ്ട്‌, ഇതു നമുക്ക്‌ എങ്ങനെ ചെയ്യാൻ കഴിയും?

• ‘നമ്മുടെ ഗ്രഹണപ്രാപ്‌തികളെ പരിശീലിപ്പിക്കുക’ എന്നതിന്റെ അർഥം എന്ത്‌?

[അധ്യയന ചോദ്യങ്ങൾ]

[9-ാം പേജിലെ ചിത്രം]

മാർഗദർശനത്തിനായി പണവും പ്രശസ്‌തിയും ഉള്ളവരിലേക്കു നോക്കുന്നത്‌ ബുദ്ധിശൂന്യമാണ്‌

[10-ാം പേജിലെ ചിത്രം]

ഒരു കായികാഭ്യാസിയെ പോലെ നമുക്ക്‌ നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളുടെയും ശരീരാവയവങ്ങളുടെയും മേൽ പൂർണ നിയന്ത്രണം ഉണ്ടായിരിക്കണം