വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തുവിന്റെ സമാധാനത്തിന്‌ നമ്മുടെ ഹൃദയങ്ങളിൽ നിയന്ത്രണം ചെലുത്താൻ കഴിയുന്നത്‌ എങ്ങനെ?

ക്രിസ്‌തുവിന്റെ സമാധാനത്തിന്‌ നമ്മുടെ ഹൃദയങ്ങളിൽ നിയന്ത്രണം ചെലുത്താൻ കഴിയുന്നത്‌ എങ്ങനെ?

ക്രിസ്‌തുവിന്റെ സമാധാനത്തിന്‌ നമ്മുടെ ഹൃദയങ്ങളിൽ നിയന്ത്രണം ചെലുത്താൻ കഴിയുന്നത്‌ എങ്ങനെ?

‘ക്രിസ്‌തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ [“നിയന്ത്രണം ചെലുത്തട്ടെ,” NW]; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടിരിക്കുന്നത്‌.’​—⁠കൊലൊസ്സ്യർ 3:⁠15.

1, 2. “ക്രിസ്‌തുവിന്റെ സമാധാനം” ഒരു ക്രിസ്‌ത്യാനിയുടെ ഹൃദയത്തിൽ നിയന്ത്രണം ചെലുത്തുന്നത്‌ ഏതു വിധത്തിൽ?

നിയന്ത്രണം. പലരിലും അസ്വസ്ഥത ജനിപ്പിക്കുന്ന ഒരു പദമാണ്‌ അത്‌. കാരണം ആ വാക്കു കേൾക്കുമ്പോൾ അവരുടെ മനസ്സിൽ തെളിയുക ആളുകൾ അടക്കിവാഴുന്നതിന്റെയും ചരടുവലി നടത്തുന്നതിന്റെയും ചിത്രങ്ങളായിരിക്കും. അതുകൊണ്ട്‌, “ക്രിസ്‌തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ [“നിയന്ത്രണം ചെലുത്തട്ടെ,” NW]” എന്ന പൗലൊസിന്റെ ആഹ്വാനം ന്യായവിരുദ്ധമായ ഒന്നായി ചിലർക്കു തോന്നിയേക്കാം. (കൊലൊസ്സ്യർ 3:15) നാം സ്വതന്ത്ര ഇച്ഛാശക്തിയുള്ള വ്യക്തികളല്ലേ? പിന്നെയെന്തിന്‌ നമ്മുടെ ഹൃദയങ്ങളിൽ നിയന്ത്രണം ചെലുത്താൻ നാം മറ്റാരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും അനുവദിക്കണം?

2 കൊലൊസ്സ്യരോട്‌ അവരുടെ ഇച്ഛാസ്വാതന്ത്ര്യം അടിയറവെക്കാൻ പറയുകയായിരുന്നില്ല പൗലൊസ്‌. കൊലൊസ്സ്യർ 3:​15-ൽ “നിയന്ത്രണം” എന്നു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന ഗ്രീക്ക്‌ പദത്തിന്‌ അക്കാലത്തെ കായിക മത്സരങ്ങളിൽ സമ്മാനം നിശ്ചയിച്ചിരുന്ന വിധികർത്താവിനെ കുറിക്കാൻ ഉപയോഗിച്ചിരുന്ന വാക്കിനോടു ബന്ധമുണ്ട്‌. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക്‌ ഒരളവോളം, കളിയുടെ നിയമങ്ങളുടെ പരിധിക്കുള്ളിൽ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ നിയമങ്ങൾ പാലിച്ചുകൊണ്ട്‌ ജേതാവ്‌ ആയത്‌ ആരാണെന്നൊക്കെ തീരുമാനിച്ചത്‌ വിധികർത്താവ്‌ ആയിരുന്നു. സമാനമായി, ജീവിതത്തിൽ പല തീരുമാനങ്ങളും എടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്‌. എന്നാൽ നാം അങ്ങനെ ചെയ്യുമ്പോൾ ക്രിസ്‌തുവിന്റെ സമാധാനം എല്ലായ്‌പോഴും നമ്മുടെ ഹൃദയങ്ങളിലെ “വിധികർത്താവ്‌”​—⁠അഥവാ, വിവർത്തകനായ എഡ്‌ഗർ ജെ. ഗുഡ്‌സ്‌പീഡ്‌ പരിഭാഷപ്പെടുത്തുന്നതു പോലെ, “നിയന്ത്രണ ശക്തി”​—⁠ആയിരിക്കേണ്ടതുണ്ട്‌.

3. “ക്രിസ്‌തുവിന്റെ സമാധാനം” എന്താണ്‌?

3 എന്താണ്‌ “ക്രിസ്‌തുവിന്റെ സമാധാനം”? നാം യേശുവിന്റെ ശിഷ്യർ ആയിത്തീരുകയും അങ്ങനെ യഹോവയാം ദൈവത്താലും അവന്റെ പുത്രനാലും നാം സ്‌നേഹിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതായി മനസ്സിലാക്കുകയും ചെയ്യുമ്പോൾ നമുക്കു ലഭിക്കുന്ന ശാന്തിയും ആന്തരിക സമാധാനവും ആണത്‌. തന്റെ ശിഷ്യരെ വിട്ടുപോകുന്നതിനു മുമ്പ്‌ യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു; . . . നിങ്ങളുടെ ഹൃദയം കലങ്ങരുതു, ഭ്രമിക്കയും അരുതു.” (യോഹന്നാൻ 14:27) ക്രിസ്‌തുവിന്റെ ശരീരത്തിന്റെ ഭാഗമായ വിശ്വസ്‌ത അഭിഷിക്ത അംഗങ്ങൾ ഏതാണ്ട്‌ 2,000 വർഷമായി ആ സമാധാനം ആസ്വദിക്കുന്നു. ഇന്ന്‌ അവരുടെ സഹകാരികളായ “വേറെ ആടുക”ളും അതിൽ പങ്കുചേരുന്നു. (യോഹന്നാൻ 10:16) ആ സമാധാനം ആയിരിക്കണം നമ്മുടെ ഹൃദയങ്ങളിലെ നിയന്ത്രണ ശക്തി. കടുത്ത പരിശോധനയിൻ കീഴിൽ ആയിരിക്കുമ്പോൾ ഭയത്തിന്‌ അടിമപ്പെടാതിരിക്കാനോ അമിതമായി ആകുലപ്പെടാതിരിക്കാനോ അതു നമ്മെ സഹായിക്കും. നാം അനീതിക്ക്‌ ഇരയാകുമ്പോഴും ഉത്‌കണ്‌ഠകൾ നമ്മെ അലട്ടുമ്പോഴും നാം ഒന്നിനും കൊള്ളാത്തവർ ആണെന്ന തോന്നൽ ഉണ്ടാകുമ്പോഴും ഇത്‌ എത്രമാത്രം ശരിയാണെന്നു നമുക്കു നോക്കാം.

അനീതിക്ക്‌ ഇരയാകുമ്പോൾ

4. (എ) യേശു അനീതിക്കു പാത്രമായത്‌ എങ്ങനെ? (ബി) അനീതിക്ക്‌ ഇരകളായപ്പോഴെല്ലാം ക്രിസ്‌ത്യാനികൾ എങ്ങനെ പ്രതികരിച്ചിരിക്കുന്നു?

4 “മനുഷ്യൻ അവന്റെ ദോഷത്തിനായി മനുഷ്യന്റെമേൽ അധികാരം നടത്തിയിരിക്കുന്ന”തായി ശലോമോൻ രാജാവ്‌ നിരീക്ഷിച്ചു. (സഭാപ്രസംഗി 8:​9, NW) ആ വാക്കുകളുടെ സത്യത യേശുവിന്‌ അറിയാമായിരുന്നു. മനുഷ്യർ പരസ്‌പരം പ്രവർത്തിച്ചിരിക്കുന്ന കടുത്ത അനീതികൾ സ്വർഗത്തിലായിരിക്കെ അവൻ കണ്ടു. ഭൂമിയിലായിരിക്കെ, അവൻ വ്യക്തിപരമായി ഏറ്റവും കടുത്ത അനീതിക്കു പാത്രമായി. യാതൊരു പാപവും ചെയ്‌തിട്ടില്ലാഞ്ഞ അവനെ ശത്രുക്കൾ ദൈവദൂഷണ കുറ്റം ചുമത്തി ഒരു കുറ്റവാളിയെ പോലെ വധിച്ചു. (മത്തായി 26:63-66; മർക്കൊസ്‌ 15:27) അനീതി ഇന്നും ആധിപത്യം നടത്തുന്നു. സത്യക്രിസ്‌ത്യാനികൾ കടുത്ത യാതനകൾ അനുഭവിച്ചിട്ടുണ്ട്‌, ‘സകലജാതികളും അവരെ പകെച്ചിരി’ക്കുന്നു. (മത്തായി 24:9) നാസി തടങ്കൽപ്പാളയങ്ങളിലും സോവിയറ്റ്‌ തൊഴിൽപ്പാളയങ്ങളിലും ഭീകരാനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടും ജനക്കൂട്ടത്താലുള്ള ആക്രമണങ്ങൾക്കും വ്യാജാരോപണങ്ങൾക്കും കുപ്രചാരണങ്ങൾക്കും ഇരകളാകേണ്ടി വന്നിട്ടും അചഞ്ചലരായി നിലകൊള്ളാൻ ക്രിസ്‌തുവിന്റെ സമാധാനം അവരെ പ്രാപ്‌തരാക്കിയിരിക്കുന്നു. അവർ യേശുവിന്റെ മാതൃക അനുകരിക്കുന്നു. അവനെ കുറിച്ച്‌ നാം ഇപ്രകാരം വായിക്കുന്നു: “തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കൽ കാര്യം ഭരമേല്‌പിക്കയത്രേ ചെയ്‌തതു.”​—⁠1 പത്രൊസ്‌ 2:⁠23.

5. സഭയിൽ എന്തെങ്കിലും അനീതി ഉള്ളതായി കേൾക്കുന്നെങ്കിൽ നാം ആദ്യം എന്തു പരിചിന്തിക്കണം?

5 ഇനി അതിനെക്കാളൊക്കെ നിസ്സാരമായ ഒരു സ്ഥിതിവിശേഷത്തെ കുറിച്ച്‌ പരിചിന്തിക്കാം. ക്രിസ്‌തീയ സഭയിൽ ഒരു വ്യക്തി അനീതിക്ക്‌ ഇരയായതായി നാം കരുതുന്നു. അത്തരമൊരു സാഹചര്യത്തിൽ നാമും പൗലൊസിനെ പോലെ വിചാരിച്ചേക്കാം. “ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു?” എന്ന്‌ അവൻ പറയുകയുണ്ടായി. (2 കൊരിന്ത്യർ 11:29) നമുക്ക്‌ എന്തു ചെയ്യാൻ കഴിയും? നാം നമ്മോടുതന്നെ ചോദിക്കണം, ‘അത്‌ വാസ്‌തവത്തിൽ അനീതിതന്നെ ആണോ?’ മിക്കപ്പോഴും നമുക്ക്‌ വസ്‌തുതകൾ എല്ലാം അറിയില്ലായിരിക്കും. കാര്യങ്ങളെല്ലാം അറിയാമെന്ന്‌ അവകാശപ്പെടുന്ന ആരുടെയെങ്കിലും വാക്കുകേട്ടായിരിക്കും നാം അങ്ങനെയൊരു ഉറച്ച നിഗമനത്തിൽ എത്തിച്ചേർന്നത്‌. നല്ല കാരണത്തോടെ ബൈബിൾ ഇങ്ങനെ പറയുന്നു: “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു.” (സദൃശവാക്യങ്ങൾ 14:15) അതുകൊണ്ട്‌ നാം വളരെ ജാഗ്രത പുലർത്തേണ്ടതുണ്ട്‌.

6. സഭയിൽ നാം അനീതിക്ക്‌ ഇരയായതായി തോന്നുന്നെങ്കിൽ എങ്ങനെ പ്രതികരിക്കണം?

6 ഇനി, നാംതന്നെ അനീതിക്ക്‌ ഇരയായിരിക്കുന്നതായി തോന്നുന്നെങ്കിലോ? ഹൃദയത്തിൽ ക്രിസ്‌തുവിന്റെ സമാധാനം ഉള്ള ഒരാളാണെങ്കിൽ നാം എങ്ങനെയായിരിക്കും പ്രതികരിക്കുക? നമ്മോടു തെറ്റു ചെയ്‌തതായി നാം കരുതുന്ന ആ വ്യക്തിയുമായി സംസാരിക്കേണ്ട ആവശ്യം നാം കണ്ടേക്കാം. അതിനുശേഷം, കാണുന്നവരോടെല്ലാം അതേക്കുറിച്ചു സംസാരിക്കുന്നതിനു പകരം കാര്യങ്ങൾ പ്രാർഥനയിൽ യഹോവയ്‌ക്കു വിട്ടുകൊടുക്കുക, നീതി ലഭിക്കുമെന്ന ഉറപ്പോടെ അവനിൽ ആശ്രയിക്കുക. (സങ്കീർത്തനം 9:10; സദൃശവാക്യങ്ങൾ 3:5) അങ്ങനെ ചെയ്‌തുകഴിഞ്ഞാൽപ്പിന്നെ, അക്കാര്യം മനസ്സിൽ അടക്കിവെച്ചുകൊണ്ട്‌ “മൗനമായിരി”ക്കാൻ നമുക്കു സാധിക്കും. (സങ്കീർത്തനം 4:4) മിക്കപ്പോഴും, പൗലൊസിന്റെ ഈ ബുദ്ധിയുപദേശം പിൻപറ്റുന്നതു നല്ലതായിരിക്കും: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.”​—⁠കൊലൊസ്സ്യർ 3:⁠13.

7. സഹോദരങ്ങളുമായുള്ള ഇടപെടലുകളിൽ നാം എല്ലായ്‌പോഴും ഓർത്തിരിക്കേണ്ടത്‌ എന്ത്‌?

7 നാം എന്തു ചെയ്‌താലും ഒരു കാര്യം മനസ്സിൽ പിടിക്കണം. സംഭവിച്ച കാര്യങ്ങളിന്മേൽ നമുക്കു നിയന്ത്രണം ഇല്ലെങ്കിലും നമ്മുടെ പ്രതികരണത്തിന്മേൽ നമുക്കു നിയന്ത്രണം ഉണ്ട്‌. മേൽപ്പറഞ്ഞതുപോലുള്ള സാഹചര്യങ്ങളിൽ സമനിലയില്ലാതെ പ്രതികരിച്ചാൽ, അത്‌ നമ്മുടെ സമാധാനം ഒന്നുകൂടി നശിപ്പിക്കാനേ ഉതകൂ. (സദൃശവാക്യങ്ങൾ 18:14) നാം ഇടറിപ്പോകുകയും നീതി ലഭിക്കുന്നതുവരെ സഭയുമായി സഹവസിക്കേണ്ടതില്ലെന്നു തീരുമാനിക്കുക പോലും ചെയ്‌തേക്കാം. യഹോവയുടെ നിയമങ്ങളെ സ്‌നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം “ഇടർച്ചക്കല്ല്‌ ഏതുമില്ല” എന്ന്‌ സങ്കീർത്തനക്കാരൻ എഴുതി. (സങ്കീർത്തനം 119:​165, NW) എല്ലാവരും ഇടയ്‌ക്കിടെ അനീതിക്ക്‌ ഇരയാകാറുണ്ട്‌ എന്നതാണ്‌ വാസ്‌തവം. എന്നാൽ യഹോവയെ സേവിക്കുന്നതിൽനിന്ന്‌ നിങ്ങളെ തടയാൻ പരിതാപകരമായ അത്തരം അനുഭവങ്ങളെ ഒരിക്കലും അനുവദിക്കരുത്‌. പകരം, ക്രിസ്‌തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ നിയന്ത്രണം ചെല്ലുത്താൻ അനുവദിക്കുക.

ഉത്‌കണ്‌ഠകൾ അലട്ടുമ്പോൾ

8. ഉത്‌കണ്‌ഠയ്‌ക്ക്‌ ഇടയാക്കുന്ന ചില കാര്യങ്ങൾ ഏവ, ഉത്‌കണ്‌ഠ എന്തിന്‌ ഇടയാക്കിയേക്കാം?

8 ഈ “അന്ത്യകാല”ത്ത്‌ ഉത്‌കണ്‌ഠ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. (2 തിമൊഥെയൊസ്‌ 3:1) യേശു ഇങ്ങനെ പറഞ്ഞു: “എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു എന്നു ഞാൻ നിങ്ങളോടു പറയുന്നു.” (ലൂക്കൊസ്‌ 12:22) എന്നാൽ എല്ലാ ഉത്‌കണ്‌ഠകളും ഭൗതിക കാര്യങ്ങളെ ചൊല്ലിയുള്ളതല്ല. സൊദോമിന്റെ അധഃപതിച്ച അവസ്ഥയിൽ ലോത്തിന്റെ ‘മനസ്സു നൊന്തിരുന്നു’ എന്ന്‌ ബൈബിൾ പറയുന്നു. (2 പത്രൊസ്‌ 2:7) “സർവസഭകളെയും കുറിച്ചുള്ള ചിന്താഭാരം” പൗലൊസിനെ അലട്ടിയിരുന്നു. (2 കൊരിന്ത്യർ 11:28) യേശുവിന്റെ മരണത്തിനു മുമ്പുള്ള രാത്രിയിൽ കൊടിയ മനോവ്യഥ കാരണം “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” (ലൂക്കൊസ്‌ 22:44) വ്യക്തമായും, എല്ലാ ഉത്‌കണ്‌ഠയും നമ്മുടെ വിശ്വാസം ദുർബലമായിരിക്കുന്നു എന്നതിന്റെ തെളിവല്ല. ഉത്‌കണ്‌ഠയ്‌ക്കുള്ള കാരണം എന്തായിരുന്നാലും, തീവ്രവും വളരെ സമയം നിലനിൽക്കുന്നതും ആണെങ്കിൽ അത്‌ നമ്മുടെ സമാധാനം കെടുത്തിക്കളഞ്ഞേക്കാം. ഉത്‌കണ്‌ഠയുടെ പിടിയിലമർന്നതിന്റെ ഫലമായി, യഹോവയെ സേവിക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങൾ തുടർന്ന്‌ വഹിക്കാൻ കഴിയില്ലെന്ന്‌ ചിലർക്കു തോന്നിയിരിക്കുന്നു. “മനോവ്യസനം [“ഉത്‌കണ്‌ഠ, NW] ഹേതുവായി മനുഷ്യന്റെ മനസ്സിടിയുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 12:25) അപ്പോൾ ഉത്‌കണ്‌ഠ നമ്മെ ഞെരുക്കുന്നതായി തോന്നുന്നെങ്കിൽ നമുക്ക്‌ എന്തു ചെയ്യാനാകും?

9. ഉത്‌കണ്‌ഠ ലഘൂകരിക്കുന്നതിന്‌ കൈക്കൊള്ളാൻ കഴിയുന്ന ചില പടികൾ ഏവ, എന്നാൽ ഉത്‌കണ്‌ഠയ്‌ക്ക്‌ ഇടയാക്കുന്ന ഏതു കാരണങ്ങൾ നമുക്ക്‌ നീക്കാനാവില്ല?

9 ചില സാഹചര്യങ്ങളിൽ നമുക്ക്‌ പ്രായോഗിക നടപടികൾ കൈക്കൊള്ളാവുന്നതാണ്‌. നമ്മുടെ ഉത്‌കണ്‌ഠയ്‌ക്കു കാരണം എന്തെങ്കിലുമൊരു ആരോഗ്യപ്രശ്‌നം ആണെങ്കിൽ അതിനു ശ്രദ്ധ കൊടുക്കുന്നത്‌​—⁠അത്തരം കാര്യങ്ങൾ തികച്ചും വ്യക്തിപരമായ തീരുമാനങ്ങൾക്കു വിട്ടിരിക്കുന്നതാണെങ്കിലും​—⁠ബുദ്ധിയായിരിക്കും. * (മത്തായി 9:12) വഹിക്കേണ്ട ഉത്തരവാദിത്വങ്ങളുടെ ചുമട്‌ നമ്മെ ഭാരപ്പെടുത്തുന്നെങ്കിൽ, അവയിൽ ചിലത്‌ മറ്റുള്ളവരെ ഏൽപ്പിക്കാവുന്നതാണ്‌. (പുറപ്പാടു 18:13-23) എന്നാൽ മാതാപിതാക്കളെ പോലെ, മറ്റുള്ളവർക്ക്‌ ഏൽപ്പിച്ചുകൊടുക്കാൻ പറ്റാത്ത തരത്തിലുള്ള ഭാരിച്ച ഉത്തരവാദിത്വങ്ങൾ വഹിക്കുന്നവരുടെ കാര്യമോ? തന്റെ വിശ്വാസത്തെ എതിർക്കുന്ന ഇണയോടൊപ്പം ജീവിക്കുന്ന ഒരു ക്രിസ്‌ത്യാനിയുടെ കാര്യമോ? കടുത്ത സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന അല്ലെങ്കിൽ ഒരു യുദ്ധമേഖലയിൽ താമസിക്കുന്ന കുടുംബത്തിന്റെ കാര്യമോ? ഈ വ്യവസ്ഥിതിയിൽ, ഉത്‌കണ്‌ഠയ്‌ക്കു കാരണമായ എല്ലാ സംഗതികളും നീക്കാൻ നമുക്കു സാധിക്കില്ല. എങ്കിലും നമ്മുടെ ഹൃദയങ്ങളിൽ ക്രിസ്‌തുവിന്റെ സമാധാനം കാത്തുസൂക്ഷിക്കാൻ നമുക്കു കഴിയും. എങ്ങനെ?

10. ഏതു രണ്ടു മാർഗങ്ങളിലൂടെ ഒരു ക്രിസ്‌ത്യാനിക്ക്‌ ഉത്‌കണ്‌ഠ ലഘൂകരിക്കാൻ കഴിയും?

10 ദൈവവചനത്തിൽ ആശ്വാസം കണ്ടെത്തുകയാണ്‌ ഒരു വഴി. ദാവീദ്‌ രാജാവ്‌ ഇങ്ങനെ എഴുതി: “എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.” (സങ്കീർത്തനം 94:19) യഹോവയുടെ “ആശ്വാസ” വചനങ്ങൾ ബൈബിളിൽ കാണാൻ കഴിയും. ആ നിശ്വസ്‌ത പുസ്‌തകം ക്രമമായി വായിക്കുന്നത്‌ ക്രിസ്‌തുവിന്റെ സമാധാനം ഹൃദയങ്ങളിൽ കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കും. ബൈബിൾ പറയുന്നു: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീർത്തനം 55:22) സമാനമായി പൗലൊസും ഇങ്ങനെ എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്‌തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്‌തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) ആത്മാർഥമായ, ക്രമമായ പ്രാർഥന സമാധാനം കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കും.

11. (എ) പ്രാർഥനയുടെ കാര്യത്തിൽ യേശു ഉത്തമ മാതൃക വെച്ചത്‌ എങ്ങനെ? (ബി) നാം പ്രാർഥനയെ എങ്ങനെ വീക്ഷിക്കണം?

11 ഇക്കാര്യത്തിൽ യേശു ഒരു ഉത്തമ മാതൃകയാണ്‌. ഒരു സന്ദർഭത്തിൽ മണിക്കൂറുകളോളം അവൻ തന്റെ പിതാവുമായി പ്രാർഥനയിൽ സംസാരിച്ചു. (മത്തായി 14:23; ലൂക്കൊസ്‌ 6:12) ഏറ്റവും കഠിനമായ പരിശോധനയിൻ കീഴിൽ പോലും സഹിച്ചുനിൽക്കാൻ പ്രാർഥന അവനെ സഹായിച്ചു. തന്റെ മരണത്തിന്റെ തലേ രാത്രിയിൽ അവന്റെ മനോവേദന അങ്ങേയറ്റം തീവ്രമായി. അവൻ എന്തു ചെയ്‌തു? അവൻ “കൂടുതൽ തീക്‌ഷ്‌ണമായി പ്രാർത്‌ഥിച്ചു.” (ലൂക്കൊസ്‌ 22:​44, പി.ഒ.സി. ബൈ.) അതേ, പൂർണനായ ദൈവപുത്രൻ പ്രാർഥനാനിരതനായിരുന്നു. അങ്ങനെയെങ്കിൽ, അവന്റെ അപൂർണരായ അനുഗാമികൾ പ്രാർഥനാശീലം വളർത്തിയെടുക്കാൻ എത്രയധികം ശ്രമിക്കേണ്ടതാണ്‌! “മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥി”ക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. (ലൂക്കൊസ്‌ 18:1) നമ്മെ കുറിച്ച്‌ നമ്മെക്കാൾ നന്നായി അറിയാവുന്ന വ്യക്തിയുമായുള്ള യഥാർഥവും മർമപ്രധാനവുമായ ആശയവിനിമയമാണ്‌ പ്രാർഥന. (സങ്കീർത്തനം 103:14) ക്രിസ്‌തുവിന്റെ സമാധാനം ഹൃദയത്തിൽ കാത്തുസൂക്ഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം “ഇടവിടാതെ പ്രാർത്ഥി”ക്കും.​—⁠1 തെസ്സലൊനീക്യർ 5:⁠17.

നമ്മുടെ പരിമിതികളെ കീഴടക്കുക

12. തങ്ങൾ ദൈവസേവനത്തിൽ അപര്യാപ്‌തരാണെന്ന്‌ ചിലർക്കു തോന്നാൻ ഇടയാക്കിയേക്കാവുന്ന ചില സംഗതികൾ ഏവ?

12 യഹോവ തന്റെ ഓരോ ദാസനെയും അമൂല്യ വ്യക്തി ആയിട്ടാണു വീക്ഷിക്കുന്നത്‌. (ഹഗ്ഗായി 2:⁠7, NW, അടിക്കുറിപ്പ്‌) എന്നാൽ പലർക്കും ഇത്‌ അംഗീകരിക്കാൻ ബുദ്ധിമുട്ടു തോന്നുന്നു. പ്രായാധിക്യമോ വർധിച്ചുവരുന്ന കുടുംബ പ്രാരാബ്‌ധങ്ങളോ മോശമായിക്കൊണ്ടിരിക്കുന്ന ആരോഗ്യസ്ഥിതിയോ മൂലം ചിലർക്കു നിരുത്സാഹം തോന്നിയേക്കാം. ബാല്യകാലത്തെ കയ്‌പേറിയ അനുഭവങ്ങൾ, ജീവിതത്തിൽ എല്ലാം നിഷേധിക്കപ്പെട്ടവരാണ്‌ തങ്ങൾ എന്നൊരു തോന്നൽ ചിലരിൽ ഉളവാക്കിയേക്കാം. ഇനിയും കഴിഞ്ഞകാല തെറ്റുകളെ കുറിച്ചുള്ള കുറ്റബോധം മറ്റു ചിലരെ കുത്തിനോവിക്കുന്നുണ്ടായിരിക്കാം. തങ്ങൾക്കു മാപ്പു നൽകാൻ യഹോവയ്‌ക്കു കഴിയുമോ എന്ന്‌ അവർ സംശയിച്ചേക്കാം. (സങ്കീർത്തനം 51:3) അത്തരം തോന്നലുകൾ സംബന്ധിച്ച്‌ എന്തു ചെയ്യാൻ കഴിയും?

13. തങ്ങൾ ഒന്നിനും കൊള്ളാത്തവർ ആണെന്ന തോന്നലുമായി മല്ലിടുന്നവർക്ക്‌ തിരുവെഴുത്തുകൾ എന്ത്‌ ആശ്വാസം നൽകുന്നു?

13 ക്രിസ്‌തുവിന്റെ സമാധാനം യഹോവയുടെ സ്‌നേഹത്തെ കുറിച്ച്‌ നമുക്ക്‌ ഉറപ്പു നൽകും. നാം ചെയ്യുന്ന കാര്യങ്ങളെ മറ്റുള്ളവരുടേതുമായി തട്ടിച്ചുനോക്കിയാണ്‌ നമ്മുടെ മൂല്യം കണക്കാക്കുന്നത്‌ എന്ന്‌ യേശു ഒരിക്കലും പറഞ്ഞില്ല എന്ന വസ്‌തുതയെ കുറിച്ചു ധ്യാനിക്കുന്നത്‌ ക്രിസ്‌തുവിന്റെ സമാധാനം നമ്മുടെ മനസ്സുകളിൽ കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കും. (മത്തായി 25:14, 15; മർക്കൊസ്‌ 12:41-44) എന്നാൽ അവൻ ഊന്നൽ കൊടുത്ത ഒന്നുണ്ട്‌, വിശ്വസ്‌തത. അവൻ തന്റെ ശിഷ്യരോട്‌ ഇങ്ങനെ പറഞ്ഞു: “അവസാനത്തോളം സഹിച്ചുനില്‌ക്കുന്നവൻ രക്ഷിക്കപ്പെടും.” (മത്തായി 24:13) യേശുതന്നെ മനുഷ്യരാൽ “നിന്ദിക്കപ്പെ”ടുകയുണ്ടായി. എങ്കിലും തന്റെ പിതാവിന്‌ തന്നോടുള്ള സ്‌നേഹത്തെ കുറിച്ച്‌ അവനു തെല്ലും സംശയമില്ലായിരുന്നു. (യെശയ്യാവു 53:3; യോഹന്നാൻ 10:17) തന്റെ ശിഷ്യന്മാരും യഹോവയ്‌ക്കു പ്രിയപ്പെട്ടവർ ആണെന്ന്‌ യേശു അവരോടു പറയുകയുണ്ടായി. (യോഹന്നാൻ 14:21) അതിന്‌ ഊന്നൽ കൊടുക്കാനായി യേശു ഇപ്രകാരം പറഞ്ഞു: “കാശിന്നു രണ്ടു കുരികിൽ വില്‌ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല. എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു. ആകയാൽ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.” (മത്തായി 10:29-31) യഹോവയുടെ സ്‌നേഹം സംബന്ധിച്ച എത്ര ഊഷ്‌മളമായ ഉറപ്പ്‌!

14. യഹോവ നമ്മെ ഓരോരുത്തരെയും വിലയേറിയവരായി കണക്കാക്കുന്നു എന്നതിന്‌ എന്ത്‌ ഉറപ്പുണ്ട്‌?

14 യേശു ഇങ്ങനെയും പറഞ്ഞു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.” (യോഹന്നാൻ 6:44) യേശുവിനെ അനുഗമിക്കാൻ തക്കവണ്ണം യഹോവ നമ്മെ ആകർഷിച്ചിരിക്കുന്നതു കൊണ്ട്‌ നാം രക്ഷിക്കപ്പെടണം എന്ന്‌ അവനു തീർച്ചയായും ആഗ്രഹമുണ്ടായിരിക്കണം. തന്റെ ശിഷ്യരോടുള്ള യേശുവിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.” (മത്തായി 18:14) അതുകൊണ്ട്‌, നിങ്ങൾ പൂർണ ഹൃദയത്തോടെയാണ്‌ യഹോവയെ സേവിക്കുന്നതെങ്കിൽ നിങ്ങളുടെ നല്ല വേലയിൽ ‘ആഹ്ലാദിക്കാൻ’ നിങ്ങൾക്കു കാരണമുണ്ട്‌. (ഗലാത്യർ 6:​4, NW) കഴിഞ്ഞകാല തെറ്റുകൾ നിങ്ങളെ കുത്തിനോവിക്കുന്നെങ്കിൽ യഥാർഥ അനുതാപം പ്രകടിപ്പിക്കുന്നവരോട്‌ യഹോവ “ധാരാളം” ക്ഷമിക്കും എന്ന്‌ ഉറപ്പുള്ളവരായിരിക്കുക. (യെശയ്യാവു 43:25; 55:7) ഇനി മറ്റേതെങ്കിലും കാരണത്താലാണു നിങ്ങൾക്കു നിരുത്സാഹം തോന്നുന്നതെങ്കിൽ, “ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ” ആണെന്നും “മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു” എന്നും മനസ്സിൽ പിടിക്കുക.​—⁠സങ്കീർത്തനം 34:18.

15. (എ) നമ്മുടെ സമാധാനം എടുത്തുകളയാൻ സാത്താൻ ശ്രമിക്കുന്നത്‌ എങ്ങനെ? (ബി) യഹോവയിൽ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

15 നിങ്ങളിൽനിന്നു സമാധാനം എടുത്തുകളയാൻ സാത്താൻ വളരെ ആഗ്രഹിക്കുന്നു. നാം എല്ലാവരും പോരാടിക്കൊണ്ടിരിക്കുന്ന, നമുക്കു പാരമ്പര്യമായി ലഭിച്ച ആ പാപത്തിനു കാരണക്കാരൻ അവനാണ്‌. (റോമർ 7:21-24) നിങ്ങളുടെ അപൂർണത നിങ്ങളുടെ സേവനം ദൈവത്തിനു അസ്വീകാര്യമാക്കിത്തീർക്കുന്നു എന്ന തോന്നൽ നിങ്ങളിൽ ഉളവായിക്കാണാൻ അവൻ തീർച്ചയായും ആഗ്രഹിക്കുന്നു. നിങ്ങളുടെ ആത്മവീര്യം കെടുത്തിക്കളയാൻ സാത്താനെ ഒരിക്കലും അനുവദിക്കരുത്‌! അവന്റെ കുതന്ത്രങ്ങളെ കുറിച്ച്‌ ജാഗ്രത ഉള്ളവരായിരിക്കുക. അത്‌ സഹിച്ചുനിൽക്കാനുള്ള ദൃഢനിശ്ചയം നിങ്ങളിൽ ഉളവാക്കട്ടെ. (2 കൊരിന്ത്യർ 2:11; എഫെസ്യർ 6:11-13) “ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവനും എല്ലാം അറിയുന്നവനും” ആണെന്ന്‌ ഓർക്കുക. (1 യോഹന്നാൻ 3:20) യഹോവ നമ്മുടെ വീഴ്‌ചകൾ മാത്രമല്ല കാണുന്നത്‌. അവൻ നമ്മുടെ ആന്തരങ്ങളും വിചാരങ്ങളും കൂടെ കാണുന്നു. അതുകൊണ്ട്‌ സങ്കീർത്തനക്കാരന്റെ ഈ വാക്കുകളിൽനിന്ന്‌ ആശ്വാസം കൈക്കൊള്ളുക: “യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.”​—⁠സങ്കീർത്തനം 94:⁠14.

ക്രിസ്‌തുവിന്റെ സമാധാനത്തിൽ ഏകീകൃതർ

16. സഹിച്ചുനിൽക്കാൻ നാം കഠിനശ്രമം ചെയ്യവേ നാം ഒറ്റയ്‌ക്കല്ലാത്തത്‌ ഏതു വിധത്തിൽ?

16 നാം “ഏകശരീരമായി വിളിക്കപ്പെ”ട്ടിരിക്കുന്നതുകൊണ്ട്‌ ക്രിസ്‌തുവിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളിൽ നിയന്ത്രണം ചെലുത്താൻ നാം അനുവദിക്കണം എന്നു പൗലൊസ്‌ എഴുതി. ആരെ ഉദ്ദേശിച്ചാണോ പൗലൊസ്‌ അപ്രകാരം എഴുതിയത്‌ ആ അഭിഷിക്ത ക്രിസ്‌ത്യാനികൾ ക്രിസ്‌തുവിന്റെ ശരീരത്തിന്റെ ഭാഗമാകാൻ ക്ഷണിക്കപ്പെട്ടവർ ആയിരുന്നു. ഇന്ന്‌, അഭിഷിക്ത വർഗത്തിലെ ശേഷിക്കുന്നവരും അതേ ക്ഷണം ലഭിച്ചവരാണ്‌. അവരുടെ സഹകാരികളായ “വേറെ ആടുക”ളും യേശുക്രിസ്‌തുവാകുന്ന ‘ഇടയന്റെ’ കീഴിൽ അവരോടൊന്നിച്ച്‌ “ഒരാട്ടിൻകൂട്ട”മെന്ന നിലയിൽ ഏകീകൃതരാണ്‌. (യോഹന്നാൻ 10:16) ലോകമൊട്ടാകെ ദശലക്ഷങ്ങൾ അടങ്ങിയ ‘ആട്ടിൻകൂട്ടം’ തങ്ങളുടെ ഹൃദയങ്ങളിൽ ക്രിസ്‌തുവിന്റെ സമാധാനം നിയന്ത്രണം ചെലുത്താൻ അനുവദിക്കുന്നു. നാം തനിച്ചല്ലെന്ന അറിവ്‌ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നു. പത്രൊസ്‌ ഇങ്ങനെ എഴുതി: “ലോകത്തിൽ നിങ്ങൾക്കുള്ള സഹോദരവർഗ്ഗത്തിന്നു ആവക കഷ്ടപ്പാടുകൾ തന്നേ പൂർത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തിൽ സ്ഥിരമുള്ളവരായി [സാത്താനോട്‌] എതിർത്തു നില്‌പിൻ.”​—⁠1 പത്രൊസ്‌ 5:⁠9.

17. ക്രിസ്‌തുവിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളിൽ നിയന്ത്രണം ചെലുത്താൻ അനുവദിക്കുന്നതിനു നമുക്ക്‌ എന്തു കാരണമുണ്ട്‌?

17 അതുകൊണ്ട്‌, ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ മർമപ്രധാന ഫലമായ സമാധാനം നട്ടുവളർത്തുന്നതിൽ നമുക്ക്‌ ഏവർക്കും തുടരാം. (ഗലാത്യർ 5:22, 23) കറയും കളങ്കവും ഇല്ലാത്തവരായി, സമാധാനത്തോടെ ജീവിക്കുന്നവരായി കാണുന്നവരെ നീതി വസിക്കുന്ന പറുദീസാ ഭൂമിയിൽ നിത്യജീവൻ നൽകിക്കൊണ്ട്‌ യഹോവ ഒടുവിൽ അനുഗ്രഹിക്കും. (2 പത്രൊസ്‌ 3:13, 14) ക്രിസ്‌തുവിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളിൽ നിയന്ത്രണം ചെലുത്താൻ അനുവദിക്കുന്നതിന്‌ നമുക്ക്‌ സകല കാരണവും ഉണ്ട്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 9 ചിലപ്പോൾ വിഷാദരോഗം പോലുള്ള എന്തെങ്കിലും മാനസിക പ്രശ്‌നങ്ങൾ ഉത്‌കണ്‌ഠ ഉളവാകാനോ മൂർച്ഛിക്കാനോ ഇടയാക്കിയേക്കാം.

നിങ്ങൾ ഓർക്കുന്നുവോ?

• ക്രിസ്‌തുവിന്റെ സമാധാനം എന്താണ്‌?

• അനീതിക്ക്‌ ഇരയായതായി തോന്നുമ്പോൾ ക്രിസ്‌തുവിന്റെ സമാധാനത്തിന്‌ നമ്മുടെ മനസ്സിൽ നിയന്ത്രണം ചെലുത്താൻ കഴിയുന്നത്‌ എങ്ങനെ?

• ഉത്‌കണ്‌ഠ തരണം ചെയ്യാൻ ക്രിസ്‌തുവിന്റെ സമാധാനം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

• നാം ഒന്നിനും കൊള്ളാത്തവർ ആണെന്ന തോന്നൽ ഉണ്ടാകുമ്പോൾ ക്രിസ്‌തുവിന്റെ സമാധാനം നമ്മെ ആശ്വസിപ്പിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

ശത്രുക്കൾ കുറ്റാരോപണം ഉന്നയിച്ചപ്പോൾ യേശു സകല കാര്യങ്ങളും യഹോവയ്‌ക്കു വിട്ടുകൊടുത്തു

[16-ാം പേജിലെ ചിത്രം]

സ്‌നേഹവാനായ ഒരു പിതാവിന്റെ ഊഷ്‌മളമായ ആലിംഗനം പോലെ, യഹോവയുടെ സാന്ത്വനവാക്കുകൾ ഉത്‌കണ്‌ഠാകുലമായ നമ്മുടെ മനസ്സുകളെ തഴുകി ആശ്വസിപ്പിക്കും

[18-ാം പേജിലെ ചിത്രം]

യഹോവയുടെ ദൃഷ്ടിയിൽ സഹിഷ്‌ണുതയ്‌ക്ക്‌ വലിയ വിലയുണ്ട്‌