നിങ്ങൾ ഓർമിക്കുന്നുവോ?
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ സമീപകാല ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാനാകുമോ എന്നു നോക്കുക:
• ഇയ്യോബ് 38-ാം അധ്യായത്തിലെ ചോദ്യങ്ങൾ ഇന്നുപോലും പരിചിന്തനം അർഹിക്കുന്നത് എന്തുകൊണ്ട്?
ദൈവം ഇയ്യോബിന്റെ ശ്രദ്ധ തിരിച്ചുവിട്ട വിസ്‌മയകരമായ പ്രവൃത്തികളിൽ പലതും ആധുനിക ശാസ്‌ത്രജ്ഞർക്കു പോലും പൂർണമായി മനസ്സിലാക്കാനാവില്ല. ഗുരുത്വാകർഷണം ഭൂമിയെ അതിന്റെ ഭ്രമണപഥത്തിൽ പിടിച്ചുനിറുത്തുന്നത് എങ്ങനെ, കൃത്യമായി പറഞ്ഞാൽ എന്താണ് പ്രകാശം, ഹിമപാളികളുടെ അനന്ത വൈവിധ്യങ്ങൾ എന്തിന്, മഴത്തുള്ളികൾ എങ്ങനെ ഉണ്ടാകുന്നു, ഇടിമിന്നലോടു കൂടിയ പേമാരിയിൽ ഊർജം അടങ്ങിയിരിക്കുന്നത് എങ്ങനെ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അവയിൽ പെടുന്നു.—4/15, പേജുകൾ 4-11.
• നിഷേധാത്മക വികാരങ്ങളെ തരണം ചെയ്യാൻ ഏതു ബൈബിൾ ദൃഷ്ടാന്തങ്ങൾക്കു നമ്മെ സഹായിക്കാനാകും?
ആസാഫ്, ബാരൂക്ക്, നൊവൊമി എന്നിവർക്ക് നിരുത്സാഹത്തിന്റെ അല്ലെങ്കിൽ മറ്റു നിഷേധാത്മക വികാരങ്ങളുടെ സമയങ്ങൾ ഉണ്ടായിരുന്നു. അവർ അത്തരം സാഹചര്യങ്ങളെ വിജയകരമായി തരണം ചെയ്‌തതു സംബന്ധിച്ച തിരുവെഴുത്ത് വിവരണങ്ങൾക്കു നമ്മെ സഹായിക്കാനാകും.—4/15, പേജ് 22-4.
• ക്രിസ്‌തീയ വിധവമാരെ സഹായിക്കുന്നതിനുള്ള ചില പ്രായോഗിക വിധങ്ങൾ എന്തെല്ലാം?
സുഹൃത്തുക്കൾക്കു ദയാപുരസ്സരം അവരെ സഹായിക്കാനാകും. ഏതു തരത്തിലുള്ള സഹായമാണു നൽകാൻ ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കണം. സാമ്പത്തികമോ ഭൗതികമോ ആയ യഥാർഥ ആവശ്യം ഉള്ളപ്പോൾ കുടുംബാംഗങ്ങൾക്കും മറ്റുള്ളവർക്കും അതു നൽകാൻ കഴിയും. നല്ല സുഹൃത്തുക്കൾ ആയിരുന്നുകൊണ്ടും ആത്മീയ പിന്തുണയും ആശ്വാസവും നൽകിക്കൊണ്ടും സഹക്രിസ്‌ത്യാനികൾക്കും അവരെ സഹായിക്കാവുന്നതാണ്.—5/1, പേജ് 5-7.
• 1 കൊരിന്ത്യർ 7:39 ബുദ്ധിയുപദേശിക്കുന്നതുപോലെ ‘കർത്താവിൽ വിവാഹം കഴിക്കുന്നത്’ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
അവിശ്വാസികളെ വിവാഹം കഴിച്ചതിന്റെ ഫലം മിക്കപ്പോഴും ദാരുണമായിരുന്നിട്ടുണ്ട്. ഈ ദിവ്യമാർഗനിർദേശം പിൻപറ്റുന്നത് യഹോവയാം ദൈവത്തോടുള്ള വിശ്വസ്‌തയോടു ബന്ധപ്പെട്ട ഒരു കാര്യമാണ്. ദൈവവചനപ്രകാരം പ്രവർത്തിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുകയില്ല. (1 യോഹന്നാൻ 3:21, 22)—5/15, പേജ് 20-1.
• നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നത് യഹോവ ആയതിനാൽ, ക്രിസ്‌ത്യാനികൾ ഗുരുതരമായ പാപങ്ങൾ സഭാ മൂപ്പന്മാരോട് ഏറ്റുപറയേണ്ടത് എന്തുകൊണ്ടാണ്?
ഗുരുതരമായ പാപങ്ങൾക്ക് യഹോവയിൽ നിന്നുള്ള ക്ഷമയാണ് ഒരു ക്രിസ്‌ത്യാനി തേടേണ്ടത്. (2 ശമൂവേൽ 12:13) എന്നാൽ ദാവീദിന് നാഥാൻ പ്രവാചകൻ സഹായം നൽകിയതുപോലെ, സഭയിലെ പക്വതയുള്ള പ്രായമേറിയ പുരുഷന്മാർക്ക് അനുതാപമുള്ള പാപികളെ സഹായിക്കാനാകും. മൂപ്പന്മാരുടെ അടുക്കൽ പോകുന്നത് യാക്കോബ് 5:14, 15-ൽ നൽകിയിരിക്കുന്ന നിർദേശത്തിനു ചേർച്ചയിലാണ്.—6/1, പേജ് 31.
• സഹായം ആവശ്യമുള്ള അനാഥരെയും വിധവമാരെയും നാം പരിപാലിക്കണമെന്നതിന് എന്തു തെളിവുണ്ട്?
അത്തരം കരുതൽ പുരാതന എബ്രായരുടെയും ആദിമ ക്രിസ്‌ത്യാനികളുടെയും ആരാധനയുടെ ഒരു സവിശേഷത ആയിരുന്നുവെന്നു ചരിത്രരേഖ പ്രകടമാക്കുന്നു. (പുറപ്പാടു 22:22, 23; ഗലാത്യർ 2:9, 10; യാക്കോബ് 1:27) ദരിദ്ര വിധവമാർക്കായി കരുതുന്നതു സംബന്ധിച്ച് ക്രിസ്‌ത്യാനികൾക്കുള്ള വ്യക്തമായ നിർദേശങ്ങൾ പൗലൊസ് അപ്പൊസ്‌തലൻ തിരുവെഴുത്തുകളിൽ ഉൾപ്പെടുത്തി. (1 തിമൊഥെയൊസ് 5:3-16)—6/15, പേജ് 9-11.
• സന്തുഷ്ടവും അർഥവത്തുമായ ജീവിതത്തിന്റെ അടിസ്ഥാനം എന്ത്?
നാം സ്വർഗീയ പിതാവായ യഹോവയുമായി ഉചിതമായ ബന്ധം നട്ടുവളർത്തുകയും നിലനിറുത്തുകയും വേണം. അതിൽ നമ്മെ സഹായിക്കുന്ന ഒരു സുപ്രധാന ഘടകമാണു ബൈബിൾ പഠനം.—7/1, പേജ് 4-5.
• മരണത്തെ അതിജീവിക്കുന്ന എന്തോ ഒന്ന് ഓരോ മനുഷ്യന്റെയും ഉള്ളിൽ ഉണ്ടോ?
ആത്മാവ് അമർത്യമാണെന്നു ചിലർ വിശ്വസിക്കുന്നെങ്കിലും, പ്രസ്‌തുത ആശയത്തെ ബൈബിൾ പിന്താങ്ങുന്നില്ല. ഒരു മനുഷ്യൻ മരിക്കുമ്പോൾ അവൻ പൊടിയിലേക്ക് മടങ്ങുന്നുവെന്നും അങ്ങനെ അസ്‌തിത്വത്തിൽനിന്ന് ഇല്ലാതാകുന്നു എന്നും അതു പ്രകടമാക്കുന്നു. എന്നാൽ പുനരുത്ഥാനത്തിലൂടെ അവനെ ജീവനിലേക്കു മടക്കിക്കൊണ്ടുവരാനുള്ള പ്രാപ്‌തി ദൈവത്തിനു മാത്രമാണ് ഉള്ളത്. അതിനാൽ ഒരുവന്റെ ഭാവിജീവിതം സംബന്ധിച്ച പ്രത്യാശ ദൈവത്തിന്റെ പക്കലാണെന്നു പറയാം. (സഭാപ്രസംഗി 12:7)—7/15, പേജ് 3-6.
• മൂന്ന് എബ്രായ യുവാക്കൾ ദൂരാ സമഭൂമിയിൽ പരീക്ഷിക്കപ്പെട്ട സമയത്ത് ദാനീയേൽ എവിടെ ആയിരുന്നു?
ബൈബിൾ അതേക്കുറിച്ച് യാതൊന്നും പറയുന്നില്ല. അവൻ വഹിച്ചിരുന്ന പ്രത്യേക പദവി നിമിത്തം, അവൻ അവിടെ ഹാജരാകാൻ ബാധ്യസ്ഥൻ അല്ലായിരുന്നിരിക്കാം. അല്ലെങ്കിൽ, ഔദ്യോഗികമായ എന്തെങ്കിലും നിയമനത്തെ പ്രതി അവൻ ദൂരെ ആയിരുന്നിരിക്കാം. എന്നാൽ, യഹോവയോടുള്ള തന്റെ വിശ്വസ്‌തത ഭഞ്‌ജിക്കുന്ന യാതൊന്നും അവൻ ചെയ്‌തില്ല എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—8/1, പേജ് 31.