ഒരിക്കൽ ചെന്നായ്ക്കൾ—ഇപ്പോൾ ചെമ്മരിയാടുകൾ!
ഒരിക്കൽ ചെന്നായ്ക്കൾ—ഇപ്പോൾ ചെമ്മരിയാടുകൾ!
കുട്ടിക്കാലത്ത് ഞാനും സാക്കീനയും അയൽക്കാരായിരുന്നു. നല്ല വളർച്ചയും കരുത്തുറ്റ ശരീരപ്രകൃതവുമുള്ള കുട്ടിയായിരുന്നു സാക്കീന. ഞാനാണെങ്കിൽ ചെറിയ, മെലിഞ്ഞ ഒരു കുട്ടിയും. പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ ഞങ്ങൾ മിക്കപ്പോഴും വഴക്കിടുമായിരുന്നു. എന്നാൽ ഒരു ദിവസം കളി കാര്യമായി. അതിൽപ്പിന്നെ ഞങ്ങൾ പരസ്പരം കണ്ട ഭാവം പോലും നടിക്കാതായി. അങ്ങനെയിരിക്കെ, ഞങ്ങൾ വെവ്വേറെ സ്ഥലങ്ങളിലേക്കു താമസം മാറി. അതോടെ തമ്മിൽ കാണാനോ വിവരങ്ങൾ അറിയാനോ ഉള്ള സാഹചര്യം പോലും ഇല്ലാതായി.
ഞാൻ 1994-ൽ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിക്കാൻ ആരംഭിച്ചു. ക്രമേണ എന്റെ വ്യക്തിത്വത്തിനു മാറ്റം വന്നു. നാലു വർഷത്തിനു ശേഷം ഞാൻ ബുറൂണ്ടിയിലെ ബുജുമ്പുറയിൽ ഞങ്ങളുടെ പ്രത്യേക സമ്മേളനദിനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. അവിടെ സാക്കീനയെ കണ്ട് ഞാൻ അമ്പരന്നുപോയി. അവൾ അവിടെ വന്നതിൽ എനിക്ക് സന്തോഷം തോന്നിയെങ്കിലും തണുപ്പൻ മട്ടിലാണ് ഞങ്ങൾ അഭിവാദനം ചെയ്തത്. എന്നാൽ ആ ദിവസം സ്നാപനാർഥികളുടെ കൂട്ടത്തിൽ അവളെ കണ്ടപ്പോൾ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല! അവളുടെ സ്വഭാവത്തിലും വലിയ മാറ്റം വന്നിരിക്കുന്നു! ഞാനുമായി എപ്പോഴും ശണ്ഠയിടാറുള്ള ആ പഴയ വഴക്കാളിയല്ല അവൾ ഇപ്പോൾ. ജലസ്നാപനം ഏറ്റുകൊണ്ട് യഹോവയ്ക്കുള്ള തന്റെ സമർപ്പണത്തിന് അവൾ പരസ്യമായ തെളിവു നൽകുന്നതു കണ്ടപ്പോൾ എനിക്കെന്തു സന്തോഷം തോന്നിയെന്നോ!
അവൾ വെള്ളത്തിൽനിന്നു കയറിയപ്പോൾ ഞാൻ ഓടിച്ചെന്ന് അവളെ ആലിംഗനം ചെയ്തുകൊണ്ട് അവളുടെ കാതിൽ പതുക്കെ ചോദിച്ചു: “നമ്മൾ അന്നു വഴക്കിട്ടത് നിനക്ക് ഓർമയുണ്ടോ?” “ഉവ്വ്, എനിക്ക് നല്ല ഓർമയുണ്ട്,” അവൾ പറഞ്ഞു. “പക്ഷേ അതൊക്കെ കഴിഞ്ഞ കഥ. ഇപ്പോൾ ഞാൻ ഒരു പുതിയ വ്യക്തിയാണ്.”
ആളുകളെ ഒന്നിപ്പിക്കുന്ന ബൈബിൾ സത്യം കണ്ടെത്തിയതിലും ചെന്നായ്സമാന വ്യക്തിത്വത്തിനു മാറ്റം വരുത്തിക്കൊണ്ട് മഹാ ഇടയനായ യഹോവയാം ദൈവത്തിന്റെ അജഗണത്തിലെ ചെമ്മരിയാടുതുല്യ വ്യക്തിത്വം കൈവരിക്കാൻ കഴിഞ്ഞതിലും ഞങ്ങൾ ഇരുവരും സന്തുഷ്ടരാണ്. അതേ, ബൈബിൾ സത്യം ജീവിതത്തിനു പരിവർത്തനം വരുത്തുന്നു.