വൃക്ഷങ്ങൾക്കു ഭീഷണി ഉയർത്തുന്ന ഘടകങ്ങൾ
വൃക്ഷങ്ങൾക്കു ഭീഷണി ഉയർത്തുന്ന ഘടകങ്ങൾ
ബൈബിൾ കാലങ്ങളിൽ വൃക്ഷങ്ങളെ വളരെ വിലപ്പെട്ടതായി കണക്കാക്കിയിരുന്നു. ഉദാഹരണത്തിന്, അബ്രാഹാം തന്റെ പ്രിയ ഭാര്യയായ സാറായെ അടക്കം ചെയ്യാൻ ഒരു നിലം വാങ്ങിയപ്പോൾ വസ്തുവിന്റെ കൈമാറ്റ ഉടമ്പടിയിൽ വൃക്ഷങ്ങളെയും ഉൾപ്പെടുത്തിയിരുന്നു.—ഉല്പത്തി 23:15-18.
സമാനമായി ഇന്നും വൃക്ഷങ്ങളെ അമൂല്യമായി കണക്കാക്കുന്നു. വനസംരക്ഷണം അന്താരാഷ്ട്ര തലത്തിൽ വളരെയേറെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുള്ള ഒരു വിഷയം ആയിത്തീർന്നിരിക്കുന്നു. ലോകത്തിന്റെ അവസ്ഥ 1998 (ഇംഗ്ലീഷ്) എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “വടക്കൻ രാജ്യങ്ങളിലെ അനേകരും ഉഷ്ണമേഖലാ വനങ്ങളെ കുറിച്ച് ഉത്കണ്ഠപ്പെടുമ്പോൾ തങ്ങളുടെ സ്വന്തം പ്രദേശങ്ങളിലുള്ള മിതോഷ്ണ വനങ്ങളാണ് എല്ലാത്തരം വനങ്ങളിലും വെച്ച് ഏറ്റവും അധികം വേർപെട്ടു കിടക്കുന്നതെന്നും നശീകരണ ഘടകങ്ങളെ നേരിടുന്നതെന്നും അവർ തിരിച്ചറിയുന്നുണ്ടോ എന്ന് അറിയില്ല.” യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ആ വടക്കൻ രാജ്യങ്ങളിലെ വനങ്ങളുടെ ആരോഗ്യത്തിനു ഭീഷണി ഉയർത്തുന്നത് എന്താണ്? പലരും വനനശീകരണത്തിലേക്കു വിരൽ ചൂണ്ടുന്നു. എന്നിരുന്നാലും വൃക്ഷങ്ങളെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്ന അത്ര പ്രകടമല്ലാത്ത മറ്റു ഘടകങ്ങളും ഉണ്ട്. അവ എന്താണ്? വായു മലിനീകരണവും അമ്ല മഴയും. ഈ മലിനീകാരികൾക്ക് ക്രമേണ വൃക്ഷങ്ങളുടെ ആരോഗ്യം നശിപ്പിക്കാൻ കഴിയും. അങ്ങനെ കീടങ്ങൾക്കും രോഗങ്ങൾക്കും പെട്ടെന്ന് അവയെ കീഴടക്കാനാകുന്നു.
ഭൂമിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് പല ദശകങ്ങളായി പരിസ്ഥിതി സംരക്ഷണവാദികളും ഇതു സംബന്ധിച്ച് ഉത്കണ്ഠാകുലരായ മറ്റു വ്യക്തികളും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വായു മലിനീകരണത്തിനും അമ്ല മഴയ്ക്കും പരിസ്ഥിതിയുടെമേൽ ഉള്ള ഫലത്തെ കുറിച്ച് 1980-കളിൽ പഠനം നടത്തിയശേഷം ജർമനിയിലെ ശാസ്ത്രജ്ഞർ പിൻവരുന്ന നിഗമനത്തിൽ എത്തിച്ചേർന്നു: ‘ഇതു സംബന്ധിച്ച് ഒന്നും ചെയ്യാത്തപക്ഷം ഏകദേശം 2000-ാം ആണ്ടോടെ ആളുകൾക്ക് പഴയ ഫോട്ടോകളിലും സിനിമകളിലും മാത്രമേ വനങ്ങൾ കണ്ട് ആസ്വദിക്കാൻ കഴിയൂ.’ സന്തോഷകരമെന്നു പറയട്ടെ, ഭൂമിയുടെ വീണ്ടെടുക്കൽ പ്രാപ്തി വളരെ ശക്തമായതിനാൽ മുൻകൂട്ടി പറയപ്പെട്ട നാശത്തിൽ അധികത്തെയും തടുക്കാൻ ഇതുവരെ അതിനു സാധിച്ചിരിക്കുന്നു.
എന്നിരുന്നാലും, കാലാന്തരത്തിൽ നമ്മുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാൻ ആവശ്യമായതിൽ അധികവും ചെയ്യാൻ പോകുന്നത് ദൈവമാണ്. “അവൻ തന്റെ മാളികകളിൽനിന്നു മലകളെ നനെക്കുന്നു . . . മൃഗങ്ങൾക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു.” കൂടാതെ, “ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പി”ക്കുമെന്നും അവൻ വാഗ്ദാനം ചെയ്തിരിക്കുന്നു. (സങ്കീർത്തനം 104:13, 14; വെളിപ്പാടു 11:18) ഭൂമിയിലെ നിവാസികൾക്ക് മലിനീകരണ വിമുക്തമായ ഒരു ഭൂമി സദാകാലത്തേക്കും ആസ്വദിക്കാൻ കഴിയുമ്പോൾ അത് എത്ര മഹത്തരമായിരിക്കും!—സങ്കീർത്തനം 37:9-11.