നിങ്ങളുടെ യൗവനം വിജയകരമാക്കൽ
നിങ്ങളുടെ യൗവനം വിജയകരമാക്കൽ
സൗന്ദര്യം, സമ്പത്ത്, യൗവനം. ഇവയിൽ ഏതിനാണ് ഏറ്റവും പ്രാധാന്യം കൊടുക്കുന്നതെന്ന് യൂറോപ്പിലെ ഒരു രാജ്യത്തെ ജനങ്ങളോടു ചോദിച്ചു. ആളുകൾ ആദ്യം തിരഞ്ഞെടുത്തത് യൗവനം ആയിരുന്നു. അതേ, എല്ലാ പ്രായക്കാരും കൗമാര വർഷങ്ങളും 20-കളുടെ ആദ്യ വർഷങ്ങളും ജീവിതത്തിലെ പ്രത്യേകതയാർന്ന കാലഘട്ടമായി കണക്കാക്കുന്നു. യുവജനങ്ങൾ പൂർണ വളർച്ചയിലേക്കുള്ള പരിവർത്തനം വിജയകരമായി പൂർത്തിയാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ എങ്ങനെ?
ബൈബിളിന് ഇതിൽ സഹായിക്കാൻ കഴിയുമോ? തീർച്ചയായും. ദൈവവചനത്തിന് യുവജനങ്ങളെ പ്രത്യേകമായി സഹായിക്കാൻ കഴിയുന്ന രണ്ടു മണ്ഡലങ്ങൾ നമുക്കു നോക്കാം. ഒരുപക്ഷേ മറ്റേതൊരു പ്രായക്കാരെക്കാളും ഈ മണ്ഡലങ്ങളിൽ സഹായം ആവശ്യമുള്ളത് അവർക്കായിരിക്കാം.
മറ്റുള്ളവരുമായി ഒത്തുപോകൽ
ജർമനിയിലെ 5,000-ത്തിലധികം യുവജനങ്ങളുടെ മനോഭാവങ്ങളെയും മൂല്യങ്ങളെയും പെരുമാറ്റത്തെയും കുറിച്ചുള്ള വ്യാപകമായ ഒരു സർവേ സംബന്ധിച്ച റിപ്പോർട്ടാണ് യൂഗെന്റ് 2000. സംഗീതം കേൾക്കൽ, കായികവിനോദങ്ങളിൽ ഏർപ്പെടൽ, അല്ലെങ്കിൽ വെറുതെ ചുറ്റിക്കറങ്ങൽ എന്നിങ്ങനെയുള്ള ഉല്ലാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, യുവജനങ്ങൾ മിക്കപ്പോഴും സമപ്രായക്കാരുടെ കൂട്ടത്തിലായിരിക്കുമെന്ന് ആ സർവേ വെളിപ്പെടുത്തുന്നു. മറ്റു പ്രായക്കാരെ അപേക്ഷിച്ച് യുവജനങ്ങൾ തരപ്പടിക്കാരോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് യൗവനത്തിലെ വിജയം മറ്റുള്ളവരുമായി ഒത്തുപോകാനുള്ള ഒരുവന്റെ പ്രാപ്തിയെ ആശ്രയിച്ചിരിക്കുന്നു.
എന്നാൽ മറ്റുള്ളവരുമായി ഒത്തുപോകുന്നത് എപ്പോഴും അത്ര എളുപ്പമല്ല. തീർച്ചയായും, മനുഷ്യബന്ധങ്ങൾ നിലനിറുത്തുന്ന കാര്യത്തിലാണ് യുവതീയുവാക്കൾക്ക് പലപ്പോഴും പ്രശ്നങ്ങൾ ഉള്ളത്. ആ മണ്ഡലത്തിൽ തീർച്ചയായും ബൈബിളിനു സഹായിക്കാനാകും. സമനിലയുള്ള ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ യുവാക്കൾക്കുള്ള അടിസ്ഥാന മാർഗനിർദേശം ബൈബിളിൽ അടങ്ങിയിരിക്കുന്നു. ഇതു സംബന്ധിച്ച് ബൈബിൾ എന്താണു പറയുന്നത്?
മനുഷ്യബന്ധങ്ങളിലെ ഏറ്റവും പ്രധാന തത്ത്വങ്ങളിൽ ഒന്ന് സുവർണനിയമം എന്നു വിളിക്കപ്പെടുന്നതാണ്. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ” എന്നതാണ് ആ നിയമം. നാം മറ്റുള്ളവരോട് ആദരവോടും മാന്യതയോടും ദയയോടും കൂടെ ഇടപെടുമ്പോൾ അതേ വിധത്തിൽ തിരിച്ച് ഇടപെടാൻ അത് അവർക്ക് ഒരു പ്രചോദനമായി ഉതകും. ദയാവായ്പോടെയുള്ള പെരുമാറ്റം ഉരസലിന്റെയും പിരിമുറുക്കത്തിന്റെയും അന്തരീക്ഷത്തെ ഇല്ലാതാക്കുന്നു. മറ്റുള്ളവരോടു പരിഗണനയോടെ ഇടപെടുന്ന ഒരു വ്യക്തിയായി നിങ്ങൾ അറിയപ്പെടുന്നെങ്കിൽ, അത് ആളുകൾക്കിടയിൽ നിങ്ങൾക്ക് അംഗീകാരം നേടിത്തന്നേക്കും. മറ്റുള്ളവരുടെ അംഗീകാരം നേടുന്നത് സന്തോഷം കൈവരുത്തുന്ന ഒരു സംഗതിയല്ലേ?—മത്തായി 7:12.
‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കുക’ എന്നു ബൈബിൾ ബുദ്ധിയുപദേശിക്കുന്നു. നിങ്ങളെത്തന്നെ സ്നേഹിക്കുക എന്നതിന്റെ അർഥം ഒരുവൻ തനിക്കായിത്തന്നെ കരുതുകയും ആരോഗ്യാവഹമായ അളവിൽ—വളരെ കൂടിയതോ വളരെ കുറഞ്ഞതോ ആയ അളവിലല്ല—ആത്മാഭിമാനം പുലർത്തുകയും ചെയ്യുക എന്നാണ്. മത്തായി 22:39.
അതു സഹായകമായിരിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങൾക്കു നിങ്ങളോടുതന്നെ ബഹുമാനം ഇല്ലെങ്കിൽ, നിങ്ങൾ മറ്റുള്ളവരെ അമിതമായി വിമർശിച്ചേക്കാം. അങ്ങനെ അത് നല്ല ബന്ധങ്ങൾക്ക് ഒരു വിലങ്ങുതടി ആയിത്തീരുകയും ചെയ്തേക്കാം. ഈടുറ്റ ബന്ധങ്ങൾ വളർത്തിയെടുക്കാൻ കഴിയുന്ന ഒരു അടിസ്ഥാനമാണ് ആത്മാഭിമാനം.—സുഹൃദ്ബന്ധം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞാൽ, ആ ബന്ധം അരക്കിട്ടുറപ്പിക്കാൻ ഇരുകൂട്ടരും ശ്രമിക്കേണ്ടതുണ്ട്. ഒരു സൗഹൃദത്തിനായി സമയം ചെലവിടുന്നത് നിങ്ങളെ സന്തുഷ്ടനാക്കേണ്ടതുണ്ട്. കാരണം, “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.” നമുക്ക് കൊടുക്കാൻ കഴിയുന്ന ഒരു വിധം ക്ഷമിക്കലാണ്. നിസ്സാര തെറ്റുകൾ കണക്കിടാതിരിക്കുന്നതും മറ്റുള്ളവരിൽനിന്നു പൂർണത പ്രതീക്ഷിക്കാതിരിക്കുന്നതും അതിൽ ഉൾപ്പെടുന്നു. “നിങ്ങളുടെ സൌമ്യത [“ന്യായബോധം,” NW] സകല മനുഷ്യരും അറിയട്ടെ” എന്നു ബൈബിൾ നമ്മോടു പറയുന്നു. “കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരി”ക്കേണ്ടതു പ്രധാനമാണ്. ഒരു സുഹൃത്ത് നിങ്ങളുടെ ഭാഗത്തെ ഒരു ബലഹീനത ചൂണ്ടിക്കാണിക്കുന്നെങ്കിൽ, നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ബൈബിൾ നൽകുന്ന ഈ പ്രായോഗിക ബുദ്ധിയുപദേശം പരിചിന്തിക്കുക: ‘നിന്റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുത്,’ കാരണം “സ്നേഹിതൻ ഏല്പിക്കുന്ന ക്ഷതങ്ങൾ സദുദ്ദേശപ്രേരിതങ്ങളാണ്.” നിങ്ങളുടെ ചിന്തകളെയും സംസാരത്തെയും പെരുമാറ്റത്തെയും സുഹൃത്തുക്കൾ സ്വാധീനിക്കുന്നു എന്നതു ശരിയല്ലേ? അതിനാൽ ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” നേരെ മറിച്ച്, ‘ജ്ഞാനികളോടുകൂടെ നടക്കുന്നവൻ ജ്ഞാനിയാകും.’—പ്രവൃത്തികൾ 20:35, NW; ഫിലിപ്പിയർ 4:5; റോമർ 12:17, 18; സഭാപ്രസംഗി 7:9; സദൃശവാക്യങ്ങൾ 13:20; 27:6, ഓശാന ബൈബിൾ; 1 കൊരിന്ത്യർ 15:33, NW.
മാർക്കോ എന്ന യുവാവ് പിൻവരുന്നപ്രകാരം പറയുന്നു: “മറ്റുള്ളവരുമായി ഒത്തുപോകുന്നതിൽ ബൈബിൾ തത്ത്വങ്ങൾ വലിയ ഒരു സഹായമാണ്. എനിക്ക് അറിയാവുന്ന പലരും സ്വാർഥ ജീവിതം നയിക്കുന്നവരാണ്, എങ്ങനെയും വ്യക്തിപരമായി നേട്ടമുണ്ടാക്കുക എന്നതു മാത്രമാണ് അവരുടെ ചിന്ത. നമ്മെ കുറിച്ച് അധികം ചിന്തിക്കാതിരിക്കാനും മറ്റുള്ളവരെ കുറിച്ച് കൂടുതൽ ചിന്തിക്കാനും ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. എനിക്കു മനസ്സിലാക്കാൻ കഴിയുന്നിടത്തോളം നല്ല മനുഷ്യ ബന്ധങ്ങൾക്കുള്ള ഏറ്റവും നല്ല മാർഗം അതാണ്.” മറ്റു നിരവധി യുവതീയുവാക്കൾക്കും മാർക്കോയുടെ അതേ വീക്ഷണമാണ് ഉള്ളത്.
മാർക്കോയെ പോലുള്ള യുവജനങ്ങൾ ബൈബിളിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ അവരുടെ യൗവനകാലത്തു മാത്രമല്ല, പിൽക്കാല വർഷങ്ങളിലും സഹായകമായി വർത്തിക്കുന്നു. ഇനി ഭാവിയോടുള്ള ബന്ധത്തിൽ, യുവതലമുറയിൽ പെട്ടവരെ ബൈബിളിനു പ്രത്യേകമായി സഹായിക്കാൻ കഴിയുന്ന മറ്റൊരു മാർഗമുണ്ട്.
ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠ
പല യുവജനങ്ങളും ജിജ്ഞാസുക്കളാണ്. മറ്റു പ്രായക്കാരെ അപേക്ഷിച്ച് ലോകസംഭവങ്ങളെയും അവയുടെ കാരണങ്ങളെയും കുറിച്ച് കൂടുതലായി അറിയാൻ അവർ ആഗ്രഹിക്കുന്നു. ലോകം ഇന്നത്തെ അവസ്ഥയിൽ ആയിരിക്കുന്നത് എന്തുകൊണ്ടെന്നും ഭാവി സംബന്ധിച്ച് എന്തു പ്രതീക്ഷിക്കാനാകുമെന്നും മറ്റേതൊരു ഗ്രന്ഥത്തെക്കാളും അധികമായി ബൈബിൾ പറയുന്നു. യുവതലമുറക്കാർ അറിയാൻ ആഗ്രഹിക്കുന്നത് അതാണ്. എങ്ങനെ അത് തീർത്തുപറയാനാകും?
ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ മാത്രമേ യുവജനങ്ങൾക്കു താത്പര്യമുള്ളു എന്ന് ആളുകൾ പൊതുവെ വിചാരിക്കുന്നെങ്കിലും, ചില സർവേകൾ വ്യത്യസ്തമായ ഒരു ചിത്രമാണു നൽകുന്നത്. തങ്ങൾക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ അവർ ശ്രദ്ധാപൂർവം വീക്ഷിക്കുന്നുവെന്നും അതിന്റെ അടിസ്ഥാനത്തിൽ ഭാവി ജീവിതം എങ്ങനെയുള്ളത് ആയിരിക്കുമെന്നതു സംബന്ധിച്ച് സ്വന്തമായ നിഗമനത്തിൽ എത്തിച്ചേരുന്നുവെന്നും ആ സർവേകൾ വെളിപ്പെടുത്തുന്നു. 75 ശതമാനത്തോളം യുവജനങ്ങൾ ഭാവിയെ കുറിച്ച് “മിക്കപ്പോഴും” അല്ലെങ്കിൽ “കൂടെക്കൂടെ” ചിന്തിക്കുന്നതായി ഈ തെളിവുകൾ സൂചിപ്പിക്കുന്നു. യുവജനങ്ങൾ പൊതുവെ ശുഭാപ്തിവിശ്വാസം ഉള്ളവരാണെങ്കിലും, അവരിൽ ബഹുഭൂരിപക്ഷവും ഉത്കണ്ഠയോടെയാണു ഭാവിയിലേക്കു നോക്കുന്നത്.
എന്തുകൊണ്ടാണ് ഈ ഉത്കണ്ഠ? ഇന്നത്തെ യുവജനങ്ങളിൽ പലർക്കും കുറ്റകൃത്യത്തോടും അക്രമത്തോടും മയക്കുമരുന്നു ദുരുപയോഗത്തോടും ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്. കടുത്ത മത്സരസ്വഭാവമുള്ള ഒരു സമൂഹത്തിൽ സ്ഥിരമായ ഒരു ജോലി കിട്ടുന്നതു സംബന്ധിച്ച് യുവജനങ്ങൾ ഉത്കണ്ഠാകുലരാണ്. സ്കൂളിൽ ഉയർന്ന മാർക്കുകൾ നേടാനും വലിയ നേട്ടങ്ങൾ കൈവരിക്കാനുമുള്ള സമ്മർദം അവർക്കുണ്ട്. ഒരു 17 വയസ്സുകാരി ദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “കിടമത്സരം നിറഞ്ഞ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സ്വന്തം കാര്യം നേടാനാണ് എല്ലാവരും ശ്രമിക്കുന്നത്. നിങ്ങളുടെ കഴിവുകൾ നിങ്ങൾ തെളിയിച്ചേ മതിയാകൂ, അത് എന്നെ അസ്വസ്ഥയാക്കുന്നു.” 22 വയസ്സുള്ള ഒരു യുവാവ് ഇങ്ങനെ പറഞ്ഞു: “നേട്ടങ്ങൾ കൊയ്യുന്നവർ ജീവിതത്തിൽ വിജയിക്കുന്നു, അവർക്കു സുഖമായി ജീവിക്കാനും കഴിയുന്നു. എന്നാൽ അവർക്കൊപ്പം എത്താൻ കഴിയാത്ത നിർഭാഗ്യവാന്മാർ തഴയപ്പെടുന്നു.” ജീവിതത്തിൽ ഇത്രയധികം കിടമത്സരം ഉള്ളത് എന്തുകൊണ്ടാണ്? ജീവിതം എക്കാലവും ഇങ്ങനെ ആയിരിക്കുമോ?
യുക്തിസഹമായ വിശദീകരണം
യുവജനങ്ങൾ അമ്പരപ്പോടും ഉത്കണ്ഠയോടും കൂടെ സമൂഹത്തെ നോക്കുമ്പോൾ, അവർ അറിഞ്ഞോ അറിയാതെയോ ബൈബിൾ പറയുന്നതിനോടു യോജിക്കുകയാണ് ചെയ്യുന്നത്. ഇന്നത്തെ “കിടമത്സരം നിറഞ്ഞ സമൂഹം” അന്ത്യകാലത്തിന്റെ ഒരു അടയാളമാണെന്നു ദൈവവചനം പറയുന്നു. യുവാവായ തിമൊഥെയൊസിനുള്ള ഒരു ലേഖനത്തിൽ പൗലൊസ് അപ്പൊസ്തലൻ നമ്മുടെ നാളുകളെ “ദുർഘടസമയങ്ങൾ” എന്നു വിളിച്ചു. എന്തുകൊണ്ടാണ് 2 തിമൊഥെയൊസ് 3:1-3.
നമ്മുടെ നാളുകൾ അങ്ങനെ ആയിരിക്കുന്നത്? കാരണം പൗലൊസ് തുടർന്ന് എഴുതിയതുപോലെ, ആളുകൾ “സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പു പറയുന്നവരും അഹങ്കാരികളും . . . നന്ദികെട്ടവരും അശുദ്ധരും . . . ഉഗ്രന്മാരും” ആണ്. നമ്മുടെ കാലത്തെ പല ആളുകളെയും സംബന്ധിച്ച കൃത്യമായ ഒരു വിവരണമല്ലേ അത്?—മനുഷ്യസമൂഹത്തിനു വൻതോതിലുള്ള മാറ്റങ്ങൾ വരുന്നതിനു മുമ്പുള്ള ‘അന്ത്യകാലത്ത്’ ആയിരിക്കും ഈ ദുർഘടസമയങ്ങൾ ഉണ്ടാകുക എന്നു ബൈബിൾ പ്രസ്താവിക്കുന്നു. ആ മാറ്റങ്ങൾ ചെറുപ്പക്കാരെയും പ്രായമുള്ളവരെയും ഒരുപോലെ ബാധിക്കും. എങ്ങനെയുള്ള മാറ്റങ്ങൾ? പെട്ടെന്നുതന്നെ ഒരു സ്വർഗീയ ഗവൺമെന്റ് മനുഷ്യകാര്യങ്ങളുടെ മേലുള്ള ഭരണാധിപത്യം ഏറ്റെടുക്കും. അതിലെ പ്രജകൾ എല്ലായിടത്തും “സമാധാനസമൃദ്ധി” ആസ്വദിക്കും. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” ഉത്കണ്ഠയുടേതും അമ്പരപ്പിന്റേതുമായ വികാരങ്ങൾ കഴിഞ്ഞകാല സംഗതികൾ ആയിമാറും.—സങ്കീർത്തനം 37:11, 29.
ഭാവി സംബന്ധിച്ച ആശ്രയയോഗ്യമായ ഉൾക്കാഴ്ച ബൈബിൾ മാത്രമേ നൽകുന്നുള്ളൂ. അടുത്ത ഏതാനും വർഷങ്ങളിൽ എന്തു സംഭവിക്കുമെന്ന് ഒരു യുവവ്യക്തി മനസ്സിലാക്കുമ്പോൾ, അവയ്ക്കായി ഒരുങ്ങാനും സുരക്ഷിതത്വം ഉണ്ടായിരിക്കാനും അങ്ങനെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും അയാൾക്കു കഴിയും. ഈ വികാരം സമ്മർദവും ഉത്കണ്ഠയും കുറയ്ക്കും. ഈ വിധത്തിൽ യുവതലമുറക്കാരുടെ പ്രത്യേക ആവശ്യത്തെ—സമൂഹത്തെ മനസ്സിലാക്കാനും ഭാവി എന്താണെന്ന് അറിയാനുമുള്ള ആഗ്രഹത്തെ—ബൈബിൾ നിവർത്തിക്കുന്നു.
യൗവനത്തിൽ വിജയം
യൗവനത്തിലെ വിജയത്തിന്റെ മാനദണ്ഡം എന്താണ്? ഉയർന്ന വിദ്യാഭ്യാസമോ ഭൗതിക സ്വത്തുക്കളോ ഒരു വലിയ സുഹൃദ്വലയമോ ഒക്കെയാണോ അത്? ആണെന്ന് അനേകരും വിചാരിക്കുന്നു. കൗമാര വർഷങ്ങളും 20-കളുടെ ആരംഭവും ഒരു വ്യക്തിക്ക് പിൽക്കാല ജീവിതത്തിനു നല്ല തുടക്കം നൽകേണ്ടതാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, യൗവനത്തിലെ വിജയം പിൽക്കാലത്തു സംഭവിക്കാനിരിക്കുന്നതിന്റെ ഒരു സൂചന ആയിരിക്കാം.
നാം കണ്ടുകഴിഞ്ഞതുപോലെ, യൗവന വർഷങ്ങളെ വിജയപ്രദമാക്കാൻ ബൈബിളിന് ഒരു യുവവ്യക്തിയെ സഹായിക്കാനാകും. അതു സത്യമാണെന്ന് പല യുവജനങ്ങളും കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. അവർ ദിവസവും ബൈബിൾ വായിക്കുകയും തങ്ങൾ പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യുന്നു. (“യഹോവയുടെ ഒരു യുവദാസൻ നൽകുന്ന നിർദേശം” എന്ന ഭാഗം കാണുക, പേജ് 6.) തീർച്ചയായും യുവജനങ്ങൾക്കുള്ള ഒരു ഗ്രന്ഥമാണ് ബൈബിൾ. കാരണം, ‘സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവർ’ ആയിത്തീരാൻ അത് അവരെ സഹായിക്കുന്നു.—2 തിമൊഥെയൊസ് 3:16, 17.
[5-ാം പേജിലെ ആകർഷക വാക്യം]
യൗവനത്തിലെ വിജയത്തിന്റെ രഹസ്യങ്ങളിലൊന്ന് മറ്റുള്ളവരുമായി ഒത്തുപോകുന്നതാണ്
[6-ാം പേജിലെ ആകർഷക വാക്യം]
മറ്റു പ്രായക്കാരെ അപേക്ഷിച്ച് ലോകസംഭവങ്ങളെയും അവയുടെ കാരണങ്ങളെയും കുറിച്ച് കൂടുതലായി അറിയാൻ യുവജനങ്ങൾ ആഗ്രഹിക്കുന്നു
[6, 7 പേജിലെ ചതുരം]
യഹോവയുടെ ഒരു യുവദാസൻ നൽകുന്ന നിർദേശം
അലക്സാണ്ടറിന് 19 വയസ്സുണ്ട്. യഹോവയുടെ സാക്ഷികളുടെ ഒരു കുടുംബത്തിൽ വളർന്നുവന്ന അവൻ തന്റെ വിശ്വാസത്തിനു വേണ്ടി മുഴുഹൃദയാ പ്രവർത്തിക്കുന്നതിൽ തികഞ്ഞ ആനന്ദം കണ്ടെത്തുന്നു. എന്നാൽ മുമ്പ് അവൻ അങ്ങനെ ആയിരുന്നില്ല. അലക്സാണ്ടർ വിശദീകരിക്കുന്നു:
“യുവാവായിരിക്കെ സ്നാപനമേറ്റിട്ടില്ലാത്ത ഒരു വ്യക്തിയായി ഞാൻ യഹോവയുടെ സാക്ഷികളോടൊത്ത് ഏഴു വർഷത്തിലധികം സഹവസിച്ചു. അക്കാലത്ത്, എന്റെ ആരാധന അർധഹൃദയത്തോടു കൂടിയതായിരുന്നു, വെറുമൊരു ചടങ്ങ് എന്ന നിലയിൽ മാത്രം. എന്റെ സാഹചര്യം സത്യസന്ധമായി വിലയിരുത്താനുള്ള ധൈര്യം അന്നെനിക്ക് ഇല്ലായിരുന്നു എന്നു ഞാൻ കരുതുന്നു.”
പിൽക്കാലത്ത് അലക്സാണ്ടറിന്റെ മനോഭാവത്തിനു മാറ്റം വന്നു. അവൻ തുടർന്നു പറയുന്നു:
“ദിവസവും ബൈബിൾ വായിക്കാനും യഹോവയെ വ്യക്തിപരമായി അടുത്തറിയാനും മാതാപിതാക്കളും സഭയിലെ സുഹൃത്തുക്കളും എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. ഒടുവിൽ ദിവസവും ബൈബിൾ വായിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ ടെലിവിഷൻ കാണുന്ന സമയം കുറയ്ക്കുകയും അതിരാവിലെ ബൈബിൾ വായിക്കുന്ന രീതി വളർത്തിയെടുക്കുകയും ചെയ്തു. ഒടുവിൽ, ബൈബിൾ എന്താണെന്നു ഞാൻ മനസ്സിലാക്കാൻ തുടങ്ങി. ഒരു വ്യക്തി എന്ന നിലയിൽ എന്നെ എങ്ങനെ സഹായിക്കാൻ അതിനു കഴിയുമെന്നു ഞാൻ തിരിച്ചറിഞ്ഞു. സർവോപരി, ഞാൻ യഹോവയെ അടുത്തറിയാൻ അവൻ ആഗ്രഹിക്കുന്നതായി ഞാൻ മനസ്സിലാക്കി. അതു ഗൗരവമായി എടുത്തപ്പോൾ അവനുമായുള്ള എന്റെ വ്യക്തിപരമായ ബന്ധം വളരാൻ തുടങ്ങി. സഭയിൽ ഉള്ളവരുമായുള്ള ബന്ധങ്ങളും മെച്ചപ്പെട്ടു. ബൈബിൾ എന്റെ ജീവിതത്തിൽ എത്ര വലിയ പരിവർത്തനമാണ് വരുത്തിയത്! യഹോവയുടെ എല്ലാ യുവദാസന്മാരും ദിവസവും ബൈബിൾ വായിക്കാൻ ഞാൻ ശുപാർശ ചെയ്യുന്നു.”
യഹോവയുടെ സാക്ഷികളോടൊത്ത് സഹവസിക്കുന്ന ദശലക്ഷക്കണക്കിന് യുവജനങ്ങൾ ലോകമെമ്പാടുമുണ്ട്. നിങ്ങൾ അവരിൽ ഒരാളാണോ? പതിവായി ബൈബിൾ വായിക്കുന്നതിൽനിന്നു നിങ്ങൾ പ്രയോജനം നേടുന്നുവോ? അലക്സാണ്ടറുടെ മാതൃക എന്തുകൊണ്ട് പിൻപറ്റിക്കൂടാ? പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾക്കായി ചെലവഴിക്കുന്ന സമയം വെട്ടിച്ചുരുക്കുകയും ബൈബിൾ വായന ഒരു ദിനചര്യ ആക്കുകയും ചെയ്യുക. നിങ്ങൾ തീർച്ചയായും പ്രയോജനം നേടും.