യഹോവ—ദീർഘക്ഷമയുള്ള ഒരു ദൈവം
യഹോവ—ദീർഘക്ഷമയുള്ള ഒരു ദൈവം
“യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയുമുള്ളവൻ.”—പുറപ്പാടു 34:6.
1, 2. (എ) കഴിഞ്ഞകാലത്ത് യഹോവയുടെ ദീർഘക്ഷമയിൽനിന്ന് ആരെല്ലാം പ്രയോജനം നേടി? (ബി) “ദീർഘക്ഷമ” എന്ന പദത്തിന്റെ അർഥമെന്ത്?
നോഹയുടെ നാളിലെ ആളുകൾ, മോശെയോടൊപ്പം മരുഭൂമി താണ്ടിയ ഇസ്രായേല്യർ, യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ജീവിച്ചിരുന്ന യഹൂദന്മാർ—ഇവരെല്ലാം വ്യത്യസ്‌ത സാഹചര്യങ്ങളിലാണു ജീവിച്ചിരുന്നത്. എന്നാൽ അവർക്കെല്ലാം പ്രയോജനകരമായിത്തീർന്ന യഹോവയുടെ ദയാപൂർവകമായ ഒരു ഗുണമുണ്ട്. അതാണ് ദീർഘക്ഷമ. ചിലരെ സംബന്ധിച്ചിടത്തോളം അത് ജീവനെ അർഥമാക്കി. യഹോവയുടെ ദീർഘക്ഷമയ്‌ക്കു നമ്മുടെ ജീവനെയും അർഥമാക്കാൻ കഴിയും.
2 എന്താണ് ദീർഘക്ഷമ? യഹോവ അത് എപ്പോൾ പ്രകടമാക്കുന്നു, എന്തുകൊണ്ട്? “അപരാധത്തിന്റെയോ പ്രകോപനത്തിന്റെയോ ക്ഷമാപൂർവകമായ സഹനം, ഒപ്പം താറുമാറായ ഒരു ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷ ഉപേക്ഷിക്കാനുള്ള വിസമ്മതം” എന്നു “ദീർഘക്ഷമ”യെ നിർവചിച്ചിരിക്കുന്നു. അതുകൊണ്ട് ഈ ഗുണത്തിന് ഒരു ഉദ്ദേശ്യമുണ്ട്. അതു വിശേഷാൽ, അനുകൂലിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നവന്റെ ക്ഷേമത്തിനായി ശ്രമിക്കുന്നു. എന്നാൽ, ദീർഘക്ഷമ കാട്ടുകയെന്നാൽ തെറ്റിനു നേരെ കണ്ണടയ്‌ക്കുക എന്നല്ല. ദീർഘക്ഷമയുടെ ഉദ്ദേശ്യം നിറവേറിക്കഴിയുമ്പോൾ, അല്ലെങ്കിൽ ഒരു സാഹചര്യം വെച്ചുപൊറുപ്പിക്കുന്നതിൽ ഇനി യാതൊരു അർഥവും ഇല്ലെന്നു വരുമ്പോൾ, ദീർഘക്ഷമ അവസാനിക്കുന്നു.
3. യഹോവ ദീർഘക്ഷമ പ്രകടമാക്കിയിരിക്കുന്നതിന്റെ ഉദ്ദേശ്യമെന്ത്, അതിന്റെ പരിധിയെത്ര?
3 മനുഷ്യർക്കു ദീർഘക്ഷമ കാണിക്കാൻ കഴിയും. എന്നാൽ, ഈ ഗുണം പ്രകടമാക്കുന്നതിലെ ഏറ്റവും മികച്ച മാതൃക യഹോവയുടേതാണ്. യഹോവയും അവന്റെ മനുഷ്യസൃഷ്ടിയും തമ്മിലുള്ള ബന്ധം ശിഥിലമായതിനു ശേഷമുള്ള വർഷങ്ങളിൽ, നമ്മുടെ സ്രഷ്ടാവ് ക്ഷമാപൂർവകമായ സഹിഷ്‌ണുത പ്രകടമാക്കുകയും അങ്ങനെ അനുതാപമുള്ള മനുഷ്യർക്ക് അവനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള മാർഗം നൽകുകയും ചെയ്‌തിരിക്കുന്നു. (2 പത്രൊസ് 3:9; 1 യോഹന്നാൻ 4:10) എന്നാൽ ദീർഘക്ഷമ അതിന്റെ ഉദ്ദേശ്യം നിറവേറ്റിക്കഴിയുമ്പോൾ, ദൈവം മനഃപൂർവ പാപികൾക്കെതിരെ നടപടി സ്വീകരിക്കുകയും ഇപ്പോഴത്തെ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യും.—2 പത്രൊസ് 3:7.
ദൈവത്തിന്റെ പ്രമുഖ ഗുണങ്ങളുമായി പൊരുത്തത്തിൽ
4. (എ) എബ്രായ തിരുവെഴുത്തുകളിൽ ദീർഘക്ഷമ എന്ന ആശയം പ്രകടിപ്പിച്ചിരിക്കുന്നത് എങ്ങനെ? (അടിക്കുറിപ്പും കാണുക.) (ബി) നഹൂം പ്രവാചകൻ യഹോവയെ കുറിച്ചു വിവരിക്കുന്നത് എങ്ങനെ, യഹോവയുടെ ദീർഘക്ഷമ സംബന്ധിച്ച് അത് എന്തു വെളിപ്പെടുത്തുന്നു?
4 എബ്രായ തിരുവെഴുത്തുകളിൽ, ദീർഘക്ഷമ എന്ന ആശയം നൽകുന്ന രണ്ട് എബ്രായ പദങ്ങളുണ്ട്. അക്ഷരീയമായി “നാസാരന്ധ്രങ്ങളുടെ ദൈർഘ്യം” എന്ന് അർഥമുള്ള ആ പദങ്ങളെ “കോപത്തിനു താമസമുള്ള” എന്നാണ് പുതിയലോക ഭാഷാന്തരത്തിൽ തർജമ ചെയ്‌തിരിക്കുന്നത്. * ദൈവത്തിന്റെ ദീർഘക്ഷമയെ കുറിച്ചു പറയവേ, നഹൂം പ്രവാചകൻ ഇങ്ങനെ പ്രസ്‌താവിച്ചു: “യഹോവ ദീർഘക്ഷമയും [‘കോപത്തിനു താമസവും,’ NW] മഹാശക്തിയുമുള്ളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല.” (നഹൂം 1:3) അതിനാൽ, യഹോവയുടെ ദീർഘക്ഷമ ഒരു ബലഹീനതയുടെ ലക്ഷണമല്ല, അതു പരിധി ഇല്ലാത്തതുമല്ല. സർവശക്തനായ ദൈവം ഒരേസമയം കോപത്തിനു താമസമുള്ളവനും മഹാശക്തനും ആണെന്ന വസ്‌തുത, അവന്റെ ദീർഘക്ഷമ ഉദ്ദേശ്യപൂർണമായ നിയന്ത്രണത്തിന്റെ ഫലമാണെന്നു പ്രകടമാക്കുന്നു. അവനു ശിക്ഷിക്കുന്നതിനുള്ള അധികാരമുണ്ട്, എന്നാൽ മാറ്റം വരുത്താനുള്ള അവസരം ദുഷ്‌പ്രവൃത്തിക്കാരനു കൊടുക്കുന്നതിന് അവൻ സത്വരം ശിക്ഷ നടപ്പാക്കുന്നതിൽനിന്നു മനഃപൂർവം ഒഴിഞ്ഞുനിൽക്കുന്നു. (യെഹെസ്‌കേൽ 18:31, 32) അതുകൊണ്ട് യഹോവയുടെ ദീർഘക്ഷമ അവന്റെ സ്‌നേഹത്തിന്റെ ഒരു പ്രകടനമാണ്. തന്റെ ശക്തി ഉപയോഗിക്കുന്നതിൽ അവനുള്ള ജ്ഞാനത്തെ അതു പ്രകടമാക്കുന്നു.
5. യഹോവയുടെ ദീർഘക്ഷമ ഏതു വിധത്തിലാണ് അവന്റെ നീതിയുമായി പൊരുത്തത്തിൽ ആയിരിക്കുന്നത്?
പുറപ്പാടു 34:6) വർഷങ്ങൾക്കുശേഷം യഹോവയെ സ്‌തുതിച്ചുകൊണ്ട് മോശെ ഇങ്ങനെ പാടി: “അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്‌തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” (ആവർത്തനപുസ്‌തകം 32:4) അതേ, യഹോവയുടെ കരുണയും ദീർഘക്ഷമയും നീതിയും നേരുമെല്ലാം യോജിപ്പിൽ വർത്തിക്കുന്നു.
5 യഹോവയുടെ ദീർഘക്ഷമ അവന്റെ ന്യായവും നീതിയുമായും പൊരുത്തത്തിലാണ്. “യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്‌തതയുമുള്ളവൻ” ആണെന്ന് അവൻ സ്വയം മോശെക്കു വെളിപ്പെടുത്തി. (യഹോവയുടെ ദീർഘക്ഷമ —ജലപ്രളയത്തിനു മുമ്പ്
6. ആദാമിന്റെയും ഹവ്വായുടെയും സന്തതികളോടു ദീർഘക്ഷമയുടെ എന്തു ശ്രദ്ധേയമായ തെളിവ് യഹോവ കാട്ടിയിരിക്കുന്നു?
6 ഏദെനിൽവെച്ച് ആദാമും ഹവ്വായും കാട്ടിയ അനുസരണക്കേടു മൂലം സ്‌നേഹവാനാം സ്രഷ്ടാവായ യഹോവയുമായുള്ള അവരുടെ ബന്ധം എന്നേക്കുമായി അറ്റുപോയി. (ഉല്‌പത്തി 3:8-13, 23, 24) ഈ അന്യപ്പെടൽ അവരുടെ സന്തതികളെ ബാധിക്കുകയും അവർക്കു പാപവും അപൂർണതയും മരണവും പാരമ്പര്യമായി കൈമാറിക്കിട്ടുകയും ചെയ്‌തു. (റോമർ 5:17-19) ആദ്യ മനുഷ്യ ദമ്പതികൾ മനഃപൂർവ പാപികൾ ആയിരുന്നെങ്കിലും, മക്കളെ ഉളവാക്കാൻ യഹോവ അവരെ അനുവദിച്ചു. പിന്നീട്, ആദാമിന്റെയും ഹവ്വായുടെയും മക്കൾക്കു താനുമായി നിരപ്പിലേക്ക് അഥവാ സമാധാന ബന്ധത്തിലേക്കു വരാനുള്ള മാർഗം അവൻ സ്‌നേഹപൂർവം പ്രദാനം ചെയ്‌തു. (യോഹന്നാൻ 3:16, 36) പൗലൊസ് അപ്പൊസ്‌തലൻ ഇങ്ങനെ വിശദീകരിച്ചു: “ക്രിസ്‌തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്‌നേഹത്തെ പ്രദർശിപ്പിക്കുന്നു. അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.”—റോമർ 5:8-10.
7. ജലപ്രളയത്തിനു മുമ്പ് യഹോവ ദീർഘക്ഷമ കാട്ടിയത് എങ്ങനെ, ജലപ്രളയത്തിനു മുമ്പുള്ള തലമുറയുടെ നാശം നീതിക്കു നിരക്കുന്നതായിരുന്നത് എന്തുകൊണ്ട്?
7 നോഹയുടെ നാളിൽ യഹോവയുടെ ദീർഘക്ഷമ ദൃശ്യമായി. ജലപ്രളയത്തിന് ഒരു നൂറ്റാണ്ടിൽപ്പരം വർഷങ്ങൾക്കു മുമ്പ്, “ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.” (ഉല്‌പത്തി 6:12) എങ്കിലും, പരിമിതമായ ഒരു കാലത്തേക്ക് യഹോവ മനുഷ്യവർഗത്തോടു ദീർഘക്ഷമ കാട്ടുകയുണ്ടായി. അവൻ ഇങ്ങനെ പറഞ്ഞു: “മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂററിരുപതു സംവത്സരമാകും.” (ഉല്‌പത്തി 6:3) ആ 120 വർഷങ്ങൾ ഒരു കുടുംബത്തെ ഉളവാക്കാനും ദൈവകൽപ്പന ലഭിച്ചപ്പോൾ ഒരു പെട്ടകം പണിയാനും വരാനിരിക്കുന്ന ജലപ്രളയത്തെ കുറിച്ച് തന്റെ സമകാലികർക്കു മുന്നറിയിപ്പു കൊടുക്കാനും വിശ്വസ്‌തനായ നോഹയെ അനുവദിച്ചു. പത്രൊസ് അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ . . . ആ പെട്ടകത്തിൽ അല്‌പജനം, എന്നുവെച്ചാൽ എട്ടുപേർ, വെള്ളത്തിൽകൂടി രക്ഷ പ്രാപിച്ചു.” (1 പത്രൊസ് 3:19, 20) വാസ്‌തവത്തിൽ, നോഹയുടെ അടുത്ത കുടുംബാംഗങ്ങൾ ഒഴികെ ആരും അവന്റെ പ്രസംഗത്തിന് “ശ്രദ്ധ കൊടുത്തില്ല.” (മത്തായി 24:38, 39, NW) പെട്ടകം നിർമിക്കാനും ഒരുപക്ഷേ പല പതിറ്റാണ്ടുകളോളം “നീതിപ്രസംഗി”യായി സേവിക്കാനും നോഹയെ നിയമിക്കുകവഴി തങ്ങളുടെ അക്രമാസക്തമായ വഴികൾ സംബന്ധിച്ച് അനുതപിച്ച് തന്നെ സേവിക്കാനുള്ള വേണ്ടത്ര അവസരം യഹോവ അവന്റെ സമകാലികർക്കു നൽകി. (2 പത്രൊസ് 2:5; എബ്രായർ 11:7) ആ ദുഷ്ട തലമുറയുടെ അന്തിമ നാശം പൂർണമായും നീതിക്കു നിരക്കുന്നതായിരുന്നു.
ഇസ്രായേലിനോട് മാതൃകായോഗ്യമായ ദീർഘക്ഷമ
8. യഹോവ ഇസ്രായേൽ ജനതയോടു ദീർഘക്ഷമ പ്രകടമാക്കിയത് എങ്ങനെ?
8 ഇസ്രായേലിനോടുള്ള ദൈവത്തിന്റെ ദീർഘക്ഷമ 120 വർഷത്തെക്കാൾ വളരെയധികം നീണ്ടുനിന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം എന്ന നിലയിൽ 1,500-ലധികം വർഷത്തെ അവരുടെ ചരിത്രത്തിൽ ഉടനീളം അവർ ദൈവത്തിന്റെ ദീർഘക്ഷമയെ അങ്ങേയറ്റം പരീക്ഷിക്കാഞ്ഞ കാലഘട്ടം താരതമ്യേന കുറവായിരുന്നു. ഈജിപ്‌തിൽനിന്നു വിടുവിക്കപ്പെട്ട് ഏതാനും ആഴ്‌ചകൾക്കുള്ളിൽത്തന്നെ അവർ വിഗ്രഹാരാധനയിലേക്കു തിരിഞ്ഞുകൊണ്ട് തങ്ങളുടെ രക്ഷകനോടു കടുത്ത അനാദരവു പ്രകടമാക്കി. (പുറപ്പാടു 32:4; സങ്കീർത്തനം 106:21) തുടർന്നുവന്ന ദശകങ്ങളിൽ, യഹോവ മരുഭൂമിയിൽവെച്ച് അത്ഭുതകരമായി നൽകിയ ഭക്ഷണത്തെ കുറിച്ച് ഇസ്രായേല്യർ പരാതി പറഞ്ഞു, മോശെക്കും അഹരോനുമെതിരെ പിറുപിറുത്തു, യഹോവയ്‌ക്കെതിരെ സംസാരിച്ചു, പുറജാതികളുമായി പരസംഗത്തിൽ ഏർപ്പെട്ടു, കൂടാതെ ബാൽ ആരാധനയിൽ പങ്കെടുക്കുക പോലും ചെയ്‌തു. (സംഖ്യാപുസ്‌തകം 11:4-6; 14:2-4; 21:5; 25:1-3; 1 കൊരിന്ത്യർ 10:6-11) യഹോവയ്‌ക്കു തന്റെ ജനത്തെ നശിപ്പിച്ചുകളയുന്നതിന് സകല കാരണവും ഉണ്ടായിരുന്നു, അതിനു പകരം അവൻ ദീർഘക്ഷമ പ്രകടമാക്കുകയാണു ചെയ്‌തത്.—സംഖ്യാപുസ്‌തകം 14:11-21.
9. ന്യായാധിപന്മാരുടെ നാളുകളിലും രാജവാഴ്‌ചക്കാലത്തും താൻ ദീർഘക്ഷമയുള്ള ഒരു ദൈവമാണെന്ന് യഹോവ പ്രകടമാക്കിയത് എങ്ങനെ?
9 ന്യായാധിപന്മാരുടെ നാളുകളിൽ, ഇസ്രായേല്യർ ആവർത്തിച്ചാവർത്തിച്ച് വിഗ്രഹാരാധനയിലേക്കു വീണുപോയി. അവർ അങ്ങനെ ചെയ്‌തപ്പോൾ യഹോവ അവരെ ശത്രുക്കളുടെ കൈകളിൽ ഏൽപ്പിച്ചു. എന്നാൽ അവർ അനുതപിച്ച് സഹായത്തിനായി നിലവിളിച്ചപ്പോൾ, അവൻ ദീർഘക്ഷമ പ്രകടമാക്കുകയും അവരെ വിടുവിക്കുന്നതിനു ന്യായാധിപന്മാരെ എഴുന്നേൽപ്പിക്കുകയും ചെയ്‌തു. (ന്യായാധിപന്മാർ 2:17, 18) ദീർഘമായ രാജവാഴ്‌ചക്കാലത്ത് യഹോവയോട് അനന്യമായ ഭക്തി പ്രകടമാക്കിയ രാജാക്കന്മാർ നന്നേ കുറവായിരുന്നു. വിശ്വസ്‌ത രാജാക്കന്മാരുടെ വാഴ്‌ചക്കാലത്തു പോലും ആളുകൾ സത്യാരാധനയും വ്യാജാരാധനയും തമ്മിൽ കൂട്ടിക്കുഴച്ചു. അവിശ്വസ്‌തതയ്‌ക്ക് എതിരെ മുന്നറിയിപ്പു നൽകാൻ യഹോവ പ്രവാചകന്മാരെ എഴുന്നേൽപ്പിച്ചപ്പോൾ, ദുഷിച്ച പുരോഹിതന്മാരും കള്ളപ്രവാചകന്മാരും പറയുന്നതു കേൾക്കാനാണ് ആളുകൾ പൊതുവേ ഇഷ്ടപ്പെട്ടത്. (യിരെമ്യാവു 5:31; 25:4-7) വാസ്‌തവത്തിൽ, ഇസ്രായേല്യർ യഹോവയുടെ വിശ്വസ്‌ത പ്രവാചകന്മാരെ പീഡിപ്പിക്കുകയും അവരിൽ ചിലരെ കൊല്ലുകപോലും ചെയ്‌തു. (2 ദിനവൃത്താന്തം 24:20, 21; പ്രവൃത്തികൾ 7:51, 52) എങ്കിലും, യഹോവ ദീർഘക്ഷമ കാണിക്കുന്നതിൽ തുടർന്നു.—2 ദിനവൃത്താന്തം 36:15.
യഹോവയുടെ ദീർഘക്ഷമ അവസാനിച്ചിട്ടില്ല
10. യഹോവയുടെ ദീർഘക്ഷമ അതിന്റെ പരിധിയിൽ എത്തിയത് എപ്പോൾ?
10 എന്നാൽ, ദൈവത്തിന്റെ ദീർഘക്ഷമയ്‌ക്ക് ഒരു പരിധിയുണ്ടെന്നു ചരിത്രം പ്രകടമാക്കുന്നു. പൊ.യു.മു. 740-ൽ പത്തുഗോത്ര രാജ്യമായ ഇസ്രായേലിനെ മറിച്ചിടാനും അതിലെ നിവാസികളെ പ്രവാസത്തിലേക്കു കൊണ്ടുപോകാനും അവൻ അസീറിയക്കാരെ അനുവദിച്ചു. (2 രാജാക്കന്മാർ 17:5, 6) തുടർന്നുവന്ന നൂറ്റാണ്ടിന്റെ അവസാനത്തിൽ, രണ്ടുഗോത്ര രാജ്യമായ യഹൂദയെ ആക്രമിക്കാനും ആലയം ഉൾപ്പെടെ യെരൂശലേമിനെ നശിപ്പിക്കാനും അവൻ അനുവദിച്ചു.—2 ദിനവൃത്താന്തം 36:16-19.
11. ന്യായവിധി നടപ്പാക്കിയപ്പോൾത്തന്നെ യഹോവ ദീർഘക്ഷമ പ്രകടമാക്കിയത് എങ്ങനെ?
11 ഇസ്രായേലിനും യഹൂദയ്‌ക്കുമെതിരെ ന്യായവിധി നടപ്പാക്കിയപ്പോൾ പോലും ദീർഘക്ഷമ കാണിക്കാൻ യഹോവ മറന്നില്ല. തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ഒരു പുനഃസ്ഥിതീകരണത്തെ കുറിച്ച് യിരെമ്യാ പ്രവാചകൻ മുഖാന്തരം യഹോവ മുൻകൂട്ടി പറഞ്ഞു. അവൻ ഇങ്ങനെ പ്രസ്‌താവിച്ചു: “ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു. നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും . . . ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളിൽനിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാൻ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.”—യിരെമ്യാവു 29:10, 14.
12. മിശിഹായുടെ വരവിനോടുള്ള ബന്ധത്തിൽ, യഹൂദ ശേഷിപ്പിന്റെ യഹൂദയിലേക്കുള്ള മടങ്ങിവരവിനെ ദൈവം അനുഗ്രഹിച്ചത് എങ്ങനെ?
12 പ്രവാസത്തിലുള്ള യഹൂദന്മാരുടെ ഒരു ശേഷിപ്പ് യഹൂദയിലേക്കു മടങ്ങിവന്ന് യഹോവയുടെ ആരാധന പുനഃസ്ഥാപിക്കുകയും യെരൂശലേമിൽ ആലയം പുനർനിർമിക്കുകയും ചെയ്‌തു. യഹോവയുടെ ഉദ്ദേശ്യങ്ങളുടെ നിവൃത്തിയിൽ ഈ ശേഷിപ്പ്, നവോന്മേഷവും സമൃദ്ധിയും കൈവരുത്തുന്ന “യഹോവയിങ്കൽനിന്നുള്ള മഞ്ഞു” പോലെ ആയിത്തീരുമായിരുന്നു. അവർ “കാട്ടുമൃഗങ്ങളിൽ ഒരു സിംഹം” പോലെ ധൈര്യവും കരുത്തും ഉള്ളവരായിരിക്കും. (മീഖാ 5:7, 8) മക്കബായ കുടുംബത്തിനു കീഴിലായിരുന്ന യഹൂദന്മാർ വാഗ്‌ദത്തദേശത്തുനിന്നു തങ്ങളുടെ ശത്രുക്കളെ തുരത്തുകയും ദുഷിപ്പിക്കപ്പെട്ട ആലയം പുനഃസമർപ്പിക്കുകയും ചെയ്‌ത മക്കബായ കാലഘട്ടത്തിൽ ആ വാക്യത്തിന്റെ രണ്ടാം ഭാഗത്തിനു നിവൃത്തി വന്നിരിക്കാം. അങ്ങനെ, ദൈവപുത്രൻ മിശിഹാ എന്ന നിലയിൽ ഭൂമിയിൽ വന്ന സമയത്ത് മറ്റൊരു വിശ്വസ്‌ത ശേഷിപ്പിന് അവനെ സ്വീകരിക്കാൻ കഴിയുമാറ് ആ ദേശവും ആലയവും സംരക്ഷിക്കപ്പെട്ടു.—ദാനീയേൽ 9:25; ലൂക്കൊസ് 1:13-17, 67-79; 3:15, 21, 22.
13. യഹൂദന്മാർ ദൈവപുത്രനായ യേശുവിനെ വധിച്ചശേഷവും യഹോവ അവരോടു ദീർഘക്ഷമ കാട്ടിയത് എങ്ങനെ?
13 യഹൂദന്മാർ തന്റെ പുത്രനെ വധിച്ചശേഷവും യഹോവ അവരോട് മൂന്നര വർഷത്തേക്കു കൂടി ദീർഘക്ഷമ കാട്ടി. അബ്രാഹാമിന്റെ ആത്മീയ സന്തതിയുടെ ഭാഗമായിത്തീരാനുള്ള അനന്യമായ അവസരം അവൻ അവർക്കു വെച്ചുനീട്ടി. (ദാനീയേൽ 9:27) * പൊ.യു. 36-നു മുമ്പും പിമ്പും ചില യഹൂദർ ആ ക്ഷണം സ്വീകരിച്ചു. അങ്ങനെ പൗലൊസ് പിന്നീട് പറഞ്ഞതുപോലെ, ‘കൃപയാലുള്ള തിരഞ്ഞെടുപ്പിൻപ്രകാരം ഒരു ശേഷിപ്പ്’ ഉണ്ടായി.—റോമർ 11:5.
14. (എ) പൊ.യു. 36-ൽ അബ്രാഹാമിന്റെ ആത്മീയ സന്തതിയുടെ ഭാഗം ആയിത്തീരുകയെന്ന പദവി ആർക്കു വെച്ചുനീട്ടപ്പെട്ടു? (ബി) ആത്മീയ ഇസ്രായേലിലെ അംഗങ്ങളെ യഹോവ തിരഞ്ഞെടുക്കുന്ന വിധം സംബന്ധിച്ച് പൗലൊസ് തന്റെ വികാരങ്ങൾ പ്രകടിപ്പിച്ചത് എങ്ങനെ?
14 അബ്രാഹാമിന്റെ ആത്മീയ സന്തതിയുടെ ഭാഗമായിത്തീരുകയെന്ന പദവി പൊ.യു. 36-ൽ യഹൂദരോ ഗലാത്യർ 3:26-29; എഫെസ്യർ 2:4-7) ആത്മീയ ഇസ്രായേലിനെ തികയ്‌ക്കാനായി വിളിക്കപ്പെടുന്നവരുടെ മുഴു എണ്ണവും തികയ്‌ക്കുന്നതിലുള്ള യഹോവയുടെ കരുണാർദ്രമായ ദീർഘക്ഷമയ്‌ക്കു പിന്നിലെ ജ്ഞാനത്തോടും ഉദ്ദേശ്യത്തോടും ആഴമായ വിലമതിപ്പു പ്രകടമാക്കിക്കൊണ്ട് പൗലൊസ് ഇങ്ങനെ ഉദ്‌ഘോഷിച്ചു: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.”—റോമർ 11:25, 26, 33; ഗലാത്യർ 6:15, 16.
യഹൂദ മതപരിവർത്തിതരോ അല്ലാത്തവർക്കായി ആദ്യമായി വെച്ചുനീട്ടപ്പെട്ടു. അനുകൂലമായി പ്രതികരിച്ച എല്ലാവർക്കും യഹോവയുടെ അനർഹദയയുടെയും ദീർഘക്ഷമയുടെയും പ്രയോജനങ്ങൾ ലഭിച്ചു. (തന്റെ നാമത്തെ പ്രതിയുള്ള ദീർഘക്ഷമ
15. ദൈവം ദീർഘക്ഷമ പ്രകടമാക്കുന്നതിന്റെ പ്രധാന കാരണം എന്ത്, ഏതു വിവാദവിഷയം പരിഹരിക്കുന്നതിനു സമയം ആവശ്യമായിരുന്നു?
15 യഹോവ എന്തുകൊണ്ടാണ് ദീർഘക്ഷമ പ്രകടമാക്കുന്നത്? പ്രധാനമായും തന്റെ വിശുദ്ധ നാമത്തെ മഹത്ത്വീകരിക്കാനും തന്റെ പരമാധികാരത്തെ സംസ്ഥാപിക്കാനും. (1 ശമൂവേൽ 12:20-22) യഹോവ തന്റെ പരമാധികാരം ഉപയോഗിക്കുന്ന വിധം സംബന്ധിച്ച് സാത്താൻ ഉയർത്തിയ ധാർമിക വിവാദവിഷയം സകല സൃഷ്ടികളുടെയും മുമ്പാകെ തൃപ്‌തികരമായി പരിഹരിക്കുന്നതിനു സമയം ആവശ്യമായിരുന്നു. (ഇയ്യോബ് 1:9-11; 42:2, 5, 6) അതിനാൽ, തന്റെ ജനം ഈജിപ്‌തിൽ കഷ്ടം അനുഭവിച്ചുകൊണ്ടിരുന്ന സമയത്ത് യഹോവ ഫറവോനോട് ഇപ്രകാരം പറഞ്ഞു: “എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്‌താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.”—പുറപ്പാടു 9:16.
16. (എ) യഹോവയുടെ ദീർഘക്ഷമ അവന്റെ നാമത്തിനായി ഒരു ജനത്തെ ഒരുക്കുക സാധ്യമാക്കിയത് എങ്ങനെ? (ബി) യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടുകയും പരമാധികാരം സംസ്ഥാപിക്കപ്പെടുകയും ചെയ്യുന്നത് എങ്ങനെ?
16 ദൈവത്തിന്റെ പവിത്ര നാമം മഹത്ത്വീകരിക്കുന്നതിൽ അവന്റെ ദീർഘക്ഷമയ്‌ക്കുള്ള പങ്കിനെ കുറിച്ച് പൗലൊസ് അപ്പൊസ്‌തലൻ വിശദീകരിച്ചപ്പോൾ യഹോവ ഫറവോനോടു പറഞ്ഞ വാക്കുകൾ അവൻ ഉദ്ധരിച്ചു. എന്നിട്ട് പൗലൊസ് ഇപ്രകാരം എഴുതി: “ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല, ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീർഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു? ‘എന്റെ ജനമല്ലാത്തവനെ എന്റെ ജനം എന്നു ഞാൻ വിളിക്കും’ എന്നു ഹോശേയാപുസ്‌തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.” (റോമർ 9:17, 22-26) യഹോവ ദീർഘക്ഷമ പ്രകടമാക്കിയതിനാൽ, ജനതകളിൽനിന്നു ‘തന്റെ നാമത്തിന്നായി ഒരു ജനത്തെ’ എടുക്കാൻ അവനു കഴിഞ്ഞു. (പ്രവൃത്തികൾ 15:14) തങ്ങളുടെ ശിരസ്സായ യേശുക്രിസ്‌തുവിന്റെ കീഴിൽ ഈ ‘വിശുദ്ധന്മാർ,’ യഹോവയുടെ വലിയ നാമത്തെ വിശുദ്ധീകരിക്കാനും പരമാധികാരം സംസ്ഥാപിക്കാനും അവൻ ഉപയോഗിക്കാൻ പോകുന്ന രാജ്യത്തിന്റെ അവകാശികളാണ്.—ദാനീയേൽ 2:44; 7:13, 14, 27; വെളിപ്പാടു 4:9-11; 5:9, 10.
യഹോവയുടെ ദീർഘക്ഷമ രക്ഷയിൽ കലാശിക്കുന്നു
17, 18. (എ) എന്തു ചെയ്യുന്നത് ദീർഘക്ഷമ പ്രകടമാക്കുന്നതിന് യഹോവയെ വിമർശിക്കുന്നതിനു തുല്യമാണ്? (ബി) യഹോവയുടെ ദീർഘക്ഷമയെ എങ്ങനെ വീക്ഷിക്കാൻ നമ്മെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു?
17 മനുഷ്യവർഗം ആദിയിൽ പാപത്തിലേക്കു കൂപ്പുകുത്തിയതു മുതൽ ഇപ്പോൾവരെ താൻ ദീർഘക്ഷമയുള്ള ഒരു ദൈവമാണെന്ന് യഹോവ പ്രകടമാക്കിയിരിക്കുന്നു. ജലപ്രളയത്തിനു മുമ്പ് അവൻ പ്രകടമാക്കിയ ദീർഘക്ഷമ, ഉചിതമായ മുന്നറിയിപ്പു കൊടുക്കുന്നതിനും രക്ഷയ്‌ക്കായി ഒരു പെട്ടകം നിർമിക്കുന്നതിനുമുള്ള സമയം അനുവദിച്ചു. എന്നാൽ അവന്റെ ക്ഷമ അതിന്റെ പരിധിയിൽ എത്തുകയും ജലപ്രളയം ഉണ്ടാകുകയും ചെയ്‌തു. സമാനമായി യഹോവ ഇന്ന് വലിയ ദീർഘക്ഷമ പ്രകടമാക്കുന്നു. അതു ചിലർ വിചാരിച്ചതിനെക്കാൾ ദീർഘമായിരിക്കുകയാണ്. എന്നാൽ ഇതു മടുത്തു പിന്മാറാനുള്ള സമയമല്ല. അങ്ങനെ ചെയ്യുന്നത് ദീർഘക്ഷമ പ്രകടമാക്കുന്നതിന് ദൈവത്തെ വിമർശിക്കുന്നതിനു തുല്യമായിരിക്കും. പൗലൊസ് ഇങ്ങനെ ചോദിച്ചു: “ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി [ദീർഘക്ഷമ] എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?”—റോമർ 2:4.
18 രക്ഷയ്‌ക്കായി യഹോവയുടെ അംഗീകാരം ഉണ്ടായിരിക്കത്തക്കവണ്ണം നമുക്ക് എത്രത്തോളം ദൈവത്തിന്റെ ദീർഘക്ഷമ ആവശ്യമാണെന്നു നമ്മിലാർക്കും അറിയാൻ കഴിയില്ല. ‘ഭയത്തോടും വിറയലോടും കൂടെ നമ്മുടെ രക്ഷെക്കായി പ്രവർത്തിക്കാൻ’ പൗലൊസ് നമ്മെ ബുദ്ധിയുപദേശിക്കുന്നു. (ഫിലിപ്പിയർ 2:12) പത്രൊസ് അപ്പൊസ്‌തലൻ സഹക്രിസ്‌ത്യാനികൾക്ക് ഇങ്ങനെ എഴുതി: ‘ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവ് [യഹോവ] തന്റെ വാഗ്‌ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിച്ച് നിങ്ങളോടു ദീർഘക്ഷമ കാണിക്കുന്നതേയുള്ളു.’—2 പത്രൊസ് 3:9.
19. ഏതു വിധത്തിൽ യഹോവയുടെ ദീർഘക്ഷമ നമുക്കു പ്രയോജനപ്പെടുത്താനാകും?
19 അതുകൊണ്ട് യഹോവ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിധം സംബന്ധിച്ച് നമുക്ക് അക്ഷമരാകാതിരിക്കാം. പകരം, പത്രൊസിന്റെ ബുദ്ധിയുപദേശം അനുസരിച്ചുകൊണ്ട് നമുക്കു ‘നമ്മുടെ കർത്താവിന്റെ ദീർഘക്ഷമയെ രക്ഷ എന്നു വിചാരിക്കാം.’ ആരുടെ രക്ഷ? നമ്മുടെയും വിശാലമായ അർഥത്തിൽ, “രാജ്യത്തിന്റെ ഈ സുവിശേഷം” ഇനിയും കേൾക്കേണ്ട മറ്റു നിരവധി പേരുടെയും. (2 പത്രൊസ് 3:14; മത്തായി 24:14) യഹോവയുടെ ദീർഘക്ഷമയുടെ സമൃദ്ധമായ ഔദാര്യം വിലമതിക്കാനും മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ ദീർഘക്ഷമ പ്രകടമാക്കാനും ഇതു നമ്മെ സഹായിക്കും.
[അടിക്കുറിപ്പുകൾ]
^ ഖ. 4 എബ്രായ ഭാഷയിൽ, “മൂക്ക്” അല്ലെങ്കിൽ “നാസാരന്ധ്രം” എന്നതിനുള്ള പദം (ആഫ്) മിക്കപ്പോഴും കോപത്തെ കുറിക്കാൻ ഉപയോഗിക്കുന്നു. കോപാകുലനായ ഒരു വ്യക്തിയുടെ ശക്തമായ ശ്വസനമോ ചീറ്റലോ നിമിത്തം ആയിരിക്കാം ഇത്.
^ ഖ. 13 ഈ പ്രവചനം സംബന്ധിച്ച കൂടുതലായ വിശദീകരണത്തിന് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്‌തകത്തിന്റെ 191-4 പേജുകൾ കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
• “ദീർഘക്ഷമ” എന്ന പദത്തിനു ബൈബിളിൽ എന്ത് അർഥമാണുള്ളത്?
• ജലപ്രളയത്തിനു മുമ്പും ബാബിലോണിയൻ പ്രവാസത്തിനു ശേഷവും പൊ.യു. ഒന്നാം നൂറ്റാണ്ടിലും യഹോവ ദീർഘക്ഷമ പ്രകടമാക്കിയത് എങ്ങനെ?
• ഏതു സുപ്രധാന കാരണങ്ങൾ നിമിത്തം യഹോവ ദീർഘക്ഷമ പ്രകടമാക്കിയിരിക്കുന്നു?
• യഹോവയുടെ ദീർഘക്ഷമയെ നാം എങ്ങനെ വീക്ഷിക്കണം?
[അധ്യയന ചോദ്യങ്ങൾ]
[9-ാം പേജിലെ ചിത്രം]
ജലപ്രളയത്തിനു മുമ്പ് യഹോവ പ്രകടമാക്കിയ ദീർഘക്ഷമ ആളുകൾക്ക് അനുതപിക്കാൻ മതിയായ അവസരമേകി
[10-ാം പേജിലെ ചിത്രം]
ബാബിലോണിന്റെ പതനശേഷം യഹൂദന്മാർ യഹോവയുടെ ദീർഘക്ഷമ യിൽനിന്നു പ്രയോജനം നേടി
[11-ാം പേജിലെ ചിത്രം]
ഒന്നാം നൂറ്റാണ്ടിൽ, യഹൂദന്മാരും യഹൂദരല്ലാത്തവരും യഹോവയുടെ ദീർഘക്ഷമ പ്രയോജനപ്പെടുത്തി
[12-ാം പേജിലെ ചിത്രങ്ങൾ]
ഇന്നു ക്രിസ്‌ത്യാനികൾ യഹോവയുടെ ദീർഘക്ഷമ നന്നായി പ്രയോജനപ്പെടുത്തുന്നു