വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” എന്ന് ദൈവപുത്രനെ കുറിച്ച് കൊലൊസ്സ്യർ 1:16-ൽ പറയുന്നു. ദൈവപുത്രനായ യേശുവിനായി സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നത് ഏത് അർഥത്തിലാണ്?
യേശു ഒഴികെയുള്ള സകലവും സൃഷ്ടിക്കാൻ തന്റെ ഏകജാത പുത്രനെ ഒരു ശിൽപ്പിയായി യഹോവ ഉപയോഗിച്ചു. (സദൃശവാക്യങ്ങൾ 8:27-30; യോഹന്നാൻ 1:3) ഉചിതമായും, പുത്രൻ ഈ വേലയിൽനിന്നു സന്തോഷം അനുഭവിക്കുന്നു. ആ അർഥത്തിൽ അവ “അവന്നായി” ഉള്ളതാണ്.
തങ്ങൾ ജന്മമേകുന്ന പുത്രീപുത്രന്മാരിൽനിന്ന് ആനന്ദം അനുഭവിക്കാൻ മനുഷ്യ മാതാപിതാക്കൾ പ്രതീക്ഷിക്കുന്നു, മിക്കപ്പോഴും അവർക്ക് അതിനു സാധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് “[പിതാവ്] ആനന്ദം കണ്ടെത്തുന്ന ഒരു പുത്ര”നെ കുറിച്ച് ബൈബിളിലെ സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 3:12, NW; 29:17) സമാനമായി, തന്റെ ജനമായ ഇസ്രായേൽ വിശ്വസ്തരായിരുന്നപ്പോൾ യഹോവയാം ദൈവം അവരിൽ ആനന്ദം കണ്ടെത്തി. (സങ്കീർത്തനം 44:3; 119:108; 147:11) നമ്മുടെ നാളിലും തന്റെ വിശ്വസ്ത ദാസന്മാരിൽ അവൻ ആനന്ദം കണ്ടെത്തുന്നു.—സദൃശവാക്യങ്ങൾ 12:22; എബ്രായർ 10:38.
അതുപോലെ, തന്റെ കൂട്ടുവേലക്കാരനായ യേശുവിന് തന്റെ നേട്ടങ്ങളിൽനിന്ന് ആനന്ദം അനുഭവിക്കാൻ യഹോവ ഇടനൽകുന്നത് ഉചിതമാണ്. വാസ്തവത്തിൽ, പുത്രൻ ‘അവന്റെ ഭൂതലത്തിൽ വിനോദിച്ചുകൊണ്ടിരുന്നു’വെന്നും ‘അവന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു’വെന്നും സദൃശവാക്യങ്ങൾ 8:31 പറയുന്നു. “അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു” എന്ന് കൊലൊസ്സ്യർ 1:16 പറയുന്നത് ഈ അർഥത്തിലാണ്. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)